തര്‍ജ്ജനി

ജയചന്ദ്രന്‍ പൂക്കരത്തറ

കോലൊളമ്പ് പി.ഒ.
എടപ്പാള്‍ വഴി
മലപ്പുറം ജില്ല.
മെയില്‍: pookkarathara@gmail.com

Visit Home Page ...

കവിത

പടിഞ്ഞാറ്റ

എന്റെ വീടൊരു
വന്‍കരയാണ്.
ഉത്തരധ്രുവത്തില്‍നിന്ന്
ദക്ഷിണധ്രുവം വരെ
നീണ്ടുകിടക്കുന്നത്.

തണുതണുത്ത
പകലുകളും
പടിഞ്ഞാറന്‍മഴയും
മതിയാവോളം പെയ്തിറങ്ങുന്ന
ഒരു വടക്കുപുറം.

അടുപ്പില്‍
ചിരട്ട കത്തുമ്പോള്‍
തണുപ്പകന്ന്
തീ നാക്കുകള്‍ നീണ്ട്
ചെമന്ന ചുമരുകളുള്ള
അടുക്കള.

തിളച്ച ചായ
ഇങ്ങു തെക്ക്
ഉമ്മറത്തെത്തുമ്പോഴേക്കും
തണുത്തിരിക്കും.

ഉഷ്ണമേഖലയായ
തെക്ക്
ഉഷ്ണിച്ചു കഴിയുന്ന
ഒരു
ഉപഭോഗപ്രദേശമാണല്ലോ.

Subscribe Tharjani |