തര്‍ജ്ജനി

കുഞ്ഞൂസ്

Visit Home Page ...

വര്‍ത്തമാനം

പ്രണയം, സിനിമ, സ്വാതന്ത്ര്യം

പ്രണയമില്ലാത്ത മനസ്സില്‍ ജീവിതത്തിന്റെ പുതിയ പ്രകാശങ്ങള്‍ തെളിയുന്നില്ല. പുതിയ പ്രഭാതത്തെക്കുറിച്ചുള്ള നിറമുള്ള സ്വപ്നങ്ങളോ ഊര്‍ജ്ജസ്വലമായ ചിന്തയോ ഉണ്ടാവുന്നില്ല. കാണുന്നതിനും കേള്‍ക്കുന്നതിനുമപ്പുറം സങ്കല്പലോകം പണിതുയര്‍ത്താന്‍ പറ്റുന്നതാണ് പ്രണയം. പ്രണയിനികള്‍ക്ക് ഏതൊക്കെ ലോകത്തിലൂടെ വേണമെങ്കിലും സഞ്ചരിക്കാം. ഫ്രെയിമുകളില്‍ നിന്നും നിറഞ്ഞൊഴുകുന്ന സ്വപ്നസാമ്രാജ്യമാണത്. പ്രണയം ഒരു സൃഷ്ടിയാണ്. സമൂഹനിര്‍മ്മിതമായ വിവാഹത്തില്‍ പ്രണയം ഇല്ലാതാവുന്നതായും അവിടെ കടമകളും കടപ്പാടുകളും മേല്‍ക്കോയ്മകളും ആധിപത്യം ഉറപ്പിക്കുന്നതായും ചെയ്യുന്നു. പ്രണയത്തില്‍ വാഴ്ത്തപ്പെടലുണ്ട് .... ഭൂമിയില്‍ ഒതുങ്ങാതെ , അതിന്റെ നിയമങ്ങളില്‍ നിന്നുമുള്ള കുതറി പോകലുണ്ട്. ഭാരമില്ലാത്ത ഒരവസ്ഥയെ പ്രാപിക്കലുണ്ട്. പ്രണയത്തിലാവുന്നതോടെ ലോക നിയമങ്ങളില്‍ നിന്നും ഉയര്‍ന്നു പോകുന്ന സ്ത്രീ മനസ്സിന്റെ സ്വാതന്ത്ര്യം , ചിന്തകള്‍ പങ്കു വെക്കുന്ന ചിത്രമാണ് മണിലാലിന്റെ 'പ്രണയത്തില്‍ ഒരുവള്‍ വാഴ്ത്തപ്പെടുന്ന വിധം' . നവീനകാലത്തെ ആഴവും പരപ്പും ജൈവീകതയും നഷ്ടപ്പെട്ട പ്രണയത്തെ ആവിഷ്കരിക്കുന്ന ചിത്രം. സൈബര്‍ ലോകത്തിനടിപ്പെട്ട പുതുതലമുറയെക്കുറിച്ചാണ് പറയുന്നതെങ്കിലും പകിട്ടുള്ള ദൃശ്യങ്ങളും കാവ്യാത്മകമായ പദപ്രയോഗങ്ങളും കൊണ്ട് സമ്പന്നമാണ് ഈ ചിത്രം. വാക്കുകളില്‍ കുരുങ്ങിപ്പോകാതെ പ്രമേയത്തെ തീര്‍ത്തും നവ്യമായ ദൃശ്യാനുഭവമാക്കാനുള്ള സംവിധായകന്റെ ശ്രമം വിജയകരമായിട്ടുണ്ട്. പതിവു പശ്ചാത്തലസംഗീതത്തിന്റെ രീതികളില്‍ നിന്നും തികച്ചും വ്യത്യസ്തമായി, കഥ കടന്നുപോകുന്ന പശ്ചാത്തലങ്ങളും മുഹൂര്‍ത്തങ്ങളിലെ വികാരങ്ങളും സാര്‍ത്ഥകമാക്കാന്‍ വ്യത്യസ്തമായ സംഗീതവും കൂട്ടിനുണ്ട്.

മികച്ച ടെലിസിനിമ, തിരക്കഥ, സംവിധാനം, സംഗീതം, കലാസംവിധാനം എന്നിങ്ങിനെ നാല് കേരള സംസ്ഥാനഅവാര്‍ഡുകളും ഇംഫാല്‍ ഇന്റര്‍നാഷണല്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍ മികച്ച തിരക്കഥക്കുള്ള അവാര്‍ഡും കരസ്ഥമാക്കിയ ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്‌ കാലടി സംസ്കൃത സര്‍വകലാശാലയിലെ തിയറ്റര്‍ വിദ്യാര്‍ത്ഥിനിയും അമച്വര്‍ നാടകരംഗത്ത്‌ സജീവ സാന്നിദ്ധ്യവുമായ സുരഭിയും തിരുവനന്തപുരം 'അഭിനയ' നാടകസംഘത്തിലെ പ്രതീഷുമാണ്. കേരളത്തിന്റെ വിവിധഭാഗങ്ങളിലും അനേകം ഫിലിം ഫെസ്റ്റിവലുകളിലും ഈ ചിത്രം ശ്രദ്ധിക്കപ്പെടുകയും ചര്‍ച്ചചെയ്യപ്പെടുകയും ചെയ്തു.

സൃഷ്ടിയുടെ പൂര്‍ണത നിലനിര്‍ത്തുന്നത് പ്രണയമാണ്. പുരുഷന്‍, പുരുഷനാകുന്നത് സ്ത്രീ അംഗീകരിക്കുമ്പോള്‍ മാത്രവും സ്ത്രീ , സ്ത്രീയാവുന്നത് പുരുഷന്‍ അംഗീകരിക്കുമ്പോള്‍ മാത്രവുമാണ്. അങ്ങിനെയൊന്നില്ലാതെ വരുമ്പോള്‍ തന്റെ പൂര്‍ണതയെന്തെന്നും തന്നിലെ സ്ത്രീയുടെയോ പുരുഷന്റെയോ ചൈതന്യമെന്തെന്നും സ്വയം അറിയാതെ പോകും. ആ തിരിച്ചറിവിലാണ്, അംഗീകരിക്കലിലാണ് അവള്‍ വാഴ്ത്തപ്പെടുന്നത്. വ്യവസ്ഥാപിതമായ സാമൂഹികനിയമങ്ങളില്‍ നിന്നും അവള്‍ ശരിക്കും സ്വന്തന്ത്രയാക്കപ്പെടുകയാണോ അതോ അനിശ്ചിതത്വത്തിലേക്ക് കൂപ്പു കുത്തുകയാണോ... കാണികളില്‍ ഭ്രമാത്മകമായ ഒരു തലം സൃഷ്ടിക്കുന്നു ഈ സിനിമ. പ്രണയത്തിലാവുമ്പോള്‍ പുരുഷനും സ്ത്രീയും വ്യത്യസ്തമായ ഏകാന്തതയിലേക്കാണ് എത്തിച്ചേരുന്നത് . പുരുഷന്റെ പ്രണയം നിസ്സഹായതയുടെ ശൂന്യതയിലേക്കും സ്ത്രീയുടേത് സ്വാതന്ത്ര്യത്തിന്റെ തുറസ്സിലേക്കും. സജിത ക്രിയേഷന്‍സിന്റെ ബാനറില്‍ സഞ്ജു മാധവ് നിര്‍മ്മിച്ച്‌, മണിലാല്‍ സംവിധാനം ചെയ്ത ' പ്രണയത്തില്‍ ഒരുവള്‍ വാഴ്ത്തപ്പെടും വിധം' എന്ന ഹൃസ്വചിത്രം മുന്നോട്ടു വെക്കുന്ന പ്രമേയം ഇതാണ്. മനുഷ്യരെ ഏകാന്തരും അരക്ഷിതരും നിസ്സഹായരുമാക്കുന്ന പുതിയ ലോകക്രമത്തില്‍ മനുഷ്യന്റെ ഏകാന്തതയെ ഈ സിനിമ അഭിസംബോധന ചെയ്യുന്നു. പ്രണയത്തെ സമര്‍പ്പണവുമായി ബന്ധപ്പെടുത്തിയാണ് ഈ സിനിമയുടെ കഥ വികസിക്കുന്നത്. സദാചാരം ഉള്‍പ്പെടെയുള്ള എല്ലാ എതിര്‍വരകളേയും മായ്ചുകളയാന്‍ പ്രണയമൂര്‍ച്ഛകള്‍ക്കാവുമെന്ന് ഈ സിനിമ സമര്‍ത്ഥിക്കുന്നു. പ്രണയങ്ങളില്‍ സംഭവിച്ചേക്കാവുന്ന പ്രലോഭനങ്ങളും സാദ്ധ്യതകളുമാണ് ഇതില്‍ ചിത്രീകരിച്ചിരിക്കുന്നത്.
ഇതിന്റെ തിരക്കഥാകൃത്തും സംവിധായകനുമായ മണിലാല്‍ സിനിമയെ കാണുന്നതിങ്ങിനെ .....

മനുഷ്യത്വത്തിന്റെ അടിസ്ഥാനം പ്രണയമെന്ന് ഞാന്‍ വിശ്വസിക്കുന്നു. മനുഷ്യര്‍ തമ്മില്‍ മാത്രമുള്ള ഒന്നല്ല അത്. എല്ലാറ്റിനോടും ഉള്ള പ്രണയമാണത്. പ്രകൃതിയടക്കം എല്ലാറ്റിനോടുമുള്ള അനുഭാവമാണത്. സൈബര്‍ ലോകം ഈ സീനിമയില്‍ ഒരു നിമിത്തമായി എന്നേയുള്ളു. പ്രണയത്തെ നല്ലൊരു മൂഡില്‍ അവതരിപ്പിക്കാന്‍ ഒരു സാഹചര്യം എന്ന നിലയിലാണ് സൈബര്‍ ലോകം വരുന്നത്. തമ്മില്‍ കാണാതെയും മിണ്ടാതെയും രണ്ടു പേര്‍ തമ്മില്‍ ഒരിടം നിര്‍മ്മിക്കാം എന്ന പുതിയ കാലസങ്കല്പത്തില്‍ നിന്നാണ് ഈ സിനിമ ഉണ്ടാവുന്നത്.

പുരുഷ മേധാവിത്വത്തില്‍ നിന്നല്ലേ പ്രണയത്തിലെ സ്ത്രീയെ സ്വതന്ത്രയാക്കിയത്...?

ഒറ്റവാക്കില്‍ അതാണ് ശരി, സിനിമയുടെ കേന്ദ്രബിന്ദുവും അതാണ്. പുരുഷലോകത്തില്‍ നിന്നുള്ള സ്ത്രീയുടെ സ്വാതന്ത്രപ്രഖ്യാപനമാണത്. പുരുഷന്‍ എന്നു പറയുമ്പോള്‍ പുരുഷാധിപത്യം എന്ന അവസ്ഥയെയാണ് ഇവിടെ അര്‍ത്ഥമാക്കേണ്ടത്. സത്യത്തില്‍ പ്രണയത്തിലേക്കുള്ള സഞ്ചാരമാണ് മനോഹരം. കുടുംബം പോലെ പ്രണയവും സ്ഥാപനമാവുന്നതോടു കൂടി അതിന്റെ സ്വാതന്ത്ര്യവും മനോഹാരിതയും നഷ്ടപ്പെടുകയാണ് ചെയ്യുന്നത്. വാഗ്ദാനങ്ങളും അതിന്റെ ലംഘനങ്ങളും പ്രണയത്തിലുമുണ്ട്.

സ്ത്രീപക്ഷസിനിമയാക്കാന്‍ ബോധപൂര്‍വം ശ്രമം നടന്നിട്ടുണ്ടോ...?

മനുഷ്യപക്ഷസിനിമ എന്ന് വിളിക്കുന്നതാണ് കൂടുതല്‍ നല്ലത്. സ്ത്രീയുടെ പക്ഷം ഉയരുമ്പോള്‍ , പുരുഷനോടൊപ്പം എത്തുമ്പോള്‍ അത് മനുഷ്യപക്ഷമാണ്. അതിലേക്കാണ് അടിസ്ഥാന ശ്രദ്ധ വേണ്ടത്. മിനിമം ജനാധിപത്യബോധമെങ്കിലും സ്ത്രീ പുരുഷബന്ധങ്ങളില്‍ വേണം. അല്ലെങ്കില്‍ അത് സ്ത്രീയെ സംബന്ധിച്ച് പരിതാപകരമായ അവസ്ഥയാണ്. ഈ അവസ്ഥയില്‍ നിന്നുള്ള സ്ത്രീയുടെ കുതറലാണ് പ്രണയത്തില്‍ ഒരുവള്‍ വാഴ്ത്തപ്പെടും വിധം എന്ന സിനിമയിലെ ‘കാതല്‍‘ പ്രമേയം. ഈയൊരു മനോവിചാരം കാഴ്ചക്കാരനില്‍ ഉണ്ടാവുമ്പോള്‍ മാത്രമേ ഈ സിനിമ നല്ലൊരു പ്രണയസിനിമയായി മാറുന്നുള്ളു. ശരീരമെവിടെ എന്നൊക്കെ ചോദിച്ച പെണ്‍സുഹൃത്തുക്കളുണ്ട്. ശരീരം ഞങ്ങള്‍ക്ക് ഭാരമാകുന്നു എന്നറിഞ്ഞ അനുഭവസ്ഥരായ പെണ്‍സുഹൃത്തുക്കളെയും ഈ സിനിമയിലൂടെ കണ്ടെത്താനായി.

സൈബര്‍ പ്രണയത്തിന്റെ സാദ്ധ്യതകള്‍ സ്ത്രീയും പുരുഷനും ഒരു പോലെയാണോ നോക്കിക്കാണുന്നത്...?

സാദ്ധ്യതകള്‍ എല്ലാവര്‍ക്കും ഒരു പോലെയാണെന്ന് തോന്നുമെങ്കിലും പ്രയോഗത്തില്‍ നേരെ മറിച്ചായിരിക്കും. സൈബര്‍ ലോകത്തു നിന്നും മനോരോഗ വിദഗ്ദനെ കാണാനെത്തുന്നവര്‍ കൂടുതലും സ്ത്രീകളാണ്. സ്വകാര്യ സ്വാതന്ത്ര്യത്തിന്റെ ഇടമായ സൈബര്‍ ലോകത്തെ ആകാശമെങ്കിലും എല്ലാവരും തുല്യമായി വീതിച്ചെടുക്കേണ്ടതാണ്.പക്ഷെ കാര്യങ്ങള്‍ കുഴഞ്ഞുമറിയുകയാണ്.

ഇവിടെ പുരുഷന്‍ ബുദ്ധിപരമായി നീങ്ങുമ്പോള്‍ സ്ത്രീ വികാരത്തിന് അടിമപ്പെടുകയല്ലേ ചെയ്യുന്നത്...?

വികാരത്തിന് അടിമപ്പെടുന്നുണ്ടെങ്കിലും വിചാരതലത്തിലേക്കും അവള്‍ തെന്നുന്നുണ്ട് . ഈ ട്വിസ്റ്റ് ആണ് സിനിമയില്‍ പുതിയ അര്‍ത്ഥതലങ്ങള്‍ നിര്‍മ്മിക്കുന്നത്. പ്രണയ സഞ്ചാരത്തിന് പല വഴികളുണ്ട്. സ്വയം തെരഞ്ഞെടുക്കുന്ന സ്വാതന്ത്ര്യത്തിന്റെ വഴികളിലാണ് മനുഷ്യര്‍ സന്തോഷിക്കേണ്ടത്.പ്രണയത്തിലായാലും മറ്റെന്തിലായാലും.

നായികയെ പ്രണയത്തില്‍ വാഴ്ത്തപ്പെട്ടവളാക്കാനുള്ള പ്രചോദനം?

എന്റെ അനുഭവങ്ങളില്‍ നിന്നു കൂടിയാണ് ഈ സിനിമ. എന്റെ സൌഹൃദ ലോകത്തില്‍ നിന്നാണ് ഇതെല്ലാം ഉണ്ടാവുന്നത്. അല്‍ഫോന്‍സാമ്മ വാഴ്ത്തപ്പെട്ട സമയത്ത് തോന്നിയ കുസൃതിയില്‍ നിന്നാണ് സിനിമക്കുള്ള എഴുത്ത് ഉണ്ടാവുന്നത്. അത് എന്റെ മാര്‍ജ്ജാരന്‍ എന്ന ബ്ലോഗില്‍ പോസ്റ്റ് ചെയ്തു.നല്ല പ്രതികരണമായിരുന്നു അപ്പോള്‍ ഉണ്ടായത്. പിന്നീടാണ് ദൃശ്യത്തിലേക്ക് വരുന്നത്. പ്രണയത്തില്‍ ഒരുവള്‍ വാഴ്ത്തപ്പെട്ടാല്‍ എങ്ങിനെ ആയിരിക്കുമെന്ന ഒരു ചിന്തയില്‍ നിന്നാണ് എഴുത്തും സിനിമയും ഉണ്ടാവുന്നത്.

വ്യവസ്ഥാപിതമായ സദാചാരത്തില്‍ നിന്നും ഉയര്‍ന്നു പോകുന്ന നായിക കാഴ്ചക്കാരനില്‍ അപരിചിതത്വം നിറയ്ക്കുന്നു. സ്ഥൂലസൂക്ഷ്മ ശരീരത്തിന്റെ തലത്തില്‍ നിന്നും ഉയരുന്ന നായികയെ പ്രേക്ഷകര്‍ എങ്ങിനെയാണ് സ്വീകരിച്ചത്...?

വിവിധയിടങ്ങളിലെ പ്രദര്‍ശനങ്ങളില്‍ നിന്നും അവിടെ ഉയര്‍ന്ന പ്രതികരണങ്ങളില്‍ നിന്നും യാത്രകളിലടക്കം സ്ത്രീക്ക് ശരീരം ഒരു ഭാരമാണ് എന്ന് പറയുന്ന ഒരു പാടു സ്ത്രീകളെ ഞാന്‍ കണ്ടു. ഈ സിനിമയുടെ പശ്ചാത്തലത്തിലാണവര്‍ ഇങ്ങനെ പറഞ്ഞത്. ഇത് പറയാനുള്ള ഒരവസരം ഈ സിനിമ ഉണ്ടാക്കി എന്നതിലാണ് എന്റെ സന്തോഷം. പ്രണയത്തില്‍ സ്തീയുടെ പക്ഷമാണ് എന്റെ ഇഷ്ടവിഷയം. പുരുഷന് പ്രണയം പലപ്പോഴും പല ഔട്ട് ലെറ്റുകളില്‍ ഒന്നു മാത്രമാണ്. അവന്റെ ലഹരിയുടെ ശ്രോതസ്സുകള്‍ വിപുലമാണ്. സൂര്യനെല്ലി സംഭവത്തെക്കുറിച്ചുള്ള എന്റെ ‘ഇന്‍ ജസ്റ്റീസ് ഇന്‍ കാമറ’ എന്ന സിനിമക്ക് പുരുഷ പക്ഷത്തു നിന്നുള്ള നല്ല വിമര്‍ശനമുണ്ടായിരുന്നു. വിമര്‍ശനം വലിയ ലോകത്തേക്കുള്ള തുറന്ന വാതിലുകളാണ്. ആയതിനാല്‍ വിമര്‍ശനം ഇഷ്ടപ്പെടുന്നു. അത് ചര്‍ച്ചക്കുള്ള ആദ്യ പടിയാകുന്നു. സ്ത്രീകള്‍ മുന്നേറുന്നിടത്ത് പുരുഷന്മാര്‍ പതറുന്ന കാഴ്ചയാണ് പലപ്പോഴും കാണുന്നത്.

പ്രണയം അലൌകികമാണെന്ന് ഇതിലെ നായികക്ക് തോന്നാന്‍ കാരണം ?

അലൌകികമെന്നല്ല, സ്ത്രീയുടെ ഇടുങ്ങിയ ചുറ്റുപാടുകളില്‍ നിന്നുള്ള കുതറലാണത്. സുരക്ഷിതമായ ഒരിടം തേടുന്നു എന്ന് പറയുന്നതാവും ശരി. പ്രണയമായാലും ജീവിതമായാലും തൊഴിലായാലും സുരക്ഷിതവും സൌകര്യപ്രദവുമാ‍യ ഒരിടം എല്ലാവരുടെയും അന്വേഷണമാണ്. ഇതിലെ സ്ത്രീയും ഒരന്വേഷകയാണ്.അതിനു നിമിത്തമാകുന്നത് ഇവിടെ പ്രണയമാകുന്നു എന്നു മാത്രം.

സിനിമയുടെ തുടക്കത്തില്‍ കേവല പ്രണയത്തില്‍ ഒതുങ്ങാനും നിലകൊള്ളാനും ശ്രമിക്കുന്ന വ്യക്തിയായിട്ടാണ് നായികയെ അവതരിപ്പിച്ചിരിക്കുന്നത് . പക്ഷേ, നായകന്റെ പ്രണയ പ്രഖ്യാപനം കഴിയുന്നതോടെ അവള്‍ പ്രണയനിരാസത്തിലൂടെ വാഴ്ത്തപ്പെടുന്നവള്‍ ആവാന്‍ ശ്രമിക്കുന്നു - എന്തുകൊണ്ട്....?

പ്രണയമാകുന്നതോടെയുള്ള മാറ്റമാണ് പെണ്‍കുട്ടിയുടേയും സിനിമയുടെയും ട്വിസ്റ്റ്. പ്രണയമാവുന്നതോടെ മറ്റൊരാളാവുകകയാണ്. എല്ലാം മാറുകയാണ്. ഈ മാറ്റം ഈ സിനിമയിലെ പെണ്‍കുട്ടിക്ക് സ്വാതന്ത്ര്യമാണ്. പ്രണയം നല്‍കുന്ന മറ്റൊരു തലമാണത്. എല്ലാവരും എപ്പോഴും ആഗ്രഹിക്കുന്ന സ്വാതന്ത്ര്യത്തിന്റെ തലം.

ഫാന്റസിയുടെ തലം ഉണ്ടെന്നു പറയാമെങ്കിലും, അവസാനം വരെ നായകന്‍ യഥാതത തലത്തില്‍ തന്നെയാണ് നിലകൊള്ളുന്നത് - ആ ട്രീറ്റ്‌മെന്റ് മനപൂര്‍വം ആയിരുന്നോ?

നായകനെ യഥാര്‍ത്ഥ്യത്തിലും നായികയെ ഫാന്റസിയിലുമാണ് അവതരിപ്പിക്കുന്നത് . പുരുഷന്‍ നിലം തൊട്ടു നില്‍ക്കുമ്പോള്‍ , സ്ത്രീ സ്വപ്ന സദൃശ്യമായ ഉയര്‍ച്ചകളെ പ്രാപിക്കുന്നു. സ്വാതന്ത്ര്യ പ്രഖ്യാപനമാണ് അവളുടെ ഉയര്‍ച്ച. സിനിമയിലെങ്കിലും അങ്ങനെ സംഭവിക്കട്ടെ. പുരുഷന്മാര്‍ക്ക് യാഥാര്‍ത്ഥ്യങ്ങളില്‍ തന്നെ വേണ്ടുവോളമുണ്ട് സ്വാതന്ത്ര്യം. ആ നിലയില്‍ ഇടുക്കങ്ങളില്‍ നിന്നുള്ള കുതറലായി മാത്രം നായികയുടെ മാനസികാവസ്ഥയെ വിലയിരുത്തുക.

ഉദാത്തമായ ഈ പ്രമേയം ഒരു ചെറിയ കാന്‍വസ്സില്‍ സുരക്ഷിതമാണോ ?

പ്രമേയം ആവശ്യപ്പെടുന്ന സമയം ഈ സിനിമക്ക് കൊടുത്തിട്ടുണ്ട്. രൂപപരമായി ഭദ്രമാവുന്നതും അതു കൊണ്ടാണ്.ഉദാത്തമായ പ്രണയം ഈ ലോകത്ത് സാദ്ധ്യമാണോ. തികച്ചും വ്യത്യസ്തമായ ലോകമാണ് സ്ത്രീയുടെയും പുരുഷന്റെയും.സ്വാതന്ത്യത്തിനു വേണ്ടിയുള്ള ശ്രമങ്ങള്‍ സ്ത്രീകളുടെ ഭാഗത്തു നിന്നും ഉണ്ടാവുന്നുണ്ട്. അത് ചെറിയ അനക്കങ്ങള്‍ മാത്രമാണ്. സ്ത്രീപുരുഷ ലോകം ജനാധിപത്യപരമാവുമ്പോള്‍ മാത്രം സാദ്ധ്യമാവുന്നതാണ് പ്രണയത്തിലെ ഉദാത്തത. സാഹിത്യത്തിലും സിനിമയിലുമൊക്കെ പറയുന്ന പൊയ് വാക്കുകളല്ല ജീവിതം. നമ്മുടെ ആഗ്രഹ ചിന്തകളെയാണ് അവ അഭിസംബോധന ചെയ്യുന്നത്. യഥാര്‍ത്ഥ്യത്തെയല്ല.... ഈ സിനിമയും ഒരു പെണ്‍കുട്ടിയുടെ ആഗ്രഹചിന്തകളാണ്.

Subscribe Tharjani |