തര്‍ജ്ജനി

മുഖമൊഴി

ദല്‍ഹിയില്‍ സംഭവിച്ചത്

കഴിഞ്ഞ വര്‍ഷം പടിയിറങ്ങിപ്പോയത് ദല്‍ഹിനഗരത്തെ അപ്പാടെ ഇളക്കിമറിച്ച കലാപത്തിന്റെ വാര്‍ത്തകളോടെയായിരുന്നു! ദല്‍ഹി മാത്രമല്ല രാജ്യം അപ്പാടെ ദല്‍ഹിയെ വിറകൊള്ളിച്ച ഈ സംഭവത്തിനുമുമ്പില്‍ വിറങ്ങലിച്ചുനിന്നു. ഡിസംബര്‍ 16ന് രാത്രിയാണ് ഫിസിയോ തെറാപി വിദ്യാര്‍ത്ഥിയായിരുന്ന 23കാരിയായ പെണ്‍കുട്ടി തലസ്ഥാനനഗരിയില്‍ സഞ്ചരിച്ചുകൊണ്ടിരുന്ന ബസ്സില്‍വെച്ച് മാനഭംഗത്തിന് ഇരയായത്. തന്റെ സുഹൃത്തിനോടൊപ്പം സിനിമകണ്ട് തിരിച്ചുപോകുമ്പോഴായിരുന്നു സംഭവം. ദില്ലിയിലെ സാകേതില്‍ നിന്ന് ദ്വാരകയിലേക്ക് പോവുകയായിരുന്നു ആ പെണ്‍കുട്ടിയും കൂട്ടുകാരനും. അപ്പോള്‍ സമയം 9.30 ആയിരുന്നേയുള്ളൂ. ബസ്സില്‍ അപൂര്‍വ്വം യാത്രികരേ ഉണ്ടായിരുന്നുള്ളൂ. അനധികൃതമായി കൊണ്ടുപോവുകയായിരുന്ന ബസ്സാണെന്ന് അറിയാതെയാണ് ആ പെണ്‍കുട്ടിയും കൂട്ടുകാരനും ബസ്സില്‍ കയറിയത്. ദ്വാരകയിലേക്ക് പോവുകയാണെന്ന് അറിയിച്ച് യാത്രക്കാരെ വിളിച്ചുകയറ്റുകയായിരുന്നു ബസ്സിലെ ആളുകളിലൊരാള്‍. അപകടം പ്രതീക്ഷിക്കാതെ കയറിയ യുവതിയും കൂട്ടുകാരനും വഴിമാറിയാണ് ബസ്സ് പോകുന്നതെന്ന് കണ്ടപ്പോള്‍ ചോദ്യം ചെയ്തു. അതോടെ ബസ്സിലുണ്ടായിരുന്നവരില്‍ ഒരാള്‍ യുവാവിനെ ഇരുമ്പുവടി ഉപയോഗിച്ച്ആക്രമിക്കുകയും മറ്റുള്ളവര്‍ പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തുകയും ചെയ്തു. യുവതിയും കൂട്ടുകാരനും നടത്തിയെ ചെറുത്തുനില്പിനെ സംഘമായി നടത്തിയ ആക്രമണങ്ങളിലൂടെ നേരിടുകയാണ് ബസ്സിലുണ്ടായിരുന്നവര്‍ ചെയ്തത്. കൃത്യമായ ദുരുദ്ദേശത്തോടെ ഒരു സംഘം ആസുത്രണംചെയ്ത് നടത്തിയ ആക്രമണവും മാനഭംഗവുമാണിത്. യുവതിയെ മാനഭംഗപ്പെടുത്തിയിനു ശേഷവും ആക്രമണങ്ങള്‍ തുടര്‍ന്നു. ഒടുവില്‍ യുവതിയെയും കൂട്ടുകാരനേയും ഓടുന്ന ബസ്സില്‍നിന്നും പുറത്തേക്ക് വലിച്ചെറിഞ്ഞു. യുവതിയെ ബസ്സ് കയറ്റി കൊല്ലാനും ശ്രമിച്ചു.

തലസ്ഥാനനഗരത്തില്‍ ആദ്യമായി സംഭവിക്കുന്ന ഒരു സംഭവമല്ലിത്. ഇതിലും ഭയജനകമായ സംഭവങ്ങള്‍ നിരവധി ഇതിനു മുമ്പും നടന്നിട്ടുണ്ട്. ഭരണാധികാരികളുടേയും വ്യവസായപ്രമുഖരുടേയും ഉദ്യോഗസ്ഥപ്രമാണിമാരും അവരുടെ മക്കളും ഇത്തരം സംഭവങ്ങളിലെല്ലാം പങ്കാളികളായിട്ടുണ്ടാവും. പലതും വാര്‍ത്തപോലുമാവാതെ ഒതുക്കപ്പെട്ടുപോവും. ചിലത് വാര്‍ത്തകളായി ഒന്നോ രണ്ടോ ദിവസം മാദ്ധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട് അപ്രത്യക്ഷമാവും. അപൂര്‍വ്വം ചിലത് കേസായി കോടതിയിലെത്തും. അവിടെ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുന്നത് വളരെ അപൂര്‍വ്വം സന്ദര്‍ഭങ്ങളില്‍ മാത്രം. എന്നാല്‍ ഈ പതിവുകളെയെല്ലാം തെറ്റിച്ച് യുവാക്കളുടെ നേതൃത്വത്തില്‍ പൗരസമൂഹവും ഒന്നാകെ പ്രതിഷേധം ഉയര്‍ത്തുന്നതായാണ് ഈ സംഭവത്തില്‍ നാം കാണുന്നത്. ഈ സംഭവത്തെക്കുറിച്ച് മാദ്ധ്യമങ്ങളിലൂടെ അറിഞ്ഞ യുവതീയുവാക്കള്‍ ഫേസ് ബുക്കിലൂടെ ഉയര്‍ത്തിയ പ്രതിഷേധമാണ് കലാപമായി വളര്‍ന്നത്. സിസംബര്‍ 21ന് ഇന്ത്യാ ഗേറ്റിലും റയ്‌സിനാ ഹില്‍സിലും പ്രതിഷേധക്കാര്‍ സംഘംചേര്‍ന്നു. ദില്ലി ഭരണകൂടത്തേയും സര്‍ക്കാരിനെത്തന്നെയും അമ്പരപ്പിച്ച പ്രതിഷേധമായിരുന്നു അന്നവിടെ ഉയര്‍ന്നത്. പ്രതിഷേധക്കാര്‍ക്കെതിരെ ദില്ലി പോലീസ് മര്‍ദ്ദനം അഴിച്ചുവിടുകയും കണ്ണീര്‍വാതകവും ജലപീരങ്കിയും ഉപയോഗിക്കുകയും ചെയ്തു. പ്രതിഷേധക്കാര്‍ക്കിടയില്‍ തെമ്മാടിക്കൂട്ടവും ദുരുദ്ദേശക്കാരായ രാഷ്ട്രീയക്കാരും നുഴഞ്ഞുകയറിയതായി സര്‍ക്കാരും പോലീസും ആരോപിച്ചു. ഈ ആരോപണം മാദ്ധ്യമങ്ങള്‍ ഏറ്റുപറയുകയും ചെയ്തു. പോലീസിന്റെയും റാപിഡ് ആഷന്‍ ഫോഴ്‌സിന്റേയും കരുത്ത് പ്രതിഷേധത്തിനു മുന്നില്‍ നിസ്സാരമാക്കപ്പെട്ടു. രാജ്യമാസകലം ഈ പ്രതിഷേധത്തില്‍ കണ്ണിചേര്‍ന്നു. രാജ്യത്തിന്റെ വിവിധകോണുകളില്‍ ചെറുതും വലുതുമായ നിരവധി സംഘടനകള്‍ പ്രതിഷേധസൂചകമായ പരിപാടികള്‍ സംഘടിപ്പിച്ചു. ഇതിനിടയില്‍ ഡിസംബര്‍ 29ന് സിങ്കപ്പൂരിലെ ഒരു ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവതി മരിച്ചു.

രാജ്യം അപ്പാടെ പ്രതിഷേധിച്ച ഈ സംഭവത്തെക്കുറിച്ച് രാഷ്ട്രീയക്കാരും ബുദ്ധിജീവികളും നടത്തിയ പ്രതികരണങ്ങള്‍ വിചിത്രമാണ്. തെമ്മാടിക്കൂട്ടം പ്രതിഷേധക്കാര്‍ക്കിടയില്‍ നുഴഞ്ഞുകയറിയിട്ടുണ്ടെന്നത് രാഷ്ട്രീയക്കാര്‍ നടത്തിയ വന്‍കണ്ടെത്തലാണ്. ആരാണ് ഈ തെമ്മാടിക്കൂട്ടം. തലസ്ഥാനനഗരിയിലും അധികാരത്തിന്റെ ഉപശാലകളിലും നിയമലംഘനംനടത്തി ഉപജീവനം നടത്തുന്നവരാണ് തെമ്മാടിക്കൂട്ടത്തിന്റെ സംരക്ഷകര്‍. റോഡ് സുരക്ഷാനിയമത്തിലെ വ്യവസ്ഥകള്‍ മുതല്‍ കോടികളുടെ കുംഭകോണംവരെ നടത്തി ജീവിക്കുന്ന ഈ നിയമലംഘകസമൂഹം തലസ്ഥാനനഗരത്തിലെ സാമാന്യജനത്തിന്റെ ജീവിതം ദുസ്സഹമാക്കിക്കൊണ്ട് തേര്‍വാഴ്ചനടത്തുകയാണ്. ഭരണപക്ഷവും എതിര്‍പക്ഷവും അവരവരുടേതായ നിയമലംഘകസമൂഹത്തെ തീറ്റിപ്പോറ്റി നിലനിറുത്തുന്നുണ്ട്. അനുദിനം വികസിച്ചുകൊണ്ടിരിക്കുന്ന ഒരു ക്രിമിനല്‍സമൂഹമാണ് അത്. അവര്‍ കുറ്റകൃത്യം ചെയ്താല്‍ പോലീസുകാരന് അവരെ പിടികൂടാന്‍ സാധിക്കില്ല. പിടികൂടിയാല്‍ പോലീസുകാരന്‍ പ്രശ്‌നത്തില്‍ അകപ്പെടും. ആക്രമിക്കപ്പെടും. അത്തരം പോലീസുകാരെ സംരക്ഷിക്കാന്‍ ആരും കൂടെയുണ്ടാവില്ല. ഈ തെമ്മാടിക്കൂട്ടം തങ്ങളുടെ രാഷ്ട്രീയയജമാനന്‍മാരുടെ താല്പര്യങ്ങള്‍ സംരക്ഷിക്കാനും അവനവന്റെ പരിപാടികള്‍ നടപ്പിലാക്കാനുമായല്ലാതെ പ്രവര്‍ത്തിക്കില്ല. അതിനാല്‍ ആ തെമ്മാടിക്കൂട്ടം പ്രതിഷേധക്കാരുടെ ഇടയില്‍ സാധാരണനിലയില്‍ ഉണ്ടാവാനിടയില്ല. ഇനി അഥവാ അവര്‍ അങ്ങനെ പ്രതിഷേധക്കാരുടെ ഇടയില്‍ നുഴഞ്ഞു കയറിയെങ്കില്‍, അത് അവരുടെ യജമാനന്മാരുടെ നിര്‍ദ്ദേശം അനുസരിച്ചായിരിക്കും.

രാഷ്ട്രീയക്കാര്‍ നുഴഞ്ഞുകയറിയെന്നാണ് വേറെ ഒരു വിമര്‍ശനം ഉന്നയിക്കപ്പെട്ടിട്ടുള്ളത്. രാഷ്ട്രീയക്കാര്‍ മോശക്കാരാണെന്ന് പറയുന്നത് രാഷ്ട്രീയക്കാര്‍ തന്നെയെന്നത് കൗതുകകരം. പലതരം ആവശ്യങ്ങള്‍ ഉന്നയിച്ച് രാഷ്ട്രീയക്കാര്‍ ആസൂത്രണംചെയ്ത് സംഘടിപ്പിക്കുന്ന പ്രതിഷേധത്തെക്കാള്‍ സത്യസന്ധവും കരുത്തുറ്റതുമായ സമരമാണ് കലാലയവിദ്യാര്‍ത്ഥികളും യുവജനങ്ങളും ഫേസ് ബുക്ക് കൂട്ടായ്മയിലൂടെ രൂപപ്പെടുത്തിയത്. അങ്ങനെ നടന്ന ആ പ്രതിഷേധത്തിന് നേതാവ് ഇല്ലെന്നു മാത്രമല്ല അനുയായികളും ഇല്ല. വ്യക്തികള്‍ സ്വതന്ത്രരായി തങ്ങളുടെ പ്രതിഷേധം പ്രകടിപ്പിക്കുകയാണ്. ഓരോ മാതിരി ചായംപൂശിയ കീറത്തുണിയുടെ രാഷ്ട്രീയം ഉപേക്ഷിച്ച്, രാഷ്ട്രീയത്തിന് അതീതമായി നൈതികതയുടെ സ്വരം കേള്‍ക്കപ്പിക്കുകയാണ് പ്രതിഷേധക്കാര്‍ ചെയ്തത്. അഴിമതിക്കെതിരെ അണ്ണാ ഹസാരെയുടെ നേതൃത്വത്തില്‍ സമരം നടന്നപ്പോള്‍ അതിനു പിന്തുണയുമായി വന്നെത്തിയ പൗരസമൂഹം തന്നെയാണ് ഈ പ്രതിഷേധത്തിന്റേയും ജീവനാഡി. അവര്‍ രാഷ്ട്രീയക്കാരുടെ വിടുവായത്തംകേട്ട് കയ്യടിക്കുകയും അവര്‍ ചൂണ്ടുന്നിടത്തേക്ക് നയിക്കപ്പെടുന്നവരുമല്ല. അത്തരം സ്വതന്ത്രപൗരസമൂഹത്തിന്റെ ശക്തമായ സാന്നിദ്ധ്യം പ്രകടമാക്കിയ അണ്ണാ ഹസാരെയുടെ സമരത്തിന്റെ പിന്തുടര്‍ച്ചയായാണ് ഈ സമരം വളര്‍ന്നുവന്നത്. ഇത്തരം പ്രതിഷേധങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ തലസ്ഥാനത്തെ മരപ്പിച്ചു നിറുത്തി. അവിടത്തെ അധികാരം ഈ പ്രതിഷേധത്തിനു മുന്നില്‍ പതിവ് തന്ത്രങ്ങള്‍ പ്രയോഗിക്കാനാവാതെ വിളറിനിന്നു. ഇന്ത്യയില്‍ പുതുതായി രൂപപ്പെടുന്ന സ്വതന്ത്രജനാധിപത്യരാഷ്ട്രീയത്തിന്റെ കരുത്ത് പ്രകടമാക്കുകയാണ് ദില്ലി പ്രതിഷേധം ചെയ്തത്.

ദില്ലി നഗരത്തിലെ ഇടത്തരക്കാന്‍ തെമ്മാടിക്കൂട്ടത്തില്‍ നിന്നും രാഷ്ട്രീയക്കാരനില്‍ നിന്നും നേരിടണ്ടിവരുന്ന കഷ്ടപ്പാടുകള്‍ക്കെതിരെ രൂപപ്പെട്ട സ്വാഭാവികപ്രതികരണമാണ് ബസ്സില്‍ മാനഹാനിക്കിരയാക്കപ്പെട്ട പെണ്‍കുട്ടിക്ക് നീതിയാവശ്യപ്പെട്ട്, സുരക്ഷിതമായ ജീവിതാവസ്ഥ വേണമെന്ന് ആവശ്യപ്പെട്ടും നടന്ന സമരം. ഇതിനെതിരെ അരുന്ധതി റോയ് നടത്തിയ വിമര്‍ശനം ഇത്തരം സ്വതന്ത്രമായ പ്രതിഷേധത്തെ അംഗീകരിക്കാന്‍ രാഷ്ട്രീയക്കാര്‍ക്കു മാത്രമല്ല മറ്റു പലര്‍ക്കും സാധിക്കുന്നില്ലെന്ന് വ്യക്തമാക്കുന്നു.

Subscribe Tharjani |