തര്‍ജ്ജനി

സംപ്രീത

ഇ മെയില്‍: sampreethakesavan@gmail.com

Visit Home Page ...

ജീവിതം

ആനന്ദങ്ങളും ദുരന്തങ്ങളും തുടങ്ങുന്നത് എവിടെ നിന്നാണ് ..

ആനന്ദങ്ങളും ദുരന്തങ്ങളും തുടങ്ങുന്നത് എവിടെ നിന്നാണ് .. ചലനങ്ങളെക്കുറിച്ച് ഒന്നുമറിയാതെ നമ്മളെല്ലാം ജീവിക്കുന്നു. അപ്രതീക്ഷിതമായ അപ്രതീക്ഷകള്‍ എന്നവിധം ചിലത്.

ഞാന്‍ നൃത്തം ചെയ്യുന്നു. കവിതയുടെ ഒരു വലിയ ശ്മശാനത്തില്‍, മണ്ണിന്‍കൂനയില്‍, തീജ്വാലയില്‍ എല്ലാം നിറയേണ്ടുന്ന പുതിയ, എന്നാല്‍ ഏകാന്തവും തനതുമായ ഒരു ചലനമാണ്‌ എനിക്ക് വേണ്ടത്. എന്റെ വഴികള്‍ തേടുന്ന സമാധാനം അഭൌമമാണോ.
മനുഷ്യര്‍ സ്വാര്‍ത്ഥരായിരിക്കാം. അങ്ങനെതന്നെയാവട്ടെ. എന്നാല്‍ സര്‍വവും ആനന്ദമാക്കുന്ന ഒരു മനുഷ്യനേയും കാണാന്‍ കഴിയുന്നില്ലല്ലോ. അങ്ങനെയാകുമ്പോള്‍ എന്റെ നൃത്തവും കവിതയുമൊക്കെ ഏകാന്തമാകുന്നു. ലക്ഷ്യങ്ങള്‍ വരക്കാതെ, എവിടെയും തറഞ്ഞുനില്‍ക്കാനാവാതെ. സ്ഥിരതയ്ക്കും അസ്ഥിരതയ്ക്കും ഇടയിലെവിടെയോ ആണ് എന്റെ വേദിക.

ഈ മനുഷ്യജന്മത്തില്‍ മനുഷ്യന്‍ മനുഷ്യന്റെ ഇരയായിതീര്‍ന്നില്ലെങ്കില്‍ ഒരുപക്ഷേ ഞാനും ഒരിടത്ത് ഉറച്ചേനെ.. ഒരു നഗരബന്ധിതഗ്രാമത്തില്‍, ഒരു വീട്ടമ്മയായി, അമ്മയായി.... അങ്ങനെ ഇരയാക്കപ്പെട്ടവര്‍, പാപം ചെയ്തവര്‍ എന്നിവര്‍ക്ക് തിരിച്ചറിയാന്‍ അവസരം കിട്ടരുതെന്നാണ് എനിക്ക് തോന്നുന്നത്. എന്തെന്നാല്‍ പിന്നീടുള്ള അവരുടെ ചലനങ്ങള്‍ ഓരോന്നും വിശ്വാസമാണ്. പൊയ്ക്കാല്‍ വച്ചോ, വിശന്നലഞ്ഞോ, ഒരു അഭയാര്‍ത്ഥിയെപ്പോലെ വഴിനീളെ ജീവിതം മറന്നുപോയ ഭരണവര്‍ഗ്ഗത്തിന്റെ കുഴികള്‍.
പ്രപഞ്ചമാകെ നശിക്കുമെങ്കില്‍ക്കൂടി ഇത്തരക്കാര്‍ പറയില്ല, പോയത് സ്വന്തം ചോരയാണെന്ന്. അവര്‍ അതിജീവനത്തിന്റെ പോരുമായി വേഗം നടന്നുപോകുന്നു.
എങ്ങും മരണത്തിന്റെ നിഴലുണ്ട്. അതില്‍ ചവിട്ടിനില്ക്കേണ്ടതില്ല. എന്നാല്‍ അന്യോന്യം കൊല്ലുന്ന ഹൃദയവുമായി ഇന്നും മനുഷ്യകുലം നിലനില്ക്കുന്നതിലാണ് എന്റെ വ്യഥ.

മനസ്സ് പറയുന്നുണ്ട് പലതും. താളവും ഭാവനയും വേര്‍പ്പെട്ട ഭീകരസത്യങ്ങള്‍ ഇരകളാക്കിയ മനുഷ്യരുടെ, മായാമോഹിനീവലയത്തില്‍പ്പെട്ട കുതുകികളുടെ വൈരങ്ങളുടെ കഥ.
ഭ്രാന്തമായി ജീവിതം ആകുലപ്പെടുത്തുന്ന,നിര്‍ജ്ജീവതയുടെ കഥ
എഴുതാത്തതെന്താണെന്ന്, നൃത്തം ചെയ്യുന്നില്ലേ എന്ന് ചോദിക്കുന്നവരോട് ഞാന്‍ എന്ത് ഭാഷയിലാണ് സംസാരിക്കുക? ഈ ഭാഷ അവര്‍ക്ക് പാകമാകുമോ?
അറിയില്ല. എന്നാലും എഴുതിയതിലാകെ സത്യമുണ്ട്. ഒരു മിക്സ്‌ ആയിരിക്കുന്നു ഇപ്പോള്‍ എല്ലാം. ശരിതെറ്റുകളെപ്പറ്റി ഒന്നുമിനി പറയാനില്ല. വിശ്വാസം നഷ്ടപ്പെട്ടവരുടെയും, വിശ്വാസികളുടെയും ഒരേസമയത്തെ പ്രതിനിധിയാണ് ഞാനടക്കമുള്ള ഒരുപാടുപേര്‍.

സ്നേഹത്തിന്റെയും നിരാശയുടെയും തല്‍സമയദൃശ്യങ്ങളില്‍ ഒന്നായിരുന്നു ഞങ്ങളുടെ നിമിഷങ്ങള്‍. ഈ ഞങ്ങളിലേക്ക് കടന്നുവരുമോ നിങ്ങള്‍ അന്യരാണെങ്കില്‍?
കാമത്തിന്റെയും സ്നേഹത്തിന്റെയും ആകുലതകളില്ലാത്ത ഒരു നമ്മളെപ്പറ്റി നിങ്ങള്‍ക്കും കിനാവുകാണാം എന്ന തുടിപ്പുണ്ടെങ്കില്‍?

ഒരുപക്ഷേ... നമുക്കെല്ലാവര്‍ക്കുമുള്ള നോവുകളുടെ മരണം അതുകൊണ്ട് സംഭവിച്ചാലോ?
കഥകളും കേട്ടുകേള്‍വികളും പോകട്ടെ... അനുഭവങ്ങള്‍ ഉണ്ടാക്കാതെ നമുക്ക്‌ ഓരോ നിമിഷത്തെയും ജീവനോടെ കയ്യിലെടുത്തുവയ്ക്കാം. നല്ല പ്രപഞ്ചത്തെപ്പറ്റി, നല്ല ഭാഷയില്‍ നമുക്ക് പറയാം. ഓളങ്ങള്‍ കൂട്ടി ഒരുമിച്ച് ഒരു നൃത്തം ചെയ്യാം. ഒരുമിച്ച് നാടോടികളായി മാറാം.

Subscribe Tharjani |