തര്‍ജ്ജനി

ഡോ.സുജ ശ്രീകുമാര്‍

ഇ മെയില്‍ : suja.thekkegramam@gmail.com

Visit Home Page ...

ലേഖനം

ഓര്‍മയില്‍ പവിഴമല്ലി പൂക്കുമ്പോള്‍.......

വേനലോര്‍മ്മകളില്‍നിറഞ്ഞുനില്ക്കുന്നത് തൊടിയില്‍ പൂത്തുലഞ്ഞുനിന്നിരുന്ന പവിഴമല്ലിയാണ്. വേനല്‍ കനിവില്ലാതെ കനക്കുമ്പോള്‍ തണലും തുണയുമായിരുന്ന പവിഴമല്ലി. ശരാശരി വണ്ണവും പൊക്കവുമുള്ള കൊച്ചുമരം. പവിഴഞെട്ടിയില്‍  മുത്തഴകാകുന്ന വെള്ളപ്പൂക്കള്‍! തുരുതുരെ പൊഴിയാന്‍ ചെറുകാറ്റു മതി. വീഴ്ച മിക്കപ്പോഴും കമിഴ്ന്നുതന്നെ. മണ്ണിന്റെ മാറില്‍ ഉമ്മവച്ചുകിടക്കുന്ന പവിഴമല്ലിപ്പൂക്കളെ 'ഉമ്മപ്പൂക്കള്‍' എന്ന് വിളിക്കാന്‍ തോന്നുമായിരുന്നു. മരച്ചുവട്ടില്‍കുരുകുരെ കരിമണിവിത്തുകളും വീഴും. ഒരു പവിഴമല്ലിയെങ്കിലുമില്ലാത്ത തൊടികള്‍ ചുറ്റുവട്ടത്തില്ലായിരുന്നു.

എല്ലാകാലത്തും പവിഴമല്ലി പൂക്കും. ഏറിയും കുറഞ്ഞും എന്നും പൂതരുന്ന പവിഴമല്ലിയെ പ്രത്യേകമായാരും പരിചരിച്ചു കണ്ടിട്ടില്ല. മിഥുനം, കര്‍ക്കടകം മാസങ്ങളില്‍ കൂടുതല്‍ പൂക്കുമെന്നാണോര്‍മ്മ. മഴയുടെ തണുപ്പും മണ്ണൊട്ടിക്കിടക്കുന്ന പവിഴമല്ലിമണവും പകര്‍ന്നുതരുന്ന അനുഭൂതി വാക്കുകളില്‍ വര്‍ണ്ണിക്കാനാവില്ല. അനുഭവിച്ചു തന്നെ അറിയണം! പൂക്കള്‍ക്ക് മൂക്ക് തുളച്ചുകയറുന്ന രൂക്ഷഗന്ധമില്ല. ഹൃദ്യമായ ഒരു നേര്‍ത്തഗന്ധമേയുള്ളൂ. കുട്ടികള്‍ പൂക്കളെ കൈക്കുടന്നയിലാക്കി കൂട്ടിത്തിരുമ്മി മണത്തുരസിക്കും. ചതഞ്ഞരഞ്ഞ പൂക്കള്‍ വലിച്ചെറിഞ്ഞുകഴിഞ്ഞും കൈവെള്ളയില്‍  നേരിയ നനവും മണവും ഏറെനേരം തങ്ങും. ഇങ്ങനെ പ്രകൃതിയുടെ നൈസര്‍ഗ്ഗിക വാസനകളിലലിഞ്ഞും ആനന്ദിച്ചുമൊക്കെ വളര്‍ന്നകുട്ടികള്‍ക്ക്  മണ്ണിനോടൊരു ജൈവബന്ധവുമുണ്ടായിരുന്നു!

കുട്ടിക്കാലത്തെ കളിയോര്‍മകളിലേയ്ക്കും ആദ്യം കടന്നുവരാറുള്ളത് പവിഴമല്ലിതന്നെ. പവിഴമല്ലിച്ചോടുകളില്‍ കളിയിടങ്ങള്‍തേടി കുട്ടിപ്പട കൂട്ടമായെത്തും. മണ്ണ് ചവിട്ടിയൊതുക്കി ചപ്പിലവിരിച്ച് ഇരിപ്പിടമാക്കി നേരമിരുളുംവരെ 'കഞ്ഞീം കറീം' കൂട്ടി കളിച്ചത് ഇന്നും ഓര്‍മയുണ്ട്. കളിപ്പേരില്‍ മാത്രമേയുള്ളു കഞ്ഞി! തിടുക്കമിട്ടൊരുക്കുന്നത് തകര്‍പ്പന്‍സദ്യതന്നെയാവും! ചെമ്പരത്തിപ്പൂവച്ചാറു, ചളിവെള്ളച്ചാറു, നന്ദ്യാര്‍വട്ടത്തോരന്‍, പലനിറപ്പൂക്കളും ഇലകളും കൂട്ടിക്കലര്‍ത്തിയ അവിയല്‍, മന്ദാരയിതള്‍ പപ്പടം ....... വിഭവങ്ങള്‍ക്ക് പഞ്ഞമില്ല! തൂശനിലയാക്കിയ ചേമ്പിലക്കഷണത്തില്‍ തുമ്പപ്പൂച്ചോറായി വിളമ്പിയിരുന്നത്  പവിഴമല്ലിപ്പൂവിതളുകളായിരുന്നു. 

ഓണക്കാലമായാല്‍ പവിഴമല്ലിക്കു പകിട്ടേറിയതായി  തോന്നും.ഓരോ  പൂമരച്ചോടും  മുത്തുപവിഴങ്ങള ള്‍ പതിച്ചപൂക്കളമായിമാറിയിരുന്നു. ഉമ്മറത്തിണ്ണയില്‍  പാട്ടിയെഴുതിയ  (അഗ്രഹാരത്തില്‍ താമസിക്കുന്ന മുത്തശ്ശിയെ പാട്ടി എന്ന് വിളിച്ചിരുന്നു) അരിപ്പൊടിക്കോലങ്ങള്‍ക്ക് മീതെ  അത്തക്കള മൊരുക്കാന്‍ തിടുക്കംകൂട്ടിക്കൊണ്ട്കുട്ടിപ്പെണ്‍പട  പവിഴമല്ലിച്ചുവട്ടിലെത്തും .പിന്നെഅവരവരുടെപാവാടപ്പൂക്കൂട  നിറയ്ക്കുന്നതിനുള്ള  തിക്കും തിരക്കുമാണ് . കൈവേഗം കൂടുതലുള്ളവര്‍  പൂക്കളേറെ പെറുക്കും. മരച്ചുവട്ടില്‍ പൂവൊന്നുപോലും ശേഷിച്ചിട്ടില്ലെന്നു് ഉറപ്പാകുംവരെ തിരുതകൃതിയായി പൂപെറുക്കല്‍  തുടരും. ഞെട്ടി മേലോട്ടാക്കി കിടക്കുന്ന പൂക്കള്‍ പെറുക്കിയെടുക്കാനും എളുപ്പമാണ്. മണ്ണൊട്ടിക്കിടന്നാലും പൂക്കളില്‍ ചളി പറ്റിയിട്ടുണ്ടാവില്ല. നഖക്ഷതമേറ്റാല്‍ ഇതളുകള്‍ മഞ്ഞളിച്ചുപോകുമെന്നതിനാല്‍ അല്പം സൂക്ഷ്മത പാലിക്കണമെന്നേയുള്ളൂ.

നിറഞ്ഞു കവിഞ്ഞ പാവാടപ്പൂക്കൂടയും ചുറ്റിപ്പിടിച്ച് കുട്ടിപ്പട ഓടിയെത്തുന്നത്  ഉമ്മറത്തി ണ്ണ യിലെ  അരിപ്പൊടിക്കോലത്തിനടുത്തേയ്ക്കാണ് അവരവര്‍ ശേഖരിച്ച പവിഴമല്ലികള്‍ കോലങ്ങള്‍ക്കുമേലേ ചൊരിഞ്ഞ് അരിപ്പൊടിക്കോലങ്ങളെ അരുമപ്പൂക്കളങ്ങളാക്കാന്‍ അവര്‍ക്ക് ഏറെനേരമൊന്നും വേണ്ട. ഈ പൂക്കളങ്ങളില്‍ മറ്റു നാട്ടുപൂക്കളങ്ങളും ഇടം നേടാറുണ്ടെങ്കിലും കളത്തിനു അഴകും മിഴിവുമാകുന്നതു പവിഴമല്ലിതന്നെ. മറ്റു പൂക്കളൊന്നും കിട്ടിയില്ലെങ്കിലും പൂവിടല്‍ മുടങ്ങാറില്ല. അരിപ്പൊടിക്കോലങ്ങള്‍ വെറും പവിഴമല്ലിക്കളങ്ങളാകുമെന്നേയുള്ളൂ. ഞെട്ടുമാത്രം നിറച്ച പവിഴക്കളങ്ങളും ഞെട്ടും ഇതളുകളും ഒന്നിടവിട്ടു നിറച്ച ഇരുവര്‍ണ്ണക്കളങ്ങളും അത്തക്കളമാകുന്ന ദിവസങ്ങളുണ്ടാകും. ഒറ്റപ്പൂവുകൊണ്ടുതന്നെ വൈവിദ്ധ്യമാര്‍ന്ന പൂക്കളമൊരുക്കാന്‍ വൈദഗ്ദ്ധ്യമുള്ളവരായിരുന്നു അന്നത്തെ കുട്ടികള്‍.

അക്ഷരങ്ങളുടെ വടിവും ഘടനയും ഹൃദിസ്ഥമാക്കിയതിനു്   പിന്നിലുമുണ്ട്  ഒരു പവിഴമല്ലിക്കഥ! കുട്ടികള്‍ കൂട്ടമായിരുന്നു് പച്ചീര്‍ക്കില്‍കൊണ്ട് മണ്ണില്‍ അക്ഷരമെഴുതും. അതിനുമീതെ പവിഴമല്ലികള്‍ പതിച്ചു മോടിപിടിപ്പിക്കും. വടിവൊത്തെഴുതിയെങ്കിലേ  അക്ഷരപ്പൂക്കള്‍ക്ക് പകിട്ടേറുകയുള്ളൂ. അതുകൊണ്ട് ഘടനയും വടിവുമറിഞ്ഞ് അക്ഷരങ്ങളെഴുതാന്‍ കുട്ടികളെ ആരും നിര്‍ബന്ധിക്കേണ്ടിയിരുന്നില്ല! ആശാന്‍ കളരികളിലും അംഗനവാടികളിലുമൊന്നും പോകാതെ വടിയുടെ ചൂടും അടിയുടെ നോവുമറിയാതെ എഴുത്തുപഠിക്കുവാന്‍ പ്രകൃതിയൊരുക്കിയ അക്ഷരക്കളരികളായിരുന്നു അന്ന് പവിഴമല്ലിച്ചുവടുകള്‍ !

പവിഴമല്ലിമാല കൊരുക്കുന്നതില്‍ പെണ്‍കുട്ടികള്‍ക്കുള്ള വിരുത് പറഞ്ഞറിയിക്കുക വയ്യ! മാല കൊരുക്കുന്നതിനും പ്രത്യേക ചിട്ടയും രീതിയുമൊക്കെയുണ്ട്. ആദ്യം പൂക്കള്‍ പെറുക്കിക്കൂട്ടി കൂമ്പാരമാക്കും. ഉണങ്ങിയ വാഴനാര് നൂല്‍ വണ്ണത്തില്‍ കീന്തിയെടുത്ത് പാകത്തിനു നീളത്തില്‍മുറിച്ച് ഓരോരുത്തരും കരുതിവച്ചിരിക്കും. പവിഴമല്ലിക്കൂമ്പാരത്തിനു ചുറ്റും ചമ്രംപടിഞ്ഞിരുന്ന് പൂവുകള്‍ ഓരോന്നായെടുത്ത് വാഴനാരില്‍കോര്‍ക്കും. ഞെട്ട് പിളര്‍ന്നുപോകാതെ വളരെ സൂക്ഷ്മതയോടെ വേണമിത് ചെയ്യാന്‍. ശ്രദ്ധയും സൂക്ഷ്മതയും പാലിക്കുന്നവര്‍ക്കേ പൂവ് പിളരാതെ മാലകൊരുക്കാനാവൂ. എത്ര നേരമിരുന്നാലും മടുപ്പ് തോന്നിയിരുന്നില്ല. ഏകാഗ്രത അഭ്യസിക്കാനുള്ള സ്വാഭാവികമാര്‍ഗ്ഗം തന്നെയായിരുന്നു ഈ മാലകൊരുക്കല്‍. കൊരുത്ത മാല ആദ്യമൊന്നു കഴുത്തിലിട്ട് നടക്കും. പിന്നെ കൈവളയും  തോള്‍വളയു മൊക്കെയാക്കും! ശകന്തളയും സീതയുമെല്ലാം ഇങ്ങനെ കുട്ടിക്കൌതുകങ്ങളില്‍ പുനര്‍ജ്ജനിക്കുമായിരുന്നു! പൂജമുറിയിലെ ഛായാപടങ്ങളിലും ഇവ അലങ്കാരമാലയാകും.

അതിരാവിലെ കുളികഴിഞ്ഞു് കുട്ടികള്‍ പവിഴമല്ലി പെറുക്കി കരുവട്ടി (ഈറ കൊണ്ടുള്ള ചെറിയ കുട്ട) നിറച്ചുവയ്ക്കും. മുതിര്‍ന്നവര്‍ സമീപത്തുള്ള ക്ഷേത്രങ്ങളിലിതു സമര്‍പ്പിക്കും. സോപാനത്തില്‍ നിരക്കുന്ന പൂവട്ടികളുമെടുത്താവും പൂജകന്‍ ശ്രീകോവിലിനുള്ളില്‍ കയറുക. അങ്ങനെ അര്‍ച്ചനപ്പൂക്കളായി പവിഴമല്ലി ഈശ്വരനിലുമലിയും!

കൌമാരത്തിന്റെ പ്രണയകൌതുകങ്ങള്‍ക്ക് ഇടമൊരുങ്ങിയിരുന്നതും  ഈ പവിഴമല്ലിച്ചുവടുകളില്‍ത്തന്നെ. അതുകൊണ്ടാവണം പവിഴമല്ലിയോര്മകളില്‍ പ്രണയവും ഇഴചേര്‍ന്ന് കിടക്കുന്നത്! ആളൊഴിഞ്ഞ ഉച്ചനേരങ്ങളില്‍ കൌമാരക്കാരായ ആണും പെണ്ണും ഇവിടെകൂടും. കടക്കണ്ണെറിയലും കിന്നാരംപറയലും കത്ത് കൈമാറലുമൊക്കെയായി പ്രണയനിമിഷങ്ങള്‍ ആര്ദ്രമാകും. മുതിര്‍ന്നവരുടെ മുരടനക്കങ്ങളില്‍ ഇവര്‍ പെട്ടെന്ന് വഴിപിരിഞ്ഞകലുകയുംചെയ്യും. വെറും നേരമ്പോക്ക് പ്രണയങ്ങളാണേറെയും.വിവാഹത്തോളമെത്തിയവ അപൂര്‍വ്വം ചിലത് മാത്രം.

ഓര്‍മയിലിങ്ങനെ നൂറഴകായി നിറയുന്ന  പവീഴമല്ലിയുടെ കടയ്ക്കല്‍ മഴുപതിച്ചത്  നിനച്ചിരിക്കാതെയാണ്. ചെറുചെടികളെയൊന്നും തളിരിടാന്‍ അനുവദിക്കാതെ നിഴല്‍പരത്തി  താന്തോന്നിത്തംകാട്ടുന്നുവെന്ന്പറഞ്ഞു  മുത്തച്ഛന്‍ പവിഴമല്ലിയുടെ കടയറത്ത്  കലിയടക്കി. തടി മിനുക്കിയെടുത്തു തൂമ്പാക്കൈയുമാക്കി. വേരറ്റുപോയ പവിഴമല്ലിക്കാലത്തിന്റെ അടയാളമായി അടുത്തകാലംവരെ എടുത്തുവച്ചിരുന്ന തൂമ്പാക്കൈയും ചിതലെടുത്തപ്പോഴാണ് തൊടിയില്‍ പുതിയ പവിഴമല്ലികള്‍ വേരോടണമെന്നുള്ള മോഹമുണര്‍ന്നത്. കാലം വൈകിയല്ലോ എന്ന ആന്തലുണ്ടായത് ! തേടിപ്പിടിച്ചു് കൊണ്ടുവന്നുനട്ട പവിഴമല്ലിത്തൈകള്‍ ഇന്ന് മണ്ണില്‍ വേരാഴ്ത്തി തഴച്ചുതുടങ്ങിയിരിക്കുന്നു. മലയാളമണ്ണിലിനിയുമിനിയും പവിഴമല്ലികള്‍ തളിര്‍ക്കണം. മണ്ണോട്ടിക്കിടക്കുന്ന ഉമ്മപ്പൂക്കള്‍ വിരിയണം! ആര്‍ക്കും അറുത്തെറിയാനാവാത്ത പവിഴമല്ലിക്കാലങ്ങള്‍ മടങ്ങിയെത്തണം..........

Subscribe Tharjani |
Submitted by padmachandran (not verified) on Wed, 2013-01-09 14:40.

ടീച്ചറെ സംഭവം കലക്കി. ഈ പവിഴമല്ലി പവിഴമല്ലി എന്നൊക്കെ പാട്ടിലൊക്കെ കേട്ടിട്ടുണ്ടെങ്കിലും ഇത് വായിച്ചപ്പോഴാണ് ഞാന്‍ ഉദ്ദേശിച്ച പൂവേ അല്ല എന്ന് മനസ്സിലായത്. ഒരു പവിഴമല്ലിമരത്തിന്റെ ഫോട്ടോ കൂടി ചേര്‍ക്കാമായിരുന്നു.

Submitted by ചന്ദ്രശേഖരന്‍.പി. (not verified) on Thu, 2013-01-31 15:44.

നാട്ടിന്‍പുറത്തെ ഞങ്ങളുടെ വീട്ടുമുറ്റത്തും ഒരു വലിയ പവിഴമല്ലിമരം ഉണ്ടായിരുന്നു. സന്ധ്യക്ക് അതില്‍ പൂക്കള്‍ വിരിയുമ്പോള്‍ മുറ്റത്തും ഉമ്മറക്കോലായിലും അകത്തളത്തിലുമൊക്കെ അതിന്റെ നനുത്ത വാസന വന്നു നിറയും. ആ വാസനയും നുണഞ്ഞുകൊണ്ട് നിലാവ് മുറ്റത്തും ചെടിപ്പടര്‍പ്പുകളിലും വരയ്ക്കുന്ന ചിത്രങ്ങളിലേക്ക് നോക്കി മണിക്കൂറുകളോളം ഇരുന്നിട്ടുണ്ട്‌.

പവിഴമല്ലിപ്പൂക്കള്‍ കൊണ്ട് പീപ്പിയുണ്ടാക്കിയിട്ടുണ്ട്. ഇതളുകള്‍ പതുക്കെ പറിച്ച്കളഞ്ഞ് പൂവിന്റെ തണ്ടിനകത്തെ ചെറിയ പരിപ്പുപോലെയുള്ള ഭാഗം ഒരു നേരിയ ഈര്‍ക്കില്‍ കൊണ്ട് പുറത്തേക്കു തള്ളിക്കളഞ്ഞ് തണ്ടിന്റെ പുറകുവശം ചുണ്ടില്‍ വച്ച് പതുക്കെ ഊതുക. നേര്‍ത്ത ഒരു "പീഈഈഈഇ...." ശബ്ദമുണ്ടാകും. ബാല്യത്തിന്റെ മുഗ്ദ്ധമായ ഓര്‍മ്മകളില്‍ ഒന്നാണത്‌.

സുജ ശ്രീകുമാറിന്റെ ലേഖനം ഒരുപാട് ഓര്‍മ്മകളുടെ കെട്ടുകള്‍ അഴിച്ചുവിട്ടു. നന്ദി.