തര്‍ജ്ജനി

മുഖമൊഴി

വിശ്വമലയാളമഹോത്സവവും മലയാളസര്‍വ്വകലാശാലയും പിന്നെ മലയാളവും

വീണ്ടുമൊരു കേരളപ്പിറവിദിനവും മലയാളവാരവും കടന്നുപോയിരിക്കുന്നു. ഇത്തവണ പതിവില്ലാത്തവിധം കേമമായാണ് കാര്യങ്ങള്‍ നടന്നത്. തിരുവനന്തപുരത്ത് വിശ്വമലയാള മഹോത്സവം എന്നപേരില്‍ ലോകമലയാള സമ്മേളനമാണ് കേരള സാഹിത്യ അക്കാദമിയും സര്‍ക്കാരും ചേര്‍ന്ന് സംഘടിപ്പിച്ചത്. മുപ്പതാം തിയ്യതി കാലത്ത് രാഷ്ട്രപതി മഹോത്സവം ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് നവംബര്‍ ഒന്ന് വരെ സമ്മേളനപരിപാടികള്‍. നവംബര്‍ ഒന്നിന് തിരൂരില്‍ തുഞ്ചത്തെഴുത്തച്ഛന്റെ പേരില്‍ മലയാള സര്‍വ്വകലാശാലയും ഉദ്ഘാടനം ചെയ്യപ്പെട്ടു. മലയാളികള്‍ ഭാഷാഭിമാനംകൊണ്ട് ആവേശഭരിതരാവേണ്ട ഈ സന്ദര്‍ഭത്തില്‍ വിശ്വമലയാള മഹോത്സവത്തെക്കുറിച്ചും മലയാള സര്‍വ്വകലാശാലയെക്കുറിച്ചും പലതരം വിവാദങ്ങള്‍ ഉയര്‍ന്നു വന്നിരിക്കുന്നു. ലക്ഷക്കണക്കിന് രൂപ ചെലവഴിച്ചാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. ചെലവഴിക്കുന്ന പണത്തെ കേന്ദ്രീകരിച്ചാണ് വിവാദങ്ങളില്‍ ഭൂരിഭാഗവും ഉയര്‍ന്നുവന്നിരിക്കുന്നത്. പണം ചെലവഴിക്കാന്‍ അവസരം കിട്ടാത്തവര്‍, അതില്‍ ഒരംശം കൈപ്പറ്റാനുള്ള സൗഭാഗ്യം നിഷേധിക്കപ്പെട്ടവര്‍ എന്നിവരെല്ലാം പലതരം വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നു. വിമര്‍ശനങ്ങളൊന്നും മലയാളഭാഷയുമായി ബന്ധപ്പെട്ട് പ്രസ്തുത മഹോത്സവത്തില്‍ നടക്കുന്ന കാര്യങ്ങളെക്കുറിച്ചല്ല എന്നതാണ് കൗതുകകരം.

മലയാളത്തിന് ക്ലാസ്സിക്കല്‍ ഭാഷാപദവി, മലയാള സര്‍വ്വകലാശാല എന്നീ വിഷയങ്ങളെക്കുറിച്ച് ഞങ്ങള്‍ ഇതിനുമുമ്പ് എഴുതിയിട്ടുണ്ട്. മലയാളം ക്ലാസ്സിക്കല്‍ ഭാഷയായതിനാലല്ല ക്ലാസ്സിക്കല്‍പദവി ആവശ്യപ്പെടുന്നത്. നമ്മുടെ അയല്‍സംസ്ഥാനത്തെ ഭാഷയായ തമിഴിന് കേന്ദ്രസര്‍ക്കാര്‍ ക്ലാസ്സിക്കല്‍ പദവി നല്കിയിരിക്കുന്നു. ആ പദവി നമ്മുക്കും വേണം. അയല്‍ക്കാരനുമായി താരതമ്യം ചെയ്ത് അവനനവനെ വിലയിരുത്തി ജീവിക്കുന്ന ശരാശരി മലയാളിക്ക് ചേര്‍ന്ന രീതിയിലുള്ള ഈ വാദം നമ്മുടെ രാഷ്ട്രീയക്കാരും ഏറ്റുപിടിച്ചു. നിയമസഭ ഇതിനായി പ്രമേയം പാസ്സാക്കി. മലയാളം പ്രാചീനഭാഷയാണെന്ന് തെളിയിക്കാനുള്ള രേഖകളുമായി ദില്ലിയില്‍പോയി ആവശ്യം ഉന്നയിച്ചു. എന്നിട്ടും ക്ലാസ്സിക്കല്‍ പദവി കിട്ടിയില്ല. ഇപ്പോള്‍ നടക്കുന്ന സമ്മേളനത്തിന്റെ ആസൂത്രണത്തിനു പിന്നില്‍ ഈ ക്ലാസ്സിക്കല്‍ ഭാഷാപദവി എന്ന കാര്യപരിപാടികൂടിയുണ്ടെന്ന് മഹോത്സവത്തിന്റെ അറിയിപ്പില്‍ നിന്നും വ്യക്തമാണ്. ക്ലാസ്സിക്കല്‍ ഭാഷാപദവി കിട്ടിയാല്‍ കേന്ദ്രസര്‍ക്കാര്‍ കോടിക്കണക്കിന് രൂപ ഭാഷയ്ക്കുവേണ്ടി നല്കും. ആ പണത്തിനുവേണ്ടിയാണ് നമ്മുക്കും ക്ലാസ്സിക്കല്‍പദവി വേണം എന്ന ആവശ്യം ഉന്നയിക്കുന്നത്. പണം തന്നെ പ്രശ്നം. അത്രയും പണം കിട്ടിയാല്‍ അതുകൊണ്ട് ഭാഷയ്ക്ക് എന്തു നേട്ടമാണ് ഉണ്ടാവുക? എന്തെല്ലാമാണ് ആ പണം ഉപയോഗിച്ച് ഭാഷാപോഷണത്തിനായി ക്ലാസ്സിക്കല്‍വാദികള്‍ ചെയ്യുക എന്നത് എവിടെയും പറഞ്ഞുകേട്ടിട്ടില്ല. പലരും പലവഴിക്ക് പണമുണ്ടാക്കുന്നു, നമ്മുടെ കയ്യില്‍ ഭാഷയേ ഉള്ളൂ, അതു ഉപയോഗിച്ച് ഞങ്ങളും പണമുണ്ടാക്കാന്‍ നോക്കട്ടെ എന്നുതന്നെ.

വിശ്വമലയാള സമ്മേളനത്തിലും മലയാള സര്‍വ്വകലാശാലയിലും മലയാളഭാഷയുടെ നിലനില്പിനെത്തന്നെ ബാധിക്കുന്ന അപകടകരമായ ചില കാര്യങ്ങളുണ്ടെന്നാണ് പത്രവാര്‍ത്തകളില്‍ നിന്ന് മനസ്സിലാവുന്നത്. അത്തരം കാര്യങ്ങളെക്കുറിച്ച് ക്ലാസ്സിക്കല്‍വാദികളോ സര്‍വ്വകലാശാലാവാദികളോ ഒന്നും പറഞ്ഞുകേട്ടിട്ടില്ല. മലയാളം കമ്പ്യൂട്ടര്‍ ഭാഷയാക്കാന്‍ നടപടി സ്വീകരിക്കും എന്ന മലയാള സര്‍വ്വകലാശാലയുടെ നിയുക്ത വൈസ് ചാന്‍സലറുടെ പ്രസ്താവമാണ് അപകടകരം എന്ന് പറഞ്ഞ കാര്യങ്ങളില്‍ ആദ്യത്തേത്. രണ്ടാമത്തേത്, വിശ്വമലയാള മഹോത്സവത്തില്‍ ഉദ്ഘാടനം ചെയ്യപ്പെടുന്ന മലയാളത്തനിമ രണ്ടാംഘട്ടമാണ്. ഭാഷാസ്നേഹികളായ ഏവരേയും ഞെട്ടിക്കുന്നവയാണ് ഈ കാര്യങ്ങള്‍. എന്നാല്‍ മറ്റുകാര്യങ്ങളെപ്പോലെ ഇതില്‍ പ്രതിഷേധമോ വിമര്‍ശനമോ ഉയര്‍ന്നുവരാത്തത് ഈ വിഷയത്തില്‍ കേരളീയസമൂഹത്തിന് വ്യക്തമായ ധാരണകളില്ല എന്നതിനാലാണ്. ഏതിലും പണം മാത്രം നോക്കുന്നവര്‍ ഇത്തരം കാര്യങ്ങള്‍ കണ്ടാലും കണ്ടില്ലെന്ന് നടിക്കുകയേ ഉള്ളൂ. നമ്മുക്കും കിട്ടണം പണം എന്നതാണല്ലോ അവരുടെ പ്രഖ്യാപിതാദര്‍ശം.

മലയാളം കമ്പ്യൂട്ടര്‍ ഭാഷയാക്കുക എന്നു പറയുന്നതുകൊണ്ട് ഉദ്ദേശിക്കുന്നതെന്താണ്? ഇപ്പോള്‍ മലയാളം അനായാസമായി കമ്പ്യൂട്ടറില്‍ ഉപയോഗിക്കാനാവും എന്ന വസ്തുത നമ്മുടെ നാട്ടിലെ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കെല്ലാം അറിയാവുന്ന കാര്യമാണ്. ഐ.ടി അറ്റ് സ്കൂളിന്റെ പ്രവര്‍ത്തനഫലമായി ഉണ്ടായ നേട്ടങ്ങളിലൊന്നാണത്. മലയാളപത്രങ്ങളും പുസ്തകങ്ങളം അച്ചടിക്കുവാന്‍ ടൈപ് സെറ്റിംഗിനായി വളരെ മുമ്പുതന്നെ കമ്പ്യൂട്ടര്‍ ഉപയോഗിച്ചു തുടങ്ങിയിരുന്നുവെന്നും കേരളീയര്‍ക്കെല്ലാം അറിയാം. ഇന്ന് മലയാളത്തില്‍ വെബ്ബ് സൈറ്റുകളുണ്ട്, ബ്ലോഗുകളുണ്ട് എന്നും മിക്കവരും അറിയുന്ന കാര്യമാണ്. ചാറ്റിലും സോഷ്യല്‍ നെറ്റ് വര്‍ക്കിംഗിലും മലയാളം ഉപയോഗിക്കാനാവും എന്നതും പരക്കെ അറിയുന്ന വസ്തുതയാണ്. ഇത്തരം ആവശ്യങ്ങള്‍ക്കായി ഇനി മലയാള സര്‍വ്വകലാശാല വിശേഷിച്ച് എന്തെങ്കിലും ചെയ്യണ്ടതില്ല. അതിനാല്‍ മലയാളം കമ്പ്യൂട്ടര്‍ ഭാഷയാക്കും എന്ന് പറയുമ്പോള്‍ മറ്റെന്തോ കാര്യമായിരിക്കും ഉദ്ദേശിച്ചിരിക്കുക എന്നാണ് മനസ്സിലാക്കേണ്ടത്. ഹൈലെവല്‍ ലാംഗ്വേജ്, ലോ ലവെല്‍ ലാംഗ്വേജ് എന്നിങ്ങനെ രണ്ടുതരമാണ് കമ്പ്യൂട്ടര്‍ ഭാഷകള്‍. അതാവട്ടെ, പ്രോഗ്രാമിങ്ങിനായി ഉപയോഗിക്കുന്ന സാങ്കേതികമായ ഭാഷയാണ് എന്ന് സാമാന്യമായി പറയാം. മലയാള സര്‍വ്വകലാശാല മലയാളത്തെ പ്രോഗ്രാമിംഗ് ഭാഷയാക്കുമെന്നാണോ ആ പ്രഖ്യാപനത്തിന്റെ അര്‍ത്ഥം? ആയിരിക്കാനിടയില്ല. ആരോ തെറ്റിദ്ധരിപ്പിച്ചതിന്റെ അടിസ്ഥാനത്തില്‍, ഭാഷയും കമ്പ്യൂട്ടറുമായി ബന്ധപ്പെട്ട എന്തോ കാര്യങ്ങള്‍ ചെയ്യാന്‍ മലയാളസര്‍വ്വകലാശാല ഉദ്ദേശിക്കുന്നുവെന്നാണ് ആ പ്രഖ്യാപനത്തില്‍ നിന്നും ഞങ്ങള്‍ ഊഹിക്കുന്നത്.

തെറ്റിദ്ധരിപ്പിച്ചുവെന്ന് പറയുന്നതെന്തുകൊണ്ട് എന്ന് വിശദീകരിക്കാം. മലയാളത്തില്‍ ലിപിരൂപങ്ങളുടെ എണ്ണം വളരെ വലുതാണെന്നും അതിനാല്‍ ഡിജിറ്റല്‍ കാലഘട്ടത്തില്‍ മലയാളത്തിന്റെ ഭാവി ഇരുളടഞ്ഞുപോകും എന്ന് പണ്ട് കേരളീയനായ ഒരു ഭാഷാശാസ്ത്രാദ്ധ്യാപകന്‍ സിദ്ധാന്തിച്ചിരുന്നു. ഈ വിഷയത്തില്‍ അദ്ദേഹത്തിന്റെ അജ്ഞത വെളിവാക്കുന്നതാണ് ആ സിദ്ധാന്തം എന്ന് രചന അക്ഷരവേദി എന്ന സന്നദ്ധസംഘടനയുടെ പ്രവര്‍ത്തകരായ ആര്‍. ചിത്രജകുമാറും കെ.എച്ച്. ഹുസ്സൈനും രചന എന്ന ടെസ്റ്റ് എഡിറ്റര്‍ ഉണ്ടാക്കി തെളിയിച്ചു. വിന്‍ഡോസില്‍ മൈക്രോസോഫ്റ്റ് ഓഫീസില്‍ അനായാസസുന്ദരമായി മലയാളം ടൈപ്പുചെയ്തുകാണിച്ചു. അതാവട്ടെ, അക്കാലത്ത് അച്ചടിയിലും ടൈപ്പിംഗിലും പ്രചാരത്തിലിരുന്ന പുതിയലിപി എന്ന പേരില്‍ അറിയപ്പെട്ട ടൈപ്പ്‌റൈറ്റര്‍ ലിപിയിലായിരുന്നില്ല. എല്ലാ കൂട്ടക്ഷരങ്ങളും സ്വരവ്യഞ്ജനസംയുക്തരൂപങ്ങളും കമ്പ്യൂട്ടറില്‍ അനായാസം സാദ്ധ്യമാവും എന്ന് രചന അക്ഷരവേദി തെളിയിച്ചു. ഇംഗ്ലീഷിനെപ്പോലെ നേര്‍രേഖീയമായ എഴുത്തല്ല മലയാളത്തിന്റേത് എന്നതും പ്രശ്നമാണെന്ന് നേരത്തെ പറഞ്ഞ ഭാഷാശാസ്ത്രാദ്ധ്യാപകനും സംഘവും വാദിച്ചിരുന്നു. ഇത്തരം വാദങ്ങളുടെ അടിസ്ഥാനത്തില്‍ മലയാളലിപി ഇനിയും പരിഷ്കരിക്കേണ്ടതാണെന്ന് അവര്‍ തീരുമാനിക്കുകയും അതിനായി മലയാളത്തനിമ എന്ന പേരില്‍ ഒരു പദ്ധതി തയ്യാറാക്കി കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് മുഖാന്തിരം നടപ്പിലാക്കാന്‍ ശ്രമിക്കുകയും ചെയ്തു. അതിന്റെ ഉദ്ഘാടനം നടന്നുവെങ്കിലും പദ്ധതി നടന്നില്ല. ഈ പദ്ധതി നടപ്പിലാക്കാന്‍ ഗൂഢശ്രമങ്ങള്‍ പലരീതിയില്‍ നടത്തിയെങ്കിലും ഒരിക്കലും അവര്‍ക്ക് വിജയിക്കാനായില്ല. ഇങ്ങനെ പരാജയപ്പെട്ട പദ്ധതിയുടെ രണ്ടാം ഘട്ടമാണ് വിശ്വമലയാള മഹോത്സവത്തില്‍ ഉദ്ഘാടനം ചെയ്യപ്പെടുന്നത്. ഭാഷയെക്കുറിച്ചോ സാങ്കേതികവിദ്യയെക്കുറിച്ചോ അറിവില്ലാത്ത ചിലരുടെ ഊഹോപോഹങ്ങളെ അടിസ്ഥാനമാക്കി മലയാളം കമ്പ്യൂട്ടര്‍ഭാഷയാക്കണമെന്ന് മലയാളത്തനിമാസംഘം മുമ്പും വാദിച്ചിട്ടുണ്ട്. അവര്‍ അധികാരികളെ തങ്ങളുടെ ഔദ്യോഗികസ്ഥാനങ്ങള്‍ ഉപയോഗിച്ച് തെറ്റിദ്ധരിപ്പിക്കുകയാണ് എല്ലാ കാലത്തും ചെയ്തിട്ടുള്ളത്. മലയാള സര്‍വ്വകലാശാലയുടെ വൈസ് ചാന്‍സലറും അങ്ങനെ തെറ്റിദ്ധരിപ്പിക്കപ്പെട്ടിരിക്കും എന്നു വിചാരിക്കാനാണ് തോന്നുന്നത്.

വിശ്വമലയാളമഹോത്സവത്തിന്റെ സമാപനദിവസം മലയാളത്തനിമയുടെ രണ്ടാംഘട്ടം ഉദ്ഘാടനം ചെയ്യുന്ന വേദിയില്‍ മലയാളംനിമാപ്രസ്ഥാനത്തിന്റെ വക്താവായ കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയരക്ടര്‍ എം. ആര്‍. തമ്പാന്‍ ലിപി പരിഷ്കരിക്കുകയില്ലെന്നും വിവാദമാകുന്ന കാര്യങ്ങളൊന്നും ചെയ്യില്ലെന്നും പറഞ്ഞുവെന്ന് കേട്ടു. എന്താണ് ഇങ്ങനെ ഒരു മുന്‍കൂര്‍ജാമ്യം എന്നത് ആലോചിക്കേണ്ട കാര്യമാണ്. നേരത്തെ പറഞ്ഞ ഭാഷാശാസ്ത്രാദ്ധ്യാപകന്റെ നേതൃത്വത്തില്‍ ലിപിപരിഷ്കരണപരിപാടി നടത്തിയ അവരുടെ ശ്രമം പരാജയപ്പെട്ടതാണ്. പരിഷ്കരിക്കാവുന്നതല്ല ലിപി എന്നതിനാലല്ല പരാജയപ്പെട്ടത്, മറിച്ച് ലിപി പരിഷ്കരണത്തിനായി അവര്‍ ഉന്നയിച്ച ന്യായങ്ങളെല്ലാം അസംബന്ധങ്ങളായിരുന്നുവെന്നതിനാലാണ്. എന്നാല്‍ മുന്‍കൂര്‍ജാമ്യത്തോടൊപ്പം പറഞ്ഞ കാര്യങ്ങളില്‍ ഒരു കാര്യംകൂടി വ്യക്തമാക്കേണ്ടതായിരുന്നു. മലയാളത്തില്‍ ആലങ്കാരികഫോണ്ടുകള്‍ നിര്‍മ്മിക്കും എന്നതാണ് ആ കാര്യം. ഫോണ്ടുകള്‍ പുതിയലിപിയിലാണോ മലയാളത്തിന്റെ സമഗ്രലിപിസഞ്ചയത്തിലാണോ നിര്‍മ്മിക്കുക എന്നതാണ് ആ കാര്യം. ആകപ്പാടെ വിവാദങ്ങളില്‍ മുങ്ങിയ ഒരു പരിപാടിയുടെ അനുബന്ധവിവാദം വേണ്ട എന്ന കൌശലമാണ് ഈ പറച്ചിലിനു പിന്നിലെങ്കില്‍ പരാജയപ്പെടുന്ന ഒരു പദ്ധതിയുമായാണ് മലയാളത്തനിമ ഇത്തവണ പുറപ്പെടുന്നതെന്ന് പറയാതിരിക്കാനാവില്ല. സര്‍ക്കാര്‍ മുന്‍കയ്യില്‍ പണം ചെലവഴിച്ച് നിര്‍മ്മിച്ച പുതിയലിപി ഫോണ്ടുകളുടെ വിധി തന്നെയാവും അവയ്ക്കും. പൊതുഖജനാവിനെ സ്വന്തം വിഭ്രമങ്ങളുടെ ഉപശാന്തിക്കായി ഉപയോഗിക്കുന്നത് തികഞ്ഞ ജനവിരുദ്ധതയും സമൂഹവിരുദ്ധതയുമാണ്.

വിശ്വമലയാള മഹോത്സവവും മലയാള സര്‍വ്വകലാശാലയും മലയാളഭാഷയ്ക്ക് ഗുണമോ ദോഷമോ ഉണ്ടാക്കുകയെന്ന് ഭാഷാസ്നേഹികള്‍ ആലോചിക്കേണ്ടതുണ്ട്. ഭാഷയുടെ പേരില്‍ എവിടെനിന്ന് കാശുകിട്ടും എന്നുമാത്രം നോക്കുന്നവര്‍ ഇക്കാര്യത്തില്‍ ദോഷമേ ചെയ്യൂ എന്നത് ഉറപ്പാണ്.

Subscribe Tharjani |