തര്‍ജ്ജനി

ചന്ദ്രശേഖരൻ.പി.

“സര്‍വജയ”,
പുള്ളി ലെയിന്‍,
ചാക്ക, പേട്ട പി ഒ,
തിരുവനന്തപുരം

Visit Home Page ...

ലേഖനം

ചരിത്രത്തിന്റെ ഇഛാശക്തി.

“.......ഇന്ന്‍ പെട്രോൾവില ആളുകളെ പേടിപ്പിക്കുന്ന വിധത്തിൽ ഉയർന്നുകൊണ്ടിരിക്കുന്നു. അന്ന്‍ തിരുവിതാംകൂര്‍ സര്‍ക്കാര്‍ ആരംഭിച്ച പരീക്ഷണം പോലെ ഒന്ന് ആരംഭിക്കാൻ പോലും സര്‍ക്കാരോ സര്‍വ്വകലാശാലകളോ ശാസ്ത്രജ്ഞന്മാരോ ഇന്ന് തയ്യാറാകുന്നില്ല. അതിനു വേണ്ടത്‌ ഇഛാശക്തിയാണ്. അതില്ല എന്നതാണ് ഇന്നിന്റെ ശാപം.”

മുകളില്‍ കൊടുത്തിരിക്കുന്ന ഖണ്ഡിക കേരളത്തിലെ ഒരു മുതിര്‍ന്ന ദിനപത്രത്തിന്റെ തിരുവനന്തപുരം എഡിഷനില്‍ കുറച്ചു ദിവസം മുമ്പ് കണ്ട ഒരു ലേഖനത്തിൽ നിന്നെടുത്തതാണ്. ലേഖനത്തിന്റെ അവസാനഭാഗമാണ് അത്. ലേഖനത്തിലെ പ്രതിപാദ്യമാകട്ടെ രണ്ടാം ലോകമഹായുദ്ധകാലത്ത് പെട്രോളിനു ക്ഷാമം നേരിട്ടപ്പോൾ തിരുവിതാംകൂർ സർക്കാർ ചിരട്ടക്കരിയിൽ നിന്നു ഇന്ധനം കണ്ടെത്തി അതിനനുസരിച്ച് വണ്ടികളുടെ എഞ്ചിനുകളിൽ മാറ്റം വരുത്തി പ്രശ്നപരിഹാരം കണ്ടെത്താൻ ശ്രമിച്ചതിന്റെ കഥയാണ്. അത് ധ്വനിപ്പിക്കുന്നത് ഇന്നത്തെ കാലം ശാപഗ്രസ്തമാണെന്നും പണ്ട്, പണ്ടെന്നു പറഞ്ഞാൽ രാജവാഴ്ചക്കാലം, എല്ലാംകൊണ്ടും പുരോഗമനപരമായിരുന്നെന്നും, അന്നെല്ലാം സ്വർഗ്ഗമായിരുന്നു എന്നുമാണല്ലോ. ഇന്ത്യ ഇന്ന് ഇഛാശക്തി നഷ്ടപ്പെട്ട ഒരു രാജ്യമാണെന്നും അത് ധ്വനിപ്പിക്കുന്നു.
വാസ്തവത്തിൽ പെട്രോളും അതുപയോഗിച്ചുള്ള വണ്ടികളിലെ യാത്രയും അന്ന് ചെലവുകുറഞ്ഞ, സാധാരണക്കാർക്കു പ്രാപ്യമായിരുന്ന ഒരു കാര്യമേ ആയിരുന്നില്ലെന്ന വസ്തുതയുടെ വെളിച്ചത്തിലും കൂടി വേണം നമുക്കീ പ്രസ്താവനയെ അല്പം വ്യത്യസ്തമായ മറ്റൊരു കോണിൽ നിന്നു കാണേണ്ടത്. പെട്രോൾ വണ്ടികളിൽ സാമാന്യജനങ്ങൾ യാത്രചെയ്യാറില്ലാത്ത കാലമായിരുന്നു അത്. 1940 കളിൽ കൊല്ലത്തു നിന്ന് തിരുവനന്തപുരത്തെത്താൻ അഞ്ചര രൂപ വേണമായിരുന്നത്രേ ബസ്സിന്. (അക്കാലത്ത് അഞ്ചര രൂപക്ക് നിത്യജീവിതത്തിലെ ഒരുപാട് വിലപ്പെട്ട കാര്യങ്ങൾ സാധിക്കാമായിരുന്നുവെന്നോർക്കണം.) പെട്രോളിന്റെ ഉപഭോഗവും ഉത്പാദനവും അന്നത്തേക്കാൾ എത്രയോ മടങ്ങ് വർദ്ധിച്ചുകഴിഞ്ഞ ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആരംഭവർഷങ്ങളിൽ, ഇന്നത് ഏതാണ്ട് 45 രൂപയോളമാണ്. അതായത് അന്നത്തേതിന്റെ ഒമ്പതിരട്ടി എന്നു പറയാമെങ്കിലും ഇന്ന് 45 രൂപ മുടക്കി കൊല്ലത്തേക്ക് പോകാൻ കഴിയുന്നതിന്റെ ആയിരത്തിലൊന്നുപേർക്കു പോലും 1940 കളിൽ പല കാരണങ്ങൾകൊണ്ടും അതിനാവതുണ്ടായിരുന്നില്ലെന്നു നമ്മുടെ ചരിത്രകാരൻ മറന്നുപോകുന്നു. ഈ മാറ്റം സംഭവിച്ചത് സ്വാതന്ത്ര്യാനന്തരകാലഘട്ടത്തിലാണെന്ന കാര്യവും അതിനുവേണ്ടിവന്ന ഇഛാശക്തി എവിടെനിന്നാണ് വന്നതെന്ന കാര്യവും അദ്ദേഹത്തേപ്പോലുള്ളവർക്ക് കാണാനുമാകുന്നില്ല.

ഇന്ന് അസാമ്പ്രദായിക ഊര്‍ജ്ജത്തിന്റെ മേഖലയിൽ ഇന്ത്യയിൽത്തന്നെ നടക്കുന്ന ഗവേഷണപ്രവർത്തനങ്ങളെക്കുറിച്ച് കാര്യമായ അറിവില്ലാത്തതുകൊണ്ടാകണം അദ്ദേഹം രാജവാഴ്ച്ചയെ പ്രകീർത്തിച്ചുകൊണ്ട് ഇങ്ങിനെ എഴുതിയത്. അതേസമയം എഴുപത്തഞ്ച് കൊല്ലം മുമ്പത്തെ ഊര്‍ജ്ജാവശ്യങ്ങളാണ് ആധുനികസമൂഹത്തിനു ഇന്നുമുള്ളതെന്ന ധാരണയും അദ്ദേഹത്തിനുണ്ടോ എന്നറിയില്ല. രാജവാഴ്ച്ചക്കാലത്തെ ഉപഭോഗപ്രവണതകളല്ല ഇന്ന് നിലനിൽക്കുന്നതെന്നും അന്നത്തെക്കാൾ കൂടുതൽ ജനങ്ങൾ ഇന്ന് ഉപഭോഗശക്തി വർദ്ധിച്ച തോതിൽ ആർജ്ജിച്ചിട്ടുണ്ടെന്നും അവരുടെയൊക്കെ വാങ്ങൽകഴിവ് രാജവാഴ്ച്ചകാലത്തെ ആളുകളെ അപേക്ഷിച്ച് പതിന്മടങ്ങു വർദ്ധിച്ചിട്ടുണ്ടെന്നും അത് ജനാധിപത്യഭരണത്തിന്റെ ഇഛാശക്തി കൊണ്ടുണ്ടായ നേട്ടമാണെന്നും അദ്ദേഹം കാണുന്നുമില്ല. ആഗോളതലത്തിൽ അന്നത്തേതിനേക്കാൾ വളരെ കൂടുതൽ പെട്രോളിയം സ്രോതസ്സുകള്‍ കണ്ടെത്തിയതും അതിനപ്പുറത്ത് പ്രകൃതിവാതകങ്ങളുടെ കണ്ടെത്തലും ഉപയോഗവും വര്‍ദ്ധിച്ചതും അദ്ദേഹം അറിയുന്നുണ്ടാവില്ല. ഫോസിൽ ഇന്ധനങ്ങളിൽ നിന്നു ലഭിക്കുന്ന ഊർജ്ജത്തിന്റെ ഉപയോഗം ഇന്ന് വണ്ടിയോടിക്കൽ മാത്രമല്ലെന്നും അദ്ദേഹം ശ്രദ്ധിക്കുന്നുണ്ടാവില്ല. ദ്രവീകൃത പെട്രോളിയവാതകമെന്ന നമ്മുടെ കുക്കിങ്ങ് ഗ്യാസ് ഇല്ലായിരുന്നെങ്കിൽ കേരളം എന്നേ കാടുകളും നാട്ടുമരങ്ങളും കുറ്റിച്ചെടികളും നഷ്ടപ്പെട്ട ഒരു മരുഭൂമിയായി മാറിക്കഴിഞ്ഞിട്ടുണ്ടാകും എന്നും അതിന്റെ ലഭ്യത ഉറപ്പാക്കുന്നതിലും വിതരണം സുതാര്യമാക്കുന്നതിലും ഏറെക്കുറെ കുറ്റമറ്റ സംവിധാനങ്ങൾ നിലവിലുണ്ടെന്നും ഈ വാതകം ഉപയോഗിച്ച് ധാരാളം വാഹനങ്ങൾ നമ്മുടെ നിരത്തുകളിൽ ഓടുന്നുണ്ടെന്നും അദ്ദേഹത്തേപ്പോലുള്ളവർ ആലോചിക്കുന്നുമുണ്ടാവില്ല. ഇന്ധനമെന്നത് ഇന്ന് ഒരാഗോളീകൃതവസ്തുവാണെന്നും ഒരു രാജ്യത്തിനുമാത്രമായി അതിന്റെ നവീകരണത്തിലോ ഉത്പാദനത്തിലോ ഇക്കാലത്ത് ഇടപെടാനാകില്ലെന്നും ഇക്കൂട്ടർക്ക് കാണാനാകുന്നതുമില്ല. ഇത്തരം മാറ്റങ്ങൾക്കനുസരിച്ചുള്ള പുതിയ കണ്ടെത്തലുകളാണ് ഇക്കാലത്ത്‌ ആവശ്യമെന്നും അദ്ദേഹം അറിയുന്നില്ല. വർത്തമാനകാലത്തെ മനസ്സിലാക്കാതെ വെറും ഭൂതകാലരതിയിൽ ആമഗ്നനാകുന്നവർക്ക് കഴിഞ്ഞ അമ്പതു വർഷക്കാലത്തിനിടയിൽ ഇന്ത്യയിലെ ജനസംഖ്യ മൂന്നു മടങ്ങിലധികം വർദ്ധിച്ചിട്ടുണ്ടെന്ന കാര്യവും ഓർമ്മയിൽ വരാൻ ന്യായമില്ല.

പക്ഷെ പെട്ടെന്ന് വായിച്ചുനിർത്തുമ്പോൾ ഒരു സാധാരണ വായനക്കാരനെ വഴിതെറ്റിക്കാൻ പോന്നതാണ് അദ്ദേഹത്തിന്റെ പ്രസ്താവനയെന്ന് കാണാം. അങ്ങിനെ ചെയ്തുകൊണ്ട് ജനായത്തഭരണക്രമത്തേയും അവിടേക്കെത്താൻ മനുഷ്യർ നടത്തിയ ഐതിഹാസികങ്ങളായ ശ്രമങ്ങളുടെ ചരിത്രത്തേയും വെറുതെ പുഛിച്ചു തള്ളുന്ന ഒരു മുഖവും അദ്ദേഹത്തിനുള്ളതായി നമുക്കു കാണാം. ഇതു വാസ്തവത്തിൽ ചരിത്രരചന നടത്തുന്നവരിൽ പലരുടേയും ചരിത്രവീക്ഷണം അത്യന്തം അപക്വമാണ് എന്നതിന്റെ പ്രശ്നമാണെന്നു തോന്നുന്നു. ഇഛാശക്തി ഏകാധിപതികളുടെ സ്വകാര്യസ്വത്താണെന്നും അതുകൊണ്ട് ഏതു ഭരണക്രമത്തിലായാലും ജനങ്ങളുടെ ഇഛാശക്തി കാണാതെപോകുകയെന്നതാണ് ചരിത്രരചനയിൽ അവലംബിക്കേണ്ട പ്രാഥമികമാനദണ്ഡം എന്നും അവർ കരുതുന്നു. രാജാവാണ് ജനങ്ങളുടെ ഇംഗിതങ്ങൾ മുൻകൂട്ടി മനസ്സിലാക്കി അവർക്കു വേണ്ട സൗകര്യങ്ങൾ ഒരുക്കിയിരുന്നതെന്നും, രാജവാഴ്ചക്കാലത്ത് എല്ലാ ഭരണപരമായ കാര്യങ്ങളും രാജാവ് നേരിട്ടറിഞ്ഞു മാത്രമാണ് ചെയ്തിരുന്നതെന്നും, രാജാവ് ആരേയും തീരുമാനങ്ങളെടുക്കാൻ ചുമതലപ്പെടുത്തിയിരുന്നില്ലെന്നും, ആ ഭരണം അത്രക്കും അഴിമതിരഹിതമായിരുന്നു എന്നും അവർ സിദ്ധാന്തിക്കുന്നു. രാജാവ് എല്ലാം അറിയുന്ന സർവജ്ഞാനിയാണെന്നും രാജാവിന്റെ തീരുമാനങ്ങളിൽ ഉദ്യോഗസ്ഥവൃന്ദം യാതൊരുവിധ കൈകടത്തലുകളും നടത്തിയിരുന്നില്ലെന്നും കടുത്ത ശിക്ഷകൾകൊണ്ട് അവരെ പേടിപ്പിച്ചുനിർത്തിയിരുന്നുവെന്നും അവർ സൂത്രങ്ങൾ പറയും. സർവ്വോപരി അനുദിനം മാറിക്കൊണ്ടിരിക്കുന്ന ലോകത്തിന്റെ സ്പന്ദനങ്ങൾ അവർക്ക് തൊട്ടറിയാനുമാകുന്നില്ല. ഏതെങ്കിലും രീതിയിലുള്ള ബഹുസ്വരതയെ സ്വീകരിക്കാത്ത എല്ലാ ഭരണാധികാരികളും കാലങ്ങളായി നിലം പതിച്ചുകൊണ്ടിരിക്കുന്ന ദയനീയാവസ്ഥയും അവരൊക്കെ കാണാതെ പോകുന്നു. സദാ വർത്തമാനത്തിനെ സ്പർശിച്ചുനിൽക്കുന്ന ചരിത്രത്തിനെ സാമാന്യജനകേന്ദ്രീകൃതമായും, എല്ലാ മനുഷ്യവ്യാപാരങ്ങളുടേയും സമഗ്രതയിലും, മനുഷ്യരാശിക്കു കിട്ടുന്ന ഏറ്റവും വലിയ ഉത്തേജകബലമായും (Motivating Force) കാണാൻ കഴിയാതെ പോകുന്നതുകൊണ്ടാണ് ഇങ്ങിനെ സംഭവിക്കുന്നത്.

ഏതു രാജ്യത്തേയും ഭരണസംവിധാനം മാത്രമാണ് സമൂഹത്തിലെ മാറ്റങ്ങൾക്കൊക്കെ കാരണവും അവയുടെ കരുത്തും എന്ന മട്ടിലുള്ള ചിന്തയാണ് ഇവരുടെ മറ്റൊരു പരാധീനത. സമൂഹത്തിൽ വരുന്ന സാമ്പത്തികമോ, സാമൂഹ്യമോ, അടിസ്ഥാനസൗകര്യങ്ങളുമായി ബന്ധപ്പെട്ടതോ ആയ എല്ലാ മാറ്റങ്ങളും ആവശ്യപ്പെടുന്നതും സൃഷ്ടിക്കുന്നതും സമൂഹം മുഴുവനും ചേർന്നാണ്. ഇത് രാജഭരണകാലത്തിനും ജനാധിപത്യസംവിധാനങ്ങളിലും ഒരു പോലെ ബാധകമാണ്. ആവശ്യത്തിനു ഭക്ഷണം പാകം ചെയ്യാൻ വിറകു കിട്ടാനില്ലാതാകുന്ന കാര്യം ഏറ്റവുമാദ്യം കണ്ടെത്തുന്നതും അതിനു പ്രതിവിധിയായി മറ്റിന്ധനങ്ങൾ തേടിപ്പോകുന്നതും ഗ്രാമങ്ങളിലായാലും പട്ടണങ്ങളിലായാലും സാധാരണക്കാരാണ്. ആ അന്വേഷണങ്ങളുടെ സമ്മർദ്ദങ്ങൾക്കു വഴങ്ങിയാണ് ഭരണകൂടങ്ങൾ നിലവിൽ കിട്ടുന്ന ഇന്ധനങ്ങൾ സുലഭമാക്കാൻ ശ്രമിക്കുന്നതും പുതിയ ഇന്ധനങ്ങൾ കണ്ടെത്തുന്നതും അവ വിതരണം ചെയ്യുന്നതും. തുടർന്ന് ഭരണകൂടം ആ സംവിധാനങ്ങളുടെ വിന്യസനം വിപുലീകരിച്ചുകൊണ്ട് അതിന്റെ നിലനിർത്തലുകൾ ഉറപ്പാക്കുകയാണ്. അത്തരം ചെയ്തികൾ പോലും അവ നടപ്പാക്കപ്പെടുമ്പോൾ പല തട്ടുകളിലായി വീണ്ടും ചോദ്യം ചെയ്യപ്പെടുന്നുണ്ട്. ആ അർത്ഥത്തിൽ നോക്കുമ്പോൾ ഭരണകൂടങ്ങളുടെ നിർബ്ബന്ധങ്ങളേക്കാൾ സാമാന്യസമൂഹത്തിന്റെ വിവിധ ആവശ്യങ്ങളൂം അതൊക്കെ സാധിതപ്രായമാക്കാൻ അവർ നടത്തുന്ന ശ്രമങ്ങളുമാണ് അത്തരം ഏതു മാറ്റങ്ങൾക്കും പിന്നിലെന്നു കാണാനുമാകും. അവയ്ക്ക് എല്ലായ്പ്പൊഴും അനുകൂലവും പ്രതികൂലവുമായുള്ള നിരവധി സമ്മർദ്ദങ്ങൾക്ക് കീഴ്പ്പെടേണ്ടിവരുന്നുമുണ്ട്. ഈ ശ്രമങ്ങളുടേയും അവക്കുമേൽ വരുന്ന സമ്മർദ്ദങ്ങളുടേയും ആകത്തുകതന്നെയാണ് ചരിത്രം. അതാണ് സമൂഹഗതിയെ നിശ്ചയിക്കുന്നതും. അതിനിടയിൽ മനുഷ്യചരിത്രം അതിന്റെ സർവഗ്രസ്തമായ കെട്ടിമറിച്ചിലുകൾക്കിടയിൽ എക്കാലത്തും ജനാധിപത്യപ്രവണതകളെ മാത്രമേ നിർദ്ധാരണം ചെയ്ത് നിലനിർത്തിയിട്ടുമുള്ളൂ.
ചരിത്രത്തിനോടുള്ള തങ്ങളുടെ അത്യന്തം വികലമായ സമീപനങ്ങൾ കൊണ്ട് ഇക്കൂട്ടർ നമ്മുടെ പുതുതലമുറക്ക് വരുത്തിവക്കുന്ന ഏനക്കേടുകൾ ചില്ലറയൊന്നുമല്ല. നമ്മുടെ കുട്ടികളെ രാഷ്ട്രീയബോധവും സാമൂഹ്യബോധവും ഇല്ലാത്തവരാക്കിയെടുക്കാൻ ഇക്കാലത്ത് പല കോണുകളിൽ നിന്നും നടക്കുന്ന ശ്രമങ്ങൾക്ക് ചൂട്ടു പിടിച്ചുകൊടുക്കുന്നവരിൽ പ്രധാനികൾ ഇക്കൂട്ടരാണ്. സാധാരണജനങ്ങളിൽ, കുട്ടികളിൽ വിശേഷിച്ചും, ജനാധിപത്യപ്രക്രിയകളിൽ വിശ്വാസം വളർത്തുന്നതിനു പകരം ജനാധിപത്യം സ്വാർത്ഥവും അവസരവാദവും കൊണ്ട് കലുഷമാണെന്നു അവർ പറഞ്ഞു പരത്തുന്നു. രണ്ടിടത്തും അധികാരം കയ്യാളുവാൻ ഒരുപോലുള്ള മനുഷ്യർ തന്നെയാണ് അന്നും ഇന്നും രംഗത്തുവരുന്നതെങ്കിലും സ്വാർത്ഥവും അവസരവാദവും ജനാധിപത്യത്തിന്റെ മാത്രമല്ല രാജാധിപത്യത്തിന്റേയും ഭാഗമാണെന്ന സത്യം ഇക്കൂട്ടർ മറച്ചുവക്കുന്നു. ഭരണാധികാരികളുടെ സ്വാർത്ഥപരവും അവസരവാദപരവുമായ പ്രവണതകളുമായുള്ള സാമാന്യജനങ്ങളുടെ സംഘർഷങ്ങളാണ് ജനാധിപത്യത്തിന്റെ രക്ഷക്കെത്തുന്നതെന്നും അതുകൊണ്ട് ജനാധിപത്യത്തിന്റെ സംരക്ഷണത്തിനു സദാ ജാഗരൂകരായിരിക്കേണ്ടതുണ്ടെന്നും കൂട്ടികളെ പറഞ്ഞു മനസ്സിലാക്കുന്നതിനു പകരം ജനാധിപത്യം ഉണങ്ങിയ വാഴയിലകളെപ്പോലെ ഇഛാശക്തിയില്ലാത്ത ഒന്നാണെന്ന് പ്രചാരവേല നടത്തുന്നവരാണിവർ. എങ്ങോട്ടടിക്കുന്ന കാറ്റിലും കലപിലകൂട്ടുന്ന അവയുടെ ശബ്ദങ്ങൾക്ക് അതർഹിക്കുന്ന വിലയേ കൊടുക്കാവൂ എന്നും അവർ പറഞ്ഞുപരത്തുന്നു.

മനുഷ്യചരിത്രത്തെ മുൻപറഞ്ഞപോലെതന്നെ വികലമാക്കാൻ ശ്രമിക്കുന്ന മറ്റൊരു കൂട്ടരുമുണ്ട്. അവർ കൂട്ടു പിടിക്കുന്നത് വ്യവസ്ഥാപിതമതങ്ങളേയാണ്. അവരും ആത്യന്തികമായി ഉദ്ദേശിക്കുന്നത് ജനാധിപത്യപ്രക്രിയകളെ നിരുത്സാഹപ്പെടുത്തുക എന്നതു തന്നെ ആണ്. അവരുടെ കണക്കിൽ മനുഷ്യർ ജനിക്കുന്നതു തന്നെ മതങ്ങളുടെ ബന്ധനത്തിലാണ്. അതിൽ നിന്ന് നിങ്ങൾക്ക് കുതറിച്ചാടാൻ പറ്റില്ലത്രേ. അതുകൊണ്ട് വിശ്വാസശ്രേണിയുടെ മുകളിൽ നിന്ന് ആരൊക്കേയോ വിളിച്ചുപറയുന്നതിനെ ചോദ്യം ചെയ്യാതെ അനുസരിക്കുക എന്നാണ് അവരും പറയുന്നത്. അതിപുരാതനകാലം മുതൽ, മനുഷ്യരേക്കാൾ മുമ്പേ തന്നെ നാം ഇന്നു കാണുന്നപോലുള്ള മതസംഘാടനങ്ങൾ നിലവിലിരുന്നുവെന്നും സംഘടിതമതങ്ങളില്ലാതെ ഒരുകാലത്തും മനുഷ്യർക്ക് ജീവിക്കാനായിട്ടില്ലെന്നും എല്ലാ കാലത്തും തങ്ങളുടെ മതങ്ങൾക്ക് മേൽക്കോയ്മ ഉണ്ടായിരുന്നു എന്നും അവർ പ്രഖ്യാപിക്കുന്നു. ഇക്കൂട്ടർ എല്ലാ മതപ്രസ്ഥാനങ്ങളിലുമുണ്ട്.

മതപ്രസ്ഥാനങ്ങളെ കേന്ദ്രീകരിച്ച് മാനവചരിത്രം വളച്ചൊടിക്കപ്പെടുന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണം കേരളത്തിൽ ബുദ്ധമതത്തിനുണ്ടായിരുന്ന പ്രാമുഖ്യത്തേപ്പറ്റി ഇന്നത്തെ ചില ചരിത്രകാരന്മാരുടെ രസകരമായ ഏതാനും കണ്ടെത്തലുകളാണ്. കേരളത്തിൽ ബുദ്ധമതം എത്തിപ്പെടുന്നതും പരക്കുന്നതും ബി. സി. ആറ്, ഏഴ് നൂറ്റാണ്ടുകളിലാണെന്നാണ് അഭിജ്ഞമതം. അതു വന്നത് ശ്രീലങ്കവഴിക്കാണെന്നും പറയപ്പെടുന്നു. അതിന് വേരോട്ടം കിട്ടിയതാകട്ടെ മിക്കവാറും മദ്ധ്യകേരളത്തിൽ മാത്രവുമാണ്. എങ്കിലും അതിനു മുമ്പുള്ള, സംഘടിതമതങ്ങളൊന്നും കേരളസമൂഹത്തിൽ വേരോടിക്കഴിഞ്ഞിട്ടില്ലാത്ത, സംഘകാലത്തിന്റേയോ അതിനു മുമ്പത്തെ ശിലായുഗസംസ്കാരത്തിന്റേയോ എല്ലാ തുടർബാക്കികളേയും ഈ ചരിത്രകാരന്മാർ മുതൽകൂട്ടിക്കൊടുക്കുന്നത് ബുദ്ധമതത്തിനാണ്. കൂട്ടത്തിൽ ദക്ഷിണേന്ത്യയിലെ സംഘകാലത്തിനു ഏതാണ്ട് അഞ്ഞൂറു വർഷം മുമ്പു ഗംഗാതടത്തിന്റെ വടക്കേ അരികിൽ ജനിക്കുകയും ജീവിക്കുകയും, കാലഗത്യാ മദ്ധ്യഗംഗാതടത്തിൽ മാത്രം സഞ്ചരിക്കാൻ കഴിയുകയും, ശ്രമണസംഘങ്ങളിലൂടെ മാത്രം തന്റെ തത്വദർശനങ്ങൾ പ്രചരിപ്പിക്കാൻ ശ്രമിക്കുകയും ചെയ്ത ശ്രീബുദ്ധനാണ് കേരളത്തിലെ ചാക്യാർ കൂത്ത് മതപ്രചാരണാർത്ഥം ചിട്ടപ്പെടുത്തിയതെന്നു എഴുതിവക്കുന്ന ചരിത്രകാരന്മാരും നമുക്കുണ്ട്. (ബുദ്ധധർമ്മം പ്രചരിപ്പിക്കാൻ ചരിത്രത്തിൽ ഏറ്റവും കൂടുതൽ പ്രയത്നിച്ച ആശോകചക്രവർത്തിപോലും തന്റെ രാഷ്ട്രീയസ്വാധീനം തെക്കൻ കർണാടകം വരെ മാത്രമേ എത്തിച്ചിരുന്നുള്ളൂ എന്നാണ് ചരിത്രം.) ഇക്കൂട്ടരും ഉദ്ദേശിക്കുന്നത് എക്കാലത്തും നിലനിന്നുപോന്നിട്ടുള്ള ജനാധിപത്യപ്രവണതകളെ കണ്ടില്ലെന്നു നടിക്കാനും അതിജീവിക്കുന്നവയെ ഉന്മൂലനം ചെയ്യാനുമാണ്. അതേസമയം മതവിശ്വാസങ്ങൾ നിഷ്കർഷിച്ച് അനുശാസിക്കുന്ന ആചാരങ്ങളുടെ പ്രയോഗതലങ്ങളിൽ സാധാരണമനുഷ്യരുടെ ജനാധിപത്യബോധം ധാരാളം സ്വാധീനം ചെലുത്തുന്നതു കാണാൻ അവർ മിനക്കെടുന്നുമില്ല.

ചക്യാർകൂത്തിലും കൂടിയാട്ടത്തിലും മതബാഹ്യമായ ധാരാളം ഘടകങ്ങളുണ്ടെന്നും കഴിയുന്നത്ര സാമൂഹ്യവിമർശനത്തിന്റെ സാധ്യതകൾ അത് ഉപയോഗപ്പെടുത്തിയിരുന്നെന്നും അറിയാതെ അതിന്റെ പൈതൃകക്കുത്തക ഏതെങ്കിലും ഒരു മതത്തിനേൽപ്പിച്ചുകൊടുക്കാൻ ഇക്കൂട്ടർ ശുഷ്കാന്തി കാട്ടുന്നു. നമുക്കു ചുറ്റിലും നിറയുന്ന ജീവിതപ്രഹേളികകളുടെ നേരെ സംഘകാലത്തിനും മുമ്പേ മനുഷ്യർ ഉന്നയിച്ചുതുടങ്ങിയ നിരവധി ചോദ്യങ്ങളുടെ തുടർച്ച കൂത്തിലും കൂടിയാട്ടത്തിലും നമുക്കു കാണാനാകും. നാഗാനന്ദവും മത്തവിലാസവും മന്ത്രാങ്കവുമൊക്കെ ആ വഴിക്കാണ് വിരൽ ചൂണ്ടുന്നത്. പിൽക്കാലത്ത് ചാക്യാന്മാർ ക്ഷേത്രങ്ങൾക്കകത്ത് ഒതുക്കപ്പെട്ടുവെങ്കിലും അവർ ആടിപ്പോന്നിരുന്ന, കൂടിയാട്ടത്തിന്നായി ഉപജീവിച്ചുപോന്ന, സംസ്കൃതനാടകങ്ങൾ മതപരിഷ്ക്കർത്താക്കളുടെ കൃതികളെക്കാൾ സാമൂഹ്യബോധമുള്ള സാഹിത്യസൃഷ്ടികളായിരുന്നു എന്ന കാര്യവും മറയ്ക്കപ്പെടുന്നു. ആശ്ചര്യചൂഡാമണി പോലും അന്തിമവിശകലത്തിൽ ഇതിന്ന് അപവാദമാകുന്നില്ല. അത്തരം കൃതികളാണ് സമൂഹത്തിൽ ഭരണപരവും സദാചാരപരവുമായ മാറ്റങ്ങൾ ഗുണകരങ്ങളായ മട്ടിൽ വരുത്താനും സുതാര്യത ഉറപ്പാക്കാനും കളമൊരുക്കിയിരുന്നത്. അതോടൊപ്പം സാമൂഹ്യപ്രശ്നങ്ങൾ ഒരോന്നോരോന്നായി ചർച്ചക്ക് വിധേയമാക്കാൻ സമൂഹത്തിനു മുമ്പിലേക്ക് അവ നീക്കിയിട്ടിരുന്നു. കൂത്തു പറയുന്നതിനിടെ വ്യംഗ്യഭാഷയിൽ ഭരണാധികാരിയെ വിമർശിച്ചതിനാൽ വന്നുപെട്ടേക്കാവുന്ന തിക്തഫലമോർത്ത് വേഷം പോലുമഴിച്ചുവക്കാതെ രാക്കുരാമാനം രാജ്യം പകരേണ്ടിവന്ന ചാക്യാന്മാരും ഇവിടെ ഉണ്ടായിരുന്നു എന്നു നാം ഓർക്കണം. ചാക്യാർകൂത്ത് വളർന്നതും വികസിച്ചതും ഭരണകേന്ദ്രത്തിന്റെ തണലിലും അതിന്റെ പരിസരത്തിലുമായിരുന്നെങ്കിൽ സമാനമായ കലാരൂപങ്ങൾ ഇതേ ധർമ്മം അനുഷ്ഠിച്ചുകൊണ്ട് സമൂഹത്തിലെ എല്ലാ തട്ടുകളിലും അക്കാലത്തുതന്നെ ഉണ്ടായിരുന്നതായും നാം ഓർക്കേണ്ടതുണ്ട്. അതൊക്കെ ഏതെങ്കിലും ഒരു മതത്തിന്റെ കുത്തകയല്ല. മുഴുവൻ ജനങ്ങളുടേയും പൈതൃകമാണ്. ഈ പൈതൃകമാകട്ടെ സംസ്കൃതികളുടെ ആരംഭം മുതൽ നടന്നുപോന്നിട്ടുള്ള, സമൂഹജീവിതത്തെ അടിമുടി ചലനാത്മകമാക്കി നിർത്താനുള്ള, അതിലെ പ്രതിജനഭിന്നത നിലനിർത്താനുള്ള മുഴുവൻ ജനങ്ങളുടെയും ശ്രമങ്ങളുടെ പരിണതികളുമാണ്.
നല്ലതെന്തിനേയും പിടിച്ചുവക്കാൻ ചരിത്രത്തെ കൂട്ടുപിടിക്കുന്ന മറ്റൊരു കൂട്ടം തന്ത്രശാലികളുടെ സൂത്രം കൂടിയാട്ടത്തേയും ദീർഘകാലത്തേക്ക് തങ്ങളുടെ ഇരുട്ടറകളിൽ അടച്ചിട്ടുവെന്നത് വേറൊരു കാര്യം. ആളുകൾ വളരെ കുറവായിരുന്ന(വസ്കോ ഡി ഗാമ കേരളത്തിൽ കാലുകുത്തുന്ന കാലത്ത് ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ പത്തുകോടി ജനങ്ങളേ ഉണ്ടായിരുന്നുള്ളൂ എന്നാണ് ഒരു കണക്ക്. ഇന്നത്തെ അനുപാതം വച്ചു നോക്കിയാൽ കേരളത്തിൽ അക്കാലത്ത് കഷ്ടി മുപ്പതു ലക്ഷം ജനങ്ങളേ ഉണ്ടാകാൻ ന്യായമുള്ളൂ. അപ്പോൾ കൂത്തും കൂടിയാട്ടവും വികസിച്ചുകൊണ്ടിരുന്ന എട്ട്-പത്ത് നൂറ്റാണ്ടുകളിൽ അത് എത്രത്തോളമായിരുന്നെന്ന് നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ.) പ്രത്യേകിച്ചൊരു മതവിശ്വാസത്തിനും പ്രാമുഖ്യമില്ലാതിരുന്ന പഴയകാലങ്ങളിൽ രൂപം കൊണ്ട്, അക്കാലത്ത് പരിണാമവിധേയമായിത്തന്നെ നിലനിന്ന ഈ കലാരൂപം ഉപരിസമൂഹത്തിലെ നയരൂപീകരണമണ്ഡലത്തിൽ കടുത്ത സ്വാധീനം ചെലുത്തിപ്പോന്നിരിക്കണം. അതിനു തടയിട്ടുകൊണ്ടാകാം അതു നടത്തിയിരുന്ന കലാകാരന്മാരെ സമൂഹം ജാത്യാധിഷ്ഠിതമായപ്പോൾ അതിന്റെ തുംഗശ്രേണിയിലേക്ക് അടുപ്പിച്ചു നിർത്തിയതും പിൽക്കാലത്ത് അത് ക്ഷേത്രങ്ങളിൽ അനുഷ്ഠാനങ്ങളുടെ കൂട്ടത്തിൽ മാത്രം നടത്തിയാൽ മതിയെന്നു വച്ചതും. അങ്ങിനെയല്ലാത്ത ഒരു അവസ്ഥയിൽ പ്രതിജ്ഞായൗഗന്ധരായണമോ, സ്വപ്നവാസവദത്തമോ, മൃഛകടികമോ പോലുള്ള കൃതികൾക്ക് ഏതുതരത്തിലാണ് മതപരമോ അനുഷ്ഠാനപരമോ ആയ സാംഗത്യം വരുന്നത്? ക്ഷേത്രമതിൽക്കെട്ടുകൾക്കകത്ത് കൂത്തമ്പലങ്ങളിൽ പലപ്പോഴും കാണികളാരുമില്ലാതെയായിരുന്നു അടുത്തകാലം വരെ അത് അവതരിപ്പിച്ചുപോന്നത്. അതുകൊണ്ട് ഫലത്തിൽ അവിടേയും സാമൂഹ്യാവസ്ഥകളെ പൊതുരംഗത്ത് ചർച്ച ചെയ്യാനുള്ള വാതിലുകൾ അടക്കുകയും ഏകാധിപത്യപ്രവണതകളേ ചോദ്യംചെയ്യാനുള്ള അതിന്റെ സാദ്ധ്യതകൾ ഇല്ലാതാക്കുകയുമാണ് ഉണ്ടായത്. എങ്കിലും, ഒടുവിൽ, ആ കാരാഗൃഹവാസം ആ കലാരൂപത്തെ അശ്മീകരിച്ചു നിർത്തി. അതിന്റെ ആ അശ്മകാവസ്ഥ തരുന്ന വിവരങ്ങൾ തന്നെയാണ് ഇക്കാലത്ത് നമുക്ക് ചരിത്രത്തെ കൂടുതൽ ഉൾക്കാഴ്ചയോടെ സമീപിക്കാൻ ഉപാധികളായി വരേണ്ടതും.
താരതമ്യേന അടുത്തകാലത്ത് രൂപംകൊള്ളുകയും വികസിക്കുകയും ചെയ്തതാണെന്നു നാം പറയുന്ന തുള്ളൽ പ്രസ്ഥാനത്തിന്റെ കഥയും മറ്റൊന്നാകാൻ വഴിയില്ല. അതിനേയും ആരൊക്കേയൊ ചേർന്ന് ഇക്കാലത്ത് തട്ടിക്കൊണ്ടുപോകുന്നതാണ് നാം കാണുന്നത്. കുഞ്ചൻ നമ്പിയാർക്കു മുമ്പും പറയൻ-ശീതങ്കൻ- ഓട്ടൻ തുള്ളലുകളുടെ പ്രാഗ്രൂപങ്ങൾ, ചാക്യാർ കൂത്തിനു സമാന്തരമായി നാട്ടുഭാഷയിൽ സാധാരണക്കാർക്കിടയിൽ സംവാദങ്ങളുടെ കുത്തൊഴുക്കുകൾ സൃഷ്ടിച്ചുകൊണ്ട് നിലനിന്നിട്ടുണ്ടാകണം. നമ്പ്യാർ അവയെടുത്ത് തന്റെ അപ്രതിഹതമായ പ്രതിഭയിൽ നിന്നുരുത്തിരിഞ്ഞ സാഹിത്യസൃഷ്ടികളൂം കോർത്തിണക്കിക്കൊണ്ട് ഉപരിവർഗ്ഗത്തിന്റെ കോട്ടകളിലേക്ക് കയറിച്ചെല്ലുകയായിരുന്നു എന്ന് വരാവുന്നതേയുള്ളൂ. ഒന്നുമില്ലായ്മയിൽ നിന്നു പൊട്ടിമുളക്കുകയെന്നത് ഒരു കലാരൂപത്തിന്റെയും വിധിയിലില്ലല്ലോ.
ചരിത്രം പറയുന്നവർ അതിൽ സാമാന്യജനങ്ങൾക്കും, അവരുടെ സംവാദങ്ങൾക്കും, ജനകീയപ്രസ്ഥാനങ്ങൾക്കും ഉള്ള പങ്കിനെ തമസ്കരിക്കാൻ ഇങ്ങനെ നിരവധി ശ്രമങ്ങൾ നടത്താറുണ്ട്. നാടൊട്ടുക്കും ചരിത്രം പഠിക്കുകയാണെന്ന നാട്യത്തിൽ നടക്കുന്ന പഴയ രാജവാഴ്ച/നാടുവാഴി വ്യവസ്ഥകളെ സദാ ഓർമ്മപ്പെടുത്തിക്കൊണ്ടിരിക്കുന്ന ചടങ്ങുകളാണ് അവയിലൊന്ന്. മനുഷ്യചരിത്രം അവയെ ഒട്ടാകെ നിരാകരിച്ചതാണെന്ന സത്യം മറച്ചവച്ചുകൊണ്ട് ചരിത്രസൃഷ്ടാക്കളെന്ന മട്ടിൽ അവരെ പുനരവതരിപ്പിക്കുമ്പോൾ വാസ്തവത്തിൽ സംഭവിക്കുന്നത് സമൂഹത്തിൽ സംവാദങ്ങൾക്കുള്ള സാദ്ധ്യതകൾ കൊട്ടിയടക്കുകയും ജനാധിപത്യപ്രവണതകളെ കളിയാക്കുകയുമാണ്. ആ സാദ്ധ്യതകൾ നിലനിർത്തുകയാണ് പണ്ടും എന്നും പുരോഗമനേഛുക്കളായ സമൂഹങ്ങൾ മുഴുവൻ ചെയ്തിരുന്നത് എന്ന കാര്യം സൂത്രത്തിൽ മറച്ചുവക്കപ്പെടുന്നു. തിരുവനന്തപുരത്ത് പത്മനാഭസ്വാമിക്ഷേത്രത്തിലെ നിലവറസ്വത്തുക്കളെ ചൊല്ലിയുണ്ടായ വിവാദങ്ങളിൽ ഇത്തരം സമീപനങ്ങൾ ധാരാളം കാണാം. അതുപോലെ പട്ടാമ്പിക്കടുത്ത് ഇയ്യിടെ നടന്ന പഴയ പ്രാദേശിക നാടുവാഴികുടുംബങ്ങളേയും അവരുടെ സിൽബന്തികളേയും ആദരിച്ച ഒരു ചടങ്ങും
തിന്റെ മറ്റൊരു മുഖമാണ്. ശ്രീ മൂലം തിരുനാൾ രാജാവിന്റെ ക്ഷേത്രപ്രവേശനവിളംബരത്തിനു പുറകിൽ സാമാന്യജനപ്രക്ഷോഭങ്ങളുടെ വലിയൊരു നിരയുണ്ടായിരുന്നു എന്നല്ല നമ്മുടെ ചരിത്രകാരന്മാർ എഴുതുന്നത്; മറിച്ച് അത് രാജാവിന്റെ പുരോഗമനപരമായ പരിഷ്കാരങ്ങൾക്കു വേണ്ടിയുള്ള വെമ്പലായാണ് ചിത്രീകരിക്കപ്പെടാറുള്ളത്. കേരളസംസ്ഥാനരൂപീകരണത്തിന് തിരുവിതാംകൂർ രാജവംശം വഴങ്ങുന്നതും ഇത്തരത്തിൽ തന്നെയാണ് ചിത്രീകരിക്കപ്പെട്ടുവരുന്നത്.
ഭാഷയുടെ വികാസത്തിലും പരിണാമത്തിലും ഈ സർവ്വജനകീയത ആധിപത്യം പുലർത്തുന്നതും വല്ലപ്പോഴും നഷ്ടപ്പെടുന്ന സ്വാധീനം താമസിയാതെ തിരിച്ചുപിടിക്കുന്നതും നമുക്ക് ശ്രദ്ധിച്ചാൽ കാണാം. മലയാളഭാഷ ഇരുപതാം നൂറ്റാണ്ടിലേക്കു പ്രവേശിക്കുമ്പോഴേക്ക് അതിന്റെ പുതിയരൂപം കൈക്കൊണ്ടതെങ്ങിനെയെന്ന അന്വേഷണം വ്യത്യസ്തങ്ങളായ പല കണ്ടെത്തലുകളിലേക്കും നമ്മെ എത്തിച്ചേക്കും.
സംഘകാലത്ത് ഏതെങ്കിലും തരത്തിലുള്ള ലിഖിതസാഹിത്യം ഉടലെടുത്തിരുന്നുവോ എന്നതിനെക്കുറിച്ച് നമുക്ക് അറിവൊന്നുമില്ല. സംഘംകൃതികളൊക്കെ പിൽക്കാലത്താണ് ക്രോഢീകരിക്കപ്പെടുന്നത്. അതുവരെ അവ വാമൊഴികളിൽ മാത്രം ഒതുങ്ങിനിന്നിരിക്കണം. ചിലപ്പതികാരത്തിന്റെ കാലമാകുമ്പോഴേക്കായിരിക്കും [ഏഴ്-എട്ട് നൂറ്റാണ്ടുകളോടെ] അവ ക്രോഢീകരിക്കപ്പെട്ടത്. അതിനും കുറച്ചു മുമ്പാകണം കേരളത്തിൽ ബ്രാഹ്മണരുടെ കുടിയേറ്റം ആരംഭിക്കുന്നത്. അതെന്നായാലും അവർ
വിടെ വരുന്നതും പരക്കുന്നതും ഒരു രാത്രികൊണ്ടൊന്നുമല്ല. രണ്ടോ മൂന്നോ നൂറ്റാണ്ടുകൾ തന്നെ അതിനെടുത്തിരിക്കും. ഇന്നവരെ കൊണ്ടാടുന്ന പോലെയുള്ള അവസ്ഥയിലൊന്നുമായിരിക്കില്ല അവർ അന്ന് കേരളക്കരയിലെത്തിയിട്ടുണ്ടാകുക. അതിനുള്ള ഭൗതികസാഹചര്യങ്ങളൊന്നും അന്നുണ്ടായിരുന്നിരിക്കില്ല. ദുർഘടങ്ങളായ യാത്രാമാർഗങ്ങളൂം, മലമ്പനിപോലുള്ള പകർച്ചവ്യാധികളും അരങ്ങുതകർത്തിരുന്ന കാലമായിരിക്കണമല്ലോ അത്. മഴ കൊല്ലത്തിൽ പകുതി ദീർഘദൂരയാത്രകളൊന്നും സമ്മതിക്കാതിരുന്ന കാലം. അതേകാരണംകൊണ്ടുതന്നെ അവർ പുറപ്പെട്ടുപോന്ന സ്ഥലങ്ങളുമായുള്ള ബന്ധങ്ങളും അവർക്ക് വഴിയിൽ വച്ച് നഷ്ടമായിട്ടുണ്ടാകണം. പതുക്കെപ്പതുക്കെ നാടുകൾ പകർന്ന് കാടുകൾക്കു നടുവിലാണെങ്കിൽപ്പോലും പുതിയ അധിവാസങ്ങൾ സ്ഥാപിച്ച് വടക്കുനിന്ന് തെക്കോട്ട് പരന്നെത്തുമ്പോൾ അവർ കൊള്ളയും കൊള്ളിവെപ്പുമൊക്കെയായി അക്രമണകാരികളായല്ല പ്രത്യക്ഷപ്പെടുന്നത്. (നമ്പൂതിരിമാരുടെ കേരളാക്രമണം എന്ന് പ്രൊ. ഇളംകുളം പറയുന്നുണ്ടെങ്കിലും.)വെറും പുരോഹിതവൃത്തി അന്വേഷിച്ചു പുറപ്പെട്ടുവന്നവരുമല്ല അവർ. ഒരു പുതിയ ജീവിക കെട്ടിപ്പടുക്കാൻ, പുതിയ മേച്ചിൽപ്പുറങ്ങൾ തേടി വന്ന അവർക്ക് അതിനായുള്ള പരിശ്രമങ്ങൾക്കിടയിൽ ഇവിടത്തെ ജനങ്ങളുമായി കൊടുക്കൽ വാങ്ങലുകളില്ലാതെ ഇവിടെ കലുറപ്പിക്കാൻ കഴിഞ്ഞിട്ടുണ്ടാവില്ല. പ്രദേശത്തിന്റെ അന്നത്തെ വിജനതകളിൽ അവരിവിടെ വന്ന് ആദ്യം കൂടുകൂട്ടുമ്പോൾ തന്നാട്ടുകാരേയും അവരുടെ നാട്ടുവഴക്കങ്ങളേയും ആശ്രയിച്ചുതന്നെയായിരിക്കും അവർ തങ്ങളുടെ ദേശാടനങ്ങൾ ആസൂത്രണം ചെയ്തിരിക്കുക. ആ ശ്രമങ്ങൾക്ക് താങ്ങും തണലുമായി അവർ തന്നാട്ടുഭാഷയെയും ആശ്രയിക്കുന്നുണ്ട്. അതിനുമുമ്പ് അവരുടെ വ്യവഹാരഭാഷ എന്തുതന്നെ ആയിരുന്നാലും ഇവിടെ എത്തുന്നതോടെ ഇന്നാട്ടിലെ നടപ്പുഭാഷ അവർ സ്വായത്തമാക്കുകയാണ്. അവർക്ക് സംസ്കൃതം അക്കാലത്തും കൈവശമുണ്ടായിരുന്നു. എന്നിട്ടും അവരുടെ വീടുകളിൽ നിത്യവൃത്തിക്കും നാട്ടുകാരോട് ഇടപെടാനും അവർ നാട്ടുഭാഷയെത്തന്നെയാണ് ആശ്രയിച്ചിരുന്നത്. നാട്ടുഭാഷ പഠിച്ചും അതുപയോഗിച്ച് നാട്ടുകാരോട് ഇടപഴകിയും മറ്റേതൊരു കുടിയേറ്റക്കാരേയുംപോലെ അവർ കേരളക്കരയിലേക്ക് സ്വയം പറിച്ചുനടുകയായിരുന്നു. അതുതന്നെ പരാജയപ്പെട്ട ഒന്നോ രണ്ടോ ശ്രമങ്ങൾക്കു ശേഷമാണെന്നും പറയുന്നുണ്ട്. അങ്ങിനെ ഇന്നാട്ടുഭാഷ അവരുടെ മാതൃഭാഷയാകുന്നത് നാം കാണുന്നു.

തുടർന്നുള്ള കാലങ്ങളിലും സമൂഹത്തിന്റെ എല്ലാ തട്ടുകളിലേക്കുള്ള ആശയവിനിമയത്തിനു അവർ ഉപയോഗിച്ചത് നാട്ടുഭാഷ തന്നെയായിരുന്നു. അക്കാലത്തെ ലിഖിതങ്ങളിൽ നിന്നും ചെപ്പേടുകളിൽ നിന്നും നമുക്കതിനു സാക്ഷ്യം കിട്ടുന്നുണ്ട്. രേഖീകൃതമായ സംഭവങ്ങളുടേയും മറ്റും തെളിവിൽ കേരളക്കരയിൽ, രണ്ടാം ചേരസാരാജ്യത്തിന്റെ രൂപത്തിൽ, ഉത്പാദനശക്തികളെ സമന്വയിപ്പിച്ചുകൊണ്ടുള്ള വ്യവസ്ഥാപിതമായ ഒരു ഭരണവ്യവസ്ഥയുടെ ആദ്യപ്രത്യക്ഷങ്ങൾ പ്രകടമായിവരുന്ന കാലമായിരുന്നു അത്. അതിൽ നമ്പൂതിരിമാരെക്കൂടാതെ മറ്റു സാമൂഹ്യവിഭാഗങ്ങൾ പലതുമുണ്ടായിരുന്നു. സംഭവഗത്യാ സമ്പത്തിന്റെ അധീശത്വവും ഭരണാധികാരികളുടെ തണലിൽ പരിരക്ഷയും നേടിയ ബ്രാഹ്മണർ സംസ്കൃതത്തെ വിജ്ഞാനസമാഹരണത്തിനും വിനോദോപാധികൾക്കായും അപ്പോഴേക്ക് പുറത്തെടുക്കുന്നുണ്ട്. അപ്പോഴേക്കു മാത്രമേ ദേവനാഗരി ലിപി അവരുടെ സഹായത്തിനെത്തുന്നതുമുള്ളൂ. അതാകട്ടെ ഉപരിവർഗ്ഗങ്ങളിലെ സാഹിത്യസൃഷ്ടികളീലും വിനോദങ്ങളിലും മാത്രം ഒതുങ്ങി നിൽക്കുകയായിരുന്നു. തുടർന്നും സംസ്കൃതം സംസാരഭാഷയാക്കാനുള്ള ശ്രമമൊന്നും അവർ ചെയ്തിട്ടില്ല.
നമ്പൂതിരിമാർ സാംസ്കാരികവും സാമ്പത്തികവുമായ രംഗങ്ങളിൽ മേധാവിത്തം സൂക്ഷിച്ചുപോന്ന പിൽക്കാലത്ത് മണിപ്രവാളവും ചമ്പുക്കളും ഉണ്ടാകുമ്പോഴും പൊതുമണ്ഡലത്തിൽ ഉപയോഗത്തിന് അവർക്ക് നാട്ടുഭാഷ തന്നെ വേണ്ടിയിരുന്നു. ചുറ്റും നിലവിലുണ്ടായിരുന്ന ഭാഷാസങ്കേതത്തെ അപ്രധാനമായി കാണാനാകുന്നതിലധികം പ്രായോഗികസമ്മർദ്ദം അതിൽ നിന്ന് അവരുടെ മേലുണ്ടായിരുന്നു എന്നതാണ് കാര്യം. അപ്പോഴും നാട്ടുഭാഷയും അതിലെ പാട്ടുസാഹിത്യം പോലുള്ള സാഹിത്യരൂപങ്ങളും വളരുന്നുണ്ടായിരുന്നു. അക്കാലത്ത് സാമാന്യജനങ്ങൾ പാട്ടുകളൊന്നും പാടിയിരുന്നില്ലെന്നും തങ്ങളുടെ അടുത്ത തലമുറകളിലേക്ക് കഥകൾ പകർന്നുകൊടുത്തിരുന്നില്ലെന്നും അഥവാ അങ്ങിനെ ഉണ്ടായിരുന്നെങ്കിൽ തന്നെ അത് മണിപ്രവാളത്തിലോ സംസ്കൃതത്തിലോ ആയിരുന്നു എന്നും വരാൻ വയ്യല്ലോ. രേഖീകൃതമായിട്ടില്ലാത്തതുകൊണ്ട് അവ ഏതു തരത്തിലുള്ളതായിരുന്നുവെന്ന് നമുക്കിന്നറിയാൻ വയ്യെന്നേയുള്ളൂ. നമ്മുടെ കേകയും കാകളിയും നതോന്നതയുമെല്ലാം ആ പാട്ടുപാരമ്പര്യത്തിന്റെ തുടർച്ചയാണ്.

ഇതൊക്കെ കാണിക്കുന്നത് പൊതുസമൂഹത്തിന്റെ ഇഛാശക്തിതന്നെയാണ് ആത്യന്തികമായി കാര്യങ്ങൾ നിർണ്ണയിക്കുന്നത് എന്നാണല്ലോ.
വീണ്ടും നാട്ടുഭാഷയുമായി, നാട്ടുസങ്കേതങ്ങളുമായി കൊടുക്കൽ വാങ്ങലുകൾക്ക് ഉപരിവർഗ്ഗസാഹിത്യം തയ്യാറാകുന്നതിന്റെ സൂചനകളാണ് പിൽക്കാലത്ത് പൂന്താനത്തിലൂടേയും ലും ചെറുശ്ശേരിയിലൂടേയും മറ്റും നമുക്കു കാണാനാകുന്നത്. സംസ്കൃതത്തിനെ ഉപയോഗപ്പെടുത്തി തങ്ങളുടെ അധീശസങ്കല്പങ്ങൾ അരക്കിട്ടുറപ്പിക്കാൻ മലയാളബ്രാഹ്മണർ ശ്രമം നടത്തി തോൽക്കുന്ന ചിത്രമാണ് പാട്ടുസാഹിത്യത്തോട് ചങ്ങാത്തം കാണിച്ചുകൊണ്ട് ജ്ഞാനപ്പാനയും കൃഷ്ണഗാഥയുമൊക്കെ രചിക്കുന്നതിലേക്കെത്തിനിൽക്കുന്നത്. അതേസമയം സംസ്കൃതപദങ്ങളെ കൂടുതൽ ഉൾക്കൊള്ളിച്ചുകൊണ്ട് എഴുത്തഛൻ രാമായണവും മറ്റും എഴുതുന്നത് അക്കാലത്തെ കേരളസമൂഹത്തിന്റെ താഴത്തെ അടരുകളിൽനിന്ന് മുകൾത്തട്ടിലേക്കുള്ള സമ്മർദ്ദത്തേയും സൂചിപ്പിക്കുന്നു. ഭാഷയിലെ മേധാവിത്തം തിരിച്ചുപിടിക്കന്നുള്ള സാമാന്യജനങ്ങളുടെ ശ്രമത്തെയാണ് അത് കാണിക്കുന്നത്. സംസ്കൃതം സാമൂഹ്യശക്തികളെ നിർണ്ണയിക്കുന്നുവെന്നു തോന്നിയപ്പോൾ അതും സ്വായത്തമാക്കണമെന്ന് സാമാന്യജനങ്ങൾ തീർച്ചയാക്കുന്നുണ്ട്. അതിന്റെ നേതൃനിരയിലാണ് എഴുത്തഛന്ന് സ്ഥാനം. പിൽക്കാലങ്ങളിൽ മണിപ്രവാള – ചമ്പു പദ്ധതികൾ നിന്നുപോകുകയാണ്. പിന്നീട് കുഞ്ചൻ നമ്പ്യാരാകട്ടെ സംസ്കൃതം കുത്തകയാക്കിവച്ചിരുന്നതിനെയൊക്കെ സഞ്ചയിച്ച് ജനസാമാന്യത്തിനായി നിരത്തിവക്കുകയാണ് ചെയ്യുന്നത്. കഴിഞ്ഞ നൂറ്റാണ്ടിൽ കുമാരനാശാനും ഇതുതന്നെ ചെയ്യുന്നുണ്ട്. അക്കാലത്തോടെ സംസ്കൃതത്തിൽ കൃതികൾ രചിക്കാൻ നമ്പൂതിരിമാരിൽത്തന്നെ ആരും മിനക്കെടതായി. കഥകളിസാഹിത്യത്തിലും ആംഗികഭാഷക്ക് താങ്ങായിവരുന്നത് നാട്ടുഭാഷതന്നെയാണ്. അതിന്റെ പാട്ടുകളിലാണെങ്കിൽ തുടക്കത്തിൽ തനിമലയാളസംഗീതപദ്ധതികളാണ് പ്രാമുഖ്യം നേടുന്നത്. അങ്ങിനെ കേരളക്കരയിലെ ഭാഷ സംഘകാലത്തിന്റെ അന്ത്യദശയിൽ തുടങ്ങിയ ഒരു ആരോഹണവും തുടർന്നുള്ള അനിവാര്യമായ അവരോഹണവും പൂർത്തിയാക്കുകയാണ്; ഇരുപതാം നൂറ്റാണ്ടിൽ അത് വീണ്ടും പൂർണ്ണമായും സാമാന്യജനങ്ങളുടെ വരുതിയിൽത്തന്നെ വരുന്നു. ഇതും പൊതുമണ്ഡലത്തിന്റെ ഇഛശക്തിയേത്തന്നെയാണ് കാണിക്കുന്നത്.

ഇതൊന്നും കാണാതേയാണ് നമ്മുടെ ചരിത്രകാരന്മാരെല്ലാം ചരിത്രമെഴുത്ത് നടത്തുന്നത്.
തങ്ങളുടെ പ്രയാണങ്ങൾക്കിടക്ക് നമ്പൂതിരിമാർക്ക് അതാത് പ്രദേശങ്ങളിൽ നിലവിലുണ്ടായിരുന്ന ജനവിഭാഗങ്ങളിലേക്കും സാംസ്കാരികരൂപങ്ങളിലേക്കും ഇറങ്ങി നിൽക്കേണ്ടിവന്നിട്ടുണ്ടെന്നതിന് സംശയമില്ല. തുടക്കത്തിലെങ്കിലും നാട്ടുകാരുമായി സാംസ്കാരികമായ ഒരു ഇഴുകിച്ചേരൽ നടത്താതെ അവർക്കിവിടെ വേരോടാനും കഴിഞ്ഞിരിക്കയില്ല. അതിന്റെ തെളിവുകൾ അവരുടെ പഴയപേരുകളിൽത്തന്നെ നമുക്കു കണ്ടെത്താനായെന്നു വരാം. ഉണിക്കാളി, ഇട്ടിച്ചിരി,ഇട്ടിവാസു തുടങ്ങിയ നാട്ടുഭാഷയിലുള്ള അവരുടെ പേരുകൾ ഈ ദിശയിൽ നമുക്ക് പലതും പറഞ്ഞുതരുന്നുണ്ട്. ഇട്ടി എന്ന പേരാകട്ടെ ഇട്ടീണാൻ, ഇട്ടിച്ചാപ്പൻ, ഇട്ടിക്കുമരൻ, ഇട്ടി അചുതൻ, ഇട്ടി അവിര, ഇട്ടിച്ചെറിയ എന്നിങ്ങനെ കേരളത്തിലെ പല സാമൂഹ്യവിഭാഗങ്ങളിലുമുണ്ടായിരുന്നു. തിരഞ്ഞുനോക്കിയാൽ ഒരുപക്ഷേ ഒരു ഇട്ടിമമ്മതിനേയോ ഇട്ടിമൊയ്തീനേയോ കൂടി നമുക്കു കണ്ടത്താനായെന്നുവരാം. പാലക്കാട്ടുരാജാക്കന്മാരിൽ ഒരാളുടെ പേർ ഇട്ടിക്കോമ്പി അച്ചൻ എന്നായിരുന്നു. ഇട്ടി, കോമ്പി തുടങ്ങിയ പേരുകൾ പാണരുടേതു പോലുള്ള പ്രാചീനസമുദായങ്ങളിൽ അടുത്തകാലം വരെ നിലവിലുണ്ടായിരുന്നു.

നമ്പൂതിരിമാരുടെ സംഘക്കളിയും കേരളത്തിലെ നാടൻകലാരൂപങ്ങളുടെ (പൊറാട്ടുനാടകങ്ങളുടെയും കണ്ണിയാർകളികളുടെയും മറ്റും) സമാനതകളിലാണ് നിൽക്കുന്നത്, അല്ലാതെ സംസ്കൃതനാടകങ്ങളുടെ ശൈലിയിലല്ല. തിടമ്പുനൃത്തവും ഈ ജനുസ്സിലാണ് പെടുന്നത്. ഇന്ത്യയിൽ മറ്റെവിടെയെങ്കിലും ബ്രാഹ്മണർക്ക് ഇതുപോലെ അനുഷ്ഠാനപരമായ ഒരു നൃത്തപദ്ധതി ഉള്ളതായി കേട്ടിട്ടില്ല. അപ്പോൾ കേരളത്തിൽ മാത്രം ഇങ്ങിനെ ഒരു നൃത്തരൂപമുണ്ടാകാൻ കാരണമെന്താണ്? ഇത് നിലവിലുണ്ടായിരുന്നത് വടക്കൻ കേരളത്തിലാണെന്നും അവിടെയാണ് മുത്തപ്പന്മാരുടെ ആട്ടവും തെയ്യങ്ങളുടെ പ്രാഗ്രൂപങ്ങളും പണ്ടുമുതലേ ഉണ്ടായിരുന്നതെന്നും ശ്രദ്ധിക്കുക. കൂടിയാട്ടത്തിന്റെ വേഷവിധാനങ്ങളാണെങ്കിൽ ഭരതന്റെ നാട്യശാസ്ത്രത്തിലേതാകാൻ വഴിയില്ല. അവക്ക് കേരളക്കരയിലെ തെയ്യങ്ങളോടും മറ്റു നാടൻ കലാരൂപങ്ങളോടുമാണ് സാമ്യം. അക്കാലത്തെ കേരളജനതയിലേക്ക് സാംസ്കാരികമായി മാത്രമല്ല ജനിതകമായിപ്പോലും ഒരു കൂടിക്കലരൽ നമ്പൂതിരിമാർക്ക് തുടക്കം മുതലേ ആവശ്യം വന്നിട്ടുണ്ടെന്നാണ് മറ്റു പലതും കാണിക്കുന്നത്. ഇക്കൂട്ടരിൽ കറുത്തവരും വെളുത്തവരും ഹ്രസ്വഗാത്രരും വിവിധ മുഖപ്രകൃതികളുള്ളവരും എല്ലാം ഉണ്ട്. സവർണ്ണരെന്ന വാക്കിന്റെ കേവലാർത്ഥത്തിൽ വെളുത്തവരും ആജാനബാഹുക്കളും സുന്ദരന്മാരും മാത്രമല്ല അവരിലുള്ളത്. അവർ കേരളത്തിലെ മുഖ്യധാരാ സമൂഹത്തിന്റെ മറ്റൊരു പകർപ്പു മാത്രമാണ്.

ഗണ്യമായ ഒരു കാലയളവിൽ കേരളചരിത്രത്തിൽ അനിഷേദ്ധ്യമായ സ്വാധീനം ചെലുത്തിപ്പോന്ന നമ്പൂതിരിമാർ ആധുനികകാലത്ത് പഴയമട്ടിൽ പ്രസക്തരല്ലാതാകുകയും തുടർന്ന് സമൂഹത്തിലെ വിവിധ തൊഴിൽ മേഖലകളിൽ മറ്റുള്ളവരേപ്പോലെ വ്യാപരിച്ചുകൊണ്ട് മത്സരിച്ചുനിൽക്കുകയും ചെയ്യുന്ന കാഴ്ചയാണ് ഇന്നു നാം കാണുന്നത്. പട്ടാളക്കാരും പോലീസുകാരും സാധാരണ സർക്കാർ - സ്വകാര്യ സ്ഥാപനങ്ങളിലെ തൊഴിലാളികളുമൊക്കെ അവർക്കിടയിൽ ഇന്നുണ്ട്. ഭൂസ്വാമിമാർ എന്ന സ്ഥാനം കയ്യൊഴിഞ്ഞ് ഇന്നവർ കച്ചവടത്തിലേക്കും വ്യവസായസംരഭങ്ങളിലേക്കും തിരിഞ്ഞുകഴിഞ്ഞു. പണ്ട് സമൂഹത്തിന്റെ ഉന്നതശ്രേണിയിൽ വിരാജിച്ചിരുന്ന ക്ഷത്രിയന്മാരടക്കമുള്ള സമുദായങ്ങൾക്കൊക്കെ ഈ മാറ്റം സംഭവിച്ചിട്ടുണ്ട്. ഇങ്ങിനെയൊക്കെ സംഭവിച്ചത് ഏതെങ്കിലും ഒരു രാജാവിന്റെ തിട്ടൂരം കൊണ്ടാണെന്ന് പറയാൻ അവസരം കാത്തിരിക്കുന്നതിൽ നമ്മുടെ ചരിത്രകാരന്മാരിൽ പലരും ഒട്ടും ലജ്ജിക്കാറില്ല.

അതുപോലെത്തന്നെ ഒളിവേഷം കെട്ടി വന്ന് നമ്മുടെ ചരിത്രബോധത്തെ ചെണ്ടകൊട്ടിക്കുന്ന ഒന്നാണ് നമ്പൂതിരി സമുദായത്തിൽ സ്ത്രീകൾക്ക് ഭ്രഷ്ട് കല്പിച്ചിരുന്നതിന്റെ കഥകൾ.

സ്വൽപ്പം ക്ഷമയോടെ ചരിത്രത്തെ സമീപിക്കുന്ന ഏതൊരാൾക്കും സ്ത്രീകൾ അനുഭവിച്ചുപോരുന്ന ദുരിതം നമ്പൂതിരിസമുദായത്തിൽ മാത്രമേ ഉണ്ടായിരുന്നുള്ളുവെന്ന് പറയാനാകില്ല. സമ്പത്തിന്റെ സ്വകാര്യവൽകരണവും അതേത്തുടർന്ന് ദായക്രമങ്ങളും പിടിമുറുക്കുന്നതോടെയാണ് സ്ത്രീകൾക്ക് ഈ ദുരവസ്ഥ വന്നുപെടുന്നത്. നാട്ടിൽ നിലനിന്നിരുന്ന തൊഴിൽക്കൂട്ടായ്മകളേയും സാമ്പത്തികബന്ധങ്ങളെയും കൊളോണിയൽ ഭരണം ഉലച്ചതോടെ സമൂഹത്തിലെ ആഢ്യവർഗത്തിനു താഴേയുള്ള തട്ടുകളിൽ സ്ത്രീകളുടെ ജീവിതം കൂടുതൽ പരിതാപകരമായിരുന്നു. വ്യവസ്ഥാപിതങ്ങളും വൈവിദ്ധ്യമാർന്നതുമായ പെരുമാറ്റച്ചട്ടങ്ങൾക്കകത്തു ജീവിച്ചുപോകേണ്ടിയിരുന്ന വിവിധ സാമൂഹ്യോപവിഭാഗങ്ങൾ (ജാതികൾ എന്നു മനപ്പൂർവം പറയാതിരിക്കുകയാണ്, കാരണം ആ വാക്ക് അക്കാലത്ത് വർത്തമാനകാലത്തെ സാമൂഹ്യാവസ്ഥയിൽ അവയുടെ അകത്തും പുറത്തും നിലനിന്നിരുന്ന ബഹുസ്വരതയിൽ നിന്ന് തട്ടിക്കൊണ്ടുപോയ്ക്കഴിഞ്ഞതാണ്. ) ഓരോന്നിലും സ്തീകൾ “വഴിപിഴച്ചുപോകുന്നതിനെതിരെ” പരിദേവനങ്ങളും അമർഷങ്ങളും ആക്രോശങ്ങളും അവരെ കയ്യൊഴിഞ്ഞ് പുറത്താക്കിയതിന്റെ ചരിത്രവുമുണ്ട്. അവിവാഹിതയായിരിക്കെ ഗർഭം ധരിച്ച തന്റെ മകളെ കോരപ്പുഴ കടത്തിവിട്ട് തിരിച്ചുപോരുന്ന താഴ്ന്ന സമുദായത്തിൽപ്പെട്ട ഒരഛനെപ്പറ്റി പഴയ ഏതോ ചരിത്രക്കുറിപ്പുകളിലൊന്നിൽ വായിച്ചത് ഓർമ്മ വരുന്നു. വടക്കുനിന്ന് തെക്കോട്ട് കോരപ്പുഴ കടന്നു പോയാൽ നായർ സ്ത്രീകൾ ഭ്രഷ്ടാക്കപ്പെട്ടിരുന്ന കാലവും ഉണ്ടായിരുന്നു. പഴയരൂപത്തിലല്ലെങ്കിലും മറ്റു രൂപങ്ങളിൽ ഇന്നും അതൊക്കെ നിലനിൽക്കുന്നുമുണ്ട്. ഭർത്തൃമതിയല്ലാത്ത ഒരു പെൺകുട്ടി ഗർഭിണിയാകുന്നത് ആധുനികസമൂഹങ്ങൾപോലും സാമാന്യേന ഇന്നും അംഗീകരിക്കുന്നുമില്ല. അപ്പോൾപ്പിന്നെ നമ്പൂതിരിമാരുടെ മാത്രം ഭ്രഷ്ടുകൾ എന്തുകൊണ്ടാണ് പ്രമാദങ്ങളും വിവാദങ്ങളുമായത്? സ്വന്തം താവളത്തിൽത്തന്നെ അടിച്ചമർത്തപ്പെടുന്ന എല്ലാ സ്ത്രീകളുടെയും പ്രതിനിധിയായി ഒരു നമ്പൂതിരിസ്ത്രീ മാത്രം ചരിത്രവൽക്കരിക്കപ്പെട്ടതെന്തുകൊണ്ടാണ്? നമ്പൂതിരിമാരും മറ്റു വിഭാഗങ്ങളേപ്പോലെ ഒരു സാമൂഹ്യവിഭാഗമാണെന്ന പരിചിന്തനക്കപ്പുറം അവരെ സമൂഹത്തിന്റെ മേലേത്തട്ടിൽ പ്രതിഷ്ഠിച്ചിരുത്തിക്കൊണ്ട്, അവരോട് ഏതോ തരത്തിൽ ഒരു മൃദുസമീപനം കൈക്കൊണ്ടുകൊണ്ട് നമ്മുടെ ചരിത്രകാരന്മാർ ചരിത്രം ചമക്കുന്നതുകൊണ്ടാണ് ഇങ്ങിനെ വരുന്നത്. നമ്മുടെ മിക്ക ചരിത്രകാരന്മാരും കേരളസമൂഹത്തിന്റെ പ്രാതിനിധ്യം ഈ ഒരൊറ്റ സമുദായത്തിനായി മാറ്റിവക്കുന്നുണ്ട്. നമ്പൂതിരിമാരുടെ വാക്കിനും നോക്കിനും ശരീരഭാഷകൾക്കും ചിന്താസരണികൾക്കും അവർ പ്രാമുഖ്യം നൽകുന്നു. അവരുടെ കുടുംബനിയമങ്ങളാണ് കേരളത്തിലെ കുടുംബനിയമങ്ങളുടെ മാതൃകകളായി ഉയർത്തിക്കാണിക്കപ്പെട്ടത്. ഈ സമീപനത്തെ സാക്ഷാൽ കാണിപ്പയ്യൂർ ശങ്കരൻ നമ്പൂതിരിപ്പാടു തന്നെ ഒരിടത്ത് ചോദ്യം ചെയ്യുന്നുണ്ട്. പ്രൊ. ഇളംകുളം കുഞ്ഞൻ പിള്ളയുടെ “നമ്പൂരിശ്ശകാര”ത്തിനെതിരെയുള്ള കുറിപ്പുകളിൽ നമ്പൂതിരിമാർക്ക് സമുദായികമായി മറ്റു സമുദായങ്ങൾക്ക് തുല്യമായ ഒര അസ്തിത്വം തന്നെ ഉണ്ടെന്ന് അദ്ദേഹം പരോക്ഷമായി സൂചിപ്പിക്കുന്നുണ്ട്. നമ്മുടെ മുഖ്യധാരാസമൂഹത്തിൽ നമ്പൂതിരിമാരെ മറ്റുള്ളവർക്കു മേലെയല്ലാതെയും മറ്റു സമുദായങ്ങളെ നമ്പൂതിരിമാർക്കു താഴെയല്ലാതെയും നിർത്തിക്കൊണ്ടുള്ള ഒരു ചരിത്രപരിപ്രേക്ഷ്യം സൃഷ്ടിക്കാൻ ആരും ശ്രമിച്ചിട്ടില്ല. പഴയകാലത്ത് വൈവിധ്യമുള്ള നിരവധി വ്യാഖ്യാനങ്ങൾ കുടുംബബന്ധങ്ങൾക്കു നൽകിക്കൊണ്ട് വിവിധ കേരളസമുദായങ്ങൾ ഇവിടെ പലതും പരീക്ഷിച്ചിരുന്നു. ബഹുഭർതൃത്വം സമൂഹത്തിന്റെ അംഗീകാരത്തോടേ കൊണ്ടാടിയിരുന്ന, ചിട്ടയായ കുടുംബബന്ധങ്ങളുണ്ടായിരുന്ന, ജ്യേഷ്ഠൻ വിവാഹം കഴിച്ചുകൊണ്ടുവരുന്ന സ്ത്രീ അയാളുടെ എല്ലാ കനിഷ്ഠസഹോദരന്മാർക്കും ഭാര്യയായിരുന്ന, ചില സമുദായങ്ങൾ കേരളത്തിലുണ്ടായിരുന്നുവെന്ന കാര്യം എത്ര പെട്ടെന്നാണ് ചരിത്രകാരന്മാർ മറന്നുപോകുന്നത്. അമ്മവഴിക്കുള്ള ദായക്രമം സംഘകാലത്തുതന്നെ രൂപം കൊണ്ടിട്ടുണ്ടാകാമെന്നാണ് ആധുനികചരിത്രകാരന്മാരുടെ നിഗമനം. ഇതിനൊക്കെ സമാന്തരമായി മാത്രമാണ് നമ്പൂതിരിമാർക്കും സ്ഥാനമുള്ളത്. ഇവരൊക്കെ തമ്മിൽ പലപ്പോഴും നടന്നിട്ടുള്ള ബലപരീക്ഷണങ്ങളിലൂടേയും ആദാനപ്രദാനങ്ങളിലൂടെയും തന്നെയാണ് യൂറോപ്യന്മാരുടെ വരവു വരെ ഇവിടെ കാര്യങ്ങൾ നടന്നുപോന്നിട്ടുള്ളത്.
കേരളത്തിലെ ജാതിവ്യവസ്ഥയെപ്പറ്റി നമുക്കുള്ള വീക്ഷണങ്ങൾ
ന്ന് പാശ്ചാത്യരുടെ പതിനാറാം നൂറ്റാണ്ടിലെ സാമൂഹ്യവീക്ഷണത്തിൽ നിന്ന് ഉരുത്തിരിഞ്ഞവയാണ്. കാസ്റ്റ് (Caste) എന്ന വാക്കു തന്നെ ഇന്ത്യയിൽ ആദ്യം ഉപയോഗിക്കുന്നത് പോർച്ചുഗീസുകാരാണ്. പോർച്ചുഗീസുഭാഷയിൽ അവരുടെ നാട്ടിലെ വിവിധ സാമൂഹ്യവിഭാഗങ്ങളെ കുറിക്കാൻ ഉപയോഗിച്ചുപോന്ന വാക്കാണത്. അത് ഇന്ത്യൻ അവസ്ഥകളിൽ എത്രമാത്രം സാധുതയുള്ളതായിരുന്നുവെന്ന് ചിന്തിക്കേണ്ടതുണ്ട്. ദളിതരെന്ന് നാം ഇന്നു പറയുന്ന ജനവിഭാഗത്തിനിപ്പുറം കേരളസമൂഹത്തിൽ ഉത്പാദനവൃത്തികളുടെ വിവിധ മേഖലകളിൽ വ്യാപരിച്ചിരുന്ന അനവധി സമുദായങ്ങൾ മുഖ്യധാരയിൽത്തന്നെ മുമ്പുമുണ്ടായിരുന്നു. തൊട്ടുകൂടായ്മയുടെ കേരളീയ പ്രപഞ്ചം സ്രുഷ്ടിച്ചതിൽ നമ്പൂതിരിമാരെപ്പോലെത്തന്നെ ഇക്കൂട്ടർക്കും പങ്കുണ്ട്. അതേ ചരിത്രഗതിതന്നെയാണ് പിന്നീട് അതിനെയൊക്കെ തിരുത്തുന്നതും. ഇതിനെ നാം കാണാതിരിക്കുമ്പോഴാണ് കുബുദ്ധികൾ ചരിത്രം തമസ്കരിക്കാനും ജനായത്തപ്രസ്ഥാനങ്ങളേ കുഴിച്ചു മൂടാനുമുള്ള ശ്രമങ്ങളിലേക്ക് ഒളിഞ്ഞിറങ്ങുന്നത്. സമൂഹത്തിന്റെ ഉപരിഘടനയിലെ, അധികാരസ്ഥാനങ്ങൾക്കടുത്തു നിൽക്കുന്നവരിലെ എന്തും ഏതും വലുതും കേമവുമാണെന്നും അതിനെക്കുറിച്ചേ ചരിത്രത്തിൽ ചർച്ച ചെയ്യപ്പെടേണ്ടതുള്ളൂ എന്നും അവർ വരുത്തിതീർക്കുന്നു. അങ്ങിനെ നോക്കുമ്പോൾ ലബ്ധപ്രതിഷ്ഠ നേടുന്ന നമ്മുടെ അക്കാദമികചരിത്രകാരന്മാരിൽ വലിയൊരു പങ്കും ഏകാധിപത്യപ്രവണതകളെ താലോലിക്കുന്നവരാണെന്നും നമുക്കു കാണാം.
ഏറ്റവും ഒടുവിലായി സാധാരണപൗരന്മാരുടെ ഇഛാശക്തി എങ്ങിനെ ഫലപ്രാപ്തിയിലെത്തുന്നു എന്നതിന്റെ ഏറ്റവും ഒടുവിലത്തെ ചരിത്രദൃഷ്ടാന്തമാണ് നമ്മുടെ ഭാഷയിൽ ഇന്ന് നമുക്കുപയോഗിക്കാൻ പണം കൊടുക്കാതെ ഇന്റെർനെറ്റിൽ നിന്ന് ലഭ്യമാകുന്ന മലയാളം കമ്പ്യൂട്ടർ ലിപികൾ.

സർക്കാർ സംവിധാനങ്ങളും ഉദ്യോഗസ്ഥന്മാരും ചേർന്ന് മലയാളം കമ്പ്യൂട്ടിങ്ങിന്റെ ദിശയിൽ നടത്തിയ പരിശ്രമങ്ങൾ എങ്ങുംതൊടാതെ, ജടിലങ്ങളെന്ന് അവർ വിശേഷിപ്പിക്കുന്ന കൂട്ടക്ഷരങ്ങളുടെയും മറ്റും പേരിൽ, ലിപിപരിഷ്കരണത്തിൽ മാത്രം കുടുങ്ങിക്കിടന്നപ്പോൾ സ്വന്തമായി സോഫ്ട് വെയർ നിർമ്മാണം പഠിച്ചെടുത്ത ഒരുപറ്റം ഭാഷാപ്രേമികളും അച്ചുകൂട ഉടമസ്ഥന്മാരും കമ്പ്യൂട്ടർ പ്രൊഫഷണലുകളും ചേർന്ന് നടത്തിയ പരിശ്രമങ്ങൾ വഴി ലിപ്യന്തരീകരണത്തിലൂടെ വളരെ എളുപ്പത്തിൽ, ലളിതമായി, എത്ര കഠിനങ്ങളായാലും കൂട്ടക്ഷരങ്ങളും ചില്ലുകളുമൊക്കെ അനായാസം ടൈപ്പ് ചെയ്യാവുന്ന മട്ടിൽ ഫോണ്ടുകളും ടൈപ്പിങ് ടൂളുകളും മലയാളഭാഷക്ക് ഇന്ന് സ്വായത്തമായിക്കഴിഞ്ഞിട്ടുണ്ടല്ലോ. ഈ ലിപികളും ടൂളുകളുമാണ് സോഷ്യൽ നെറ്റ്വർക്കുകളിലും, ബ്ലോഗുകളിലും, ഡി.ടി. പി യിലുമൊക്കെ സാധാരണക്കാർ ഉപയോഗിക്കുന്നത്. പാലക്കാട്ടെ അംബാൾ പ്രസ്സ് ഉടമയാണത്രെ കമ്പ്യൂട്ടർ മുഖേന റ്റൈപ്പ്സെറ്റിങ്ങ് സാദ്ധ്യമാക്കാൻ ആദ്യം മുന്നിട്ടിറങ്ങിയത്. അക്കാലത്ത് സർക്കാർ ഈ ദിശയിൽ പരിശ്രമങ്ങളൊന്നും തുടങ്ങിക്കഴിഞ്ഞിരുന്നില്ല. സർക്കാർ ശ്രമങ്ങൾക്ക് സമാന്തരമായി പ്രവർത്തിച്ചുകൊണ്ട് ഏറ്റവും ഉപയോഗപ്രദമായി കമ്പ്യൂട്ടർ മലയാളം സാദ്ധ്യമാക്കിയതിലും അത് സാധാരണക്കാരിൽ എത്തിച്ചതിലും രചന അക്ഷരവേദി എന്ന സന്നദ്ധസംഘടനയുടെ പ്രവർത്തകരുടേയും ഐ.ടി. അറ്റ് സ്കൂളിന്റേയും പങ്ക് വലുതാണ്. കൂടാതെ ലാഭേഛയില്ലാതെ പ്രവർത്തിക്കുന്ന, മലയാളത്തിനോട് സ്നേഹമുള്ള ധാരാളം സോഫ്ട് വെയർ എഞ്ചിനീയർമാരുടെ ശ്രമങ്ങളും ഇതിനു പിന്നിലുണ്ട്. അവരൊക്കെ ചേർന്ന് അതൊക്കെ പ്രാവർത്തികമാകിയ വേഗം അത്ഭുതാവഹമായിരുന്നു. സർക്കാറും സർക്കാർ ഏജൻസികളും ഈ മേഖലയിൽ പ്രവർത്തിക്കുന്നുണ്ടെങ്കിലും അവരെക്കാൾ മുമ്പേ യഥാർത്ഥ ആവശ്യക്കാർ സന്നദ്ധപ്രവർത്തനങ്ങളിലൂടെ അവരുടെ ആവശ്യം നിറവേറ്റിയെടുത്തതാണ് നാം കാണൂന്നത്. ഇതോടെ സർക്കാർ തലത്തിലുള്ള ശ്രമങ്ങൾ ഏറെക്കുറേ അനാവശ്യമായിത്തീർന്നിട്ടുണ്ട്. വല്ലതും നടക്കുമെങ്കിൽത്തന്നെ അവയുടെ ഫലങ്ങൾ മലയാളം കമ്പ്യൂട്ടിങ്ങിനെ ഇനി എത്രമാത്രം സ്വാധീനിച്ചേക്കുമെന്ന കാര്യം ചിന്തനീയവുമാണ്. ഏതായാലും ഇക്കാര്യത്തിൽ ആരുടെ ഇഛാശക്തിയാണ് ഫലപ്രാപ്തിയിലെത്തിയതെന്ന് നമ്മുടെ ചരിത്രകാരന്മാർ തന്നെ അന്വേഷിച്ചുറപ്പാക്കട്ടെ.
ചരിത്രമെഴുതുന്നവർ തങ്ങളുടെ വാചാപ്രസംഗങ്ങൾ സൂക്ഷിച്ചു നടത്തേണ്ടതുണ്ട്. ചരിത്രം എല്ലാ മനുഷ്യരുടേതുമാണ്. അത് ഏതെങ്കിലും ഒരു കൂട്ടരുടെ ഇഛക്കനുസരിച്ചു മാത്രം മുന്നോട്ടു പോകുന്നതല്ല. അതിൽ ചിലർക്കു മാത്രമായി യാതൊരു കുത്തകകളുമില്ല. അത് ഭരാണധികാരികളുടേതുമല്ല.

Subscribe Tharjani |