തര്‍ജ്ജനി

രശ്മി രാധാകൃഷ്ണന്‍

മെയില്‍ : reshmirpm@gmail.com

Visit Home Page ...

സിനിമ

ഒഴിമുറി അഥവാ വേര്‍പിരിയാനാവാത്തത്

ഉറക്കത്തിനും ഉണര്‍ച്ചയ്ക്കുമിടയില്‍, ഇത് രണ്ടും വേര്‍തിരിച്ചറിയാനാവാത്ത വിധം നിഴലുകള്‍ പോലെ പിണഞ്ഞുകിടക്കുന്ന ചില നിമിഷങ്ങളുണ്ട്.. അതുപോലെതന്നെ യാഥാര്‍ത്ഥ്യത്തിനും സങ്കല്പത്തിനും ഇടയില്‍ നിലനില്ക്കുന്ന ചില നാടുകളുമുണ്ട്... ചരിത്രപരവും ഭൂമിശാസ്ത്രപരവുമായ രേഖകളില്‍ കൃത്യതയോടെ തെളിയുകയും, അതേസമയം തന്നെ ഒരു സാങ്കല്പികദേശത്തിന്റെ ഭ്രമങ്ങളിലെയ്ക്ക് സംശയത്തോടെ നമ്മളെ കൂട്ടിക്കൊണ്ടുപോവുകയും ചെയ്യുന്ന, സ്വപ്നമെന്നപോലെ തോന്നിപ്പിക്കുന്ന ചില ദേശങ്ങള്‍... നാഞ്ചിനാടും അങ്ങനെ ഒരു നാടാണ്...... ദേശചരിത്രത്തിന്റെ രാജപാതകളില്‍ തിരുവിതാംകൂര്‍ വെട്ടിവിഭജിച്ചപ്പോള്‍ തമിഴ്‍മണ്ണില്‍ പൊഴിഞ്ഞുവീണ കേരളത്തിന്റെ ഒരു അടര്...... അതാണ്‌ ഭൂമിശാസ്ത്രപരമായി ഇന്നത്തെ കന്യാകുമാരിജില്ലയുടെ ഭാഗമായ നാഞ്ചിനാട്... തമിഴും മലയാളവും, കേരളവും തമിഴ്‍നാടും, ചരിത്രവും സങ്കല്പവും.... അതാണ്‌ നാഞ്ചിനാട്.... മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവിന്റെ ഇടംവലംനിന്ന് തിരുവിതാംകൂറിനോടുള്ള കൂറും, സ്വന്തമല്ലെങ്കിലും ആ മണ്ണിന്റെ സത്തയും നെഞ്ചോടുചേര്‍ത്ത തമിഴനായ രാമയ്യന്‍ ദളവയും വിദേശിയായ ഡി ലെനെയും ഉയിര് കൊടുത്ത് സ്നേഹിച്ച നാട്.....!!! തമിഴ്- മലയാളം എഴുത്തുകാരനായ ജയമോഹന്‍ ഈ ദേശത്തിന്റെ ചരിത്രപശ്ചാത്തലത്തെ പുനര്‍വായന ചെയ്തപ്പോള്‍ അതില്‍നിന്ന് പിറന്നു മധുപാലിന്റെ ‘ഒഴിമുറി’ എന്ന സിനിമ...!!

തെക്കന്‍ തിരുവിതാംകൂറിന്റെ ഉച്ചയുറക്കത്തിലേക്ക് വീശുന്ന കിഴക്കന്‍കാറ്റില്‍ വേര്‍പെടുത്താനാവാത്തവിധം കന്യാകുമാരി കടലിന്റെ ‘ഉപ്പും വെക്കയും’ അലിഞ്ഞിട്ടുണ്ടാവും... അതുപോലെതന്നെ ചില ചരിത്രസത്യങ്ങളും... മുഞ്ചിറ ഓടക്കാട്ടു വീട്ടില്‍ നീലിപ്പിള്ള മകള്‍, അന്‍പത്തഞ്ചുവയസ്സുള്ള മീനാക്ഷിയമ്മയുടെയും (മല്ലിക) എഴുപത്തൊന്നുകാരനായ തെങ്ങുംപുരവീട്ടില്‍ കാളിപ്പിള്ള മകന്‍ താണുപിള്ളയുടെയും (ലാല്‍) ‘ഒഴിമുറി’ അഥവാ വിവാഹമോചനക്കേസ് വിസ്താരത്തിലൂടെ ഈ സിനിമ കടന്നുപോകുന്നത് അത്തരം ചില ചരിത്രമുഹൂര്‍ത്തങ്ങളിലൂടെയാണ്... താണുപിള്ളയുടെ തന്നെയും തൊട്ടു മുന്‍പുംപിന്‍പുമുള്ള രണ്ടുതലമുറയുടെയും ജീവിതത്തിലൂടെ, ആ കാലഘട്ടങ്ങളിലെ സാമൂഹ്യാവസ്ഥയെയാണ് സിനിമ അനാവരണം ചെയ്യുന്നത്.. 1912ലെ ആളോഹരിനിയമം നിലവില്‍ വരുന്നതിനു മുമ്പ്, മരുമക്കത്തായം നിലനിന്നിരുന്ന തിരുവിതാംകൂറിലെ നായര്‍കുടുംബങ്ങളിലെ, സ്ത്രീകേന്ദ്രീകൃതമായ സാമൂഹ്യാവസ്ഥ താണുപിള്ളയുടെ അമ്മയായ തെങ്ങുംപുരവീട്ടില്‍ കാളിപിള്ളയിലൂടെയാണ് (ശ്വേത മേനോന്‍) നമുക്ക് വ്യക്തമാകുന്നത്... വിദ്യാഭ്യാസവും തന്റേടവുമുള്ള പ്രതാപശാലികളായ അമ്മച്ചിമാര്‍ മഹാറാണിമാരെപ്പോലെ കുടുംബം ഭരിച്ചിരുന്ന കാലം... ആനക്കൂട്ടത്തിലെ പിടിയാനകളേപ്പോലെ......! സംസ്കൃതവും കലകളും സ്വായത്തമാക്കിയിരുന്ന, സ്വന്തം കുടുംബസ്വത്തും മണ്ണും നിധിപോലെ കാത്തുരക്ഷിക്കാന്‍ കോടതിവ്യവഹാരങ്ങള്‍ സാമര്‍ത്ഥ്യത്തോടെ നടത്തിയിരുന്ന കര്‍മ്മകുശലകളും വിദുഷികളും സര്‍വ്വോപരി സഹൃദയരുമായ അമ്മച്ചിമാര്‍ വാണിരുന്ന ‘പെണ്മലയാളം’.....!!! സ്വത്തവകാശം പെണ്ണിന്റെ പിന്‍തലമുറക്കാര്‍ക്ക് എന്ന കീഴ്വഴക്കത്തിന്റെ തണലില്‍ സ്ത്രീകളും, അത് സൃഷ്ടിച്ച അനിശ്ചിതാവസ്ഥയുടെയും അരക്ഷിതാവസ്ഥയുടെയും നിഴലില്‍ ഉറച്ചശബ്ദവും തെളിഞ്ഞ രൂപവും ഇല്ലാതെ, എപ്പോള്‍ വേണമെങ്കിലും ഉപേക്ഷിക്കപ്പെടാം എന്ന ഭയത്തില്‍ തറവാടുകളുടെ ആളൊഴിഞ്ഞ ഇടങ്ങളില്‍ സംബന്ധക്കാരായ പുരുഷന്മാരും കഴിഞ്ഞിരുന്ന കാലം... സംബന്ധക്കാരനെ ഒഴിമുറിയാന്‍ ഒരു വാക്കുപോലും വേണ്ടിയിരുന്നില്ല... മുറുക്കാന്‍ചെല്ലം പടിയില്‍ വച്ചാല്‍ അമ്മച്ചിക്ക് ഈ നായരുടെകൂടെയുള്ള പൊറുതി മതിയായി എന്നര്‍ത്ഥം... ചോദ്യവുമില്ല ഉത്തരവുമില്ല... അങ്ങനെ തെങ്ങുംപുരവീട്ടില്‍ കാളിപ്പിള്ള ചെല്ലംവച്ചു ഒഴിവാക്കിയ, ആരോരുമില്ലാതെ നരകിച്ചുമരിച്ച സംബന്ധക്കാരന്‍ ശിവന്‍പിള്ള ചട്ടമ്പിയുടെ മകനാണ് താണുപിള്ള... അച്ഛന്റെ യാതനയുടെ ഓര്‍മ്മ നല്കിയ പക മനസ്സില്‍ പതിഞ്ഞത് കൊണ്ടായിരിക്കാം, ചട്ടമ്പിയുടെ ഏതോ ഒരു അടവുപോലെ ചരിത്രം ഒന്ന് മലക്കംമറിഞ്ഞു മരുമക്കത്തായത്തില്‍നിന്നും മക്കത്തായത്തിലേക്ക് കടന്നപ്പോള്‍ താന്‍ വിവാഹംകഴിച്ചു കൊണ്ടുവന്ന മീനാക്ഷിയമ്മയെ ആവശ്യത്തിനും അനാവശ്യത്തിനും അടിച്ചും വേദനിപ്പിച്ചും കാലങ്ങളായി അടക്കിവച്ചിരുന്ന ആണ്‍കോയ്മയുടെ സാമ്രാജ്യം സ്ഥാപിക്കാനാണ് താണുപിള്ള ശ്രമിച്ചത്.... മരുമക്കത്തായത്തിന്റെ രാജവീഥികളില്‍ മഹാറാണിയായി വിരാജിച്ച കാളിപ്പിള്ളയ്ക്ക്, മക്കത്തായം നല്കിയ ആണധികാരത്തിന്റെ കീഴെ നിസ്സഹായയായിപ്പോകുന്ന സ്വന്തം മരുമകളോട് സഹതപിക്കാന്‍മാത്രമേ കഴിഞ്ഞുള്ളൂ.... അമ്മയോടുള്ള ക്രൂരതകള്‍ക്ക് സാക്ഷിയാകുന്ന മകന്‍ ശരത്ത് (ആസിഫ് അലി) അമ്മയുടെ ഒഴിമുറിയ്ക്ക് പിന്തുണയാണ് നല്കുന്നത്.. ഈ മൂന്നു തലമുറകളിലൂടെ, ഭാഷാപരമായും സാംസ്കാരികമായും സ്വത്വനഷ്ടം സംഭവിച്ച ഒരു ദേശത്തിന്റെ ചരിത്രത്തോടൊപ്പം, അതെ അവസ്ഥകളിലൂടെ ചിതറിപ്പോയ, വൈകാരികമായി അനിശ്ചിതാവസ്ഥ അനുഭവിക്കുന്ന വ്യക്തികളുടെയും കഥ തന്നെയാണ് ഒഴിമുറി മുന്നോട്ടുവയ്ക്കുന്നത്.. അതുകൊണ്ട് തന്നെയാണ്, താണുപിള്ളയില്‍നിന്നും അന്‍പത്തഞ്ചാം വയസ്സില്‍ ഒഴിമുറിയും, പണ്ടൊരിക്കല്‍ തന്റെ കയ്യില്‍നിന്നും എഴുതിവാങ്ങിയ സ്വത്തുവകകള്‍ തിരികെകിട്ടണമെന്നും ആവശ്യപ്പെട്ട് മീനാക്ഷിയമ്മ കോടതിയിലെത്തുമ്പോള്‍ കേവലം വിവാഹമോചനത്തിനപ്പുറം അത് പ്രസക്തമാകുന്നത്....

മരുമക്കത്തായം സ്ത്രീകള്‍ക്ക് അനുവദിച്ചുനല്കിയ നിരുപാധികമായ ഒരു അധികാരം തന്നെയായിരുന്നു ഒഴിമുറി.... ഈ ഒഴിമുറിസ്വാതന്ത്ര്യവും സ്വത്തധികാരവും പെണ്ണിന് നല്കിയ ആത്മവിശ്വാസവും ഉറപ്പും നിസ്സാരമായിരുന്നില്ല... മക്കത്തായത്തിലൂടെ പെണ്ണധികാരം ഉമ്മറത്തുനിന്നും അപ്രത്യക്ഷമായി അടുക്കളയില്‍ ഒതുങ്ങുകയും സ്വത്തവകാശം പുരുഷന്റെ കൈവശം വന്നുചേരുകയും ചെയ്തപ്പോള്‍, ഒഴിമുറി എന്ന സ്വാതന്ത്ര്യത്തിനു പ്രത്യക്ഷത്തില്‍ സാദ്ധ്യത നിലനിന്നെങ്കിലും, സമ്പൂര്‍ണ്ണസ്വത്തവകാശം എന്ന സാമ്പത്തികമായ പരമാധികാരം ജീവനാംശം എന്ന ചില്ലറയില്‍ തട്ടിനിന്നത് ആ സ്വാതന്ത്ര്യത്തെ പരോക്ഷമായി നിഷ്പ്രഭമാക്കിക്കളഞ്ഞു... അന്ന് തുടങ്ങിയ സാമ്പത്തികമായ അനിശ്ചിതാവസ്ഥയും ശേഷമുള്ള പരാശ്രയത്വവുമാണ് ഇന്നും പല സ്ത്രീകളും വിവാഹമോചനത്തിന് മടിക്കുന്നതിന്റെ ഒരു പ്രധാനകാരണം.... എത്ര പീഡനങ്ങള്‍ സഹിച്ചാലും നാല്പതും അമ്പതും വര്‍ഷം തികയ്ക്കുന്ന നമ്മുടെ നാട്ടിലെ ദാമ്പത്യങ്ങള്‍ വിദേശികള്‍ക്ക്, എന്തിനു നമ്മുടെ പുതുതലമുറയ്ക്കുപോലും ഒരു അത്ഭുതമാണ്... എന്തിനു ഇത്രകാലം സഹിച്ചു എന്നചോദ്യം അവര്‍ നിസ്സാരമായി ചോദിക്കുമ്പോള്‍ കുടുംബം എന്ന സാമൂഹ്യസങ്കല്പത്തിനുകീഴില്‍ സ്ഥാപിക്കപ്പെട്ടിടുള്ള നമ്മുടെ സ്ത്രീപുരുഷബന്ധങ്ങള്‍ ഇനിയും എന്തുകൊണ്ട് തുച്ഛമായിപ്പോലും വ്യക്ത്യധിഷ്ഠിതമായി മാറിയിട്ടില്ല എന്ന ചോദ്യവും ഉണ്ടാവുന്നു..” വിവാഹം എന്നത് ആണിനും പെണ്ണിനും സുഖിക്കാനുള്ള ഒരു ഏര്‍പ്പാടല്ല... അത് കുട്ടികള്‍ക്ക് വേണ്ടിയുള്ളതാണ്” എന്നു ബാലയും (ഭാവന), ”താണുപിള്ള സ്നേഹമുള്ള ഭര്‍ത്താവായിരുന്നില്ല, എങ്കിലും സ്നേഹമുള്ള ഒരു അച്ഛനായിരുന്നു, എന്റെ മോന് അങ്ങനെ ഒരു അച്ഛന്‍ വേണമെന്ന് എനിക്ക് തോന്നി.” എന്ന് മീനാക്ഷിയമ്മയും ഈ സഹനത്തെ ന്യായീകരിച്ചു പറയുന്നുണ്ട്... ഇതേ ന്യായമാണ് പൊട്ടിയും തുന്നിയും വീണ്ടും ഏച്ചുകെട്ടിയും മുന്നോട്ടുനീങ്ങുന്ന നമ്മുടെ നാട്ടിലെ ഒട്ടുമിക്ക ഭാര്യാഭര്‍ത്തൃബന്ധങ്ങള്‍ക്കും പറയാനുള്ളതും...’ കുഞ്ഞുങ്ങള്‍ക്ക് വേണ്ടി’... അപ്പോഴും കുടുംബം എന്ന സാമൂഹ്യസ്ഥാപനത്തിനുവേണ്ടി സ്വയം നഷ്ടപ്പെടുന്നത് സ്ത്രീ തന്നെ... അതുപോലെതന്നെ അധികാരം.. അത് കുടുംബത്തിലായാലും രാജ്യങ്ങള്‍ തമ്മിലായാലും ആ അടിച്ചമര്‍ത്തലിന്റെ അടിസ്ഥാനപരമായ മനശാസ്ത്രം ഭയം എന്ന വികാരമാണ്.. ആ പേടി നല്കുന്ന അനിശ്ചിതാവസ്ഥയാണ് പെണ്ണിനെ ‘വരുതിക്ക് നിര്‍ത്തല്‍’ എന്ന അടവിന്റെ അടിസ്ഥാനമെന്ന് ഏറ്റവും ശക്തനായ താണുപിള്ളയെന്ന ആണിനെക്കൊണ്ടുതന്നെ പറയിപ്പിക്കുന്നുമുണ്ട് എന്നത് കൌതുകകരമാണ്...

ആണിന്റെയും പെണ്ണിന്റെയും വശങ്ങളില്‍ ഒരുപോലെനിന്ന് വായിക്കാവുന്ന രീതിയിലാണ് ഒഴിമുറിയുടെ ആഖ്യാനം....... പെണ്ണിന്റെ വശം പറയുമ്പോള്‍ത്തന്നെ, അത് ആണിന്റെ അപ്പോഴത്തെ പരിത:സ്ഥിതിയില്‍ ആ അവസ്ഥയ്ക്ക് അത് അനിവാര്യമായിരുന്നു എന്ന ന്യായീകരണവുമായി ഒത്തുതീര്‍പ്പിലേയ്ക്ക് പോവുകയാണ് ചെയ്യുന്നത്... അതുകൊണ്ടുതന്നെ അടിച്ചും തൊഴിച്ചും ആണധികാരം ഊറ്റം കൊള്ളുമ്പോള്‍ പെണ്ണിനോട് സഹതപിക്കുന്ന നമ്മള്‍, തൊട്ടനിമിഷത്തില്‍ത്തന്നെ, മരുമക്കത്തായത്തില്‍ പെണ്ണധികാരത്തിന്റെ അടിമയായിരുന്ന പുരുഷന്റെ ന്യായമായ പ്രതികാരമല്ലേ അത് എന്ന് സംശയിച്ചു ഒരുപക്ഷവും ചേരാനാവാതെ നിന്നുപോകുന്നു... ഒരു നിമിഷമെങ്കിലും ക്രൂരനായ താണുപിള്ളയുടെ ഭാര്യയായി അല്ലാതെ അന്തസ്സുള്ള ഒരു പെണ്ണായി നില്ക്കണം എന്ന മീനാക്ഷിയമ്മയുടെ ഒഴിമുറി അവകാശം ന്യായീകരിക്കുമ്പോള്‍ത്തന്നെ, താണുപിള്ളയുടെ മനസ്സിലെ സ്നേഹവാനായ അച്ഛനു നമ്മള്‍ നിരുപാധികം മാപ്പ് കൊടുക്കുന്നു... അതുപോലെതന്നെ ഒരിയ്ക്കല്‍ താണുപിളളയില്‍ നമ്മള്‍ വെറുത്ത പലതും അതുപോലെതന്നെ വര്‍ത്തമാനകാലപ്രതിനിധിയായ മകന്‍ ശരത്തിലും നിലനില്ക്കുന്നുവെന്ന അസ്വസ്ഥത നമ്മെ വേട്ടയാടിത്തുടങ്ങുമ്പോള്‍ത്തന്നെ ‘മകന്‍ എന്ന നീ ഞാന്‍ തന്നെ’, ശിവന്‍പിള്ള ചട്ടമ്പിയും താണുപിള്ളയും ശരത്തും എല്ലാം ഒന്നുതന്നെ, അങ്ങനെയാണ് മനുഷ്യന്‍ മരണത്തെ ജയിക്കുന്നത്’ എന്ന പൌരാണികഭാരതീയ അച്ഛന്‍- മകന്‍വൈകാരികതയുടെ ‘സെന്റിമെന്‍സ്’ നമ്മളെ വികാരജീവികളാക്കുകായും ചെയ്യുന്നു.... അങ്ങനെ, ചരിത്രം എന്നെങ്കിലും ആണ്‍-പെണ്‍വശങ്ങളിലേയ്ക്ക് നിര്‍ദ്ദാക്ഷിണ്യവും പക്ഷപാതപരവുമായി ചാഞ്ഞിട്ടുണ്ടോ? അതോ അനിവാര്യമായ ഒരു ഒത്തുതീര്‍പ്പുപാതയിലൂടെ നിസ്സംഗമായി കടന്നുപോവുകയായിരുന്നോ? എന്നൊക്കെ സംശയിച്ച് ചരിത്രത്തിന്റെ വെറും കാഴ്ചക്കാരായി നോക്കിനില്ക്കാനേ നമുക്ക് പറ്റുന്നുള്ളൂ.. പക്ഷപാതപരമല്ലാത്ത ഈ ആഖ്യാനരീതി, തീവ്രസ്ത്രീപക്ഷപാതിയോ പുരുഷപക്ഷപാതിയോ അല്ലാത്ത കേരളത്തിലെ ഭൂരിപക്ഷമായ ഒരുവിഭാഗത്തിന്റെ മനോഭാവവുമായി താദാത്മ്യംപ്രാപിക്കുന്നു എന്നതുകൊണ്ടുതന്നെ ‘ഒഴിമുറി’ എന്ന ചലച്ചിത്രം ഹൃദയസ്പര്‍ശിയുമാകുന്നു.

എങ്കില്‍പ്പോലും, പതിവ്രതയെന്ന ധര്‍മം കാത്തുസൂക്ഷിക്കുന്നു എന്ന വിശ്വാസത്തോടെ ഭര്‍ത്താവിനെയും കുഞ്ഞിനേയും ഓര്‍ത്ത്‌ കൂടെപ്പിറപ്പിനെ തള്ളിപ്പറഞ്ഞതും, മരണക്കിടക്കയില്‍കിടന്ന സ്വന്തം അച്ഛനെപ്പോലും കാണാതെ ശാപം ഏറ്റുവാങ്ങിയതും ഭര്‍ത്താവിന്റെ അമ്മയെ സ്വന്തം അമ്മയെപ്പോലെ സ്നേഹിച്ചു ശുശ്രൂഷിച്ചതുമെല്ലാം പാഴായിരുന്നു എന്ന് മീനാക്ഷിയമ്മ എന്ന ഭാര്യ, അമ്മ, പെണ്ണ് തിരിച്ചറിയുന്ന ഒരു നിമിഷമുണ്ട്...... അടിമയുടെ സ്നേഹം പട്ടിയുടെ വാലാട്ടല്‍ പോലെയാണ് എന്നും, വര്‍ഷങ്ങളോളം ഉന്തിയും തള്ളിയും നീങ്ങുന്ന ദാമ്പത്യ ബന്ധത്തില്‍, പതിവ്രതയെന്നും ഉത്തമഭാര്യയെന്നും സ്വയം വിശ്വസിച്ചും മറ്റുള്ളവരെ വിശ്വസിപ്പിച്ചും പുലര്‍ത്തിപ്പോന്ന കണിശമായ ജീവിതചര്യകള്‍ക്കൊടുവിലും ഭാര്യയെന്ന അടിമയ്ക്ക് പറഞ്ഞിട്ടുള്ളത് സ്നേഹമല്ലെന്നും വെറും സേവയാണെന്നും വൈകിയാണെങ്കിലും തിരിച്ചറിഞ്ഞു, മനസ്സുകൊണ്ട് ആ അടിമത്തം ഒഴിമുറിഞ്ഞു ഒരു നിമിഷമെങ്കിലും അന്തസ്സുള്ള ഒരു പെണ്ണായി ഒന്ന് തലനിവര്‍ന്നുനില്ക്കാനാണ് ഈ ഒഴിമുറിതീരുമാനം എന്നും പറയുമ്പോള്‍ അതിസൂക്ഷ്മതലത്തിലെങ്കിലും പെണ്‍പക്ഷസിനിമയായി മാറുന്നുവെന്നും പറയേണ്ടിയിരിക്കുന്നു...!!

കഥയ്ക്ക്‌ പശ്ചാത്തലം എന്ന രീതിയില്‍ അളന്നുമുറിച്ചെന്നപോലെ ഉപയോഗിച്ചിരിക്കുന്നു എന്നതിലപ്പുറം നാഞ്ചിനാടു എന്ന കണ്‍നിറയുന്ന ഭൂപ്രകൃതിയുടെ പ്രതീക്ഷിച്ച ഒരു ദൃശ്യഭംഗി ചിത്രത്തില്‍ കാണാന്‍ കഴിഞ്ഞില്ല എന്ന നിരാശയുണ്ട്... വൃദ്ധ കഥാപാത്രങ്ങളുടെ മേയ്ക്ക് അപ്പും ബാല-ശരത്പ്രണയത്തിലെ ചില ഭാഗങ്ങളും ചെറിയ പരാധീനതകളുമായി മുഴച്ചു നില്ക്കന്നുണ്ട്... എങ്കില്‍ത്തന്നെയും ചരിത്രപരമായി പ്രസക്തമായ ആത്മാര്‍ഥമായ ഉദ്യമം എന്ന നിലയിലും, മികച്ച ഒരു ചലച്ചിത്രം എന്നനിലയിലും മധുപാലിന്റെ ‘ഒഴിമുറി’ തീര്‍ച്ചയായും അഭിനന്ദനം അര്‍ഹിക്കുന്നു..

Subscribe Tharjani |