തര്‍ജ്ജനി

വര്‍ഷിണി വിനോദിനി

ബ്ലോഗ്: http://unarthu.blogspot.in

Visit Home Page ...

കഥ

യാമം

പഴമയുടെ പ്രൌഡിയിൽ പണിതീർത്ത ‘മുംതാസ് ‘എന്ന മനോഹര സൌധം ഇണക്കങ്ങളും പിണക്കങ്ങളും പൊട്ടിച്ചിരികളും കൊണ്ട് സജീവമായിത്തുടങ്ങിയിരിക്കുന്നു..!

കിടപ്പറയിൽ തന്റെ പ്രിയതമ മുംതാസുമൊത്ത് സംഗീത സാഹിത്യ താത്പര്യങ്ങൾക്ക് ആഭിമുഖ്യം നൽകുന്ന സംഭാഷണങ്ങളിൽ ഏർപ്പെടുന്നതിൽ ഹരം കൊള്ളുന്നു ദത്തത്രേയന് “വെണ്ണക്കൽ വിസ്മയങ്ങളിൽ തെളിയുന്ന ഈ മന്ദിരത്തിന്റെ സൌന്ദര്യവും കൽച്ചുവരിൽ കൊത്തിവെച്ചിരിക്കുന്ന ‘മുംതാസ് ‘ എന്ന അക്ഷരങ്ങൾ മൊഴിയുന്ന സൌന്ദര്യവും കാഴ്ച്ചവെക്കുന്നത് എന്റെ ഹൂറിയുടെ സൌന്ദര്യം മാത്രമാണ്.“

ഈ മണിമാളികയിലെ വലിയ മുറികളിൽ നിന്ന് മുന്നറിയിപ്പുകളില്ലാതെ ഉണരുന്ന മാസ്മരീകത സംഗീതമെന്ന വിസ്മയലോകത്തിന്റെ താളലയ ഭാവങ്ങളാണെന്ന് ഞാനറിയിക്കാതെ തന്നെ നീ അറിയുന്നില്ലേ മുംതാസ്..?

നിന്നെ പോലെ തന്നെ എനിക്ക് തുല്യ പ്രാണനായ തംബുരു, മൃദംഗം,ഘടം, വീണ, വയലിൻ എന്നിവ ‘മുതാസില്‍ ‘അന്തസ്സോടെ പരിചയപ്പെടുത്തുന്ന വിസ്മയം കേരള സംഗീത ചക്രവർത്തി എന്നറിയപ്പെടുന്ന സ്വാതിതിരുനാൾ അദ്ദേഹത്തിന്റെ പ്രതാപവും സംഗീതാത്മകമായ സിദ്ധിയെയുമാണെന്ന് നീയുംഅറിഞ്ഞു തുടങ്ങിയിരിക്കുന്നു.

ആ അഭിമാനവും സന്തോഷവും ഒരു വയലിൻ കമ്പിയോടുള്ള പ്രിയം കണക്കെ എന്റെ നെഞ്ചിനകത്ത് നിനക്കായ് ചേര്‍ത്തുവെച്ചിട്ടുണ്ട് ഞാൻ. ഈ വലിയ മുറികളിൽ അലങ്കാരങ്ങളായി നിരത്തിയിരിക്കുന്ന തബലയും, സിത്താറും, ഹാർമോണിയവും തംബുരുവും സംഗീതത്തിന്റെ ഒലികളാൽ ‘മുംതാസിന്റെ’ ചുവരുകളെ തട്ടിയുണർത്തിക്കൊണ്ടേയിരിക്കണം.. ‘മുംതാസ് ‘ എന്നാൽ സംഗീതസാന്ദ്രമായിരിക്കണം.

“പശ്ചാത്തലമായി ഓരോ അറയിലും നേർത്ത് ആലപിക്കുന്ന സ്വാതിതിരുനാൾ കീർത്തനങ്ങളിലൂടെ തെളിയുന്ന വികാരം പ്രണയത്തിന്റേതു മാത്രമായിരിക്കണം.!“

“അലര്‍ശരപരിതാപം ചൊല്‍‌വതി-
ന്നളിവേണി പണിബാലേ...
ജലജബന്ധുവുമിഹ ജലധിയിലണയുന്നൂ
മലയമാരുതമേറ്റു മമ മനമതിതരാംബത-
വിവശമായി സഖീ! അലര്‍ശരപരിതാപം
വളരുന്നു ഹൃദിമോഹം എന്നോമലേ
തളരുന്നു മമ ദേഹം കളമൊഴീ
കുസുമവാടികയത്തിലുളവായോ-
രളികുലാരവമതിഹ കേള്‍പ്പതു-
മധികമാധി നിദാനമയി സഖീ

അലര്‍ശരപരിതാപം ചൊല്‍‌വതി-
ന്നളിവേണി പണിബാലേ ബാലേ“

ദത്തൻ ഒന്നു നിര്‍ത്തി...പിന്നെ അവളുടെ ചെവിയിൽ മൊഴിഞ്ഞു..
“നീലോല്പലം പൂവാൽ അമ്പെയ്ത് കാമദേവനെനിക്ക് നൽകുന്ന വിരഹമെന്തെന്ന് എനിക്ക് അനുഭവിച്ചറിയുക കൂടിയാവില്ല പ്രിയേ.. നിന്നെ അറിയിക്കാനാവാത്ത വിധം അസഹനീയവുമായിരിക്കുമത്..“

അസംതൃപ്തിയും പിടിവാശികളുമില്ലാതെ സ്നേഹസാന്ത്വനങ്ങളും പ്രണയലാളനകളും ആസ്വാദിക്കുന്ന മുതാസിന്റെ ലോലാക്ക് രോമാവൃതമല്ലാത്ത ദത്തന്റെ നെഞ്ചിൽ ഇടത്തേ കവിളിനോടൊപ്പം അമർന്നിണങ്ങുന്നത് അവന്റെ പ്രണയ ഇഷ്ടങ്ങളിലൊന്നായിരുന്നു..
വലത്തേ ലോലാക്കിന്റെ മുത്തുമണികളെ താലോലിച്ച് മുംതാസുമായി സല്ലപിക്കുന്നത് പ്രണയ വിനോദവും..

പ്രണയാർദ്രമായ ആ നിമിഷങ്ങളിൽ മുംതാസിന്റെ കണ്ണുകളിൽ തെളിയുന്ന ദൃശ്യം താജ്മഹലിന്റെ ഭംഗിയിൽ മനംകുളിർത്ത് വീണ്ടുമതുപോലൊരു മന്ദിരം മറ്റാരും നിർമ്മിക്കരുതെന്ന ഉദ്ദേശ്യത്തോടെ താജ്മഹലിന്റെ മുഖ്യശില്പിയുടെ വലതു കൈ ച്ഛേദിച്ച് അഭിമാനം കൊള്ളുന്ന മുഗൾ ചക്രവർത്തി ഷാജഹാനിൽ ആയിരിക്കും.

ദത്തന്റെ കണ്ണുകളിലെ അപ്പോഴത്തെ ആനന്ദമാണ് അവളുടെ മുഖത്ത് പടരുന്ന അമ്പിളി വെട്ടവും വിടരുന്ന അസർമുല്ല അഴകും.
“ദത്തൻ എനിക്കായ് പണിതീർത്ത താജ്മഹൽ”.

മുംതാസ് പ്രണയവശയായി അവനിലേക്ക് ചായുമ്പോൾ അവൻ സ്വാതിതിരുനാൾ കീർത്തനങ്ങളുടെ പാശ്ചാത്തലത്തിൽ മയങ്ങുകയായിരിക്കും..

‘മുംതാസ് ‘എന്ന പ്രണയ മാളികക്ക് വളരെ പരിചിതമായിക്കൊണ്ടിരിക്കുന്നു ഈ പ്രണയ ദൃശ്യങ്ങള്‍.!

ദത്തന്റെ നേര്‍ത്ത സ്വരം അറിയാതെ ഉയരങ്ങളിലെത്തിത്തുടങ്ങിയിരിക്കുന്നു.
“മനസ്സേ! നീ വിശ്വേശ്വര ദർശനത്തിനായി കാശിയിലേക്ക് പോകൂ. തീവ്രമോടെ നീ ദർശനം നടത്തിയാൽ കരുണാമയനായ അവിടന്ന് ജനനമരണ ദുഃഖങ്ങളാകുന്ന തൂക്കുകയറിൽ നിന്നും നിന്നെ രക്ഷിക്കും. കാശി വിശ്വനാഥന്റെ നഗരിയിൽ കൂടി പവിത്രമായ ഗംഗ പാലു പോലെ ഒഴുകുന്നു.അതിന്റെ തടങ്ങളിൽ സന്യാസി ശ്രേഷ്ഠന്മാർ വസിക്കുന്നു. തിരുവുടലിൽ ഭസ്മം പൂശിയിരിക്കുന്നവനും കൈകളിൽ ത്രിശൂലവും സർപ്പ ശ്രേഷ്ഠനെ മാലയായും അർദ്ധാംഗിനിയായ പാർവ്വതിയേയും ധരിച്ചിരിക്കുന്നവനും ത്രിലോകനാഥനുമായ മഹേശനെ ദർശിക്കൂ. മനസ്സേ! നീ കമലനയനനായ ശ്രീ പദ്മനാഭനേയും ത്രിനേത്രനായ മഹേശനേയും ഭജിക്കൂ. ഈ രണ്ടു മംഗളരൂപങ്ങളും അനശ്വരങ്ങളാണു.

മുംതാസ് കണ്ണുകളുയര്‍ത്തി ദത്തനെ തറച്ച് നോക്കി.

“സ്വർഗ്ഗതുല്യ നിമിഷങ്ങളെ കെട്ടണക്കുവാൻ നിനക്ക് അവകാശമില്ല ദത്താ..”

മുംതാസ് ഈർഷ്യയോടവന്റെ മാറിൽനിന്നുയർന്ന് നിമിഷ വേഗതയിൽ ഇടത്തേ ലോലാക്ക് വലിച്ചൂരി ദൂരേയ്ക്കെറിഞ്ഞു.

“വയലിന്റെ നേർത്ത പാശ്ചാത്തലത്തിൽ ലയിച്ചു കൊണ്ടിരിക്കുന്ന പല്ലവിയുടെ മറവിൽ നീയെന്റെ വിശ്വാസങ്ങളേയും മാതാപിതാക്കളേയും അവഗണിക്കണമെന്ന തീർപ്പ് അടിച്ചേൽപ്പിക്കുകയാണ്..“

“നന്ദി കെട്ടവളേ, വൃത്തികെട്ട മൃഗമേ.. ഇറങ്ങിപ്പോ നീയവന്റെ കൂടെ“എന്നെന്റെ പിതാവ് അലറിവിളിക്കുമ്പോഴും , അദ്ദേഹം മരണശയ്യയിലാണെന്ന വാർത്തയറിഞ്ഞ് ദുഃഖിച്ചപ്പോഴും, അദ്ദേഹത്തെ കാണരുതെന്ന വിലക്ക് കൽപ്പിച്ചിട്ടുണ്ടെന്ന അറിയിപ്പ് കിട്ടിയപ്പോഴും,ഞാനദ്ദേഹത്തിനു വേണ്ടി അഞ്ചുനേരം ദുആ ചെയ്ത് എന്റെ വിശ്വാസങ്ങളെ ഈ നാളുകളത്രയും നിലനിർത്തി കൊണ്ടുപോന്നത് ‘മുംതാസ് ‘അറകളിൽ നിന്നുകൊണ്ടു തന്നെയാണെന്ന വസ്തുത നീ മറന്നു പോകുന്നുവോ.??

എനിക്ക് നിയന്ത്രിക്കാനാവുന്നില്ല ആത്മരോഷം.

നീയും നിന്റെ സംഗീതോപരണങ്ങളും കേൾക്കേ.സ്വാതിതിരുനാൾ കീർത്തനങ്ങൾക്ക് സാക്ഷിയായ് ഞാൻ പറയുന്നൂ. മുംതാസിന്റെ ജന്മം ദത്തനുവേണ്ടി നൽകിയിരിക്കുന്ന സത്യത്തിന്മേൽ,“ആഡംബരങ്ങളിലൂടേയും സൃഷ്ടി കൌശലങ്ങളിലൂടേയും രൂപകല്പന നൽകി നിർമ്മിച്ചിരിക്കുന്ന ‘മുംതാസ് ‘ എന്ന ഈ സ്വർഗ്ഗ സൌധത്തിന്റെ കാവൽക്കാരിയൊ ദാസിയൊ ആയി ഇനിയുള്ള കാലം ഞാൻ ആസ്വാദ്യമാക്കുമെന്ന് തീർച്ച.

‘മുംതാസിന്റെ‘ അറകളിൽനിന്നുയരുന്ന സപ്തസ്വരങ്ങളുടെ ആരോഹണാവരോഹണങ്ങളുടെ ഒഴുക്കുകളിൽ നിന്നും പ്രസിദ്ധിയുടെ വെട്ടങ്ങളിൽ നിന്നും കരപറ്റി മാളികബീവിയാകാൻ കൊതിക്കുന്ന എന്നെ നീ ഇനിയും സംഗീത സാഗരപ്രപഞ്ചത്തിലേക്ക് മുക്കിത്താഴ്ത്തരുത്.

പ്രണയാർദ്രനിമിഷങ്ങളിൽ പോലും നിന്റെ ചെവിയിൽ പാടാനുള്ള ധൈര്യം പോലുമില്ലാത്ത ഞാനെന്റെ ദത്തന്റെ കഴിവിൽ അഭിമാനിക്കുകയും ആനന്ദിക്കുകയും ചെയ്യുന്നതോടൊപ്പം ലോകരെ കൊണ്ടത് ചെയ്യിക്കൂവാനായി അഞ്ചുനേരം ദുആ ചെയ്യുന്നതും എന്റെ ദൌത്യമായി സ്വീകരിച്ചിരിക്കുന്നു.

ഞാൻ മുട്ടുകുത്തി നെറ്റി തടവുന്ന ആ പട്ട് വിരിപ്പ് എന്റെ പ്രണയ പ്രതീകമായി കണക്കാക്കുന്നു എന്നു കൂടി മനസ്സിലാക്കുക “എന്റെ ഖൽബേ.!”

ആദ്യമായി മുംതാസിൽ പ്രകടമായ വാക്കുകളിലെ തീഷ്ണത ദത്തനെ നിശ്ശബ്ദനാക്കി.

ആ നിശ്ശബ്ദതയെ മുംതാസ് തൊട്ടറിഞ്ഞത് ജീവിതകാലമത്രയും അനുഭവിക്കാവുന്ന വിരഹമായിട്ടായിരുന്നു. ബോധം വീണ്ടുകിട്ടിയവളെ പോലെ മുംതാസ് പിറുപിറുത്തു,

“പാപം..പാപം..മാപ്പില്ലാത്ത പാപം.“

ഒരിക്കൽ ഹജ്ജിനു പോയാൽ തീരുമോ ആഴത്തിൽ മുറിവേറ്റ ഈ മനോവേദനയും ചിന്തയും.? ഏതോ ഒരു പ്രണയ യാമത്തിൽ ദത്തന്റെ വിരലുകൾ ലോലാക്കുകളെ താലോലിക്കുമ്പോൾ താൻ ഓർമ്മിപ്പിച്ചിരുന്നു ആ പുണ്യസ്ഥലം പ്രദിക്ഷണം വെക്കുന്നതിനെ കുറിച്ചും‘ഹജരെ ആസ് വാദ് ‘ എന്ന കരിങ്കൽത്തറയെ ചുംബിക്കുന്ന അവസരത്തെ കുറിച്ചും.

പാപാത്മക്കളുടെ പാപം സ്വയം ഏറ്റെടുക്കുന്നതിനാലാണത്രെ ആ കല്ലിനു കറുത്ത നിറം കൈവന്നത്. ഹജ്ജെന്ന പുണ്യകർമ്മത്തിനു ശേഷം ദത്തന്റെ ബീവി എന്ന നാമത്തിനപ്പുറം ഹജ്ജുമ്മ എന്നു കൂടി കൂട്ടിചേർക്കപ്പെടുമെന്ന് അറിയിച്ച് ആ നെഞ്ചിൽ ലോലാക്കിന്റെ മുത്തുമണികളമർത്തി പൊട്ടിച്ചിരിക്കുമ്പോഴത്തെ ദത്തന്റെ ഭാവഭേദങ്ങൾ എന്താണെന്ന് അറിയുവാൻ പോലും താൻമെനക്കെട്ടിരുന്നില്ല. ഒരിക്കൽപോലും താനത് ശ്രദ്ധിച്ചിട്ടുപോലുമില്ല.

എങ്കിലും യാദ്രിശ്ചികതയിൽ സംഭവിച്ച നാക്കിന്റെ പിഴവ് ക്ഷമിയ്ക്കാ.

ചെങ്കൽ നിറം തിളങ്ങുന്ന മാർബിൾതറയിൽ കമിഴ്ന്നു കിടന്ന് ചിത്രപ്പണികളുള്ള കട്ടിലിന്റെ ചുവട്ടിൽ നിന്ന് മുംതാസ് ഇടത്തേ ലോലാക്ക് തിരഞ്ഞെടുത്ത് വീണ്ടുമവന്റെ മാറിൽ അമരുമ്പോൾ അവനറിഞ്ഞു, ലോലാക്കിൽ നിന്ന് രണ്ട് മണിമുത്തുകൾ നഷ്ടമായിരിക്കുന്നു…!

ആ രാവ് സംഗീത വിസ്മയലോകത്തേക്ക് വീണ്ടും നീങ്ങിക്കൊണ്ടിരിക്കുന്നത് അവരറിഞ്ഞു.
അവൾ അവനുവേണ്ടി മാത്രമായ് പണിതീർത്ത സംഗീതോപരണമാണെന്നു പോലും അവനു തോന്നി. അവന്റെ ഘനഗാംഭീര്യമാർന്ന സ്വരം അറക്കുള്ളിൽ വീണ്ടും മുഴങ്ങി.
അവനിലേക്ക് ഒഴുകിചേർന്നലിയാനുള്ള പ്രേരകമാകും ഓരോ പല്ലവിയും.

ദത്തൻ അവളെയുർത്തി മയിലിന്റെ തലയുള്ള കട്ടിലിന്റെ തലഭാഗത്തേക്ക് ചാരിയിരുത്തി, തന്റെ ആലാപനം ഉൾക്കൊള്ളുന്നതെന്തെന്ന് എന്നത്തേയും പോലെ അന്നും വാക്കുകളുടെ ധാരാളിത്തത്തിന്മേൽ പുലമ്പിക്കൊണ്ടിരുന്നു..

“മനസ്സേ! നീ വിശ്വേശ്വര ദർശനത്തിനായി കാശിയിലേക്ക് പോകൂ.”

“ഈ വരികളിലിലൂടെ നീയെനിക്കുമേൽ അടിച്ചേൽപ്പികുന്ന ഉദ്ദേശശുദ്ധികൂടി മനസ്സിലാക്കി തരു.” മുംതാസ് നീണ്ടചുരുൾമുടി വാരിക്കെട്ടി ചുവരിനഭിമുഖം തിരിഞ്ഞു കിടന്ന് വീണ്ടും പ്രതിഷേധം പ്രകടിപ്പിച്ചു..

ഒർക്കാതെ ഉരുവിട്ട അനുപല്ലവികൾ അവളിലെ രൂപഭാവങ്ങൾക്ക് നൽകിയ സൌന്ദര്യം ആസ്വാദിച്ച് ആ പൂമുഖം കൈകളിലെടുത്ത് ദത്തൻ ആനന്ദിച്ചു.

“മനസ്സേ !നീ കമലനയനനായ ശ്രീ പദ്മനാഭനേയും ത്രിനേത്രനേയും ഭജിക്കൂ.“ ഈ രണ്ട് മംഗള രൂപങ്ങളും അനശ്വരങ്ങളാണു.. മുംതാസ്,നീ അറിയുന്നില്ലേ.? “ശ്രീ സ്വാതിതിരുനാൾ അദ്ദേഹത്തിന്റെ സംഗീതവിസ്മയം എന്നെ ഉന്മാദനാക്കുന്നു. നിന്റെ സൌന്ദര്യവും രൂപഭംഗിയും ആ ആനന്ദത്തെ ഉയരങ്ങളിലെത്തിക്കുന്നു. “

മുംതാസ് അഹിഷ്ണുത പ്രകടിപ്പിച്ചു,

“കിടപ്പറയിലെ ശബ്ദാഘോഷങ്ങൾ ഞാൻ ആസ്വാദിക്കുന്നില്ല ദത്തൻ,

‘അനശ്വരതയുടെ കവിൾത്തടത്തിലെ കണ്ണുനീർത്തുള്ളി’ എന്ന് ടാഗോർ വിശേഷിപ്പിക്കുന്ന വെണ്ണക്കൽ ശില്പം .അനശ്വര പ്രണയത്തിന്റെ പ്രതീകമായ സ്മാരക മന്ദിരം. അവിടം സന്ദർശിക്കുന്നതിനും അപ്പുറത്തെവിടെയോ ആണെനിക്ക് കാശിസന്ദർശനം എന്ന് നീ മനസ്സിലാക്കാത്തതെന്തേ.?"

“ഐശ്വര്യമുള്ള കുടുംബ സ്ത്രീകൾ പതിയുടെ ഇഷ്ടത്തിനു മുന്‍തൂക്കം നൽകും. സ്നേഹത്തിനു ക്ഷമയുടെ സാന്നിദ്ധ്യം കൈവരും. സ്വന്തം ഇഷ്ടങ്ങളെ നിസ്സാരമായും പതീദേവന്റെ ചെറിയ ആഗ്രഹങ്ങളെ പോലും വലുതുമായും കാണും. ഞാനവ നിന്നിൽനിന്നും പ്രതീക്ഷിക്കുന്നു മുംതാസ്.

ദത്തന്റെ സ്വരം നേർത്തിരുന്നു.

മുംതാസ് അമ്പരന്നു പോയി.

“നമ്മുടെ പ്രണയത്തിന്മേൽ നാം കൽപ്പിച്ച സ്വാതന്ത്ര്യം ഇല്ലാതാക്കുന്നൊ നീ ദത്താ.?“

അവൾ ഹൃദയം പൊട്ടി നിലവിളീച്ചു. ഇവളെ എങ്ങനെ ആശ്വാസിപ്പിക്കും.? ദത്തൻ പരിഭ്രമിച്ചു..

”എന്റെ ഹൃദയമെടുത്ത് നിനക്ക് കാഴ്ച്ചവെക്കാനായിരുന്നെങ്കിൽ മുംതാസ്.“ ദത്തൻ മനസ്വസ്ഥ്യമില്ലാതെ കുഴങ്ങുന്നത് കണ്ട് മുംതാസ് തളർന്നു.

തേൻപുരട്ടിയ വാക്കുകൾ കൊണ്ട് മാപ്പിരക്കാൻ അവൾക്കാകുന്നില്ലായിരുന്നു, അവന്റെ നെഞ്ചിലമർന്ന് പാടുവീണ ലോലാക്കിന്റെ ചുവപ്പ് വരകൾ തുടക്കുവാനെന്ന വ്യാചേനെ വിഷണ്ണ നായകനെ മടിത്തട്ടിൽ കിടത്തി, മുടിയിഴകളെ ചുംബിച്ചവൾ മൂളി.

“ഓമന തിങ്കൾ കിടാവോ..നല്ല കോമള താമര പൂവോ...
പൂവിൽ വിരിഞ്ഞ മധുവോ..പരി.
പൂർണേന്തു തന്റെ നിലാവോ.

പുത്തൻ പവിഴ കൊടിയോ..ചെറു.
തത്തകൾ കൊഞ്ചും മൊഴിയോ.
ചാഞ്ചാടിയാടും മയിലോ...മൃദു.
പഞ്ചമം പാടും കുയിലോ.

തുള്ളും ഇളമാൻ കിടാവോ...ശോഭ.
കൊള്ളിന്നോരന്നക്കൊടിയോ.
ഈശ്വവരൻ തന്ന നിധിയോ.
പരമേശ്വവരി എന്തും കിളിയോ......
.... ........

ദത്തന്റെ മിഴികൾ കൂമ്പൂന്നതും, ആ മുഖത്ത് പ്രതിഫലിക്കുന്ന പ്രണയവുമറിഞ്ഞ്, സ്നേഹത്തിൽ പൊതിഞ്ഞ വരികളാൽ അവൾ അവനെ ആ യാമത്തിൽ പ്രാണയമറിയിച്ചുകൊണ്ടേയിരുന്നു....!

Subscribe Tharjani |