തര്‍ജ്ജനി

പുസ്തകം

സര്‍ക്കസ്സും പെണ്‍കഥകളും പിന്നെ സിനിമയും

സര്‍ക്കസ് കുലതിയായ ജെമിനി ശങ്കരന്റെ ആത്മകഥാപരമായ കുറിപ്പുകളാണ് ഈ പുസ്തകം. മലയാളത്തില്‍ ആദ്യമായാണ് സര്‍ക്കസിന്റെ രംഗത്ത് നിര്‍ണ്ണായകപ്രാധാന്യമുണ്ടായിരുന്ന ഒരു വ്യക്തിയുടെ ആത്മകഥാപരമായ കുറിപ്പുകള്‍ പ്രകാശനം ചെയ്യപ്പെടുന്നത്. സ്വയം ഒരു എഴുത്തുകാരനോ എഴുതുവാന്‍ ആഗ്രഹിക്കുന്ന വ്യക്തിയോ അല്ലാത്ത ജെമിനി ശങ്കരന്റെ ജീവിതകഥ താഹ മാടായിയാണ് അഭിമുഖസംഭാഷണത്തിലൂടെ രേഖപ്പെടുത്തുന്നത്. ചെറുപുസ്തകമായി വായനാസുഖം ഉണ്ടാക്കുകയാണ് പുസ്തകനിര്‍മ്മിതിയല്‍ പരിഗണിച്ച മുഖ്യവിഷയം എന്നത് ഈ പുസ്തകത്തിന് ഗുണമായോ എന്നത് സംശയമാണ്. പ്രസാധനത്തിലെ അനവധാനത ഈ പുസ്തകത്തില്‍ പലേടത്തും കല്ലുകടിയാവുകയും ചെയ്യുന്നുണ്ട്. എന്നിരുന്നാലും വിലപ്പെട്ട സംരഭമാണ് ഈ പുസ്തകരചന.
ഏല്ലാതരം വായനക്കാര്‍ക്കുമായുള്ള പുസ്തകമാണിത്.

മലക്കം മറിയുന്ന ജീവിതം
ജെമിനി ശങ്കരന്‍/താഹ മാടായി
പ്രസാധനം : ഡിസി ബുക്സ്, കോട്ടയം.
103 പുറങ്ങള്‍
വില : 80 രൂപ

ആത്മകഥയെഴുതേണ്ട ഒരാള്‍ അതിന് വിസമ്മതിച്ചാല്‍ പ്രസ്തുതജീവിതം ആരെങ്കിലും രേഖപ്പെടുത്തിയേ മതിയാവൂ. സര്‍ക്കസ്സ് കലാകാരനായും സര്‍ക്കസ്സിന്റെ പബ്ലിക് റിലേഷന്‍സ് ഓഫീസറായും ജോലിചെയ്ത ശ്രീധരന്‍ ചമ്പാട് കഥാകൃത്തും നോവലിസ്റ്റും ചലച്ചിത്രകഥാകാരനും മറ്റു പലതുമാണ്. സര്‍ക്കസ്സിനെക്കുറിച്ച് ആഴത്തില്‍ പഠിച്ച ഇദ്ദേഹത്തിന്റെ രചനകള്‍ ശ്രദ്ധേയമാണ്. എന്നാല്‍ അതില്‍ നിഴലായിപ്പോലും പകരാതിരിക്കുന്ന ഒരു ജീവിതമുണ്ട്. സര്‍ക്കസ് കമ്പത്താല്‍ ട്രപ്പീസ് കളിക്കാരനായവാന്‍ മോഹിച്ച് തമ്പിനകത്തേക്ക് പോയ ഒരു യുവാവിന്റെ കഥ. കലാകാരന്‍ എന്ന നിലയിലും എഴുത്തുകാരന്‍ എന്ന നിലയിലും താന്‍ കണ്ട തമ്പിനകത്തെ ജീവിതമാണ് ശ്രീധരന്‍ ചമ്പാടില്‍ നിന്നും വി. കെ. സുരേഷ് കേട്ടെഴുതുന്നത്.
ഏതുതരം വായനക്കാര്‍ക്കും ഹൃദ്യമാവുന്ന പുസ്തകം.

തമ്പ് പറഞ്ഞ ജീവിതം
ശ്രീധരന്‍ ചമ്പാട് /വി.കെ.സുരേഷ്
പ്രസാധനം : ഡിസി ബുക്സ്, കോട്ടയം.
310 പുറങ്ങള്‍
വില : 190 രൂപ

ആറ് കഥാകാരിമാരുടെ നാല് കഥകള്‍ വീതം സമാഹരിക്കപ്പെട്ട പുസ്തകം. സമാഹര്‍ത്താവായ ജി.ഉഷാകുമാരിയുടെ ആമുഖലേഖനം. മലയാളത്തില്‍ ഇത്തരത്തില്‍ വേറെ ഒരു പുസ്തകം ചെറുകഥയുടെ മേഖലയില്‍ ഇല്ല. എല്‍സി താരമംഗലം, ഷാഹിന. ഇ.കെ,, ശാന്തി പ്രയാഗ, സില്‍വിക്കുട്ടി, ദീപ വി.കെ.., എം.ഷരീഫ എന്നിവരാണ് ആറ് കഥാകാരിമാര്‍. ഇക്കൂട്ടത്തില്‍ ചേര്‍ത്തുപറയേണ്ടുന്ന കഥാകാരിമാര്‍ വേറെ ഉണ്ടായിരിക്കാം. മലയാളകഥയില്‍ സമകാലികമായി വേറെ സ്വരങ്ങളും പ്രമേയങ്ങളും കണ്ടെന്നും വരാം. എന്നിരുന്നാലും ശ്രദ്ധേയമാണ് ഈ സ്വരങ്ങള്‍ എന്ന് എടുത്തുപറയുകയാണ് ഈ സമാഹാരം. ഒരു ചെറുകിടപ്രസാധകന്റെ പ്രസിദ്ധീകരണം എന്ന നിലയില്‍ വേണ്ടത്ര ശ്രദ്ധലഭിച്ചിട്ടില്ലാത്ത പുസ്തകം.

സാഹിത്യത്തെ ഗൌരവമായി കാണുന്നവര്‍ക്കും കഥാവായനക്കാര്‍ക്കും വേണ്ടിയുള്ള പുസ്തകം.

ആറ് കഥാകാരികളുടെ പതിനെട്ട് കഥകള്‍
എഡിറ്റര്‍: ജി. ഉഷാകുമാരി
പ്രസാധനം : കബനി ബുക്സ്
വിതരണം: കൈരളി ബുക്സ്, കണ്ണൂര്‍.
104 പുറങ്ങള്‍
വില : 85 രൂപ

ചലച്ചിത്രസൌന്ദര്യശാസ്ത്രത്തെക്കുറിച്ച് മലയാളത്തില്‍ ഒരു വ്യത്യസ്തകപുസ്തകം.

മൂന്ന് ഭാഗങ്ങളിലായി ലോകസനിമയാണ് ഈ പുസ്തകത്തില്‍ വിഷയമാവുന്നത്,പുദോവ്കിന്‍, ഹംഗേറിയന്‍ സിനിമ എന്നിങ്ങനെ മലയാളിസമൂഹത്തന്റെ ചലച്ചിത്രഭാവുകത്വത്തിന്റെ ഭാഗമായി മാറിയ വിഷയങ്ങളെല്ലാം ഈ പുസ്തകത്തിന്റെ പരിഗണനയില്‍ വരുന്നു. പുതിയ ആലോചനകള്‍ക്ക് വഴിയൊരുക്കുവാന്‍ ഈ പുസ്തകത്തിലെ വിവരണങ്ങള്‍ പര്യാപ്തമാവും.

ഇത്തരം ഒരു വിഷയത്തിന് ഒട്ടും ആവശ്യമല്ലാത്ത ആശംസകളും അനുഗ്രഹങ്ങളും ഈ പുസ്തകത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. അവയെ അവഗണിക്കുവാന്‍ വായനക്കാര്‍ക്ക് അനായാസം സാധിക്കും.

സിനിമയെ ഇഷ്ടപ്പെടുന്നവര്‍ക്കായുള്ള പുസ്തകം.

രൂപിമങ്ങള്‍ സ്വനിമങ്ങള്‍ സിനിമയുടെ രസദര്‍ശനം
സാബു ശങ്കര്‍
പ്രസാധനം : സണ്ടേ സര്‍ക്കിള്‍, തിരുവനന്തപുരം, പാപ്പിറസ് ബുക്സ്, കോട്ടയം.
വിതരണം: പ്രഭാത് ബുക്ക് ഹൌസ്, പാപ്പിറസ് ബുക്സ്.
276 പുറങ്ങള്‍
വില : 210 രൂപ

Subscribe Tharjani |