തര്‍ജ്ജനി

അജീഷ് ബേബി

മെയില്‍ : jasmioj@gmail.com

Visit Home Page ...

കഥ

കടലാസുതോണി

ആ തോണിയില് ഒരു നാട കോര്തിട്ടുണ്ടോ? അതിന്റെ നിയന്ത്രണം മറ്റാരുടെയെങ്കിലും കയിലാണോ?

ഇല്ല, വെളുത്ത കടലാസ് കൊണ്ടുള്ള ആ തോണി പുഴയിലൂടെ മുന്നോട്ട് നീങ്ങുകയാണ്, അതിന്റെ ചുവടു മാത്രമേ നനഞ്ഞിരുന്നുള്ളൂ. ഇടുങ്ങിയ കാട്ടരുവിയിലൂടെ ഇനി എങ്ങോട്ട് എന്നറിയാതെ തോണി മുന്നോട്ടുനീങ്ങുകയായിരുന്നു. ചെറിയ കുറ്റിച്ചെടികളോട് കിന്നാരം പറഞ്ഞും ഓളങ്ങളിലെ കുമിളകളോട് വഴക്കടിച്ചും തോണി സാവധാനം ഒഴുകി.
പെട്ടെന്ന് തോണിയുടെ വേഗം കൂടി, ആ ഇടുങ്ങിയ അരുവി വിസ്താരമുള്ള ഒരു പുഴയില്‍ സംഗമിക്കുകയാണ്. കുഞ്ഞോളം മാത്രം കണ്ടിട്ടുള്ള ആ തോണി പുഴയുടെ ഇരമ്പലില്‍ ആടിയുലഞ്ഞു. അതിന്റെ പകുതിയോളം അപ്പോളേക്കും നനഞ്ഞിരുന്നു. വല്യ പാറക്കെട്ടുകള്ക്ക് അതിന്റെ നേര്ത്ത അഗ്രങ്ങളെ ഇല്ലാതാകാനുള്ള കരുത്ത് ഉണ്ടായിരുന്നു. എങ്കിലും കരിംപാറകളും തരണംചെയ്തു തോണി മുന്നോട്ടുകുതിച്ചു. ശക്തമായ ഒഴുക്കിലും പാറക്കെട്ടിലും പെട്ടുപോയ ആ കടലാസ് തോണി പതിയെ പതിയെ അതിന്റെ താളം വീണ്ടെടുത്തു.

വല്യപുഴയും പാറക്കെട്ടുകളും കുഞ്ഞുതോണിക്ക് ശീലമായിക്കഴിഞ്ഞിരുന്നു. വലിയ മരച്ചെടികള്‍ തോണിയെ വിരുന്നിനു വിളിച്ചു. അവയെ കെട്ടിപ്പിടിച്ചും മുട്ടിയുരുമ്മിയും സ്നേഹം പ്രകടിപ്പിച്ച് അവയോടു യാത്രപറഞ്ഞു തോണി മുന്നോട്ടുനീങ്ങി. കുറച്ചുനേരംകൂടി അവയോടു വര്ത്തമാനം പറയാന്‍ ആഗ്രഹം ഉണ്ടായിരുന്നുവെങ്കിലും ഒഴുക്ക് തോണിയെ കൈ പിടിച്ചു ദൂരേക്ക് കൊണ്ടുപോയി.

പാറക്കെട്ടുകളും മരച്ചെടികളും അപ്രത്യക്ഷമായി. ചെങ്കുതുകളും ചെരിവുകളും കാണാതായി. തോണി സാവധാനം മുന്നോട്ടു നീങ്ങി. ഒറ്റപെട്ടുപോയ ആ തോണിയുടെ വേഗം കുറഞ്ഞിരുന്നു. കാറ്റില്‍ ആരെയോ തേടുന്നതുപോലെ തോണി ഒന്നുലഞ്ഞു. അവിടെയെങ്ങും ആരും തന്നെയില്ല. തന്റെ ഏകാന്തതയെ ശപിച്ചുകൊണ്ട് തോണി മുന്നോട്ടുനീങ്ങി.

നേരം കടന്നുപോയി. ഈ സമയം എവിടെനിന്നോ ഒരു ചിത്രശലഭം പറന്നുവന്നു തോണിയില്‍ ഇരുന്നു. നീല ചിറകുകളുള്ള ആ ചിത്രശലഭത്തിന്റെ സ്വര്ണ്ണക്കണ്ണുകള്‍ സൂര്യപ്രകാശത്തില്‍ തിളങ്ങുന്നുണ്ടായിരുന്നു. തോണിയും സന്തോഷിച്ചു. എന്നാല്‍ ആരെയും ആകര്ഷിക്കുന്ന ആ ചിത്രശലഭം ഒരു നിമിഷം സംശയിച്ചു നിന്നശേഷം മുകളിലേക്ക് പറന്നുയര്ന്നു. അല്പസമയം വേഗത കുറഞ്ഞ ശേഷം തോണി പിന്നെയും മുന്നോട്ടു നീങ്ങി. എന്നാല്‍ എന്തുകൊണ്ടോ ആ ശലഭത്തിനു പറന്നു പോകാന്‍ കഴിഞ്ഞില്ല. ശലഭം പിന്നെയും തോണിയില്‍ പറന്നിറങ്ങി.

പുതിയ കൂട്ടുകാരിയെ കിട്ടിയ കടലാസുതോണി കുഞ്ഞോളങ്ങളില്‍ നൃത്തംചെയ്തുകൊണ്ട് മുന്നിലേക്ക് ഒഴുകി. ശലഭം തന്റെ നീലച്ചിറകുകള്‍ വിടര്ത്തി തോണിയുടെ അമരക്കാരനെ പോലെയിരുന്നു.

ഒരുതുള്ളി വെള്ളംപോലും ശലഭത്തിനു മേല്‍ വീഴാതിരിക്കാന്‍ ശ്രദ്ധിച്ച തോണി അറിയുന്നുണ്ടയിരുന്നില്ല, തനിക്കു വേണ്ടി പ്രഭാതകിരണങ്ങള്ക്ക് നേരെ ശലഭം തന്റെ നീലക്കുട പിടിച്ചിരുന്നത്. കുത്തൊഴുക്കുകളും പാറക്കെട്ടുകളും കടന്നു തോണി നീങ്ങി. ഇളം കാറ്റിനെ തഴുകിയും മരച്ചെടികളോട് പായാരം പറഞ്ഞും കരിമ്പാരകളോട് വഴക്കിട്ടും തീരങ്ങളെ കളിയാക്കിയും അവര്‍ മെല്ലെനീങ്ങി.

പെട്ടെന്ന് ചിത്രശലഭത്തിന്റെ സ്വര്ണക്കണ്ണുകള്‍ ചുവന്നു. കാരണം ശലഭത്തിനു ഇനി മുന്നോട്ടു പോകാന്‍ കഴിയില്ല. അതേസമയം ശലഭത്തിനു തോണിയെ ഉപേക്ഷിച്ചു പോകാനും മനസ്സ് വരുന്നില്ല.

ചിത്രശലഭത്തിനു ഇനിയുംമുന്നോട്ടു പോകാന് കഴിയുമായിരുന്നില്ല. ശലഭമില്ലാതെ മുന്നോട്ടു പോവാന്‍ തോണിക്കും മനസ്സു വരുന്നില്ല. പക്ഷെ ആ കുത്തൊഴുക്കില്‍ ഒരു നിമിഷം പോലും ശലഭത്തിനെ കാത്തുനില്ക്കാന്‍ തോണിക്ക് കഴിഞ്ഞില്ല. എതിര്‍ദിശയില്‍ നിന്ന് ഒരു കാറ്റെങ്കിലും വന്നുവെങ്കില്‍ എന്ന് ആ തോണി ആശിച്ചുപോയി. ശലഭം തന്റെ നീലച്ചിറകുകള്‍കൊണ്ട് തോണിയെ പിന്നിലേക്ക് വലിക്കുവാന്‍ ശ്രമിച്ചുവെങ്കിലും ഒഴുക്കിന്റെ ശക്തിയില്‍ ശലഭം പരാജയപെട്ടുപോയി.

പിന്നെ ഒരു നിമിഷം കൂടി ശലഭത്തിനു മുന്നോട്ടു പോകാന്‍ കഴിയുമായിരുന്നില്ല. ചിത്രശലഭം തന്റെ തളര്ന്ന നീലച്ചിറകുകള്‍ വീശി തോണിയില്‍നിന്നും മുകളിലേക്ക് പറന്നുയര്ന്നു. തോണിക്ക് നില്ക്കാന്‍ കഴിയിലെങ്കിലും ശലഭം ഒരു നിമിഷം അങ്ങനെ ആഗ്രഹിച്ചുപോയി. നിറഞ്ഞ കണ്ണുകളോടെ തോണി ഒഴുകിപ്പോകുന്നതു നോക്കി നില്ക്കാന്‍ മാത്രമേ നീലച്ചിറകുകളുള്ള ആ ചിത്രശലഭത്തിനു കഴിഞ്ഞുള്ളൂ.

ഒരു നിമിഷം ഒഴുക്ക് നിലച്ചെങ്കില്‍, ഒഴുക്ക് എതിര്‍ദിശയിലേക്കു തിരിഞ്ഞുവെങ്കില്‍, തനിക്ക് ഒഴുക്കിന് എതിരെ നീന്താന്‍ കഴിഞ്ഞുവെങ്കില്‍, പക്ഷെ കടലാസ് കൊണ്ടുണ്ടാക്കിയ ആ തോണിക്ക് അതിനൊന്നും കഴിയുമായിരുന്നില്ല. മരച്ചില്ലകളോടും പാറക്കെട്ടുകളോടും തോണി സഹായം അഭ്യര്ത്ഥിച്ചുവെങ്കിലും കാറ്റ് തോണിയുടെ ദിശ മാറ്റി വിട്ടു.

അപ്പോഴേക്കും തോണിയുടെ മുക്കാല്‍ഭാഗവും നനഞ്ഞിരുന്നു. ഒരുവട്ടം ഒന്ന് തിരിഞ്ഞു നോക്കാന്‍പോലും കഴിയാതെ തോണി കുത്തൊഴുക്കില്‍ അകപ്പെട്ടു മുന്നോട്ടു നീങ്ങി. ഒഴുക്കിനെ പഴിച്ചു കൊണ്ട് തോണി യാന്ത്രികമായി മുന്നോട്ടുനീങ്ങികൊണ്ടേയിരുന്നു..........

Subscribe Tharjani |