തര്‍ജ്ജനി

അജീഷ് ബേബി

Visit Home Page ...

കഥ

അപ്പോള്‍ ഞാന്‍ ഇങ്ങനെ ആയിരുന്നില്ലേ ?

മോഹനനാശാരി ഉളി കയ്യിലെടുത്തു. മൂത്താശാരിക്ക് ഒരു ഭാവവ്യത്യാസവുമില്ല. കാരണം എന്തൊക്കെ ആയാലും മോഹനന്‍ തന്റെ ജോലി ഭംഗിയായി ചെയ്യും. എന്നാലും ഒരു കണ്ണ് അവന്റെ മേല്‍ വേണം, മൂത്താശാരി ഓര്‍ത്തു. .

"ഗോപു എന്തിയേ?"

മോഹനന്‍ ചോദിച്ചപ്പോഴാണ് മൂത്താശാരി ഓര്ത്തത് മോഹനന്റെ കയ്യാള്‍ ഗോപു ഇനിയും എത്തിയിട്ടില്ല. അവന്‍ ആശുപത്രിയില്‍നിന്നും ഇറങ്ങിയിരുന്നല്ലോ. ഇന്ന് വരാം എന്നാണല്ലോ പറഞ്ഞെ, ഒഹ്, വരുമ്പോ വരട്ടെ, മൂത്താശാരി ഓര്ത്തു.

ഗോപു, അവന്‍ അഞ്ചുകൊല്ലമായി അവരുടെ കൂടെയാ, കൂട്ടത്തില്‍ എറ്റവും ചെറുപ്പം അവനാ. എങ്കിലും അവന്‍ വേഗം പണി പഠിച്ചു. എല്ലാവര്ക്കും അവനെ വല്യ ഇഷ്ടമായിരുന്നു. അതുകൊണ്ടാണ് അവന്റെ ആശുപത്രി ചെലവെല്ലാം മൂത്താശാരി കൊടുത്തത്. അവന്‍ ജോലിചെയ്ത് അത് വീട്ടുമെന്ന് അയാള്ക്കറിയാമായിരുന്നു. അവന് ഒരു മുത്തശ്ശി മാത്രമേ ഉണ്ടായിരുന്നുള്ളു, അമ്മയെ കണ്ട ഓര്മ്മ അവനുണ്ടായിരുന്നില്ല, അച്ഛന് എവിടെ ആണെന്നും അവന് അറിയില്ല. അത് കൊണ്ട് തന്നെ മൂത്താശാരിയുടെ ഭാര്യ അവനെ മകനെപ്പോലെയാണ് കണ്ടിരുന്നത്. മിക്കപ്പോഴും പണിക്ക് പോകുമ്പോള്‍ ഊണ് അവന് കൂടെ കൊടുത്തുവിടാന്‍ അവര്‍ മനസ്സ് കാട്ടിയിരുന്നു. ആശുപത്രിയില്‍ കിടന്നപ്പോളും അവനുള്ള ആഹാരം എത്തിച്ചിരുന്നത് അവര്‍ തന്നെയായിരുന്നു.

മോഹനന്‍ അപ്പോളും ജോലി തുടരുകയായിരുന്നു. അയാളെ കൂടാതെ മറ്റ് രണ്ടു പേരും അവിടിരുന്ന് പണി എടുക്കുന്നുണ്ടാരുന്നു. പിന്നെയും കുറെ നേരം കഴിഞ്ഞു. ആരോ അകത്തേക്ക് വരുന്നുണ്ട്. മൂത്താശാരി നോക്കി, അല്ല ഗോപു അല്ല, മറ്റാരോ ആണ് .

അത് നാട്ടിലെ വല്യപ്രമാണി മണിയാശാന്റെ വല്യ ബംഗ്ലാവ് കാശ് കൊടുത്തുവാങ്ങിയ അന്യനാട്ടുകാരനാന്ന്‍. മൂത്താശാരിയുടെ ഒറ്റമുറിയിലേക്ക് കറുത്തകണ്ണട വച്ച ആ വെളുത്തമനുഷ്യന്‍ കടന്നുവന്നു.
”ആശാരി ഒന്ന് വരണം, ഒരു പട്ടിക്കൂട് പണിയാനാ.. ഒരു പുതിയ പട്ടിയെ വാങ്ങി, പിന്നെയാ ഓര്‍ത്തെ, പട്ടിക്കൂടില്ലാന്ന്‍ ... കാറ് കൊണ്ട് വന്നിട്ടുണ്ട്, ഒന്ന് കൂടെവന്നാല്‍ മതി, തടിയെല്ലാം ഇഷ്ടത്തിനു ബംഗ്ലാവില്‍ത്തന്നെ ഉണ്ട്”,.

മൂത്താശാരി ഒന്നാലോചിച്ചു. അയാള്‍ക്കിപ്പോ പോകാന്‍ പറ്റില്ല. തടി നോക്കാന്‍ ഒരു കൂട്ടരുടെ ഒപ്പം ഒരിടംവരെ പോകേണ്ടതുണ്ട്. അവരിപ്പോള്‍ എത്തും. മൂത്താശാരി കറുത്ത കണ്ണടക്കാരനോട് കാര്യം പറഞ്ഞു. പകരം മറ്റൊരാളെ വിട്ടുതരാം എന്ന് പറഞ്ഞിട്ട് മോഹനനെ നോക്കി. ആ നോട്ടത്തില്‍ത്തന്നെ മോഹനന് കാര്യം മനസ്സിലായി. അയാള്‍ പണി നിര്‍ത്തിയിട്ട് ദേഹത്ത് പറ്റിയിരുന്ന മരച്ചീളുകള്‍ കുടഞ്ഞുകൊണ്ട് എഴുന്നേറ്റു. അയയില്‍ അഴിച്ചിട്ടിരുന്ന തന്റെ വെള്ളമുണ്ട് എടുത്തുധരിച്ചു പണിയായുധങ്ങള്‍ എടുത്ത് ഒരു കടലാസ്സില്‍ പൊതിഞ്ഞ് പുറത്തേക്ക് ഇറങ്ങി.

”ഗോപു കൂടെ ഉണ്ടായിരുന്നെങ്കില്‍ നന്നായിരുന്നു, അവനെ കൂടെ കൂട്ടാമായിരുന്നു.” പുറത്തേക്കിറങ്ങുമ്പോള്‍ അയാള്‍ പറഞ്ഞു.

അവിടെ ഇരുന്ന് പണിയുന്നവരോ മൂത്താശാരിയോ ആരും അത് കേട്ടഭാവം നടിച്ചില്ല. കറുത്തകണ്ണട വച്ച മുതലാളി അപ്പോള്‍ കാറില്‍ മോഹനനെ കാത്തിരിക്കുകയായിരുന്നു . മോഹനന്‍ കാറില്‍ കയറി. അവിടെ നിന്നും ബംഗ്ലാവില്‍ എത്താന്‍ അധികം ദൂരം ഉണ്ടായിരുന്നില്ല. അതിവിശാലമായിരുന്ന ബംഗ്ലാവിന്റെ മുറ്റത്തേക്ക് കാര്‍ കടന്നുനിന്നു. രണ്ടുപേരും പുറത്തിറങ്ങി. മുതലാളി മോഹനനെ ബംഗ്ലാവിന്റെ‍ പിന്നിലേക്ക്‌ നയിച്ചു. അവിടെയാണ് തടിക്കഷ്ണങ്ങളും മറ്റുമൊക്കെ ഉണ്ടായിരുന്നത്. മോഹനന്‍ അയാള്ക്ക് വേണ്ട തടികളൊക്കെ മാറ്റിവച്ചു. ആ വലിയ ബംഗ്ലാവില്‍ അയാളെ കൂടാതെ വേറെയും ഉണ്ടായിരുന്നു പണിക്കാര്‍, വിശാലമായ ചുമരുകളില്‍ ഇളം ചായം തേക്കുന്നവര്‍, പുതുതായി കെട്ടിയിറക്കിയ ചായ്പിന്റെ തറയില്‍ ഗ്രാനിറ്റ് പാകുന്നവര്‍ അങ്ങനെ. അവരില്‍ പലര്ക്കും പരിചയമുള്ള മുഖം ആയിരുന്നു മോഹനന്റേത്. അവരെല്ലാം വല്ലാത്ത ഭാവത്തോടെ അവനെ നോക്കി. അയാള്‍ അവരെ നോക്കി ചിരിക്കുന്നത് അവര്‍ കണ്ടില്ലെന്ന്‍ മോഹനന് തോന്നി. എന്നിട്ടും അയാള്‍ ചിരിച്ചു.

അവിടെ ചാരി വച്ച ഒരു മരപലകമേല്‍ തന്റെ ഉടുപ്പ് അഴിച്ചുവച്ചു. പിന്നെ പണിയായുധങ്ങള്‍ എടുത്ത് തന്റെ പണി ആരംഭിച്ചു. മറ്റു പണിക്കാരെല്ലാം അവനെത്തന്നെ നോക്കി ഇരിക്കുകയായിരുന്നു. പിന്നെ എല്ലാവരുടെയും നോട്ടം മുതലാളിയുടെ നേര്ക്കായി. കൂട് പണിയാന്‍ വേറെ ആരെയും കിട്ടിയില്ലേ എന്നായിരുന്നു ആ നോട്ടത്തില്‍.

നേരം സന്ധ്യയോടടുത്തു. വളരെ ഭംഗിയുള്ള ഒരു പട്ടിക്കൂടുതന്നെ മോഹനന്റെ കരവിരുതില്‍ രൂപംകൊണ്ട് കഴിഞ്ഞിരുന്നു. ചായപ്പണിക്കാരും മറ്റെല്ലാവരും തങ്ങളുടെ പണികഴിഞ്ഞ് മടങ്ങാന്‍ തുടങ്ങുകയായിരുന്നു. ചായപ്പണിക്കാരില്‍ ഒരാള്‍ മോഹനനോട് കുശലാന്നേഷണം നടത്തി. പണി കഴിഞ്ഞ് ആയുധങ്ങള്‍ എല്ലാം പൊതിഞ്ഞെടുത്ത മോഹനനോട് അയാള്‍ ചോദിച്ചു.

”എന്താ മോഹനാ, പൊതിയില്‍ പണിയായുധങ്ങള്‍ മാത്രമേ ഉള്ളോ...?"

മോഹനന്‍ വെറുതെ ചിരിച്ചു. അയാള്‍ ധൃതിയില്‍ വീട്ടിലേക്ക് പോകാന്‍ തുടങ്ങുകയായിരുന്നു. മുതലാളി അയാള്ക്ക് ചോദിച്ച കാശ് കൊടുത്തു. അതും വാങ്ങി പോകാന്‍ തുടങ്ങിയ മോഹനനോട് ചായപ്പണിക്കാരന്‍ പിന്നെയും ചോദിച്ചു .
”എങ്ങോട്ടാ മോഹനാ ഇത്ര ധൃതിയില്‍.?"
“വീട്ടിലേക്ക്"
ഇത് കേട്ട് പണിക്കാരന്‍ പൊട്ടിച്ചിരിച്ചു. മോഹനനന്‍ വളരെ വേഗം നടന്നുനീങ്ങി. ആയുധങ്ങള്‍ കടയില്‍ കൊണ്ട് വച്ചിട്ടേ പോകാന്‍ പറ്റുള്ളൂ. നാട്ടിന്പുറത്തെ അധികം വാഹനങ്ങളില്ലാത്ത ടാറിട്ട റോഡിലൂടെ അയാളുടെ വാര്‍ പൊട്ടാറായ ചെരുപ്പിട്ട കാലുകള്‍ അതിവേഗം ചലിച്ചുകൊണ്ടിരുന്നു. കുറച്ചു സമയത്തിനുള്ളില്‍ അയാള്‍ കടയിലെത്തി. മൂത്താശാരി അവിടെ ഉണ്ടായിരിക്കില്ല എന്നുകരുതിയ അയാള്ക്ക് തെറ്റി. വേഗം പണിയായുധങ്ങള്‍ അവിടെ വച്ചിട്ട് ധൃതിയില്‍ അയാള്‍ മൂത്താശാരിയോടു യാത്രപറഞ്ഞു.

”എവിടേക്കാ മോഹനാ?”
"വീട്ടിലേക്ക്: “
"നീ വീട്ടിലേക്കാണോ? “ മൂത്താശാരിക്ക് പിന്നെയും സംശയം.”
"നീ ഈ സമയത്ത് വീട്ടില്‍ പോകാറുണ്ടോ?"
അയാള്‍ പിന്നെയും ചോദിച്ചു.

"അതെന്താ വല്യാശാരി, ഞാന്‍ സാധാരണ അങ്ങനെ അല്ലയോ"
മോഹനന്‍ തര്ക്കിച്ചു. മൂത്താശാരി ഒന്നും പറഞ്ഞില്ല. മോഹനന്‍ പുറത്തേക്കിറങ്ങി നടന്നു.

സമയംഎഴ് മണിയോടടുത്തു.പ്രമീള തന്റെ പഴയവീടിന്റെ. വിള്ളല്‍വീണ തിണ്ണയില്‍ അയാളെത്തന്നെ നോക്കിയിരിക്കുകയായിരുന്നു. അവളുടെ മനസ്സിലൂടെ പല ചിന്തകളും കടന്നുപോയി. ഉത്കണ്ഠകളും ഭയവും അവളെ കീഴടക്കി തുടങ്ങിയിരുന്നു. അവളുടെ മനസ്സിലും കണ്ണുകളിലും സങ്കടം അണപൊട്ടാന്‍ തുടങ്ങുകയായിരുന്നു. ദൂരെ എവിടെയോ കണ്ണുംനട്ട് അവള്‍ ആലോചനയിലിരുന്നു. അടുക്കളയില്‍ മണ്പാത്രങ്ങള്‍ മണ്ചുമരില്‍ തട്ടി പൊട്ടുന്ന ശബ്ദം, തല പൊട്ടി ചോരയൊഴുകുന്ന ഗോപു എന്ന ചെറുപ്പക്കാരന്‍ . ഡീഅഡിക്ഷന്‍ കേന്ദ്രത്തിലെ ആളൊഴിഞ്ഞ ഇടനാഴിയിലെ ബെഞ്ചില്‍ തന്റെ മകളെ ഒപ്പം ചേര്ത്തുവച്ച് കാത്തിരുന്നത്, എല്ലാം ഒരു ചലച്ചിത്രത്തിലെന്നപോലെ ഓര്മ്മയില്‍ തെളിഞ്ഞുവന്നു. പിന്നെ ഒരു നിമിഷം അവള്ക്ക് അവിടെ ഇരിക്കുവാന്‍ കഴിഞ്ഞില്ല. അവള്‍ പുറത്തേക്ക് ഇറങ്ങിയോടി. ഇരുട്ട് പടര്ന്നുകഴിഞ്ഞിരുന്നു. കൂര്ത്ത കല്ലുകള്ക്ക് പോലും അവളുടെ കാലുകളെ വേദനിപ്പിക്കാന്‍ കഴിഞ്ഞില്ല.

അവളുടെ ഓട്ടത്തിന് വേഗം കുറഞ്ഞു. നീരണിഞ്ഞ അവളുടെ കണ്ണുകളില്‍ ഒരു നേരിയ വെളിച്ചം. അത് അയാളാണോ. അതെ, അത് അവളുടെ ഭര്‍ത്താവ് തന്നെയായിരുന്നു. കൂരിരുട്ടിലും അവള്‍ക്ക് സംശയം ഉണ്ടായിരുന്നില്ല.

“എങ്ങോട്ടാ പ്രമീളെ നീ ഓടുന്നെ, അതും ഈ രാത്രിയില്‍?”

അവള്‍ക്ക് എന്തെങ്കിലും പറയാന്‍ സാധിച്ചില്ല. മോഹനന്‍ പിന്നെയും അവളെ ശകാരിച്ചുകൊണ്ടിരുന്നു. പക്ഷെ അവള്‍ അതൊന്നും കേള്‍ക്കുന്നുണ്ടായിരുന്നില്ല. ഒടുവില്‍ ഓട്ടത്തിന്റെ ക്ഷീണം മറച്ചുവെച്ചുകൊണ്ട് അവള്‍ അയാളോട് പറഞ്ഞു,

“നിങ്ങള്‍ വന്നല്ലോ. ഞാന്‍ കരുതി ...................."

അവള്‍ക്ക് വാക്കുകള്‍ കിട്ടിയില്ല. അവള്‍ തന്റെ ഭര്‍ത്താവിന്റെ കയ്യുംപിടിച്ച് വീട്ടിലേക്ക് നടന്നു. മോഹനന് അപ്പോഴും ഒന്നും മനസിലാകുന്നുണ്ടായിരുന്നില്ല. എങ്കിലും അയാള്‍ അവളോടൊപ്പം എത്താന്‍ വേഗത്തില്‍ നടക്കുകയായിരുന്നു.

ആ സമയം അയാളുടെ മനസ്സ് മന്ത്രിക്കുകയായിരുന്നു.
”അപ്പോള്‍ ഞാന്‍ ഇങ്ങനെ ആയിരുന്നില്ലേ?”

Subscribe Tharjani |