തര്‍ജ്ജനി

ദീപ ബിജോ അലക്സാണ്ടര്‍

676,ദര്‍ശന്‍ നഗര്‍,
പേരൂര്‍ക്കട,
തിരുവനന്തപുരം.
മെയില്‍: raaathrimazha@gmail.com
ബ്ലോഗ്: http://viralthumpukalilemazha.blogspot.in, http://raaathrimazha.blogspot.com

Visit Home Page ...

കവിത

കൈമോഗ്രാഫ്

ഉള്ളം കൈയ്യില്‍ മുഖമമര്‍ത്തി-
പാതിമയങ്ങിക്കിടക്കുമ്പോള്‍
പ്രതീക്ഷിച്ചു കാണില്ല നീ-
പിന്‍കഴുത്തില്‍-
കൂര്‍ത്തൊരു മുനയുടെ-
യാഴ്ന്നിറക്കം......!

ഒറ്റ നിമിഷം!
എല്ലം ഭദ്രം.

അപ്പോഴും കരുതിയിരിക്കില്ല,
നെഞ്ചുപൊളിച്ച്
വിടരാത്ത പൂമൊട്ടുപോലെ-
തുടിക്കുന്ന ഹൃദയം
എല്ലവരും കാണ്‍കെ
തുറന്നുവയ്ക്കുമെന്ന്;

ഗ്രാഫില്‍ കൊളുത്തിയിട്ട
പാവം ഹൃദയം
ഉരുളും കരിച്ചുരുളില്‍
ചിത്രങ്ങളെഴുതുന്നു....

മലകള്‍,
താഴ്വാരങ്ങള്‍,
പുല്‍നാമ്പുകള്‍,
കുഞ്ഞോളങ്ങള്‍,
ജലരേഖകള്‍....

(മരിച്ചിട്ടും മരിക്കാത്തവനേ,
ഇനിയും ബാക്കിയെന്നോ
സ്വപ്നസഞ്ചാരങ്ങളുടെ
കലങ്ങാത്ത ഓര്‍മ്മകള്‍.....!)

ഇനിയില്ലെന്ന്
തോറ്റു വീഴുമ്പോള്‍
രാസലായനിച്ചൂടില്‍
മുങ്ങി നിവരുമൊരു പായ്ക്കപ്പല്‍...!

(പഠനം ഉന്മാദമാവുമ്പോള്‍
പരീക്ഷണവസ്തുവിന്‌
എന്തു തന്നെ സംഭവിക്കില്ല...!)

അനശ്വരമാക്കപ്പെട്ട
നിന്റെ ഹൃദയരേഖകള്‍
എന്റെ ശേഖരത്തിലേക്ക്......!

പുറത്തേക്കിറങ്ങുമ്പോള്‍
ആവശ്യം കഴിഞ്ഞുപേക്ഷിക്കപ്പെട്ട
നിന്റെ ഹൃദയമിപ്പോഴും
മിടിക്കുന്നുണ്ടാവുമോയെന്നോര്‍ക്കാന്‍
ഞാന്‍ മറന്നേ പോകുന്നു........

..................................................................
കൈമോഗ്രാഫ് : പേശികളുടെ പ്രവര്‍ത്തനം പഠിക്കാനായി ഉപയോഗിക്കുന്ന ഒരു ഉപകരണം. "പിത്ത്" ചെയ്ത് നിശ്ചലരാക്കിയ തവളകളുടെ പേശികളുടെ പ്രവര്‍ത്തനം "സ്മോക്ക്‌' ചെയ്ത ഡ്രമ്മില്‍ രേഖപ്പെടുത്തുന്നു.

Subscribe Tharjani |