തര്‍ജ്ജനി

കെ. വി. സിന്ധു

മലയാളവിഭാഗം,
സി.എ.എസ് കോളേജ്,
മാടായി.
പയങ്ങാടി ആര്‍. എസ്. (പി.ഒ.)

Visit Home Page ...

കവിത

കനവിലൊരു കാളിയുണരുമ്പോള്‍

അവള്‍,
ഉറക്കം ചുവയ്ക്കുന്ന പാതിരാവിലാണ് വരുന്നത്.
കറുപ്പ് മിഴിവാര്‍ന്നൊരു
സ്ത്രീ !
അവളിരിക്കാറില്ല,
മുഴുവനായൊരു കാഴ്ച തരാറില്ല.

ഇപ്പോ നിങ്ങള്‍ പറയും
മുടിയഴിച്ചിട്ടിരിക്കും,
നോട്ടങ്ങളാല്‍ കോര്‍ത്തെടുക്കും..

അങ്ങനല്ലെന്ന്...!
നിറഞ്ഞ്,
വീട്ടിലേക്ക് വരുന്ന സ്ത്രീ..
അവളെക്കണ്ട് വീടിന് പേടിയാവുന്നു
പമ്മി നിലം പറ്റിയ വീടിനു മുകളില്‍
ചരിഞ്ഞുനിന്ന്
അവള്‍ ലോകത്തെ നോക്കുന്നു.
കാഴ്ചയുടെ കനലില്‍
പൊടുന്നനെ ആ നാട്ടില്‍ ആണുങ്ങളില്ലാതാവുന്നു.
ഇല്ലാതായ ആണ്‍രൂപങ്ങളെല്ലാം കൂടെ
കാലു തട്ടി,വീണുടഞ്ഞ്
തിരിഞ്ഞു നോക്കുന്നു.

അവള്‍,
ഉടഞ്ഞവീടുകള്‍ ചേര്‍ന്നൊരു
നാടാകുന്നു.
ചിതറി വീണുകിടക്കുന്ന മണ്ണുടലില്‍
പലരൂപങ്ങളുലയുന്നു
നോക്കി നോക്കി നടന്ന ചിലര്‍,
അവനവനെന്നൊരു രൂപത്തിലേക്ക്
തിരിച്ചു നടക്കുന്നു,
അവരെല്ലാം ചേര്‍ന്ന് വീണ്ടും അവളാകുന്നു..

Subscribe Tharjani |