തര്‍ജ്ജനി

മുഹമ്മദ് റാഫി നടുവണ്ണൂര്‍

നെല്ലട്ടാം വീട്ടില്‍,
നടുവണ്ണൂര്‍,
കോഴിക്കോട്. 673 614.

Visit Home Page ...

സിനിമ

ഫ്രൈഡേ 11 .11 .11 : കോട്ടയം

ഏകദേശം രണ്ടുവര്‍ഷം മുമ്പാണ് തമിഴിൽ 'എങ്കയും  എപ്പോതും ' എന്ന സിനിമ ഇറങ്ങിയത്‌. ശരവണന്‍ ആയിരുന്നു സംവിധായകന്‍. അമീര്‍ സുല്‍ത്താന്‍, ശശികുമാര്‍, വസന്തബാലന്‍ തുടങ്ങിയവര്‍ കൊണ്ടുവന്ന നവസിനിമാപരീക്ഷണങ്ങളുടെ തുടര്‍ച്ചയായിത്തന്നെയാണ് ഇത് തമിഴില്‍ വരുന്നത്. തമിഴ് സിനിമാസൌന്ദര്യബോധത്തിന്റെ അലകും പിടിയും പുതുക്കിപ്പണിതവര്‍ ആയിരുന്നു മേല്‍സുചിപ്പിച്ച പുതുനിരക്കാര്‍. മിഷ്ക് എന്ന സംവിധായകന്‍ ഒരു പടികൂടി മുന്നോട്ടുകടന്നു പ്രഖ്യാപിച്ചു, 'രജനിയല്ല, ഏത് സൂപ്പര്‍ താരമായാലും താന്‍ നടത്തുന്ന പ്രീ-ട്രെയിനിംഗ് ക്യാമ്പില്‍ പങ്കടുക്കുന്നവരെ മാത്രമേ തന്റെ സിനിമയില്‍ കാസ്റ്റ് ചെയ്യു' എന്ന്. പറഞ്ഞുവന്നത് മലയാളസിനിമയില്‍ ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന പ്രമേയപരവും ആഖ്യാനപരവുമായ പരീക്ഷണങ്ങള്‍ തമിഴിന്റെ കൂടി ചുവടുപിടിച്ചുകൊണ്ടാണ് എന്നതാണ്.

'റണ്‍ ലോല റണ്‍' എന്ന സിനിമയുടെ ആന്തരികഘടന ഉള്‍ക്കൊണ്ടാണ് 'എങ്കയും എപ്പോതും'  എന്ന സിനിമ തമിഴില്‍ ഉണ്ടാവുന്നത് എന്ന് പറയണം. പ്രമേയപരമായ ശക്തമായ സാമ്യം ഈ ചിത്രങ്ങല്‍ക്കിടയിലുണ്ട്. എന്നാല്‍ ഈ യുറോപ്യന്‍ ചിത്രവുമായി പ്രത്യക്ഷത്തിലുള്ള സാമ്യം ഈ സിനിമ നിഷേധിക്കുന്നുണ്ട്. പ്രമേയത്തിന്റെ പ്രാദേശികസ്വഭാവം നിലനിര്‍ത്തിയും ഇതിവൃത്തതിലും ആഖ്യാനത്തിലും നൂതനമായ സെന്‍സിബിലിറ്റി കൊണ്ടുവന്നുമാണ് 'എങ്കയും എപ്പോതും' ശ്രദ്ധേയമായത്. റണ്‍ ലോല റണ്‍ എന്ന ചിത്രത്തില്‍നിന്നും പ്രചോദനം ഉള്‍ക്കൊണ്ട്‌ നന്നായി ഹോം വര്‍ക്ക് ചെയ്താണ് എങ്കയും എപ്പോതും ഉണ്ടാക്കിയത്.

കാലപരവും സമയപരവുമായ നീക്കുപോക്കുകളുടെ /ആകസ്മികതയുടെ ആകെത്തുകയാണ് ജീവിതം എന്ന ദാര്‍ശനികതയെ ആഖ്യാനഭംഗി കൊണ്ട് ചലച്ചിത്രഭാഷ്യമാക്കി പരിവര്‍ത്തിപ്പിക്കുകയാണ്  ഈ രണ്ടുചിത്രങ്ങളും രണ്ടുരീതിയില്‍ ചെയ്തത്. ചില കൂടിച്ചേരലുകള്‍, നാംതന്നെ നടത്തുന്ന സമയത്തിന്റെ നീക്കുപോക്കലുകള്‍, ചില യാത്രകള്‍, ഉള്‍വിളികള്‍, പ്രവര്‍ത്തികള്‍ ഒക്കെ നമ്മുടെ ജീവിതത്തെ മാറ്റിമറിച്ചേക്കാം. വലിയ ദുരന്തങ്ങള്‍ നമ്മില്‍ നിന്നും ഒഴിഞ്ഞു പോയേക്കാം, തേടി വന്നേക്കാം. മറ്റൊരര്‍ത്ഥത്തില്‍ ജീവിതം അപ്രതീക്ഷിതമായ ഒന്ന് എപ്പോഴും നമുക്കായി കാത്തുവെച്ചിട്ടുണ്ട്. അത് സൌഹൃദത്തിന്റെയും പ്രണയത്തിന്റെയും മരണത്തിന്റെയും ഒക്കെ രൂപത്തില്‍ നമ്മെ തേടിഎത്തിയേക്കാം. അനിശ്ചിതപ്പെടുത്തുന്നു എന്നുള്ളത് ജീവിതത്തെ നീട്ടിവെക്കുന്ന നിഗൂഢതയാക്കി മാറ്റുന്നു.

എങ്കയും എപ്പോതും എന്ന തമിഴ് ചിത്രത്തിന്റെ ചുവടുപിടിച്ചാണ് 'ഫ്രൈഡേ കോട്ടയം' എന്ന ചിത്രം ആഖ്യാനപരമായും പ്രമേയപരമായും മുന്നേറുന്നത്. എന്നാല്‍ പ്രമേയത്തെ പ്രാദേശികവല്ക്കരിക്കാനും വ്യത്യസ്തമാക്കാനും സംവിധായകന് സാധിച്ചിട്ടുണ്ട്. പുതു തലമുറ ചലച്ചിത്രപരീക്ഷണങ്ങളുടെ തുടര്‍ച്ചയാണ് ഫ്രൈഡേ കോട്ടയം. നായകനില്ല, നായികയില്ല, എടുത്തുപറയാന്‍ ഒരു കഥപോലുമില്ല. രേഖീയമായ ആഖ്യാനമല്ല പിന്തുടരുന്നത്. ഇതിവൃത്തത്തെ മള്‍ട്ടിനരേഷന്റെ സാദ്ധ്യതകള്‍ ഉപയോഗപ്പെടുത്തി പ്ലോട്ട് സ്പോട്ടില്‍ ഒന്നിപ്പിക്കുന്നു. ട്രാഫിക് മുതല്‍ ഇങ്ങോട്ട് കുറെ സിനിമകളില്‍ പരീക്ഷിച്ച ഈ നരേഷന്റെ സാദ്ധ്യത ഉപയോഗിച്ച് അവയുടെ തുടര്‍ച്ചയാവാന്‍ ഈ സിനിമക്ക് സാധിക്കുന്നുണ്ട്. ആ അര്‍ത്ഥത്തില്‍ ഈ ചിത്രം ന്യൂജനറേഷന്‍ ക്ലീഷേ അല്ല. ലിജിന്‍ ജോസ് എന്ന പുതുമുഖസംവിധായകനാണ് ഈ ചിത്രം ഒരുക്കിയത്. ഈ ശ്രമം അഭിനന്ദനമര്‍ഹിക്കുന്നു.

പുതിയ തലമുറയില്‍പ്പെട്ട പ്രേക്ഷകരെ തിയറ്ററിലേക്ക് എത്തിക്കാന്‍ സാധിക്കുന്നു എന്നത് മാത്രമല്ല, അവരുടെ സിനിമ സെന്‍സിബിലിറ്റിയെ പുതുക്കിപ്പണിതും നവീകരിച്ചും തന്നെയാണ് ഇത്തരം ചിത്രങ്ങള്‍ ഭാവുകപ്പെടുന്നത്  എന്നതും കാണേണ്ടതുണ്ട്. ഒരു ദിവസം ആലപ്പുഴ നഗരത്തില്‍ നടക്കുന്ന വ്യത്യസ്തസംഭവങ്ങളെ രസകരമായും കാര്യമാത്രപ്രസക്തമായും ചിത്രീകരിക്കുന്നു കോട്ടയം ഫ്രൈഡേ. കമിതാക്കളായ കോളേജ് വിദ്യാര്‍ത്ഥികള്‍ (മനു, ആന്‍ അഗസ്റ്റിന്‍), ചെറുമകളുടെ വിവാഹത്തിന് സ്വര്‍ണ്ണം വാങ്ങാന്‍ അവരെക്കൂട്ടി വരുന്ന കാരണവര്‍, പ്രസവിച്ചു കിടക്കുന്ന ഭാര്യയെ കാണാന്‍ വരുന്ന ഭര്‍ത്താവ്, കുഞ്ഞിനെ ദത്തെടുക്കാന്‍ വരുന്ന ദമ്പതികള്‍, ഗര്‍ഭിണിയായ ഭിക്ഷക്കാരി, പ്രാരബ്ദക്കാരനും ബ്രാഹ്മണനുമായ ഓട്ടോ ഡ്രൈവര്‍ അങ്ങനെ കുറെപേരുടെ ഒരു ദിവസം ആണ് സിനിമ പറയുന്നത്.... രാവിലത്തെ ബോട്ട് യാത്രയിലൂടെ നഗരത്തില്‍ എത്തുകയും തിരികെ രാത്രി അതില്‍ത്തന്നെ മടങ്ങുകയും ചെയ്യുന്നവര്‍. അതിനിടയിലും ഒടുക്കവും നടക്കുന്ന സംഭവങ്ങള്‍ ഒന്നേ മുക്കാല്‍ മണിക്കൂര്‍ കൊണ്ട് ഇടവേള ഇല്ലാതെ പറഞ്ഞു തീര്‍ക്കുന്നു ഈ ചിത്രം. 'എങ്കയും  എപ്പോതും'  എന്ന ചിത്രത്തില്‍  ബസ്സപകടത്തിന്റെ രൂപത്തിലാണ് ചിത്രത്തിന്റെ കേന്ദ്രപ്രമേയം ആഖ്യാനപ്പെടുന്നതെങ്കില്‍ ഈ ചിത്രത്തില്‍ ബോട്ടപകടമായി അത് ക്ലൈമാക്സില്‍ എത്തുന്നു. ടൈറ്റാനിക് അടക്കമുള്ള ചിത്രങ്ങളിലെ ദൃശ്യങ്ങളുടെ ഓര്‍മ്മപ്പെടുത്തല്‍ ആയി ഇത് മാറുന്നുണ്ട് എന്ന് പറയാതിരിക്കാന്‍ ആവില്ല. പ്രമേയപരമായും ദൃശ്യപരമായും അന്യഭാഷാചിത്രങ്ങളോടുള്ള കടപ്പാടും സാമ്യതയും തന്നെയാണ് ഈ ചിത്രങ്ങളുടെ പരിമിതിയും സാദ്ധ്യതയും എന്ന് പറയേണ്ടിവരും.

Subscribe Tharjani |