തര്‍ജ്ജനി

ജയചന്ദ്രന്‍ പൂക്കരത്തറ

കോലൊളമ്പ് പി.ഒ.
എടപ്പാള്‍ വഴി
മലപ്പുറം ജില്ല.
മെയില്‍: pookkarathara@gmail.com

Visit Home Page ...

കവിത

തീവണ്ടി പറഞ്ഞത്

ഷൊര്‍ണ്ണൂരില്‍ നിന്നപ്പോള്‍ ‍‍ഞങ്ങള്‍
കണ്ണൂരേയ്ക്കു പുറപ്പെട്ടു
അവിടെയുള്ളൊരു കവിമേളനമതില്‍
അതിഥികള്‍ ‍ഞങ്ങള്‍ ചെല്ലേണം
ജ്യോതിഷ്, ശശി, ഞാന്‍, ബൈജുവുമങ്ങനെ
മാധവവിളിയാല്‍ പോകുന്നു.

തേക്കുമരങ്ങള്‍ പൂത്തിലകൊഴിയും
തെക്കു വടക്കോട്ടോടുന്നു
പുഴയില്‍ നഞ്ചു കലക്കിയിരിക്കും
കിഴവന്‍ ബീഡി വലിയ്ക്കുന്നു
പഴയൊരു സംസ്ക്കാരത്തിന്‍ ജാലക-
വഴികള്‍ തുറക്കുന്നിഷ്ടികകള്‍
വയലില്‍ പൂത്തു വിളഞ്ഞീടാന്‍ കൊതി-
വാര്‍ന്നീടും നെല്‍ പുഴ നിറയുന്നു
കവിതകള്‍, ദൂഷണ, മിതിഹാസങ്ങള്‍,
കവികള്‍ ചര്‍ച്ചയ്ക്കെത്തുന്നു.

ഒന്നു മുറുക്കി മുറുക്കിയെണീറ്റാ
ജ്യോതിഷ് കത്തിക്കേറുന്നൂ
നോക്കൂ യന്ത്രക്കയ്യാല്‍ മലകള്‍
മാന്തിത്തീര്‍ത്തൂ മര്‍ത്ത്യന്മാര്‍
ഇനിയൊരു പ്രളയത്തള്ളല്‍ വരുമ്പോള്‍
കുനിയാമിവള്‍തന്‍ തല മുഴുവന്‍

ഇതിനെപ്പറ്റി കവിതകളെഴുതീ-
ട്ടരിശം തീര്‍ക്കാം നമ്മള്‍ക്ക്
ആനകള്‍ പോലു'ള്ളാനക്കര'*യിലെ
കുന്നുകള്‍ നോക്കൂ മേയാന്‍ പോയ്
'കുറ്റി'കണക്കേയി'പ്പുറ'*മുള്ളൊരു
കുന്നുകളാരു പറിച്ചോടി

ഹാ ഹാ കഷ്ടം നമ്മളിതിങ്ങനെ
ആവേശത്താല്‍ പറയുമ്പോള്‍
നമ്മളിരിക്കും വണ്ടിയ്ക്കടിയില്‍
എന്തോ ശബ്ദം കേള്‍ക്കുന്നൂ
എന്തെന്‍ കാതില്‍ മാറ്റൊലി കൊള്‍വൂ
വേദനയല്ലതൊരാഹ്വാനം
'കണ്ണൂരില്‍ പോയ് ചൊല്ലുക നിങ്ങള്‍
കുന്നു നിരത്തിയൊരാഹ്ളാദം !'
-----------------------
*ആന അക്കരെയും കുറ്റി ഇപ്പുറവും.അതാണ് ആനക്കരയും കുറ്റിപ്പുറവുമായി മാറിയത്.

Subscribe Tharjani |