തര്‍ജ്ജനി

രശ്മി രാധാകൃഷ്ണന്‍

മെയില്‍ : reshmirpm@gmail.com

Visit Home Page ...

സിനിമ

ഓര്‍മ്മയുടെ മഞ്ചാടിമണികള്‍...

മുത്തശ്ശന്റെ മരണമാണ് പത്തു വയസ്സുകാരനായ വിക്കിയെ അച്ഛനമ്മമാരോടൊപ്പം ഗള്‍ഫില്‍നിന്നും നാട്ടിലേയ്ക്ക് എത്തിക്കുന്നത്... കുറച്ചു ദിവസത്തേക്കെങ്കിലും, നിര്‍ബ്ബന്ധിതമായ ഒരു പറിച്ചുനടലിന്റെ തിക്കുമുട്ടലോടെ എത്തുന്ന ആ കുടുംബം, വിക്കിയുടെ കാഴ്ചകളിലൂടെ വന്നുനില്ക്കുന്നത് എണ്‍പതുകളുടെ അവസാനത്തിലെ ടാറിടാത്ത ഒരു ചെമ്മണ്‍പാതയിലാണ്.. മൊബൈല്‍ ഫോണോ ഇന്റെര്‍നെറ്റോ കടന്നുചെല്ലാത്ത, അപൂര്‍വ്വമായിമാത്രം സംഭവിക്കുന്ന സിനിമകള്‍ കൌതുകമാകുന്ന, ഗ്രാമഫോണ്‍പാട്ടുകള്‍ ഉറക്കെ കേള്‍ക്കുന്ന ഒറ്റമുറിച്ചായപ്പീടിക മാത്രമുള്ള ഒരു ഗ്രാമത്തിലേയ്ക്ക്... അവിടെ നിന്നും തറവാട്ടില്‍ നിലത്തു വെള്ളപുതച്ചു കിടത്തിയിരിക്കുന്ന മുത്തശ്ശനിലേക്ക്... ആ വീട്ടില്‍ തളര്‍ന്നുകിടക്കുന്ന അവന്റെ മുത്തശ്ശിയുണ്ട്... അമ്മയുടെ സഹോദരിമാരായ മേമമാരും ആങ്ങള‌മാരായ അമ്മാവന്മാരുമുണ്ട്...... സ്വത്ത് ഭാഗംവയ്പ് കാത്തുകഴിയുന്ന ചാര്‍ച്ചക്കാരുണ്ട്... അടുക്കളയിലും ഇടനാഴികളിലും ഒളിഞ്ഞും തെളിഞ്ഞും പ്രത്യക്ഷപ്പെടുന്ന പണിക്കാരിയായ പന്ത്രണ്ടുവയസ്സുകാരി റോജ എന്ന തമിഴത്തി പെണ്‍കുട്ടിയുണ്ട്... അവന്റെതന്നെ പ്രായത്തിലുള്ള കണ്ണനും മണിക്കുട്ടിയുമുണ്ട്... തറവാടിന്റെ സ്വകാര്യതകളില്‍ കനക്കുന്ന ഗൌരവതരമായ സംഭാഷണങ്ങളിലൂടെ മുത്തശ്ശന്റെ ഒസ്യത്ത് വായിക്കാന്‍ പതിനാറുദിവസം കാത്തിരുന്നേപറ്റൂ എന്നുപറയുന്ന മുത്തശ്ശിയുടെ കാര്‍ക്കശ്യമുണ്ട്..... ഈ പതിനാറുദിവസത്തെ വിക്കിയുടെ ഓര്‍മ്മകളാണ് മഞ്ചാടിക്കുരു....!

സ്വാഭാവികമായും പരിഷ്കാരവും ഇംഗ്ലീഷും സെന്റും മണക്കുന്ന ഗള്‍ഫ് കുട്ടികളോട് സമപ്രായക്കാരായ നാട്ടുംപുറത്തെ കുട്ടികള്‍ക്കുണ്ടാകുന്ന അകല്ചയും അസഹിഷ്ണുതയും വിക്കിയോടു കാണിക്കുന്നുണ്ടെങ്കിലും അതെല്ലാം മറന്നു്, കുട്ടികള്‍ തമ്മില്‍ വേഗം അടുക്കുന്നു... വിക്കിയും (മാസ്റ്റര്‍ സിദ്ധാര്‍ത്ഥ് ) കണ്ണനും (മാസ്റ്റര്‍ രിജോഷ്) മണിക്കുട്ടിയും (ബേബി ആതിര) റോജയും (വൈജയന്തി)... മുതിര്‍ന്നവരുടെ ഗൌരവങ്ങള്‍ക്കും കൃത്രിമങ്ങള്‍ക്കും അപ്പുറം തെളിയുന്ന ഈ നാലുകുട്ടികളുടെ കാഴ്ചകളിലൂടെയാണ് പിന്നീട് നമ്മള്‍ ആ വലിയകുടുംബത്തിലെ ജീവിതം കാണുന്നതും അറിയുന്നതും... ഒരുകാലത്ത് കൂട്ടുകുടുംബങ്ങളില്‍ ഉണ്ടായിരുന്ന എല്ലാ പ്രകൃതങ്ങളിലുംപെട്ട ആളുകളുടെ ഒരു ചെറിയ പ്രതിനിധിസംഘമാണ് ആ തറവാട്ടിലെ ആറ് മക്കള്‍... സന്യാസത്തിലേക്ക് ഒളിച്ചോടിയ അറുപതുകളിലെ വിപ്ലവകാരിയായ വല്യമ്മാവന്‍ (ഭരത് മുരളി)... സൂത്രക്കാരിയെങ്കിലും നിഷ്കളങ്കയായ സുമതിവല്യമ്മയും (ബിന്ദു പണിക്കര്‍) അവരുടെ തറവാടിയും പരുക്കനായ ഉദ്യോഗസ്ഥനുമായ ഭര്‍ത്താവും (ജഗതി ശ്രീകുമാര്‍), പൊതുവേ തന്‍കാര്യക്കാരിയും പൊങ്ങച്ചക്കാരിയും വിക്കിയുടെ അമ്മയുമായ സുജാത (ഉര്‍വ്വശി), എപ്പോഴും അധിക്ഷേപിക്കപ്പെടുകയും അതിന്റെ വേദന ഉള്ളില്‍ ഉണ്ടെങ്കിലും പുറമേ പൊട്ടന്‍ചിരി ചിരിച്ചുനടക്കുകയും ചെയ്യുന്ന അവരുടെ ഭര്‍ത്താവ്, സ്നേഹമയിയും ശാന്തശീലയുമായ സുധമേമ (പ്രവീണ), ധൂര്‍ത്തരനായ ഭര്‍ത്താവ് (ശരന്‍), അമേരിക്കന്‍ പൊങ്ങച്ചക്കാരിയായ ഏറ്റവും ഇളയമേ (സിന്ധു മേനോന്‍), അച്ഛനോട് പിണങ്ങി നാട്ടില്‍ത്തന്നെ മാറിത്താമസിക്കുന്ന രഘുമാമനും (റഹ്മാന്‍), വാത്സല്യനിധിയായ ഭാര്യയും മക്കളായ കണ്ണനും മണിക്കുട്ടിയും... ബന്ധുക്കളും സ്വന്തക്കാരുമായ പിന്നെയും കുറെ ആളുകള്‍... ജീവിതത്തിന്റെയും കാലത്തിന്റെയും അനിവാര്യത, അവരിലെല്ലാം തങ്ങളെ പരസ്പരം മറച്ചുപിടിക്കുന്ന അകല്ചയുടെ ഒരു കട്ടിയുള്ള പുറംതൊലി സൃഷ്ടിച്ചിരുന്നു.. അങ്ങനെയുണ്ടായ അന്യതാബോധം കൊണ്ടാവാം ഒളിഞ്ഞും തെളിഞ്ഞും കുത്തുവാക്കുകളും കുറ്റപ്പെടുത്തലുകളും പൊങ്ങച്ചങ്ങളും പറഞ്ഞു പരസ്പരം വീണ്ടും അന്യരാകാനാണ് ആദ്യമാദ്യം അവര്‍ ശ്രമിക്കുന്നത് ... പക്ഷെ പയ്യെ പയ്യെ, സ്വന്തം വീടിന്റെ തണലിലും സുരക്ഷിതത്വത്തിലും കഴിഞ്ഞ പതിനാറുനാള്‍കൊണ്ട് അവര്‍ കുറെയെങ്കിലും സ്വയം തിരിച്ചറിയുകയും, പങ്കുവയ്ക്കുകയും, പരസ്പരം ആശ്വസിപ്പിക്കുകയും ചെയ്യുന്ന നിമിഷങ്ങളിലേക്ക് ചിലപ്പോഴെങ്കിലും അറിയാതെ വീണുപോകുകയും ചെയ്യുന്നുണ്ട്..... മറച്ചുപിടിക്കാന്‍ ശ്രമിച്ച അവരുടെ മനോഗതങ്ങളില്‍, ചുവപ്പിന്റെ പരുക്കന്‍ പുറംചട്ടകള്‍ക്കും കാവിയുടെ നിസ്സംഗതകള്‍ക്കും ഒളിപ്പിക്കാനാവാത്ത വാത്സല്യമുണ്ടായിരുന്നു ... ക്ഷുഭിതയൌവ്വനത്തിന്റെ എടുത്തുചാട്ടം സൃഷ്ടിച്ച തീരാത്ത കുറ്റബോധമുണ്ടായിരുന്നു... പുറംമോടികളില്‍ എത്ര ഒളിപ്പിച്ചുവച്ചാലും തുളുമ്പിപ്പോകുന്ന ജീവിതനിസ്സഹായതയുടെ കണ്ണുനീരുണ്ടായിരുന്നു ... അടക്കിപ്പിടിച്ച പൊരുത്തക്കേടുകളും സ്വകാര്യദുഃഖങ്ങളും ഉണ്ടായിരുന്നു... ഒരുപക്ഷെ, കാലത്തിന്റെ വഴിയില്‍ ചിതറിപ്പോയ തന്റെ മക്കളുടെ, പതിനാറുദിവസത്തെ നിര്‍ബ്ബന്ധിതമായ ആ ഒന്നുചേരല്‍കൊണ്ട് മുത്തശ്ശി ഉദ്ദേശിച്ചതും അതുതന്നെയായിരുന്നിരിക്കാം.... അങ്ങനെ ആരെയും കുറ്റപ്പെടുത്തുകയോ വേദനിപ്പിക്കുകയോ ചെയ്യാതെതന്നെ ഓരോ കഥാപാത്രങ്ങളുടെയും ദൌര്‍ബ്ബല്യങ്ങളെയും നിസ്സഹായതകളെയും അലിവോടെ വൈകാരികമായി പറയുകമാത്രം ചെയ്തുകൊണ്ട് എല്ലാ മനുഷ്യരും നല്ലവരാണെന്ന നന്മയാണ് മഞ്ചാടിക്കുരു നമ്മിലേക്ക് എത്തിക്കുന്നത്...

മുതിര്‍ന്നവരുടെ ലോകത്തുനിന്നും മാറി മറ്റൊരു ലോകംതീര്‍ത്ത ആ കുട്ടികളാണ് മഞ്ചാടിക്കുരുവിന്റെ ആത്മാവ്... മാങ്ങ കടിച്ചും മഞ്ചാടിക്കുരു പെറുക്കിയും വാല്‍മാക്രിയെ പിടിച്ചും കുളത്തില്‍ മുങ്ങാന്‍കുഴിയിട്ടും അവര്‍ സൃഷ്ടിച്ച ബാല്യത്തിന്റെ ഉത്സവം, മറുവശത്തെ മുതിര്‍ന്നവരുടെ ലോകംസൃഷ്ടിച്ച സങ്കീര്‍ണ്ണതകളില്‍നിന്നും നമ്മെ പതിയെ കൊണ്ടുപോകുന്നു.. അവരോടൊപ്പം എല്ലാത്തിലും സന്തോഷിച്ച് മുത്തശ്ശന്റെ അദൃശ്യസാന്നിദ്ധ്യവും..! കുസൃതികളിലൂടെയും പങ്കുവയ്ക്കലുകളിലൂടെയും മനസ്സില്‍ അവര്‍ ചേര്‍ത്തുവച്ചതു് അവരുടെ തന്നെ ബാല്യത്തിന്റെ, കൌതുകത്തിന്റെ മഞ്ചാടിക്കുരുക്കള്‍ തന്നെയായിരുന്നു... വലുപ്പച്ചെറുപ്പങ്ങളുടെയോ ഭാഷയുടെയോ അതിരുകള്‍ക്കപ്പുറം കുട്ടികള്‍ സ്വയം കണ്ടെത്തുന്ന സ്നേഹത്തിന്റെയും നിഷ്കളങ്കതയുടെയും ഒരു ഭാഷയുണ്ട്... സ്വാര്‍ത്ഥത തൊട്ടുതീണ്ടാത്ത ആ ഭാഷയാണ്‌, മുതിര്‍ന്നവര്‍ സദാ ശകാരിക്കുന്ന, വൃത്തിയില്ലെന്നു പരിഹസിക്കുന്ന പണിക്കാരത്തി തമിഴത്തിപ്പെണ്‍കുട്ടിയുമായി ചങ്ങാത്തംകൂടാനും അവളെ സ്വാതന്ത്ര്യത്തിലേക്ക് രക്ഷപ്പെടുത്താന്‍ പരിശ്രമിക്കാനും കുഞ്ഞുങ്ങളെ തോന്നിപ്പിക്കുന്നത്... പക്ഷെ,മനസിലും ശരീരത്തിലും ഏറ്റ മുറിവുകളുമായി മടങ്ങിവരുന്ന റോജ, കുട്ടികളുടെയെന്നപോലെ നമ്മുടെയും കണ്ണ് നനയിക്കുന്നു... വര്‍ഷങ്ങള്‍ക്കുശേഷം റോജയെന്ന പണിക്കാരിയും മുത്തശ്ശിയും മാത്രം അവശേഷിക്കുന്ന ആ തറവാട്ടിലേക്ക്, ഒരിക്കല്‍ തങ്ങള്‍ ചേര്‍ത്തുവച്ച ആ മഞ്ചാടിമണികള്‍ തേടി മടങ്ങിവരുന്ന വിക്കി കാണുന്നതോ, ചിതറിപ്പോയ മഞ്ചാടിമണികള്‍....

ജീവിതയാത്രകള്‍ക്കിടയില്‍ എപ്പോഴോക്കെയോ, മാനസികവും വൈകാരികവുമായ അകലങ്ങളിലേയ്ക്ക് ചിതറിപ്പോകുന്ന ഒരേ കുടുംബത്തിലെ അംഗങ്ങള്‍, പിന്നീട് ചിലപ്പോള്‍ യാദൃച്ഛികമായി ആരുടെയെങ്കിലും മരണത്തിന്റെയോ രോഗത്തിന്റെയോ അവസ്ഥ സൃഷ്ടിക്കുന്ന അനിവാര്യമായ കൂടിച്ചേരലുകള്‍ക്കായി വീണ്ടും അതെ മേല്‍ക്കൂരയ്ക്കുകീഴില്‍ വരിക, ആ ചുരുങ്ങിയ ഇടവേളകൊണ്ട് തങ്ങള്‍ക്കിടയില്‍ അപ്പോഴും നിലനില്ക്കുന്ന അദൃശ്യവും അറ്റുപോകാത്തതുമായ സ്നേഹത്തിന്റെ ഭേദധാരകണ്ട് വിസ്മയിച്ച്, ആ തിരിച്ചറിവിന്റെ നനവും പേറി വീണ്ടും തങ്ങളുടെ തന്നെ ലോകത്തേയ്ക്ക് മടങ്ങിപ്പോവുക... ഇത്തരം കാഴ്ചകള്‍ ഇതിനു മുമ്പും നമ്മള്‍ കണ്ടിട്ടുണ്ട്... പത്മരാജന്റെ തിങ്കളാഴ്ച നല്ല ദിവസവും ഐ. വി. ശശിയുടെ ആള്‍ക്കൂട്ടത്തില്‍ തനിയേയും അത്തരം കാഴ്ചകളായിരുന്നു.... തറവാടും കുളവും സര്‍പ്പക്കാവും മാവും മരങ്ങളും ഒക്കെയുള്ള തങ്ങളുടെ സത്ത ഉരുവംകൊണ്ട ഒരു പ്രകൃതിയുടെ ഉണര്‍വ്വില്‍ അറിയാതെ തുറന്നും തുളുമ്പിയുംപോകുന്ന, മനസ്സില്‍ പറഞ്ഞുതീരാത്ത ഒരു പിണ‌ക്കമുണ്ടാവാം, അറിയാതെപോയ ഒരു പ്രണ‌യമുണ്ടാവാം, വിട്ടുപോയ ചില കണ്ണികളുണ്ടാവാം.... മുമ്പും പലതവണ പറഞ്ഞുപോയിട്ടുള്ള ഇതേ കഥാപരിസരം തന്നെയായിട്ടും മഞ്ചാടിക്കുരു എങ്ങനെ വ്യത്യസ്തമാവുന്നു? ഈ രണ്ടു സിനിമകളിലും മുതിര്‍ന്നവരുടെ കാഴ്ചകളിലെ നിര്‍ബ്ബന്ധിതമായ ഒരു കാര്‍ക്കശ്യം കാഴ്ചകളെ കനപ്പെടുത്തിക്കൊണ്ട് നില്ക്കുന്നു എന്നതുതന്നെ കാരണം ... എന്നാല്‍ നാലുകുട്ടികളുടെ കണ്ണിലൂടെ വിടരുന്ന ഒരു ബാല്യത്തിന്റെ കളങ്കകമില്ലാത്ത നിറങ്ങളാണ് മഞ്ചാടിക്കുരു നല്കുന്നത്...... മുതിര്‍ന്നവര്‍ക്ക് മരണം എന്തെന്ന് ബോദ്ധ്യമുണ്ട്... അതിന്റെ സത്യവും അസ്വസ്ഥതയും വ്യക്തമായി മനസ്സിലാകുന്നുണ്ട്..... കുട്ടികള്‍ക്ക് അതറിയില്ല... ഒരു തമാശപോലെ നീണ്ടുപോകുന്ന നിലവിളികള്‍, കൂടിനില്ക്കുന്നവരുടെ അടക്കിപ്പിടിച്ച സംസാരങ്ങള്‍, തെക്കെപ്പറമ്പില്‍ അറ്റുവീഴുന്ന ഒരു മാവിന്റെ ഞരക്കം, തങ്ങളുടെ ഓടിക്കളികളെ നിശ്ശബ്ദമായി നിയന്ത്രിക്കുന്ന പരുക്കന്‍നോട്ടങ്ങള്‍, ഇങ്ങനെമാത്രം അവരുടെ മുന്നില്‍ തെളിയുന്ന മരണം, അതിനുമപ്പുറം മൂവാണ്ടന്‍ മാവിന്റെ മധുരത്തിലേക്ക് നീണ്ടുചെല്ലുന്ന അവരുടെ കുസൃതികളാണ് നമ്മളെയും തെല്ലുനേരം കുട്ടികളാക്കി മാറ്റുന്നത്... സിനിമയുടെ പേരില്‍പോലും ആ കുട്ടിത്തം കാത്തുസൂക്ഷിക്കണ‌മെന്നുള്ള സംവിധായികയുടെ ഉദേശശുദ്ധിയും നിഷ്കര്‍ഷയുംകൊണ്ടാണ്, പരിചിതമായ കഥാപശ്ചാത്തലമായിരുന്നിട്ടും മഞ്ചാടിക്കുരു വേറിട്ടുനില്ക്കുന്നത്... ഹൃദ്യമായി അനുഭവപ്പെടുന്നത്...!

2008 ലെ IFFK ഉള്‍പ്പെടെയുള്ള ചലച്ചിത്രമേളകളില്‍ പുരസ്കാരങ്ങളും അഭിനന്ദനങ്ങളും വാരിക്കൂട്ടിയ ഈ ചിത്രം പക്ഷെ,പൂര്‍ണ്ണരൂപത്തില്‍ തിയ്യേറ്ററുകളിലൂടെ പ്രേക്ഷകരിലേക്ക് എത്താന്‍ 2012 വരെ കാത്തിരിക്കേണ്ടി വന്നു.. കഥയുടെയും കഥപറച്ചിലിന്റെയും ലാളിത്യം... കഥാപാത്രങ്ങളുടെ സ്വാഭാവികത... പ്രകൃതിയുടെ നൈസര്‍ഗ്ഗികമായ തണലും തണുപ്പുമായി, കഥയുടെ നിറവും മണവുമായി നിറഞ്ഞുനില്ക്കുന്ന ദൃശ്യഭംഗി.. മിതവും നിഷ്കളങ്കവുമായ സംഗീതം.. ബാല്യത്തിന്റെ എല്ലാ മാസ്മരികതകളും പകര്‍ന്നുനല്കിയ ബാലതാരങ്ങളുടെ മികച്ച അഭിനയം.... ഇവയെല്ലാമാണ് മഞ്ചാടിക്കുരുവിനെ മനസ്സില്‍ ചേര്‍ത്തുനിര്‍ത്തുന്നത്.. മണ്‍മറഞ്ഞ മഹാനടന്മാരായ ഭരത് മുരളിയും തിലകനും ഉള്‍പ്പെടെ എല്ലാ അഭിനേതാക്കളും തങ്ങളുടെ കഥാപാത്രങ്ങളെ മികവോടെയും തികവോടെയും അവതരിപ്പിച്ചു.. സിനിമയുടെ അവസാനം മുതിര്ന്ന വിക്കിയായും സിനിമയിലുടനീളം ശബ്ദമായും പ്രിഥ്വിരാജ് തന്റെ സാന്നിദ്ധ്യം മികവുറ്റതാക്കി.... റഹ്മാന്‍ തന്റെ സിനിമാജീവിതത്തിലെ ഏറ്റവും മികച്ച അഭിനയം കാഴ്ചവച്ചു...

മാമ്പഴമണമുള്ള ഒരു തണുത്ത കാറ്റ്... സര്‍പ്പക്കാവിലെ കാവല്‍മരങ്ങളുടെ കുളിര്‍മ്മ... നെറുകയില്‍ തൊടുന്ന വാത്സല്യത്തിന്റെ ഇളംചൂട്... അറിയാതെ തുളുമ്പിപ്പോകുന്ന ഒരു തുള്ളി കണ്ണുനീര്‍... ഇതിനപ്പുറം നന്മയുള്ള ഈ സിനിമയെ വര്‍ണ്ണിക്കാന്‍ വാക്കുകളില്ല...!

Subscribe Tharjani |