തര്‍ജ്ജനി

മുഖമൊഴി

വിശ്വരൂപത്തെ വിലക്കുമ്പോള്‍

ഒട്ടേറെ വിവാദങ്ങള്‍ക്ക് വിരാമമിട്ട് കമലഹാസന്റെ പുതിയ ചിത്രം വിശ്വരൂപം പ്രദര്‍ശനശാലകളിലെത്തി. തെന്നിന്ത്യന്‍ സിനിമയില്‍ ബാലനടനായി കടന്നെത്തി, വൈവിദ്ധ്യമാര്‍ന്ന വേഷങ്ങളില്‍ അഭിനയിച്ചും സ്വന്തമായി കഥയും തിരക്കഥയുമെഴുതിയും സംവിധാനംചെയ്തും നിരന്തരമായ പരീക്ഷണങ്ങളില്‍ ഏര്‍പ്പെട്ടും തന്റേതായ പാത കണ്ടെത്തിയ കലാകാരനാണ് കമലഹാസന്‍. അതുല്യനായ ഈ അഭിനേതാവിന്റെ പരീക്ഷണകൗതുകം കഥാപാത്രസൃഷ്ടിയില്‍ പുതുമയും സാങ്കേതികവിദ്യയില്‍ ലോകോത്തരനിലവാരവും എല്ലായേ്പാഴും ലക്ഷ്യമിടുന്നു. അവയുടെ സൗന്ദര്യശാസ്ത്രപരമായ മൂല്യം എന്തുതന്നെയായാലും ഇന്ത്യന്‍ സിനിമയിലെ അതുല്യനായ കലാപ്രതിഭയാണ് കമലഹാസന്‍. എഴുപതുകളിലെ മലയാളസിനിമകളില്‍ അദ്ദേഹം അവതരിപ്പിച്ച കഥാപാത്രങ്ങള്‍ മലയാളികള്‍ക്കും അദ്ദേഹം പ്രിയപ്പെട്ടവനായിത്തീരാന്‍ കാരണമായി. 2010ല്‍ പ്രദര്‍ശനത്തിനെത്തിച്ച മന്മഥന്‍ അമ്പ് എന്ന സിനിമയുടെ പൂര്‍ത്തീകരണത്തിന് ശേഷം ഏറ്റവും പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന, ലോകമെമ്പാടും റിലീസ് ചെയ്യാനുള്ള സിനമയെന്ന നിലയിലാണ് വിശ്വരൂപത്തിന്റെ പദ്ധതി തയ്യാറാക്കിയത്. മന്മഥന്‍ അമ്പ് എന്ന ചിത്രത്തിനായി ഹോളിവുഡില്‍ നിന്നുമുള്ള സാങ്കേതികവിദഗ്ദ്ധരെ അദ്ദേഹം കൊണ്ടുവന്നു. അതിനു ശേഷം വികസിച്ചുവന്ന സാങ്കേതികവിദ്യയാണ് അദ്ദേഹം വിശ്വരൂപത്തില്‍ ഉപയോഗിക്കുവാന്‍ തീരുമാനിച്ചത്. ഓറോ ത്രീ ഡി എന്ന സാങ്കേതികവിദ്യയാണ് ശബ്ദരേഖയില്‍ അദ്ദഹം ഉപയോഗിച്ചത്. ഈ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ആദ്യ ഇന്ത്യന്‍സിനിമയാണ് വിശ്വരൂപം, ലോകത്തിലെ രണ്ടാമത്തെ ചിത്രവും! പ്രദര്‍ശനത്തിന്റെ കാര്യത്തിലും പുതിയരീതി തന്നെയാണ് പ്രയോഗിക്കുവാന്‍ നിശ്ചയിച്ചത്. പ്രദര്‍ശനശാലകളില്‍ സിനിമ എത്തിക്കുന്നതോടൊപ്പം ഡയറക്ട് ടു ഹോം (ഡി ടി എച്ച്) സംവിധാനം വഴി ടെലിവിഷന്‍ സ്ക്രീനുകളില്‍ക്കൂടി സിനിമ രാജ്യത്തിന്റെ ഓരോ കോണിലും എത്തിക്കുകയെന്നതായിരുന്നു പദ്ധതി. വിശ്വരൂപം പ്രദര്‍ശനത്തിനെത്തുന്നതും കാത്തിരുന്ന പ്രേക്ഷകരെ നിരാശരാക്കിക്കൊണ്ട് വിവാദങ്ങളുടെ ചുഴിയില്‍ അകപ്പെടുകയായിരുന്നു ഈ സിനിമ.

തമിഴ് നാട്ടിലെ അഞ്ഞൂറ് സിനിമാശാലകളില്‍ സിനിമ പ്രദര്‍ശിപ്പിക്കാനായിരുന്നു പദ്ധതി. അതോടൊപ്പം ആറ് ഡി ടി എച്ച് സേവനദാതാക്കള്‍ വഴി ടെലിവിഷന്‍ പ്രേക്ഷകരിലേക്ക് സിനിമ എത്തിക്കുക. 2012ലെ കാന്‍ ചലച്ചിത്രോത്സവത്തില്‍ ആദ്യപ്രദര്‍ശനം നടത്തുവാനും ആസൂത്രണം ചെയ്തിരുന്നു. കമലഹാസന്‍, സ്വയം കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ സിനിമയുടെ സഹനിര്‍മ്മാതാവുകൂടിയാണ്. വിശ്വരൂപത്തിലെ പ്രധാനകഥാപാത്രമായ വിശ്വനാഥനായി അഭിനയിക്കുന്നതും കമലഹാസന്‍ തന്നെ. തന്റെ ഊര്‍ജ്ജവും വിഭവങ്ങളും അപ്പാടെ വിനിയോഗിച്ച് നിര്‍മ്മിച്ച അദ്ദേഹത്തിന്റെ സ്വപ്‌നപദ്ധതിയായിരുന്നു വിശ്വരൂപം. ഇന്ത്യന്‍ സിനിമയിലെ തുല്യതയില്ലാത്ത ഈ കലാകാരന്റെ സിനിമ നേരിട്ട വെല്ലുവിളികള്‍, ഒരു കലാസൃഷ്ടി സഹൃദയസമൂഹത്തിന് മുന്നിലെത്തുമ്പോള്‍ സമകാലികസമൂഹത്തില്‍ നേരിടേണ്ടിവരുന്ന പ്രതിബന്ധങ്ങള്‍ എന്തൊക്കെയെന്ന് വ്യക്തമാക്കുന്നുണ്ട്.

സിനിമയുടെ നിര്‍മ്മാണത്തിന്റെ അവസാനഘട്ടത്തില്‍ തമിഴ് നാട്ടിലെ ഒരു സംഘടന സംസ്കൃതത്തിലാണ് ഈ സിനിമയുടെ പേര്, അത് തമിഴിലാക്കണം എന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭം തുടങ്ങി. ഭാഷാമൗലികവാദത്തിന്റെ ഈ പ്രതിഷേധം തുടര്‍ന്ന് വരാനിരിക്കുന്ന പ്രതിരോധ-പ്രതിഷേധപരിപാടികളുടെ കര്‍ട്ടന്‍ റെയ്‌സര്‍ ആയിരുന്നു. സിനിമയുടെ പ്രദര്‍ശനം ആരംഭിക്കുന്ന ദിവസം പരസ്യപ്പെടുത്തിയതോടെ പ്രദര്‍ശനശാലക്കാരുടെ സംഘടന രംഗത്തെത്തി. തിയ്യേറ്റര്‍ റിലീസിനു മുമ്പ് ഡി ടി എച്ച് വഴി സിനിമ പ്രദര്‍ശിപ്പിക്കുമെങ്കില്‍ തമിഴ് നാട്ടിലെ തിയ്യേറ്റര്‍ ഉടമകള്‍ വിശ്വരൂപത്തെ ബഹിഷ്കരിക്കുമെന്ന് അവര്‍ പ്രഖ്യാപിച്ചു. തമിഴ് നാട്ടിലെ അഞ്ഞൂറ് പ്രദര്‍ശനശാലകളെ സംബന്ധിക്കുന്ന പ്രശ്‌നം എന്ന നിലയില്‍ സ്വന്തം മണ്ണില്‍ ബഹിഷ്കരിക്കപ്പെടുന്ന കലാകാരന്റെ ആത്മനൊമ്പരത്തോടെ കീഴടങ്ങുവാന്‍ കമലഹാസന്‍ നിര്‍ബ്ബന്ധിതനായി. സിനിമാശാലക്കാര്‍ ബഹിഷ്കരണം പിന്‍വലിച്ച് പ്രദര്‍ശനത്തിന് തയ്യാറാവുമ്പോഴാണ് വര്‍ഗ്ഗീയവാദത്തിന്റെ പ്രതിഷേധം ഉയരുന്നത്. ഇരുപത്തഞ്ച് മുസ്ലിം സംഘടനകള്‍ ചേര്‍ന്ന് വിശ്വരൂപം നിരോധിക്കണമെന്ന് ആവശ്യപ്പെട്ടു. ഇസ്ലാംമതവികാരത്തെ വ്രണപ്പെടുത്തുന്നതാണ് വിശ്വരൂപം എന്നതായിരുന്നു അവരുടെ വാദം. ആ ചലച്ചിത്രം പ്രദര്‍ശിപ്പിക്കുകയാണെങ്കില്‍ ക്രമസമാധാനപ്രശ്‌നം ഉണ്ടാകും എന്ന് കരുതാവുന്ന അന്തരീക്ഷം സൃഷ്ടിക്കുവാന്‍ അവര്‍ക്ക് സാധിച്ചു. ഭാരതസര്‍ക്കാരിനെ പ്രതിനിധാനം ചെയ്ത്, സെന്‍സര്‍ ബോര്‍ഡ് ഓഫ് ഇന്ത്യ പ്രദര്‍ശനാനുമതി നല്കിയ സിനിമയുടെ പ്രദര്‍ശനം ക്രമസമാധാനത്തിന്റെ പേരില്‍ തമിഴകത്തെ ജില്ലാ കലക്ടര്‍മാര്‍ നിരോധിച്ചു. മുന്‍കാലസിനിമാനടിയായ ഇപ്പോഴത്തെ മുഖ്യമന്ത്രി, സര്‍ക്കാര്‍ തീരുമാനത്തെ നീതീകരിച്ചു. സിനിമ പ്രദര്‍ശിപ്പിച്ചാല്‍ പ്രദര്‍ശിപ്പിക്കുന്നേടത്തും അല്ലാത്തിടത്തും ഉണ്ടാകാവുന്ന ക്രമസമാധാനപ്രശ്‌നം നേരിടാന്‍ സര്‍ക്കാരിന്നാവില്ലെന്നായിരുന്നു അവരുടെ നിലപാട്. ഏത് വഴിക്കും കത്തിപ്പടരാവുന്ന പ്രതിഷേധാഗ്നിയാണതെന്ന് അവര്‍ കരുതി.

അല്‍ ഖ്വയിദ എന്ന തീവ്രവാദസംഘടനയുമായി ബന്ധപ്പെട്ട കഥയാണ് വിശ്വരൂപം അവതരിപ്പിക്കുന്നത്. കഥ നടക്കുന്നത് മുഖ്യമായും അമേരിക്കയിലാണ്. അവിടത്തെ ഇരട്ടഗോപുരങ്ങളാണല്ലോ വിമാനത്താവളത്തില്‍നിന്നും തട്ടിയെടുത്ത വിമാനങ്ങള്‍ ഇടിച്ചുകയറ്റി തകര്‍ക്കപ്പെട്ടത്. ലോകത്തിലെവിടെ ഈച്ച പാറിയാലും ഉടന്‍ അറിയാന്‍ സംവിധാനമുള്ളതെന്ന് പ്രചരിപ്പിക്കപ്പെട്ട അമേരിക്കയിലെ നഗരങ്ങള്‍ തകര്‍ക്കാന്‍ അല്‍ ഖ്വയിദ എന്ന തീവ്രവാദസംഘടന പദ്ധതി തയ്യാറാക്കുന്നതിനെക്കുറിച്ചുള്ള ഒരു അപസര്‍പ്പകകഥയാണ് വിശ്വരൂപം പറയുന്നത്. നമ്മുടെ കമ്പോളസിനിമയും ഹോളിവുഡ് സൈ്പസ്റ്റോറികളും കാണിക്കുന്ന എല്ലാ അസംബന്ധതകളും അതില്‍ കാണുമെന്ന് പ്രതീക്ഷിക്കാം. നന്മ-തിന്മകള്‍ തമ്മിലുള്ള സംഘട്ടനം എന്നിങ്ങനെ ചില മേമ്പൊടികളുടെ അകമ്പടിയോടെ കഥ പറയുക എന്ന സാമ്പ്രദായികരീതി തന്നെയാണ് കമലഹാസനും പിന്തുടരുന്നതെന്ന് കരുതാം. അല്‍ ഖ്വയിദയെപ്പറ്റിപ്പറഞ്ഞാല്‍ അതെങ്ങനെയാണ് മുസ്ലിം സമൂഹത്തെ അപ്പാടെ അവഹേളിക്കുന്നതാകുന്നത്? അതെങ്ങനെയാണ് ഇസ്ലാം മതവിശ്വാസത്തെ വ്രണപ്പെടുത്തുന്നതാവുന്നത്? മതത്തിന്റെ പേരില്‍ ആരെങ്കിലും ചെയ്യുന്ന നെറികേടുകളുടേയും മനുഷ്യത്വവിരുദ്ധതയേയും സംരക്ഷിക്കുവാന്‍ ഓരോ വിശ്വാസിയും ബാദ്ധ്യസ്ഥനാണോ? സമൂഹത്തിന്റെ മുന്നില്‍ കുറ്റവാളികളായ വ്യക്തികള്‍ തങ്ങള്‍ മതത്തെയാണ് പ്രതിനിധാനം ചെയ്യുന്നതെന്ന് അവകാശപ്പെട്ടാല്‍ അത് സത്യമായി അംഗീകരിച്ച് അവരെ പിന്തുണയേ്ക്കണ്ടതുണ്ടോ? വിശ്വരൂപത്തിനെതിരെയുള്ള എതിര്‍പ്പിന്റെ മൂന്നാം ഘട്ടമായി വന്ന മതവികാരവ്രണപ്പെടല്‍വാദം കേരളത്തിലും ഉയര്‍ത്തുവാന്‍ ആളുകളുണ്ടായി. പക്ഷെ സിനിമാവിഷയം കൈകാര്യം ചെയ്യുന്ന മന്ത്രി ഗണേശ് കുമാര്‍ ശക്തമായ നിലപാട് കൈക്കൊണ്ടു. കേരളത്തില്‍ പ്രതിഷേധമുണ്ടായെങ്കിലും പ്രദര്‍നത്തിന് നിരോധനമുണ്ടായില്ല.

ഒരു സാധാരണ സിനിമാനടനല്ല കമലഹാസന്‍. മതേതരമൂല്യങ്ങളിലും ദേശീയതയിലും അടിയുറച്ച വിശ്വാസം പുര്‍ത്തുകയും ചലച്ചിത്രലോകത്തിന് സാധാരണമല്ലാത്ത നൈതികതയും നിഷ്ഠാശുദ്ധിയും പുലര്‍ത്തുന്ന പൗരനാണ് കമലഹാസന്‍. അദ്ദേഹത്തിന്റെ സിനിമ സൗന്ദര്യശാസ്ത്രപരമായി നല്ലതോ ചീത്തയോ ആവാം. പക്ഷെ, ക്ഷുദ്രമായ വികാരങ്ങള്‍ ഇളക്കിവിട്ട് ഭീഷണിമുഴക്കുന്നവരുടെ ഇരയായിത്തീരേണ്ട വ്യക്തിയോ കലാകാരനോ അല്ല കമലഹാസന്‍. സ്വാതന്ത്ര്യാനന്തരകാലം മുതല്‍ അനുക്രമം അധോഗതിയായിത്തീര്‍ന്ന നമ്മുടെ മതേതര-ജനാധിപത്യമൂല്യങ്ങള്‍ ആര്‍ക്കും എങ്ങനെയും കൈകാര്യം ചെയ്യാനാവുന്ന വിധത്തില്‍ അലങ്കോലമായിപ്പോയിരിക്കുന്നുവെന്നതാണ് വിശ്വരൂപത്തിനെതിരെ നടന്ന ആക്രമണങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നത്.

മതങ്ങള്‍ ആത്മീയസമസ്യകളാണ് അഭിസംബോധനചെയ്യുന്നത്. തത്വചിന്താപരമായ തലത്തിലാണ് മതങ്ങള്‍ നിലക്കൊള്ളുന്നത്. വിശ്വാസികളുടെ അനുഷ്ഠാനങ്ങള്‍ ദാര്‍ശനികമായ ജീവിതത്തിന്റെ പ്രകടവത്കൃതരൂപങ്ങളാണ്. യഥാര്‍ത്ഥമതവിശ്വാസി ഒരിക്കലും അപരന്റെ വിശ്വാസത്തെ ചോദ്യം ചെയ്യുന്നില്ല. സ്വന്തം ആത്മീയസപര്യയിലാണ് അവര്‍ ബദ്ധശ്രദ്ധരായിരിക്കുന്നത്. അപരന്റെ മേല്‍ ആധിപത്യം സ്ഥാപിക്കുവാനും അവനെ വിധേയനാക്കുവാനും ശ്രമിക്കുന്നത് അധികാരത്തിന്റെ രീതിയാണ്. അത് മതത്തിന്റെ പേരിലുള്ള അധികാരമാണ്. മതേതരസമൂഹം ഒരിക്കലും അംഗീകരിക്കാനിടയില്ലാത്തതാണ് മതാധികാരം. കാരണം, അത്, മതേതരത്വത്തിന്നെതിരാണ്. പക്ഷെ നമ്മുടെ ജനാധിപത്യം, സ്വാതന്ത്ര്യാനന്തരകാലം മുതല്‍ ജീര്‍ണ്ണിച്ച് മതാധികാരത്തെയും മതേതരത്വത്തേയും ഒരുമിച്ച് കൊണ്ടുപോകുന്ന അസംബന്ധതയായി മാറിയിക്കുന്നു. സ്വന്തം അധികാരം നിലനിറുത്താനും അധികാരം കയ്യാളാനും ഏത് കുത്സിതമാര്‍ഗ്ഗവും അവലംബിക്കുന്ന രാഷ്ട്രീയക്കാരന്‍ മതത്തെയും ജാതിയേയും കൂട്ടുപിടിക്കുന്നു. ഭരണാധികാരികള്‍ ആരാധനാലങ്ങളില്‍ നടത്തുന്ന സന്ദര്‍ശനങ്ങള്‍ വൈയക്തികമായ കാര്യമാവാതെ മാദ്ധ്യമസംഭവമാവുന്നത്, വിശ്വാസിസമൂഹത്തിന്റെ പ്രീണനം ഉദ്ദേശിച്ചാണ്. അവ മതേതരത്വത്തിന് വിരുദ്ധമായതാണെന്ന് നാം തിരിച്ചറിയാതെ പോവുന്നു. യുക്തിഹീനവും മനുഷ്യത്വവിരുദ്ധവുമാണ് പഴയകാലത്തെ ആചാരവിശ്വാസങ്ങള്‍ എന്ന് നമ്മുക്കറിയാം. ഭൂതകാലത്തിന്റെ അസംബന്ധതയെ നിഷേധിക്കാതെ യുക്തിസഹമായ വര്‍ത്തമാനകാലം നമ്മുക്ക് ഉണ്ടാവില്ല. ഏത് വിധേനയും അധികാരം കൈക്കലാക്കാന്‍ ശ്രമിക്കുന്നവര്‍ അധികാരം ലഭിച്ചാല്‍ ഉണ്ടാകാവുന്ന സൗഭാഗ്യങ്ങളെക്കുറിച്ച് മാത്രമേ ചിന്തിക്കുന്നുള്ളൂ. അങ്ങനെ ഒരു സമൂഹത്തില്‍ ആര്‍ക്കും എന്തിനും മതത്തെ കൂട്ടുപിടിച്ച് അനായാസം വിലപേശല്‍ നടത്താം. തമിഴ് നാട്ടില്‍ നടന്നതുപോലെ കേരളത്തില്‍ നടക്കാതെ പോയത് മന്ത്രി ഗണേശ് കുമാറിന്റെ കടുത്ത നിലപാടുകാരണമെന്ന് കരുതാം. അദ്ദേഹത്തെ അതിന്റെ പേരില്‍ നമ്മുക്ക് അഭിനന്ദിക്കാം.

ആധുനികവിദ്യാഭ്യാസവും ജീവിതരീതികളും മതത്തേയും മതാധിഷ്ഠിതജീവിതരീതികളേയും അപ്രസക്തമാക്കുന്നവയാണ്. ഇത്തരം സാഹചര്യത്തില്‍ മതാധികാരം പലതരം ഇടപെടലുകളിലൂടെ പൗരസമൂഹത്തെ തങ്ങളോട് വിധേയത്വമുള്ളവരാക്കി നിലനിറുത്തുവാന്‍ ശ്രമിക്കും. മതം, ആത്മീയതയുടെ മണ്ഡലത്തിലല്ല ഇക്കാലത്ത് പ്രവര്‍ത്തിക്കുന്നത്, മറിച്ച് അധികാരത്തിന്റെ മണ്ഡലത്തിലാണ്. തത്വചിന്താപരമോ ആത്മീയമോ ആയ ഒരു ആലോചനയുമില്ലാത്ത കേവലാധികാരത്തിന്റെ കയ്യാളുകളാണ് ഇന്ന് മതാധികാരത്തിന്റെ വക്താക്കള്‍. തമിഴ് നാട്ടിലെ ഇരുപത്തിയഞ്ച് സംഘടനകളാണ് വിശ്വരൂപത്തിനെതിരെ രംഗത്തുവരികയും വിശ്വാസിസമൂഹത്തെ പ്രകോപിപ്പിക്കുകയും ചെയ്തത്. ഈ സംഘടനകള്‍ രൂപീകരിക്കപ്പെട്ട കാലം മുതല്‍ നിര്‍വ്വഹിച്ച സാമൂഹികദൗത്യമെന്തെന്ന് നമ്മുക്കറിയില്ല. പക്ഷെ, ഒരു കാര്യം ഉറപ്പിച്ചു പറയാം. വിശ്വാസിസമൂഹത്തിന്റെ ആത്മീയസമസ്യകളല്ല, മറിച്ച് അധികാരം തന്നെയായിരുന്നു ഇവരുടെ താല്പര്യം. പൗരോഹിത്യസമൂഹത്തിന് കീഴടങ്ങി ജീവിക്കുന്ന പഴയകാലത്തെ സാമൂഹികാവസ്ഥയിലേക്കാണ് അവര്‍ നമ്മെ നയിക്കുന്നത്. അത് ഇസ്ലാമിന്റെ പേരിലായാലും, ക്രൈസ്തവവിശ്വാസത്തിന്റെ പേരിലായാലും
ഹൈന്ദവതയുടെ പേരിലായാലും യാതൊരു വ്യത്യാസവുമില്ല.

മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരനും ചലച്ചിത്രകാരനുമായ എം. ടി. വാസുദേവന്‍നായര്‍ ഈയിടെ തന്റെ ആദ്യകാലരചനയായ നിര്‍മ്മാല്യം എന്ന സിനിമയെക്കുറിച്ച് പറഞ്ഞു: ഇക്കാലത്താണെങ്കില്‍ ആ സിനിമയുടെ ക്ലൈമാക്‌സ് രംഗം തനിക്ക് എടുക്കാനാവില്ലെന്ന്. തന്റെ ജീവിതവും വിശ്വാസവും സമര്‍പ്പിച്ച ദേവിയുടെ നേരെ വെളിച്ചപ്പാട് കാര്‍ക്കിച്ച് തുപ്പുന്നതാണ് ക്ലൈമാക്‌സ്. സിനിമ നിര്‍മ്മിച്ചത് ജന്മനാ ഹിന്ദുവായ സംവിധായകനായാലും സഹിക്കാനാവാത്ത അസഹിഷ്ണുതയാണ് ഇന്നത്തെ വിശ്വാസിസമൂഹത്തിന്റെ സവിശേഷത. കേരളത്തിലെ കാര്യമാണ് നാം പറയുന്നത്. തമിഴകത്ത് മുന്‍കാലസിനമാനടി നിരോധിക്കുകയും കേരളത്തില്‍ മുന്‍കാലനടന്‍ അനുവദിക്കുകയും ചെയ്ത സിനിമയെ മുന്‍നിറുത്തി നമ്മുക്ക് നമ്മുടെ സമൂഹത്തിന്റെ സഹിഷ്ണുത എത്രത്തോളും മനുഷ്യാഭിമുഖ്യമുള്ളതാണന്ന് ആലോചിക്കാം.

Subscribe Tharjani |
Submitted by സപ്ന ജോർജ്ജ് (not verified) on Fri, 2013-02-08 12:02.

യഥാർത്ഥസത്യം എല്ലാവർക്കും അറിയാം. എന്നിരുന്നാലും, സെൻസർ ബോർഡ് അപ്രുവ് ചെയ്തുകഴിഞ്ഞ സിനിമയെ സമൂഹവും, ഗവണ്മെന്റും വിലക്കുമ്പോൾ അതിനു മറ്റെന്തിലും കാരണം ഇല്ലാതിരിക്കില്ല. ഇതിഹാസനായകന്മാരിൽ നായകനായ കമലഹാസനെപ്പോലെയുള്ള ഒരു നടന്റെ കലാവിഷ്കാരത്തെ മനസ്സിലാക്കാത്ത, കലാബോധമില്ലാത്ത, ആർക്കാണ്ടു വേണ്ടി സമൂഹത്തിൽ വിവേചനവും, വിവരക്കേടും, സൃഷ്ടിക്കുന്ന ബോധംകെട്ട സമൂഹം. സിനിമ കാണാനായി കാത്തിരിക്കുന്നു

Submitted by sumithra (not verified) on Fri, 2013-02-08 13:22.

yes, it is absolutely correct ..

Submitted by Jacob Sudheer (not verified) on Fri, 2013-02-08 14:44.

വിശ്വരൂപം, റോമന്‍സ്, കടല്‍ എന്നീ സിനിമകളെ പേടിക്കുന്ന അവസ്ഥയില്‍ എത്തി നില്‍ക്കുന്നു മതവിശ്വാസം, കോടികള്‍ മറിയുന്ന വിശ്വാസവ്യവസായികള്‍ വിവരസാങ്കേതികവിദ്യയുടെ കാലത്ത് മാന്ദ്യം നേരിട്ട വ്യവസായത്തെ പിടിച്ചുനിര്‍ത്താന്‍ പുതിയ കണ്ടുപിടുത്തങ്ങളുമായി ഇറങ്ങുന്നു.

Submitted by ഒ.കെ. സുദേഷ് (not verified) on Sat, 2013-02-09 15:01.

‘വിശ്വരൂപ’ത്തെ തമിഴ്നാട്ടിൽ നിരോധിച്ചു എന്നത് ഒരു ചീത്തകാര്യം തന്നെ. എന്നാൽ ഈ ‘ചീത്ത കാര്യം’ പെട്ടെന്ന് നമ്മെയൊക്കെ ക്ഷുഭിതരാക്കാൻ മാത്രം ഇപ്പോൾ തുടങ്ങിയതൊന്നുമല്ല. അതിനെത്രയോ മുമ്പ് അത് സല്മാൻ റുഷ്ദിയുടെ ‘സറ്റാനിൿ വേഴ്സസ്’ നിരോധിച്ചതു മുതൽത്തന്നെ പിച്ചവെച്ച് തുടങ്ങിയിരുന്നു. അന്നത് ചെയ്തത് ഇൻഡ്യൻ സർക്കാർ തന്നെയാണ്. ഒരു മതേതര ഡെമോക്രസി ചെയ്യുവാൻ പാടില്ലാത്ത കർമ്മമായിരുന്നു അത്. ഇൻഡ്യ നിരോധിച്ചതിനു ശേഷമാണ് ആ കൃതിയോടുള്ള വിരോധം ആളിക്കത്തിയതും എഴുത്തുകാരനെ വധിയ്ക്കുവാൻ ഇറാനിലെ ആയത്തൊള്ള ഖൊമൈനി ഫത് വ പുറവെടുപ്പിച്ചതും. അങ്ങിനെയൊരു പാപത്തിന് കളമൊരുക്കിയത് ഫ്രീസ്പീച്ച്-ന് പ്രാമുഖ്യം കൊടുക്കുന്ന ഒരു മതേതര ഡെമോക്രസി ആണെന്നത് ചില്ലറ കാര്യമല്ല. പിന്നീടത് തസ്ലീമാ നസ്രീനിനെ കെട്ടുകെട്ടിയ്ക്കുന്നതിലും എം.എഫ്. ഹുസൈനെ നാടുവിടുവിയ്ക്കുന്നതിലേയ്ക്കും ധിക്കാരം വെച്ച് വളർന്നു. കഴിഞ്ഞ കൊല്ലം ജയ്പൂർ ലിറ്റററി ഫെസ്റ്റിവലിൽ ‘സറ്റാനിൿ വേഴ്സസ്’-ലെ ചില ഭാഗങ്ങൾ വായിച്ചു കേൾപ്പിച്ചതിനെ തുടർന്ന് അത് ചെയ്ത ഇൻഡോ ആംഗ്ളിയൻ എഴുത്തുകാരെ കോടതിയും വർഷങ്ങളോളം നീളുന്ന കേസു-കൊടുപ്പു-ഭീഷണിയും കാട്ടി ഭയപ്പെടുത്തി രായ്ക്ക് രാമാനം നാടുവിടുവിപ്പിച്ചു. ആ ഇൻഡോ ആംഗ്ളിയൻ എഴുത്തുകാർ അങ്ങിനെ ചെയ്തത് ശരിയായില്ല എന്നും സമാധാനത്തോടേയും സരസതയോടേയും നടന്നുവന്ന ഫെസ്റ്റിവലിനെ അലങ്കോലപ്പെടുത്തി എന്നും ഇൻഡ്യൻ കു-ബുദ്ധിജീവികൾ ഉച്ചൈസ്തരം പ്രസ്താവിയ്ക്കുകയും ചെയ്തു. മലയാളത്തിലെ ഒരു പ്രമുഖ പദ്യകർത്താവും അതിൽ പെടും എന്നോർക്കുക. ഇത്തവണത്തെ ജയ്പൂർ ലിറ്റററി ഫെസ്റ്റിവലിൽ ഗിരീഷ് കർണാട് വി.എസ്. നയ്പോളിനെതിരെ ആഞ്ഞടിച്ചു. മുംബയ് ലിറ്റ് ഫെസ്റ്റ് അദ്ദേഹത്തിന് ലൈഫ് ടൈം അചീവ്മെന്റ് എവോഡ് കൊടുത്തതിനെതിരെയായിരുന്നു അത്. “മുസ്ലിം വിരുദ്ധനായ” നയ്പോളെ ആദരിച്ചതിനെതിരെ ആഞ്ഞടിയ്ക്കുകയായിരുന്നു ആ നോബെൽ അസൂയാലു. ആ പൊരിഞ്ഞ വിഡ്ഢിയ്ക്ക് അറിയാൻ പാടിലായിരുന്നുവോ നയ്പോളിന്റെ ഭാര്യ മുസ്ലിം കുടുംബത്തിൽ നിന്ന് വരുന്നവളാണെന്നും അതും പാകിസ്താനിയാണെന്നും. അവർക്ക് മുസ്ലീമുകളായി തുടരുന്ന രണ്ടു മക്കൾ ആദ്യവിവാഹത്തിലുണ്ട് എന്നും അറിയില്ലായിരുന്നുവോ? നയ്പോളിന്റെ ‘India – A Wounded Civilization’ (1977), Among the Believers: An Islamic Journey’’ (1981), ‘Beyond Belief: Islamic Excursions among the Converted Peoples’ (1998) തുടങ്ങിയ പുസ്തകങ്ങളിൽ നിന്ന് സന്ദർഭരഹിതമായി ചൂണ്ടിയ ‘ആയുധങ്ങൾ’ ഉപയോഗിച്ചാണ് ഗിരീഷ് കർണാട് നയ്പോളിനെ ആക്രമിച്ചത്. മുസ്ലിം വിരുദ്ധനാണ് അദ്ദേഹം എന്നാണ് ഫ്രീസ്പീച്ചിന്റെ ഈ ആധുനിക ആരാച്ചാർ സ്ഥാപിയ്ക്കാൻ ആഞ്ഞത്. ഇതാണ് നമ്മുടെ ബുദ്ധിജീവിതത്തിലെ അവസരവാദം എങ്കിൽ പിന്നെ ഒരു വിവരവുമില്ലാത്ത സാധാരണരെ എന്തിന് പഴിയ്ക്കണം?
അതിരിയ്ക്കട്ടെ, ‘വിശ്വരൂപം’ നേരിട്ട തമിഴ്നാടൻ കെടുതിയിൽ ഒരു പ്രധാന റോൾ അവിടത്തെ രാഷ്ട്രീയത്തിനു തന്നെയായിരുന്നു. അത് തമിഴ്നാട്ടിലെ സിനിമയും അധികാരവടംവലികളും കീഴ്വഴങ്ങലുകളും ഒക്കെയായി ബന്ധപ്പെട്ട അതിസങ്കുചിതമായ തൊഴുത്തിൽ കുത്തുകളുമായി അരങ്ങേറിയ ഒരു നാടകമായിരുന്നു. അങ്ങിനെയൊരു നാടകം നടക്കുമെന്ന ഏതോ ഒരു ആറാമിന്ദ്രിയ വെളിവിനാൽ ത്വരിതനായതിന്റെ ലക്ഷണമായിരുന്നു, അതിന്റെ റിലീസിനു മുമ്പേ ദക്ഷിണേന്ത്യൻ മാർക്കറ്റിങ് പര്യടനത്തിനിടെ കേരളത്തിൽ വന്നപ്പോൾ കമൽ ഹാസന്റെ അർത്ഥഗർഭമിയന്ന മുൻകൂർ ജാമ്യം തേടലുകൾ. ‘വിശ്വരൂപം’ ‘മുസ്ലിം വിരുദ്ധമല്ല’ എന്ന മുൻസൂചനകൾ അയാൾ പലയിടത്തും വിളമ്പി. എന്തിനായിരുന്നു അവ? അതും ഒരു മാർക്കറ്റിങ് തന്ത്രമായിരുന്നുവോ? അതോ കേരളത്തിലായിരിയ്ക്കും വെടിപൊട്ടുക എന്ന് ധരിച്ചുകാണുമോ?

ഇതിലൊക്കെ അപ്പുറമാണ് ‘തർജ്ജനി’ കമൽ ഹാസന് ഫ്രീയായി കൽപ്പിച്ചു കൊടുക്കുന്ന പൊൻ തൂവലുകൾ. അയാൾ ഒരു ആക്ടിങ് കരിയർ ഒപ്പിച്ചത് (1970-കളിൽ) ഹോളിവുഡിലെ അക്കാലത്തെ പ്രശസ്തരായ അഭിനേതാക്കളെ അനുകരിച്ചായിരുന്നു. വുഡി അലൻ, അൽ പാചിനോ, റോബർട്ട് ഡി നീറോ …അങ്ങിനെയങ്ങിനെ. കാണാൻ സുന്ദരനായിരുന്നു ഇൻഡ്യൻ സിനിമയ്ക്ക് പറ്റിയ മട്ടിൽ ഡാൻസറുമായിരുന്നു. ഇതുവെച്ചാണ് ആ കരിയറ് പറക്കമുറ്റിയത്. തമിഴർക്ക് ജന്മനാ വശഗമായ നിറംക്കൂട്ടിയ കാരക്ടറൈസേഷന്റെ മറ്റൊരു ജനറേഷനിൽ പെടും കമൽ ഹാസനും. ശിവാജിയോളം മുഷിപ്പിച്ചില്ല എന്ന് മാത്രം. ‘മൂന്നാം പിറ’യിലെ അവസാന രംഗമൊക്കെ ദുസ്സഹമായ തരത്തിലുള്ള ക്യാമറാക്രമണമായിരുന്നു എന്നതോർക്കുക. (ഇത് പറയുമ്പോൾ ശുണ്ഠി വരുന്ന മലയാളികളെ ഞാൻ കാണുന്നു; അവർക്ക് പ്രിയപ്പെട്ട രംഗമാണത്.) അങ്ങിനെ ഒരാളുടെ തട്ടുപൊളിപ്പൻ പടമാണ് ‘വിശ്വരൂപം’. അൽ-കായ്ദയും അമേരിക്കയും തമ്മിലുള്ള സംഘട്ടനങ്ങളിൽ ഇൻഡ്യ എവിടെ നില്ക്കുന്നു എന്നതറിയില്ലെങ്കിൽ മാത്രം നമുക്ക് ഒരു പക്ഷെ കമൽ ഹാസന്റെ ടൈപ് ഹിസ്റ്റോറിക്കൽ ഇന്റർപ്രിട്ടേഷൻ ആവശ്യം വന്നേയ്ക്കാം. അതിനാൽ അത് ഒരു ദുർവ്യാഖ്യാനം കൂടിയാവുന്നുണ്ട് എന്നും അങ്ങിനെ കളറു ചേർത്ത മയക്കുമരുന്നിലൂടെ വിലകൂടിയ ലെതർ ജാക്കറ്റിട്ട നുണയും ചാലിയ്ക്കുന്നു എന്നും കാണേണ്ടതുണ്ട്.
ഇയാളെ ഡിഫൻഡ് ചെയ്യുന്നതിനു പകരം, ഈ അവസരത്തെ, സല്മാൻ റുഷ്ദിയുടെ ‘സറ്റാനിൿ വേഴ്സസ്’-നെ വേണമായിരുന്നു ഓർമ്മയുടെ മുഖപ്പിലേയ്ക്ക് കൊണ്ടുവരാൻ എന്നേ പറയുന്നുള്ളൂ.

Submitted by shami (not verified) on Tue, 2013-02-26 21:40.

സമൂഹം മതവെറിയുടെ ഉന്മാദാവസ്ഥയിലാണ്. അവിടെ നിന്നും യുക്തിയും യാഥാര്‍ത്ഥ്യബോധവും ആട്ടിയോടിക്കപ്പെട്ടിരിക്കുന്നു. മതം സമൂഹത്തെ ഗ്രസിക്കുന്നതിന്റെ ലാഞ്ഛനകള്‍ വേദനയോടെ നോക്കിക്കാണാന്‍ മാത്രമേ സാധാരണക്കാരന് കഴിയൂ. കാരണം അവന്‍ മതത്തിന്റെ വേലിക്കെട്ടുകളില്‍ തളയ്ക്കപ്പെട്ടിരിക്കുന്നു. ഇവിടെ വേണ്ടത് രാജാവ് നഗ്നനാണെന്ന് പറയാന്‍ കാണിച്ച കുട്ടിയുടെ നിഷ്കളങ്കതയാണ്. പ്രിയകലാകാരന്‍ മഹാപ്രതിഭയായ കമലഹാസന്‍ ഈ മതവെറിയുടെ മുമ്പില്‍ കൂടുതല്‍ ആര്‍ജ്ജവം നേടട്ടെ.