തര്‍ജ്ജനി

മുഹമ്മദ്‌ റാഫി നടുവണ്ണൂര്‍

നെല്ലട്ടാം വീട്ടില്‍,
നടുവണ്ണൂര്‍,
കോഴിക്കോട്. 673 614.

Visit Home Page ...

ലേഖനം

അംഗീകാരം നേടിയ മൂന്നു സിനിമകള്‍

ഇത്തവണത്തെ പുരസ്കാരങ്ങളില്‍ ശ്രദ്ധിക്കപ്പെട്ട മൂന്നു ചലച്ചിത്രങ്ങളുടെ ആസ്വാദനകുറിപ്പാണ് ഇവിടെ. കാലഗണന അനുസരിച്ച് ആദ്യംവന്ന ചിത്രം ഒഴിമുറിയാണ്. സംവിധാനം ചെയ്തത് മധുപാല്‍. കഥ ജയമോഹന്റേതാണ്. തിരുവിതാംകൂര്‍ദേശത്തിന്റെ കഴിഞ്ഞകാലജീവിതം അത് പറയുന്നുണ്ട്, ചരിത്രത്തോട് പരമാവധി നീതിപുലര്‍ത്തിക്കൊണ്ട്. ജയമോഹന്റെ ശക്തമായ എഴുത്തിനെ പരമാവധി മനോഹരമാക്കി ദൃശ്യപ്പെടുത്താന്‍ സംവിധായകന് സാധിച്ചു. മാതൃദായക്രമത്തില്‍നിന്നും പിതൃദായക്രമത്തിലെക്കുള്ള പരിവര്‍ത്തനം കുടുംബം എന്ന സ്ഥാപനത്തേയും അതിലെ അധികാരവ്യവസ്ഥയെയും എങ്ങിനെ നിര്‍ണ്ണയിച്ചു എന്നത് ഈ ചിത്രം എഴുതുന്നുണ്ട്. മാതൃദായക്രമജീവിതത്തില്‍ സ്ത്രീ അധികാരം കയ്യടക്കുന്നത് കാണുന്നു. അത് ആദ്യതലമുറയാണ്. 'അവള്‍' അവളുടെ കാമനകളെ, സ്വതന്ത്രജീവിതവ്യവഹാരങ്ങളെ അഭിമുഖീകരിക്കുന്നു. മൂലധനവ്യവഹാരങ്ങളില്‍ അധികാരം കയ്യാളാന്‍ വിധിക്കപ്പെട്ട ആള്‍ എന്ന നിലക്ക്, തന്റെ പുരുഷനെ മടുത്തപ്പോള്‍, അല്ലെങ്കില്‍ അതിലും മികച്ചത് ലഭിച്ചപ്പോള്‍ അവള്‍ കയ്യൊഴിയുന്നു. മുറുക്കാന്‍ ചെല്ലം എന്ന പ്രതീകം ഉമ്മറത്തുവെച്ച് അവള്‍ തന്റെ കുട്ടിയുടെ അച്ഛനെ കയ്യൊഴിയുന്നു/ഒഴിമുറി കൊടുക്കുന്നു.[ഡിവൊഴ്സ്] ദായക്രമത്തിലെ തിരിച്ചിടല്‍ രണ്ടാംതലമുറയില്‍ പുരുഷനെ ശക്തനാക്കുന്നു, കുടുംബത്തിലെ അധികാരിയായിമാറിയ അയാള്‍ സ്ത്രീയോട് എല്ലാ അര്‍ത്ഥത്തിലും വിധേയത്വത്തില്‍ ഏര്‍പ്പെടാന്‍ കല്പിക്കുകയാണ്. സിനിമ, സത്യത്തില്‍ പറഞ്ഞത് കുടുംബ-അധികാരഘടന രൂപപ്പെട്ടത്തിന്റെ സൂക്ഷ്മരാഷ്ട്രീയമാണ്. അതിന്റെ നിലനില്പിന്റെ പൊള്ളയായ ചരടാണ്. പ്രണയത്തിന്റെയും പാരസ്പര്യത്തിന്റെയും തീവ്രമായ കാമനകളുടെയും മനുഷ്യബന്ധങ്ങളെ നിര്‍ണ്ണയിച്ച മൂലധന-അധികാരഘടനയെ വിശകലനംചെയ്തു എന്നത് മാത്രമല്ല ഈ ചിത്രത്തിന്റെ പ്രസക്തി. പോപുലിസ്റ്റ് വ്യവഹാരനിര്‍മ്മിതിക്കുവേണ്ടിയുള്ള കൊംപ്രമൈസുകളെ പരമാവധി റദ്ദുചെയ്തു എന്നതുകൂടിയാണ്. സാമ്പത്തികഘടകങ്ങളെ മുഖ്യമായി കാണാത്ത ഒരാള്‍ക്ക് മാത്രമേ ഇങ്ങിനെ ഒരു ചിത്രം നിര്‍മ്മിക്കാന്‍ സാധിക്കുകയുള്ളൂ. 'കൃതിയെ' മനുഷ്യകഥാകഥനമായി മാറ്റാന്‍ അതില്‍ സത്യസന്ധതയുടെ ചേരുവകള്‍ വേണമെല്ലോ. താണുപിള്ളയായി അഭിനയിച്ച ലാല്‍ എന്ന നടന്‍ ചില സന്ദര്‍ഭങ്ങളില്‍ എങ്കിലും അമിതാഭിനയം കാഴ്ചവെച്ചോ എന്ന് തോന്നിയെക്കാമെങ്കിലും സിനിമയുടെ സാകലികമായ മികവ് മിക്ക ന്യൂനതകളേയും മറികടക്കാന്‍ പര്യാപ്തമാണ്. എന്തുകൊണ്ടും അംഗീകാരങ്ങള്‍ അര്‍ഹിക്കുന്ന ഒരു ചിത്രമാണ് ഒഴിമുറി. അത് പറഞ്ഞത് ഒരു ജനതയുടെ ജീവന-അടയാളങ്ങളുടെ ചരിത്രമാണ്.

ആകസ്മികതകള്‍ മനുഷ്യമനസ്സിനെയും ജീവിതത്തെയും നിര്‍ണ്ണയിക്കുകയും മാറ്റിത്തീര്‍ക്കുകയും ചെയ്യുന്നുവെന്ന പ്രമേയം ലോകസിനിമകളില്‍ ധാരാളം വന്നിട്ടുണ്ട് . റണ്‍ ലോല റണ്‍ അടക്കം. ഷട്ടര്‍ ഒരു നല്ലസിനിമയാവുന്നത് അത് അതിഭാവുകത്വമില്ലാതെ കെട്ടിക്കാഴ്ചകളില്ലാതെ, യഥാതഥമായി ജീവിതം പറഞ്ഞു എന്നുള്ളതുകൊണ്ട് മാത്രമല്ല. രണ്ടു മണിക്കൂറില്‍ അധികം അത് ജീവിതത്തിലെ വിഹ്വല നിമിഷങ്ങളെ പങ്കു വെക്കുന്നുണ്ട് എന്നുള്ളത് കൊണ്ട് കൂടിയാണ്.ജീവിത-മനോഭാവങ്ങളുടെ പുതുകാഴ്ചകളും അനുഭവങ്ങളും ഇല്ലാതാക്കുകയോ മാറ്റി തീര്‍ക്കുകയൊ ചെയ്തുകളഞ്ഞ ആത്മബന്ധങ്ങള്‍, സൌഹൃദങ്ങള്‍ തുടങ്ങിയവ അവയുടെ മൂല്യങ്ങള്‍ പറഞ്ഞ് ഓര്‍മ്മപ്പെടുത്തുന്നുണ്ട് ഷട്ടര്‍ എന്ന സിനിമ. യഥാതഥമായാത് എന്ന് അനുഭവിപ്പിക്കുന്ന ഒരു രംഗം ഉണ്ട് ഷട്ടറില്‍. അത് പൊള്ളയായ മനുഷ്യബന്ധങ്ങളുടെ ഡോക്ക്യുമെന്റഷന്‍ പോലെ തിളങ്ങുന്നു. തലേ ദിവസം തന്റെകൂടെ ഇരുന്നു കള്ളുകുടിച്ചു തന്നോട് സ്നേഹഭാഷണങ്ങള്‍ പറഞ്ഞ കൂട്ടുകാര്‍ ആ വ്യക്തിയുടെ അസാന്നിദ്ധ്യത്തില്‍ അയാളെ ദുഷിക്കുന്നതുകേള്‍ക്കേണ്ടിവരുന്ന ഒരാളുടെ ഗതികേട്. വളരെ ആകസ്മികമായി ആരുടേയും ജീവിതത്തില്‍ സംഭവിച്ചേക്കാവുന്ന ഒരു കാര്യം ഇന്റലുക്‍ച്വല്‍ആയി, ഒട്ടുമേ മുഷിപ്പിക്കാതെ പറയുക എളുപ്പമല്ലല്ലോ. പുതിയതായി ചിലതൊക്കെ, കൃത്യമായി അനുകരിക്കപ്പെടാന്‍ പാകത്തില്‍ പറയുകയും ചെയ്യുന്നുണ്ട് ഈ ചിത്രം. സജിത മഠത്തില്‍ എന്ന 'നായിക' ചില സാമ്പ്രദായിക നായിക/സ്ത്രീ കഥാപാത്രങ്ങള്‍ക്ക് പകരംനില്ക്കുന്ന 'കാമുകിയാണ്. ആ അര്‍ത്ഥത്തില്‍ പുതിയ സങ്കല്പം കൊണ്ടുവരുന്നുണ്ട് ഈ നായിക. ഒറ്റരാത്രിയുടെ കാമുകനും /കാമുകിയും പങ്കുവെക്കുന്നത് സിനിമയല്ല, അത് ജീവിതം തന്നെയാണ്. അതെ, വ്യക്തി വ്യാപരിക്കുന്ന ആന്തരിക -ഭൌതിക ജീവിതത്തിലെ നിമിഷങ്ങള്‍. അതാണ്‌ ഈ ചിത്രത്തെ വ്യതിരിക്തമാക്കിയത്. ഇങ്ങിനെയും സിനിമ ചെയ്യാം. തട്ടുപൊളിപ്പന്‍ പുളിപ്പുകള്‍ ഇല്ലാതെ, നിറംപിടിപ്പിച്ച, അതിഭാവുകത്വം ഇല്ലാതെ, പുതിയ കാലത്തെയും ജീവിതത്തെയും പിന്തുടര്‍ന്ന ഒരു പഴയ 'ജോണ്‍നായകന്‍' കൂടിയായ ജോയ് മാത്യു എന്ന സംവിധായകനും ക്രുവിനും അഭിനന്ദനം കൊടുക്കേണ്ട ചിത്രമാണ് ഷട്ടര്‍.

ആരും ഇതില്‍ വല്ലാതെ ജീവിതം 'അഭിനയിച്ചതായി' തോന്നിയില്ല, ശ്രീനിവാസന്‍, ലാല്‍, സജിത, കോഴിക്കോട്ടെ മധുമാഷ്, ശോഭീന്ദ്രന്‍മാഷ് അടക്കം എല്ലാ നാടകപ്രവര്‍ത്തകരും ഒന്ന് വന്നങ്ങുപോയ പോലെ തോന്നി. അതിന്റെ ആവശ്യമേ ഉണ്ടായിരുന്നുള്ളു. ലോകോത്തരചലച്ചിത്രത്തിന്റെ ഗണത്തില്‍ ഒന്നും പെടുത്തേണ്ട ആവശ്യമില്ല ഷട്ടര്‍. അത് മലയാളസിനിമയുടെ പശ്ചാത്തലത്തില്‍ ഉണ്ടായ ഒന്നാണ്. കാലികമായ ജീവിതത്തിലെ ചില ചെറിയകാര്യങ്ങള്‍ മുഷിപ്പിക്കാതെ പറഞ്ഞ ചലച്ചിത്രം. വ്യക്തികളുടെ മനോഭാവങ്ങളെ മനുഷ്യര്‍ തമ്മില്‍ ഉണ്ടായിരുന്ന / പുതിയ കാലത്ത് ഇല്ലാതായിപ്പോയ ബന്ധങ്ങളെ അവയുടെ ആവശ്യകതകളെ ഒക്കെ ഓര്‍മ്മിപ്പിച്ച ഒരു സിനിമ. സജിത മഠത്തില്‍ അവതരിപ്പിച്ച ലൈംഗികതൊഴിലാളിക്ക് തങ്കം എന്ന് പേരിട്ടത് വെറുതെ ആയിരിക്കില്ല. അവള്‍ ബഷീറിന്റെ കഥയിലെ 'തങ്കം'തന്നെ ആണ്. അവളുടെ ഛായയുള്ള ജോയ് മാത്യുവിന്റെ തങ്കം.

പ്രിയദര്‍ശന്‍ ആകെ ഒരു സിനിമയേ ചെയ്തുള്ളൂ എന്ന് എന്റെ സുഹൃത്തിനോട് ഞാന്‍ പറഞ്ഞിരുന്നു. അത് കാഞ്ചിവരം എന്ന തമിഴ് ചിത്രമാണ്. കമലിന്റെ പെരുമഴക്കാലം ഉള്‍പ്പെടെ പലതും അവഗണിച്ചുകൊണ്ട് പറയുകയല്ല, കമലിന്റെ ക്ലാസ്സിക്‍ സിനിമയാണ് സെല്ലുലോയിഡ്. മലയാളസിനിമയുടെ ചരിത്രസന്ധിയില്‍ ഒരു സംവിധായകന് സമര്‍പ്പിക്കാന്‍ പറ്റുന്ന ഏറ്റവും നല്ല അര്‍ച്ചന, ഇതുതന്നെയാണ്. അത് ചരിത്രത്തെ ഉള്‍വഹിക്കുന്നുണ്ട്. റോസി എന്ന, മലയാളസിനിമയിലെ ആദ്യനായികയെ, അവള്‍ വേട്ടയാടപ്പെട്ടതിനെ ഓര്‍മ്മപ്പെടുത്തുന്നുണ്ട്. ഭൂതകാലത്തിലെ സമൂഹമനസ്സ് എത്രമാത്രം വൃത്തിഹീനമായിരുന്നു എന്ന്പറയുന്നുണ്ട്. സിനിമയുടെ അവസാനത്തില്‍ ഒരു ഡോക്യു- ഫിക്‍ഷന്റെ തലത്തിലേക്ക് സീനുകള്‍ മാറുന്നുണ്ട്. എങ്കിലും, അതിനെ മറികടക്കുന്നു ഫിക്‍ഷന്‍രരംഗങ്ങളുടെ മനോഹാരിതയും ഒതുക്കവും. സാന്ദ്രമായും, സൌന്ദര്യത്മകമായും സത്യസന്ധമായും ചരിത്രത്തോട് പരമാവധി നീതിപുലര്‍ത്തി കാര്യങ്ങള്‍ അവതരിപ്പിക്കുക ധീരമായ ഒരു ദൗത്യമായി മാറിയ ഒരുകാലത്ത് ഈചിത്രം മലയാളസിനിമയ്ക്ക് നവ്യാനുഭൂതി പകരും, അത് കച്ചവടഘടകങ്ങളെ പരമാവധി റദ്ദ്ചെയ്യുന്നു എന്നത് മാത്രമല്ല, പറയാനുള്ള കാര്യങ്ങള്‍ ഗവേഷണംചെയ്തും പഠിച്ചും പരമാവധി ഗൃഹപാഠംചെയ്തും അവതരിപ്പിച്ചു എന്നുള്ളതുംകൂടിയാണ്. ഓരോ മലയാളിയും സകുടുംബം കാണേണ്ട സിനിമ. കാറ്റേ കാറ്റെ എന്ന മനോഹരമായ, തേച്ചു കൂര്‍പ്പിക്കാത്ത ആ പാട്ട് മുഴുവന്‍ ചിത്രത്തില്‍ ഉപയോഗിച്ചില്ലേ എന്നൊരു സംശയം. പെട്ടെന്ന് ആ പാട്ട് തീര്‍ന്നുപോയതുപോലെ. എങ്ങണ്ടിയൂരിന്റെ നാടന്‍പാട്ടും മനോഹരം.

മലയാള സിനിമയും അതിന്റെ തുടക്കവും ഓര്‍മ്മിക്കപ്പെടേണ്ട ഒരു ചരിത്രസന്ധിയില്‍ പിറന്നുവീഴേണ്ട ചലച്ചിത്രമാണ് സെല്ലുലോയിഡ്. ഫ്യൂഡര്‍സവര്‍ണ്ണത എന്നത് ഒരു മനോഭാവമാണ്. അത് സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ പുതിയ കാലത്തും കാണാം. രൂപവും ഭാവവും മാറിയിട്ടുണ്ടാവും. എങ്ങോട്ടോ ഓടിപ്പോയ മലയാളത്തിന്റെ ആദ്യനായിക റോസി ഒരു റിയലിസ്റ്റ് നൊമ്പരമാണ്. അവളെ ഓടിച്ചുകളഞ്ഞത് കേവലം തിരുവിതാംകൂര്‍ സവര്‍ണ്ണമാടമ്പിമാര്‍ ആയിരുന്നില്ല. മലയാളിയുടെ ഉള്ളുപൊള്ളയായ നാട്യങ്ങളാണ്. ആഭിജാത്യത്തിന്റെ വാളാണ്. സമൂഹത്തില്‍ ഇപ്പോഴും പ്രതിപ്രവര്‍ത്തിക്കുന്ന ആ സൂക്ഷ്മരാഷ്ട്രീയമാണ് ഈ ചിത്രം അവതരിപ്പിക്കുന്ന രാഷ്ട്രീയനൈതികത. അത് പൊളിറ്റിക്കല്‍ കരക്റ്റ്നെസ്സ് ഓര്‍മ്മപ്പെടുത്തുന്നുണ്ട്. ചരിത്രത്തോട് നീതിപുലര്‍ത്തുന്നുണ്ട്. ജനപ്രിയചിത്രങ്ങളിലെ വ്യാജ നിര്‍മ്മിതവ്യവഹാരങ്ങളെ അത് റദ്ദു ചെയ്യുകയും ചെയ്യുന്നു.

Subscribe Tharjani |