തര്‍ജ്ജനി

മായ

ഹൌസ് നമ്പര്‍ -960,
സെക്ടര്‍ -10 A,
ഗുര്‍ഗാ ഓണ്‍,
ഹരിയാന.122001.
മെയില്‍: krishnamaya1967@gmail.com

Visit Home Page ...

കവിത

ദൂരം ..

ഞാന്‍ കടന്നുപോന്ന ദൂരം
നീയൊരിക്കലും കണ്ടിട്ടുണ്ടാവില്ല.
വേരുകളില്‍ നിന്ന്
ഇലകളിലെക്കുള്ള ദൂരം
ഇരുട്ടില്‍ നിന്ന്
കൂരിരുട്ടിലേക്കുള്ള ദൂരം
വളവില്‍ നിന്ന്
കൊടും വളവിലേക്കുള്ള ദൂരം
മലയില്‍ നിന്ന് മഞ്ഞിലേക്കുള്ള ദൂരം
ഇറക്കങ്ങളില്‍ നിന്ന്
കൊല്ലികളിലേക്കുള്ള ദൂരം
കടലുകളില്‍ നിന്നും
ആഴക്കടലുകളിലേക്കുള്ള ദൂരം..

ദൂരങ്ങള്‍..
അവയാണെല്ലാം നിശ്ചയിക്കുക..
അടുപ്പങ്ങള്‍
അകല്‍ച്ചകള്‍
അവക്കിടയിലെ വിടവുകള്‍ ..
നീ പഠിക്കണം ദൂരമളക്കാന്‍..
നിന്റെ മനസ്സിലെ സ്നേഹത്തിന്റെ
അറിവില്ലായ്മ കൊണ്ട്
കബളിപ്പിക്കപ്പെടാന്‍ ത്രാണിയുള്ള
മോഹങ്ങളുടെ മാപിനികള്‍ കൊണ്ട്..
എന്നിട്ടറിയണം
സ്വന്തങ്ങളിലും അടുപ്പങ്ങളിലും നിന്ന്
ഒന്നുമില്ലായ്മകളുടെ
രാജ്യന്തരങ്ങളിലേക്കുള്ള
ദൂരം എത്രയെന്നു്..
അളന്നാലും അളന്നാലും തീരാത്ത
അകലങ്ങള്‍ക്കിടയിലെ
അടുപ്പങ്ങളിലെ
അനിശ്ചിതത്വത്തിന്റെ
ദൂരമെന്തെന്നു്....

Subscribe Tharjani |