തര്‍ജ്ജനി

പരിസ്ഥിതി

വിംസ് മെഡിക്കല്‍ കോളേജ് വയനാട്ടില്‍ ഉയര്‍ത്തുന്ന വിവിധ മലിനീകരണ പാരിസ്ഥിതിക പൊതുജനാരോഗ്യ പ്രശ്നങ്ങള്‍

കേരളത്തിലെ ഏറ്റവും പിന്നോക്ക ജില്ലയായ വയനാടിന്റെ ആരോഗ്യ രംഗത്തെ പിന്നോക്കാവസ്ഥയും വിദഗ്ദ്ധ സ്ഥാപനങ്ങളുടെ അഭാവവും ചൂണ്ടിക്കാട്ടി മൂപ്പൈനാട് പഞ്ചായത്തിലെ കോളേരി എസ്റ്റേറ്റില്‍ ആരംഭിക്കുന്ന'വയനാട് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് 'മെഡിക്കല്‍ സയന്‍സ് (വിംസ്) എന്ന പേരില്‍ നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നു. വയനാട് ജില്ലയിലെ പ്രധാന ശുദ്ധജലസംഭരണിയായ കാരാപ്പുഴ ജലസംഭരണിയോട് വളരെ അടുത്ത് സ്ഥിതി ചെയ്യുന്ന പ്രസ്തുത സ്വകാര്യ-സ്വാശ്രയസ്ഥാപനം ഉണ്ടാക്കാവുന്ന മലിനീകരണ-പാരിസ്ഥിതിക പ്രത്യാഘാതങ്ങളും, മെഡിക്കല്‍ മാലിന്യങ്ങള്‍ കുടിവെള്ളത്തില്‍ എത്തിപ്പെടുമോ എന്ന ആശങ്കകളുമായി ബന്ധപ്പെട്ട് രൂപംകൊണ്ട കാരാപ്പുഴ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ രൂപീകരിച്ച വിദഗ്ദസമിതിയുടെ നിഗമനങ്ങളും നിര്‍ദ്ദേശങ്ങളും അടങ്ങിയ റിപ്പോര്‍ട്ടിന്റെ പ്രസക്ത ഭാഗങ്ങള്‍.

വയനാട് ജില്ലയില്‍ മൂപ്പൈനാട്, മുട്ടില്‍, അമ്പലവയല്‍ പഞ്ചായത്തുകളിലായി 62 sq. km. ക്യാച്ച്‌മെന്റ് ഏരിയയും 8.55 sq. km വാട്ടര്‍ സ്‌പ്രെഡ് ഏരിയയും 76.5 മില്യണ്‍ ഘന മീറ്റര്‍ ജലസംഭരണ ശേഷിയുമുള്ളതാണ് കാരാപ്പുഴ ജലസംഭരണ പദ്ധതി. കാര്‍ഷിക ജലസംഭരണിയായി വിഭാവന ചെയ്ത് തുടങ്ങിയ പദ്ധതി ലക്ഷ്യം കണ്ടില്ലെങ്കിലും നഗര മാലിന്യങ്ങളോ, രാസ മാലിന്യങ്ങളോ കലരാത്ത കേരളത്തിലെ തന്നെ ഏറ്റവും മികച്ച ശുദ്ധ ജല സ്രോതസ്സായി കണക്കാക്കാവുന്നതാണ്. കല്‍പ്പറ്റ മുന്‍സിപ്പാലിറ്റി അടക്കം വയനാട് ജില്ലയിലെ 3 താലൂക്കുകളില്‍ രണ്ടെണ്ണത്തിലെ മുഴുവന്‍ പഞ്ചായത്തുകളും സമ്പൂര്‍ണ്ണ കുടിവെള്ള പദ്ധതിപ്രകാരം പൊതുജല വിതരണത്തിനായി ആശ്രയിക്കുന്നത് കാരാപ്പുഴ പദ്ധതിയെയാണ്.

1. വയനാട് ജില്ലയിലെ വൈത്തിരി താലൂക്കിലെ മൂപ്പൈനാട് പഞ്ചായത്ത് ബ്ലോക്ക് നമ്പര്‍ 29, 30 സര്‍വ്വേ നമ്പര്‍ 64/1 64/2 658/4 64/4 ലായി വ്യാപിച്ചു കിടക്കുന്ന 450 ഏക്കര്‍ തോട്ടം ഭൂമിയുടെ രേഖകള്‍ ആണ് പദ്ധതി നിര്‍മ്മാണ സ്ഥലമായി സമര്‍പ്പിച്ചിരിക്കുന്നത് (വൈത്തിരി സബ് രജിസ്റ്റട്രാര്‍ ഓഫീസ് (DoC: No. 5027/2008 dated 31/12/2008) 750 ല്‍ പരം കിടക്കകളോട് കൂടിയ ദിനംപ്രതി 6 മുതല്‍ 10 വരെ ലക്ഷം ലിറ്റര്‍ ജലം ഉപയോഗിക്കുന്നതാണ് നിര്‍ദ്ദിഷ്ഠ മെഡിക്കല്‍ കോളേജ് പദ്ധതിഎന്ന് രേഖകള്‍ വ്യക്തമാക്കുന്നു. ഇത്തരത്തില്‍ അമിതമായ ജലമെടുക്കല്‍ സംഭരണിയുടെ തൊട്ടുമുകള്‍ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതോട് കൂടി പരിസരങ്ങളിലെ കിണര്‍ ജലം മലിനമാകാനും ജലനിരപ്പ് താഴാനും ജലക്ഷാമം രൂക്ഷമാകാനും കാരണമാകും. 2010 ല്‍ കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് നടത്തിയ പഠനം അനുസരിച്ച് ദിനം പ്രതി കിടക്ക ഒന്നിന് 450 ലിറ്റര്‍ മലിന ജലം ഉല്‍പ്പാദിപ്പിക്കപ്പെടുന്നു അതായത് ഏറ്റവും ചുരുങ്ങിയത് 3.5 ലക്ഷം ലിറ്റര്‍ മലിന ജലം 3 ടണ്‍ മാലിന്യം, ഏകദേശം അത്രതന്നെ ബയോമെഡിക്കല്‍ മാലിന്യം എന്നിവ പുറംതള്ളാന്‍ സാധ്യതയുള്ളതുമാണ്. ഇതിനു പുറമെ ജീവനക്കാര്‍, രോഗികള്‍, ബന്ധുക്കള്‍, സന്ദര്‍ശകര്‍ തുടങ്ങിയവര്‍ പുറംതള്ളുന്ന വിവിധ മാലിന്യങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു.

ആശുപത്രിയില്‍ നിന്നുള്ള മലിനജലം ശുദ്ധീകരണ പ്ലാന്റിലൂടെ കടത്തിവിട്ട് അള്‍ട്രാവയലറ്റ് രശ്മികള്‍ ഉപയോഗിച്ച് ശുദ്ധീകരിച്ച് പുറത്തുവരുന്ന ജലത്തിന്റെ 40% പുനര്‍ ഉപയോഗിക്കുകയും 60% തോട്ടം നനയ്ക്കാന്‍ ഉപയോഗിക്കുകയും ചെയ്യുമെന്നാണ് മാനേജ്‌മെന്റ് പ്രതിനിധികള്‍ ഇതുമായി ബന്ധപ്പെട്ടു നല്‍കിയ വിവരം. എന്നാല്‍ സ്ഥലത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ കൊണ്ട് തോട്ടം നനയ്ക്കാന്‍ ഉപയോഗിക്കുന്ന ജലത്തില്‍ നല്ലൊരുശതമാനവും വാര്‍ന്ന് കാരാപ്പുഴ ജലസംഭരണിയില്‍ എത്താന്‍ മണിക്കൂറുകള്‍ മാത്രം മതിയാകും. ജില്ലയിലെ പകുതിയോളം പ്രദേശത്തെ കുടിവെള്ള പദ്ധതിയിലേക്ക് ആശ്രയിക്കുന്ന സംഭരണിയാണ് മലിനമാകുന്നതെന്നത് അധികാരികള്‍ ഗൗരവത്തില്‍ എടുത്തിട്ടില്ല.

പൊതുജനങ്ങള്‍ക്ക്ഭാവിയില്‍ഉണ്ടായേക്കാവുന്നആരോഗ്യ-പാരിസ്ഥിതിക പ്രശ്‌നങ്ങളെക്കുറിച്ച് യാതൊരു വിധ ശാസ്ത്രീയ പഠനങ്ങളും നടത്താതെയും ലക്ഷകണക്കിന് പൊതുജനങ്ങളുടെ കുടിവെള്ള സ്രോതസിന്റെ സാമീപ്യം പരിഗണിക്കാതെയും ഒരു സ്വകാര്യ-സ്വാശ്രയ മെഡി ടൂറിസം പദ്ധതിക്ക് അനുമതി നല്‍കുന്ന സംസ്ഥാനം ഒരു പക്ഷെ ലോകത്ത് തന്നെ ആദ്യത്തേത് കേരളമായിരിക്കും മാത്രമല്ല ഇത്തരം വിദ്യാഭ്യാസ-ചികിത്സാ കേന്ദ്രങ്ങളോട് അനുബന്ധിച്ച് സ്വാഭാവികമായും ഉയര്‍ന്നു വരുന്ന ടൗണ്‍ഷിപ്പ് ഉത്പ്പാദിപ്പിക്കുന്ന മാലിന്യവും ആത്യന്തികമായി താങ്ങേണ്ടിവരുന്നത് കാരാപ്പുഴ തന്നെയാണ്. വലിയതോതില്‍ ജലം ഉപയോഗിക്കുകയും ഖര-ജൈവ മാലിന്യങ്ങള്‍, ബയോമെഡിക്കല്‍ മാലിന്യങ്ങള്‍ എന്നിവ പുറംതള്ളുകയും ചെയ്യുന്ന വിംസ് മെഡിക്കല്‍ കോളേജ് പദ്ധതിയെക്കുറിച്ച് ആലോചനാഘട്ടത്തിലോ, അനുമതി നല്‍കിയ ഘട്ടത്തിലോ ബന്ധപ്പെട്ട അധികാരികളില്‍ ആരും തന്നെ യാതൊരു വിധ പഠനങ്ങളും നടത്തിയിട്ടില്ല. കാരാപ്പുഴ ഡാമിലേക്ക് ജലം എത്തിക്കുന്ന മൂന്ന് അരുവികള്‍ ഒഴുകുന്നത് മെഡിക്കല്‍ കോളേജ് നിര്‍മ്മാണം നടന്നുവരുന്ന കുന്നിന്റെ വശങ്ങളിലൂടെ ആണ്. പ്രസ്തുത അരുവികളിലൂടെ ഒഴുകുന്ന ജലം അരമണിക്കൂറിനുള്ളില്‍ ഡാമില്‍ എത്തിച്ചേരും. മേല്‍പറഞ്ഞ വസ്തുതകളും, ജലസംഭരണിയുമായുള്ള സാമീപ്യവും, ഭൂമി ശാസ്ത്രപരമായ പ്രത്യേകതയും പരിഗണിക്കുമ്പോള്‍ വിംസ് മെഡിക്കല്‍ കോളേജ് കാരാപ്പുഴ ശുദ്ധജലസംഭരണിയെ മലിനപ്പെടുത്തും എന്ന കാര്യം പഠനസംഘത്തിന് ഉറപ്പിച്ച് പറയാന്‍ കഴിയും.

2. ഇന്‍ഡ്യയിലെയും കേരളത്തിലെയും നിലവിലുള്ള മെഡിക്കല്‍ കോളേജ്-ആശുപത്രി അനുബന്ധ മാലിന്യപ്രശ്‌നങ്ങളും അവ ഉയര്‍ത്തുന്ന വെല്ലുവിളികളും പരിഗണിക്കുമ്പോള്‍ മറ്റു പ്രദേശങ്ങളിലെ പദ്ധതികളെക്കാള്‍ കൂടുതല്‍ അപകട സാധ്യത വിംസ് മെഡിക്കല്‍ കോളേജ് പദ്ധതിയില്‍ അടങ്ങിയിരിക്കുന്നു. ആശുപത്രികളില്‍ നിന്നും പുറത്ത് വരുന്ന ബയോ-മെഡിക്കല്‍ മാലിന്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള കുറ്റമറ്റ ഒരു സംവിധാനം നടപ്പിലാക്കാന്‍ കേരളത്തില്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ അന്താരാഷ്ട്ര നിലവാരമുള്ള മാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കുന്നുണ്ട് എന്ന് ബന്ധപ്പെട്ട അധികാരികളെ ബോധ്യപ്പെടുത്തുമ്പോഴും നിര്‍മ്മാണം നടക്കുന്ന പ്ലാന്റ് മറ്റു മാലിന്യങ്ങളുടെ സംസ്‌കരണത്തിനാണെന്നും ആശുപത്രി മാലിന്യസംസ്‌കരണം ഐ. എം. എ. നടപ്പിലാക്കുന്ന 'ഇമേജ്' പദ്ധതിയും ആയി സഹകരിച്ച് നടപ്പിലാക്കും എന്നാണ് മാധ്യമങ്ങള്‍ക്ക് മുന്നില്‍
മാനേജ്‌മെന്റ് പ്രതിനിധികള്‍ പ്രസ്താവിച്ചത്. മാനേജ്‌മെന്റ് വാഗ്ദാനം ചെയ്യുന്ന മുഴുവന്‍ സാങ്കേതിക വിദ്യയുടെയും ന്യൂനതയില്ലാത്ത പ്രവര്‍ത്തനം പ്രതീക്ഷിച്ചാല്‍ പോലും പദ്ധതി പ്രദേശത്തും പരിസരങ്ങളിലും കഴിഞ്ഞ 3 വര്‍ഷം മാത്രം രേഖപ്പെടുത്തിയ ഉരുള്‍പ്പൊട്ടലടക്കം 60 ഓളം Land sliding-ങ്ങും (ഭൂമി നിരങ്ങി നീങ്ങല്‍), മെഡിക്കല്‍ കോളേജിനുവേണ്ടി മലയിടിച്ചും മരം മുറിച്ചും നടത്തിയ അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന മാലിന്യപ്ലാന്റ് കുന്നിന്റെ താഴെയറ്റം നീര്‍ച്ചാലിനോട് ചേര്‍ന്നാണ് എന്നുള്ളതും പരിശോധിച്ചാല്‍ മാലിന്യസംസ്‌കരണം പ്ലാന്റ് അടക്കമുള്ള മുഴുവന്‍ നിര്‍മ്മാണങ്ങളും സുരക്ഷിതമല്ലയെന്ന് ബോധ്യമാകും. അപ്രതീക്ഷിത മലയിടിച്ചിലു മൂലം മാനേജ്‌മെന്റിന് തന്നെ മൂന്നുതവണ കെട്ടിടങ്ങളുടെ നിര്‍മ്മാണ സ്ഥലവും രൂപവും (Skech & Plan) മാറ്റേണ്ടി വന്നതായും മാനേജ്‌മെന്റിനോട് സംസാരിച്ചതില്‍ നിന്ന് പഠന സംഘത്തിനു ബോധ്യം വന്നിട്ടുള്ളതാണ്.

3. വൈത്തിരി താലൂക്കിലെ മൂപ്പൈനാട് പഞ്ചായത്തില്‍ പശ്ചിമഘട്ട മലനിരകളുടെ ചരിവില്‍ 70 വര്‍ഷത്തില്‍ അധികമായി തോട്ടമായി നിലനിര്‍ത്തിയിരിക്കുന്ന കോളേരി എസ്റ്റേറ്റിന്റെ കൈമാറ്റവും തരമാറ്റലും നിയമലംഘനമാണ്. സത്യസന്ധരായ ഉദ്യോഗസ്ഥര്‍ക്ക് മുകളില്‍ പോലും സമ്മര്‍ദ്ദം ചെലുത്തിയാണ് 2010 അവസാനത്തോടുകൂടി ഈ സ്ഥാപനം തുടങ്ങുന്നതിനുള്ള ശ്രമങ്ങള്‍ നിയമത്തിന്റെ പഴുതുകള്‍ ഉപയോഗിച്ചുകൊണ്ടും, നിയമത്തെ മറികടന്നുകൊണ്ടും ആരംഭിക്കുന്നതെന്ന് ലഭ്യമായ രേഖകളുടെ പരിശോധനയില്‍ സുവ്യക്തമാണ്.

അതീവ പാരിസ്ഥിതിക പ്രാധാന്യമുള്ള പശ്ചിമഘട്ട നിരകളില്‍ ഉള്‍പ്പെടുന്ന പ്രദേശമാണിതെന്ന് സ്ഥലം സന്ദര്‍ശിച്ചതില്‍ നിന്നും പരിശോധനയില്‍ നിന്നും മനസിലാക്കാം. വ്യാപകമായ തരം മാറ്റലും കുന്നിടിക്കലും, കാരാപ്പുഴ ജലസംഭരണിയിലേക്കുള്ള നീര്‍ച്ചാലുകളെ മലിനപ്പെടുത്തുകയും ഒരു നീര്‍ച്ചാലിന്റെ സ്വാഭാവിക ഒഴുക്കിനെ തടയണ കെട്ടി തടഞ്ഞും, മണ്ണിട്ടു നികത്തിയുമാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. യാതൊരുവിധ നിയമപരമായ അനുമതിയോ മറ്റെന്തെങ്കിലും തരത്തിലുള്ള നിയമസാധുതയോ ഇല്ലാതെയാണ് നീര്‍ച്ചാലു തടഞ്ഞു നിറുത്തി ഉപയോഗിക്കുകയും മലിനപ്പെടുത്തുകയും ചെയ്യുന്നത്. ഇത്തരത്തില്‍ വലിയ തോതില്‍ മലയിടിച്ചു നടത്തുന്ന നിര്‍മ്മാണ പ്രവര്‍ത്തനം ഡാമിലേക്കുള്ള മണ്ണൊലിപ്പ് വര്‍ദ്ധിപ്പിക്കുകയും ഡാമിന്റെ സംഭരണ ശേഷി, ഗുണനിലവാരം, ആയുസ് എന്നിവയെ പ്രതികൂലമായി ബാധിക്കുന്നതാണ്. ഇത് ഗൗരവകരമായ ക്രിമിനല്‍ കുറ്റവും ശിക്ഷാര്‍ഹവുമാണെങ്കിലും പഞ്ചായത്തിലെയും, പരിസ്ഥിതി വകുപ്പിലെയും, കാരാപ്പുഴ പദ്ധതി ഓഫീസിലെയും ബന്ധപ്പെട്ട അധികാരികള്‍ ആരും തന്നെ ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടില്ലെന്നത് ഗുരുതരമായ കൃത്യവിലോപമാണ്.

ലോകപൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തുകയും വംശനാശത്തിന്റെ വക്കില്‍ നില്‍ക്കുന്ന നിരവധി സസ്യ ജന്തു ജാലങ്ങളുടെ ആവാസ കേന്ദ്രം കൂടിയാണ് ഈ പ്രദേശം പ്രൊഫ:മാധവ് ഗാഡ്ഗില്‍ കമ്മിറ്റി സോണ്‍ ഒന്നില്‍പ്പെടുത്തിയ മേപ്പാടി-നിലമ്പൂര്‍ റോഡ് പ്രദേശം ഇതിനോട് ചേര്‍ന്നാണ്. അതുകൊണ്ട് തന്നെ ഇവിടെ നടക്കുന്ന കുന്നിടിക്കലും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നിലവിലുള്ള എല്ലാ നിയമങ്ങളുടെയും ലംഘനമാണ്. (പരിസ്ഥിതി ദുര്‍ബല പ്രദേശ സംരക്ഷണ നിയമം, ഭൂസംരക്ഷണ നിയമം ശുദ്ധ ജല -ജലസംഭരണി സംരക്ഷണ നിയമങ്ങള്‍, മിച്ചഭൂമി നിയമം, തോട്ടം ഭൂമി സംരക്ഷണ നിയമം തുടങ്ങിയവ ഇവയില്‍ ചിലത് മാത്രം) വ്യാപകമായ നിയമലംഘനവും വഴിവിട്ട സ്വാധീനവും ഈ പദ്ധതിയുടെ അനുമതി-നിര്‍മ്മാണ ഘട്ടത്തില്‍ നടന്നതായി സമിതിക്ക് ബോധ്യമായി ഹാരിസണ്‍ മലയാളം ലിമിറ്റഡ് (എച്ച്.എം.എല്‍) കൈവശം വെച്ചിരിക്കുന്ന പാട്ട ഭൂമിയിലൂടെ 1 1/2 കിലോമീറ്റര്‍ നീളത്തിലും 12 മീ. വീതിയിലും നിര്‍മ്മിച്ചിരിക്കുന്ന റോഡ് തീര്‍ത്തും അനധികൃതമാണ്. റോഡ് നിര്‍മ്മാണ-ഉപയോഗകരാര്‍, നിര്‍മ്മിതി, അനുമതിതേടാതെ തന്നെ തേയില ചെടികള്‍ പിഴുതുമാറ്റിയത്, കൃഷി ഭൂമി കാര്‍ഷികേതര ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചതും എല്ലാം പാട്ട വ്യവസ്ഥാ ലംഘനമാണ്.

മിച്ചഭൂമി നിയമത്തില്‍ നിന്ന് ഇളവു നല്‍കാവുന്നതാണെന്ന മാനന്തവാടി സബ്കളക്ടറുടെ റിപ്പോര്‍ട്ട്, റിപ്പോര്‍ട്ട് ആവശ്യപ്പെട്ടുകൊണ്ടുള്ള റവന്യൂസെക്രട്ടറിയുടെ കത്തും മാത്രമാണ് ടൗണ്‍ പ്ലാനറും, പഞ്ചായത്ത് സെക്രട്ടറിയും നിര്‍മ്മാണാനുമതി നല്‍കുന്നതിന് അടിസ്ഥാനമാക്കിയിരിക്കുന്നത്. എന്നാല്‍ അതീവ പാരിസ്ഥിതിക പ്രാധാന്യമുള്ള സ്ഥലത്ത്, തോട്ടമായി സംരക്ഷിക്കുകയും മിച്ചഭൂമി നിയമത്തില്‍ ഇളവു നല്‍കി തോട്ടം രജിസ്‌ട്രേഷനായി തന്നെ നിലനില്‍ക്കുമ്പോള്‍ മറ്റു ഉപയോഗത്തിന് ആവശ്യമായ പ്രത്യേകാനുമതി, ഗവണ്‍മെന്റ് നിര്‍ദ്ദേശം തുടങ്ങിയവ ലഭ്യമാകുന്നതിന് വളരെ മുന്‍പ് തന്നെ നിര്‍മ്മാണ പ്രവര്‍ത്തനം തുടങ്ങാനായത് മാനേജ്‌മെന്റ് നടത്തിയിരിക്കുന്ന അവിഹിത സ്വാധീനത്തിന്റെ തെളിവാണ് (File No. LR.1852/2010 Wayanad കലക്‌ട്രേറ്റ്)

ഒരു പ്രദേശത്ത് അന്‍പത് കോടിയില്‍ കൂടുതല്‍ രൂപ മുടക്കു മുതലില്‍ ആരംഭിക്കുന്ന ഏതൊരു പദ്ധതിയ്ക്കും പരിസ്ഥിതി ആഘാത പഠനവും, പൊതു തെളിവെടുപ്പും നടത്തണമെന്ന് നിയമം (EIA Act 2005) നിലനില്‍ക്കുമ്പോള്‍ തന്നെ അത്തരത്തില്‍ യാതൊരുവിധ നടപടികളും എടുത്തിട്ടില്ലായെന്ന് സംസ്ഥാനതല പരിസ്ഥിതി ആഘാത നിര്‍ണ്ണയ അതോറിറ്റിയില്‍ നിന്നുള്ള രേഖകള്‍ തെളിയിക്കുന്നു. (No. DoECe/E1/RTI/3001/2012) ഗ്രാമപഞ്ചായത്ത് ഗ്രാമസഭയിലോ, പ്രത്യേക സമ്മേളനത്തിലോ യാതൊരു അഭിപ്രായ രൂപീകരണമോ, തെളിവെടുപ്പോ ഇല്ലാതെയാണ് അനുമതി നല്‍കിയിരിക്കുന്നത്. പഞ്ചായത്തിന്റെയും, റവന്യൂവകുപ്പിന്റെയും ഭാഗത്ത് നിന്ന് ഗുരുതരമായ കൃത്യവിലോപവും, നിരുത്തരവാദപരമായ സമീപനവും, പദവി ദുരുപയോഗം ചെയ്യലും നടന്നതായി സമിതിയ്ക്ക് ബോധ്യം വന്നിരിക്കുന്നു.

4. മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്‍ഡ്യയുടെ നിബന്ധനകളും നിര്‍ദ്ദേശങ്ങളും അനുസരിച്ച് ഒരുമെഡിക്കല്‍ കോളേജ് സ്വകാര്യ/ഗവണ്‍മെന്റ്)തുടങ്ങണമെങ്കില്‍ചിലചട്ടങ്ങള്‍ പാലിക്കണമെന്ന്‌നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. അതില്‍ പ്രധാനപ്പെട്ടതാണ് ഏതു സംസ്ഥാനത്തിലാണോ തുടങ്ങുന്നത് അവിടുത്തെ ആരോഗ്യവകുപ്പില്‍ നിന്നും സമ്പാദിച്ച ആവശ്യകത സാക്ഷിപത്രം (essentiality Certificate). ഇതുപ്രകാരം മെഡിക്കല്‍ കോളേജ് ആരംഭിക്കാന്‍ ആഗ്രഹിക്കുന്ന സ്ഥാപനം/വ്യക്തി 300 കിടക്കകളുള്ള വിപുലമായ സൗകര്യങ്ങളോടുകൂടിയ ഒരു ആശുപത്രി-മെഡിക്കല്‍ കോളേജായി ഉയര്‍ത്താന്‍ കഴിയുന്ന സ്ഥല സൗകര്യങ്ങളോടുകൂടിയത്-നടത്തുന്നവരായിരിക്കണം. ഈ ആശുപത്രിയുടെ നിലവാരത്തെക്കുറിച്ചും ഗവണ്‍മെന്റ് ഉറപ്പ് നല്‍കിയിരിക്കണം. ഡോക്ടര്‍ മൂപ്പന്‍സ് ട്രസ്റ്റ് വയനാട്ടില്‍ ആരംഭിക്കാന്‍ ശ്രമിക്കുന്ന വിംസ് മെഡിക്കല്‍ കോളേജിനുവേണ്ടി എം.സി.ഐ.യില്‍ നല്‍കിയ അപേക്ഷയോടൊപ്പവും, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന് മറ്റു കേന്ദ്രങ്ങളില്‍ നല്‍കിയ അപേക്ഷ, പ്രൊജക്ട് റിപ്പോര്‍ട്ട് തുടങ്ങിയവയോടൊപ്പവും സമര്‍പ്പിച്ചിരിക്കുന്ന essentiality Certificate No. 38635/53/2010/H & FWD. Dated 13/09/2010) തീര്‍ത്തും വ്യാജവും മാനേജ്‌മെന്റും ഭരണതലത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരും ചേര്‍ന്ന് നടത്തിയ കനത്ത അഴിമതിയുടെ സംസാരിക്കുന്ന തെളിവുമാണ്. ട്രസ്റ്റ് രജിസ്ട്രര്‍ ചെയ്ത് ഒന്നര മാസത്തിനുള്ളില്‍ നേടിയെടുത്തിരിക്കുന്ന ഈ രേഖ സാക്ഷ്യപ്പെടുത്തുന്നത് ഇവര്‍ 300 കിടക്കകളുള്ള ആധുനിക സൗകര്യങ്ങളോടു കൂടിയ ഒരു ആശുപത്രി-മെഡിക്കല്‍ കോളേജായി ഉയര്‍ത്താന്‍ കഴിയുന്നത്- നടത്തിവരുന്നു എന്നതാണ്. രണ്ട് വര്‍ഷത്തിനു ശേഷം ഇപ്പോള്‍ പോലും ഇത്തരത്തില്‍ ഒരു ആശുപത്രി വയനാട്ടില്‍ ഇല്ല എന്നത് പ്രശ്‌നത്തെ കൂടുതല്‍ ഗൗരവതരമാക്കുന്നു. ഇല്ലാത്ത ആശുപത്രി ഉണ്ട് എന്ന് സാക്ഷിപത്രം നല്‍കുക മാത്രമല്ല തൃപ്തികരമായ സംവിധാനങ്ങളില്ലയെന്നും ഭാവിയില്‍ പരിശോധനയില്‍ കണ്ടെത്തുകയും അതിനകം മേല്‍ പറഞ്ഞ മാനേജ്‌മെന്റ് പ്രവേശനം നല്‍കിയിട്ടുണ്ട് എങ്കില്‍ വിദ്യാര്‍ത്ഥികളുടെ ഉത്തരവാദിത്തം കേരള ഗവണ്‍മെന്റ് ഏറ്റെടുക്കുന്നു എന്ന് വിചിത്രമായ ഉറപ്പുകൂടി നല്‍കുകയാണ് ഈ ഉദ്യോഗസ്ഥന്‍ ചെയ്തിരിക്കുന്നത്. സര്‍ട്ടിഫിക്കറ്റില്‍ ഒപ്പ് വച്ചയാളിന്റെ പേരോ, ഉദ്യോഗ പേരോ എഴുതാതെ സര്‍ട്ടിഫിക്കറ്റ് നല്‍കുകയും ഇല്ലാത്ത ഹോസ്പിറ്റല്‍ ഉണ്ട് എന്ന് കളവ് ബോധ്യപ്പെടുത്തുകയും ചെയ്ത ഉദ്യോഗസ്ഥനെതിരെ മാതൃകാപരമായ ശിക്ഷ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ഇത് തെറ്റായ കീഴ്‌വഴക്കം സൃഷ്ടിക്കപ്പെടുമെന്നും ആയത് കൊണ്ട് ഗവണ്‍മെന്റ് ഔദ്യോഗിക തലത്തിലും ക്രിമിനല്‍ നിയമപ്രകാരവും ശക്തമായ നടപടി സ്വീകരിക്കുകയും മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്‍ഡ്യയില്‍ ഔദ്യോഗികമായി അറിയിപ്പുനല്‍കുകയും വേണം. മെഡിക്കല്‍ കോളേജിനായി വിവിധി ഓഫീസുകളില്‍ നല്‍കിയ അപേക്ഷകള്‍ സ്ഥലത്തിന്റെ വില്‍പ്പന, വാങ്ങല്‍ വിവിധ ഓഫീസുകളില്‍ നിന്ന് ലഭിച്ച അപേക്ഷകള്‍ ഇവയില്‍ പലതും എസന്‍ഷ്യാലിറ്റി സര്‍ട്ടിഫിക്കറ്റിന്റെ തിയ്യതിയായ 13/09/2010 ന് ശേഷമാണ് എന്നുള്ളത് ക്രമക്കേടിന്റെ വ്യാപ്തി ബോധ്യപ്പെടുത്തുന്നു.

5. പരിസ്ഥിതിക്കും കാലാവസ്ഥയ്ക്കും ഗുരുതരമായ പരിക്കുണ്ടാക്കുന്ന ഈ പദ്ധതി വയനാട്ടിലെ ആരോഗ്യ പിന്നോക്കാവസ്ഥയ്ക്ക് യാതൊരു മാറ്റവും വരുത്തില്ലായെന്നും മെഡി ടൂറിസം പദ്ധതിയും അതുവഴി വരുന്ന വിദേശ നാണ്യവുമാണ് പ്രതീക്ഷിക്കുതെന്ന് സ്ഥാപനത്തിന്റെ വെബ്‌സൈറ്റും, ബഹു.വര്‍ണ്ണ ലഘുലേഖയും സാക്ഷ്യപ്പെടുത്തുന്നു. പ്രദേശവാസികള്‍, ആദിവാസികള്‍, BPL-കാര്‍, തുടങ്ങിയവര്‍ക്ക് സൗജന്യനിരക്കില്‍ സേവനം നല്‍കും എന്നു പറയുന്നതിനു മുകളില്‍ യാതൊരുതരത്തിലുള്ള വിശദാംശങ്ങളോ, ഗവണ്‍മെന്റിന് എന്തെങ്കിലും തരത്തിലുള്ള നിരീക്ഷണ അവകാശങ്ങളോ നല്‍കിയിട്ടില്ല.

ഇത്രയധികം മണ്ണും, വായുവും, ജലവും മലിനമാക്കി തുടങ്ങുന്ന സ്ഥാപനം സാധാരണക്കാരനോ മധ്യവര്‍ഗ്ഗക്കാരനു പോലുമോ ചികിത്സനേടാന്‍ കഴിയില്ല. ലക്ഷകണക്കിനു രൂപയുടെ ഫീസും മറ്റ് ചെലവുകളും നേരിടാന്‍ കഴിവുള്ള സമ്പന്നരായ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രം പഠിക്കാന്‍ കഴിയുന്ന മെഡിക്കല്‍ വിദ്യാഭ്യാസമാണ് വിഭാവന ചെയ്തിരിക്കുന്നത്.

വ്യാപകമായ ചൂഷണവും പരിസ്ഥിതി മലിനീകരണവും, കേരളത്തിന്റെ നിലവിലുള്ള അവസ്ഥയില്‍ തീര്‍ത്തും ദോഷകരമാണെന്ന് ശാസ്ത്രജ്ഞരും സാമൂഹിക പ്രവര്‍ത്തകരും പരിസ്ഥിതി പ്രവര്‍ത്തകരും നിരവധി പ്രാവശ്യം ചൂണ്ടി കാട്ടുകയും ചെയ്ത മെഡിടൂറിസം എന്ന തീര്‍ത്തും അധാര്‍മ്മികമായ വ്യവസായമാണ് ലക്ഷ്യം. വിഭാവന ചെയ്യുന്നതിന്റെ പത്ത് ശതമാനം നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ മാത്രമാണ് ഔദ്യോഗിക രേഖകളിലും അനുമതിപത്രങ്ങളിലും സൂചിപ്പിക്കുന്നത്. അത് കൊണ്ട് തന്നെ മാര്‍ക്കറ്റിങ്ങിന് ഉപയോഗിക്കുന്ന രേഖകളും വെബ്‌സൈറ്റും പറയുന്ന രീതിയില്‍ പൂര്‍ണ്ണ തോതില്‍ പ്രവര്‍ത്തനമാരംഭിക്കുമ്പോള്‍ ഉണ്ടാകുന്ന പരിസ്ഥിതി ആഘാതവും മലിനീകരണവും പ്രവചനാതീതമാണ്.

ഇത്തരത്തില്‍ ഭരണസിര കേന്ദ്രങ്ങളില്‍ അവിഹിത സ്വാധീനമുള്ള മാനേജ്‌മെന്റ് ആരംഭിക്കുന്ന അത്യന്താധുനിക ഹൈ-ടെക്-ഫൈവ് സ്റ്റാര്‍ ഹോസ്പിറ്റലില്‍ സാധാരണക്കാരന് സാമൂഹിക നീതിയും സേവനവും ലഭിക്കില്ലയെന്ന ചിന്ത സമിതിയോട് നാട്ടുകാരില്‍ ഭൂരിഭാഗം പേരും പ്രകടിപ്പിച്ചു. പ്രദേശവാസികളില്‍ കുറച്ച് പേര്‍ ലഭ്യമാകാന്‍ പോകുന്ന ചികിത്സ സൗകര്യത്തെ കുറിച്ചും വികസനത്തെക്കുറിച്ചും പ്രതീക്ഷ പുലര്‍ത്തുമ്പോഴും കുടിവെള്ളത്തിനും കാലാവസ്ഥയ്ക്കും സംഭവിക്കാന്‍ പോകുന്ന മാറ്റത്തെകുറിച്ച് ഇവര്‍ ആശങ്കാകുലരാണ്.

ശക്തമായ പ്രതിഷേധത്തിലേക്കും നീതി നിഷേധിക്കപ്പെട്ടു എന്ന തോന്നലിലേക്കും ജനങ്ങള്‍ എത്തിച്ചേരുന്നതിന് മുന്‍പ് ഗവണ്‍മെന്റ് ശക്തമായി ഇടപെടണമെന്ന് ഞങ്ങള്‍ അപേക്ഷിക്കുന്നു.

ദൈനംദിന ആവശ്യത്തിന് സമീപത്തെ ജയ്ഹിന്ദ് ആദിവാസി കോളനിക്കാരും തൊഴിലാളി പാടിയിലെ കുടുംബങ്ങളും ഉപയോഗിക്കുന്ന നീര്‍ച്ചാലില്‍ മാലിന്യം കലരാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ ഈ പദ്ധതി വയനാട്ടിലെ ആദിവാസികള്‍ അടക്കമുള്ള സാധാരണക്കാര്‍ക്ക് യാതൊരു പ്രയോജനവും ചെയ്യില്ല എന്നു മാത്രമല്ല പ്രഖ്യാപിത ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിന്റെ സാധ്യതകളെ പിന്നോട്ടടിക്കുമെന്നും ആശങ്കപ്പെടുന്നു.

വിശദമായ പരിശോധനകള്‍ക്കും സാധ്യമായ ചര്‍ച്ചകള്‍ക്കും വിവിധ വശങ്ങളെക്കുറിച്ചുള്ള പരിഗണനകള്‍ക്കും ശേഷം താഴെപറയുന്ന നിലപാടുകളിലേക്ക് ഞങ്ങള്‍ ഏകകണ്ഠമായി എത്തിച്ചേര്‍ന്നിരിക്കുന്നു. താഴെപറയുന്ന നിര്‍ദ്ദേശങ്ങള്‍ അടിയന്തര നടപടിയ്ക്കായി ഗവണ്‍മെന്റിന്റെയും ബന്ധപ്പെട്ട അധികാരികളുടെ മുന്നില്‍ വയ്ക്കുന്നു.

1. വിഭാവന ചെയ്യുന്ന നേട്ടങ്ങളെക്കാള്‍ എത്രയോ മടങ്ങ് കൂടുതല്‍ നാശംപരിസ്ഥിതിയ്ക്കും കാലാവസ്ഥയ്ക്കും കാരാപ്പുഴ ശുദ്ധജല സംഭരണിയ്ക്കും, ജലവിതരണത്തിനും അതു വഴി പൊതുജനാരോഗ്യത്തിനും വരുത്തുന്ന ഈ പദ്ധതിയുടെ പ്രവര്‍ത്തനം ഉടന്‍ നിറുത്തി വയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കണം.
2. ഇതുവരെ ഉണ്ടായ നാശനഷ്ടങ്ങള്‍ക്കും നിയമ ലംഘനങ്ങള്‍ക്കും ഉത്തരവാദികളായവരില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കാനും മാതൃകാപരമായി ശിക്ഷിക്കാനുമുള്ള നടപടികള്‍ സ്വീകരിക്കുക.
3. നഗ്നമായ പാരിസ്ഥിതിക-ഭൂനിയമ ലംഘനങ്ങള്‍ക്ക് കൂട്ടു നിന്ന പഞ്ചായത്തിലെയും റവന്യൂ വകുപ്പിലെയും ഉദ്യോഗസ്ഥര്‍ക്ക് എതിരെ ക്രിമിനല്‍ ചട്ടങ്ങള്‍ പ്രകാരവും ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതിനും അന്വേഷണം നടത്തി നടപടികള്‍ പ്രഖ്യാപിക്കുക.
4. വയനാടിന്റെ ആരോഗ്യരംഗത്തെ പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ നിലവിലുള്ള ആശുപത്രികളുടെയും ആരോഗ്യകുടുംബക്ഷേമ സംവിധാനങ്ങളുടെയും കാര്യക്ഷമത വര്‍ദ്ധിപ്പിക്കുക.
5. നിര്‍ദ്ദിഷ്ട ഗവ: മെഡിക്കല്‍ കോളേജിന്റെയും ശ്രീ ചിത്ര റിസര്‍ച്ച് സെന്റര്‍ സബ് യൂണിറ്റിന്റെയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉടനടി ആരംഭിക്കുക.
6. ഒരു മന്ത്രിയടക്കം മൂന്ന് നിയമസഭാ പ്രതിനിധികളും രണ്ട് എം.പി. മാരും ഉള്ള വയനാട് ജില്ലയില്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിന് വേണ്ടി ആത്മാര്‍ത്ഥമായ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുന്നതിന് പകരം ഇത്തരത്തില്‍ ഒരു അനധികൃത പദ്ധതിക്ക് അനുകൂലമായി രംഗത്ത് വരുന്നതും ശുപാര്‍ശ ചെയ്തതും സത്യപ്രതിജ്ഞാലംഘനമായി കണക്കാക്കാവുന്നതാണ്.
7. ഇല്ലാത്ത ആശുപത്രിയും സൗകര്യങ്ങളുണ്ടെന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെസര്‍ട്ടിഫിക്കറ്റ് നേടിയെടുക്കാന്‍ കഴിഞ്ഞത് ഗവണ്‍മെന്റിലെ ഉന്നത ങ്ങളില്‍ മാനേജ്‌മെന്റിനുള്ള സ്വാധീനം തെളിയിക്കുന്നതാണ്. അതുകൊണ്ട് തന്നെ ഭാവിയില്‍ ഉണ്ടാകുന്ന അപകടങ്ങളിലോ, പാരിസ്ഥിതിക പ്രശ്‌നങ്ങളിലോ, യാതൊരു തരത്തിലും സാമൂഹിക നീതിയോ, സത്യസന്ധ തയോ സ്ഥാപന മാനേജ്‌മെന്റില്‍ നിന്ന് പ്രതീക്ഷിക്കാന്‍ കഴിയില്ല.

വിംസ് മെഡിക്കല്‍ കോളേജ് വയനാട്ടില്‍ ഉയര്‍ത്തുന്ന വിവിധ മലിനീകരണ പാരിസ്ഥിതിക പൊതുജനാരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് പഠനം നടത്തിയ വിദഗ്ദസമിതി
ഡോ: വി.എസ്.വിജയന്‍ (കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് മുന്‍ ചെയര്‍മാന്‍), പ്രൊഫ: മാധവ് ഗാഡ്ഗില്‍ കമ്മിറ്റി അംഗം
ഡോ:എ.അച്യുതന്‍ (ശാസ്ത്ര സാഹിത്യപരിഷത്ത്, പരിസ്ഥിതി ശാസ്ത്രജ്ഞന്‍)
ഡോ: സജീവന്‍ (KFRI, പീച്ചി)
ഡോ: അമൃത് (KFRI, പീച്ചി)
ഡോ: സി.ആര്‍. നീലകണ്ഠന്‍
ഡോ: അനില്‍ സക്കറിയ വയനാട്

Subscribe Tharjani |