തര്‍ജ്ജനി

കെ. ആര്‍. വിനയന്‍

405 B, Solanki Gulmohar Apartments,
Brahmanwadi,
Begumpet P O,
Hyderabad 16

Phone: 09440871969
Email: kr_vinayan@yahoo.com

Visit Home Page ...

കാഴ്ച

സുനില്‍ ഗംഗോപാദ്ധ്യായ

അല്പം പ്രതീക്ഷയോടെയും, അതിലേറെ സംശയത്തോടെയും ഇന്റര്‍വ്യൂമുറിയിലേക്ക് കടന്ന് മേശയ്ക്കപ്പുറത്തെ അരൂപികളായ മൂന്നുപേര്‍ക്ക് മുന്നിലെ കസേരയിലിരുന്ന് അവരുടെ ചോദ്യങ്ങള്‍ക്ക് പതറാതെ ഉത്തരം പറഞ്ഞുതുടങ്ങുന്ന ഒരു കഥാപാത്രത്തെ ഓര്‍ക്കുന്നു. സുനില്‍ ഗംഗോപാദ്ധ്യായയുടെ പ്രതിദ്ധ്വന്ദി എന്ന നോവലില്‍.

ചോദ്യങ്ങള്‍ ഏതാണ്ട് ഇങ്ങനെയാണെന്ന് ഓര്‍ക്കുന്നു. ചില ചോദ്യങ്ങള്‍ ആ നോവലിനെ ആധാരമാക്കി സത്യജിത് റായ് സംവിധാനം ചെയ്ത സിനിമയില്‍ മാറ്റംവരുത്തിയിട്ടുണ്ടെന്നും ഓര്‍ക്കുന്നു.

1. സ്വാതന്ത്ര്യാനന്തരം, ഇംഗ്ലണ്ടില്‍ ആദ്യത്തെ പ്രധാനമന്ത്രി ആരായിരുന്നു?
ഉത്തരം : .... ഹൂസ് ഇന്‍ഡിപെന്റന്‍സ്?

2. കഴിഞ്ഞ പത്തുവര്‍ഷത്തിനിടയിലുണ്ടായ, നിങ്ങളെ അത്ഭുതപ്പെടുത്തിയ സംഗതി?
ഉത്തരം പെട്ടെന്നായിരുന്നു. ...... സര്‍, വിയറ്റ്‌നാം യുദ്ധം!

3. അപ്പോള്‍ മനുഷ്യന്‍ ചന്ദ്രനില്‍ കാലുകുത്തിയതോ?
ഉത്തരം: അത് ആധുനികമനുഷ്യന്‍ സൃഷ്ടിച്ചെടുത്ത സാങ്കേതികമികവിനെ കാണിക്കുന്നത്. പക്ഷെ വിയറ്റനാം യുദ്ധം, സാങ്കേതികമികവിലെത്തിയ മനുഷ്യരുടെ പതനം..! ഇതെന്നെ അത്ഭുതപ്പെടുത്തുന്നു!

4. താങ്കളൊരു കമ്യൂണിസ്റ്റുകാരനാണോ?
ഉത്തരം പതുക്കെയായിരുന്നുവെങ്കിലും ദൃഢമായിരുന്നു.
സര്‍, ഇങ്ങനെ ചിന്തിക്കുന്നവരൊക്കെ കമ്യൂണിസ്റ്റുകാരാണെന്ന് തോന്നുന്നുവെങ്കില്‍ എന്നെയും അതില്‍പ്പെടുത്താം.

ഫയലുകള്‍ മടക്കി ചെറുപ്പക്കാരന്‍ ധൃതിയോടെ പുറത്തിറങ്ങുന്നു. ആയിരത്തിത്തൊള്ളായിരത്തി അറുപതുകളിലെ ബംഗാളിലെ ദാരിദ്ര്യവും രോഗവും തൊഴിലില്ലായ്മയും നിമിത്തം തിളച്ചുമറിയുന്ന ചെറുപ്പക്കാരുടെ നിസ്സഹായതയായിരുന്നു നോവലിന്റെ ഇതിവൃത്തം.

ഈ നോവല്‍ സത്യജിത് റായ് സിനിമയാക്കിയപ്പോള്‍ ഈ രംഗങ്ങളെല്ലാം നോവലിനേക്കാള്‍ ചാരുതയോടെ ദൃശ്യവത്ക്കരിച്ചിരുന്നതും ഓര്‍ക്കുന്നു.

ഇന്റര്‍വ്യൂമുറിയില്‍നിന്നും പുറത്തിങ്ങുന്ന നായകന്‍ കാണുന്നത് പുറത്തെ വരാന്തയിലെ കസേരകളില്‍ തങ്ങളുടെ ഊഴവും കാത്തിരിക്കുന്ന ഉദ്യോഗാര്‍ത്ഥികളെ അസ്ഥികൂടങ്ങളായാണ്. നെഗറ്റീവ് ഫ്രെയിമുകളായിട്ടാണ് അവരെ സത്യജിത് റായ് പകര്‍ത്തിയത്.

അവരെയും കടന്ന് പുറംതെരുവിലൂടെ വേഗതയോടെ നടന്നുപോകുന്ന അയാള്‍ക്കുപിറകിലെ ഉയര്‍ന്ന മതിലുകള്‍നിറയെ അരിവാള്‍ചുറ്റികനക്ഷത്രങ്ങളുടെ നിരനിരയായ ചുവരെഴുത്തുകളും.

ഒരുപക്ഷെ, സത്യജിത്ത് റായിയുടെ രാഷ്ട്രീയചായ്വ് വളരെ വ്യക്തമായി കാണിച്ച ആദ്യത്തെ ചിത്രമായിരിക്കാം പ്രതിദ്ധ്വന്ദി.

കല്‍ക്കത്തയിലെ തിരക്കുപിടിച്ച ബാലിഗഞ്ചിലെ ഗസ്റ്റ്ഹൗസിന്റെ മുകളിലെ മുറിയിലിരുന്ന് അത്താഴസദിരുകള്‍ക്കിടയില്‍ ഞാനീ രംഗങ്ങള്‍ സൂക്ഷ്മാംശം നഷ്ടപ്പെടുത്താതെ പറഞ്ഞുതീര്‍ത്തപ്പോള്‍ കൂടെയുണ്ടായുരുന്ന ആതിഥേയസുഹൃത്ത് തന്റെ പിറകിലെ ജനലുകള്‍ തുറന്ന് പറഞ്ഞു..... ഇതാ, ഈ കാണുന്ന തെരുവിന്റെ മൂലയിലാണ് സുനില്‍ദാ താമസിക്കുന്നത്.

എനിക്കും, എന്റെ മൂവര്‍സംഘത്തിനും ഉടനെതന്നെ സുനില്‍ദായെ സന്ദര്‍ശിക്കണമെന്ന് ശാഠ്യം തോന്നി..... പക്ഷെ ഞങ്ങളുടെ സദിര് ....

പിറ്റേന്ന് ഞങ്ങള്‍ സംഘം ചേര്‍ന്ന് സുനില്‍ദായുടെ ഉമ്മറവാതിലില്‍ മുട്ടി അകത്തുകടന്നു.
എന്റെ ക്യാമറാസഞ്ചി കണ്ടിട്ടാണെന്ന് തോന്നുന്നു എന്നോട് പറഞ്ഞു ... സോറി, അയാം നോട്ട് കംഫര്‍ട്ടബിള്‍!
മറ്റൊരു വരിക്ക് കാത്തുനില്ക്കാതെ വളരെ പെട്ടെന്നുതന്നെ ഞാനതിന് മറുപടി പറഞ്ഞു .... സര്‍, അയാം വെരി കംഫര്‍ട്ടബിള്‍.
കൂടെയുണ്ടായിരുന്നവര്‍ പതറുന്നതും ഞാനറിഞ്ഞു.
ഫോട്ടോ എടുത്തേ മടങ്ങൂ എന്ന നിശ്ചയം ഞാന്‍ മറച്ചുവെച്ചില്ല!

ഏതോ ഒരു സ്വീകരണച്ചടങ്ങ് കഴിഞ്ഞ് അല്പം മുമ്പാണത്രെ സുനില്‍ദാ വീട്ടില്‍ തിരിച്ചെത്തിയതത്രെ. കുര്‍ത്തയുടെ ഇടത് കീശയ്ക്ക് മുകളില്‍ സംഘാടകരുടെ ബാഡ്ജും ഞാന്‍ കണ്ടു.

ഞങ്ങളോട് രാഷ്ട്രീയത്തെപ്പറ്റിയും സിനിമയെപ്പറ്റിയും എം.ടിയെപ്പറ്റിയും ഒരുപാടുസമയം സംസാരിച്ചിരുന്നു. അതെനിക്ക് ഫോട്ടോയെടുക്കാനുള്ള മൃദുലമായ സന്ദര്‍ഭമായിരുന്നു.

Subscribe Tharjani |