തര്‍ജ്ജനി

സുബൈര്‍ തുഖബ

Visit Home Page ...

കഥ

മാര്‍ജ്ജാരജന്മങ്ങള്‍

“ബാപ്പുട്ടിക്കാ ആ ചാക്ക്‌ കെട്ട്‌ മുകളിലിടുന്നതിന്‌ മുമ്പ് ഒന്ന്‌ നോക്കിക്കൊ, ട്ടോ. ഇവിടന്ന് കയറ്റുന്ന ചാക്കുകളെ വിശ്വസിക്കാനാവില്ല.” കണ്ടക്റ്റര്‍ വിളിച്ചു പറഞ്ഞു.

പൂച്ചയെ നാടുകടത്തുക എന്നൊരു ഏര്‍പ്പാടുണ്ട്‌. പലപ്പോഴും അത്‌ വിജയിക്കാറില്ല. പ്രകൃതിയുടെ ചില ദിക്കറിവുകള്‍ സമാഹരിച്ച്‌ അവയെങ്ങനെയെങ്കിലും സ്വന്തം താവളങ്ങളിലേക്ക്‌ തിരിച്ചു വരും, നിങ്ങള്‍ ഇഷ്ടപ്പെട്ടാലും അല്ലെങ്കിലും വരാതിരിക്കാന്‍ എത്ര ശ്രമിച്ചാലും അവയ്ക് കഴിയുകയുമില്ല. ഗ്രാമീണര്‍ ഇമ്മാതിരി ഒരു പ്രതിസന്ധിഘട്ടത്തില്‍ നിസ്സഹായരായി നില്ക്കുകയാണ്‌. എലിയെ പിടിക്കും എന്നൊരു ഗുണം പണ്ടൊക്കെ പൂച്ചകള്‍ക്കുണ്ടായിരുന്നു. ഇന്ന്‌ അത്ര കാര്യമായി തങ്ങളുടെ ധര്‍മ്മം നിര്‍വ്വഹിക്കാന്‍ അവയ്ക്ക്‌ കഴിയാറില്ല. എല്ലാ അദ്ധ്വാനത്തിന്റേയും പിന്നില്‍ ദാരിദ്ര്യത്തിന്റെ ഒരു പ്രചോദനം ഉണ്ടല്ലോ. ഒന്ന്‌ മറ്റൊന്നിനെ ആശ്രയിച്ച്‌ ഇല്ലാതാവുകയും ഉണ്ടാവുകയും ചെയ്യും. ഇവതമ്മില്‍ വേണമെങ്കില്‍ ഒരു ഡയറക്റ്റ്‌ പ്രൊപോഷന്‍ ഉണ്ടെന്നും പറയാം. ദാരിദ്യം കൂടുന്നതിനനുസരിച്ച്‌ അദ്ധ്വാനം കൂടും, നേരെ തിരിച്ചും. കൂടാതെ കിണറ്റില്‍ച്ചാടി മരണം, ഭക്ഷണസാധനങ്ങള്‍ അപഹരിക്കല്‍, രാത്രി ഉറക്കിന്റെ നാലാം യാമങ്ങളില്‍ ഒരു ഔചിത്യവുമില്ലാതെ പ്രണയിനിയെ വിളിച്ചുണര്‍ത്തല്‍ തുടങ്ങി ആവുന്നത്ര ശല്യമുണ്ടാക്കുകയും ചെയ്യും. ജനനനിയന്ത്രണസംവിധാനങ്ങള്‍ മനസ്സിലാക്കാത്തത്‌ കൊണ്ട്‌ അവയുടെ വംശം ദിനംപ്രതി വര്‍ദ്ധിച്ചുകൊണ്ടുമിരിക്കുന്നു. പെരുകിവരുന്ന ഇവയെ കെട്ടുകെട്ടിക്കാന്‍ പല വഴികള്‍ ആലോചിച്ചവയില്‍ ഒന്ന്‌ പഴയ പീഡ്‌ പൈപറെ പ്രീതിപ്പെടുത്തുക എന്നതുപോലുമായിരുന്നു. (1284- ഹാമേലിന്‍) ഉന്മൂലനാശം വരുത്തേണ്ടത്‌ മനുഷ്യനെ ആയിരുന്നെങ്കില്‍ അത്‌ എത്ര എളുപ്പം സാദ്ധ്യമായേനെ. വെറുതെ ചരിത്രപുസ്തകം മറിച്ചുനോക്കിയാല്‍ മനസ്സിലാകുന്നതേയുള്ളൂ ഇത്‌. എന്തിന്‌ പുതിയ പത്രങ്ങളിലൂടെ ഒന്ന്‌ കണ്ണോടിച്ചാലും മതി. പൂച്ചകളുടെ കാര്യത്തില്‍ ചരിത്രത്തിന്‌ ഒന്നും ചെയ്യാനില്ല. പത്രങ്ങള്‍ക്കും.

പലരും പലവിദ്യകളും പരീക്ഷിച്ചു. ശാസ്ത്രം മുതല്‍ മന്ത്രവാദം വരെ. ചിലര്‍ ബസ്സുകള്‍ക്ക്‌ മുകളില്‍ കയറ്റിവിടാന്‍ ശ്രമിച്ചു. ആ ഒരു ശ്രമത്തെ പ്രതിരോധിക്കാനാണ്‌ കണ്ടക്റ്റര്‍ ബാപ്പുട്ടിക്കായുടെ സഹായം തേടുന്നത്‌.

ചിലര്‍ ദൂരയാത്ര നടത്തുന്ന പാര്‍സല്‍വാഹനങ്ങളില്‍ ചാക്കുകെട്ടുകളിലാക്കി നിക്ഷേപിച്ചു. എവിടെനിന്നൊക്കെയോ വരുന്ന മൂടിക്കെട്ടിയ വാഹനങ്ങളിലാണ്‌ ഗ്രാമത്തിന്റെ ജീവന്‍ നിലനിര്‍ത്താനാവശ്യമായ സകലതും വരുന്നത്‌. അവ എങ്ങൊട്ടൊക്കെയോ പോകുകയും ചെയ്യുന്നു. ഒരു സമരം, ഹര്‍ത്താല്‍, ഘോഷയാത്ര, പ്രധാനവഴിയില്‍ മരം മുറിഞ്ഞു വീഴല്‍ ഇങ്ങനെ എന്തും ഞങ്ങളുടെ ജീവഞരമ്പിനെ തടസ്സപ്പെടുത്തും. ഇത്തരം വാഹനങ്ങളില്‍ കയറ്റിവിട്ടാല്‍ ദൂരസ്ഥലങ്ങളില്‍ അവ എത്തിപ്പെടുമെന്നും അവിടത്തെ ചുറ്റുപാടുകളില്‍ കഴിഞ്ഞോളുമെന്നുമാണ്‌ കണക്ക്‌ കൂട്ടല്‍. ഒരു ഫലവുമില്ല. കൃത്യമായ ഇടവേളകളില്‍ അവ തിരിച്ചുവന്നു. പൂച്ചകളും പാഴ്സല്‍ലോറികളും. ചിലര്‍ പൂച്ചക്കാവില്‍ വിളക്ക്‌ തെളിയിച്ചു, പാലഭിഷേകം നടത്തി. പൂച്ചകള്‍ക്കും കാണുമല്ലോ ഒരു മൂര്‍ത്തി. എല്ലാചികിത്സയും നിഷ്ഫലമാവുമ്പോള്‍ കാളന്‍ നെല്ലായി. അത്രേ ഉള്ളൂ. മൂര്‍ത്തികള്‍ പൂച്ചകളുടെ പ്രാര്‍ത്ഥനകള്‍ മാത്രം കേട്ടുവോ?

മേല്പറഞ്ഞ പോക്കുവരവ്‌ വാഹനങ്ങളെപോലെയാണ്‌ ഞങ്ങള്‍ ഗള്‍ഫുകാരും. ഇതാ ഇപ്പോള്‍ എന്റെ കാര്യം തന്നെ നോക്കൂ. ഗള്‍ഫില്‍നിന്ന്‌ ഇന്നലെ രാത്രിയാണ്‌ എത്തിയത്‌. ഞങ്ങളുടെ ഒമ്പതാം ആദ്യരാത്രി. ആദ്യരാത്രി നമ്പര്‍ നയന്‍. ഇത്‌ ഗള്‍ഫുകാരന് മാത്രം മനസ്സിലാകുന്ന ഒരു പ്രയോഗമാണ്‌. ഇരുട്ടിന്റെ കറുത്ത പുതപ്പ്‌ വലിച്ച്‌ രാത്രി പെട്ടെന്ന്‌ കിടക്കയിലേക്ക്‌ ചുരുണ്ടു വീണു,യാത്രാക്ഷീണം വകവെയ്ക്കാതെ. മറ്റൊരു ക്ഷീണത്തിന്‌ കോപ്പുകൂട്ടുകയായിരുന്നു സഹശയനി. നക്ഷത്രങ്ങള്‍ കണ്ണുചിമ്മുന്ന ഒരു നാടന്‍രാത്രി. പക്ഷെ, എന്തോ ഒന്നിനും തോന്നിയില്ല. ഫ്ലൈറ്റില്‍ കയറുന്നതുവരെയുള്ള ലൈംഗികകാലാവസ്ഥ ശരീരത്തിന്‌ പതിയെ വിട്ടുപോയിതുടങ്ങിയിരുന്നു. കൂട്ടുകാരുടെ കളിയാക്കലുകള്‍ക്ക്‌ പിന്നീട്‌ പഴയ രസമുണ്ടായിരുന്നില്ല. പല കാര്യങ്ങളിലും തുടങ്ങുന്നതിനു മുമ്പുള്ള ആവേശം തുടങ്ങാന്‍ ഞാന്‍ കാണിക്കാറില്ല. നെഞ്ചിലിഴയുന്നു അവളുടെ നനുത്ത കൈ ഒരു പാമ്പിനെപ്പോലെ. നിനക്ക്‌ ദൂരെ നിന്ന്‌ കാണുമ്പോഴുള്ള സൗന്ദര്യമില്ല. നമ്മുടെ സ്നേഹത്തിന്‌ ടെലിഫോണിലൂടെയുള്ളത്ര ആര്‍ദ്രതയില്ല. ദൂരമത്രേ പ്രണയത്തെ അതിന്റെ സകല ആഡംഭരങ്ങളോടെയും നിലനിര്‍ത്തുന്ന ഘടകം. അത്‌ വാര്‍ണീഷ്‌അടിച്ച വാക്കുകളില്‍ മാത്രമേയുള്ളൂ. പെട്ടെന്ന്‌ പുറത്ത്‌ ജാലകത്തിലൂടെ എന്തോ ഇഴഞ്ഞപോലെ, ഒരു ശബ്ദം. കള്ളന്മാരാകുമോ? കണക്കാക്കാന്‍ പറ്റില്ല. ഒന്നു ചെവി വട്ടംപിടിച്ചു പിന്നെ ലൈറ്റിട്ടു.

“പുറത്ത്‌ എന്തോ ഒരു ശബ്ദം കേട്ടല്ലോ? എന്താവും?”
“അത്‌ പൂച്ച ചാടിയതാവും. ഞങ്ങള്‍ക്ക്‌ ഇതു പരിചയം കൊണ്ട്‌ പുതുമയില്ലാതായി”
“എന്ത്‌ പൂച്ച ശല്ല്യമാണിവിടെ. ഇവയെ ഓടിക്കാന്‍ ഒരു വഴിയും നോക്കിയില്ലേ ആരും”
“അതു നല്ല കൂത്ത്‌, ഇനി എന്തു വഴി നോക്കാന്‍. ഞങ്ങളിപ്പോള്‍ ജീവിതത്തിന്റെ 'ഇനി രക്ഷയില്ലാ` പ്രതിസന്ധിയിലാണെന്റെ സഖാവേ. ഇവിടെ കിടക്ക്‌. എല്ലാകാര്യത്തിലും ശാസ്ത്രീയസമീപനവും സ്വന്തമായി വിശകലനവും നടത്തുന്ന ആളല്ലെ. നാളെ എന്തെങ്കിലും ഉപായം കണ്ടുപിടിക്ക്‌. ഇപ്പോള്‍ ഇതില്‍ കോന്‍സന്‍ട്രേറ്റ്‌ ചെയ്യ്‌”

നേരം വെളുത്തു.

രാവിലെ രാത്രിയിലെ ക്ഷീണം കഴുകിക്കളയാന്‍ ടാപ്പിനടുത്ത്‌ ചെന്നപ്പോള്‍ തുള്ളി തുള്ളിയായി ചോര്‍ച്ചയുള്ള ടാപ്പിനെ നോക്കി അദ്ദേഹം ദേശീയജലനഷ്ടത്തെക്കുറിച്ചു വാചാലനായി. “ഒരു സെക്കന്റില്‍ ഒരു തുള്ളി എന്നവീതം ചോര്‍ച്ചയുണ്ടെങ്കില്‍ എത്ര തുള്ളി വെള്ളം പാഴാകുന്നുണ്ടെന്ന്‌ നിനക്കറിയാമോ?”

“ഇല്ല”
“എന്ത്‌ കൊണ്ടാണ്‌ ഇതൊന്നും ശ്രദ്ധിക്കാതിരുന്നത്‌?”
“അത്‌ കൂട്ടാന്‍ നടക്കുകയല്ലേ ഇപ്പൊ?” ഒരു കയ്യില്‍ ദോശമാവ്‌, മറു കയ്യില്‍ പാല്‍പ്പാത്രം.
“അത്‌ കൂട്ടാന്‍ എളുപ്പമാണ്‌ 60 x 60 x 24 ഇത്രയും തുള്ളി, ഒരു തുള്ളി ഒരു യൂനിറ്റ്‌ എന്ന്‌ കണക്കുകൂട്ടി അത്‌ മില്ലിയിലേക്ക്‌ മാറ്റി 1000 കൊണ്ട്‌ ഹരിച്ചാലുള്ളത്ര ലിറ്റര്‍ എന്ന്‌ കിട്ടും. അത്‌ ഗുണിക്കണം 30 ഗുണിക്കണം 360 ലിറ്റര്‍ ഒരു വലിയ അളവാണ്‌”
മുഖം വെള്ളം കൊണ്ട്‌ കഴുകുന്നതിനിടയിലുള്ള ഒരു “കളുകുള” വര്‍ത്തമാനം
“ഇതൊക്കെ കണക്ക്‌ കൂട്ടുന്നതിനിടയ്ക്ക്‌ ഈ പൂച്ചകളെ കളയാന്‍ വല്ല ഉപായവും നോക്ക്‌”
“അതിനൊക്കെ പല വിദ്യകളുമുണ്ട്‌”
“പണ്ട്‌ പാറ്റയെ കളയാന്‍ കാണിച്ച, ഗോതമ്പും ഷര്‍ക്കരയും സൂത്രം പോലെയാകരുത്‌”
“അങ്ങനെയല്ല. ഇതു കുറെ കൂടി സൈന്റിഫിക്കാ. പൂച്ചകളുടെ പ്രശ്നമെന്താണെന്ന്‌ വെച്ചാല്‍ അവയെ എത്ര ദൂരെ വിട്ടാലും തിരിച്ചു വരും. നീ 'ഇന്‍ക്രെഡിബിള്‍ ജേണി' വായിച്ചിട്ടില്ലേ?”
“ഷീലാ ബന്‍ഫോര്‍ഡ്‌?” ഒരു കയ്യില്‍ മോന്റെ ഉടുപ്പ്‌, മറുകയ്യില്‍ ഇസ്തിരിപ്പെട്ടി.
“ആണെന്ന്‌ തോന്നുന്നു. 3000 കിലോമീറ്റര്‍ താണ്ടി തന്റെ യജമാനനെ കണ്ടെത്തുന്ന മൂന്നു മൃഗങ്ങള്‍. അവയെ നയിച്ചത്‌ ഒരു പൂച്ചയായിരുന്നു.”
“കൂടെ രണ്ട്‌ നായ്ക്കളും”
“അതെ”
“ഇതെങ്ങനെ പരിഹരിക്കും?”
“ഒരു പ്രശ്നം പരിഹരിക്കാന്‍ അതിന്റെ കാരണം പഠിക്കണം. പൂച്ചകള്‍ തിരിച്ചു വരാന്‍ എന്താവും കാരണം? അവയുടെ തലച്ചോറില്‍ കാന്തികത ഉത്പാദിപ്പിക്കുന്ന ഒരു കേന്ദ്രമുണ്ട്‌. ആ കേന്ദ്രം ഭൂമിയുടെ കാന്തികക്ഷേത്രവുമായി സംവദിക്കുമ്പോള്‍ പൂച്ചകള്‍ക്ക്‌ ദിക്ക്‌ മനസ്സിലാകുന്നു. ഇങ്ങനെ ദിക്കറിയാന്‍ കഴിയുന്ന പല ജീവികളുമുണ്ട്‌. പല ജീവികളും ദേശാന്തരഗമനം നടത്തുന്നു. ആയിരക്കണക്കിന്‌ കിലോമീറ്റര്‍. പ്രാവുകള്‍ വേറൊരു ഉദാഹരണം. സാല്മണ്‍ മത്സ്യങ്ങള്‍......”
പറയാന്‍ വിട്ടാല്‍ പുള്ളി നിര്‍ത്തുകയില്ല. പിന്നെ അത്‌ വേറെ എവിടെയെങ്കിലും ചെന്നേ നില്ക്കൂ. അതിനാല്‍ ഒരു ശ്വാസമെടുക്കുന്ന ഗാപ്പില്‍ പെട്ടെന്ന്‌ ചാടിക്കയറി
“പൂച്ചകളുടെ കാര്യത്തില്‍ അത്‌ എങ്ങനെ പരിഹരിക്കും?” ഒരു കയ്യില്‍ മോനുള്ള ദോശ, മറുകയ്യില്‍ ഭര്‍ത്താവിനുള്ള ചായ.
ചായ വാങ്ങി ഒന്ന്‌ ചുംബിച്ച്‌,
“നമുക്ക്‌ കാരണം കിട്ടിക്കഴിഞ്ഞു. ഇനി പരിഹാരം. പൂച്ചകളെ പിടിക്കുക. ചാക്കില്‍ കെട്ടുക. നാലുവട്ടം ചുഴറ്റുക. പുഴയ്ക്കക്കരെ നിക്ഷേപിക്കുക. ചുഴറ്റലില്‍ കാന്തികദിശ തെറ്റിപ്പോകുന്ന പൂച്ചകള്‍ ജന്മഗൃഹം മനസ്സിലാവാതെ അലയും. ഇനി അഥവാ വഴി മനസ്സിലായാല്‍ത്തന്നെ പുഴയ്ക്കക്കരെയല്ലേ. അവയ്ക്ക്‌ പുഴ കടക്കാനാവില്ല. വേണമെങ്കില്‍ മുഖത്തൊരു അടയാളമിട്ട്‌ നീ ഇതുപോലെ ഒരെണ്ണത്തിനെ അക്കരെ ഉപേക്ഷിച്ചു നോക്ക്‌. തിരിച്ചുവരുന്ന പൂച്ചയെ തിരിച്ചറിയാന്‍ ഈ അടയാളം സഹായിക്കും. ഒരു ശ്രമം. വിജയിച്ചാല്‍ നമുക്ക്‌ എല്ലാറ്റിനേയും ഘട്ടം ഘട്ടമായി നാടുകടത്താം”

"അടയാളം ഇടേണ്ട കാര്യമൊന്നുമില്ല. ഇവിടത്തെ റേഷന്‍ കാര്‍ഡില്‍ വരെ ഉണ്ട് പൂച്ച. ഞങ്ങള്‍ക്ക് ഓരോന്നിനെയും കണ്ടാല്‍ അറിയാം"

അപ്പോള്‍ മോന്‍ പറഞ്ഞു, കയ്യില്‍ ദോശപ്പാത്രം, നിന്ന നില്പിലാണ്‌ തീറ്റ. സ്കൂള്‍ ബസ്സിന്‌ നേരമായി.
“ബാപ്പച്ചീന്റെ ഓരൊ വിഡ്ഡിത്തങ്ങള്‍. പുഴക്കക്കരെയുള്ളവര്‍ പൂച്ചയെ ഇക്കരയ്ക്ക്‌ നാട്‌ കടത്തില്ലേ? അറബിക്കടലിന്‌ അക്കരെയിട്ടാലും അവിടത്തുകാര്‍ അതിനെ ഇക്കരെ തള്ളും. അതൊരു പതിവുമാകും. പൂച്ചകള്‍ അക്കരയ്ക്കും ഇക്കരയ്ക്കും യാത്ര ചെയ്യുമെന്നല്ലാതെ വലിയ പ്രയോജനമില്ല.”

പുതിയ തലമുറയുടെ പ്രായോഗികജ്ഞാനം കണ്ട്‌ അമ്പരന്നുപോയി. ഇതൊരു പുതിയ ടെക്നിക്ക്‌ എന്ന നിലയ്ക്ക്‌ ശ്രമിക്കാന്‍ തന്നെ തീരുമാനിച്ചു. പക്ഷെ അവയെ പിടിക്കുക എന്നതും അത്ര എളുപ്പമായിരുന്നില്ല. ചായ്പില്‍ ഒരെണ്ണം പെറ്റു കിടക്കുന്നുണ്ട്‌. പക്ഷെ മനസ്സു വന്നില്ല. നാലു കുഞ്ഞുപൂച്ചകളുണ്ട്‌ അതിന്റെ സംരക്ഷണയില്‍. ഇനിയും ഒരാഴ്ചയെങ്കിലും കഴിയും അവ കണ്ണുതെളിയാന്‍. പരീക്ഷണത്തിന്‌ വേറെ ഒരെണ്ണത്തിനെ പിടിച്ച്‌, ആണൊരുത്തന്‍, മുഖത്തൊരു അടയാളവുമിട്ട്‌ (എനിക്ക് അറിയില്ലല്ലോ നമ്മുടെ കുടുംബത്തെ പൂച്ച ഏതാണെന്ന്) ചാക്കില്‍ക്കെട്ടി പുഴക്കരയിലേക്ക്‌ പോയി. ഇനി മകന്‍ പറഞ്ഞ പോലെ അക്കരെയുള്ളവര്‍ ഇതിനെ ഇക്കരെ തള്ളുമോ?

ഞാനും അങ്ങനെയാണ്‌ കരുതിയത്‌. ഞാനെന്ന്‌ പറഞ്ഞാല്‍ ഈ കഥയിലെ നിസ്സഹായനായ ആ പൂച്ച. അക്കരെ കളഞ്ഞാലും അക്കരെയുള്ളവര്‍ എന്നെ ഇക്കരെ കളയും. അതൊക്കെ പതിവായതിനാല്‍ അത്രയ്ക്ക്‌ ബേജാറാവേണ്ട കാര്യമില്ല. എന്നാല്‍ സംഭവിച്ചത്‌ അതല്ല. പതിവില്ലാത്തവിധം പലവട്ടം ചുഴറ്റിയാണ്‌ എന്നെ അയാല്‍ തുറന്ന്‌ വിട്ടത്‌. തല കറങ്ങിപ്പോയി. ഒന്നും മനസ്സിലായില്ല. പലതവണ എത്തിയ കരയായിട്ട്‌ പോലും ഒരു പിടുത്തവുമില്ല. നമ്മുടേതല്ലാത്ത ഒരു സ്ഥലവും നമ്മോട്‌ സംവദിക്കുകയില്ല. എത്രകാലം പരിചയപ്പെട്ടാലും ശരി. പലപ്പോഴും ആശ്ചര്യപ്പെട്ടിട്ടുണ്ട്‌. ഒരു സ്ഥലം നമ്മുടേതെന്ന്‌ തോന്നിപ്പിക്കുന്നതിനുള്ള ഘടകം എന്തായിരിക്കും എന്ന്‌. അങ്ങനെ ഓരോന്നും ചിന്തിച്ചിരിക്കെ ഒരു യുവാവ്‌ എന്നെ പിടിച്ച്‌ ചാക്കിലാക്കി. അക്കരയ്ക്ക്‌ വിടാനാവും എന്നതിനാല്‍ പ്രതികരിക്കാനും നിന്നില്ല. സ്വന്തം നാട്ടിലേക്ക്‌ പോകുകയല്ലേ. സന്തോഷിക്കുകയാണ്‌ വേണ്ടത്‌. പക്ഷെ.... ഒരിക്കലും ഒരു ചതി അതില്‍ മണത്തതേ ഇല്ല. ഒരു പൊങ്ങ്‌ തടിയില്‍ എന്നെ വെള്ളത്തിലേയ്ക്ക്‌ തള്ളിവിടുകയാണ്‌ അയാള്‍ ചെയ്തത്‌. ഇപ്പോള്‍ ഞാന്‍ പൊങ്ങുതടിയില്‍ അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയാണ്‌. നേരം പരപരാ വെളുക്കുന്നേയുള്ളൂ. അക്കരെ ചായ്പില്‍ ഭാര്യയും കണ്ണ്‌ മിഴിച്ചിട്ടില്ലാത്ത നാല് മക്കളുമുണ്ട്‌. നാല്‌ ഭാഗവും വെള്ളത്താല്‍ ചുറ്റപ്പെട്ട അവസ്ഥ എങ്ങനെ പറഞ്ഞറിയിക്കാനാണ്‌. ജീവിതം ഒരു ദ്വീപാണ്‌ എന്ന് തോന്നിയിരുന്നു എന്നല്ലാതെ ഇതേപോലെ അനുഭവിച്ചറിഞ്ഞിട്ടില്ല ഇന്നോളം ഇങ്ങനെ.

സത്യത്തില്‍ ആ സ്ത്രീ എന്നോട്‌ കാണിച്ചത്‌ വഞ്ചനയാണ്‌. അവര്‍ അവരുടെ തന്നെ ഉപായങ്ങളെ ഇല്ലാതാക്കുകയാണ്‌. സംഭവം കുറച്ച്‌ വിശദീകരിക്കേണ്ടതുണ്ട്‌. എന്നാലേ മനസ്സിലാകൂ. ഇന്നലെ രാത്രി എന്താണ്‌ സംഭവിച്ചത്‌? രാത്രി ചായ്പിന് മുകളില്‍ ഒന്ന്‌ ചുരുണ്ടുകൂടുകയായിരുന്നു ഞാന്‍. അപ്പോഴാണ്‌ ഒരു രൂപം പുഴയ്ക്കടുത്ത്‌ വണ്ടി നിറുത്തി നടന്ന്‌ വരുന്നത്‌ കണ്ടത്‌. മണല്‍ കക്കുന്ന നാലു തലകള്‍ അപ്പോള്‍ പുഴയില്‍ ഒച്ചയില്ലാതെ താണു. രാത്രിയില്‍ കുറഞ്ഞ പ്രകാശത്തിലും കണ്ണിന്‌ നല്ല കാഴ്ചയുണ്ട്‌ എന്നതാണല്ലോ ഞങ്ങളുടെ ഒരു ഗുണം. വീട്ടിലേക്ക്‌ അയാള്‍ കയറിയപ്പോള്‍ തന്നെ മനസ്സിലായി ഇയാള്‍ ഇവിടെ പലപ്പോഴും വന്നു പോകാറുള്ള ആളാണല്ലൊ എന്ന്‌. നെല്ല്യേരിക്കുന്നിറങ്ങിയ തണുത്ത കാറ്റും അയാളോടൊപ്പൊം ചൂളിപ്പിടിച്ച്‌ കയറിവന്നു. കാറ്റ്‌ മെല്ലെ തഴുകി എന്നെയും കടന്ന്‌ പോയപ്പോള്‍ അവിടെ തന്നെ ചുരുണ്ടു. ഇതിലൊക്കെ നമുക്കെന്ത്‌ കാര്യം? അയാള്‍ ജാലകപ്പാളിയില്‍ പതുക്കെ ചുരണ്ടാന്‍ തുടങ്ങിയപ്പോഴാണ്‌ അകത്ത്‌ നിന്ന്‌, “ആരാത്‌” എന്ന പുരുഷചോദ്യം കേട്ടത്‌. അയാള്‍ക്ക്‌ സംഗതി പിടികിട്ടിയതിനാല്‍ നിന്നില്ല. എവിടെയോ ഒരു പിശക്‌ പറ്റിയിട്ടുണ്ട്‌? `താങ്കള്‍ വിളിക്കുന്ന സബ്സ്ക്രൈബെര്‍ പരിധിക്ക്‌ പുറത്തായതാവണം`. അല്ലെങ്കില്‍ ഇങ്ങനെ ഒരു അപകടം അയാള്‍ മുന്‍കൂട്ടി അറിയേണ്ടതാണ്‌. തൊട്ടതും പിടിച്ചതും ഒക്കെ പറഞ്ഞ്‌ മണിക്കൂറുകളോളം മൊബൈലില്‍ തന്റെ കാമുകനുമായി സൊള്ളുന്ന ഇവര്‍ ഭര്‍ത്താവ്‌ വരുന്ന വിവരം എന്ത്‌ കൊണ്ട്‌ അറിയിച്ചില്ല. സ്വന്തം ഭാര്യയെ സംശയിച്ച്‌ മിണ്ടാതെ കയറിവന്നതായിരിക്കുമോ വിരുന്നുകാരനായ ഭര്‍ത്താവ്‌. ഏയ്‌ അങ്ങനെയാവില്ല.

“അത്‌ പൂച്ചയായിരിക്കും” എന്ന തണുത്ത മറുപടി ആ സ്ത്രീയുടേതായിരുന്നു. ഇങ്ങനെ ഒരു മറുപടി പറയാനും ഭംഗിയായി അവളുടെ ഭര്‍ത്താവിനെ വിശ്വസിപ്പിക്കാനും പറ്റിയത്‌ ഞങ്ങള്‍ കാരണമാണ്‌. അല്ലെങ്കില്‍ ആലോചിക്കൂ ടോര്‍ച്ചുമെടുത്ത്‌ അയാളുടെ ഒരന്വേഷണം. മൊബൈല്‍ഫോണിലെ മുഴുവന്‍ നമ്പറിലൂടെയും ഒരു കൗണ്ടര്‍ ചെക്കിംഗ്‌. ചിലപ്പോള്‍ ഒരു കൊലപാതകം, ചുരുങ്ങിയത്‌ ഒരു പൊട്ടിത്തെറി, കുടുംബകലഹം. അങ്ങനെ എന്തെല്ലാം പത്രങ്ങളില്‍ നാം കാണുന്നു. ഇതെല്ലാമാണ്‌ ഒരു നിമിഷനേരത്തെ ഔചിത്യ പൂര്‍ണ്ണമായ “പൂച്ചയായിരിക്കും” മറുപടിയില്‍ ഇല്ലാതായത്‌. ഇമ്മാതിരി ഔചിത്യങ്ങളാണ്‌ സ്ത്രീകളുടെ കൈമുതല്‍. ഒരു കണക്കിന്‌ അവര്‍ സത്യം തന്നെയാണ്‌ പറഞ്ഞത്‌. പൂച്ചയുടെ പര്യായപദത്തിലും ഒരു ജാരനുണ്ടല്ലോ. മാര്‍ജ്ജാരന്‍. അതേ സ്ത്രീതന്നെയാണ്‌ രാവിലെ ഉണക്കമീനിന്റെ തല കൊട്ടയ്ക്കടിയില്‍വെച്ച്‌ എന്നെ കെണിവെച്ച്‌ പിടിച്ചത്‌. ഇത്‌ നന്ദികേടാണ്‌ ഭാരതസ്ത്രീയേ. പൊങ്ങുതടി ഒന്ന്‌ വട്ടം ചുറ്റിയപ്പോള്‍ ഒരിക്കല്‍ക്കൂടി വെള്ളത്തില്‍ വീണു. ആകെ നനഞ്ഞിരിക്കുന്നു. ഒരു വളവ്‌ തിരിഞ്ഞപ്പോള്‍ കരയ്ക്ക്‌ എത്തി എന്ന്‌ തോന്നിയപ്പോഴുള്ള ഒരു ചെറിയ ശ്രമം പാളിപ്പോയി.

പൊങ്ങുതടിയിലൂടെ അങ്ങോട്ടും ഇങ്ങോട്ടും പലവട്ടം നടന്നു. ഇടയ്ക്ക്‌ ഇളകിക്കളിക്കുന്ന തടിയില്‍നിന്ന്‌ വെള്ളത്തില്‍ വീഴുന്നതിനെ പ്രതിരോധിക്കുന്നതിനുള്ള തീവ്രശ്രമവും. ഉരുളന്‍ തടിയായതിനാല്‍ എപ്പോഴും കറങ്ങിക്കൊണ്ടിരിക്കും. തകഴിയുടെ വെള്ളപ്പൊക്കത്തില്‍ എന്ന ചെറു കഥയിലെ നായയുടെ മനോവിചാരങ്ങള്‍ ഇതിനോട്‌ ചേര്‍ത്തു വായിക്കുക. ഞാനെന്തിന്‌ വീണ്ടും അത്‌ പകര്‍ത്തണം? ഇത്തരം പ്രതിസന്ധികളിള്‍ എല്ലാ ജീവികള്‍ക്കും ഒരേ മനോവിചാരങ്ങളായിരിക്കും. അധികം ദൂരെയല്ലാതെ ഒരു വെള്ളച്ചാട്ടത്തിന്റെ ശബ്ദം കേള്‍ക്കുന്നുണ്ടോ?

Subscribe Tharjani |