തര്‍ജ്ജനി

രശ്മി രാധാകൃഷ്ണന്‍

മെയില്‍ : reshmirpm@gmail.com

Visit Home Page ...

ലേഖനം

ആതിയുടെ കയങ്ങളില്‍

‘ആതി’ എന്ന ജലദേശത്തിന്റെ കഥയാണിത്...കഥയോ? അല്ല... സത്യം.... എന്താണ് ആതി? ആതി ജലത്തിന്റെ നാടാണ്... നാഡീഞരമ്പുകള്‍പോലെ തലങ്ങും വിലങ്ങും തോടുകളും തണ്ണീര്‍ത്തടങ്ങളും വെള്ളത്തില്‍ മുങ്ങിനില്ക്കുന്ന കാടുകളും പൊങ്ങിക്കിടക്കുന്ന കരയുമുള്ള മൂന്നു കൊച്ചു തുരുത്തുകള്‍... തണലും തണുപ്പും അതാണ്‌ ആതി... പുറംലോകത്തുനിന്നും ഒറ്റപ്പെട്ടുകിടക്കുന്ന ആതിയെ ചുറ്റി കണ്ടലുകളുടെ ‘പച്ച വള’...... ആതിക്ക് ചുറ്റും കായലാണ്... അതിനപ്പുറം തിരക്കിന്റെ മഹാനഗരം... എത്ര കലങ്ങിയാലും തെളിയുന്ന വെള്ളത്തിന്റെ വിശുദ്ധിയില്‍ ആതിയുടെ ജീവചൈതന്യം ഓളം വെട്ടിക്കിടന്നു... മണ്ണും വെള്ളവും അനുഗ്രഹിച്ച ദേശം... ആകാശത്തിന്റെ ചോട്ടില്‍, ആഴത്തിന് മീതെ ആതി...!!!!!

തീണ്ടലും തൊടീലും ഉള്ള നാട്ടീന്നു, തൊട്ടാലും മിണ്ട്യാലും രോഗം വന്നാലും കുറ്റമുള്ള നാട്ടീന്നു പേടിച്ച്, രായ്ക്കുരാമാനം ജീവനുംകൊണ്ട് ഓടിവന്നവരാണ് ആതിയുടെ കാര്‍ന്നോന്മാര്‍... തീണ്ടലും തൊടീലും അയിത്തോം ഇല്ലാത്ത, ആട്ടിപ്പായിക്കാന്‍ അറിയാത്ത, വാ വാ എന്ന് സ്നേഹത്തോടെ വിളിക്കുന്ന മരങ്ങളും കിളികളും മാത്രമുള്ള നാട്ടിലേയ്ക്ക് അഭയം തേടി വന്നവര്‍... വരുമ്പോ മഹാത്ഭുതം പോലെ തുളുമ്പിക്കിടക്കുന്ന വെള്ളമല്ലാതെ മറ്റൊന്നുമില്ല... ആതിയുടെ ആഴങ്ങളില്‍ അവര്‍ വലയെറിഞ്ഞു മീന്‍ കോരി.. ഉപ്പു കേറിക്കിടക്കുന്ന ചതുപ്പില്‍ വിളയുന്ന നെല്ല് തേടി ആതിയുടെ ആദിമ കാരണവന്‍ കാളിമൂപ്പന്‍ നാടായ നാടെല്ലാം നടന്നു... ഒരുപിടി വിത്ത്‌ കിട്ടി...... ഹൃദയം പറഞ്ഞു ‘വിത്തെറിഞ്ഞു കൊള്ളുക’... നൂറായി ആയിരമായി.. ആതി വിളഞ്ഞു... ആതിയിലുള്ളവരുടെ ജീവിതവും..കാളിമൂപ്പന്‍ പറഞ്ഞു.. ഒത്തൊരുമ വേണം... നീതി വേണം.. ഒരുത്തന്‍ ഒരുത്തനെ ചതിക്കാന്‍ പാടില്ല... ചതിച്ചാല്‍ വെള്ളം എല്ലാവരെയും ചതിയ്ക്കും... അമ്മമാര്‍ പറഞ്ഞുകൊടുത്ത ആതിയുടെ ചരിത്രം കേട്ട് കുഞ്ഞുങ്ങള്‍ തങ്ങളുടെ ജനതയ്ക്ക് ജീവന്‍നല്കിയ മരങ്ങളെയും മണ്ണിനെയും ജലത്തെയും ജീവനെപ്പോലെ സ്നേഹിച്ചു...

ആതിക്ക് ആതിയുടെ നിയമം... രീതികള്‍... ആതിയുടെ തമ്പുരാന്‍ പണ്ട് പായില്‍ കെട്ടിയ നിലയില്‍ അവശതയില്‍ ജലപ്പരപ്പിലൂടെ ഒഴുകി വന്നു... കാരണവന്മാര്‍ എടുത്തു മടിയില്‍ കിടത്തി വെള്ളം കൊടുത്ത ഉടനെ തമ്പുരാന്‍ ജീവന്‍ വെടിഞ്ഞു... സകല ചരാചരങ്ങളും തമ്പുരാനോടൊപ്പം ജീവന്‍ വെടിയാന്‍ വെമ്പി... ആ തമ്പുരാന്റെ അനുഗ്രഹമാണ്... ആതിയില്‍ നെല്ലിരട്ടിച്ചു. .മീനിരട്ടിച്ചു... കാടിരട്ടിച്ചു.... തമ്പുരാനെ അടക്കിയ മണ്ണിനുചുറ്റും ഒരു പച്ചചക്കൊട്ടില്‍... തമ്പുരാനല്ലാതെ ആതിയ്ക്ക് വേറെ ദൈവമില്ല... പൂപ്പരുത്തിയുടെ കീഴിലെ ആ തണുത്ത കൊട്ടില്‍ അല്ലാതെ തമ്പുരാന് കൊട്ടാരവുമില്ല... എളിമയുടെ ആ തമ്പുരാന് ആതിയിലെ പെണ്ണുങ്ങള്‍ വിളക്കുവച്ചു... ആതിയുടെ മക്കള്‍ ദിനകരനും കുഞ്ഞിമാതുവും പൊന്‍മനിയും മൂപ്പനും സിദ്ധുവും ബാജിയും അങ്ങനെ അങ്ങനെ...... ആതിയിലെ ആണുങ്ങള്‍ ഒത്തൊരുമയോടെ വിതച്ചു, കൊയ്തു... മീന്‍ പിടിച്ചു.... ആതിയിലെ പെണ്ണുങ്ങള്‍ വെള്ളത്തെ മാറോടുചേര്‍ത്തു മുങ്ങിനിന്ന്, കാല്‍ക്കീഴില്‍ ചവിട്ടിവച്ച കുട്ടകളില്‍ കക്ക വാരി നിറച്ചു... ആതിയുടെ കുഞ്ഞുങ്ങള്‍ മണ്ണില്‍ കളിച്ചു... കൊച്ചു വള്ളങ്ങളില്‍, കണ്ടലിനു താഴെ മുട്ടയിടുന്ന മീന്‍കുഞ്ഞുങ്ങളെ തഴുകി, അവയെ നോവിക്കാതെ പച്ചവല കാട്ടിലൂടെ കടന്നു പോയി.... ആതിയിലെ ചോറും മീനും കക്കയും തിന്നു, ആതിയിലെ തെളിഞ്ഞ വെള്ളം കുടിച്ചു, ആമ്പല്‍ മണക്കുന്ന തണുത്ത കാറ്റേറ്റ്, അമ്മമാര് നെയ്ത പായില്‍ കിടന്നുറങ്ങി....!!!

ആതിയുടെ മക്കളെ തേടി എവിടുന്നൊക്കെയോ കഥപറച്ചിലുകാര്‍ വന്നു... നിലാവുള്ള രാത്രിയില്‍, ആതിയുടെ തെളിനീരില്‍ കുളിച്ചു വെള്ളവസ്ത്രമണിഞ്ഞ കഥാകാരനെ, പൂപ്പരുതിയുടെ താഴെ, തമ്പുരാന്റെ കടവില്‍ കെട്ടിയിട്ട വള്ളത്തിലേക്ക് പിടിച്ചിരുത്തി കൈപിടിച്ചിരുന്നു കാരണവര്‍... നന്മയുള്ള കഥാകാരന്റെ നാവില്‍ തമ്പുരാന്‍ വാക്കുകളുടെ ഒഴുക്ക് നടത്തും... ആതിയിലെ വിശ്വാസം.. വിശുദ്ധിയുടെ കഥാരാവുകള്‍ക്ക് കുഞ്ഞുങ്ങളും മുതിര്‍ന്നവരും കാതോര്‍ത്തു.... കഥയുടെ ആദ്യരാവില്‍ പറച്ചിലുകാരന്‍ നൂര്‍ മുഹമ്മദ്‌ പറഞ്ഞത് മരുഭൂമിയിലെ ഒരു ജലഉടമ്പടിയുടെ കഥ... ഹാഗാരിനെയും കൈക്കുഞ്ഞിനെയും ഭര്‍ത്താവ് മരുഭൂമിയില്‍ ഉപേക്ഷിക്കുന്നു... കയ്യിലുള്ള ഭക്ഷണവും വെള്ളവും തീര്‍ന്നു... മുലപ്പാല്‍ വറ്റി.. കുഞ്ഞു കരഞ്ഞു തളര്‍ന്നു മരിക്കാറായി... മരണം കാത്തു കിടക്കുമ്പോള്‍ ചിറകടിയൊച്ച.. ചിറകുകൊണ്ട് ഭൂമിയെ തുറക്കാന്‍ എന്നപോലെ നിലത്തു തല്ലുന്ന ഒരു പക്ഷി... പെട്ടന്ന് ഉറവക്കണ്ണു കുത്തിത്തുറന്ന് ഒരു പ്രവാഹം.. ഹാഗാര്‍ അതില്‍ നിറഞ്ഞു മുങ്ങിക്കിടന്നു... തന്റെ സ്ഥാനങ്ങളില്‍ മുലപ്പാല്‍ നിറയുന്നത് വരെ... കുഞ്ഞിനെ ആ തെളിനീരില്‍ മുക്കി.. ജലത്തിന്റെ സാന്നിദ്ധ്യമറിഞ്ഞു ആള്‍ക്കൂട്ടമെത്തി ... ഞങ്ങളും കുടിച്ചോട്ടെ... ഹാഗാര്‍ സമ്മതിച്ചു.. ഞങ്ങള്‍ ഇവിടെ വാസമുറപ്പിച്ചോട്ടെ, അടുത്ത ചോദ്യം.. സമ്മതം.. പക്ഷെ ജലത്തിന്റെ മാതാവും ഉടമസ്ഥയും ഞാനായിരിക്കും... കാരണം ആദ്യത്തെ തുള്ളി വെള്ളം എന്റെ കുഞ്ഞിന്റെ ജീവനാണെന്നു അറിഞ്ഞവളാണ് ഞാന്‍.. നിങ്ങള്‍ വന്നത് സമൃദ്ധിയിലെക്കാണ്... ആദ്യത്തെ തുള്ളിയുടെ വില നിങ്ങള്‍ക്കറിയില്ല... മരുഭൂമിയിലെ ഉടമ്പടി... അങ്ങനെ ഒരു ജനതയുണ്ടായി... ഓരോ കഥ കഴിയുമ്പോഴും ദിനകരന്‍ ആതിയോടു ചോദിക്കും.. ഈ കഥ എങ്ങനെ നമ്മുടെ ജീവിതത്തിലേയ്ക്ക് പ്രാവര്‍ത്തികമാക്കാം... ഓരോ കഥയ്ക്ക്‌ ശേഷവും ആ ചിന്തയില്‍ ആതി ഉറങ്ങിയുണരും...

പിന്നീട് എപ്പോഴോ ചിലര്‍ ആതിയില്‍ വന്നു... സുഖം തേടി ഒരിക്കല്‍ ആതി വിട്ടു പോയവര്‍... പിന്നെയെല്ലാം ഒരുപോലെ... ജീവന്‍ നശിച്ച ഏതൊരു ദേശത്തിന്റെയും ചരിത്രത്തോട ആതിയുടെ ചരിത്രവും ചേരുന്നു... ആതിയും മാറുന്നു... ആതിയിലുള്ള ചിലരും... ആതി ആതിയില്‍ ഉള്ളവരുടെ അല്ലാതായി മാറുന്നു.. മണ്ണും വെള്ളവും കൊണ്ട് നനഞ്ഞ ദേഹത്തിനുമീതെ മിനുമിനുപ്പുമുള്ള കുപ്പായങ്ങളും അതിനുള്ളില്‍ വിയര്‍പ്പിന്റെ ഉപ്പു പുരളാത്ത നോട്ടുകെട്ടുകളും... ആതിയില്‍ സുഖം പോരാ... തമ്പുരാന്‍ രൂപമില്ലാത്ത ദൈവം, പടിക്കുപുറത്തു്... സ്വര്‍ണം പൂശിയ പുതിയ ദൈവത്തിനുവേണ്ടി ചിലര്‍ ദാഹിച്ചു.. തമ്പുരാന്റെ പ്രജകള്‍ രണ്ടു തട്ടില്‍... കൃഷി ലാഭമില്ല.... ഒരിക്കല്‍ അന്നം വിളഞ്ഞ ആതി വെറും ചതുപ്പ്... തോക്കും പട്ടാളവും ആതിയിലെ മനുഷ്യരുടെയും പക്ഷികളുടെയും ഉറക്കം കെടുത്തി... അവരുടെ ദയയില്ലാത്ത കനത്ത കാലടികള്‍ക്കിടയില്‍ മീന്‍കുഞ്ഞുങ്ങള്‍ ഞെരിഞ്ഞമര്‍ന്നു... ആതി വളരണമെങ്കില്‍ പാലം വേണം... ആതിയിലെ കുട്ടികള്‍ക്ക് നിറമുള്ള മിട്ടായികള്‍ വേണം.. പറയുന്നത് ആതിയുടെ പുത്രന്‍ തന്നെ... ചിലര്‍ വിശ്വസിച്ചു... വയല്‍ നികത്തി... നഗരത്തിന്റെ മാലിന്യംകൊണ്ട് ആതി നിറഞ്ഞു.. ആതിയുടെ കുഞ്ഞുങ്ങള്‍ക്ക്‌ മാറാരോഗങ്ങള്‍.... കണ്ടല്‍ക്കാടിന്റെ പച്ചവള പൊട്ടിത്തകര്‍ന്നു... ആതി മുങ്ങി.. ഒരു ജനതയും... നിസ്സഹായതയുടെ നിലയില്ലാക്കയങ്ങളിലെയ്ക്ക്.... പൊരുതി നിന്ന ദിനകരന്റെ, പായില്‍ പൊതിഞ്ഞ ദേഹം ആതിയിലെ വിസര്‍ജ്ജ്യം മണക്കുന്ന വെള്ളത്തില്‍ ഒഴുകിയെത്തി... ഒരു തുള്ളി വെള്ളം.... അവന്‍ ജീവന്‍ വെടിഞ്ഞു... സകല ചരാചരങ്ങളും അവനോടൊപ്പം ജീവന്‍ വെടിയാന്‍ വെമ്പി... ആതിയിലെ അവസാനത്തെ കഥയുടെ ചോദ്യം ഒരു ജനതയുടെ ആത്മാവിലേക്ക്.. ”ഇത് നമ്മുടെ ജീവിതത്തിലേക്ക് എങ്ങനെ പ്രാവര്‍ത്തികമാക്കാം?????”....

2012 ല്‍ ആണ് സാറ ജോസഫിന്റെ ‘ആതി’ വായിക്കുന്നത്... 90 കളില്‍ എന്നോ എന്റെ സ്കൂള്‍ കാലത്ത് സാറ ജോസഫിന്റെ തന്നെ ‘നിലാവ് അറിയുന്നു’ന്റെ ദൃശ്യാവിഷ്കാരം കണ്ടതോര്‍ക്കുന്നു... പുഴയുടെ നാട്ടില്‍നിന്നും തിരക്കേറിയ മഹാനഗരത്തിലേയ്ക്ക് പറിച്ചു നടപ്പെട്ട ഉണ്ണിയുടെ ആകുലതകള്‍... ഇടുങ്ങിയ മുറിയിലെ മരുന്നു് മണക്കുന്ന വെള്ളത്തില്‍ കഴുകിയിട്ടും കഴുകിയിട്ടും കൈ വൃത്തിയാകുന്നില്ല ഉണ്ണിയ്ക്ക്.... ചോര മണക്കുന്നു.... കുളിച്ചിട്ടും കുളിച്ചിട്ടും ഉണ്ണിയ്ക്ക് മതി വരുന്നില്ല... ഒടുവില്‍ ചികിത്സ പോലെ നാട്ടിലെത്തി, രാത്രിയില്‍ ഉറക്കമില്ലാതെ, പുഴയുടെ മണല്പരപ്പിലെ തണുപ്പില്‍ മണ്ണ് മാന്തി നനവ്‌ തിരയുന്ന ഉണ്ണി... ചെറിയ ഒരു കുഴിയിലെ ഇത്തിരി വെള്ളത്തിലെ നിലാവിലേയ്ക്ക് ആര്‍ത്തിയോടെ ആഴ്ന്നു പോകുന്ന ഉണ്ണി... അന്ന് ഉള്ളില്‍ തടഞ്ഞ ഒരു നിലവിളി ഞാന്‍ മറന്നിട്ടില്ല ഇന്നും ... ഉണ്ണിയില്‍ നിന്ന് ദിനകരനിലേയ്ക്കുള്ള ജലയാത്ര ആധിയുടെ യാത്രയാണ്... നഷ്ടമാകുന്ന നനവുകളുടെ.... ഒരു പക്ഷെ... വരാന്‍ പോകുന്ന ചില ജലയുദ്ധങ്ങളുടെ...

എഴുത്തുകാരി തന്നെ പറയുന്നതുപോലെ ആതി ഒരു തണുത്ത കയമാണ്... ആദിമവിശുദ്ധിയുടെ നീരും തണുപ്പും ഉറഞ്ഞു കൂടിയ ജീവന്റെ കയം... ഒരു കഥയോ സങ്കല്പമോ അല്ല... ഇന്നും അവശേഷിക്കുന്ന ചില നന്മകളുടെയും പച്ചപ്പിന്റെയും അതുമല്ലെങ്കില്‍ നനവുള്ള ചില മനസ്സുകളുടെയും ഒറ്റപ്പെട്ട തുരുത്തുകള്‍... നശിപ്പിക്കപ്പെട്ടു കൊണ്ടിരിക്കുന്നവ... ഹാഗാരിന്റെ കഥയില്‍ പറയുന്നതുപോലെ നമ്മള്‍ സമൃദ്ധിയിലേക്ക്‌ വന്നവരാണ്... ആദ്യത്തെ തുള്ളി ജലത്തിന്റെ വില നമുക്കറിയില്ല... അത് ജീവന്റെ വിലയാണെന്ന് അനുഭവിച്ഛവര്‍ക്കേ അറിയൂ... ജലലഭ്യതയുടെ പരിമിതികളില്‍, ഔദാര്യംപോലെ അളന്നുകിട്ടുന്ന ബക്കറ്റിലെ ഇത്തിരി വെള്ളത്തില്‍ വെറുതെ പുറമേ നനഞ്ഞിറങ്ങുമ്പോള്‍ നമ്മള്‍ ആഗ്രഹിച്ചു പോകാറില്ലേ ഒന്ന് മുങ്ങിക്കിടക്കാന്‍ ആതി പോലൊരു തണുത്ത കയം???? കണ്ണെത്താ ദൂരത്തോളം വശങ്ങളിലേയ്ക്കും ആകാശത്തെ കുത്തിപ്പിളര്‍ന്നെന്നവിധം മുകളിലേയ്ക്കും വളര്‍ന്നുനില്ക്കുന്ന കോണ്‍ക്രീറ്റ്കാടുകള്‍ കണ്ടുമടുക്കുമ്പോള്‍ ജീവന്റെ അടരുകള്‍ ഒളിപ്പിച്ചുവച്ച ചെളിമണ്ണും, കണ്ടലിന്റെ പച്ചവളയും കണ്ടു് ഒന്ന് കണ്ണ് നനയ്ക്കാന്‍ കൊതി തോന്നാറില്ലേ?? പക്ഷെ പറഞ്ഞോട്ടെ... ആതി ഇപ്പോള്‍ സങ്കല്പം അല്ലെന്നെയുള്ളൂ... ആതി ഒരു ചരിത്രം മാത്രമാകാന്‍ ഇനി അധികകാലം ഇല്ല.....

Subscribe Tharjani |
Submitted by neethu (not verified) on Wed, 2013-03-13 11:46.

nalla aswadanam reshmi..

Submitted by faisalbava (not verified) on Sat, 2013-03-16 10:14.

നല്ല ആസ്വാദനം, ആതിയിൽ പറയുന്നത് ചക്കംകണ്ടം എന്ന പ്രദേശത്തിന്റെ കഥയാണ് എങ്കിലും... ലോകമാസകലം മലിനീകരിക്കപ്പെടുന്ന ഇടങ്ങളിലെ ഇരകളുടെ വേദന നിറഞ്ഞു നില്ക്കുന്നു ഇന്നിന്റെ കാളിന്ദി പറയുന്നത് ദൈവം പോലും കേള്ക്കാത്ത അവസ്ഥ അസ്വസദനമും വിഷയത്തെ നന്നായി സ്പര്ഷിക്കുന്നതായി ‘ആതി’ എന്ന ജലദേശത്തിന്റെ കഥയാണിത്...കഥയോ? അല്ല... സത്യം.... എന്താണ് ആതി? ആതി ജലത്തിന്റെ നാടാണ്... നാഡീഞരമ്പുകള്‍പോലെ തലങ്ങും വിലങ്ങും തോടുകളും തണ്ണീര്‍ത്തടങ്ങളും വെള്ളത്തില്‍ മുങ്ങിനില്ക്കുന്ന കാടുകളും പൊങ്ങിക്കിടക്കുന്ന കരയുമുള്ള മൂന്നു കൊച്ചു തുരുത്തുകള്‍... തണലും തണുപ്പും അതാണ്‌ ആതി... പുറംലോകത്തുനിന്നും ഒറ്റപ്പെട്ടുകിടക്കുന്ന ആതിയെ ചുറ്റി കണ്ടലുകളുടെ ‘പച്ച വള’...... ആതിക്ക് ചുറ്റും കായലാണ്...

രശ്മി രാധാകൃഷ്ണന് അഭിവാദ്യങ്ങൾ

ഫൈസൽ ബാവ

email: faisalbava75@mail.com