തര്‍ജ്ജനി

സ്മിത മീനാക്ഷി

ദില്ലി
ബ്ലോഗ് : http://smithameenakshy.blogspot.com/

Visit Home Page ...

കവിത

തനിയെ നടക്കുമ്പോള്‍

മഴദിനമൊടുങ്ങുന്നേരം
നടക്കാനിറങ്ങിയതാണ്.
ചുറ്റു പാതയില്‍ ആരുമില്ല,
തളം കെട്ടിയ മഴപ്പെരുമയില്‍
പായല്‍പ്പച്ചയ്ക്കു നിര്‍വൃതി.
പൂമരങ്ങളില്‍ അവശേഷിച്ച മഴക്കുളിര്‍
ആര്‍ത്തിക്കാരന്‍ കാറ്റ് കവര്‍ന്നെടുക്കുന്നു.
നനഞ്ഞ പുല്ലില്‍ പുഴുക്കളെ തേടീയ
പ്രാവിന്‍ കൂട്ടം പറന്നു മറഞ്ഞു.
ഞാനിപ്പോള്‍ തനിച്ചാണ്.

തനിച്ചാണെന്നൊരു ശബ്ദം
വാക്കില്ലാതെ മുഴങ്ങുമ്പോള്‍
അതെയോ... എന്ന്
തിരശ്ശീല നീക്കിത്തിരക്കിട്ടിറങ്ങുന്ന
വേഷപ്പകര്‍ച്ചകളിലെല്ലാവര്‍ക്കും
എന്‍റെ ഉന്തിയ നെറ്റി, ചരിഞ്ഞ മൂക്ക്,
പരന്ന മുന്‍പല്ലുകള്‍ , കോലന്‍ തലമുടി.

കൈ മുട്ടു കൊണ്ടെല്ലാവരെയും പിന്നിലാക്കി
ആദ്യമെത്തി കൈപിടിക്കുന്നവള്‍ പരാതിക്കാരി .
നാല്‍പ്പതു വര്‍ഷത്തെ പരിഭവങ്ങള്‍
തുന്നിച്ചേര്‍ത്ത നീളനുടുപ്പ്,
ഇരട്ടിനൂലില്‍ പാകിയ ഊടും പാവും
അഴിഞ്ഞയഞ്ഞ് തൂകിപ്പോയ സ്നേഹം
കരുണ, സമ്പത്ത്, പിന്നെ മുളയ്ക്കാത്ത വാക്കുകള്‍
എല്ലാം ചേര്‍ത്തടക്കിപ്പൊതിഞ്ഞ്
കാണിക്കവഞ്ചിയിലെന്ന പോലെ നിക്ഷേപിച്ച്
അതൃപ്തി ചുമയാക്കി അടുത്തുകൂടുന്നു.

പിന്നാലെവന്നു കണ്ണു പൊത്തുന്നവള്‍
കൊതിപ്പിണക്കങ്ങളുമായി അസൂയക്കാരി
ഇത്തിരി തൊലിവെളുപ്പിനുപോലും
അസഹ്യമെന്നു കണ്ണടയ്ക്കുന്നവള്‍ ,
എല്ലാമവര്‍ കൊണ്ടുപോകുന്നുവെന്ന് പിറുപിറുത്ത്
പൊട്ടാത്ത ഭാഗ്യച്ചരട് മന്ത്രിച്ചു കെട്ടുന്നവള്‍ .
ആരെങ്കിലും കാണുമെന്ന് ഭയന്ന്
ഞാനവരെ ശാസിച്ചകറ്റുന്നു.

ഇനി വരുന്ന ഓര്‍മ്മക്കാരി
ഹൃദയഭാരങ്ങളുടെ വേലിയേറ്റത്തില്‍
ചന്ദ്രക്കലയില്‍ തുഴഞ്ഞുപോകുന്നവള്‍ ,
മൂന്നരവയസ്സില്‍ കൂടെക്കളിച്ച വളര്‍ത്തുപൂച്ചയെ
മാന്ത്രിക കണ്ണാടിയില്‍ കാട്ടിത്തരുമ്പോള്‍
അവളുടെ പട്ടുടുപ്പിന് നക്ഷത്രഞൊറികള്‍ .
തനിച്ചു കിട്ടിയാല്‍ ഇവളെന്നെ കരയിക്കും ,
അതിനുള്ളതൊക്കെയുണ്ട് ഭാണ്ഡത്തില്‍ , എങ്കിലും
മുത്തശ്ശിയുടെ തൊടിയിലെ കദളിപ്പൂവും
മദിപ്പിക്കുന്ന കാപ്പിപ്പൂമണവും
രഹസ്യമായി കൈമാറാനെത്തുന്ന
ഇവളെ ഞാനെങ്ങനെ ഒഴിവാക്കാനാണ് ?

ഇനിയുമൊരുവള്‍ പ്രണയിനി, ദാവണിക്കാരി,
മുടിയില്‍ പിച്ചകം ചൂടുന്നവള്‍ ,
പ്രണയമെന്നാല്‍ അതിരറ്റ ആനന്ദമാണെന്നൊരു
കണ്ണില്‍ ചിരിച്ച്
പ്രണയമെന്നാല്‍ അളവറ്റ വേദനയാണെന്നു
മറുകണ്ണില്‍ കരയുന്നവള്‍ ,
ഉന്മാദത്തിന്‍റെ പകല്‍ സ്വപ്നങ്ങളിലെ
പങ്കായമില്ലാത്ത തോണിക്കാരി .

ഇനിയവര്‍ , വരവൊരുമിച്ചാണെങ്കിലും
പരസ്പരം മുഖം നോക്കാത്തവര്‍ ,
ഭാഷയില്‍ സദാചാരഗുണപാഠങ്ങള്‍,
സഹനത്തിന്‍റെ പെണ്ണച്ചില്‍
സ്വയം ഉരുകിയുറയ്ക്കുന്നയിവള്‍ ഉപദേശക
ഉരുകിവീഴാതെ മറുവാക്കുകളുടെ
തുള്ളല്‍ ഭാഷ്യം ചമയ്ക്കുന്നവള്‍ വിദൂഷക .

മരണത്തിന്‍റെ വാഴ്ത്തു പാട്ടുമായി മറ്റൊരുവള്‍ ,
ഉള്‍വരകളിലെ നുഴഞ്ഞുകയറ്റക്കാരി.
കൊഞ്ചിച്ചിരിച്ചു മലകയറ്റി
താഴേയ്ക്കു തള്ളുവാന്‍ പിടിമുറുക്കുന്നവള്‍ ,
നീണ്ട കൈകള്‍ കൊണ്ടവളെന്നെ വലയത്തിലാക്കുന്നു
എനിക്കു പേടിയാകുന്നുണ്ട്.

നിന്നോടു പറഞ്ഞതല്ലേ
എന്നെ ഒറ്റയ്ക്കു നടക്കാന്‍ വിടരുതെന്ന് ?
ഈ ആള്‍ക്കൂട്ടത്തില്‍ ഞാനെങ്ങനെ.....?

Subscribe Tharjani |