തര്‍ജ്ജനി

മുഖമൊഴി

കാള പെറ്റെന്ന് കേട്ട് കയറെടുക്കുന്ന ചാനലുകള്‍

ഇക്കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്ന രണ്ട് സംഭവങ്ങള്‍ നമ്മുടെ മാദ്ധ്യമങ്ങളില്‍ ശ്രദ്ധേയമായ വിധത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. സ്ത്രീശാക്തീകരണബോധവത്കരണത്തിന്റെ ഭാഗമായി അഖിലകേരളതലത്തില്‍ കേരളസര്‍ക്കാര്‍ നടത്തിയ ഒരു പരിപാടിയില്‍ മുഖ്യപ്രാസംഗികന്റെ സ്ത്രീവിരുദ്ധവും പുരുഷാധിപത്യപരവുമായ അഭിപ്രായപ്രകടനത്തിനെതിരെ മറ്റെല്ലാവരും സഹിച്ച് കേട്ടിരിക്കെ ഒരു പെണ്‍കുട്ടി പ്രതിഷേധിച്ചതും ഇറങ്ങിപ്പോയതുമാണ് ആദ്യത്തെ വാര്‍ത്ത. നവമാദ്ധ്യമങ്ങളിലും ചാനല്‍ചര്‍ച്ചകളിലും ഈ വിഷയം നിറഞ്ഞുനിന്നു. അസഹനീയമായ പ്രസംഗത്തിനെതിരെ പ്രതികരിച്ച വിദ്യാര്‍ത്ഥിനി താരമായി നിറഞ്ഞുനിന്നു. യാഥാസ്ഥിതികവും പുരുഷാധിപത്യപരവുമായ ആശയങ്ങളുമായി സ്ത്രീശാക്തീകരണത്തിന് പുറപ്പെട്ട പ്രാസംഗികനും തന്റെ ഭാഗം വിശദീകരിക്കാനും ചാനലുകള്‍ അവസരം നല്കി. അതൊക്കെ മുന്‍വിധികളോടെയായിരുന്നുവെന്നെല്ലാം ആക്ഷേപമുള്ളവരുണ്ടാവാം.

രണ്ടാമത്തെ സംഭവം ഇതിനേക്കാള്‍ നാടകീയവും സാഹസികവും സംഘട്ടനാത്മകവുമായിരുന്നു. മോട്ടോര്‍ബൈക്കോടിച്ച് വരികയായിരുന്ന ഒരു പെണ്‍കുട്ടിയെ ആഭാസമായ കമന്‍റുകളുമായി ശല്യംചെയ്ത യുവാക്കളെ ആ കുട്ടി കായികമായി നേരിട്ടതിനെക്കുറിച്ചുള്ള വാര്‍ത്തയാണത്. കോവളത്ത് നടന്ന ഒരു പരിപാടിയില്‍ പങ്കെടുത്ത് വരികയായിരുന്നു ഈ പെണ്‍കുട്ടി. കരാട്ടേ പരിശീലനം നേടിയ ഈ പെണ്‍കുട്ടിയോടൊപ്പം അച്ഛനും അമ്മയും മറ്റും ഉണ്ടായിരുന്നു. തിരുവനന്തപുരം നഗരത്തിലെത്തിയ ഇവരുടെ വാഹനം ഒരു റെസ്റ്റോറന്റിനടുത്ത് പാര്‍ക്ക് ചെയ്യുന്നതിനിടയില്‍ തര്‍ക്കവുമുണ്ടായി. കമന്റടിയും തര്‍ക്കവും ഒരേ സംഘം തന്നെയാണ് നടത്തിയതെന്ന മട്ടിലായിരുന്നു വാര്‍ത്തകള്‍. സഹികെട്ട് പെണ്‍കുട്ടി ശല്യക്കാരെ കരാട്ടെരീതിയില്‍ കൈകാര്യം ചെയ്തു. ഗത്യന്തരമില്ലാതെ ശല്യക്കാര്‍ ഓടി രക്ഷപ്പെട്ടു. അവര്‍ വന്ന വാഹനം ഐ.ടി അറ്റ് സ്കൂളിന്റേതായിരുന്നു. അതില്‍ ഇരിക്കുകയായിരുന്ന ഡ്രൈവറെ പോലീസ് പിടികൂടി.

രാജ്യതലസ്ഥാനത്ത് ദാരുണമായവിധം ഒരു യുവതി ബലാത്സംഗത്തിന് ഇരയാവുകയും രാജ്യവ്യാപകമായി അതിനെതിരെ പ്രതിഷേധം ഉയരുകയും നമ്മുടെ സമൂഹത്തില്‍ സ്ത്രീ എത്രമാത്രം സുരക്ഷിതയാണ് എന്ന വലിയ ചോദ്യം അന്തരീക്ഷത്തില്‍ നിറഞ്ഞുനില്ക്കുന്ന സന്ദര്‍ഭത്തില്‍ വന്ന വാര്‍ത്തകള്‍ എന്ന നിലയില്‍ ഈ രണ്ട് വാര്‍ത്തകളും വലിയ താല്പര്യത്തോടെയാണ് മലയാളിസമൂഹം സ്വീകരിച്ചത്. അപൂര്‍വ്വം യാഥാസ്ഥിതികര്‍ മറുപക്ഷം ന്യായീകരിക്കാന്‍ ഉണ്ടായില്ലെന്നില്ല. കൊച്ചുബാലികമാര്‍പോലും നിഷ്ഠുരമായി ലൈംഗികചൂഷണത്തിന് ഉപയോഗിക്കപ്പെടുന്ന നിരവധി വാര്‍ത്തകളാണ് ഇപ്പോള്‍ നിത്യവും മാദ്ധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കപ്പെടുന്നത്. വിദ്യാലയങ്ങളിലും ബാലികമാര്‍ സുരക്ഷിതരല്ലെന്ന് വെളിപ്പെടുത്തുന്ന വാര്‍ത്തകളും പുറത്തുവരുന്നു. വീട്ടിനകത്ത് അച്ഛനും സഹോദരനും അമ്മാവനും ചേര്‍ന്ന് ലൈംഗികമായി പീഢിപ്പിച്ച സംഭവം ഒന്നിലേറെ പുറത്തുവന്നു. കേരളീയസമൂഹത്തിന്റെ മാനസികാരോഗ്യത്തെക്കുറിച്ചും മൂല്യബോധത്തെക്കുറിച്ചും വലിയ സന്ദേഹങ്ങള്‍ ഉയന്നുവരുന്ന സമയമാണിത്. കുടുംബം, സൗഹൃദം, സേ്‌നഹം, ലൈംഗികത എന്നിവയെക്കുറിച്ചൊന്നും ആരോഗ്യകരമായ വീക്ഷണമില്ലാത്ത മനോരോഗികളുടെ വന്‍സമൂഹമാണോ മലയാളിസമൂഹം എന്ന ചോദ്യം ന്യായമായും ഉയര്‍ന്നുവരും. ഇത്തരം സന്ദര്‍ഭത്തില്‍ ആത്മബോധത്തോടെ പ്രതികരിക്കുന്ന പെണ്‍കുട്ടികള്‍ക്കേ അന്തസ്സായി ജീവിക്കാനാവൂ, അല്ലാത്ത പക്ഷം കയ്യേറ്റത്തിനോ ലൈംഗികചൂഷണത്തിനോ ഇരയാവേണ്ടിവരും എന്നതാണ് അവസ്ഥ. അങ്ങനെയൊരു സാഹചര്യത്തില്‍ ചെറുത്തുനില്ക്കുന്ന പെണ്‍കുട്ടികള്‍ സമൂഹത്തിന് മാതൃകയാവേണ്ടതാണ്. അവരെ മാതൃകയായി കേരളീയസമൂഹം സ്വീകരിക്കുകയും ചെയ്തു.

രണ്ടാമത്തെ സംഭവം തുടക്കത്തില്‍ത്തന്നെ വിവാദമായിരുന്നു. പെണ്‍കുട്ടിയെ കമന്റടിക്കുയും പാര്‍ക്കിംഗ്കാര്യത്തില്‍ പ്രശ്‌നമുണ്ടാക്കുകയും ചെയ്തവര്‍ മര്‍ദ്ദനമേറ്റ് ഓടിപ്പോയി എന്നായിരുന്നു വാര്‍ത്ത. പക്ഷെ, അവര്‍ പോലീസില്‍ പരാതിപ്പെട്ടു. തങ്ങള്‍ കയ്യേറ്റം ചെയ്യപ്പെട്ടുവെന്നായിരുന്നു പരാതി. അവരുടെ പരാതി കോടതിയില്‍ എത്തി. കോടതി ഈ മര്‍ദ്ദനസംഭവത്തില്‍ നായികാസ്ഥാനത്തുള്ള പെണ്‍കുട്ടിക്കെതിരെ നടപടി കൈക്കൊള്ളാന്‍ ഉത്തരവിട്ടു. കോടതി ഉത്തരവിനെതിരെയും പോലീസിന്റെ നടപടിക്കുമെതിരെയായിരുന്നു പൊതുസമൂഹത്തിന്റെ പ്രതികരണങ്ങള്‍ ഏറെയും. സ്വന്തം മാന്യതയും അന്തസ്സും സംരക്ഷിക്കാനായി പ്രതികരിക്കേണ്ടിവന്ന ഒരു പെണ്‍കുട്ടിക്കെതിരെയാണോ പോലീസും കോടതിയും എന്ന മട്ടിലായിരുന്നു ചോദ്യങ്ങള്‍. ഇതിനിടയില്‍ പെണ്‍കുട്ടിക്ക് പിന്തുണയും അഭിവാദനങ്ങളുമായി മലയാളിസമൂഹം അചഞ്ചലരായി നിലക്കൊണ്ടു.

വിവരാവകാശനിയമപ്രകാരം ഒരു ചാനല്‍ രണ്ടാമത്തെ സംഭവം നടന്നസ്ഥലത്ത് പോലീസ് സ്ഥാപിച്ചിട്ടുള്ള ക്ലോസ് സര്‍ക്യൂട്ട് ക്യാമറയിലെ വീഡിയോദൃശ്യങ്ങള്‍ നേടിയെടുത്തു. ഈ ദൃശ്യങ്ങള്‍ നല്കുന്ന വിവരം നേരത്തെ നാം കേട്ട വാര്‍ത്തയില്‍നിന്നും വ്യത്യസ്തമാണ്. പെണ്‍കുട്ടിയോടൊപ്പമുണ്ടായിരുന്ന ബന്ധുക്കളാണ് അവര്‍ക്ക് പ്രശ്‌നമുണ്ടാക്കിയതായി പറയപ്പെടുന്ന പുരുഷന്മാരെ കൈകാര്യംചെയ്യുന്നത്. ഒരിടത്ത് പെണ്‍കുട്ടി, ഒരാളെ തള്ളി മര്‍ദ്ദിക്കുന്നവര്‍ക്ക് മുന്നില്‍ എത്തിക്കുന്നതായി കാണുന്നുണ്ട്. വാര്‍ത്തയില്‍ പറയുന്നതുപോലെ പെണ്‍കുട്ടി കരാട്ടെമുറകള്‍ ഉപയോഗിച്ച് ശല്യക്കാരെ നേരിട്ടതായല്ല വീഡിയോദൃശ്യങ്ങള്‍. ചാനല്‍ ഈ ദൃശ്യങ്ങള്‍ പുറത്തുവിട്ടു. അതോടെ വീരനായികയായി കണക്കാക്കപ്പെട്ട ഒരു പെണ്‍കുട്ടി സംശയത്തിന്റെ നിഴലിലുമായി. എന്താണ് ആ പെണ്‍കുട്ടി പറഞ്ഞ കാര്യങ്ങള്‍? അതില്‍ എത്രയാണ് സത്യം? എത്രയാണ് ഭാവന? എത്രത്തോളമാണ് ഈ വാര്‍ത്ത ആദ്യം പുറത്തുവിട്ട ചാനലിന്റെ കൂട്ടിച്ചേര്‍ക്കലുകള്‍? എന്താണ് അവരുടെ താല്പര്യങ്ങള്‍? അവര്‍ ആരെയെങ്കിലും ലക്ഷ്യംവെക്കുകയായിരുന്നോ? അതിനായി റെസ്റ്റോറന്റില്‍ നടന്ന അടിപിടിസംഭവത്തെ ഉപയോഗപ്പെടുത്തുകയായിരുന്നോ? സംശയങ്ങള്‍ നീളുകയാണ്. കോടതിയും പോലീസും പറയുന്നതാണോ സത്യം, അല്ലെങ്കില്‍ ആദ്യവാര്‍ത്തയില്‍ കേട്ടതോ? വിവരാവകാശനിയപ്രകാരം ലഭിച്ചതാണ് എന്ന നിലയില്‍ പുറത്തുവിട്ട ദൃശ്യങ്ങള്‍ യഥാര്‍ത്ഥദൃശ്യങ്ങളല്ല എന്നാണോ? എന്താണ് ഇക്കാര്യത്തിലെ സത്യം?

കേരളത്തില്‍ ദൂരദര്‍ശന്‍പരിപാടികള്‍ മാത്രം കിട്ടിയിരുന്ന കാലമുണ്ടായിരുന്നു. നമ്മുടെയൊക്കെ ഓര്‍മ്മകളില്‍ ആ കാലം ഇപ്പോഴും ഉണ്ട്. പിന്നെ ഏഷ്യാനെറ്റ് എന്ന ചാനല്‍ വന്നു. ദൂരദര്‍ശനെക്കാളും ആകര്‍ഷകമായ പരിപാടികളും വാര്‍ത്തകളുമായി വന്ന ആ ചാനല്‍ പതുക്കെ പ്രശസ്തമായി. തുടര്‍ന്ന് സണ്‍ നെറ്റ് വര്‍ക്കിന്റെ സൂര്യ ചാനല്‍ വന്നു. പിന്നെ ചാനലുകളുടെ പെരുമഴ ആരംഭിക്കുകയായി. വാര്‍ത്തകളുടെ ഏറ്റവും പുതിയ വിശേഷങ്ങളുമായി കടന്നുവന്ന ഇന്ത്യാവിഷന്‍ എന്ന ചാനലാണ് പുതിയ ഒരു വാര്‍ത്താസംസ്കാരം ഇവിടെ രൂപപ്പെടുത്തിയത്. വാര്‍ത്ത ഏത് വിനോദപരിപാടിയെക്കാളും ഹരംപിടിപ്പിക്കുന്നതാണെന്ന് അവര്‍ തെളിയിച്ചു. കോണ്‍ഗ്രസ്സുമായി പിണങ്ങി കെ. കരുണാകരനും മകന്‍ കെ.മുരളീധരനും വേറെ പാര്‍ട്ടിയുണ്ടാക്കും എന്ന അവസ്ഥ നിനില്ക്കുന്ന കാലത്ത് അവരുടെ കണ്‍വെന്‍ഷനുകള്‍ നടക്കുന്ന സ്ഥലങ്ങളില്‍ ഒ.ബി വാന്‍ വെച്ച് ലൈവായി രാഷ്ട്രീയനാടകം കാണാന്‍ അവര്‍ അവസരമൊരുക്കി. അതോടെ മറ്റ് ചാനലുകളും ഒ.ബി വാന്‍ വാടകയെക്കെടുത്ത് രംഗത്തെത്തി. നാട്ടിലെ ചെറുതും വലുതുമായ കാര്യങ്ങളെല്ലാം ലൈവായി കാണിക്കുകയെന്നതായി ചാനലുകളുടെ ദൗത്യം. വാര്‍ത്തകള്‍ പ്രക്ഷേപണം ചെയ്യാത്ത നേരത്ത് സംഭവിക്കുന്ന കാര്യങ്ങള്‍ ടെലിവിഷന്‍ സ്ക്രീനിനു കീഴെ സേ്ക്രാള്‍ ബാറില്‍ പുതിയ വിവരങ്ങള്‍ കാണിക്കുവാന്‍ എല്ലാ ചാനലുകളും തയ്യാറായി. വാര്‍ത്തകളില്ലാതെ, പുതിയതും ഉദ്വേഗജനകവുമായ കാര്യങ്ങളില്ലാതെ ഒരു ചാനലിനും മലയാളക്കരയില്‍ നിലനില്ക്കുവാനാകില്ല എന്നതാണ് ഇന്നത്തെ അവസ്ഥ. ഇക്കാര്യത്തില്‍ മത്സരത്തിലാണ് എല്ലാ ചാനലുകളും. ബ്രെയിക്കിംഗ് ന്യൂസ് എന്ന് എഴുതിക്കാണിച്ച് വാര്‍ത്തകള്‍ ബ്രെയിക്ക് ചെയ്യുകയാണ് ഓരോ ചാനലും ചെയ്യുന്നത്. അതോടൊപ്പം വാര്‍ത്തയുടെ ഇംപാക്ട് എന്ന ഫോളോ അപ് വാര്‍ത്തകളും. അതിനായി ഒളി ക്യാമറകളും അന്വേഷണാത്മകറിപ്പോര്‍ട്ടിംഗും. ഇതിന്റെയൊക്കെ ഫലമായി പല അഴിമതികളും പുറത്തുകൊണ്ടുവരാന്‍ ചാനലുകള്‍ക്ക് സാധിക്കുന്നുണ്ട്. കൈക്കൂലിക്കാരെ ഒളിക്യാമറയില്‍ പിടികൂടുന്നവരെ നമ്മുക്ക് അനുമോദിക്കാം. പിന്തുണയ്ക്കാം. എന്നാല്‍ വാര്‍ത്തയുടെ സെന്‍സേഷണലിസത്തിലൂടെ പ്രേക്ഷകശ്രദ്ധയാര്‍ഷിക്കുവാന്‍ കെട്ടുകഥകള്‍ മെനയുന്നവരെ നമ്മുക്ക് അംഗീകരിക്കാനാവില്ല.

ഐ. എസ്. ആര്‍. ഒ ചാരക്കേസ് എന്ന കെട്ടുകഥയ്ക്ക് സാക്ഷികളായവരാണ് കേരളീയര്‍. ഒടുവില്‍ നാം വാസ്തവമാണെന്ന് കരുതിയതൊക്കെയും ഏതോ രാഷ്ട്രീയോപജാപത്തിന്റെ പേരില്‍ കെട്ടിയുണ്ടാക്കിയ കഥയാണെന്ന് നാം മനസ്സിലാക്കി. എന്നാല്‍ അതിന്റെ ഇരകളായിത്തീര്‍ന്നവരെ നമ്മുക്ക് മറക്കാനാവുമോ? എണ്ണം പറഞ്ഞ ശാസ്ത്രജ്ഞരില്‍ ഒരാളായിരുന്നു അതില്‍ ഇരയാക്കപ്പെട്ട നമ്പി നാരായണന്‍ എന്ന് നമ്മുക്ക് ഇന്നറിയാം. എന്നാല്‍ അന്ന് ഈ കെട്ടുകഥകള്‍ മെനയാന്‍ മിനക്കെട്ടവര്‍ ഇന്നും പത്രപ്രവര്‍ത്തകരായി വിരാജിക്കുന്നു. തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് സത്യമോ അസത്യമോ എന്ന് അറിയാതെ കഥയറിയാതെ ആട്ടം കണ്ടവര്‍, നമ്മെ ആ ആട്ടം കാണിച്ചവരാണ് നമ്മുടെ പത്രപ്രവര്‍ത്തകര്‍. യാതൊരു കുറ്റബോധവുമില്ലാതെ അവര്‍ നമ്മുക്കിടയില്‍ത്തന്നെയുണ്ട്. അവരുടെ പിന്‍മുറക്കാരാണ് ഇന്നത്തെ ചാനല്‍ ലേഖകര്‍. തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിലെ സത്യമെന്തെന്ന് ആലോചിക്കാനുള്ള സമയമില്ലാതെ എതിരാളി ചാനലിന്റെ മുന്നിലത്താനുള്ള പെടാപ്പാടിലാണ് ഈ റിപ്പോര്‍ട്ടര്‍മാര്‍. സത്യമെന്തെന്ന് മന്നസ്സിലാകുമ്പോഴേക്കും യാതൊരു കുറ്റബോധവുമില്ലാതെ മറ്റേതെങ്കിലും ഇരയുടെ മേല്‍ അവര്‍ ചാടിവീണിരിക്കും. തങ്ങളുടെ കോര്‍പ്പറേറ്റ് മത്സരത്തിന് എരിവും പുളിയും പകര്‍ന്ന് ഇരകളില്‍ നിന്ന് ഇരകളിലേക്ക് പറക്കുന്ന പുതിയ പത്രപ്രവര്‍ത്തനത്തിന്റെ കാലത്തിലേക്കാണോ നാം കടന്നിരിക്കുന്നത്? ഈ കളിയില്‍ പരിഗണിക്കപ്പെടാതെ പോവുന്ന വ്യക്തിയുടെ സ്വകാര്യതയ്ക്കുള്ള അവകാശവും പൗരാവകാശവും, ഇത്തരം കാര്യങ്ങളില്‍ എത്രത്തോളം ഉദാസീനരാണ് മലയാളിസമൂഹം എന്നതാണ് സൂചിപ്പിക്കുന്നത്. കൊടിയ അഴിമതിക്കാരന്‍ ഏതുവിധേനയും രക്ഷപ്പെടും. എന്നാല്‍ ചെറുത്തുനില്ക്കാന്‍ ഉപാധികളില്ലാത്തവര്‍ മാദ്ധ്യമകോര്‍പ്പറേറ്റ് മത്സരത്തില്‍ ഇരയാവുമ്പോള്‍ മലയാളി സമൂഹം ഇനിയും നിരവധി നമ്പി നാരായണന്‍മാരെ കാണേണ്ടിവരും. നമ്മുടെ മാദ്ധ്യമസംസ്കാരം കാള പെറ്റെന്ന് കേള്‍ക്കുമ്പോള്‍ കയറുമെടുത്ത് ഓടുന്നിടത്തേക്ക് ചെന്നെത്തിയിരിക്കുന്നു.

Subscribe Tharjani |
Submitted by ചന്ദ്രശേഖരൻ.പി. (not verified) on Wed, 2013-03-13 23:48.

തർജനിയുടെ ഈ മുഖമൊഴിക്കനുബന്ധമായി സ്വല്പം:-
ആറ്റുകാൽ പൊങ്കാലയെക്കുറിച്ച് പൊങ്കാലദിനം തന്നെ പോസ്റ്റ് ചെയ്ത ഒരു ബ്ലോഗ് പോസ്റ്റ് ആണ് പകർത്തുന്നത്.

Tuesday, February 26, 2013

ആറ്റുകാൽ പൊങ്കാല - കുറച്ച് കണക്കുകൾ

ഇക്കൊല്ലത്തെ ആറ്റുകാൽ പൊങ്കാല കഴിഞ്ഞു.

പതിവില്ലാതെ രാവിലെ തിരുവനന്തപുരം നഗരത്തിലെ ചില സ്ഥലങ്ങളിൽ യാത്രചെയ്യുകയുണ്ടായി. പൊങ്കാലക്കാഴ്ച്ചകൾ കാണാനാണ് ഇറങ്ങിയത്.

അങ്ങിനെ യാത്ര ചെയ്തുകൊണ്ടിരുന്നപ്പോൾ പൊങ്കാല നടത്തിപ്പുകാരുടേയും മാദ്ധ്യമങ്ങളുടേയും അവകാശവാദങ്ങളിലൊന്ന് രസകരമായിത്തോന്നി.

ഇന്നലെ ഒരു ചാനലുമായി പൊങ്കാലക്കമ്മറ്റിവക്താവിന്റെ അഭിമുഖം കണ്ടിരുന്നു. അദ്ദേഹം നഗരത്തിലെ പൈപ്പു പൊട്ടിയതിന്റെ പ്രശ്നങ്ങൾ സർക്കാറിന്റേയും കോർപ്പറേഷന്റേയും ബാദ്ധ്യതയാണെന്നു പറഞ്ഞശേഷം മറ്റൊരു കാര്യം പറഞ്ഞു. “….കഴിഞ്ഞ തവണ പൊങ്കാലക്ക് 20 ലക്ഷം പേർ വന്നിരുന്നു. ഇത്തവണ അത് മുപ്പത്തഞ്ചു ലക്ഷമാകും….”

അദ്ദേഹം എന്തു സ്റ്റാറ്റിസ്റ്റിക്സിന്റെ അടിസ്ഥാനത്തിലാണ് അങ്ങിനെ പറഞ്ഞതെന്ന് ആരെങ്കിലും സംശയിക്കുന്നുണ്ടാകുമോ? ഇല്ല എന്നതാണ് കാര്യം. അതിനു കാരണങ്ങൾ പലതാണ്. അതിരിക്കട്ടെ.

ഇന്ന് ഉച്ചതിരിഞ്ഞപ്പോൾ മറ്റൊരു ചാനലിൽ ആറ്റുകാൽ പൊങ്കാലയെപ്പറ്റി വാർത്ത: ”…..ഇത്തവണ ആറ്റുകാൽ പൊങ്കാലയിൽ മുപ്പത്തഞ്ചുലക്ഷം പേർ പങ്കെടുത്തു….”

ഇവിടെ ചെറിയൊരു കണക്കുകൂട്ടൽ നടത്തുന്നു.

നഗരത്തിൽ പോയിരുന്നപ്പോൾ കണ്ടതനുസരിച്ച് ഭക്തകൾ പൊങ്കാലയിടാനിരിക്കുന്നത് ഏറ്റവും കൂടിയത് രണ്ടു മീറ്ററിൽ മൂന്നുപേർ എന്ന കണക്കിനാണ്. ശരാശരി ഒരാൾക്ക് രണ്ടടി ദൂരം എന്ന വളരെ കുറഞ്ഞ അളവാണ് ഇവിടെ സ്വീകരിക്കുന്നത്. അതായത് ആറടി ദൂരത്തിൽ - രണ്ടു മീറ്ററിൽ - മൂന്നു പേർ. അപ്പോൾ ഒരു കിലോമീറ്ററിൽ 500 ഗുണം 3 = 1500 പേർ. എല്ലാ റോഡുകളിലും രണ്ടു വരി ഉണ്ടാകും എന്ന കണക്കിന് അത് 3000 എന്നാകുന്നു.

ആറ്റുകാൽ മുതൽ കേശവദാസപുരം വരെ (എം.സി.റോഡിൽ) അല്ലെങ്കിൽ വെൺപാലവട്ടം വരെ (എൻ.എച്. ബൈപ്പാസിൽ) എട്ടുകിലോമീറ്റർ. ഈ റോഡുകളിലൊന്നിൽ അപ്പോൾ 8 ഗുണം 3000 = 24000 പേർക്ക് പൊങ്കാലയിടാം.

അത്തരം എട്ടു റോഡുകൾ ആറ്റുകാൽ ക്ഷേത്രത്തിന്റെ അഞ്ഞൂറുമീറ്റർ അർദ്ധവ്യാസത്തിൽ നിന്ന് എട്ടുദിക്കുകളിലേക്കും പോകുന്നു എന്നു വക്കുക. അപ്പോൾ അതിനുൾക്കൊള്ളാനാകുന്നത് 24000 ഗുണം 8 = 192000. ഇത് 2 ലക്ഷം എന്നു നമുക്കു വക്കുക.

ആറ്റുകാൽ അമ്പലത്തിലും പരിസരത്തുമായി – അമ്പലത്തിന്റെ അരക്കിലോമീറ്റർ പരിധിയിൽ - അതിന്റെ ഇരട്ടി ആളുകൾ തന്നെ പൊങ്കാലയിടുന്നു എന്നു വക്കുക. പ്രായോഗികമായി അത് സാദ്ധ്യമല്ല. കാരണം ആ പരിസരത്തിന് അത്രക്കാളുകളെ ഉൾക്കൊള്ളാനുള്ള ശേഷിയില്ല. എങ്കിലും വീണ്ടും ഒരു മടങ്ങു കൂടി നാം അനുവദിച്ചുകൊടുക്കുക. അപ്പോൾ അത് 2 + 2 + 2 = 6 ലക്ഷം എന്നു വരുന്നു.

അപ്പോളും ആകെ പൊങ്കാലയിടുന്നവരുടെ എണ്ണം 8 ലക്ഷമേ വരൂ. നമുക്കത് പത്തുലക്ഷം എന്നു വക്കാം. മുപ്പത്തഞ്ചു ലക്ഷത്തിലേക്ക് ഇനിയും 25 ലക്ഷം കൂടി വേണം!!

000000000000000000000

2011 ലെ സെൻസസ് അനുസരിച്ച് തിരുവനന്തപുരം കോർപ്പറേഷനിലെ ആകെ ജനസംഖ്യ 1684000 ആണ്. തിരുവനന്തപുരത്തെ മുഴുവൻ സ്ത്രീകളും ഈ പൊങ്കാലയിൽ പങ്കെടുത്താലും അത് എട്ടര ലക്ഷമേ വരൂ. പാതയോരങ്ങളിലെ 2 ലക്ഷം പൊങ്കാലക്കാരേയും അവർക്ക് സഹായാത്രികരായി വരാവുന്ന (2:1 എന്ന അനുപാതത്തിൽ) മറ്റൊരു ലക്ഷം പുരുഷന്മാരേക്കൂടി കൂട്ടിയാലും മൊത്തം പൊങ്കാലയിലെ പങ്കെടുക്കുന്നവർ പതിനൊന്നരലക്ഷമേ ആകുന്നുള്ളൂ. ഈ പതിനൊന്ന് ലക്ഷം മനുഷ്യരും പൊങ്കാലദിനത്തിൽ വൈകുന്നേരം വരെ നഗരവീഥികളിൽ നഗരത്തിലുണ്ടാകും എന്നതുതന്നെ വിശ്വസിക്കാനാകുമോ. കണ്ടിട്ട് അങ്ങിനെ തോന്നിയില്ല.

35 ലക്ഷം എന്നത് കേരളത്തിലെ മൂന്നരക്കോടിയുള്ള ജനസംഖ്യയിലെ സ്ത്രീകളിൽ അഞ്ചിലൊന്നാണെന്നുകൂടി നാം ഓർക്കണം. തിരുവനന്തപുരത്തെ എട്ടരലക്ഷം സ്ത്രീകളെ മാറ്റിനിർത്തിയാൽ വരുന്ന ഇരുപത്താറരലക്ഷം സ്ത്രീകളിൽ പകുതിക്കെങ്കിലും കെ.എസ്.ആർ.ടി.സി.യും റെയിൽവേയും ചേർന്നാൽ തിരുവനന്തപുരത്തേക്ക് യാത്രാസൗകര്യം ഏർപ്പെടുത്താനാകുമോ?!

ഈ കണക്കുകൾ ഉണ്ടാക്കുന്നത് ആരാണ്. അതൊക്കെ മാദ്ധ്യമങ്ങൾ വിളിച്ചുപറയുന്നതെന്തിനാണ്.

വാൽക്കഷണം:- പൊങ്കാലയിൽ പങ്കെടുത്തവരുടേയോ അതിന്റെ നടത്തിപ്പുകാരുടേയോ അതിനു സഹായങ്ങൾ നൽകിയവരുടേയോ ആരുടേയും ദൈവവിശ്വാസത്തെ ലേഖകൻ ചോദ്യം ചെയ്യുന്നില്ല.

Posted by ചന്ദ്രശേഖരന്‍. പി at 6:44 AM

എളുപ്പത്തിനുവേണ്ടി മാത്രമാണ് ബ്ലോഗ് പകർത്താമെന്നു വച്ചത്.
നമ്മുടെ നവമാദ്ധ്യമങ്ങൾ എവിടേയോ സ്വയംനിയന്ത്രണം ഏർപ്പെടുത്തേണ്ടതുണ്ട്.