തര്‍ജ്ജനി

സീന രാജവിക്രമന്‍

മെയില്‍ : zeenaraj@yahoo.com

Visit Home Page ...

കഥ

അനാഥമായ വാര്‍ദ്ധക്യം

കിഴക്ക് വെളുക്കുന്നതേയുള്ളൂ. വാതില്‍പ്പാളിയിലൂടെ അരിച്ചിറങ്ങുന്ന ഇത്തിരി വെളിച്ചം, അതും നോക്കി അയാള്‍ അല്പനേരംകൂടി കിടന്നു. പിന്നെ ഒരുവശം ചെറുതായി കീറിപ്പോയ കറുത്ത കരിമ്പടം മാറ്റി പതുക്കെ എഴുന്നേറ്റു. അത് വടക്കേതിലെ മണ്ണാത്തിക്ക് അലക്കാന്‍ കൊടുത്തിട്ട് തിരിച്ചു വാങ്ങരുതെന്ന് മകന്‍ പറയാന്‍ തുടങ്ങിയിട്ട് മാസങ്ങളേറെയായിരിക്കുന്നു. അവന്‍ അയച്ചു തന്ന റോസാപ്പൂവിന്റെ ഇതളുകളുടെ ചിത്രമുള്ള കരിമ്പടം പുതയ്ക്കാന്‍ എന്തോ അയാള്‍ മടിച്ചു. നാസാരന്ധ്രങ്ങളെ തുളച്ചു കയറുന്ന അതിന്റെ ഗന്ധം അയാളില്‍ ഒരു വല്ലാത്ത അസ്വസ്ഥത സൃഷ്ടിച്ചു.

മുട്ടിന് ഇന്നൊരല്പം വേദന കുറവുണ്ട്.. അയാള്‍ ടേപ്പറിക്കോര്‍ഡിന്റെ ബട്ടണ്‍ അമര്‍ത്തി. അതില്‍ നിന്നും വൈകിയെങ്കിലും ഒഴുകിയെത്തുന്ന പ്രഭാതകീര്‍ത്തനം കേട്ടുകൊണ്ടാണ് അയാള്‍ പ്രഭാതകൃത്യങ്ങള്‍ ആരംഭിക്കുക. പതിവുപോലെ ഓട്ടുവിളക്കില്‍ എണ്ണ പകര്‍ന്ന് തിരികൊളുത്തി, തൊഴുകയ്യുമായി നില്ക്കുമ്പോള്‍ അയാള്‍ ചിന്തിച്ചു. എന്താണ് പ്രാര്‍ത്ഥിക്കാന്‍? ഒന്നുമില്ല. കുറച്ചുകാലംകൂടി ഈ ജീവന്‍ നിലനിര്‍ത്തിത്തരണമെന്നോ? അതോ ഈ ഏകാന്തവാര്‍ദ്ധക്യത്തിന് ഒരറുതിയുണ്ടാക്കിത്തരണമെന്നോ! പതിവുപോലെ, അന്നും അയാള്‍ ഒന്നും പ്രാര്‍ത്ഥിച്ചില്ല. തൊഴുകൈ മടക്കുന്നതിനു മുമ്പ് പുറത്തു നിന്ന് വിളി കേട്ടു.

''ചെട്ടിയാരേ..''
- നാണുനായരാണ്.
ആവശ്യത്തിലധികം മെലിഞ്ഞുണങ്ങിയ അയാള്‍ക്ക് എഴുപതിലധികം പ്രായം കാണും. ഏതു പെരുമഴയത്തും പെരിവെയിലത്തും അയാള്‍ കൃത്യസമയത്തെത്തും. ചെട്ടിയാരെ കാണും, വിശേഷങ്ങള്‍ പറയും, ചോദിക്കും, ഒടുവില്‍ ചെട്ടിയാരുടെ പ്രാതലിനുള്ള സമയമാകുമ്പോഴാണ് എന്നാല്‍ ഞാന്‍ പിന്നെ വരാം എന്നുംപറഞ്ഞ് അയാള്‍ തിരിച്ചുപോകുക. അത് വര്‍ഷങ്ങളായുള്ള പതിവാണ്.

''ചെട്ടിയാരെ, വല്ലതും അറിഞ്ഞോ ആവോ! ആ അരക്കുംമലക്കാട്ടിലെ അമ്മുക്കുട്ടിയമ്മയ്ക്കേ വീണ്ടും വയ്യാണ്ടായിരിക്കുന്നു. മക്കള്‌ടെ പീഡനം കൂടിയ്‌ണ്ടേ! ഊം....." അയാള്‍ ഒന്നു നിര്‍ത്തി. പിന്നെ വായിലുള്ള വെറ്റിലക്കൂട്ടം ഒന്നുകൂടി ചവച്ച്, വടക്കുവശത്തെ നീലയും വെള്ളിയും കലര്‍ന്ന കാക്കപ്പൂച്ചെടികള്‍ പടര്‍ന്നുകിടന്ന വേലിയിലേക്ക് നീട്ടിത്തുപ്പി. പിന്നെ ഉമ്മറത്തിണ്ണയില്‍ അതിനെ വേദനിപ്പിക്കാതെ വന്നിരുന്നുകൊണ്ട് തുടര്‍ന്നു.

''ഭഗവാനങ്ക്ട് വിളിക്കണേനു മുമ്പ് ഭാഗം കൊടുത്തോര്‌ടെയൊക്കെയും സ്ഥിതി ഇപ്പോ ഇത്യെ; അതേയ്, ഇന്നലെ ഞാനവിടൊന്ന് ചെന്നു. ചെട്ടിയാരെ കുറേ ചോദിച്ചൂ. ഇനി വരുമ്പോ കൂട്ടി വരാംന്ന്."

"പോയിര് ഞാന്‍ പറയ്യേം ചെയതു. എന്തേ ചെട്ടിയാരെ! തിരക്കില്ലാപ്പാ അന്തിക്കൊങ്ങോട്ടെറങ്ങിയാലോ?"
ചെട്ടിയാര്‍, പെട്ടെന്ന് മൗനിയായി. അയാളുടെ നരച്ച് നീളംകൂടിയ പുരികക്കൊടികള്‍ക്കു താഴെ കണ്ണുകള്‍ ഈറനായോ? അയാള്‍ തന്റെ സന്തതസഹചാരിയായ തയ്യല്‍മിഷ്യന്റെ അടുത്തുള്ള സ്റ്റൂളിലിരുന്നു.

മുട്ടുവേദന പെട്ടെന്ന് കൂടിയതുപോലെ അയാള്‍ക്ക് തോന്നി. ഭൂതക്കണ്ണാടിവെച്ച് സൂചിയില്‍ നൂലിടാന്‍ തുനിയവെ, മുമ്പില്‍ ഒരു നിഴല്‍, മരുമകളാണ്.
''എന്താ നാണുമ്മാമാ! ആര്‍ക്കാ വയ്യാത്തെ !''
അയാള്‍ ചെട്ടിയാരെ നോക്കി. ''ഏയ് ഒന്നൂല്ല്യ കുട്ടീ ! ആ അമ്മുക്കുട്ടിയമ്മേടെ കാര്യം പറഞ്ഞതാ !"
''എന്തേ അച്ഛാ! ഒന്നു പോയാലോ." അയാള്‍ അവളെ നോക്കി. പ്രവാസിയുടെ ഭാര്യ. അതിന്റെ പൊങ്ങച്ചമില്ല. കണ്ണുകളില്‍ ചെറുപ്പത്തിന്റെ പ്രസരിപ്പില്ല. മുഖത്ത് ടാല്‍ക്കം പൗഡറിന്റെ കൃത്രിമവെളിപ്പോ ശരീരത്തിന് സുഗന്ധദ്രവ്യത്തിന്റെ മനംമയക്കുന്ന ഗന്ധമോയില്ല. നേരത്തെ കുളികഴിഞ്ഞ് നെറുകയില്‍ സിന്ധൂരം മാത്രം. ഒരു വേള, കടുത്ത ഏകാന്തത അവളെയും വല്ലാതെ മടുപ്പിക്കുന്നുണ്ടാവണം.

''ല്ല്യ, മോള് പോയ്‌ക്കോ!'' അവള്‍ തിരിഞ്ഞു നടന്നു. അടുക്കള പ്രഭാതഭക്ഷണത്തിന് ഒരുങ്ങിക്കഴിഞ്ഞു. ഇടയ്ക്ക് അവള്‍ ഓര്‍ത്തു. അറുപത്തെട്ടു വയസ്സായെങ്കിലും മുട്ടുവേദനയൊഴിച്ച് വാര്‍ദ്ധക്യസഹജമായ അസുഖങ്ങള്‍ ഒന്നുംതന്നെയില്ല. എന്നും പുലര്‍ച്ചെ ചന്ദനക്കുറിയോടെ മാത്രമേ അച്ഛനെ കണ്ടിട്ടുള്ളൂ. പഴയ കൂട്ടുകാരുമായി പുരാണകഥകളും വിശേഷങ്ങളുമായി സമയം തള്ളിനീക്കുമ്പോള്‍ അച്ഛനോര്‍ക്കുന്നില്ലേ? അവരൊക്കെ അന്തിവരെയേ ഉള്ളുവെന്ന്, ഇഡലിയും ചട്ട്ണിയുമുണ്ടാക്കി.

അച്ഛനെ വിളിക്കാന്‍ ചെപ്പോള്‍ നാണുനായാര്‍ സ്വരംതാഴത്തി പറഞ്ഞു. ''കുട്ടീ, അച്ഛനാരുല്ല്യ! നേരത്തിനും കാലത്തിനും വല്ലതും കൊടുക്കണം. വയസ്സായി ല്ല്യേ...."

പെട്ടെന്നാണ് അയാളുടെ ശബ്ദം ഉയര്‍ന്നത്. ''അതോണ്ടെന്താ! ഇന്നുള്ളോരൊന്നും നാളെയിണ്ടായിന്നു വരില്ല്യാ. ന്നാലും ഭഗവാന്‍ വിളിക്കണവരെ ജീവിക്കാണു. വല്ല്യാ എനി ക്ക്, എന്തായാലും ഇത്രേം കാലം ജീവിച്ചില്ലേ! ഇനി അത്രേം ജീവിക്കണ്ടാല്ലോ! പറഞ്ഞത് അധികമായോ? ''
"അല്ല ചെട്ടിയാരെ! ഞാന്‍ പറഞ്ഞത്' ...." ആ വൃദ്ധന്‍ കൈകഴുകി ഭക്ഷണം കഴിക്കാനിരുന്നു.
പിന്നെ മതിയാക്കി കൈകഴുകുമ്പോള്‍ അവള്‍ പറഞ്ഞു. ''അച്ഛാ.... ഞാനവിടംവരെ പോയി വരാം. അച്ഛന്‍....?"
''ഇല്ല്യാ'' അവള്‍ ഒരുങ്ങിയിറങ്ങി, ഒക്കത്ത് കുഞ്ഞിനെയുമെടുത്തു. വീടിന്റെ മുന്നിലുള്ള കുണ്ടനിടവഴിയിലൂടെ അവള്‍ നടന്നുപോകുന്നത് അയാള്‍ നോക്കിനിന്നു. ഒപ്പം ഇരുവശവും കരിങ്കല്ലിന്റെ കൈവരികളുള്ള ആ വഴിയിലൂടെ അയാളുടെ ഓര്‍മ്മകളും നഗ്നപാദനായ് ഇറങ്ങി നടന്നു. 'അമ്മുക്കുട്ടിയമ്മ' സുമിത്രയുടെ പ്രിയപ്പെട്ട കൂട്ടുകാരി, വീട്ടിലെ നിത്യസന്ദര്‍ശക. ഇരുമെയ്യും ഒരുമനവുമായി ഇണക്കവും പിണക്കവുമായിഎന്നും സുമിത്രയുടെ ഒപ്പം നിഴലുപോലെ അവളുംകാണും, ചെറിയൊരു പനി സുമിത്രയുടെ അവശേഷിച്ച ശ്വാസോച്ഛ്വാസവും കവര്‍ന്നെടുക്കുന്നതിനു മുമ്പ് അശ്രുകണങ്ങളാല്‍ നനഞ്ഞ വിരലുകള്‍കൊണ്ട് അവള്‍ തന്റെ കൈവിരലുകള്‍ കൂട്ടിപ്പിടിച്ച് പറഞ്ഞ തോര്‍മയുണ്ട്. ''ഞാന്‍ മരിച്ചു കഴിഞ്ഞാല്‍ ഒറ്റപ്പെടുന്നുവെന്നു തോന്നുന്ന നിമിഷം വിവാഹം കഴിയ്ക്കണം, അവനു വേണ്ടിയെങ്കിലും'' ശേഷം ഇരുപത്തി രണ്ടു വര്‍ഷങ്ങള്‍ കഴിഞ്ഞു പോയിരിയ്ക്കുന്നു. കാലം അമ്മയില്ലാത്ത തന്റെ മകനെ അച്ഛനാക്കിയിരിയ്ക്കുന്നു. തന്നെ മുത്തച്ഛനാക്കിയിരിക്കുന്നു.

സാരിത്തലപ്പുകൊണ്ട് നെറ്റിയിലെ വിയര്‍പ്പുതുടച്ച്, പൂമുഖത്തേയ്ക്കവള്‍ കയറിവരുമ്പോള്‍ അച്ഛന്‍ ചാരുകസേരയിലാണ്. വേണ്ട! മയങ്ങിക്കോട്ടെ. എടുക്കുവാന്‍ മറന്ന മൊബൈല്‍ മേശപ്പുറത്തിരുന്ന് പരിഭവിച്ചു.
'ഹലോ''
മറുതലയ്ക്കല്‍ സുധാകരേട്ടനാണ്. ''സുനിതേ, ഒടുവില്‍ എല്ലാം ശരിയായി. പുതിയ കമ്പനി എന്റെ വിസ ഇലെ സ്റ്റാമ്പ് ചെയ്ത്.ഫോര്‍മാലിറ്റീസ് ഇനി കുറച്ചകൂടിയുണ്ട്. അതുംകൂടി കഴിഞ്ഞാലേ നിനക്കെടുക്കാന്‍ പറ്റൂ. അടുത്ത മാസം വാടാനപ്പള്ളിക്ക് ഒരാള് വരുന്നുണ്ട്. അയാള്‍ടടുത്തെ കൊടുത്തു വിടാന്‍ പറ്റൂ. എങ്കിലും, എനിക്ക് ധൃതിയായീ. എല്ലാം വേഗാവട്ടെ''
കോള്‍ കട്ടായി. അവള്‍ ഒരു നിമിഷം സ്തബ്ധയായി. എന്താണ് താനീ കേട്ടത്, ഒരായിരം മുല്ലപ്പൂക്കള്‍ ഒന്നിച്ചു വിരിഞ്ഞതുപോലെ! അതിന്റെ പരിമളം ഹൃദയത്തിന്റെ നേര്‍ത്ത വീണാതന്ത്രികളെ വാചാലമാക്കുന്നു. കേട്ടത് സത്യം, അവള്‍ കണ്ണാടിയില്‍ നോക്കി. എന്തൊരു സൗന്ദര്യമാണ് തനിക്ക്.

അവള്‍ ഓടി അപ്പുറത്തെ വീടിന്റെ പാതിയും പൊളിഞ്ഞു തുടങ്ങിയ അരമതിലില്‍ ചാരി വിളിച്ചു. ''പ്രിയേച്ചീ.... വേഗം വരു''
"എന്താ സുനീ എന്തു പറ്റി".
'ചേച്ചീ ചേട്ടന്റെ വിസ സ്റ്റാംപ് ചെയ്തു. ഇനി എനിക്കും മോനും എടുക്കണംന്നാ പറഞ്ഞത്. പത്തു പതിനഞ്ചു ദിവസെങ്കിലും കഴിയും ത്രേ!"
മറുപടി കേള്‍ക്കാനവള്‍ക്ക് സമയമില്ല. ഓടുകയായിരുന്നു അവിടെ നിന്നും അച്ഛന്റെടുത്തേയ്ക്ക്
''എന്തേ....!''
"അല്ല.... ഒന്നൂല്ല്യാച്ഛാ. അവന്റെ ച്ഛന്റെ വിസ സ്റ്റാംപ് ചെയ്തു. ഞങ്ങള്‍ക്കും വിസ എടുക്ക്ണണ്ടത്രേ. കൊണ്ടുപോകാന്‍''.

അയാളുടെ മുഖത്ത് ആനന്ദത്തിന്റെ അലകള്‍ വിടര്‍ന്നു. എങ്കിലും അവളില്‍ നിന്നും അതിവിദഗ്ദമായി മറച്ചുപിടിക്കാന്‍ ശ്രമിച്ചു. ആ മിഴികളില്‍ നിന്നും ഉതിര്‍ന്നുവീണ കണ്ണുനീര്‍ മുത്തിന് കയ്പുരസമായിരിക്കുമെന്ന് അവള്‍ തിരിച്ചറിഞ്ഞു. വേദനയോടെ!

പിന്നെ തിരക്കായിരുന്നു. ആര്‍ക്കുവേണ്ടിയും കാത്തുനില്ക്കാത്ത സമയം അതിവേഗം കടന്നുപോയ്‌ക്കൊണ്ടിരുന്നു. ഒടുവില്‍ ആ ദിവസം പടിവാതിലില്‍ വന്നു കാത്തുനിന്നു. വൈകിട്ട് ഒമ്പതരയ്ക്ക്ക്കാണ് വിമാനം പുറപ്പെടുന്നത്. കെട്ടൂരം വീട്ടിലെ ബാലഗോപാലന്റെ വെളുത്ത അംബാസഡര്‍ കാറില്‍ ലഗേജുകള്‍ കയറ്റി വയ്ക്കമ്പോള്‍ അയാള്‍ ചിരിച്ചു കൊണ്ട് ചോദിച്ചു.
''ചേച്ചീ.... പോയിക്കഴിഞ്ഞാല്‍ ഞങ്ങളെയൊക്കെ മറക്ക്വോ''

ഇല്ല. എത്ര മറക്കാന്‍ ശ്രമിച്ചാലും ചില ഓര്‍മ്മകള്‍ മറവിയുടെ ആഴങ്ങളില്‍ താഴ്ന്നുപോകില്ല. അവ വീണ്ടും എന്നെ മറന്നുവോ എന്ന് ചോദിച്ച് ഹൃദയത്തിന്റെ വാതിലില്‍ പാതിമുഖം ചാരിനില്ക്കും. പരിഭവത്തോടെ! അവള്‍ അയാളുടെ മുമ്പില്‍ വന്നുനിന്നു. അയാളുടെ കാല്‍തൊട്ടുവന്ദിച്ചു. അനുസരണയില്ലാത്ത അവളിലെ കണ്ണുനീര്‍ത്തുള്ളികള്‍ അയാളുടെ പാദങ്ങള്‍ പകുതിയും നനച്ചു കഴിഞ്ഞിരിയ്ക്കുന്നു.

''അച്ഛനെയോര്‍ത്ത് മോള് വിഷമിയ്ക്കാണ്ടിരിയ്ക്ക. സന്തോഷമായിട്ട് പോകണം. കരച്ചില് കാണാനുള്ള ശേഷി എനിക്കില്ല. അച്ഛന്റെ മകനെ എത്രയും സ്നേഹിക്കുന്നുവോ അത്രയും എന്നെ സ്നേഹിക്കുന്നുവെന്ന് എനിക്കറിയാം".
"അതച്ഛന്‍ മനസ്സിലാക്കുന്നുണ്ടെങ്കില്‍ എനിക്കൊരു കൂട്ടം പറയാനുണ്ട്. വിരോധല്ല്യച്ചാല്‍.....
അമ്മക്കുട്ടിയമ്മ ഇവിടെ വന്ന് താമസിച്ചോട്ടെ, അച്ഛന് കൂട്ടായിട്ട്''
''എന്ത്... എന്താ നീ പറഞ്ഞത''.
അയാളുടെ കണ്ണുകള്‍ ചുവന്നു. ശബ്ദം ഉച്ചത്തിലായി.
''നിനക്കെന്തറിയാം... നീ വന്നിട്ട് വെറും ആറു വര്‍ഷല്ലെ ആയുള്ളൂ. അവള് പോയിട്ട് ഇരുപത്തി രണ്ടുവര്‍ഷം കഴിഞ്ഞിരിയ്ക്കുന്നു. ഇതുവരെം ഞാന്‍ തന്യെ ജീവിച്ചില്ല്യേ. ഇനി യെനിക്കാരും വേണ്ട''.

ഇത്രയും ഉച്ചത്തില്‍ അച്ഛന്‍ സംസാരിക്കുന്നത് അവള്‍ കേട്ടിട്ടില്ല. എങ്കിലും അവള്‍ ഉറച്ചു പറഞ്ഞു.
"വേണം, എന്റെ അച്ഛനെ തനിയെ വിട്ടുപോവാന്‍ എനിക്ക് കഴിയില്ല. പോകാതിരിക്കാനുമാവില്ല. ഇന്നലെ അവരോട് എല്ലാം പറഞ്ഞുറപ്പിച്ചിട്ടാണ് ഞാന്‍ വന്നത്. അവര്‍ നാളെ വരും. അവരെ നിരാശപ്പെടുത്തി അയക്കരുതേ അച്ഛാ.... എന്റെ സമാധാനത്തിനു വേണ്ടിയെങ്കിലും... അതിന്റെ പേരില്‍ ആരും അച്ഛനെ കുറ്റപ്പെടുത്തില്ല. വാര്‍ദ്ധക്യവും ബാല്യംപോലെ സംരക്ഷിക്കപ്പെടേണ്ടതാണെന്ന് എല്ലാരും അറിയട്ടെ".

അവള്‍ പതിയെ പടവുകള്‍ ഇറങ്ങി.
സാരിത്തലപ്പുകൊണ്ട് കണ്ണീര്‍ തുടച്ചുകൊണ്ട് കാറില്‍ കയറി. ആ കാര്‍ പൊടിപടലങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് അകലുന്നതും നോക്കി അയാള്‍ എത്രനേരം അങ്ങനെ നിന്നുവെന്നറിയില്ല. പിന്നെ, ഇരുവശത്തും കരിങ്കല്ലിന്റെ കൈവരിയുള്ള വീട്ടിന്റെ മുന്നിലുള്ള കുണ്ടനിടവഴിയിലേക്ക് അയാള്‍ അറിയാതെ നോക്കിപ്പോയി.

അവ്യക്തമായാണെങ്കിലും ആ വഴിയുടെ അറ്റത്ത് അയാള്‍ ഒരു നിഴല്‍ കണ്ടു.

Subscribe Tharjani |