തര്‍ജ്ജനി

ലാസര്‍ ഡിസില്‍വ

Visit Home Page ...

സിനിമ

വെളിച്ചമില്ലാത്ത ഇടങ്ങള്‍

ലളിതജീവിതം, അസംഭവ്യമെന്ന് തോന്നുന്നതും വലിയ ആശ്ചര്യങ്ങള്‍ സൃഷ്ടിക്കുന്നതുമായ ഒന്നും സാധാരണ സാദ്ധ്യമാക്കാറില്ല. അതുകൊണ്ടാണ് ചില സംഭവങ്ങള്‍ അത്ഭുതകരമായിരിക്കുന്നതുതന്നെ. ഇത്തരം സംഭവലളിതമായ നിത്യജീവിതങ്ങള്‍ക്ക് പുറത്ത് അവയ്ക്ക് ആലോചിക്കാനാവാത്ത എന്തൊക്കെയോ സംഭവങ്ങള്‍ എന്നാല്‍ ദിനേനയെന്നോണം അരങ്ങേറുന്നുണ്ട്. 'ദി ഇംപോസ്റ്റര്‍' (The Imposter) എന്ന ഡോക്യുമെന്‍ററി, പൊതുബോധത്തില്‍ "ഇതെങ്ങിനെ സംഭവിച്ചു?" എന്ന് തോന്നിക്കുന്ന തരത്തിലുള്ള ഒരു യഥാര്‍ത്ഥസംഭവത്തെ പിന്തുടരുകയാണ്. 1994 - 97 കാലഘട്ടത്തില്‍ നടന്ന ഈ സംഭവത്തിന്റെ അനിതരസാധാരണത്വം കൊണ്ട് തന്നെയാവും സംവിധായകന്‍ ബര്‍ട്ട് ലെയ്റ്റന്‍ (Bart Layton) തന്റെ ആദ്യ മുഴുനീള സിനിമാസംരംഭത്തിന്റെ അടിസ്ഥാനമായി ആ നാടകീയസംഭവം തെരഞ്ഞെടുത്തത്. 'മിയാമി ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലി'ല്‍ ലഭിച്ച ഏറ്റവും നല്ല ഡോക്യുമെന്ററി ചിത്രത്തിനുള്ള പുരസ്കാരം ഉള്‍പ്പെടെ, ഒരുപാട് അംഗീകാരങ്ങള്‍ ഈ ചിത്രത്തിന് കിട്ടുകയുണ്ടായി. അനേകം ടെലിവിഷന്‍ ഡോക്യുമെന്ററികളുടെ രചനയും സംവിധാനവും നിവര്‍ത്തിച്ച പരിചയവുമായാണ് ലെയ്റ്റന്‍ ഈ ഡോക്യുമെന്ററി ഫീച്ചറിലേയ്ക്കെത്തുന്നത്.

1994-ല്‍ അമേരിക്കയില്‍ നിന്നും പതിമൂന്ന് വയസ്സുള്ള ഒരു ബാലനെ കാണാതാവുന്നു. മൂന്ന് വര്‍ഷങ്ങള്‍ക്കുശേഷം അറ്റ്ലാന്റിക്കിന്റെ മറുകരയില്‍, സ്പെയിനില്‍നിന്നും ഈ പയ്യനെ മടക്കിക്കിട്ടുന്നു. അമേരിക്കന്‍ മിലിട്ടറിയുടെ ഒരു വിഭാഗം, അല്ലെങ്കില്‍ അങ്ങിനെ കരുതപ്പെട്ട ഒരുകൂട്ടം ആള്‍ക്കാര്‍,ലൈംഗീകചൂഷണത്തിനായി ഏറെ കുട്ടികളെ തട്ടിയെടുക്കുകയും, ക്രൂരമായ അതിക്രമങ്ങള്‍ക്ക് ശേഷം, ഇങ്ങിനെ യൂറോപ്പിന്റെ പല പ്രദേശങ്ങളിലും ഉപേക്ഷിക്കുകയുമായിരുന്നത്രേ. സ്പെയിനിലേയും അമേരിക്കയിലേയും പോലിസ് / ജ്യുഡിഷ്യല്‍ സംവിധാനങ്ങള്‍ ഈ കൗമാരക്കാരന്റെ ഐഡന്റിറ്റി ഏറെക്കൂറെ ഉറപ്പാക്കുന്നു. അവന്റെ സഹോദരി അമേരിക്കയില്‍ നിന്നും സ്പെയിനിലേക്ക് പറന്നെത്തി അവനെ തിരിച്ചറിയുകയും, അവനെയും കൊണ്ട് സ്വദേശത്തേയ്ക്ക് മടങ്ങുകയും ചെയ്യുന്നു. മൂന്നു വര്‍ഷം താനനുഭവിച്ച ചൂഷണവും ക്രൂരതയും താറുമാറാക്കിയ ശാരീരിക/മാനസിക നില വീണ്ടെടുത്ത് സാധാരണജീവിതത്തിലേയ്ക്ക് മടങ്ങിവരാനായി ആ കൌമാരക്കാരന്‍ ദൈനംദിനങ്ങളിലേക്ക് പതുക്കെപതുകെ വ്യവഹരിക്കാന്‍ തുടങ്ങുന്നു.

ഈ കഥ അഥവാ സംഭവം ഇവിടെ അവസാനിക്കേണ്ടതാണ്. എന്നാല്‍ അവിചാരിതമായി സംഗതികള്‍ അവിശ്വസനീയവും നിഗൂഡവുമായ വഴികളിലേക്ക് നീങ്ങുകയാണ്. ഈ സംഭവം റിപ്പോര്‍ട്ട് ചെയ്യാനായി ഒരു പ്രാദേശികപത്രം ഏര്‍പ്പാടുചെയ്ത സ്വകാര്യകുറ്റാന്വേഷകനും, ഈ കേസില്‍ ഇടപെട്ടിരുന്ന ഒരു എഫ്. ബി. ഐ ഏജന്റിനും ചില സംശയങ്ങള്‍ തോന്നുന്നു. പതിമൂന്നാമത്തെ വയസ്സില്‍ നിക്കളസ് ബാര്‍ക്ലി (Nicholas Barclay) എന്ന ബാലന്‍ ടെക്സാസില്‍ നിന്നും അപ്രത്യക്ഷമാവുമ്പോള്‍ അവന് നീലകണ്ണുകളും സ്വര്‍ണ്ണമുടിയുമാണ്‌ ഉണ്ടായിരുന്നത്. നാലുവര്‍ഷങ്ങള്‍ക്ക് ശേഷം അതെങ്ങിനെ തവിട്ടുകണ്ണുകളും ഇരുണ്ടമുടിയുമായി മാറി? ഏതവസ്ഥയില്‍ അകപ്പെട്ടാലും ഇത്തരമൊരു മാറ്റം സാദ്ധ്യമാണോ? എങ്കിലും അമ്മയും സഹോദരിയും പ്രശ്നങ്ങളൊന്നുമില്ലാതെ ആളെ തിരിച്ചറിഞ്ഞ സ്ഥിതിക്ക് ഈ സംശയങ്ങള്‍ക്ക് എന്ത് പ്രസക്തിയാണ്?

രഹസ്യാത്മകമായ ഈ ഭാഗത്തിന്റെ അനാവരണത്തിലേക്ക് സിനിമ നീങ്ങുമ്പോള്‍ , മടങ്ങിവന്നത് നിക്കളസല്ല, മാസ്റ്റര്‍ ആള്‍മാറാട്ടകാരനായ ഫ്രെഡറിച്ച് ബോദൊ (Frederic Bourdin) എന്ന ഫ്രഞ്ച് യുവാവാണെന്ന് കാഴ്ചക്കാര്‍ അറിയുന്നു. സ്പെയിനിലേയും അമേരിക്കയിലേയും നിയമസംവിധാനത്തെ അയാള്‍ വളരെ വിദഗ്ദ്ധമായി കബളിപ്പിക്കുകയായിരുന്നു. തന്നെ ചോദ്യംചെയ്യുന്ന ഉദ്യോഗസ്ഥരെ, ആ ചെറിയ നേരംകൊണ്ട് മനോവിശകലനംനടത്തി, അവരുടെ ചോദ്യങ്ങളില്‍ നിന്നുതന്നെ അവര്‍ പ്രതീക്ഷിക്കുന്ന ഉത്തരങ്ങള്‍ കണ്ടെത്തുന്ന കൊടിയ ആള്‍മാറാട്ടക്കാരനായിരുന്നു ആ യുവാവ്. ആദ്യാവസാനം ഫ്രെഡറിച്ചിന്റെ അഭിമുഖം സിനിമ ഇടവിട്ടിടവിട്ട് കാണിക്കുന്നുണ്ട്. പിന്നീട് അമേരിക്കയില്‍ നിന്നും ഫ്രാന്‍സിലേക്ക് നാടുകടത്തപ്പെട്ട അയാള്‍, സിനിമയുടെ നിര്‍മ്മാണകാലത്ത് അവിടെ സകുടുംബം കഴിയുകയാണ്. വളരെ സാധാരണമെന്നപോലെ അയാള്‍ ഓര്‍ത്തെടുക്കുന്ന തന്റെ ആള്‍മാറാട്ടഭൂതകാലത്തിന്റെ ഇഴകളിലൂടെയാണ് സിനിമയുടെ വലിയൊരുഭാഗം സംഭവങ്ങള്‍ അഭ്രപൂര്‍ണ്ണമാകുന്നത്.

ഇതൊരു ഗംഭീരസിനിമയല്ല. എന്നാല്‍ തെരഞ്ഞെടുത്തിരിക്കുന്ന വിഷയത്തോട് കലയെന്ന നിലയ്ക്ക് ഈ സിനിമ പ്രദര്‍ശിപ്പിക്കുന്ന മമത അനുകരണീയമാണ്. പ്രസാദാത്മകമായ ജീവിതങ്ങളിലൂടെയോ പ്രകാശപൂര്‍ണ്ണമായ ജീവിതപരിസരങ്ങളിലൂടെയോ അല്ല ഈ ചിത്രത്തിന്റെ സഞ്ചാരം. കഥയില്‍ പങ്കെടുക്കുന്ന, നേരിട്ട് അഭിമുഖംതരുന്ന യഥാര്‍ത്ഥമനുഷ്യരില്‍ ബഹുഭൂരിപക്ഷംപേരും രഹസ്യാത്മകവും പ്രസാദരഹിതവുമായ ജീവിതത്തിന്റെ ഉടമകളാണെന്നും, അങ്ങിനെയൊരു പതിതപ്രശ്നപ്രദേശത്തുനിന്നേ ഇത്തരത്തില്‍ നിഗൂഡമായ ഒരു സംഭവം ഉരുത്തിരിഞ്ഞ്‌ വരുകയുള്ളൂ എന്നതിനേയും പൊലിപ്പിക്കാനായി പ്രകാശത്തിന്റെ ഇരുണ്ട നിമ്നോന്നതകള്‍ ക്രിയാത്മകത തേടുന്നു ഒരോ ഫ്രെയിമിലും. ചാരനിറമുള്ള മനസ്സുകളുടെ പ്രകാശനം കാഴ്ചയുടെ വിന്യാസത്തിലൂടെ സംപ്രേക്ഷണം ചെയ്യപ്പെടുന്നു.ഫ്രെഡറിച്ചും നിക്കളസിന്റെ അമ്മയും സഹോദരിയും സഹോദരീഭര്‍ത്താവും ഒക്കെ എന്തൊക്കെയോ മറച്ചുവയ്ക്കുന്നു എന്നും ഇവരുടെയാരുടെയും ജീവിതം സുതാര്യമല്ലെന്നുമുള്ള തോന്നല്‍, സീനുകളുടെ ഇത്തരം നിറപ്പകര്‍ച്ച അനായാസം അനുവാചകനിലേക്ക് സംക്രമിപ്പിക്കുന്നു. കാഴ്ചയ്ക്ക് സവിശേഷമായ തോന്നലുകള്‍ ഉളവാക്കാനാവും എന്നത് ഏതൊരു സിനിമയുടെയും ആ നിലയ്ക്കുള്ള സര്‍ഗ്ഗാത്മകവശമാണ്. അത്രയുംതന്നെ സൂക്ഷ്മതയോടെയുള്ള ധൃതചലനങ്ങളിലൂടെയും ദൃശ്യമാറ്റത്തിന്റെ ചടുലതകളിലൂടെയും ഒക്കെയാണ് സിനിമ അതിന്റെ അപസര്‍പ്പകസ്വഭാവം മുറുക്കത്തോടെ കൊണ്ടുപോകുന്നത്. വ്യക്തികളുടെ അഭിമുഖങ്ങളും സ്ഥലപരിചയങ്ങളുമൊക്കെ കടന്നുവരുന്ന ഡോക്യുമെന്ററിയുടെ വിരസമായേക്കാവുന്ന വിന്യാസങ്ങളെ ഒഴിവാക്കാന്‍ ക്യാമറയുടേയും എഡിറ്റിങ്ങിന്റെയും ഉപയോഗം കാര്യമായ ശേഷികാണിച്ചിരിക്കുന്നു.

ഫ്രെഡറിച്ചിന് അത്രയും വ്യത്യാസങ്ങള്‍ പ്രകടമായി തന്നെ ഉണ്ടായിട്ടും എന്തുകൊണ്ടായിരിക്കാം നിക്കളസിന്റെ കുടുംബം സവിശേഷ താല്പര്യത്തോടെ അവനെ സ്വീകരിച്ചത്. ആ കുടുംബത്തോടൊപ്പമുള്ള താമസത്തിനിടയ്ക്ക് തെറ്റാതെ ഊഹിച്ചെടുത്തത് എന്ന നിലയ്ക്ക് ഫ്രെഡറിച്ച് അസന്ദിഗ്ദ്ധമായി അതിനുള്ള കാരണമായി പറയുന്നത് ഇതാണ്: ആ കുടുംബത്തിലെ ആരോ നിക്കളസിനെ കൊലപ്പെടുത്തിയിരിക്കുന്നു. കൊലപാതകുറ്റത്തില്‍നിന്നും രക്ഷപെടാന്‍ തന്നെ നിക്കളസായി സ്വീകരിക്കുക എന്നത് അവര്‍ക്ക് വളരെ സുരക്ഷിതമായ ഒരു വഴിയായിരുന്നു. ഈ വെളിപ്പെടുത്തല്‍ പ്രമേയത്തെ പുതിയ അന്വേഷണങ്ങളിലേക്ക് കൊണ്ടുപോകുന്നു. നിക്കളസിന്റെ മുതിര്‍ന്ന സഹോദരന്‍, അവന്റെ തിരോധാനത്തിനും ഏതാനും നാളുകള്‍ക്ക് ശേഷം മരണപ്പെട്ടിരുന്നു എന്ന് നമ്മള്‍ അറിയുന്നു. ലഹരിമരുന്നിന് അടിമയായിരുന്ന ആ സഹോദരന്റെ മരണത്തിന് നിക്കളസിന്റെ തിരോധാനവുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്ന ന്യായമായ സംശയത്തിലേക്ക് അനുവാചകന്‍ എത്തുന്നുണ്ട്. സിംഗിള്‍പാരന്റായ നിക്കളസിന്റെ അമ്മയും ഒരു നല്ല കുടുംബപശ്ചാത്തലത്തില്‍ ഊന്നിനിന്ന് മക്കളെ വളര്‍ത്തിയ സ്ത്രീയല്ല. സ്വന്തം ജീവിതത്തിലെ ക്രമംതെറ്റലുകള്‍ അവരെ വളരെ അബ്യൂസീവ് ആയ ഒരമ്മയാക്കി മാറ്റിയിരുന്നു എന്ന് അഭിമുഖത്തില്‍ അവര്‍ തന്നെ ഏറെക്കുറെ സമ്മതിക്കുന്നുമുണ്ട്‌ .

ഫ്രെഡറിച്ചിനെപോലെ ആ സ്വകാര്യകുറ്റാന്വേഷകനും നിക്കളസിന്റെ മരണത്തില്‍ ഉറച്ചുവിശ്വസിക്കുന്നുണ്ട്. എന്നാല്‍ അത് തെളിയിക്കാനുതകുന്ന എന്തിലേക്കെങ്കിലുമൊക്കെ തന്റെ അന്വേഷണത്തെ നീട്ടാനാവാതെ അയാള്‍ കുഴയുന്നു. നിക്കളസിന്റെ മൃതശരീരം കുഴിച്ചിട്ടത് എന്നയാള്‍ സംശയിക്കുന്ന പ്രദേശത്ത് കുഴിച്ച്, ഒന്നും കിട്ടാതെ നിരാശനായി നില്‍ക്കുന്ന ആ കുറ്റാന്വേഷകനിലാണ് സിനിമ അവസാനിക്കുന്നത്. നിക്കളസിന്റെ അപ്രത്യക്ഷമാകലിനെ ആ സന്ദിഗ്ദ്ധാവസ്ഥയില്‍ ഉപേക്ഷിക്കുകയാണ് സിനിമ. യഥാര്‍ത്ഥത്തില്‍ ആ ബാലന്റെ തിരോധാനം ഇന്നും തെളിയിക്കപ്പെട്ടിട്ടില്ല എന്നതിനാല്‍ തന്നെ കഥാന്ത്യം അങ്ങിനെയാവാനേ തരമുള്ളൂ.

ഈ സിനിമ ആശയത്തില്‍ വളരെ ഗോപ്യമായി പറഞ്ഞുപോകുന്ന ഒന്ന് അധികാരസംവിധാനങ്ങളുടെ ചില നേരത്തെ സമ്പൂര്‍ണ്ണപരാജയത്തെക്കുറിച്ചാണ്. അമേരിക്കന്‍ സര്‍ക്കാര്‍ തങ്ങള്‍ക്കു പറ്റിയ അമളി കൂടുതല്‍ വഷളാക്കാതിരിക്കാന്‍, നിക്കളസിന്റെ കൊലപാതകം തെളിയിക്കപ്പെടാതിരിക്കാന്‍ പോലും ആഗ്രഹിക്കുന്നുണ്ടാവും എന്ന തോന്നല്‍ ബാക്കിയാവുക തന്നെ ചെയ്യുന്നു. അതിനുമപ്പുറം അവസാനത്തിലേയ്ക്കെത്തുമ്പോള്‍, സിനിമ, ആദിമദ്ധ്യാന്തം സംപ്രേക്ഷണം ചെയ്യുന്ന ഇരുണ്ടവെട്ടങ്ങള്‍ പ്രസാദരഹിതമായ വീടുകളുടെ ഉള്ളറകളെ സംക്രമിപ്പിക്കുന്നു. നിക്കളസിന്റെ വീട് സമകാലജീവിതത്തിന്റെ ആധുനികപരിസരങ്ങളില്‍ , നിഷ്കാസിതതുരുത്തുകളില്‍, വളര്‍ന്നുവിളയുന്ന അശാന്തിയുടെ പ്രതിഫലനമായി കാഴ്ചക്കാരന്‍ അറിയുന്നു. ഇതിനിടയില്‍ എവിടേയ്ക്കെന്നറിയാതെ അലിഞ്ഞുപോയ നിക്കളസിനെ ഓര്‍ക്കുമ്പോള്‍, പണ്ട് സ്കൂളിലേക്ക് പോകുംവഴി കാണാറുള്ള, കവലയില്‍ നിന്ന് സുവിശേഷം പ്രസംഗിക്കുന്ന ഒരാളുടെ രണ്ടു വാക്യങ്ങള്‍, വര്‍ഷങ്ങള്‍താണ്ടി, മനസ്സില്‍ വന്നുവീഴുന്നു: നിങ്ങളുടെ ഭവനങ്ങളില്‍ വെളിച്ചം കൊണ്ടുവരുവിന്‍. നിങ്ങളുടെ സന്താനങ്ങള്‍ വെളിച്ചമുള്ളവരായി വളരട്ടെ.

Subscribe Tharjani |