തര്‍ജ്ജനി

എം. ശ്രീജിത

ശ്രീജയം
ഉമ്മഞ്ചിറ പി. ഒ.
തലശ്ശേരി.
ഇ മെയില്‍ : sreeshouri@gmail.com

Visit Home Page ...

ലേഖനം

വെന്തമണ്ണിലെ വാക്കുകള്‍

സോമന്‍ കടലൂരിന്റെ കവിതയെക്കുറിച്ച്

രൂപപരമായ വിച്ഛേദങ്ങള്‍ സൃഷ്ടിച്ച്‌ മാറിയ കാലത്തിനൊപ്പം ആധുനികത മുന്നേറിയപ്പോള്‍ കവിത കൂടുതല്‍ ജനാധിപത്യപരമാകുന്നതാണ്‌ 90 കള്‍ക്ക്‌ ശേഷം നാം കാണുന്നത്‌. സമൂഹമനസ്സില്‍ സംഭവിക്കുന്ന ആന്തരികമായ ശൂന്യതയെ പ്രശ്നവല്‍ക്കരിച്ചുകൊണ്ടാണ്‌ പുതുകവിതകള്‍ പ്രത്യക്ഷപ്പെടുന്നത്‌. അടയാളപ്പെടുത്താവുന്ന പൊതുപ്രവണതയുടെ അംശങ്ങളോ ഒരു പ്രസ്ഥാനത്തിന്റെ സ്വഭാവമോ പുതിയ കവിതകള്‍ക്കില്ല. അനുനിമിഷം മാറിക്കൊണ്ടിരിക്കുന്ന കാലമാണ്‌ പുതുകവിതയ്ക്ക്‌ നിലമൊരുക്കുന്നത്‌. നവമാദ്ധ്യമങ്ങളും ഐ.ടി യും ആഗോളീകരണവും മുഖ്യധാരയും അധികാരവും ചേര്‍ന്ന് ദമിതമാക്കുന്ന സാമൂഹികഘടകങ്ങളുടെ മുന്നേറ്റം പുതുബോധം രൂപപ്പെടുത്തുതില്‍ വലിയ സ്വാധീനം ചെലുത്തുന്നു. ആധുനികതയുടെ അനുകരണമോ പൂരണമോ വിപുലനമോ ആയിത്തീരുന്ന കവിതയല്ല ഇപ്പോള്‍ എഴുതപ്പെടുന്നത്‌. വൈരുദ്ധ്യങ്ങളും വൈവിദ്ധ്യങ്ങളുമായി പുതിയ കാലത്തിന്റെ ബഹുസ്വരതയുടെ അടയാളപ്പെടുത്തലുകളായി മാറുന്നു ഇന്നത്തെ ഓരോ കവിതയും.

കവിയും ചിത്രകാരനുമായ സോമന്‍ കടലൂരിന്റെ രചനകളില്‍, പുതുലോകത്തിന്റെ പ്രശ്നപരിസരം സൃഷ്ടിക്കുന്ന പ്രതിരോധങ്ങള്‍ എങ്ങനെയാണ്‌ പ്രത്യക്ഷപ്പെടുന്നത്‌ എന്ന് പരിശോധിക്കുകയാണ്‌ ഇവിടെ. അദ്ദേഹത്തിന്റെ 'കമ്യുണിസ്റ്റ്‌ പച്ച' എന്ന കവിതാസമാഹാരത്തെ അടിസ്ഥാനമാക്കിയുള്ളതാണ്‌ ഈ അന്വേഷണം. മലയാളിയുടെ ദൈനംദിനജീവിതത്തെ പ്രശ്നവല്‍ക്കരിക്കുന്ന  കവിതകള്‍ ഈ സമാഹാരത്തിലുണ്ട്‌. സൂക്ഷ്മമായ ജീവിതനിരീക്ഷണത്തിലൂടെ അനുഭവപ്പെടുന്ന അസ്വസ്ഥതകളുടെ ഓര്‍മ്മപ്പെടുത്തലാണ്‌ സോമന്‍ കടലൂരിന്റെ കവിതകള്‍. ഇവയില്‍ ചിലത്‌ നമ്മുടെ നഷ്ടങ്ങളെ ഓര്‍മ്മപ്പെടുത്തുന്നു. വിപണിവത്കൃതലോകബോധത്തെ പ്രശ്നവല്‍ക്കരിക്കുന്നു. പ്രാദേശികതയുടെ ഉയിര്‍പ്പും ചെറുതുകളിലൂടെ ലോകസത്യങ്ങള്‍ കാണാനുള്ള ദൂരക്കാഴ്ചയും ഈ കവിതകളില്‍ കാണാം. സത്യത്തോടുള്ള കൂറും ഭാവിയോടുള്ള ഉത്തരവാദിത്വവും തന്നെയാണ്‌ ഈ ഓര്‍മ്മപ്പെടുത്തലിലേയ്ക്ക്‌ കവിയെ നയിക്കുന്നത്‌. സംസ്ക്കാരം, സ്വത്വം, മലയാളിത്തം, മനുഷ്യത്വം, ഭാഷ ഇവയൊക്കെ എവിടെയോ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നുവെന്ന് തിരിച്ചറിയുന്ന ഒരു മലയാളമനസ്സിന്റെ ഉത്ക്കണ്ഠ ഓരോ കവിതയും പങ്കുവെയ്ക്കുന്നുണ്ട്.

ഒരഭാവത്തെ ഓര്‍മ്മപ്പെടുത്തിക്കൊണ്ടാണ്‌ 'കമ്യൂണിസ്റ്റ്‌ പച്ച' തുറക്കുന്നത്‌. അ-ഭാവങ്ങള്‍ എന്നാണ്‌ ആദ്യകവിതയുടെ തലവാചകം. എല്ലാ ഭാവങ്ങളും അപ്രസക്തമാക്കി നിര്‍വ്വികാരമായിത്തീരുകയാണ്‌ പുതിയ യുവത്വം. ലോകം വളരുമ്പോഴും അവര്‍ തന്നിലേക്കുതന്നെ സ്വയം പിന്‍മടങ്ങാന്‍ വ്യഗ്രത കാണിക്കുന്നു. യുവത്വത്തിന്റെ കൂട്ടായ്മകള്‍ സംസ്കാരത്തിന്റെ ഗതിനിര്‍ണയിച്ച ഒരു കാലം നമുക്കുണ്ടായിരുന്നു. കല്യാണവീട്ടിലും മരണവീട്ടിലും ആശുപത്രിയിലും നാലാള്‍ കൂടുന്നിടത്തും അനീതിക്കെതിരെ സമരംചെയ്തുകൊണ്ടും സദാ സാന്നിദ്ധ്യമറിയിച്ച യുവാക്കളുടെ നീണ്ടനിര ഇന്ന് അപ്രത്യക്ഷമായിരിക്കുന്നു. വെയിലിലും വയലിലും എന്നല്ല വായനശാലയില്‍പ്പോലും അവരെ കണ്ടുകിട്ടാനില്ലെന്ന് കവി ഉത്കണ്ഠപ്പെടുന്നു. ഒരു കടങ്കഥഭാഷയില്‍ ആരംഭിച്ച്‌ മൊബൈല്‍ഭാഷയില്‍ അവസാനിക്കുന്നു, ഈ കവിത. കവിത അവസാനിക്കുന്നത്‌ ഇങ്ങനെയാണ്‌ :

'......................
യുവാവേ
നീ എവിടെയാണ്‌ ഒളിച്ചത്‌?
കൊതിയാവുന്നു നിന്നെയൊന്നു കാണാന്‍
സത്യമായും
I Miss u da'

പൊതുവിദ്യാഭ്യാസത്തിന്റെ സമകാലികപ്രസക്തിയിലേക്ക്‌ വിരല്‍ചൂണ്ടുന്ന കവിതയാണ്‌ 'മിടുക്കര്‍'. വാക്കുകളുടെ ധാരാളിത്തമുള്ള ഒരു ലേഖനംകൊണ്ടു സാധിക്കുന്നതിനേക്കാള്‍ വിപുലമായ അര്‍ത്ഥതലങ്ങള്‍ ഈ കവിത സംവേദനം ചെയ്യുന്നു. നവോത്ഥാനമാനവികത രൂപപ്പെടുത്തിയ പൊതുമണ്ഡലങ്ങളില്‍നിന്നുള്ള പിന്മടക്കം നമ്മെ വര്‍ഗ്ഗീയതയിലേക്കും ചേരിതിരിവിലേക്കും സര്‍വ്വനാശത്തിലേക്കും കൊണ്ടെത്തിക്കും എന്ന ഭീതി ഈ കവിത പങ്കുവെയ്ക്കുന്നു. ഇവിടെ ആടയാഭരണങ്ങളും അലങ്കാരങ്ങളുമണിയാന്‍ കവിത മറന്നുപോയിരിക്കുന്നു. ഇതാണ്‌ ആ കവിത :

'നിന്റെ മകന്‍
സെന്റ്‌ തോമാ ഇംഗ്ലീഷ്‌ മീഡിയത്തില്‍
എന്റെ മകള്‍
വിവേകാനന്ദാ വിദ്യാഭവനില്‍
അവന്റെ മകനും മകളും
ഇസ്ലാമിക്‌ പബ്ലിക്‌ സ്കൂളില്‍
ഒരേ ബഞ്ചിലിരുന്ന്
പാഠപുസ്തകം പങ്കിട്ട്
ഒരേ വിശപ്പ്‌ വായിച്ച്‌
നമ്മള്‍ പഠിക്കാതെ പഠിച്ച
ആ പഴയ ഉസ്ക്കൂള്‍
ഇപ്പോഴുമുണ്ട്‌.
പണ്ടത്തെ നമ്മുടെ അച്ഛനമ്മമാരെപ്പോലെ
പരമദരിദ്രരായ
ചിലരുടെ മക്കള്‍ അവിടെ പഠിക്കുന്നുണ്ട്‌
കുരിശും വാളും ശൂലവുമായി
നമ്മുടെ മക്കള്‍
ഒരിക്കല്‍ കലിതുള്ളുമ്പോള്‍
നടുക്കുവീണു തടുക്കാന്‍
അവരെങ്കിലും മിടുക്കരാകട്ടെ"

ഒരു പൊതുബഞ്ചിന്റെ അഭാവം സൃഷ്ടിക്കുന്ന ദൂരവ്യാപകമായ പ്രത്യാഘാതങ്ങളിലേക്ക്‌ ഈ കവിത വിരല്‍ചൂണ്ടുന്നതു കാണാം.

ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം കൂടിക്കൂടിവരുന്ന ഇന്നത്തെ പശ്ചാത്തലത്തില്‍ എല്ലാം നേടിക്കഴിഞ്ഞ്‌ ഒന്നും ചെയ്യാതിരിക്കുന്നവന്‌ അനുഭവപ്പെടുന്ന ശൂന്യത, മടുപ്പ്‌ എന്നിവ അനാവരണം ചെയ്യുന്ന ചില കവിതകള്‍ കമ്യൂണിസ്റ്റ്‌ പച്ചയിലുണ്ട്‌. വിജയങ്ങള്‍ മാത്രം വരിച്ചതിനുശേഷമുള്ള ഈ ശൂന്യത ജീവിതത്തിന്റെ ഒരു ഗംഭീരപരാജയമാണൊണ്‌ കവിയുടെ കണ്ടെത്തല്‍. വിജയിച്ച മനുഷ്യരെക്കാള്‍ പരാജിതരായി ലോകത്താരുണ്ട്‌? എന്ന് കവി ചോദിക്കുന്നു. ആധിപത്യത്തിനുവേണ്ടിയുള്ള ആക്രമണങ്ങള്‍ അസംബന്ധങ്ങളാണെന്ന തിരിച്ചറിവ്‌ മഹാഭാരതം നല്കുന്നതുപോലെ.

ഈ നഗരത്തില്‍ എന്ന കവിത സുരക്ഷിതത്വം നഷ്ടപ്പെട്ട സ്ത്രീജീവിതത്തിലേക്ക്‌ സൂക്ഷ്മമായി കണ്ണോടിക്കുന്നു.
ബന്ധുക്കള്‍ മാത്രമുള്ള ഈ ഗ്രാമത്തില്‍
രാത്രി ഉറക്കമില്ല ആര്‍ക്കും
അച്ഛനെപ്പേടിച്ചു മക്കള്‍
ആങ്ങളെയെപ്പേടിച്ച്‌ പെങ്ങള്‍....
ഇങ്ങനെപോകുന്ന കവിത അവസാനിക്കുന്നത് 'അതുകൊണ്ട്‌ എല്ലാവരും പകല്‍ ഉറങ്ങിക്കൊണ്ടു നടക്കുന്നു' എന്നാണ്‌. സ്ത്രീയേയും പ്രകൃതിയേയും ഒന്നായിക്കാണുന്ന രണ്ട്‌ അമ്മമാര്‍ എന്ന കവിതയും സ്ത്രീകളുടെ പ്രശ്നങ്ങളിലേക്ക്‌ വിരല്‍ചൂണ്ടുന്ന ഹരിതബോധമുള്ള കവിതയാണ്‌.

ആത്മഭാഷണത്തിന്റെ രൂപശില്പത്തില്‍ മുന്നേറുന്ന കവിതകളാണ്‌ 'ആനയും ഞാനും', 'അംഗഭംഗം' തുടങ്ങിയവ. കഴിവുണ്ടായിട്ടും ആരുമാകാത്തവന്‍ അവഗണിക്കപ്പെടുന്നതിന്റെയും ഒറ്റപ്പെട്ടുപോകുന്നതിന്റെയും സ്വരങ്ങള്‍ മറ്റൊരു വിലാപം, ആ സാധു തുടങ്ങിയ കവിതകളില്‍ കാണാം.

കവികളുടെ / സാംസ്കാരികനായകന്മാരുടെ സാമൂഹ്യബോധം എവിടെ എത്തിനില്ക്കുന്നുവെന്ന് ആത്മപരിഹാസത്തിലൂടെ തിരിച്ചിറങ്ങുന്ന ഒരു ഐറണിയിലൂടെ 'ചോദ്യം' എന്ന കവിതയില്‍ കവി ആവിഷ്കരിക്കുന്നു.

'കാലം മൂര്‍ച്ച കൂട്ടിയ കത്തി'യായിരിക്കുന്നു ഇന്ന് മനുഷ്യമനസ്സ്‌. സൌന്ദര്യം കാണാനുള്ള കണ്ണും പ്രവര്‍ത്തിക്കാനുള്ള കയ്യും സത്യം പറയാനുള്ള നാക്കും സ്നേഹിക്കാനുള്ള ഹൃദയവും മനുഷ്യനുണ്ടെങ്കിലും ഇന്ന് ആ മനസ്സ്‌ മറ്റാരൊക്കെയോ ചേര്‍ന്ന് നിയന്ത്രിക്കുകയാണ്‌. കാലം മൂര്‍ച്ചകൂട്ടിയ കത്തിയായി പുതിയ പ്രത്യയശാസ്ത്രതന്ത്രങ്ങള്‍ നമ്മുടെ ഇന്ദ്രിയങ്ങള്‍ക്ക്‌ ആവരണമിടുന്നു. അഥവാ ഇന്ദ്രിയങ്ങളുടെ ദിശ നിര്‍ണയിക്കുന്നു. (ഈ കവിതയ്ക്ക്‌ അയ്യപ്പപ്പണിക്കരുടെ വായന എന്ന കവിതയുമായി സാമ്യം കാണാം. കണ്ണും കയ്യും കാലും തലയും എന്നെത്തെന്നെയും നഷ്ടപ്പെടുത്തി ആഡംബരത്തില്‍മുഴുകി സ്വത്വം നഷ്ടപ്പെടുത്തുന്ന ആധുനികമനുഷ്യനാണ്‌ വായന എന്ന കവിതയില്‍). ഇതിനോട്‌ ചേര്‍ത്തുവെച്ച്‌ വായിക്കാവുന്ന കവിതയാണ്‌ 'അമാന്യം'. എന്താണ്‌ മാന്യതയുടെ നിര്‍വ്വചനം? മാറിയ കാലത്തില്‍ മാന്യതയെ നിര്‍വ്വചിക്കുന്ന ഈ കവിത. അനീതിയ്ക്കെതിരെ ചോദിക്കുകയും പറയുകയും അന്വേഷിക്കുകയും പ്രതികരിക്കുകയും ചെയ്യാത്തവനെയാണ്‌ ഈ സമൂഹം മാന്യതയുടെ പരിധിക്കകത്ത്‌ നിര്‍ത്തുന്നത്‌. കവിതയില്‍ നിന്നും കവി ഒരിക്കലും മാറിനില്ക്കുന്നില്ല. കുഞ്ചന്‍നമ്പ്യാരുടെ പരിഹാസത്തിലെന്നപോലെ ഇതിലെ മാന്യന്‍ 'ഞാന്‍' ആകുന്നു. ഈ ഞാന്‍ സമൂഹത്തിലെ ഓരോ ഞാനുമാകുന്നു. ആത്മഭാഷണമായ കവിതകള്‍പോലും സാമൂഹികസത്യങ്ങളുടെ പ്രതിഫലനമായി പ്രത്യക്ഷപ്പെടുന്നു.

നിശ്ശബ്ദതയെ പ്രശ്നവല്‍ക്കരിക്കുന്ന കവിതയാണ്‌ 'മൌനരാഷ്ട്രം'. ഒച്ചയാണ്‌ ഭാഷ/കവിതയെന്നും മൌനമാണ്‌ ഭാഷ/കവിതയെന്നും രാഷ്ട്രീയത്തില്‍ കവിത പാടില്ലെന്നും കവിതയില്‍ രാഷ്ട്രീയം പാടില്ലെന്നുമുള്ള ബഹളത്തിനിടയ്ക്ക്‌ ഒച്ചയുണ്ടാക്കാതെ മറ്റൊരു മൌനരാഷ്ട്രീയം മലയാളിയുടെ തൊണ്ടയില്‍ കുരുങ്ങുന്നത്‌, മുഖത്തോടുമുഖം നോക്കാത്ത മുകഗോത്രമായി മലയാളി മാറുന്നത്‌ മൌനരാഷ്ട്രം എന്ന കവിത നമ്മെ അമ്പരപ്പിച്ചുകൊണ്ട്‌ മുന്നോട്ടുവെക്കുന്നു.

നാടിന്‌ കണ്ണുകൊണ്ടതിനാലാവണം ഈ നാട്‌ ഇങ്ങനെയായിപ്പോയത്‌. ഈ കണ്ണേറിന്‌ പരിഹാരം കാണുന്നു കവി. സത്യാന്വേഷണപരീക്ഷണത്തില്‍നിന്ന് ഒരു തരി ഉപ്പും മൂലധനചിന്തയില്‍നിന്ന് മുളകും ബോധോദയത്തില്‍നിന്ന് കടുകും ദൈവങ്ങള്‍ സന്ധിച്ച മുക്കവലയില്‍നിന്ന് മണ്ണും എടുത്ത്‌ തന്റെ എരിയുന്ന നെഞ്ചടുപ്പില്‍ത്തന്നെ 'കഴുകാ കരിങ്കണ്ണാ ഠോ' എന്നുപറഞ്ഞ്‌ ഉഴിഞ്ഞിടുന്നു കവി. എത്ര നിഷ്കളങ്കമായിരിക്കുന്നു കവിത !

പ്രത്യക്ഷത്തില്‍ ബന്ധമില്ലാത്ത രണ്ടു പ്രവൃത്തികളെ ചേര്‍ത്തുവെച്ച്‌ അദ്ധ്യാപകന്റെ ആത്മാര്‍ത്ഥതയെക്കുറിച്ച്‌ വീണ്ടുവിചാരം നടത്തുന്ന കവിതയാണ്‌ 'കടമ'.

പത്തു മിനിറ്റെടുത്തില്ല
പൊട്ടിയ ചെരിപ്പ്‌ തുന്നിത്തന്നു
വഴിവക്കിലെ ചെരിപ്പുകുത്തി
തെറ്റുചെയ്തു'പോയ'
ശിഷ്യനെ
സ്കൂളില്‍നിന്ന് പുറത്താക്കാന്‍
ഒരഞ്ച്‌ മിനിറ്റിന്റെ
ആലോചനപോലും
എനിക്ക്‌ വേണ്ടിവന്നില്ല
അദ്ധ്യാപകന്‍ അദ്ധ്യാപകന്റെ
പണിയെടുക്കുന്നു
ചെരുപ്പുകുത്തി
ചെരുപ്പുകുത്തിയുടേയും

ആകാശവേദിയോ ആരവങ്ങളോ വേണ്ട, രണ്ടുകാലില്‍ പച്ചമണ്ണില്‍ വെന്തുനടക്കാന്‍ മാത്രം ആഗ്രഹിക്കുന്ന കവിയെ ആണ്‌ വെന്തമണ്ണില്‍ എന്ന കവിതയില്‍ അവതരിപ്പിച്ചിരിക്കുന്നത്‌. വെന്തമണ്ണില്‍ നടക്കുന്ന പച്ചമനുഷ്യര്‍ക്ക്‌ വേണ്ടിയാണ്‌ താന്‍ നിലകൊള്ളുന്നത്‌ എന്ന കവിയുടെ നിലപാടുകൂടിയാണ്‌ ഇത്‌. ആഖ്യാനത്തിന്റെ പുതുമകൊണ്ട്‌ വളരെയേറെ ശ്രദ്ധിക്കപ്പെടുന്ന, പരിസ്ഥിതിബോധമുള്ള ധാരാളം കവിതകള്‍ ഈ കൃതിയിലുണ്ട്‌. ഉത്തരങ്ങളില്‍നിന്നും ചോദ്യങ്ങളുടെ ചോരപ്പൂക്കളുതിര്‍ത്ത കവി അയ്യപ്പന്‌ സമര്‍പ്പിക്കുന്നു 'അയ്യപ്പന്‌' എന്ന കവിത.

'അത്ര ചെറുതല്ലേ ആനന്ദാ
മര്‍ത്ത്യായുസ്സിലാനന്ദം' എന്ന് ആനന്ദം എന്ന കവിത ഉപസംഹരിക്കുമ്പോള്‍ നഷ്ടപ്പെടുത്തുന്ന ആനന്ദത്തിന്റെ നിമിഷങ്ങളെക്കുറിച്ച്‌ നാമോര്‍ക്കുന്നു. 'നഷ്ടപ്പാടുകള്‍' എന്ന കവിതയും ഈ ഗണത്തില്‍പ്പെട്ടതുതന്നെ.

പുഴ വറ്റുമ്പോള്‍, മിഴിയടയുമ്പോള്‍, എഴുത്തുചോര്‍ന്നുപോകുമ്പോള്‍, ഭാഷ മരിച്ചുകൊണ്ടിരിക്കുമ്പോള്‍ (ഭാഷ മരിക്കുകയാണോ? പുതുപദങ്ങള്‍ സ്വീകരിച്ച്‌ കുതിക്കുകയല്ലേ ചെയ്യുത്‌ യഥാര്‍ത്ഥത്തില്‍) മരിക്കുന്നത്‌ നമ്മുടെ വഴിയും മൊഴിയും കരുത്തും ചരിത്രവും ചേര്‍ന്ന സ്വത്വം തന്നെയാണെന്ന് 'മരിച്ചുപോകുന്നത്‌' എന്ന കവിതയില്‍ കവി ഓര്‍മ്മിപ്പിക്കുന്നു. വന്‍കരകളെ വെട്ടിപ്പിടിക്കുന്ന തിരകള്‍ക്ക്‌ നടുവിലും അതിജീവിക്കുന്ന പരലുകളെ നമ്മുടെ സൂക്ഷ്മദൃഷ്ടിക്കു വിട്ടുതരികയാണ്‌ 'പരലുകള്‍' എന്ന കവിത. കള്ളനെയും പുണ്യവാളനേയും ഒരേപോലെ കാണുന്ന സമൂഹമനസ്സിന്റെ ചിത്രമാണ്‌ 'ആളുകള്‍' എന്ന കവിത തുറന്നിടുന്നത്‌. സ്ത്രീപക്ഷചിന്തകളെ പുരുഷപക്ഷത്തുനിന്ന് വീക്ഷിക്കുന്ന കവിതകളും ഈ കൃതിയിലുണ്ട്‌.

'അധിനിവേശം' എന്ന കവിത നാലുവരിയില്‍ തീര്‍ത്ത നടുക്കുന്ന ഒരു സത്യമായി നമ്മെ അലട്ടുന്നു.

ഒരു മാമ്പഴത്തിനാണ്‌
അവന്‍ വരിക
ഒരു പത്തെണ്ണം എടുത്തോളൂ എന്ന്
നമ്മള്‍ ഉദാരന്മാരാകും
അവന്‍ പോയിക്കഴിയുമ്പോള്‍
ഒറ്റ മാവുണ്ടാവില്ല നമ്മുടെ തൊടിയില്‍
അവനോട്‌ വരരുതെന്ന്
പറയാന്‍ നമുക്കാവില്ലല്ലോ

അവസാനവരിയില്‍ നമ്മുടെ നിസ്സഹായതയും ചരിത്രത്തിന്റെ നാള്‍വഴികളും അധികാരത്തിന്റെ തന്ത്രങ്ങളും എല്ലാം സൂക്ഷിച്ചുനോക്കിയാല്‍ കാണാം.

ഒരു യുവാവിന്റെ വീക്ഷണത്തിലാണ്‌ ഇതിലെ കവിതകളോരോന്നും അവതരിപ്പിച്ചിരിക്കുന്നത്‌. കവികളും ചിത്രകാരന്മാരും, പാട്ടുകാരും പാര്‍ട്ടിക്കാരും, ശാസ്ത്രവും പ്രത്യയശാസ്ത്രവും എല്ലാം നാടുനീങ്ങുന്ന വിജനവും വിഹ്വലവുമായ ഒരന്തരീക്ഷത്തെ നമുക്കുമുന്നില്‍ സൃഷ്ടിക്കുന്ന വിജനം എന്ന കവിത, മനുഷ്യന്‌ വേണ്ടി വാദിക്കുവന്‍ മൃതനാകുന്ന വാദിച്ച്‌ വാദിച്ച്‌ എന്ന കവിത, ഇതെല്ലാം സമൂഹത്തിന്‌ നേരെ പിടിക്കുന്ന കണ്ണാടികള്‍ തന്നെ. മലയാളിയെ ബാധിച്ച മടുപ്പ്‌ പല രൂപങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്‌ 'വിരസതേ' എന്ന കവിതയില്‍ കവി വരച്ചിടുന്നു. വിഭവസമ്പന്നതയില്‍ ദൃശ്യമാധ്യമങ്ങളുടെ വെളളിവെളിച്ചത്തില്‍ കാഴ്ചയും കേള്‍വിയും നഷ്ടപ്പെട്ട് പ്രതികരണശേഷി നഷ്ടപ്പെട്ട് തന്നെത്തന്നെ തിരിച്ചറിയാനാകാതെ മറ്റൊരു പാവയായി മാറിയ മനുഷ്യനെയാണ്‌ പാവ എന്ന കവിത കാണിച്ചുതരുന്നത്‌.

കാലത്തിന്റെ സൂക്ഷ്മമാപിനികളില്‍ അടയാളപ്പെടുന്ന കവിതകളാണിവ. കാലത്തോട്‌ ശണ്ഠകൂടുകയല്ല, മറിച്ച്‌ പുതിയ കാലം പരിക്കേല്പിക്കുന്ന ജീവിതത്തിന്റെ ആകുലതകളെ, നാം കാണാതെ പോകുന്ന ചില സമീപനരീതികളെ നമ്മുടെ ചിന്തയിലേക്ക് ഇട്ടുതരികയാണ്‌ കവി. ഈ ആകുലതകളെ ആവിഷ്ക്കരിക്കാന്‍ കവിതയിലൂടെ മാത്രമേ സാധിക്കൂ എന്ന തിരിച്ചറിവും ഈ കവിതകള്‍ തരുന്നു. 'കവി' എന്ന കവിതയില്‍ കവി പറയുന്നത്‌ നോക്കുക :

കടുത്ത വേനലിലും
വറ്റാത്ത കിണറായിരുന്നു
എത്ര വേഗമാണ്‌
ഒരു ചായക്കപ്പിനോളം
അത്‌ ചെറുതായത്‌
ചുണ്ടിനും കപ്പിനുമിടയ്ക്കു വെച്ച്‌
പൊടുന്നനെ അപ്രത്യക്ഷമായ
ജീവിതത്തെക്കുറിച്ചുളള ആന്തല്‍
ഒന്നു മതി
അയാള്‍ക്ക്‌ കവിയാകാന്‍

ജീവിതത്തെക്കുറിച്ചുള്ള ഈ ആന്തല്‍ ഇന്ന് ഓരോ മലയാളിയും അനുഭവിക്കുന്നു. കവിയാകട്ടെ' തന്റേതായ ഭാഷയില്‍ പ്രതികരിക്കുന്നു.

ഉപഭോക്തൃകേരളത്തിന്റെ നേര്‍ക്കാഴ്ചയായി അവതരിപ്പിക്കുന്ന കവിതകളാണ്‌ ശ്രാവണം നല്ലോണം എന്നിവ. വാക്കുകള്‍ക്ക്‌ ഭാഷയുടെ ആവരണമില്ലാതെ തന്നെ ഈ കവിതകള്‍ വായനക്കാരന്റെ ഹൃദയത്തില്‍ തൊടുന്നു. മലയാളത്തില്‍ ബഷീറിനുണ്ടായ നിരൂപണങ്ങളില്‍ ഏറ്റവും ശ്രദ്ധേയമായ ഒന്നായി എന്‍. പ്രഭാകരന്‍ വിലയിരുത്തിയ കവിതയാണ്‌ 'തച്ചന്മാരും പുത്രന്മാരും'. ഇതിലെ ഓരോ കവിതയ്ക്കും കവി തന്നെ വരച്ച ചിത്രങ്ങളുണ്ട്‌. ഇതിലെ ചില കവിതകള്‍ നല്ല ചിത്രങ്ങളായി മനസ്സില്‍ പതിയുന്നു. വള്ളത്തോള്‍ വരയ്ക്കുന്ന വാങ്മയചിത്രങ്ങളില്‍ നിന്നും ഇത്‌ തീര്‍ത്തും വ്യത്യസ്തമാണ്‌. ഉത്തരം കിട്ടാത്ത അതേസമയം നമ്മെ അസ്വസ്ഥരാക്കുന്ന സര്‍റിയലിസ്റ്റ്‌ ചിത്രകലയുടെ പ്രതീതി പകരുന്നു ചില കവിതകള്‍.

ആവിഷ്കരണതന്ത്രത്തില്‍ ഇടയ്ക്കിടെ വാമൊഴിയുടെ സുതാര്യതയുണ്ട്‌. അതൊരിക്കലും പരുഷമോ അട്ടഹസിച്ചുകൊണ്ട്‌ നല്കുന്ന താക്കീതോ അല്ല. ചടുലതന്ത്രങ്ങളില്ലാതെ വാക്കുകള്‍ എങ്ങനെ കവിതയായി മാറുന്നുവെന്ന് കമ്മ്യൂണിസ്റ്റ്‌ പച്ച ഉദാഹരിക്കുന്നു. ഇവിടെ കാവ്യഭാഷ ആശയങ്ങള്‍ക്ക്‌ പകരം നില്ക്കുകയല്ല അത്‌ സ്വയം ലക്ഷ്യമാകുന്നു. ഇങ്ങനെ ഭാഷയെ മാദ്ധ്യമത്തിന്റെ സാന്നിദ്ധ്യമറിയിക്കാതെ മലയാളിയുടെ വൈയക്തികവും സാമൂഹികവും രാഷ്ട്രീയവുമായ അനുഭവങ്ങളുടെ ഒട്ടുമിക്ക മേഖലകളിലും സംഭവിച്ചുകഴിഞ്ഞ ഭീതിദമായ അര്‍ത്ഥശോഷണത്തിന്‌ പരിഹാരം തേടാനുള്ള സര്‍ഗ്ഗാത്മകപ്രതിരോധമായി മാറുന്നു സോമന്‍കടലൂരിന്റെ കവിതകള്‍.

Subscribe Tharjani |