തര്‍ജ്ജനി

രശ്മി രാധാകൃഷ്ണന്‍

മെയില്‍ : reshmirpm@gmail.com

Visit Home Page ...

സാഹിതീയം

ക്ലിയോപാട്ര

നിലാവ് പരന്നിരുന്നു...രാത്രിയില്‍ വിടരുന്ന ഏതോ കാട്ടുപൂവിന്റെ മനം മയക്കുന്ന ഗന്ധം...ശാന്തമായിരുന്ന നൈല്‍ നദിയുടെ ഓളപ്പരപ്പില്‍ ഒരു ചെറിയചലനം.. പിന്നെ അത് വലിയ ചുഴികളായി...അതെ...അവള്‍ തന്നെ...!ശിരസ്സില്‍ തിളങ്ങുന്ന മാണിക്യം...അവള്‍ എന്റെയടുത്തേക്ക്....ഹൃദയമിടിപ്പ്‌ നിയന്ത്രണാതീതമായി...ശ്വാസം കിട്ടുന്നില്ല...അവള്‍ എന്റെ ശരീരത്തിലൂടെ ഇഴഞ്ഞു.. ഇടതു നെഞ്ചിലൂടെ കഴുത്തിലെ നീല ഞരമ്പുകളില്‍ ആഞ്ഞു കൊത്തി...അമ്മേ...!!!!മരണത്തിന്റെ ലഹരിയിലെയ്ക്ക്...ഒരു നിമിഷം...ഉണരുമ്പോള്‍ ആരുമില്ല.....ശാന്തമായ കാറ്റും എന്തോ ഓര്‍മപ്പെടുത്തിക്കൊണ്ട് സിരയിലൂടെ ഒഴുകുന്ന ലഹരിയും...!!!

നീ ക്ലിയോപാട്ര.....നൈല്‍ നദിയിലെ സര്‍പ്പം...

വായനയുടെ ഓരോ രാത്രിയിലും മാസ്മരികതയുടെ പുതിയ വികാരങ്ങളുണര്‍ത്തി പുലരുമ്പോള്‍ നൈല്‍ നദിയില്‍ മറയുന്ന സര്‍പ്പം.....അവാച്യമായ ഒരു ശൂന്യത സമ്മാനിച്ചു കൊണ്ട്..പിന്നെ ഞാന്‍ ആത്മാവ് നഷ്ടപ്പെട്ട ശരീരം..ഭാവം നഷ്ടപ്പെട്ട കവിത....

നീ ക്ലിയോപാട്ര...ഉന്‍മാദിനിയായ രാജകുമാരി...

നീ എന്റെ ആരാണ്???ചരിത്രത്തിന്റെയും വായനയുടെയും വന്യവും നിഗൂഢവുമായ പെണ്ണിടങ്ങളില്‍ പലപ്പോഴും ഞാന്‍ നിന്നെ കണ്ടിട്ടുണ്ട്...ചക്രവര്‍ത്തിക്ക് പോലും അപ്രാപ്യമായ രാജപ്രൌഢിയോടെ....നിന്റെ പ്രണയത്തിനു അപാരമായ ഒരു വശ്യ ശക്തിയുണ്ട്...പ്രണയത്തിന്റെയും മരണത്തിന്റെയും മേച്ചില്‍പ്പുറങ്ങളില്‍, അനാദൃശമായ തീവ്രതയോടെ നടന്നു ,ഒടുവില്‍ അനുകന്പാര്‍ദ്രമായ ദുര്‍ബലതയോടെ വീണു തകര്‍ന്ന നിന്നില്‍ നിന്നും കാലാതിവര്‍ത്തിയായി പ്രവഹിക്കുന്നതും ഈ രണ്ടു ഭാവങ്ങള്‍ തന്നെ...!അതോ മനോഹരമായ ഒരു സ്വപ്നം പോലെ മാഞ്ഞു പോകുന്നതിനു മുന്പ് തന്നെ ഇവ രണ്ടും ഒന്നാണെന്ന് നീയറിഞ്ഞിരുന്നെന്നോ..!അതുമല്ലെങ്കില്‍ അത്യുദാത്തവും തീവ്രുമായ നിന്റെ ആത്മജ്വാലയെ താങ്ങാന്‍ ദുര്‍ബലമായ നിന്റെ ജീവന് കെല്‍പ്പില്ലായിരുന്നെന്നോ....!!!

നിന്നെ പുനര്‍വായന ചെയ്തപ്പോ മാനുഷികഭാവങ്ങളുടെ അമ്മാനമാട്ടക്കാരനായ ഷേക്സ്പിയറും ഒന്ന് പരിഭ്രമിച്ചിരിക്കാം...നിന്നെ പ്രണയിക്കാനോരുങ്ങുമ്പോ റോമന്‍ സിംഹമായ മാര്‍ക്ക് ആന്റണിയും ഒന്ന് പകച്ചിരിക്കാം...അചേതനമായ നിന്റെ ശരീരം ഏറ്റു വാങ്ങുമ്പോള്‍ അപരാജിതനായ മരണവും ഒന്ന്‍ വിറ പൂണ്ടിരിക്കാം....നീ പ്രണയത്തിലൂടെ മരണത്തെയും മരണത്തിലൂടെ പ്രണയത്തെയും സ്വന്തമാക്കുകയായിരുന്നു...!!!ആര്‍ക്കും ഒന്നിനും തടയാനാവാതെ നീ...പക്ഷെ നിനക്ക് ശേഷം വന്നവര്‍ നിന്നെയളന്നത് സ്വന്തം അല്പത്തം കൊണ്ടായിരുന്നു...നിന്റെ പെരുവെള്ളത്തെയും കൊടുംകാറ്റിനെയും അവര്‍ കണ്ണുനീരെന്നും ദീര്‍ഘനീശ്വാസമെന്നും വിളിച്ചു...നീ ഒരു ശൂന്യതയായി കടന്നു പോകുന്നത് കാണാന്‍....!!

എന്നാല്‍,ആത്മാനുഭൂതികളുടെ തീവ്രഭാവങ്ങള്‍ കൊണ്ട് സ്വന്തമാക്കി നിന്നെ ഞാന്‍ സ്നേഹിക്കുന്നു....എന്നും....നീ അപാരതയാകുന്നു....കാലത്തിനും പ്രപഞ്ചത്തിനും മുന്പ് എങ്ങു നിന്നോ ആരംഭിച്ചു,നീ കാലത്തെ പോലും കടന്നോഴുകുകയായിരുന്നു...ആര്‍ക്കും ഒന്നിനും തടയാനാവാതെ നീ...നിന്റെ ശ്വാസഗതിക്കനുസരിച്ചാണ് ഗ്രഹങ്ങള്‍ ഭ്രമണ പഥങ്ങള്‍ കണ്ടെത്തിയത്..ഈ പ്രപഞ്ചമുണ്ടായത് സൂര്യനുണ്ടായത്.. ഭൂമിയുണ്ടായത്... പിന്നെ മനുഷ്യനുണ്ടായത്.. അവന്റെയുള്ളില്‍ പ്രണയമുണ്ടായത്....
കുടിലനായ സീസറും സ്വാര്‍ത്ഥത നിറഞ്ഞ ലോകവും എന്നും നിന്റെ ലോകത്തിനപ്പുറത്ത്... നിന്റെ ആത്മാവിനെയും പ്രണയത്തെയും തൊട്ടു മലിനമാക്കാനാവാതെ ഒരിക്കലും തീരാത്ത നിരാശയോടെ...നീ കൊട്ടിയടച്ച വാതിലിനപ്പുറത്ത്...അത് കൊണ്ടാണ് ക്ലിയോപാട്ര ഞാന്‍ നിന്നെ സ്നേഹിക്കുന്നത്..അത് കൊണ്ട് മാത്രം......!!!

Subscribe Tharjani |
Submitted by Dileep Kunjaai (not verified) on Fri, 2013-02-08 23:01.

നന്നായിട്ടുണ്ട് ...കീപ്‌ ഇറ്റ്‌ അപ്പ്‌.....