തര്‍ജ്ജനി

മുഖമൊഴി

കൊച്ചിയില്‍ മെട്രോ വരുന്നതിന് ആരാണ് തടസ്സം?

കഴിഞ്ഞ കുറച്ചുകാലമായി മലയാളത്തിലെ മാദ്ധ്യമങ്ങള്‍ ആഘോഷിക്കുന്ന വാര്‍ത്തകളിലൊന്ന് കൊച്ചി മെട്രോയാണ്. ദില്ലിയിലെ മെട്രോ യാഥാര്‍ത്ഥ്യമാക്കിയ സംഘത്തെ നയിച്ച മലയാളിയായ ഇ. ശ്രീധരന്റെ നേതൃത്വത്തില്‍ കൊച്ചിയില്‍ മെട്രോ വരും എന്ന് പൊതുവേ കേരളീയര്‍ വിശ്വസിച്ചിരുന്ന സമയത്താണ് അത്തരം വിശ്വാസങ്ങളൊന്നും അത്രയെളുപ്പം യാഥാര്‍ത്ഥ്യമാവാനിടയില്ല എന്ന് മാദ്ധ്യമങ്ങള്‍ നമ്മെ ധരിപ്പിക്കുന്നത്. മാദ്ധ്യമങ്ങളുടെ ജാഗ്രതയ്ക്കും കര്‍മ്മോത്സുകതയ്ക്കും നന്ദി. പക്ഷെ നിത്യവും പ്രസിദ്ധീകരിക്കപ്പെടുന്ന വാര്‍ത്തകള്‍ വായിക്കുമ്പോള്‍ പ്രതീക്ഷയല്ല, സംശയമാണ് ബാക്കിയാവുന്നത്. മെട്രോ യാഥാര്‍ത്ഥ്യമാകുമോ? ആരാണ് മെട്രോ പദ്ധതി അട്ടിമറിക്കാനായി പ്രവര്‍ത്തിക്കുന്നത്? എന്തൊക്കെയാണ് ഇതിലുള്ള പ്രശ്‌നങ്ങള്‍? ചോദ്യങ്ങള്‍ നിരവധിയാണ്. കേരളത്തിലെ മുഖ്യമന്ത്രി ആണയിട്ട് പറയുന്നുണ്ട്, ഇ. ശ്രീധരന്റെ നേതൃത്വത്തില്‍ത്തന്നെ പദ്ധതി നടക്കും, പദ്ധതി യാഥാര്‍ത്ഥ്യമാകുമെന്ന്. ദല്‍ഹിയില്‍ നിന്നും വരുന്ന വാര്‍ത്തകള്‍ എന്നാല്‍ അത്ര ശുഭകരമായി തോന്നുന്നുമില്ല!

ഗതാക്കുരുക്കില്‍പ്പെട്ട് കഷ്ടപ്പെടുന്ന കൊച്ചിനിവാസികള്‍ക്ക് അതില്‍ നിന്ന് മോചനം നേടാന്‍ മെട്രോ റെയില്‍ പദ്ധതിയല്ലാതെ വേറെ മാര്‍ഗ്ഗമൊന്നുമില്ല. ഫ്രാന്‍സില്‍ പാരീസിലെ ഗതാഗതക്കുരുക്കില്‍ നിന്നും രക്ഷനേടാന്‍ മെട്രോയാണ് സഹായകമായത്. ലോകത്തിലെ പ്രമുഖനഗരങ്ങളിലെല്ലാം ഭൂഗര്‍ഭറെയില്‍പാത രോഡിലെ തിരക്കില്‍നിന്നും രക്ഷപ്പെടാനുള്ള മാര്‍ഗ്ഗമായി ഉപയോഗിക്കപ്പെടുന്നുണ്ട്. ആ മാതൃക പിന്തുടര്‍ന്ന് ന്യൂ ഡല്‍ഹിയില്‍ മെട്രോ പദ്ധതി നടപ്പില്‍വരുത്തി. ലോകോത്തരനിലവാരമുള്ള ദല്‍ഹി മെട്രോ ചെലവുകുറഞ്ഞതും വേഗതയേറിയതും സുരക്ഷിതവുമായ ഗതാഗതമാര്‍ഗ്ഗമായി തലസ്ഥാനനഗരത്തിന് അഭിമാനമായി നിലനില്ക്കുന്നു. പുതിയ പാതകള്‍ തീര്‍ത്തും നിലവിലുള്ളതിനെ മെച്ചപ്പെടുത്തിയും ആര്‍ക്കും കൊതിതോന്നുന്നവിധത്തില്‍ പ്രവര്‍ത്തിക്കുന്ന ദല്‍ഹി മെട്രോയുടെ ജീവനാഡി മലയാളിയായ എഞ്ചിനിയര്‍ ഇ. ശ്രീധരനാണ്. ദല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ എന്ന കമ്പനിയുടെ നായകന്‍ അദ്ദേഹമായിരുന്നു. കൊങ്കണ്‍ റെയില്‍വേ എന്ന പദ്ധതി ആസൂത്രണം ചെയ്ത സമയപരിധിക്കുള്ളില്‍ വിജയകരമായി പൂര്‍ത്തീകരിച്ചയാണ് ഇദ്ദേഹം എന്നത് മലയാളികള്‍ക്ക് അറിയാവുന്നതാണ്. പാമ്പന്‍പാലം ഉള്‍പ്പെടെ പ്രയാസകരമായ പദ്ധതികള്‍ ഏറ്റെടുത്ത് ആസൂത്രണംചെയ്ത സമയപരിധിക്കുള്ളില്‍ പൂര്‍ത്തീകരിക്കുന്ന ഇദ്ദേഹം അഴിമതിയുടെ കറപുരളാത്ത വ്യക്തിയാണ് അദ്ദേഹമെന്നും എല്ലാവര്‍ക്കും അറിയാം. അതിനാല്‍ കൊച്ചിയില്‍ മെട്രോ റെയില്‍ പദ്ധതി വരികയാണെങ്കില്‍ ഇ.ശ്രീധരന്റെ നേതൃത്വത്തിലായിരിക്കണം അതെന്ന് ഓരോ മലയാളിയും ആഗ്രഹിക്കും.

ജനാഭിലാഷം മനസ്സിലാക്കി തന്നെയാണ് നമ്മുടെ സര്‍ക്കാരുകള്‍ ഇക്കാര്യത്തില്‍ ആദ്യം തീരുമാനമെടുത്തത്. ഇപ്പോഴും ജനവികാരത്തെ മാനിച്ചുതന്നെയാണ് സര്‍ക്കാര്‍ പൊതുപ്രസ്താവനകള്‍ ഇറക്കുന്നത്. വി. എസ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരിക്കുന്ന കാലത്താണ് മെട്രോ പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നതിനായുള്ള നടപടികള്‍ ഏറെയും നടന്നത്. പിന്നീട് അധികാരത്തിലേറിയ ഉമ്മന്‍ചാണ്ടി സര്‍ക്കാരിനാണ് പദ്ധതിപ്രവര്‍ത്തനം ഉദ്ഘാടനം ചെയ്യാന്‍ അവസരം ലഭിച്ചത്. പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് തറക്കില്ലിട്ട പ്രവര്‍ത്തനോദ്ഘാടനത്തിന്റെ വേദിയില്‍ അച്യുതാനന്ദന്‍ ഉണ്ടായിരുന്നില്ല. ചടങ്ങില്‍ പങ്കെടുത്ത എ.കെ.ആന്റണി അച്യുതാനന്ദന്‍ ചടങ്ങില്‍ ഉണ്ടായിരിക്കണമായിരുന്നുവെന്ന് പറഞ്ഞതായി പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ചടങ്ങില്‍ കേന്ദ്രനഗരവികസനവകുപ്പുമന്ത്രി കമല്‍നാഥും ഉണ്ടായിരുന്നു. അദ്ദേഹം പറഞ്ഞ കാര്യങ്ങളില്‍ നാം ഓര്‍ക്കേണ്ട ഒരു കാര്യമുണ്ട്. കൊച്ചി മെട്രോയുടെ പണി ദല്‍ഹി മെട്രോ കോര്‍പ്പറേഷനെത്തന്നെ ഏല്പിക്കണമെന്ന് അദ്ദേഹം പറഞ്ഞുവെന്ന് പത്രവാര്‍ത്ത. പക്ഷെ പീന്നീട് നമ്മള്‍ പത്രത്തില്‍ വായിക്കുന്നത്, ഡി.എം.ആര്‍.സിക്ക് ഇപ്പോള്‍ത്തന്നെ പിടിപ്പത് പണിയുണ്ടെന്നും ദല്‍ഹിക്കു പുറത്തുള്ള പണികള്‍ ഏറ്റെടുക്കാനാവില്ലെന്നും ഇതേ മന്ത്രി പറഞ്ഞുവെന്നാണ്. വിവാദമാവുമ്പോള്‍ ആ പറഞ്ഞത് മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരാണെന്ന് പറയും. ഉദ്യോഗസ്ഥര്‍ സാമാന്യേന, ഡി. എം. ആര്‍. സി കൊച്ചി മെട്രോയുടെ പണി ഏറ്റെടുക്കുന്നതില്‍ എതിര്‍പ്പുള്ളവരാണെന്നാണ് പത്രവാര്‍ത്തകളില്‍ നിന്ന് മനസ്സിലാക്കാനാവുക. അതാണോ വാസ്തവം? ഷീലാ ദീക്ഷിത്, കമല്‍നാഥ് തുടങ്ങിയര്‍ ഇക്കാര്യത്തില്‍ എന്ത് നിലപാടുള്ളവരാണ്? കേരളത്തിലെ മുഖ്യമന്ത്രിയും മറ്റ് ചില മന്ത്രിമാരും കേന്ദ്രത്തിലെ മലയാളിമന്ത്രിമാരും ഇപ്പറഞ്ഞവരുമായി പലകുറി ചര്‍ച്ചനടത്തിയെങ്കിലും ഇപ്പോഴും ഈ വിഷയത്തില്‍ വ്യക്തത കൈവന്നിട്ടില്ല.

കേന്ദ്രസര്‍ക്കാരിന്റെ നഗരവികസനമന്ത്രാലയം നടത്തിയ ഒരു പഠനം, 2030 ആകുമ്പോള്‍ നഗരങ്ങളിലെ വാഹനഗതാഗതത്തിന്റെ വേഗത മണിക്കൂറില്‍ ആറു മുതല്‍ എട്ട് കിലോമീറ്ററായിരിക്കും എന്ന് കണ്ടെത്തിയിട്ടുണ്ട്. പ്രഭാതസവാരി നടത്തുന്നവര്‍ നടക്കുന്ന വേഗതയാണിത്. നിരവധി ഇരുചക്രവാഹനങ്ങളും മോട്ടോര്‍കാറുകളും മറ്റ് നാലുരുള്‍ വാഹനങ്ങളുമാണ് ഓരോ ദിവസവും പുറത്തിറങ്ങുന്നത്. ഇവയ്ക്ക് സഞ്ചരിക്കുവാന്‍ പണ്ടുകാലത്ത് ഉണ്ടായിരുന്ന റോഡുകള്‍ മാത്രമേ ഇവിടെയുള്ളൂ. നഗരങ്ങളില്‍ മാത്രമല്ല ചെറുപട്ടണങ്ങളിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ സ്ഥലമില്ലാതെ യാത്രികര്‍ വിഷമിക്കുകയാണ്. പൊതുവാഹനങ്ങള്‍ ഉപയോഗിക്കുന്നരീതി പിന്തുടരുകയാണെങ്കില്‍ ഒരു പരിധിവരെ റോഡുകളിലെ വാഹനങ്ങളുടെ സമ്മര്‍ദ്ദം കുറയ്ക്കാനാകും. അതാവട്ടെ പ്രശ്‌നപരിഹാരമാവുന്നുമില്ല. ഇത്തരം ഒരു സാഹചര്യത്തില്‍ മെട്രോ പോലെ വിജയപ്രദമായ പദ്ധതിയെക്കുറിച്ച് ആലോചിക്കുകയല്ലാതെ വേറെ മാര്‍ഗ്ഗമില്ല. എത്രയോ വര്‍ഷങ്ങളായി കൊച്ചിയിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി മെട്രോ റെയില്‍പദ്ധതിയെക്കുറിച്ച് സംസാരിക്കാന്‍ തുടങ്ങിയിട്ട്. വമ്പിച്ച മുതല്‍മുടക്കും മികച്ച സാങ്കേതികവിദ്യയും ആവശ്യമായ പദ്ധതിയാണിത്. അക്കാരണത്താലാണ് ദല്‍ഹി മെട്രോ പദ്ധതി വിജയകരമായി നടപ്പിലാക്കിയ ഡല്‍ഹി മെട്രോ കോര്‍പ്പറേഷനേയും അതിന്റെ സാരഥിയായ മലയാളി എഞ്ചിനിയര്‍ ഇ. ശ്രീധരനേയും ഇത്തരം പദ്ധതിയുടെ ഭാഗമായി എല്ലാവരും കാണുന്നത്. കൃത്യനിഷ്ഠയോടെ പ്രവര്‍ത്തിക്കുകയും ആസൂത്രണംചെയ്ത സമയപരിധിക്കുള്ളില്‍ പണി പൂര്‍ത്തീകരിക്കുകയും അഴിമതിയില്ലാതിരിക്കുകയും ചെയ്യുന്നുവെന്നതാണ് ഇ.ശ്രീധരന്റെ നേതൃത്വത്തിനുള്ള ഗുണം. അദ്ദേഹത്തിന്റെ ഈ ഗുണം തന്നെയാണ് കൊച്ചി മെട്രോപദ്ധതി നടപ്പിലാക്കുന്നതില്‍ തടസ്സങ്ങള്‍ സൃഷ്ടിക്കുന്നതും.

5146 കോടി രൂപയാണ് കൊച്ചി മെട്രോ പദ്ധതി പൂര്‍ത്തീകരിക്കാനുള്ള ചെലവായി കണക്കാക്കിയിട്ടുള്ളത്. സാധാരണനിലയില്‍ ഏത് വികസനപദ്ധതി നടപ്പിലാക്കുമ്പോഴും അതിനായി ചെലവഴിക്കുന്ന പണത്തിന്റെ ഒരു ഭാഗം പലവഴിക്കും വെട്ടിപ്പുനടത്തി കൊണ്ടുപോവുകയാണ് നമ്മുടെ നാട്ടിലെ രീതിയെന്നത് എല്ലാവര്‍ക്കും അറിയാവുന്നതാണ്. ആയിരമോ പതിനായിരമോ അല്ല, കോടികളാണ് വെട്ടിപ്പുനടത്തി കൊണ്ടുപോവുന്നത് എന്ന് ഇന്ത്യ എഗൈന്‍സ്റ്റ് കറപ്ഷന്‍ പുറത്തുകൊണ്ടുവന്ന അഴിമതിക്കഥകള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. രാഷ്ട്രീയക്കാരുടെ മുന്‍കയ്യില്‍ അവരുടെ പിണിയാളുകളായ ഉദ്യോഗസ്ഥരാണ് ഈ വെട്ടിപ്പുപരിപാടി നടപ്പില്‍ വരുത്തുന്നത്. പൊതുമരാമത്തുവകുപ്പിന്റെ പൊട്ടിപ്പൊളിഞ്ഞ റോഡുകള്‍ അഴിമതിക്കഥയുടെ സാക്ഷ്യമായി നമ്മുടെ മുന്നിലുണ്ട്. റോഡുകള്‍ ഇങ്ങനെയാവുന്നത് നല്ലനിലയില്‍ പണിതീര്‍ക്കാത്തതിനാലല്ല എന്ന് തെറ്റിദ്ധരിപ്പിക്കുവാന്‍ പലതരം പൊട്ടസിദ്ധാന്തങ്ങള്‍ വകുപ്പിലെ എഞ്ചിനിയര്‍മാരും അവരുടെ കയ്യാളുകളും പ്രചരിപ്പിക്കാറുണ്ട്. സര്‍ക്കാര്‍ എന്നാല്‍ അഴിമതി എന്ന് പറയാവുന്നവിധത്തില്‍ പൊതുജീവിതത്തിന്റെ അവിഭാജ്യഭാഗമായി അഴിമതി മാറിയിരിക്കുന്നു. ഇങ്ങനെയൊരു പശ്ചാത്തലത്തില്‍ അയ്യായിത്തി ഒരുന്നൂറ്റി നാല്പത്തിയാറ് കോടിരൂപ എന്ന് കേള്‍ക്കുമ്പോള്‍ അതില്‍ ആകൃഷ്ടരായി ഓടിയെത്തുന്ന അഴിമതിക്കാര്‍ നിരവധിയാണ്. അഴിമതിക്ക് വിധേയനാവാന്‍ വിസമ്മതിക്കുന്ന ഒരു ഉദ്യോഗസ്ഥന്‍ അവര്‍ക്ക് അസ്വീകാര്യനായിത്തീരുന്നത് എന്തുകൊണ്ട് എന്ന് പറയേണ്ടതില്ലല്ലോ. അഴിമതിക്കാര്‍ അദൃശ്യരായി എല്ലായിടത്തും പ്രവര്‍ത്തിക്കും. പക്ഷെ നമ്മുക്ക് നിത്യപരിചയമുള്ളതിനാല്‍ ആരും വിശദീകരിച്ച് തന്നില്ലെങ്കിലും നമ്മുക്കറിയാം, ചത്തത് കീചകനെങ്കില്‍ കൊന്നത് ഭീമന്‍ തന്നെ.

Subscribe Tharjani |