തര്‍ജ്ജനി

ചന്ദ്രശേഖരന്‍. പി

“സര്‍വജയ”,
പുള്ളി ലെയിന്‍,
ചാക്ക, പേട്ട പി ഒ,
തിരുവനന്തപുരം

Visit Home Page ...

ലേഖനം

എഴുത്ത്‌ വന്ന വഴി.

ഒന്ന്

വീണ്ടുമൊരു മനുഷ്യര്‍ എപ്പോഴാണ്, എങ്ങിനെയാണ് എഴുതാന്‍ തുടങ്ങിയത്? ഈ ചോദ്യത്തിനുള്ള ഉത്തരം ഇന്നും പൂര്ണ്ണമായും ലഭ്യമായിട്ടില്ല. ഒരു പുഴയുടെ ഉല്പത്തിതേടിയുള്ള യാത്രയിലെന്നപോലെ ആ അന്വേഷണം ഉറവ കണ്ടെത്താനായിട്ടില്ലാത്ത നിരവധി സ്രോതസ്സുകളിലൂടെ കാലത്തിനു പുറകിലേക്ക് നീണ്ടുപോകുന്നു. പഞ്ചേന്ദ്രിയങ്ങളും ഓര്മ്മയും ഉപയോഗിച്ചുകൊണ്ട് അപ്പപ്പോള്‍ മാത്രം സാദ്ധ്യമാവുന്ന രീതിയിലല്ലാതെ, അവക്ക് പുറത്ത്‌ സ്വതന്ത്രമായി നില്ക്കുന്ന ഒരു ഭൌതികമാദ്ധ്യമത്തിലൂടെ അറിവും ചിന്തയും ഫലപ്രദമായി വിനിമയം ചെയ്യുവാനും കാലങ്ങളോളം അടയാളപ്പെടുത്തിസൂക്ഷിക്കുവാനും സാദ്ധ്യമാക്കിയ ഈ സിദ്ധി കൂടി സ്വയം സൃഷിച്ചെടുത്തതോടെയാണ് എല്ലാ നാഗരികതകളും സംസ്കൃതികളും ഭൂമിയിലെവിടെയും ഉടലെടുത്തിട്ടുള്ളത്. അവിടെ നിന്നാണ് പ്രകൃതിയെ അറിയാനും കീഴടക്കാനുമുള്ള മനുഷ്യന്റൊ എല്ലാ ശ്രമങ്ങളുടെയും ആരംഭവും.

ഇന്നേക്ക് ഏതാണ്ട് ആറായിരം വര്ഷങ്ങള്ക്കു മുമ്പാണ് ലോകത്താദ്യമായി എഴുത്തുവിദ്യയ്ക്ക് മനുഷ്യര്‍ തുടക്കമിടുന്നത് എന്നാണ് പൊതുവേ ഗവേഷകര്ക്കിടയില്‍ അംഗീകരിക്കപ്പെട്ടിരിക്കുന്നത്. എന്നാല്‍ അതിനും ഒരയ്യായിരം വര്ഷകങ്ങള്ക്കുമുമ്പേ തന്നെ ലോകത്തില്‍ പലയിടങ്ങളും വിവിധ വാമൊഴിഭാഷകള്‍ ഉടലെടുത്തുകഴിഞ്ഞിരുന്നു. ആധുനികമനുഷ്യന്‍ ഭൂമിയില്‍ പ്രത്യക്ഷപ്പെട്ടപ്പോള്ത്തന്നെ വിവിധരീതിയിലുള്ള ശബ്ദങ്ങള്‍ പുറപ്പെടുവിക്കുവാന്‍ പാകത്തില്‍, അതായത് ഇന്നത്തെ രീതിയില്‍ സംസാരിക്കാനാകുംവിധം, അവരുടെ ശബ്ദസ്സ്രോതസ്സുകള്‍ രൂപംകൊണ്ടുകഴിഞ്ഞിരുന്നു എന്ന് ശാസ്ത്രലോകം നിരീക്ഷിക്കുന്നുണ്ട്. തൊണ്ടയിലെ സ്വനതന്തുക്കളില്‍ നിന്ന് എല്ലാ ജന്തുക്കളെയുംപോലെ പുറപ്പെടുവിക്കാവുന്ന ശബ്ദത്തിനെ തൊണ്ടയും നാക്കും വായുടെ അകവശങ്ങളും ചുണ്ടും മൂക്കും ഉപയോഗിച്ചു പലമട്ടില്‍ മാറ്റം വരുത്തി ഉപയോഗിക്കാനുള്ള ഈ കഴിവ് നിലവില്‍ മനുഷ്യര്ക്ക് ‌ മാത്രമേ ഉള്ളൂ. കരഗതമായ ആ ഭൌതികസിദ്ധിയെ മനുഷ്യവര്ഗ്ഗം പുഷ്ടിപ്പെടുത്തുകയും സ്ഫുടംചെയ്തെടുക്കുകയും ചെയ്തപ്പോഴാണ് ആശയവിനിമയത്തിന്നുതകുംവിധം വിവിധശബ്ദങ്ങള്‍ ക്രമീകരിച്ചെടുക്കാനും തുടര്ന്നു ആ രീതി ഇന്നത്തെ മട്ടില്‍ സംസാരിക്കാനുതകുന്ന ഭാഷകളായി വികസിപ്പിക്കാനും കഴിഞ്ഞത്.

ആഫ്രിക്കയില്‍ നിന്ന് തെക്കനേഷ്യയിലേക്ക് സ്ഥലചംക്രമണം നടത്തിയെത്തിയ ഒരു പുരാതനജന്തുവര്ഗ്ഗത്തില്‍നിന്ന് ഇരുകാലിക്കുരങ്ങുകളുടെയും മനുഷ്യരുടെയും പ്രപൂര്‍വ്വികര്‍ ഉടലെടുത്തുവെന്നും പിന്നീട് ദേശാടനങ്ങളുടെ തുടര്ച്ചയില്‍ അവര്‍ ഭൂപ്രദേശങ്ങള്‍ താണ്ടി മൂന്നോ നാലോ കോടി വര്ഷഷങ്ങള്ക്കുമുമ്പ് തിരികെ ആഫ്രിക്കയില്‍ത്തന്നെ എത്തിയെന്നും ആ കൂട്ടത്തില്‍നിന്നാണ് ഇന്ന് ലോകത്തെവിടെയായാലും കാണുന്ന നരസമാനരായ മൃഗങ്ങളും (Anthropoids) അവയുടെ തുടര്ച്ചയില്‍ നിന്ന് മനുഷ്യരും പരിണമിച്ചുണ്ടായതെന്നും ഒരു കണ്ടെത്തലുണ്ട്. നാലുകോടി വര്ഷങ്ങള്ക്കുമുമ്പ് ആ തിരിച്ചുപോക്ക് നടക്കുമ്പോള്‍ ഭൂവല്ക്കത്തില്‍ ഭൂഖണ്ഡങ്ങളുടെ വിന്യാസം ഇന്നത്തേതുപോലെയായിരുന്നില്ലെങ്കില്‍ക്കൂടി ഈ പഴംകഥ ഇവിടെ പറയുന്നത് ജന്തുവര്ഗ്ഗങ്ങളുടെ ദേശാടനത്തിനു കാലത്തിലും സ്ഥലത്തിലുമുള്ള വിസ്തൃതിയെ സൂചിപ്പിക്കാനാണ്. അതുപോലെയുള്ള ദേശാടനങ്ങള്‍ എല്ലാ മനുഷ്യവ്ര്‍ഗ്ഗങ്ങളും നടത്തിയിട്ടുണ്ട്. ആധുനികമനുഷ്യര്ക്കാകട്ടെ ഭാഷയുടെ പ്രാഗ്രൂപങ്ങള്‍ വികസിച്ചുകഴിഞ്ഞ ശേഷമാണ് ഏതാണ്ട് ഒരുലക്ഷം വര്ഷങ്ങള്ക്കുമുമ്പ് ആഫ്രിക്കവിട്ട് പുതിയ മേച്ചില്‍പുറങ്ങള്‍ തേടി തങ്ങളുടെ ആദ്യപ്രയാണങ്ങള്‍ ആരംഭിക്കാന്‍ അവസരം കിട്ടുന്നത്. അതിനു പിറകില്‍ അടങ്ങാത്ത ചോദനകള്‍ ഒന്നും ഉണ്ടായിരിക്കാനിടയില്ല. എണ്ണത്തില്‍ പെരുകുന്ന കൂട്ടങ്ങള്‍ ഭക്ഷണമന്വേഷിച്ച് സ്ഥലങ്ങള്‍ പകര്ന്നുപോയിക്കാണും; അത്രതന്നെ. അവര്‍ വിവിധകാലങ്ങളിലായി സൂയസ്, മദ്ധ്യധരണിപ്രദേശങ്ങള്‍ വഴി ഏഷ്യയിലേക്കും യൂറോപ്പിലേക്കും കടന്നുകയറി. എങ്ങോട്ടെന്നു യാതൊരുറപ്പുമില്ലാത്ത ആ യാത്രകള്ക്കിടയില്‍ വഴിപിരിഞ്ഞുപോയവരില്‍ ചിലര്‍ സൈബീരിയയും അലാസ്കയും വഴി അമേരിക്കന്‍ ഭൂഖണ്ഡങ്ങളിലെത്തിപ്പെട്ടു. മറ്റുചിലര്ക്ക് ഇന്ത്യന്‍-ബര്മീസ്‌-മലയന്‍ ഉപദ്വീപുകള്‍ വഴി കംബോഡിയയിലേക്കും ജാവയിലേക്കും ആസ്ത്രേലിയയിലേക്കും പിന്നെ ഫിലിപ്പീന്‍ ദ്വീപുകളിലേക്കും എത്തിപ്പെടാനായിരുന്നു വിധി. ചില സംഘങ്ങള്‍ മദ്ധ്യേഷ്യന്‍ പുല്‍മേടുകളിലൂടെ അല്‍തായ് മലകളും ചൈനയും കടന്നു തൈവാന്‍ ദ്വീപുവഴി കടല്‍കടന്ന് പസിഫിക് ദ്വീപുകളിലും ഇന്തോനേഷ്യയിലെ ബോര്ണിയയോയിലും കൂടി എത്തിപ്പെടുന്നു. ക്രിസ്തുവര്ഷാരംഭത്തോടെ ബോര്ണിയോയില്‍ നിന്ന് നേരെ പടിഞ്ഞാട്ട് കടല്‍വഴി ആയിരക്കണക്കിനു കിലോമീറ്റര്‍ സഞ്ചരിച്ചു മനുഷ്യര്‍ മഡഗാസ്കറിലും എത്തിപ്പെടുന്നു. (ഈ പ്രയാണങ്ങള്ക്കിടെ ആദ്യകാലങ്ങളില്‍ വിവിധ പ്രദേശങ്ങളില്‍വച്ചു അവര്‍ പില്ക്കാലത്ത്‌ അന്യംനിന്നുപോയ നിയാണ്ടെര്താല്‍, ഡെനിസോവന്‍ തുടങ്ങിയ നരവംശങ്ങളുമായി സഹവസിക്കുകയും ഇണചേരുകയും ജൈവവൈവിദ്ധ്യംനിറഞ്ഞ തലമുറകളെ സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ടെന്നും ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്.) ആ യാത്രകള്ക്കിടയില്‍ പണ്ട് വെറും ശബ്ദങ്ങള്‍ ചിട്ടപ്പെടുത്തിക്കൊണ്ട് തുടങ്ങിയ ആശയവിനിമയം വാക്കുകളുടെ നിര്മാണത്തിലൂടെയും അവ കോര്ത്തിണക്കിക്കൊണ്ടുള്ള ഉച്ചാരണങ്ങളിലൂടെയും വാമൊഴിഭാഷകളിലേക്ക് പരിണമിച്ചുകഴിഞ്ഞിരുന്നു. പോകുന്ന വഴികളിലൊക്കെ കൂട്ടങ്ങള്‍ വീണ്ടും ചിതറിപ്പിരിയുകയും ഒറ്റപ്പെടുകയും ചെയ്തതോടെ അവരുടെ ഭാഷണരീതികളില്‍ വ്യതിയാനങ്ങള്‍ വരികയും ഭാഷകളുടെ വൈവിദ്ധ്യവല്ക്കരണം സംഭവിക്കുകയും ചെയ്തു. എങ്കിലും ഭാഷകള്‍ വാമൊഴിയായിത്തന്നെ ദീര്ഘകാലം നിലനിന്നു.

പറയുന്നതും കേള്ക്കുന്നതുമായ കാര്യങ്ങള്‍ എവിടെയെങ്കിലും രേഖപ്പെടുത്തിവെക്കുകയും മറ്റുള്ളവരെ ബോദ്ധ്യപ്പെടുത്തുകയുമൊക്കെ വേണ്ടിവന്നത് താരതമ്യേന വളരെ അടുത്ത കാലത്ത്‌, ആറേഴായിരം വര്ഷങ്ങള്ക്കു് മുമ്പ്, അവന്റെ ജീവിതം കൃഷിയില്‍ വേരുറക്കുന്നതോടെ മാത്രമാണ്. തുടര്ന്ന് ഒരേ സ്ഥലത്ത് ദീര്ഘകാലം തലമുറകളായി കൂടിക്കഴിയുകയും കൃഷിയില്‍ മിച്ചം ഉണ്ടാവുകയും അത് കരുതിവക്കാവുന്ന സമ്പത്താകുകയും ചെയ്തപ്പോള്‍ സുസംഘടിതമായ സമൂഹങ്ങളും സംസ്കൃതികളും രൂപം കൊണ്ടു. പുതുതായിവന്ന അറിവിന്റെലോകം ഓര്മ്മകളില്‍മാത്രം ഒതുങ്ങാതെവന്നു. അതൊക്കെ വരുംകാലങ്ങളിലേക്ക് തെറ്റുകള്‍പറ്റാതെ സൂക്ഷിച്ചുവെക്കേണ്ടതുമുണ്ടായിരുന്നു. കൂടാതെ സാമൂഹ്യക്രമങ്ങള്‍ ചിട്ടപ്പെടുത്താനും കൊള്ളക്കൊടുക്കകള്‍ സുതാര്യമാക്കാനും ഭാഷണങ്ങള്‍ രേഖപ്പെടുത്തി സൂക്ഷിക്കേണ്ടത് അത്യാവശ്യമായിവന്നു.അതേത്തുടര്ന്നാണ് എഴുത്തുവിദ്യ രൂപപ്പെടുന്നത്.

കാര്ഷികജനതയുടെ ആവിര്ഭാവത്തിനുമുമ്പുണ്ടായിരുന്ന നായാട്ടും പ്രകൃത്യാ കിട്ടുമായിരുന്ന, സസ്യജന്യഭക്ഷ്യങ്ങളും അവയ്ക്കായുള്ള ദേശാടനങ്ങളുംകൊണ്ട് കഴിഞ്ഞുകൂടിപ്പോന്നവരുടെ ധാരാളം പിന്മുറക്കാര്‍ അതിനുശേഷവും ഉണ്ടായിരുന്നു. അവര്ക്കാകട്ടെ ബൌദ്ധികമായോ ഭൌതികമായോ യാതൊന്നും വരുംതലമുറകള്ക്കായി കരുതിവെക്കുകയോ ഒരിടത്തുതന്നെ താമസിക്കുമ്പോള്‍ അത് സമൂഹത്തില്‍ വരുത്തുന്ന സങ്കീര്ണ്ണതകളെ നേരിടുകയോ വേണ്ടിവന്നില്ല. അന്നന്ന് കഴിഞ്ഞുകൂടുക എന്നതിനപ്പുറം അവര്ക്ക് യാതൊന്നും ആവശ്യമുണ്ടായിരുന്നില്ല. അതുകൊണ്ട് ഭാഷണങ്ങള്‍ എഴുതിവക്കുകയെന്ന ആശയം അവര്ക്കിടയില്‍ രൂപപ്പെട്ടുവന്നതുമില്ല. എങ്കിലും അവരും മനസ്സില്‍ നുരയിട്ടുണരുന്ന സങ്കല്പങ്ങളും ആശയങ്ങളും മൂര്ത്തമായരീതിയില്‍ ആവിഷ്കരിക്കാനും ആലേഖനംചെയ്യാനുമുള്ള ശ്രമങ്ങള്‍ ചിത്രങ്ങളും അടയാളങ്ങളും ഉപയോഗിച്ചുകൊണ്ട് നടത്തിയിരുന്നു. വേട്ടക്കാരും പെറുക്കിത്തീനികളുമായി നടക്കുമ്പോള്‍ത്തന്നെ ഗുഹകളിലും മറ്റും പൌരാണികകാലം മുതല്‍ മനുഷ്യര്‍ വരച്ചിട്ട ചായച്ചിത്രങ്ങളും കൊത്തുചിത്രങ്ങളുമൊക്കെ അതിന് ദൃഷ്ടാന്തമാണ്. ഇതിന്റെ തുടര്ച്ചയായിട്ടാണത്രേ ചില പോളിനേഷ്യന്‍ ദ്വീപുകളില്‍ ശരീരമാസകലം പച്ചകുത്തുന്നതിന്നു പ്രാമുഖ്യം കിട്ടിയത്. ഇത് എഴുത്തുവിദ്യയുടെ അഭാവത്തില്‍ ആണെന്നാണ് വിലയിരുത്തപ്പെടുന്നത്. ഓരോരുത്തരുടെയും ശരീരത്തില്‍ പച്ചകുത്തിയിരുന്ന ചിത്രങ്ങള്‍ സമൂഹശ്രേണിയിലെ അവരുടെ സ്ഥാനവ്യത്യാസങ്ങള്ക്കനനുസരിച്ചു വ്യത്യസ്തങ്ങളായിരുന്നു. ഞാന്‍ ഇതൊക്കെ ആണെന്ന് എഴുതിയറിയിക്കാനുള്ള ഒരു മാര്ഗ്ഗം. മനുഷ്യശരീരംതന്നെ എഴുതാനുള്ള പ്രതലമായി മാറുകയാണവിടെ. അത് അവരെ സംബന്ധിച്ചേടത്തോളം എഴുത്ത്‌ ആവിഷ്കരിക്കാനുള്ള ശ്രമങ്ങളുടെ ആരംഭം തന്നെ ആയിരുന്നിരിക്കും.
ചിത്രമെഴുത്താണെങ്കില്‍ ഇന്നും മനുഷ്യമനസ്സിന്റെ അസംഖ്യം ആവിഷ്കാരരീതികളില്‍ ഒന്നാണല്ലോ.

ഏതെങ്കിലും രീതിയിലുള്ള ആലേഖനവിദ്യ ഏറ്റവും ആദ്യം കണ്ടെത്തുന്നത് സുമേരിയയില്‍ നിന്നാണ്. അതവിടെ രൂപംകൊണ്ട കാലത്തോടെത്തന്നെ ഇന്നത്തെ തുര്ക്കിപ്രദേശത്തുണ്ടായിരുന്ന ഹിത്തിയര്ക്കിടയിലും, നൈല്‍ നദിക്കരയിലും, ചൈനയിലും സിന്ധുതടങ്ങളിലുമൊക്കെ അത് വെവ്വേറെ സ്വതന്ത്രമായിത്തന്നെ ആവിര്ഭവിക്കുകയാണ് ഉണ്ടായതെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ വിവിധ ഭാഷാകുടുംബങ്ങളിലായി ലോകമെങ്ങും ഉണ്ടായിക്കഴിഞ്ഞ എല്ലാ ഭാഷകള്ക്കും സുമേറിലേയോ സെമെറ്റിക്ക് പ്രദേശങ്ങളിലേയോ സിന്ധുതടത്തിലെയോ ചൈനയിലെയോ മട്ടില്‍ സ്വതന്ത്രവും അവരുടേത് മാത്രവുമായ ലിപികള്‍ ഉണ്ടായില്ല. ചരിത്രാന്വേഷികളുടെ കണ്ണില്‍ ഏറ്റവും ആദ്യം പെടുന്ന ആലേഖനരീതിയായ സുമേരിയയിലെ ക്യുനിഫോം ലിപികള്‍ ക്രി.മു. 4000-ത്തോടെയാണ് രൂപംകൊണ്ടത്. ആവര്ത്തിച്ചുപയോഗിക്കാവുന്ന മട്ടില്‍ പല രൂപത്തില്‍ അച്ചുകളുണ്ടാക്കി കളിമണ്കിട്ടകളിലും ഫലകങ്ങളിലും അമര്ത്തിയെടുത്ത് ഉണക്കിസൂക്ഷിച്ചുകൊണ്ടാണ് ഇത് തുടങ്ങിയത്. ഈ പരീക്ഷണം കൃഷിയുടെയും വ്യാപാരത്തിന്റെിയും മേഖലകളില്‍ അപ്രതീക്ഷിതവും ദൂരവ്യാപകങ്ങളുമായ പുരോഗതികള്‍ ഉണ്ടാക്കി. പിന്നീട് ഈറ്റക്കമ്പുകളില്‍ നിന്ന് രൂപപ്പെടുത്തിയ എഴുത്താണികള്കൊണ്ടു മണ്‍ഫലകങ്ങളില്‍ ചിത്രലിപികള്‍ കൈകൊണ്ട് എഴുതാന്‍ തുടങ്ങി. അക്കാലത്തും പലപ്പോഴും എഴുതിയ ആള്‍ തന്നെ അത് വായിക്കാനും വേണ്ടിവന്നിരുന്നു. എങ്കിലും ആലേഖനത്തില്‍ അച്ചുകളുണ്ടാക്കിയിരുന്ന ആവര്ത്തനത്തിന്റെ അനിവാര്യതയില്‍ നിന്ന് സ്വതന്ത്രമായി കൂടുതല്‍ ഭാവനയോടെ എഴുത്ത് ലളിതമായി പരിഷ്കരിച്ചെടുക്കാന്‍ ഇത് പ്രചോദനം നല്കിയിട്ടുണ്ടാകണം.

പുരാതനഈജിപ്തില്‍ ഫറവോമാരുടെ കാലത്ത്‌ പക്ഷികളുടേയും ജന്തുക്കളുടെയും മറ്റു നാനാതരം വസ്തുക്കളുടെയുമൊക്കെ നേര്ചിത്രങ്ങളും അവയുടെ സങ്കലനങ്ങളും ആണ് ക്ഷേത്രച്ചുമരുകളിലും പാപ്പിറസ് ചുരുളുകളിലും ഭാഷ ആലേഖനം ചെയ്യാന്‍ ഉപയോഗിച്ചിരുന്നത്. ക്രി.മു. മുവ്വായിരത്തോടെത്തന്നെ ഇത് നിലവില്‍ വന്നിരുന്നു. ദേവവാണി എന്നര്ത്ഥം വരുന്ന ഒരു വാക്ക് കൊണ്ടാണ് അവര്‍ തങ്ങളുടെ ഭാഷയേയും എഴുത്തുവ്യവസ്ഥയേയും സൂചിപ്പിച്ചുപോന്നത്. ആ ആലേഖനങ്ങളുടെ അര്ത്ഥം മനസ്സിലാക്കാന്‍ പുരോഹിതന്മാര്ക്ക് മാത്രമേ സാധിച്ചിരുന്നുള്ളൂ. അതുകൊണ്ടു തന്നെ പുരോഹിതര്ക്ക് സമൂഹത്തില്‍ ഉയര്ന്നസ്ഥാനവും ഉണ്ടായിവന്നു. പൂര്ണ്ണമായി വികസിച്ചുകഴിഞ്ഞപ്പോള്‍ ആ എഴുത്തുരീതി മുഴുവന്‍ പഠിച്ചെടുക്കാന്‍ ഒരാള്ക്ക് ‌പത്തോ പതിനഞ്ചോ വര്ഷങ്ങള്‍ വേണ്ടി വന്നിരുന്നുവത്രേ. ആയിരക്കണക്കിന് സങ്കേതങ്ങള്‍ ചേര്ന്ന ഒരു എഴുത്തുവ്യവസ്ഥ ആയിരുന്നു അത്. അവയില്‍ ക്രോഡീകരിച്ച് വച്ച അറിവുകള്‍ സാധാരണക്കാര്ക്ക് കൈകാര്യം ചെയ്യണമെങ്കില്‍ അതില്‍ പ്രാവീണ്യംസിദ്ധിച്ച എഴുത്തുകാരുടെ സഹായം അത്യാവശ്യമായിരുന്നു. അക്കാലത്ത് ഈജിപ്തില്‍ സാധാരണക്കാര്‍ നിരക്ഷരരായിരുന്നു എന്ന് സാരം.

ചൈനയില്‍ വൈവിദ്ധ്യമുള്ള ചിത്രലിപികളാണ് ഭാഷ ആലേഖനം ചെയ്യാന്‍ ഉപയോഗിച്ചു പോന്നത്. ക്രി.മു. രണ്ടായിരത്തോടെത്തന്നെ അവര്‍ ഇത് സ്ഫുടീകരിച്ചെടുത്തിരുന്നു. ലിപികളുടെ ഉത്ഭവത്തെപ്പറ്റി - എഴുത്തുവിദ്യ സമൂഹത്തില്‍ വരുത്തിയ സ്ഫോടനാത്മകങ്ങളായ മാറ്റങ്ങളെ പരാമര്ശിച്ച് - രസകരമായ ഒരു കഥ ചൈനയില്‍ പ്രചാരത്തിലുണ്ട്. ലിപികള്‍ കണ്ടുപിടിക്കപ്പെട്ട ദിവസം ലോകത്തിനു മുഴുവന്‍ ഒരു നൂതനജന്മം കിട്ടിയെന്നും അന്ന് ഭൂമിയൊട്ടുക്ക് തിളങ്ങിപ്പൊലിഞ്ഞുനിന്നു എന്നും ആ ദിനത്തിന്റെ പ്രസരിപ്പും അപരിമേയമായ ഊര്ജ്ജവും മറ്റു ശുഭലക്ഷണങ്ങളും കണ്ടറിഞ്ഞ പിശാച് പേടിച്ചും സങ്കടപ്പെട്ടും നിലവിളി കൂട്ടി നടന്നുവെന്നും പറയുന്ന ഭാവനാപൂര്ണ്ണമായ ഒരു കഥ. ലിപികള്‍ സ്വായത്തമാക്കിക്കൊണ്ട് പിശാചിന്റെ മേല്‍വിജയം ഉറപ്പിക്കുകയും അവനെ കളിയാക്കാന്‍ മാത്രം ആത്മവിശ്വാസം നേടിയെടുക്കുകയുമാണ് ഒരു ജനത. എഴുത്തുവിദ്യ അതിന്റെ തുടക്കത്തില്‍ തന്നെ ചൈനയിലെ സാധാരണജനങ്ങള്ക്കും ലഭ്യമായിട്ടുണ്ടാകണം. അതില്‍ നിന്നാകണമല്ലോ ഇതുപോലെയുള്ള മിത്തുകള്‍ രൂപം കൊള്ളുന്നത്‌. ചൈനിസ് എഴുത്തില്‍ പതിനായിരക്കണക്കിനു വിവിധ ലിപികളുണ്ട്. ആ അക്ഷരമാലയില്‍ പ്രാഥമികപ്രയോഗപാടവം നേടാനാണെങ്കില്ലും മുവ്വായിരം മുതല്‍ നാലായിരംവരെ ലിപികള്‍ ഹൃദിസ്ഥമാക്കേണ്ടതുണ്ടത്രേ. ഏതായാലും അവരുടെ ലിപിസമുച്ചയങ്ങള്‍ തുടക്കംമുതല്‍ ഇന്നേവരെ കാര്യമായ മാറ്റങ്ങളൊന്നും കൂടാതെ നിലനിന്നുപോരുകയാണ്. ചൈനയില്‍നിന്ന് ആദ്യകാലത്തെ ലിഖിതങ്ങള്‍ കിട്ടിയിട്ടുള്ളത് വെങ്കലപ്പാത്രങ്ങളിലും ആമത്തോടുകളിലും മൃഗങ്ങളുടെ പരന്ന എല്ലുകളിലും ഒക്കെ കൊത്തിവച്ച മട്ടിലാണ്. പിന്നീട് അവര്‍ മുളയലകുകളില്‍ മുളംകമ്പുകള്‍ കൂര്പ്പിച്ചെടുത്ത് എഴുതാന്‍തുടങ്ങി. രോമംകൊണ്ടുള്ള ബ്രഷുകള്‍ പ്രചാരത്തില്‍വന്നപ്പോള്‍ പട്ടുതുണിയിലുംമറ്റും എഴുതാനുംതുടങ്ങി. ഇതോടെ കയ്യെഴുത്തുകല (Calligraphy) വികസിക്കാന്‍തുടങ്ങി. പിന്നിട് ക്രി.പി. ഒന്നാം നൂറ്റാണ്ടോടെ അവര്‍ കടലാസും നിര്മ്മിച്ചെടുത്തു. ഈ വിദ്യ സില്ക്ക് ‌ റൂട്ട് വഴി അറബികളുടേതടക്കം മറ്റു പല നാടുകളും സ്വായത്തമാക്കുകകയും പതിനൊന്നാം നൂറ്റാണ്ടോടെ യൂറോപ്പിലെത്തുകയും ചെയ്തു.

സാവകാശം ലിപിരൂപങ്ങള്‍ കൂടുതല്‍ ലളിതങ്ങളും എളുപ്പത്തില്‍ എഴുതാവുന്നതുമായി മാറുന്നതാണ് നാം കാണുന്നത്. സുമെരിയയില്‍ ഇത് കൈകൊണ്ടു നേരിട്ടെഴുതാന്‍ തുടങ്ങിയതുകൊണ്ടുണ്ടായ മാറ്റമായിരുന്നു. അപ്പോഴും എഴുതാന്‍ പഠിക്കുന്നത് ദുഷ്കരം തന്നെയായിരുന്നു. അതൊക്കെക്കഴിഞ്ഞു കുറേക്കാലംകൂടി ചെന്നിട്ടാണ് ഭാഷണത്തില്‍ മനുഷ്യരുപയോഗിക്കുന്ന ഓരോ ശബ്ദങ്ങളെയും മനസ്സിലാക്കി അവയ്ക്കോരോന്നിനും വെവ്വേറെ സൂചകങ്ങള്‍ കണ്ടെത്തി അവയുപയോഗിച്ച് സംസാരഭാഷതന്നെ നേരിട്ട് ചിട്ടപ്പടി ആലേഖനംചെയ്യുന്ന രീതി പലയിടങ്ങളിലും നിലവില്‍ വരുന്നത്. അക്കൂട്ടത്തില്‍ ഈജിപ്തില്‍ ജോലിചെയ്തിരുന്ന ഇസ്രായേല്‍ - പാലസ്തീന്‍ പ്രദേശങ്ങളില്‍ നിന്നുള്ള തൊഴിലാളികളുടെ ഭാഷ വ്യാഖ്യാനിക്കാനായി ഉണ്ടാക്കിയതാണത്രേ ആദ്യത്തെ സെമിറ്റിക്ക് അക്ഷരമാല. പില്ക്കാലത്ത് അതില്‍ നിന്ന് വികസിച്ചുവന്നതാണ് സിറിയ, പാലസ്തീന്‍, യൂഫ്രട്ടീസ്‌-ടൈഗ്രീസ്‌ തടങ്ങള്‍, അറേബിയ, ഈജിപ്ത്, ആഫ്രിക്കയുടെ വടക്കന്‍ കടല്‍ത്തീരം തുടങ്ങിയ പ്രദേശങ്ങളിലെ ഇന്നത്തെ ലിപിവ്യവസ്ഥകള്‍. ചിത്രലിപികളെ അപേക്ഷിച്ച് ഈ പുതിയരീതിയില്‍ ലിപികളുടെ എണ്ണം വളരെ കുറവായിവന്നു. അതോടെ എഴുത്ത് എല്ലാവര്ക്കും ഒരുപോലെ മനസ്സിലാക്കാനും ഉപയോഗിക്കാനും സാധിക്കുമെന്നായി. എഴുത്തുവിദ്യ പഠിക്കാനും പഠിപ്പിക്കാനും പ്രയോഗിക്കാനും വളരെ എളുപ്പമായി. മുന്കാലങ്ങളില്‍ ചിത്രലിപികളിലെ മുഴുവന്‍ സങ്കേതങ്ങളും പഠിക്കാനും പ്രയോഗക്ഷമതനേടാനും ഏറെക്കാലത്തെ കഠിനാദ്ധ്വാനം വേണ്ടിവന്നിരുന്നു.

സ്വതന്ത്രമായ ലിപിരൂപം ഉരുത്തിരിഞ്ഞുവരുന്ന മറ്റൊരു പ്രദേശം ഇന്ത്യന്‍ ഉപഭൂഖണ്ഡമാണ്. ഇവിടെ ആദ്യം രംഗത്തെത്തുന്നത് സൈന്ധവലിപികളാണ്. അയ്യായിരത്തിലധികം വര്ഷം പഴക്കമുള്ള ഇവയുടെ ലിഖിതരൂപങ്ങള്‍ ധാരാളം കിട്ടിയിട്ടുണ്ടെങ്കിലും അവയൊന്നും ഇതുവരെ വായിച്ചെടുക്കാനായിട്ടില്ല. ആയിരം കൊല്ലത്തോളം നിലനിന്നശേഷം ഇത് പെട്ടെന്ന് അപ്രത്യക്ഷമാകുന്നതായി കാണുന്നു. അത് കഴിഞ്ഞ് ഏഴെട്ടു നൂറ്റാണ്ടോളം കഴിഞ്ഞ് ഈ പ്രദേശത്ത് ബ്രാഹ്മിലിപി രൂപംകൊണ്ടു. ഇന്ന് നിലവിലുള്ള എല്ലാ ഭാരതീയലിപികളുടെയും ദക്ഷിണേഷ്യയിലും ചില ശാന്തസമുദ്രദ്വീപുകളിലും ഉപയോഗത്തിലുള്ള ചില ലിപിരൂപങ്ങളുടെയും മൂലലിപി ഈ ബ്രാഹ്മിയാണ്. ഇതിന്റെദ ഉല്പത്തിയെക്കുറിച്ച് കാര്യമായ അറിവൊന്നും കിട്ടിയിട്ടില്ല. സൈന്ധവലിപി ഇടക്കാലത്തുവച്ചു നഷ്ടമായിപ്പോയശേഷം സിന്ധുതീരങ്ങളില്‍ ഇത് ക്രി.മു. എട്ടാം നൂറ്റാണ്ടോടെ സ്വതന്ത്രമായി രൂപംകൊണ്ടുവെന്നും ക്രി.മു. അഞ്ചാം നൂറ്റാണ്ടോടെ പൂര്ണ്ണരൂപം കൈക്കൊണ്ടു എന്നുമാണ് നിഗമനം. ലോകത്തിലെ അക്ഷരസംയുക്തരായ എല്ലാ പൌരാണികസമൂഹങ്ങളെയുംപോലെ ഭാരതീയരും സങ്കല്പിച്ചിരുന്നത് ലിപി ദൈവദത്തമാണെന്നായിരുന്നു. അതുകൊണ്ടാകണം ബ്രഹ്മാവിന്റെത് എന്ന അര്ത്ഥത്തില്‍ അവര്‍ തങ്ങളുടെ ലിപിക്ക് ബ്രാഹ്മി എന്ന് പേരിട്ടത്. മനുഷ്യഭാഷണത്തിലെ മിക്കവാറും എല്ലാ ശബ്ദങ്ങളും ആലേഖനം ചെയ്യാന്‍ ഇതിന്നു കഴിയുന്നതുകൊണ്ട് ഇത് അതീവശ്രദ്ധയോടെ, ദീര്ഘവീക്ഷണത്തോടെ ചിട്ടപ്പെടുത്തിയ ഒന്നാണെന്ന് നിരീക്ഷിക്കപ്പെടുന്നുണ്ട്. ക്രി.മു നാലാം നൂറ്റാണ്ടിലെ ഒരു നാണയത്തില്‍ ഈ ലിപി വലത്തുനിന്ന് ഇടത്തോട്ട് എഴുതിയതായി കാണപ്പെട്ടിട്ടുണ്ട്. ഒരശോകസ്തംഭത്തിലും ഈ ലിപി ഇടത്തോട്ടെഴുതിയമട്ടില്‍ കാണുന്നു.

ലിപികളുടെ ആവിര്ഭാവത്തോടൊപ്പം അവ രൂപംകൊണ്ട സ്ഥലങ്ങളിലാണ് അതിപുരാതനങ്ങളായ സംസ്കാരങ്ങള്‍ ഉടലെടുത്തതെന്ന കാര്യം ശ്രദ്ധേയമാണ്. മനുഷ്യസംസ്കൃതികളുടെ ഉദയത്തിനും വികാസത്തിനും എഴുത്തുവിദ്യ പലമട്ടില്‍ സംഭാവനകള്‍ നല്കിയിട്ടുള്ളതായി കാണാം. സാര്‍വ്വജനീനമായ രീതിയില്‍ ഭാഷ ഫലപ്രദമായി ആലേഖനം ചെയ്യാമെന്ന സാദ്ധ്യത തെളിഞ്ഞുവന്നതോടെ അറിവിന്റെ സഞ്ചയനം ഓര്മ്മയുടെ പരിമിതവലയത്തില്‍ നിന്ന് സ്വതന്ത്രമായി. അറിവ് അതുവരെയുണ്ടായിരുന്ന വിനിമയപരിമിതികളെ മറികടന്നു. ഭാഷ കൂടുതല്‍ ശക്തിയേറിയ ഒരുപകരണമായി മനുഷ്യന്നു ഉപയോഗപ്പെടാന്‍ തുടങ്ങി. എഴുതപ്പെട്ട കുറിപ്പുകള്‍ കാലത്തെ അതിജീവിക്കുന്ന തെളിവുകളായി അംഗീകരിക്കപ്പെട്ടു. കച്ചവടത്തിലോ സമൂഹ്യക്രമങ്ങളിലോ ഒരിക്കലും നേരത്തെ പറഞ്ഞവ മാറ്റിപ്പറഞ്ഞു ആര്ക്കും രക്ഷപ്പെടാനാവില്ലെന്നായി. മനുഷ്യവ്യവഹാരങ്ങളില്‍ അത് ബൃഹത്തായൊരു സുതാര്യത സൃഷ്ടിച്ചു. നാണയങ്ങളില്‍പ്പോലും എഴുത്ത് വളരെ പ്രധാനമായ ഒരു ധര്‍മ്മം നിര്‍വ്വഹിച്ചുകൊണ്ട് സമ്പത്തിന്റെ ക്രയവിക്രയങ്ങളില്‍ സ്വാധീനം ചെലുത്തിപ്പോന്നു. ഇത്ര രൂപയെന്നോ ഇത്ര ഡോളറെന്നോ എഴുതിവക്കാനാവില്ലായിരുന്നെങ്കില്‍ ആരും നാണയങ്ങളെ മാനിക്കുമായിരുന്നില്ലല്ലോ. വാസ്തവത്തില്‍ അങ്ങിനെ എഴുതാനുള്ള സാദ്ധ്യതയാണ് നാണയങ്ങളെ സൃഷിച്ചതും നിലനിര്ത്തിയതും. പ്രാചീന ഇന്ത്യയില്‍ മഹാജനപദങ്ങളുടെ കാലത്തുനിന്നുള്ള വാക്കാണ്‌ “പണം”. നാണയങ്ങള്ക്ക് അന്ന് പറഞ്ഞിരുന്നത് കാര്ശാതപണം, പണം എന്നൊക്കെയായിരുന്നു. പണം എന്ന ഈ വാക്കിന് ശബ്ദതാരാവലിയില്‍ ചിട്ട എന്നൊരു അര്ത്ഥംകൂടി കാണുന്നുണ്ട്. ഈ അര്ത്ഥത്തില്‍ തന്നെയായിരിക്കണം തുടക്കത്തിലും പണം എന്ന വാക്ക് നിലവില്‍വന്നത്. രണ്ടായിരത്തിലധികം വര്ഷങ്ങള്ക്കു ശേഷവും ആ വാക്ക് ഇന്ത്യയൊട്ടാകെ നിറഞ്ഞുനില്ക്കുന്നതിലെ സാംഗത്യം ശ്രദ്ധിക്കുക. അങ്ങിനെ കൃഷിയില്‍ നിന്നുള്ള മിച്ചം ദീര്ഘദൃഷ്ടിയോടെ സമാഹരിച്ചു വെക്കുന്നതിലും അവയുടെ ക്രയവിക്രയങ്ങളിലും പണം ഉപയോഗിച്ചുകൊണ്ട് ചിട്ടകള്‍ നടപ്പില്‍ വരുത്താന്‍ എഴുത്തുവിദ്യ സഹായകരമായി വന്നു.

തുടര്ന്ന് സമൂഹസംഘാടനത്തില്‍ എഴുത്തിന് കാര്യമായ പങ്കുകിട്ടി. സ്വകാര്യസ്വത്തിന്റെ ആവിര്ഭാവത്തോടെ അതിന്നു തെളിവുകള്‍ നിരത്താനും നിയമപാലനത്തിന്നും അത് പ്രയോജനപ്പെട്ടു. ഭരണചക്രം തിരിക്കുന്നവര്ക്ക് സമൂഹവുമായും സമൂഹത്തിലെ അംഗങ്ങള്ക്ക് തിരിച്ചും എളുപ്പത്തില്‍ ബന്ധപ്പെടാന്‍ എഴുത്ത് കാരണമായി. ഭരണകൂടങ്ങള്ക്കുകീഴില്‍ ജനങ്ങള്ക്ക് ‌സ്വന്തം അവകാശസംരക്ഷണത്തിന്നുള്ള സാദ്ധ്യതകള്‍ കൂടുതല്‍ തെളിഞ്ഞുകിട്ടി. അതുകൊണ്ടുതന്നെ എഴുത്തുവിദ്യ സാര്‍വ്വത്രികമായ പ്രദേശങ്ങളില്‍ ഭരണസംവിധാനങ്ങള്ക്ക് കാതലായ മാറ്റങ്ങള്‍ തുടര്ച്ചയായി വന്നുകൊണ്ടിരുന്നു. ബഹുകക്ഷിസമ്മതപ്രകാരം ഭരണക്രമങ്ങളും നിയമങ്ങളും തീര്ച്ചയാക്കി രേഖപ്പെടുത്തിവെക്കാനായി. നിയമങ്ങള്‍ നടപ്പാക്കാനും നികുതികള്‍ പിരിക്കാനും ഖജനാവിലെ കണക്ക് സൂക്ഷിക്കാനും എഴുത്തുവിദ്യ പ്രദാനംചെയ്ത സംഭാവനകള്‍ ചെറുതൊന്നുമല്ല. അങ്ങിനെ വിശാലങ്ങളായ സാമ്രാജ്യങ്ങളുടെ സംഘാടനം സാദ്ധ്യമായിത്തീര്ന്നു .

സ്വകാര്യസ്വത്തിന്റെത കാര്യത്തില്‍ അവയുടെ ഉടമാവകാശത്തിന്റെ ആധികാരികത രേഖകളിലാക്കി വെക്കാന്‍ കഴിഞ്ഞത് സ്ഥാവരജംഗമസ്വത്തുക്കളുടെ അവകാശത്തര്ക്കങ്ങള്‍ ഒഴിവാക്കാവുന്നതായി മാറ്റി. രേഖകളില്‍ പേരെഴുതി ഒപ്പിടുക എന്നത് തീരുമാനങ്ങളില്‍ കക്ഷികളുടെ വ്യക്തിത്വം ആധികാരികമായി അംഗീകരിക്കുന്ന സംവിധാനമാകുകയും അവര്ക്ക് രേഖകളോടുള്ള ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞുമാറാന്‍ സാധിക്കാതാക്കുകയുംചെയ്തു. ഇതില്‍നിന്നൊരു പടികൂടി മുന്നോട്ടുപോയി കേരളത്തില്‍ ക്രി. വ. ഒമ്പതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍ സ്ഥാണുരവി കുലശേഖരന്റെ കാലത്തുനിന്നുള്ള തരിസാപ്പള്ളി ചെപ്പേടുകളിലൊന്നില്‍ സാക്ഷികളായി നിന്നിരുന്ന വിദേശികളുടെ പേരും ഒപ്പും നല്കിയിരിക്കുന്നത് അവരവരുടെ ഭാഷകളിലാണ്. അന്നത്തെ മലയാളത്തിലുള്ള രേഖയ്ക്കൊടുവില്‍ ഹീബ്രു, കുഫിക്ക്‌ ലിപികളിലാണ് ജൂതരും അറബികളുമായ സാക്ഷികളുടെ പേരുവിവരങ്ങളും മറ്റും നല്കിയിരിക്കുന്നത്. അതില്‍ത്തന്നെ വായിച്ചെടുക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത പഹ് ലവി ഭാഷയിലുള്ള ഒരു കുറിപ്പുകൂടി ഉണ്ട്. അതാത് ഭാഷകളില്‍ത്തന്നെ സാക്ഷികളുടെ വിവരങ്ങള്‍ നല്കിയിരിക്കുന്നത് അവരുടെ ആധികാരികതയും വിശ്വാസ്യതയും കൂടുതല്‍ ഉറപ്പാക്കാന്‍ തന്നെയായിരിക്കും. വെറുതെ നാട്ടുഭാഷയില്‍ പേരെഴുതിവച്ചാല്‍ മാത്രം പോരാ എന്നുതന്നെ അതില്‍ പങ്കാളികളായ കക്ഷികള്ക്ക് തോന്നിയിരിക്കും. അതാത് ഭാഷകളിലെ ലിപികള്‍ വ്യക്തികളുടെയോ സമൂഹങ്ങളുടേയോ വ്യക്തിത്വംപോലും പ്രതിനിധാനം ചെയ്യുംവണ്ണം ഇങ്ങിനെ രേഖകളില്‍ പലപ്പോഴും പ്രത്യക്ഷപ്പെടുന്നുണ്ട്.

ആദ്യകാലഭാഷണരീതികള്‍ ഭാഷയായി പൂര്ണ്ണതയിലേക്ക് വികസിക്കുന്നത് ഒരു പക്ഷേ ഈ ലിപികളുടെ ആവിര്ഭാവത്തോടെയാകണം. കാരണം ഇത്തരം ലിപികള്‍ സ്വന്തമാക്കിയതോടെ പ്രാഥമികമായ വിവരവിനിമയോപാധി എന്നതിനപ്പുറം എഴുത്ത്‌ മനുഷ്യന്റെ ചിന്താശക്തിക്ക് ത്വരകമായി ഭവിച്ചു. ഒറ്റയ്ക്കിരുന്ന് ആലോചിച്ചുകൂട്ടുന്നതൊക്കെയും ഒറ്റയ്ക്കിരുന്നുതന്നെ രേഖപ്പെടുത്തി മറ്റൊരാളെ അറിയിക്കാനാകുമെന്നു വന്നതോടെ ഭാഷ ബൃഹത്തായ ആശയങ്ങളുടെ പ്രണേതാവും പ്രസരണോപാധിയുമായി മാറി. തുടര്ന്ന് ഇത്തരം ലിപികള്‍ ഉപയോഗിക്കുന്ന ഭാഷകളില്‍ സര്ഗാത്മകരചനകളിലൂടെ വമ്പന്‍ സാഹിത്യസമ്പത്തുകള്‍ രൂപംപൂണ്ടുവന്നു. നൃത്തത്തിനും സംഗീതത്തിനുമപ്പുറം കവിതയും കഥകളുമടങ്ങിയ വിവിധ സാഹിത്യശാഖകള്‍ വളര്ന്നുവരാന്‍ തുടങ്ങി. സാഹിത്യസൃഷ്ടികള്‍ എഴുതുകയെന്നത് ഭാവനയുള്ള ആര്ക്കും അഭികാമ്യമായ തൊഴിലായി മാറി. വാമൊഴികളുടെ പരിമിതികളെ ഉല്ലംഘിച്ചുകൊണ്ട് വിശ്വസാഹിത്യത്തില്‍ പുത്തന്‍സാഹിത്യശാഖകളും അവയില്‍ അസംഖ്യം കൃതികളും എഴുത്തുവിദ്യയുടെ തുടക്കം മുതല്‍തന്നെ അതാത് പ്രദേശങ്ങളില്‍ രൂപംകൊണ്ടു. കൂടുതല്‍ ദീപ്തമായ ആശയവ്യാപനത്തിനായി എഴുത്തിലൂടെ പുതിയ വാക്കുകള്‍ രൂപപ്പെട്ടുവന്നു. ഭാഷകളുടെ ആശയപ്രകാശനശേഷി ഇത്തരം സര്ഗാത്മകരചനകളിലൂടെ പതിന്മടങ്ങ് വര്ദ്ധിച്ചു. സാഹിത്യസൃഷ്ടികള്‍ കൂടുതല്‍ ആളുകള്ക്കിടയിലേക്കെത്തിപ്പെടുകയും അവയിലൂടെ ബൃഹത്തായ സംസ്കൃതികളുടെ ഉദ്ഗ്രഥനം സാദ്ധ്യമാകുകയും ചെയ്തു.

കൃഷിയെ കേന്ദ്രീകരിച്ചു വികസിച്ചുവന്ന പുതിയ സാമൂഹ്യക്രമം സഹജീവനത്തെക്കുറിച്ചും ഭൂമിയെക്കുറിച്ചും പ്രകൃതിശക്തികളേക്കുറിച്ചും ജീവനെക്കുറിച്ചുമൊക്കെ പുതിയ സങ്കീര്ണ്ണങ്ങളായ സമസ്യകള്‍ മനുഷ്യന് സമ്മാനിച്ചപ്പോള്‍, അവയ്ക്കുത്തരം തേടാനുള്ള ശ്രമങ്ങളില്‍ ഭാഷണങ്ങള്ക്കൊപ്പം എഴുത്തും കൂടിച്ചേര്ന്ന് മനുഷ്യചിന്തയെ അതിന്റെ അപരിമേയമായ അതിരുകളിലേക്ക് വികസിപ്പിച്ചുകൊണ്ടുപോയി. അതിന്ഫലമായി വിവിധ ശാസ്ത്രങ്ങളും തത്വചിന്തയും ഗണിതവും വികസിച്ചു. രേഖപ്പെടുത്തിവെക്കുന്ന അറിവുകള്‍ കാര്യങ്ങളുടെ നിജസ്ഥിതിയിലേക്കുള്ള തുടരന്വേഷണങ്ങള്ക്ക് ഉറച്ച അടിത്തറകള്‍ നല്കിവയപ്പോള്‍ തുടര്ച്ചയായ ചോദ്യം ചെയ്യലുകളിലൂടെ അറിവിനെ പുനര്നവീകരിക്കാനുള്ള ധാരാളം വഴികള്‍ തുറന്നുകിട്ടുകയും അതോടെ സമൂഹത്തില്‍ ശാസ്ത്രബോധം അങ്കുരിക്കുകയും വേരുറക്കുകയും ചെയ്തു. ശാസ്ത്രവും സാങ്കേതികവിദ്യയും വളര്ന്നു. അതിന്ഫലമായി ചികിത്സാരംഗത്തുണ്ടായ കുതിച്ചുചാട്ടങ്ങള്‍ മനുഷ്യരുടെ ആയുര്‍ദൈര്ഘ്യം കൂട്ടി.

സാമൂഹ്യപരിതോവസ്ഥകള്‍ മെച്ചപ്പെടുത്തുന്നതിന്നുള്ള അന്വേഷണങ്ങളില്‍ എഴുത്തുവിദ്യ അതിന്റെ ആരംഭം മുതല്‍തന്നെ മനുഷ്യനെ കൂടുതല്‍ക്കൂടുതല്‍ സഹായിച്ചുപോന്നു. അതിനു സമാന്തരമായി കാലാനുയോജ്യമായി എഴുത്തുരീതികള്‍ പരിഷ്കരിക്കാനും എളുപ്പത്തിലും കൂടുതല്‍ ആളുകള്ക്കിടയിലേക്കെത്തുന്ന മട്ടിലും പുതിയ എഴുത്തുസാമഗ്രികള്‍ കണ്ടെത്താനും മനുഷ്യര്‍ എന്നും പരീക്ഷണോത്സുകരായി നിന്നിരുന്നു. തുടക്കത്തില്‍ ചൈനയില്‍ മൃഗങ്ങളുടെ പരന്ന എല്ലുകളിലും ആമത്തോടുകളിലും രേഖകള്‍ എഴുതിപ്പോന്നുവെങ്കില്‍ ഇന്ത്യയില്‍ അത് ഭൂര്ജ്ജപത്രങ്ങളിലും പനയോലകളിലും ചെമ്പുതകിടുകളിലും തുടങ്ങി കരിങ്കല്ലില്‍വരെ എത്തിനിന്നു. മദ്ധ്യേഷ്യയിലും പാലസ്തീന്‍ പ്രദേശത്തും ചാവുകടല്‍ ചുരുളുകളെപ്പോലെ രേഖകള്‍ മൃഗചര്മ്മരങ്ങളിലാണ് എഴുതിപ്പോന്നത്. പതിനാറാം നൂറ്റാണ്ടില്‍ കടലാസ്‌ ധാരാളമായി പ്രചാരത്തിലെത്തുന്നതുവരെ യൂറോപ്പിലും വെല്ലം എന്നറിയപ്പെട്ടിരുന്ന ഈ മൃഗചര്മ്മങ്ങളാണ് ഉപയോഗത്തിലിരുന്നത്. കൂടുതല്‍ കാലം കേടില്ലാതെ ഇരിക്കുമെന്നതുകൊണ്ട് ഇംഗ്ലണ്ടില്‍ പാര്‍ലമെന്റ് പാസ്സാക്കുന്ന നിയമങ്ങള്‍ ഇന്നും എഴുതിവയ്ക്കുന്നത് ഇതിലാണ്. ഇന്ത്യയിലാണെങ്കില്‍ അടുത്തകാലം വരെ സ്ലേറ്റുകള്‍കൂടി പ്രചാരത്തിലുണ്ടായിരുന്നല്ലോ. കടലാസ്‌ കണ്ടുപിടിച്ചത് ചൈനക്കാരാണെങ്കിലും അറബികള്‍ വഴി അത് പതിനൊന്നാം നൂറ്റാണ്ടോടെ യൂറോപ്പിലും എത്തിപ്പെട്ടതോടെ എഴുത്തിന്റെ ശുക്രദശ തുടങ്ങുകയായിരുന്നു. അത് ഇംഗ്ലണ്ടില്‍ എത്തിപ്പെടുന്നത് 1450 ല്‍ ആണത്രേ. പതിനാറാം നൂറ്റാണ്ടോടെ കനവും ഭാരവും കുറഞ്ഞ, ചുരുളുകളായോ മടക്കിയോ സൂക്ഷിക്കാവുന്ന, ആവശ്യമുള്ള വലിപ്പത്തില്‍ ധാരാളമായി യന്ത്രസഹായത്തോടെ നിര്മ്മിക്കാനായ ഈ വസ്തു എഴുത്ത് സാര്‍വ്വത്രികവും ജനകീയവുമാക്കുന്നതില്‍ വലിയ പങ്കുവഹിച്ചു. അതോടെ കൂടുതല്‍ വേഗത്തില്‍ പഠിക്കാനും എഴുതാനും പാകത്തില്‍ എല്ലാ ഭാഷകളിലെയും ലിപികള്‍ ലളിതങ്ങളായ രൂപങ്ങള്‍ കൈക്കൊണ്ടു.

എഴുത്തുപകരണങ്ങളുടെ കാര്യത്തിലാണെങ്കില്‍ എഴുത്താണികള്‍ മുതല്‍ ബ്രഷുകളും മഷിയില്‍ മുക്കി എഴുതിയിരുന്ന തൂവലുകളും സ്റ്റീല്‍പെന്നുകളും, പെന്സിലുകളും, തുടര്ന്ന് ഫൌണ്ടന്പേനകളും കുറേക്കാലം നാടുകള്‍ വാണിരുന്നു. തുടര്ന്ന് ബാള്പേനകള്‍ വന്നു. പില്ക്കാലത്ത്‌ ടൈപ്പ്റൈറ്ററുകള്‍ രംഗത്തെത്തി. ആധുനികകാലത്ത് എഴുത്ത്‌ ടൈപ്പ്റൈറ്ററുകളെയും കടന്നുപോന്ന്, കമ്പ്യൂട്ടറുകളില്‍ എത്തിനില്ക്കുന്നതാണ് നാം കാണുന്നത്.

മനുഷ്യചരിത്രത്തിലെ വമ്പന്‍ പ്രയാണങ്ങളുടെ രണ്ടാം ഘട്ടം ആരംഭിക്കുന്നത് എഴുത്തുവിദ്യ വികസിക്കുന്നതോടെയാണ്. ഈ രണ്ടാം ഘട്ടം വെറുതെ ഭക്ഷണം മാത്രം അന്വേഷിച്ചുകൊണ്ടായിരുന്നില്ലെന്നുമാത്രം. അധികാരവും സമ്പത്തും പ്രതാപവും പ്രശസ്തിയും ശാശ്വതീകരിക്കാനുള്ള ശ്രമങ്ങളില്‍ എഴുത്തുവിദ്യ നല്കിയ ഊര്ജ്ജം കുറച്ചൊന്നുമല്ലായിരുന്നു. അതിന്റെ തുടര്ച്ചയെന്നോണം വമ്പന്‍സാമ്രാജ്യങ്ങളും സംസ്കൃതികളും രൂപംകൊണ്ടുവെന്നു പറഞ്ഞുവല്ലോ. ഈ സംസ്കൃതികള്ക്കും സാമ്രാജ്യങ്ങള്ക്കും കൂടുതല്‍ സ്ഥലത്തേക്ക് പരക്കുക എന്നത് അനിവാര്യമായിവന്നു. അതിനായി പില്ക്കാലത്ത്‌ ചുറ്റുമുള്ളവരെ കീഴ്പെടുത്തിക്കൊണ്ട് മനുഷ്യകുലങ്ങള്‍ ഭൂഖണ്ഡങ്ങള്‍ താണ്ടിയുള്ള നിരവധി പ്രയാണങ്ങള്‍ നടത്തിയിട്ടുണ്ട്. ഈ കീഴ്പെടുത്തലുകളില്‍ ആയുധങ്ങള്ക്കുള്ള അത്രതന്നെ പങ്ക് സാംസ്കാരികമായ അധിനിവേശത്തിനും ഉണ്ടായിരുന്നു. ഈ സാംസ്കാരികാധിനിവേശത്തില്‍ പ്രധാനപങ്ക് വഹിച്ചത് എഴുത്തുവിദ്യ തന്നെയാണ്.

രണ്ട്

നായാട്ടും കാലിവളര്ത്തലുമായി കഴിഞ്ഞുകൂടിയ ആളുകളും കൃഷിയുടെ മെച്ചങ്ങള്‍ അറിഞ്ഞതോടെ കൃഷിസ്ഥലങ്ങളുടെ സമീപത്ത് സ്ഥിരതാമസമാക്കാന്‍ തുടങ്ങി. അവര്‍ കൃഷിരീതികള്‍, അത് നേരത്തേതന്നെ സ്വാധീനത്തിലാക്കിയവരില്‍ നിന്നാവണം പഠിച്ചത്. അതുകൊണ്ടുതന്നെ സ്വന്തമായ ലിപിയുണ്ടാക്കുന്നതിലും പരീക്ഷണങ്ങളില്‍ ഏര്പ്പെടാനൊന്നും അവര്‍ മുതിര്ന്നില്ല. അധിനിവേശങ്ങളും കൊള്ളയും പതിവായിരുന്ന അക്കാലത്ത് കൊള്ളക്കൊടുക്കകളും പ്രചാരത്തിലുണ്ടായിരുന്നു. അതിന്റെ പരിണതഫലമായി പില്കാലത്ത്‌ ലിപിയില്ലാത്തവരില്‍ മിക്കവരും അയല്‍പക്കത്തെയോ അധിനിവേശകരുടെയോ ലിപിവ്യവസ്ഥ സ്വായത്തമാക്കുകയും തങ്ങളുടെ ഭാഷയ്ക്കനുസൃതമായി പരിഷ്കരിച്ചെടുക്കുകയുമാണ് ഉണ്ടായത്‌.

ഉദാഹരണത്തിനു യൂറോപ്പിലേക്ക് തന്നെ പോകാം. ക്രി.മു പതിനഞ്ചാം നൂറ്റാണ്ടോടെ ഗ്രീസില്‍ പ്രത്യക്ഷപ്പെടുന്ന യവനരുടെ ആദിഗോത്രങ്ങള്‍ സെമെറ്റിക്ക് പ്രദേശത്തുനിന്നുള്ള ഫിനീഷ്യരുടെ ലിപിവ്യവസ്ഥ സ്വീകരിക്കുന്നതാണ് കാണുന്നത്. ഫിനീഷ്യര്ക്ക് മദ്ധ്യധരണിക്കടലിന്റെ കിഴക്കന്‍ പ്രദേശങ്ങളിലും ക്രീറ്റ് ദ്വീപിലുമൊക്കെ അന്നുതന്നെ ധാരാളം കച്ചവടസങ്കേതങ്ങള്‍ ഉണ്ടായിരുന്നു. ഗ്രീക്കുകാര്‍ സംസാരിച്ചിരുന്ന ഭാഷ ഇന്ഡോ-യൂറോപ്യന്‍ വിഭാഗത്തില്‍പ്പെട്ടതായിരുന്നു. കയ്യില്‍ക്കിട്ടിയ ഫിനീഷ്യന്‍ ലിപിവ്യവസ്ഥ തങ്ങളുടെ ഭാഷയ്ക്കനുരൂപമായി അവര്‍ കാലംകൊണ്ട് മാറ്റിയെടുത്ത് ഇന്നത്തെ ഗ്രീക്ക് ലിപിയുടെ പ്രാഗ്രൂപമുണ്ടാക്കി. രണ്ടു മൂന്നു നൂറ്റാണ്ടുകള്ക്കുശേഷം എത്രുസ്കരും റോമാക്കാരും ഈ ലിപിവ്യവസ്ഥ പകര്ത്തി ഉപയോഗിക്കാന്‍ തുടങ്ങിയതില്നിന്ന് ഉരുത്തിരിഞ്ഞുവന്നതാണ് ലാറ്റിന്‍ഭാഷയുടെ ലിപിവ്യവസ്ഥ. ക്രിസ്തുവിനു മുമ്പ് ഏഴാം നൂറ്റാണ്ടില്‍ നിന്നാണ് അറിയപ്പെടുന്നതില്‍ ആദ്യത്തെ ലാറ്റിന്‍ ലിഖിതം കിട്ടിയിട്ടുള്ളത്. അന്ന് ഇതെഴുതിയിരുന്നത് വലത്തു നിന്നു ഇടത്തോട്ടായിരുന്നു. പില്ക്കാലത്ത്‌ ഫ്രഞ്ചുകാരും സ്പെയിന്കാരും പോര്ച്ചുഗീസുകാരുമെല്ലാം ഈ ലിപികള്‍ സ്വീകരിക്കുകയും തങ്ങളുടെ ഭാഷയുടെ ഉച്ചാരണഭേദങ്ങള്ക്കനുസരണമായി ആവശ്യംപോലെ മാറ്റിയെടുക്കുകയും ചെയ്തു. റോമില്‍നിന്ന് കത്തോലിക്കമതം ഇവിടങ്ങളിലേക്കു പരന്നതോടെയാണ് ഇതു സംഭവിച്ചത്.

അതേകാരണം കൊണ്ടുതന്നെ, അതായത്‌ പോപ്പിന്റെ സ്വാധീനമേഖല വികസിക്കുന്നതോടെ, ജര്മ്മനിയും ഡന്‍മാര്ക്കും ഇംഗ്ലണ്ടും ഉള്പ്പെടുന്നയിടങ്ങളില്‍ നിലവിലുണ്ടായിരുന്ന ജര്മാ‍നിക്ക് ഭാഷകളായ ജര്മ്മനും ഇംഗ്ലീഷും ഡാനിഷുമെല്ലാം ലാറ്റിന്‍ലിപി സ്വീകരിച്ച് മാറ്റങ്ങള്‍ വരുത്തി ഉപയോഗിക്കാന്‍ തുടങ്ങി. അവര്ക്ക് ‌ റൂണ്സി എന്നപേരില്‍ ഒരു ലിപി നിലവിലുണ്ടായിരുന്നു. ഗ്രീക്ക്/എട്രുസ്കന്‍ലിപികളില്‍നിന്ന് വളരെ നേരത്തെ ഉരുത്തിരിഞ്ഞതാണ് ഈ ലിപി. ലാറ്റിന്‍ ഒഴികെയുള്ള ലിപിവ്യവസ്ഥകള്‍ പോപ്പ്‌ പലയിടങ്ങളിലും ഔദ്യോഗികമായിത്തന്നെ നിരോധിച്ചിരുന്നുവത്രേ. അങ്ങിനെ യൂറോപ്പിലാകമാനം ലാറ്റിന്‍/റോമന്‍ ലിപിവ്യവസ്ഥ രൂപമാറ്റങ്ങളോടെ നിലവില്‍വന്നു.

സ്ലാവ്പ്രദേശത്തെ മതപ്രചാരണത്തിനായി സെയിന്റ് സിറില്‍ (സുറിയാനിസഭയുടെ പ്രചാരകനായിരുന്നു അദ്ദേഹം) ലാറ്റിനില്നിന്നു വികസിപ്പിച്ചെടുത്തതാണ് സിറില്ലിക് ലിപി. ചെക്കോസ്ലോവാക്യ, ബാള്ക്കണ്‍, ബൈലോ റഷ്യ, റഷ്യ എന്നിവിടങ്ങളില്‍ ഇതിനായിരുന്നു പ്രചാരം. പില്ക്കാലത്ത്‌ കത്തോലിക്കര്‍ കടന്നുവന്നതോടെ മദ്ധ്യയൂറോപ്പിലെ ഈ ഭാഗങ്ങളില്‍നിന്ന് സെയിന്റ് സിറിളിന് തന്നെ മാറിത്താമാസിക്കേണ്ടിവരികയും ഇവിടങ്ങളില്‍ പലയിടത്തും ലാറ്റിന്‍ലിപി മേല്‍ക്കൈനേടുകയും ചെയ്തു.

മദ്ധ്യധരണിക്കടലിന്റെ കിഴക്കന്‍തീരങ്ങളിലേക്ക് കുടിയേറിയ സെമിറ്റിക്ക് ഗോത്രങ്ങളിലൊന്നായ അരാമിയരുടെ ഭാഷയായിരുന്നു അരാമിയ. ഒട്ടകങ്ങളെ മെരുക്കിവളര്ത്താന്‍ തുടങ്ങിയത്‌ ഇവരാണത്രേ. ഗ്രീക്കില്‍ ഇവരുടെ സ്ഥലങ്ങള്‍ സിറിയ എന്നറിയപ്പെട്ടുവന്നു. ഏകദേശം ക്രി.മു 2500 നോടടുത്തുനിന്നു ലഭ്യമായ ഒരു അക്കാഡിയന്‍ ലിഖിതത്തില്‍ അറാം എന്ന വാക്ക് കാണുന്നുണ്ട്. സെമിറ്റിക്ക് ലിപികളില്‍ പ്രമുഖമായിരുന്നു അരാമിയരുടെത്‌. മൂലസെമിറ്റിക്കില്നിന്ന് സ്വതന്ത്രമായി വേര്പിരിഞ്ഞുപോന്ന ഈ ലിപിവ്യവസ്ഥ പലകാലങ്ങളിലായി ഇന്നത്തെ സിറിയ മുതല്‍ അഫ്ഘാനിസ്ഥാന്‍വരെയുള്ള പ്രദേശങ്ങളില്‍ ഉപയോഗത്തിലിരുന്നു. തക്ഷശിലപ്രദേശത്തുനിന്നു അരാമിയലിപിയിലുള്ള ഒരു അശോകശാസനം കണ്ടെത്തിയിട്ടുണ്ട്. ഇതേ സ്ഥലങ്ങളില്‍ നിലവിലുണ്ടായിരുന്ന ഖരോഷ്ടിലിപിക്ക് അരാമിയലിപിയുമായി കടപ്പാടുണ്ട്. ഹീബ്രുഭാഷയും പില്ക്കാലത്ത് ഈ ലിപികള്‍ സ്വീകരിച്ചു. പഴയ ഹീബ്രുലിപി ഫിനിഷ്യന്‍ലിപി ആസ്പദമാക്കിയുള്ളതായിരുന്നു. യേശുക്രിസ്തു ഉപയോഗിച്ചിരുന്നത് അരാമിയഭാഷയായിരുന്നു. അരാമിയ പില്‍ക്കാലത്ത്‌ സുറിയാനിഭാഷയായി മാറി.

മറ്റൊരു സെമിറ്റിക്ക് ലിപിയായ അറബിയുടെ കാര്യമെടുക്കാം. മൂലസെമിറ്റിക്ക് ഭാഷയുമായി ഏറ്റവും അടുപ്പം കാണിക്കുന്നതാണ് അറബിഭാഷ. ഇന്ന് ലോകത്തില്‍ ഏറ്റവും പ്രചാരമുള്ള രണ്ടാമത്തെ ലിപിയാണ് ഇതിന്റേത്. അതിന്റെ വിവിധരൂപങ്ങള്‍ യൂറോപ്പിന്റെ ചില ഭാഗങ്ങള്‍, ആഫ്രിക്കയുടെ ഉത്തര-മദ്ധ്യപ്രദേശങ്ങള്‍, ദക്ഷിണപൂര്‍വ്വേഷ്യ, പേര്ഷ്യാ, തുര്ക്കി , ഇന്ത്യ തുടങ്ങിയ സ്ഥലങ്ങളില്‍ പ്രചാരത്തിലുണ്ട്. പുഷ്ടു, പേര്ഷ്യന്‍, സ്വാഹിലി, ഉര്ദു, ജാവി തുടങ്ങിയ ലിപികള്‍ ഇക്കൂട്ടത്തില്‍പ്പെടുന്നു.

ദക്ഷിണ അറേബിയയില്‍ മിനായന്മാരും സേബിയന്മാരും അടങ്ങുന്ന ജനവിഭാഗങ്ങള്‍ ക്രി.മു. 1200 മുതല്‍ നിലവിലുണ്ടായിരുന്ന സംസ്കാരങ്ങളിലൂടെ വളര്ത്തിയെടുത്ത അറബി ഭാഷ ഇസ്ലാമിന്റെ ആവിര്ഭാവത്തിനും മുമ്പേതന്നെ അറേബ്യന്‍ ഉപദ്വീപില്‍ പ്രചാരത്തിലായിരുന്നു. സിറിയ, ബാബിലോണിയ തുടങ്ങിയ സ്ഥലങ്ങളുമായി അവര്ക്ക് സമ്പര്ക്കങ്ങളുണ്ടായിരുന്നു. ബാബിലോണിയയിലെ ഒടുവിലത്തെ ചക്രവര്ത്തി മദീനയ്ക്കു സമീപമുള്ള തെയ്മയില്‍ ഏതാനും വര്ഷം താമസിച്ചതായി തെളിയുന്നുണ്ട്. തുടര്ന്നു ഇത്തരം സമ്പര്ക്കങ്ങളിലൂടെ അറബിഭാഷ അവിടെനിന്നു വടക്കോട്ട് വ്യാപിക്കുന്നു. ക്രി.മു രണ്ടാം നൂറ്റാണ്ടോടെ നബാത്തിയന്‍ അറബികള്‍ സിറിയയില്‍ ശക്തമായ ഒരു രാഷ്ട്രം സ്ഥാപിച്ചപ്പോള്‍ അവിടങ്ങളിലുണ്ടായിരുന്ന അരാമിയലിപി സ്വാംശീകരിച്ചതില്‍ നിന്നാണ് നബാത്തിയന്‍ അറബിലിപി ഉണ്ടായത്. ഇത് ക്രി.മു ഒന്നാം നൂറ്റാണ്ടിലായിരുന്നിരിക്കണം. തുടര്ന്നു പല പരിഷ്കരണങ്ങള്ക്കുമൊടുവില്‍ ക്രി.പി ഏഴാം നൂറ്റാണ്ടോടെ ആ ലിപി ഇന്നത്തെ അതിന്റെ രൂപം കൈക്കൊണ്ടു. കയ്യെഴുത്തെന്നോ വടിവെഴുത്തെന്നോ വിളിക്കാവുന്ന കാല്ലിഗ്രാഫി (calligraphy) ആദ്യം ആവിഷ്കരിച്ചത് ചൈനക്കാരാണെങ്കിലും അറബിദേശങ്ങളിലും കാലാന്തരേണ അത് സ്വതന്ത്രമായി നിലവില്‍വന്നു. അറബിലിപികള്‍ വടിവിലും ചന്തത്തിലും ദൃശ്യഭംഗിയോടെ വിവിധരീതികളില്‍ എഴുതപ്പെട്ടുപോന്നു. ഈജിപ്തും വടക്കന്‍ ആഫ്രിക്കയും ജിബ്രാള്ട്ടറും വഴി അറബികള്‍ സ്പെയിനിലൂടെയും സിസിലിയിലൂടെയും യൂറോപ്പില്‍ എത്തിപ്പെട്ടപ്പോള്‍ അറബിലിപിയോടൊപ്പം കടല്‍കടന്നുചെന്ന ഈ കാല്ലിഗ്രാഫി യൂറോപ്പിലാകമാനം അക്കാലത്ത്‌ പ്രിയമേറിയ ഒന്നായിരുന്നു. അതേത്തുടര്ന്ന് ലാറ്റിന്‍ ലിപിയിലും ഈ കല പരീക്ഷിക്കപ്പെടുകയും വിജയിക്കുകയുംചെയ്തു. ജര്മ്മന്‍ ചക്രവര്ത്തിമാര്‍ തങ്ങളുടെ കിരീടധാരണസമയത്തെ ആഡംബരവസ്ത്രങ്ങള്‍ മനോഹരങ്ങളായ അറബികയ്യെഴുത്തുകള്‍ കൊണ്ടു അലങ്കരിച്ചിരുന്നുവത്രേ. മദ്ധ്യകാലത്ത് യൂറോപ്പിലെ ക്രൈസ്തവദേവാലയങ്ങളിലും അറബിലിപികള്‍ കൊണ്ടുള്ള അലങ്കാരങ്ങള്‍ ഉണ്ടായിരുന്നു.

പരാമര്ശവിധേയമാക്കേണ്ട ലിപികളില്‍ ഇനി പ്രധാനമായവ ഭാരതീയലിപികളാണ്. അവയുടെ മൂലരൂപം ബ്രാഹ്മിയാണെന്നു പറഞ്ഞുവല്ലോ. ഉടലെടുത്തശേഷം നൂറ്റാണ്ടുകളിലൂടെ ഇത് പല രൂപമാറ്റങ്ങളും കടന്നുപോന്ന്‍ ഒടുവില്‍ അതിന്റെ ഉത്തര-ദക്ഷിണ രൂപങ്ങളിലെത്തുകയും ഇന്ത്യയുടെ വടക്കും തെക്കും വ്യത്യസ്തഗണങ്ങളില്‍പ്പെട്ട ഭാഷകള്ക്ക് വിവിധലിപികള്‍ സമ്മാനിക്കുകയും ചെയ്തു. ഗുപ്തരാജാക്കന്മാരുടെ കാലത്തെ ബ്രാഹ്മിലിപിയുടെ തുടര്ച്ചയില്നിന്നാണ് പില്ക്കാലത്ത്‌ ദേവനാഗരിലിപി രൂപംകൊണ്ടത്‌. ഇതേ തുടര്ച്ചയിലാണ് തിബത്തന്‍ഭാഷക്കുള്ള ലിപിയും രൂപപ്പെട്ടത്‌. തിബത്തന്‍ലിപിയിലെഴുതിയ ചീനഭാഷയിലുള്ള ഗ്രന്ഥങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഹിന്ദി, ബംഗാളി, ഒറിയ, ബ്രാഹ്മണി, മൈഥിലി തുടങ്ങിയ ഇന്ഡോ-യൂറോപ്യന്‍ ഭാഷകളുടെ ലിപിയും ഉത്തരബ്രാഹ്മിയില്നിന്നു വന്നതാണ്. ദക്ഷിണേന്ത്യയില്‍ നിലവിലുണ്ടായിരുന്ന പ്രധാനപ്പെട്ട നാല് ദ്രാവിഡഭാഷകളുടെ ലിപികള്ക്കും ബ്രാഹ്മിതന്നെയാണ് ആധാരം. ദക്ഷിണബ്രാഹ്മിയില്‍നിന്ന് രൂപംകൊണ്ട കന്നടലിപികളില്‍ നിന്നാണ് തെലുഗുലിപികള്‍ ഉണ്ടായത്. പഴയകാലത്ത്‌ തമിഴെഴുതാന്‍ ബ്രാഹ്മി ഉപയോഗിച്ചിരുന്നു. പിന്നീട് അതില്നിന്നും ഉരുത്തിരിഞ്ഞ വട്ടെഴുത്ത് എന്ന ലിപിരൂപം തമിഴും മലയാളവും എഴുതാന്‍ ഉപയോഗിച്ചുപോന്നു. സംസ്കൃതശബ്ദങ്ങള്‍ തെറ്റാതെ എഴുതാനാവും മട്ടില്‍ രൂപപ്പെടുത്തിയ ഗ്രന്ഥലിപിയും നടപ്പിലുണ്ടായിരുന്നു. പല്ലവരാജാക്കന്മാരായിരുന്നു ഇതിന്റെ പ്രോത്സാഹകര്‍. കേരളക്കരയില്‍ പ്രചാരത്തിലിരുന്ന വട്ടെഴുത്തും ഗ്രന്ഥലിപിയും ചേര്ന്നാണ് ഇന്നത്തെ മലയാളലിപികള്‍ രൂപപ്പെട്ടത്.

ശ്രീലങ്കയില്‍ നിലവില്‍നിന്ന പഴയ സിംഹളഭാഷയെ ബുദ്ധമതത്തോടൊപ്പം ഇന്ത്യയില്‍ നിന്നെത്തിയ പാലിയും സ്വാധീനിച്ചു. കൂട്ടത്തിലെത്തിയ ബ്രാഹ്മിയില്നിന്നു രൂപപ്പെട്ടതാണ് ഇന്നത്തെ സിംഹളഭാഷയുടെ ലിപിയും. മാലിദ്വീപില്‍ ആദ്യകാലത്ത്‌ സിംഹളത്തിന്റെ ഒരു വകഭേദമായിരുന്നു നിലവിലുണ്ടായിരുന്നത്. അതിന്റെ ലിപി സിംഹളലിപിയോടു കടപ്പെട്ടിരുന്നു. പില്ക്കാലത്ത്‌ അറബികളുടെ സ്വാധീനത്തിലായ ഈ ദ്വീപുകളില്‍ അറബിയില്‍നിന്ന് രൂപംകൊണ്ട പുതിയൊരു ലിപിവ്യവസ്ഥ നടപ്പിലായി. ബര്മ്മയില്‍ (ഇന്നത്തെ മിയാന്മാര്‍) ഭാഷകളും ഉപഭാഷകളുമായി തിബത്തോ-ചൈനീസ്, ആസ്ത്രോ-ഏഷ്യാറ്റിക്ക്, മലായ്‌-പോളിനേഷ്യന്‍ കുടുബങ്ങളില്‍പ്പെട്ട ഏതാണ്ട് നൂറെണ്ണം നിലവിലുണ്ട്. അവിടെ നിലവിലുള്ള മോണ്‍, ഷാന്‍, ബര്മീസസ്‌ എന്നീ ഭാഷകളുടെ ലിപികള്‍ ദക്ഷിണേന്ത്യന്‍ ഗ്രന്ഥലിപിയുടെ മറ്റൊരു പരിണതരൂപമാണ്. പല്ലവകാലത്താണ് ഇന്ത്യയില്നിന്നു കച്ചവടക്കാരോടും ബുദ്ധമതത്തോടുമൊപ്പം ഈ ലിപി അവിടെ എത്തിയത്‌. ഇവിടത്തെ ദേശീയലിപിയായ ബിച്ചയുടേയും ഉത്പത്തി ഗ്രന്ഥലിപിയില്‍ നിന്നാണ്. ഇതുപോലെ ഭാരതത്തില്‍ നിന്ന് പുറപ്പെട്ട യോദ്ധാക്കളും പുരോഹിതരും കച്ചവടക്കാരുമടങ്ങുന്ന കുടിയേറ്റക്കാര്‍ ദക്ഷിണപൂര്‍വ്വേഷ്യന്‍ രാജ്യങ്ങളായ സുമാത്ര, ജാവ, തായ്‌ലാന്റ്, കംപൂച്ചിയ, ലാവോസ്, വിയറ്റ്നാം, ഫില്ലിപ്പീന്സ് തുടങ്ങിയ സ്ഥലങ്ങളില്‍ ഹിന്ദുസാമ്രാജ്യങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. മദ്ധ്യവിയറ്റ്നാമില്‍ ക്രിസ്തു നാലാം നൂറ്റാണ്ടില്‍ പ്രബലമായിത്തീര്ന്ന് ചാം വംശജരുടെ ലിഖിതങ്ങളില്‍ സംസ്കൃതവും മലയോ പോളിനേഷ്യന്‍ ശാഖയില്‍പ്പെട്ട ചാം ഭാഷയും എഴുതിയിരുന്ന ലിപി ദക്ഷിണബ്രാഹ്മിയോടു കടപ്പെട്ടതായിരുന്നു. പില്ക്കാലത്ത്‌ അറബിയും അവിടെ പ്രചാരത്തിലായി. തുടര്ന്നു ഫ്രഞ്ചുകാരുടെ ഭരണത്തിലായിരുന്നപ്പോള്‍ ലാറ്റിന്‍ലിപിയും പ്രാബല്യത്തിലുണ്ടായിരുന്നു. അഞ്ചാം നൂറ്റാണ്ടില്‍ തെക്കേഇന്ത്യയില്നിന്നു ഇന്നത്തെ കംപൂച്ചിയയില്‍ കുടിയേറിപ്പാര്ത്തവര്‍ അവിടെ കെട്ടിപ്പടുത്ത സംസ്കൃതിയില്‍ സ്വീകരിച്ചിരുന്ന ലിപിയും ദക്ഷിണബ്രാഹ്മിയുടെ തുടര്ച്ചയാണ്. ഈ ലിപി ഇന്നും മാറ്റങ്ങളോടെ അവിടെ തുടര്ന്നുപോരുന്നു.

മലയ മുതല്‍ ഹവായ്‌ വരെയും മഡഗാസ്കര്‍ മുതല്‍ ഫില്ലിപ്പീന്സ് വരെയും ഫോര്മോസ മുതല്‍ ന്യൂസീലാന്ഡ് വരെയും ഉള്ള ദ്വീപുസമൂഹങ്ങളിലെ ഭാഷകളെല്ലാം മലായ്‌-പോളിനേഷ്യന്‍ കുടുംബത്തില്‍പ്പെട്ടതാണ്. ബഹാസ മലയെഷ്യ എന്നും ബഹാസ ഇന്തോനേഷ്യ എന്നും ഈ പ്രദേശത്തെല്ലാം അറിയപ്പെടുന്ന ഭാഷ അറബി, പേര്ഷ്യ്ന്‍, പോര്ച്ച്ഗീസ്, ഡച്ച്, ഇംഗ്ലീഷ്‌ തുടങ്ങിയ ഭാഷകളില്നിന്നെല്ലാം പദങ്ങള്‍ സ്വീകരിച്ചു നിലനില്ക്കുന്ന ഒന്നാണ്. ഈ ഭാഷയ്ക്ക്‌ പണ്ടുണ്ടായിരുന്നത് ഭാരതീയലിപികളായിരുന്നു, പിന്നീട് അതു അറബിലിപിയും ലാറ്റിന്‍ലിപിയും സ്വീകരിച്ചു. ജാവയിലെ ഏതാനും ഭാഗത്തും സെലിബസ്, സുമാത്ര, ബാലി എന്നിവിടങ്ങളിലും ഉള്നാടുകളില്‍ ഇന്നും ഭാരതീയലിപിരൂപങ്ങള്‍ നിലനില്ക്കുന്നുണ്ട്. ജാവയിലെ മഹാപഹിത്ത്‌ രാജവംശം ചുറ്റുമുള്ള ദ്വീപുകളെയെല്ലാം കീഴടക്കിയകൂട്ടത്തില്‍ ഫിലിപ്പീന്സും ഉള്പ്പെട്ടിരുന്നു. അങ്ങിനെ ഭാരതീയസംസ്കാരവും ഭാഷകളും ലിപികളും അവിടെയും പ്രചാരത്തിലായിരുന്നു. ഒമ്പതാംനൂറ്റാണ്ടുമുതല്‍ പതിനഞ്ചാംനൂറ്റാണ്ടു വരെ ബുദ്ധമതം അവിടെ പ്രചാരത്തിലുണ്ടായിരുന്നു. ജാവയിലെയും മലയയിലെയും ഭാരതീയ ലിപിസങ്കേതങ്ങളില്‍നിന്ന് രൂപപ്പെട്ട ലിപിയാണ് ഇവിടെ ഉപയോഗത്തിലിരുന്നത്. ഇപ്പോള്‍ ഇവിടെ പ്രചാരത്തിലുള്ളത് റോമന്‍ലിപിയാണ്. ഈ മാറ്റത്തിനു പുറകില്‍ ഡച്ച് ഭരണസംവിധാനവും ക്രിസ്ത്യന്‍ മിഷനറിമാരുമായിരുന്നു. വിയറ്റ്നാമിലും ലാറ്റിന്‍ ലിപികള്‍ വികസിച്ചുവരാനുള്ള കാരണം ക്രിസ്ത്യന്‍ മിഷനറിമാരായിരുന്നു.

ഇന്തോനേഷ്യക്ക് കിഴക്കുള്ള പാപ്പുവ ന്യൂ ഗിനിയയില്‍ ലിപികളില്ലാതിരുന്ന എണ്ണൂറിലധികം വിവിധ പോളിനേഷ്യന്‍ ഭാഷകള്‍ നിലവിലുണ്ടായിരുന്നു. യൂറോപ്യന്‍ അധിനിവേശത്തിന്റെ ബാക്കിപത്രമെന്നോണം ഇംഗ്ലീഷിന്റെ സ്വാധീനത്തില്‍ പല ഭാഷകളുടെയും മിശ്രമായ ടോക് പിസിന്‍, ഹിരി മോട് എന്നീ ഭാഷകളാണ് ഇവിടെ പില്ക്കാലത്ത്‌ ഔദ്യോഗികഭാഷകളായി വന്നത്. അവയുടെ ലിപികളും ഇംഗ്ലീഷ്‌ ലിപികളാണ്. ഫില്ലിപ്പീന്സിനും ഇന്തോനേഷ്യക്കും കിഴക്കായി ശാന്തസമുദ്രത്തില്‍ ചിതറിക്കിടക്കുന്ന പൊളിനേഷ്യന്‍ - മൈക്രോനേഷ്യന്‍ - മേലനെഷ്യന്‍ ദ്വീപുകളിലെ മുഴുവന്‍ ലിപികളുടെ ചരിത്രവും ഏതാണ്ടിതുപോലെത്തന്നെയാണ്. ഇരുപതിനായിരത്തിലധികം വരുന്ന ഈ ദ്വീപുകളില്‍ തനതായി വികസിച്ചുവന്ന ഭാഷകള്ക്ക് അവര്‍ ജാവ, ഫില്ലിപ്പീന്സ് തുടങ്ങിയ സ്ഥലങ്ങളില്‍നിന്നുള്ള ബ്രാഹ്മിക്‌ ലിപികളും, ലാറ്റിന്‍പാരമ്പര്യത്തില്‍പ്പെട്ട ലിപികളും സ്വീകരിക്കുകയാണ് ചെയ്തത്. ഹവായ്ദ്വീപിലെ പോളിനേഷ്യന്‍ ഭാഷയ്ക്ക്‌ പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കംവരെ ലിപികളുണ്ടായിരുന്നില്ല. അക്കാലത്ത്‌ ദ്വീപുകളിലെത്തിയ ക്രിസ്ത്യന്‍മിഷനറിമാരാണ് ഇംഗ്ലീഷ്‌ ലിപികളുപയോഗിച്ച് അവിടെ ആദ്യമായി എഴുത്തുതുടങ്ങിവച്ചത്. ഈ ലിപീകരണം ഹവായിയന്‍ഭാഷയുടെ തനത് ഉച്ചാരണങ്ങളെ അപ്പാടെ മാറ്റിമറിച്ചു എന്ന് പറയപ്പെടുന്നു. ഹോനോരുരു എന്ന് പേരുണ്ടായിരുന്ന സ്ഥലം ഹോണോലുലു ആയത് ഇക്കാലത്താണത്രേ. ഏതായാലും തുടര്ന്നുള്ള കാല്‍നൂറ്റാണ്ടിനുള്ളില്‍ അവിടത്തെ ഭാഷ കോടതികളില്‍ വ്യവഹാരരംഗത്തുകൂടി പ്രായോഗികമാക്കപ്പെട്ടുവെന്നാണ് ചരിത്രം. അടുത്തകാലത്തായി അവിടെ വീണ്ടും ഇംഗ്ലീഷിന്റെ ആധിപത്യം തുടങ്ങിയിട്ടുണ്ടെന്ന് പറയപ്പെടുന്നു.

ചൈനീസ് ഗോത്രത്തില്‍പ്പെട്ട ലിപികളാണ് കൊറിയ, ജപ്പാന്‍ പ്രദേശങ്ങളില്‍ പ്രചാരത്തിലുള്ളത്. ബുദ്ധമതത്തിന്റെ പ്രചാരത്തോടെയാണ് ഈ ലിപിവ്യവസ്ഥ ഇവിടങ്ങളില്‍ എത്തുകയും പ്രചാരത്തിലാകുകയും ചെയ്തത്. ചൈനയിലും ജപ്പാനിലും റോമന്‍ലിപികള്‍ സ്വീകരിക്കാനുള്ള ശ്രമങ്ങള്‍ പില്ക്കാലത്ത് ഔദ്യോഗികമായിത്തന്നെ നടന്നെങ്കിലും ഒന്നുംതന്നെ ഫലം കണ്ടിട്ടില്ല. ജാപ്പനീസ്‌ ഭാഷ ലാറ്റിന്‍ലിപിയില്‍ എഴുതിയെടുക്കാനുള്ള ശ്രമങ്ങള്‍ മിഷനറിമാരുടെ ഭാഗത്തുനിന്ന് ഉണ്ടായെങ്കിലും സാങ്കേതികവും വൈകാരികവുമായ കാരണങ്ങളാല്‍ ആ ഭാഷ ഈ ലിപിമാറ്റത്തിനു വഴങ്ങുകയുണ്ടായില്ല. 1618 ല്‍ ഒരിക്കല്‍ ക്രൈസ്തവരെ മുഴുവന്‍ ജപ്പാനില്നിന്നു ഒഴിപ്പിക്കുകയുണ്ടായി. അതോടെ അവിടെ ലാറ്റില്‍വത്കരണശ്രമങ്ങള്‍ പൂര്ണ്ണമായും നിലച്ചു. ബ്രിട്ടീഷുകാരുടെ കാലത്ത്‌ ഇന്ത്യയിലും ഹിന്ദുസ്ഥാനിഭാഷ റോമന്‍ലിപികള്‍ ഉപയോഗിച്ച് എഴുതിയിരുന്നു. ഇന്ന് സെല്‍ഫോണുകളില്‍ എസ്.എം എസ് അയക്കാന്‍ നമ്മുടെ കുട്ടികള്‍ ഉപയോഗിക്കുന്ന മംഗ്ലീഷ് പോലെ ഒന്ന്. വേണമെങ്കില്‍ അന്നതിനെ ഹിംഗ്ലീഷ്‌ എന്ന് വിളിക്കാമായിരുന്നു. ഇതു പക്ഷെ പട്ടാളക്കാരുടെ ഔദ്യോഗികാവശ്യങ്ങളില്‍ മാത്രം ഒതുങ്ങി. സ്വാതന്ത്ര്യാനന്തരം അത് വിസ്മരിക്കപ്പെടുകയും ചെയ്തു. ഭാരതീയഭാഷകളുടെ അറബിവല്ക്കരണത്തിന്റെ കാര്യമെടുക്കുമ്പോള്‍ അറബിത്തമിഴും അറബിക്കന്നടവും, അറബിമലയാളവും നിലവിലുണ്ടായിരുന്നുവെന്ന കാര്യം ശ്രദ്ധേയമാണ്. ഈ ഭാഷകള്‍ നേരെ അറബിലിപികൊണ്ട് എഴുതുന്ന രീതിയായിരുന്നു ഇത്. ഇതോടെ അറബി പദസമ്പത്തുകള്‍ ഈ ഭാഷകളിലേക്ക് ധാരാളം കടന്നുവന്നു. അമേരിക്കന്‍ ഭൂഖണ്ഡത്തിന്റെ കഥയും വ്യത്യസ്തമല്ല. മായന്‍ഭാഷയ്ക്ക്‌ പൂര്ണ്ണമായും വികസിച്ചുകഴിഞ്ഞ ഒരു ലിപിവ്യവസ്ഥ നേരത്തേതന്നെ ഉണ്ടായിക്കഴിഞ്ഞിരുന്നു. അവരോടൊപ്പം അസ്ടെക്കുകളും ഒള്മെക്കുകളും തങ്ങളുടെ ലിപികള്‍ വളര്ത്തിയെടുത്തുകൊണ്ടിരുന്ന കാലത്താണ് അവിടേക്ക്‌ സ്പെയിന്കാരും പോര്ച്ചുഗീസുകാരും എത്തിപ്പെടുന്നത്. തുടര്ന്ന് വടക്കും തെക്കും അമേരിക്കകളില്‍ ഉദയംകൊണ്ട രാജ്യങ്ങളിലെല്ലാം ക്രിസ്തുമതത്തിന്റെ വ്യാപനത്തിനായി മിഷനറിമാര്‍ നടത്തിയ ഇടപെടലുകളിലൂടെ ലാറ്റിന്‍ലിപികള്‍ പ്രചാരത്തിലായി.

മതങ്ങളും രാഷ്ട്രീയാധിനിവേശങ്ങളും അവയെത്തുന്ന ദേശങ്ങളില്‍ അവരുടെ ഭാഷയും ലിപിയും അടിച്ചേല്‍പ്പിക്കുന്ന രീതി ലോകത്തെമ്പാടും ഉണ്ടായിട്ടുണ്ട്. “..........ഇംഗ്ലീഷുകാര്‍ ഭരിക്കുമ്പോള്‍ കോഴിക്കോട്‌ പട്ടണത്തില്‍ ഇംഗ്ലീഷിലല്ലാതെ മലയാളത്തില്‍ എഴുതിയ യാതൊന്നും ഉണ്ടായിരുന്നില്ലെന്നും ആരോ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ എഴുതിയിരുന്നതായി ഓര്ക്കുന്നു.” എന്ന് പ്രൊ. ഇളംകുളം കുഞ്ഞന്പിള്ള കേരളചരിത്രത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ഒരു ലേഖനത്തില്‍ നിരീക്ഷിക്കുന്നുണ്ട്. മെക്സിക്കോയില്‍ മായരുടെയും അസ്തെക്കുളുടെയും വകയായി ഒരു വമ്പന്‍ ഗ്രന്ഥശേഖരം ഉണ്ടായിരുന്നത് യുക്കറ്റാനിലെ രണ്ടാമത്തെ ബിഷപ്പ്‌ "പിശാചിന്റെ ഗ്രന്ഥങ്ങള്‍" എന്ന് മുദ്രകുത്തി ഒന്നും ബാക്കിവെക്കാതെ ചുട്ടെരിച്ചുകളയുകയുണ്ടായി. അധികാരശ്രേണിയില്‍ നിന്നുവരുന്ന ഇത്തരം നയങ്ങള്‍ പലയിടത്തും ലിപിമാറ്റങ്ങള്ക്കു കാരണമായിട്ടുണ്ടെന്ന് നാം കണ്ടുകഴിഞ്ഞു. എന്നാല്‍ ദേശീയതയുടെ പേരില്‍ സര്ക്കാരുകള്‍തന്നെ നിലവിലുള്ള ലിപികള്‍ മാറ്റി പുതിയവ സ്വീകരിച്ച ചരിത്രവുമുണ്ട്. അന്നോളം അറബിലിപി ഉപയോഗിച്ചിരുന്ന തുര്ക്കിഭാഷയ്ക്ക്‌ ലാറ്റിന്‍ലിപി സ്വീകരിക്കാന്‍ അത്താതുര്ക്ക് കമാല്‍ പാഷ തീരുമാനിക്കുകയും വേണ്ടത്ര മാറ്റങ്ങളോടെ, 1928 നവംബറില്‍ തുര്ക്കിയില്‍ ലാറ്റിന്‍ലിപി നിലവില്‍ വരുത്തുകയും ചെയ്തു. പഴയ സോവിയറ്റ്‌ യൂണിയനില്‍ സിരിള്ളിക്ക് ലിപികളില്‍ നിന്ന് ലാറ്റിനിലേക്ക് മാറാനുള്ള ഒരു ശ്രമം വിപ്ലവാനന്തരദശകങ്ങളില്‍ നടക്കുകയുണ്ടായി. അത് പക്ഷേ പല കോണുകളില്‍ നിന്നുമുള്ള രാഷ്ട്രീയവും ഭാഷാപരവുമായ എതിര്പ്പു കള്‍ കാരണം ഫലപ്രാപ്തിയിലെത്തിയില്ല.

ഇതാണ് ലോകത്തിലെ പ്രധാനപ്പെട്ട ചില ലിപിശാഖകളുടെ ഒരു പൊതുചരിത്രം. വിസ്തരഭയംമൂലം ഇവിടെ ചര്ച്ചചെയ്യാതെവിടുന്ന പല ലിപിസങ്കേതങ്ങള്‍ ഇനിയുമുണ്ട്. ലിപികളുടെ ചരിത്രത്തില്‍ അതാത് കാലത്തെ സാമ്പത്തിക-രാഷ്ട്രീയസംവിധാനങ്ങള്‍ ചെലുത്തുന്ന പങ്ക് ഇതില്‍നിന്ന് വ്യക്തമാകുന്നുണ്ടല്ലോ. തുടക്കത്തില്‍ ലിപിവ്യവസ്ഥകള്‍ കടംകൊള്ളുകയെന്നത് മിക്കഭാഷകളുടെയും പതിവായിരുന്നു. അക്കാലത്ത് അത് ഒരു സ്വാഭാവികപ്രക്രിയയുമായിരുന്നിരിക്കും. പിന്നീട് സാംസ്ക്കാരികവും രാഷ്ട്രീയവുമായ അധിനിവേശങ്ങള്‍ തങ്ങളുടെ ലിപിവ്യവസ്ഥകള്‍ മറ്റുള്ളവരുടെമേല്‍ അടിച്ചേല്പിക്കുന്നതും പുതിയ ലിപികള്‍ രൂപപ്പെടുത്തുന്നതും ചിലയിടങ്ങളില്‍ അവക്കെതിരെയുള്ള ചെറുത്തുനില്പുകള്‍ നിലവിലുള്ളവയെ വൈകാരികതയോടെ കാത്തുസൂക്ഷിക്കുന്നതും, നിലനില്ക്കുന്ന ലിപികള്‍ അതാത് രാഷ്ട്രീയ-മതാധികാരങ്ങളുടെ ശക്തിയുടെ മാപകങ്ങളായി മാറുന്നതും നാം കാണുന്നു. ലിപികളുപയോഗിച്ച് കൂടുതല്‍ക്കൂടുതല്‍ ജനസഞ്ചയങ്ങളെ ഒരേ ഭരണത്തിന്റെയും വിശ്വാസത്തിന്റെയും കുടക്കീഴില്‍ തളച്ചിടാനുള്ള ശ്രമങ്ങളും നാം കാണുന്നു.

ഭാഷകളെല്ലാം തന്നെ സ്വാഭാവികമായ മാറ്റങ്ങള്ക്കും നിരന്തരമായി വിധേയമായിക്കൊണ്ടിരിക്കുന്നുണ്ട്. അതുപോലെത്തന്നെ ലിപികള്ക്കും കാലാനുസൃതമായി മാറ്റങ്ങള്‍ വരുന്നുണ്ട്. ഒരമ്പത് കൊല്ലം മുമ്പ് മലയാളത്തില്‍ നിത്യോപയോഗത്തിലുണ്ടായിരുന്ന പല അക്ഷരങ്ങളും ഇന്ന് പ്രചാരത്തിലില്ലാതായതായി കാണാം. ഉദാഹരണത്തിനു ൦ര൦ എന്നെഴുതി ഈ എന്ന് വായിച്ചിരുന്ന സ്വരാക്ഷരം. ഇതു പഴയ വട്ടെഴുത്തിന്റെര തുടര്ച്ചയയാണെന്നു തോന്നുന്നു. അതുപോലെ നമ്മുടെ അക്ഷരമാലയില്‍ ഋ എന്ന സ്വരത്തിന്റെ ദീര്ഘരൂപമായിരുന്ന ഒരു സ്വരവും അതിനടുത്ത രണ്ടു സ്വരങ്ങളും (ശബ്ദതാരാവലി നോക്കുക) നമ്മുടെ ലിപികളില്‍നിന്ന് പാടെ അപ്രത്യക്ഷമായിക്കഴിഞ്ഞു. ഇയ്യിടെയായി പക്ഷപാതത്തിലും ആക്‌ഷനിലും ക്ഷ എന്ന ഒരൊറ്റലിപി തന്നെ ഉപയോഗിക്കുന്നരീതിയും നിലവില്‍ വന്നിട്ടുണ്ട്. എന്നാല്‍ അടുത്തകാലം വരെ ഈ രണ്ടു കൂട്ടക്ഷരങ്ങളും ഉച്ചാരണവ്യത്യാസമുള്ളതുകൊണ്ട് വ്യത്യസ്തരീതികളില്ല്‍ത്തന്നെ എഴുതിപ്പോന്നിരുന്നു. ഇതൊക്കെ എഴുത്തിന്റെ ഉപയോക്താക്കളും പ്രയോക്താക്കളുമായ സമൂഹം സ്വമേധയാ തങ്ങള്ക്കു സൌകര്യപ്രദമായ രീതിയില്‍ ദീര്ഘകാലംകൊണ്ടു വരുത്തിയ മാറ്റങ്ങളാണ്. എന്നാല്‍ നമ്മുടെ ലിപികളില്‍ ടൈപ്പ്‌ചെയ്യാനും അച്ചടിയില്‍ ഉപയോഗിക്കാന്‍ പാകത്തിലും ഔദ്യോഗികമായിത്തന്നെ കഴിഞ്ഞ അര നൂറ്റാണ്ടിനിടയില്‍ ധാരാളം മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. വ്യഞ്ജനങ്ങളോട് സ്വരങ്ങള്‍ കൂട്ടിച്ചേര്ക്കാന്‍ പുതിയ ചിഹ്നങ്ങള്‍ കണ്ടെത്തിക്കൊണ്ടും അതേ രീതിയില്‍ കൂട്ടക്ഷരങ്ങളും എഴുതാന്‍ തുടങ്ങിയും മൊത്തം ടൈപ്പുകളുടെ എണ്ണം ഗണനീയമായി കുറക്കാനായത് അതിന്റെ വലിയ നേട്ടമായിരുന്നു.. കയ്യെഴുത്തിലും ഈ രീതികള്‍ പില്ക്കാലത്ത്‌ സ്വീകരിച്ചു പോന്നിരുന്നു. എന്നാല്‍ ഇക്കാലത്ത് ടൈപ്പുനിരത്തല്‍ കമ്പ്യൂട്ടറുകള്‍ ഏറ്റെടുത്തതോടെ പഴയ കൂട്ടക്ഷരങ്ങള്‍ മുഴുവനും തിരിച്ചുവരാനും തുടങ്ങിയിട്ടുണ്ട്. അതാതുകാലത്തെ ആവശ്യങ്ങള്ക്കും സൌകര്യങ്ങള്ക്കുപനുസൃതമായി എല്ലാ ഭാഷകളും ലിപികളും മനുഷ്യനുള്ള കാലത്തോളം നിരന്തരമായി പുനസൃഷിക്ക് വിധേയമായിക്കൊണ്ടേയിരിക്കും.

ചിത്രലിപികള്‍ ആദ്യം ഉപയോഗത്തിലെത്തിയ കാലത്ത്‌ അവ എഴുതാനും വായിക്കാനും അറിയാവുന്നവര്‍ സമൂഹത്തില്‍ ചെലുത്തിയിരുന്ന സ്വാധീനവും അധികാരവും അപരിമേയമായിരുന്നു. തുടര്ന്ന് എഴുത്തറിയാവുന്നവരുടെ അംഗസംഖ്യ വര്ദ്ധിക്കുന്നതോടെ ജനാധിപത്യപ്രസ്ഥാനങ്ങളുടെ വളര്ച്ചയും ആരംഭിക്കുന്നു. എഴുതാന്‍ പഠിക്കുന്നത്, ഏതൊരു വ്യക്തിയെ സംബന്ധിച്ചും, ആധുനികകാലത്ത് ജനാധിപത്യക്രമങ്ങളിലൂടെ ഭരണാധികാരത്തില്‍ പങ്കുപറ്റാനുള്ള ആദ്യത്തെ ചവിട്ടുപടിയായിമാറുന്നു. എഴുത്തറിയാവുന്നവര്ക്ക് കാര്യങ്ങള്‍ അറിയാനും സ്വന്തംകാര്യം പറയാനും അത് മറ്റുള്ളവരെക്കൊണ്ട് അംഗീകരിപ്പിക്കാനും അങ്ങിനെ തങ്ങളുടെ അതിജീവനം ഉറപ്പാക്കാനും സ്വയമേവ കഴിയുന്നു. 1969 -ലേ സെന്സ്സസ്‌ അനുസരിച്ച് ഇന്ത്യയില്‍ 1652 ഭാഷകള്‍ ഉണ്ടായിരുന്നത്രെ. ലിപികളിലാത്തതുകൊണ്ടു മാത്രം അവയില്‍ പലതും അന്യം നിന്നുപോയി. പ്രധാനഭാഷകളല്ലാത്തവയില്‍ ചിലതൊക്കെ ഇന്നും ചെറിയതോതില്‍ കാലത്തെ അതിജീവിക്കുന്നുണ്ടെങ്കിലും തനതുലിപിയില്ലായ്മ കാരണം അവക്കും അധികം ആയുസ്സുണ്ടാകാനിടയില്ല. കാരണം അവിടങ്ങളിലൊക്കെ ലിപിയുള്ള മുഖ്യധാരാഭാഷകളിലാണ് ഔപചാരികാദ്ധ്യയനം നടക്കുന്നത്. ഇതും പരോക്ഷമായി സംഭവിക്കുന്ന ഒരു തരം അധിനിവേശമാണെന്ന് വേണമെങ്കില്‍ പറയാം. ഇത്തരം അവസ്ഥകളെ പ്രതിരോധിക്കാനും സ്വന്തംഭാഷയെ സജീവമാക്കി നിര്ത്താനും സ്വഭാഷാപ്രേമികള്‍ സംഘടിച്ചുവന്ന ചരിത്രം ഇന്ത്യക്കകത്ത് തന്നെയുണ്ട്. തങ്ങള്ക്കില്ലാതിരുന്ന എഴുത്തുവിദ്യ സ്വന്തമാക്കാന്‍ (1925) പുതിയ ഒരു ലിപിവ്യവസ്ഥ സൃഷ്ടിച്ച്, അതിലൂടെ ഇഛാശക്തിയോടെ തങ്ങളുടെ ഭാഷയ്ക്ക്‌ സ്വന്തമായ സാഹിത്യം വരെ വികസിപ്പിച്ചെടുത്ത (ബംഗാള്‍ ജാര്ഖുണ്ട് ഒഡിഷ പ്രദേശങ്ങളിലെ) സന്താള്‍വര്ഗ്ഗക്കാരുടെ ശ്രമങ്ങള്‍ നമുക്ക് മുന്നില്‍ തിളങ്ങിനില്ക്കുന്നുണ്ട്. അതേസമയം സ്വന്തമായ എഴുത്തുരീതികള്‍ സൃഷ്ടിക്കാനും കൈകാര്യം ചെയ്യാനും ആകാത്തതുകൊണ്ട് ആധുനികകാലത്ത് ദുരിതപീഡനങ്ങള്‍ ഏറ്റുവാങ്ങേണ്ടിവരുന്ന കേരളത്തിലേതടക്കം മറ്റു നിരവധി ആദിവാസികളുടെ ചിത്രങ്ങള്‍ അതേ കടലാസിന്റെ മറുപുറത്ത് നമുക്ക് നേരേ നോക്കി നില്ക്കുന്നുമുണ്ട്. ഒരു കൂട്ടര്‍ ദൈന്യതയോടെയാണെങ്കില്‍ മറ്റേ കൂട്ടര്‍ അഭിമാനത്തോടെയാണെന്നു മാത്രം. അങ്ങിനെ സമൂഹശ്രേണിയില്‍ ഒരേസമയം താഴെനിന്നു മുകളിലോട്ടും തിരികെ താഴോട്ടും മര്ദ്ദി-പ്രതിമര്ദ്ദങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് എഴുത്തുവിദ്യ മനുഷ്യചരിത്രത്തെ സ്വാധീനിച്ചുകൊണ്ടേയിരിക്കുന്നു. എന്തായാലും എഴുത്തറിയുക എന്നതുതന്നെയാണ് എക്കാലത്തും പ്രധാനകാര്യം.

Subscribe Tharjani |