തര്‍ജ്ജനി

രമേശ്‌ കുടമാളൂര്‍

KPRA 140, 'പ്രണവം',
കാഞ്ഞിരംപാറ,
തിരുവനന്തപുരം.
മെയില്‍ ramesh.v67@gmail.com
ബ്ലോഗ് http://www.rameshkudamaloor.blogspot.com

Visit Home Page ...

കവിത

ദശാംശം

ഉണങ്ങി മെലിഞ്ഞൊരു ഒന്നും
തടിച്ചുരുണ്ട കുറെ പൂജ്യങ്ങളും കൂടി
അക്കങ്ങളുണ്ടാക്കി കളിക്കുകയായിരുന്നു.

പത്തില്‍ തുടങ്ങി നൂറ്, ആയിരം, പതിനായിരം,
ലക്ഷം, ഒരു കോടി, പല കോടിയങ്ങനെ.
പതുക്കെപ്പതുക്കെ ഒന്നിനെ തിക്കിയകറ്റി
മുന്നിലേക്ക് ഉരുണ്ടു കയറുന്ന പൂജ്യങ്ങള്‍

പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ഒന്ന്
വറ്റിയ സ്വന്തം ദശയില്‍ നിന്ന്
ഒരംശം പൊട്ടിച്ചെടുത്ത ഒരു കുത്ത്

പൂജ്യങ്ങളറിയാതെ ഇടതു വശം പ്രതിഷ്ടിച്ച്
വലത്തെ അറ്റത്തു പോയി കരച്ചിലടക്കി നിന്നു.
ഇതാണ് ദശാംശത്തിന്റെ കഥ.

Subscribe Tharjani |