തര്‍ജ്ജനി

രമേശ്‌ കുടമാളൂര്‍

KPRA 140, 'പ്രണവം',
കാഞ്ഞിരംപാറ,
തിരുവനന്തപുരം.
മെയില്‍ ramesh.v67@gmail.com
ബ്ലോഗ് http://www.rameshkudamaloor.blogspot.com

Visit Home Page ...

കവിത

തെരുവിലെ ബുദ്ധന്‍

നഗരാരവത്തിന്‍ വിഴുപ്പു കുമിയുന്ന
പാതയോരത്ത് നിന്നു ബുദ്ധന്‍
തെരുവിലനാഥനായ്‌ പെറ്റുവീണതുതൊട്ടു
രോഗവും മരണവും ദാരിദ്ര്യദുഃഖവും
കണ്ടറിഞ്ഞതിനാല്‍, കൊണ്ടറിഞ്ഞതിനാല്‍
ഓര്‍മ്മയുറച്ച കാലത്തിലേ വെളിപാടു
നേടിയ ഗൌതമന്‍- ബുദ്ധന്‍.

സംത്യജിക്കാന്‍ സ്വന്തരാജ്യവും പ്രജകളും
പ്രിയമുള്ള ഭാര്യയും കുട്ടിയുമില്ലാതെ
ഓരോ നിമിഷ പുരുഷാര്‍ത്ഥവുമോരോ
ബോധിവൃക്ഷത്തണലാകയാല്‍ വെളിപാടു
ജീര്‍ണ്ണിച്ച ബുദ്ധന്‍- തഥാഗതന്‍.

വഴിയില്‍ *സുജാത പരിഹാസപ്പാല്‍ക്കുടം
തന്നില്‍ ചൊരിഞ്ഞു, ചിരിച്ചു നടന്നു പോകെ
ജടവീണ തലയിലെ ബൌദ്ധികകവചം
നഖമുനയാല്‍ കോറി നിന്നു ബുദ്ധന്‍.

തെരുവിന്റെ കോണില്‍ ചവറ്റുകൂനയ്ക്കുള്ളില്‍
എച്ചില്‍ മൃഷ്ടാന്നമായി ഭുജിക്കവേ
ഉഗ്രരോഗത്തിന്റെ വിഷബീജമായ്
നുരയ്ക്കുന്ന പുഴു, ചത്തുചീയുന്ന ജന്തുക്കള്‍,
ചിതറിവീഴുന്ന നിണ വിഹ്വലത,
ചപ്പുകള്‍, ചവറുകള്‍ ഓരോന്നി-
ലോരോന്നിലും സ്വന്ത ജന്മജന്മാന്തര
സ്വത്വങ്ങള്‍ വേറിട്ടറിഞ്ഞു ബുദ്ധന്‍.

ഒടുവിലൊരു നാള്‍ തന്റെയുന്മാദലഹരിയാം
ബോധി നട്ടുച്ചയ്ക്ക് ഉച്ചിയില്‍ ഉരുകിത്തിളയ്ക്കവേ
വഴിയിലൊരു വാഹനത്തിന്നടിയില്‍
അപകടസമാധിയില്‍ ബൌദ്ധികം
ചിതറിത്തെറിച്ചു തുലഞ്ഞു പോകെ
തുച്ഛമാം രക്തത്തിലവിടെയൊരു ശിലയില്‍
ലിഖിതമായ്‌ ഈ വിധം ധര്‍മ്മപദം...

** എറിയുന്ന വിത്തിന്നു ചേരുന്നതേ ഫലം.
നല്ലത് ചെയ് വോര്‍ക്ക് നല്ലതേ സിദ്ധം.
നന്നായ്‌ പാകിയ വിത്തില്‍ നിന്നുരുവമായ്‌
വൃക്ഷം തരും നല്‍ഫലം!
--------------------------------------------------
*Pali tradition believes that every Buddha was offered milk-rice from some maiden just before his Enlightenment. Gotama Buddha accepted the milk-rice from Sujata.

**"The kind of seed sown
will produce that kind of fruit.
Those who do good will reap good results.
Those who do evil will reap evil results.
If you carefully plant a good seed,
You will joyfully gather good fruit."- Dhammapada

Subscribe Tharjani |