തര്‍ജ്ജനി

പുസ്തകം

മാക്സ് മുള്ളറും ടി.കെ.സി വടുതലയും മഴയോര്‍മ്മകളും മറ്റും

ഇന്ത്യയുടെ പ്രാചീനവിജ്ഞാനത്തെ പാശ്ചാത്യലോകത്തിനുമുന്നിലെത്തിച്ച പണ്ഡിതരില്‍ മാക്സ് മുള്ളറുടെ സ്ഥാനം അദ്വിതീയമാണ്. ബ്രിട്ടീഷുകാര്‍ കൊളോണിയല്‍ അവജ്ഞയോടെ ഭാരതത്തെ കണ്ടപ്പോള്‍ ജര്‍മ്മന്‍ പണ്ഡിതനായ മുള്ളര്‍ ഇന്ത്യയില്‍ കണ്ടത് ആര്യന്‍ ചരിത്രത്തിന്റെ നഷ്ടപ്പെട്ടുപോയ തുടര്‍ച്ചകളില്‍ ചിലതാണ്. അദ്ദേഹം ഓക്സ്ഫോര്‍ഡ് സര്‍വ്വകലാശാലയില്‍ പ്രവര്‍ത്തിക്കുന്ന കാലത്ത് ഇന്ത്യന്‍ സിവില്‍ സര്‍വ്വീസില്‍ പ്രവേശിക്കാന്‍ ആഗ്രഹിക്കുന്ന ബ്രിട്ടീഷുകാരായ യുവാക്കള്‍ക്ക് വേണ്ടി കേംബ്രിഡ്ജ് സര്‍വ്വകലാശാലയുടെ ക്ഷണം സ്വീകരിച്ച് നടത്തിയ ഏഴ് പ്രഭാഷണങ്ങളാണ് ഇന്ത്യ - അതിന് നമ്മെ എന്ത് പഠിപ്പിക്കാനാവും എന്ന പേരില്‍ സമാഹരിക്കപ്പെട്ടിരിക്കുന്നത്. നാഷണല്‍ ബുക് ട്രസ്റ്റില്‍ എഡിറ്ററായിരുന്ന കെ. കെ. സി. നായരാണ് വിവര്‍ത്തകന്‍. പ്രൊഫ. സുകുമാര്‍ അഴിക്കോടിന്റെ അവതാരിക. ഒരു പക്ഷേ, അഴീക്കോട് എഴുതിയ അവസാന അവതാരികയാലും ഈ പുസ്തകത്തിന്റേത്.

ഇന്ത്യ : അതിന് നമ്മെ എന്ത് പഠിപ്പിക്കാന്‍ കഴിയും?
മാക്സ് മുള്ളര്‍
208 പേജുകള്‍
വില : 150 രൂപ
പ്രസാധനം : സാഹിത്യപ്രവര്‍ത്തകസഹകരണസംഘം, കോട്ടയം.

ചെറുകഥാചര്‍ച്ചകളില്‍ പരിഗണിക്കപ്പെടാതിരുന്നതും നിരൂപകശ്രദ്ധ വേണ്ടത്ര ലഭിക്കാതെപോയതുമായ കഥാകൃത്താണ് ടി. കെ. സി. വടുതല. നവോത്ഥാനകാലത്തിന്റെ പിന്തുടര്‍ച്ചക്കാരനും നേരവകാശിയുമാണ് അദ്ദേഹമെന്ന് ഈ പുസ്തകത്തിന്റെ അവതാരികാകാരനായ സി. ആര്‍. ഓമനക്കുട്ടന്‍. മലയാള ചെറുകഥാചരിത്രത്തില്‍ നിന്ന് വീണ്ടെടുക്കപ്പെട്ട എഴുത്തുകളാണ് ടി. കെ. സി. വടുതലയുടേത്. കീഴാളസമൂഹത്തിന്റെ ജീവിതത്തെ ഇത്രമേല്‍ സത്യസന്ധമായി ചിത്രീകരിച്ച എഴുത്തുകാര്‍ മലയാളത്തില്‍ ഏറെയില്ല. അകന്നുനിന്നുകൊണ്ടുള്ള കാഴ്ചകളല്ല, മറിച്ച് കീഴാളസമൂഹത്തില്‍ നിന്നുകൊണ്ടുള്ള അനുഭവസാക്ഷ്യങ്ങളാണ് അദ്ദേഹത്തിന്റെ എഴുത്തുകള്‍.

ടി. കെ. സി. വടുതലയുടെ സമാഹൃതകൃതികളില്‍ ഉള്‍പ്പെട്ടിട്ടില്ലാത്ത രചനകള്‍ കണ്ടെത്തി സമാഹരിച്ചത് ചന്ദ്രഹാസന്‍ വടുതലയാണ്. പത്ത് ചെറുകഥകളും ഒരു ഗദ്യകവിതയുമാണ് ഈ സമാഹാരത്തിലുള്ളത്.
അപ്രകാശിത ടി കെ സി കഥകള്‍
ടി. കെ. സി. വടുതല
104 പേജുകള്‍
വില : 75 രൂപ
പ്രസാധനം: പ്രണത ബുക്സ്, കൊച്ചി 18.

മഴയെ ഒരു കാല്പനികമായ കോണിലൂടെ കാണുകയാണ് ഈ പുസ്തകത്തില്‍. മലയാളത്തിലെ പ്രമുഖഎഴുത്തുകാര്‍ തങ്ങളുടെ മഴയോര്‍മ്മകള്‍ കുറിക്കുന്നു. ചിലര്‍ മഴക്കവിതകളും.

സച്ചിദാനന്ദന്‍, വിനയചന്ദ്രന്‍, കെ.എല്‍. മോഹനവര്‍മ്മ, സി.വി.ബാലകൃഷ്ണന്‍ തുടങ്ങി സുസ്മേഷ് ചന്ദ്രോത്ത്, ബിന്ദു കൃഷ്ണന്‍, മൈന ഉമൈബാന്‍ എന്നിവര്‍വരെ മഴയോര്‍മ്മകള്‍ എഴുതുന്നു. എസ്. രമേശന്‍, ബിന്ദു കൃഷ്ണന്‍, റോഷ്ണി സ്വപ്ന, റോസി തമ്പി ഉള്‍പ്പെടെ പത്തുപേരുടെ കവിതകള്‍.

എഡിറ്ററുടെ കുറിപ്പും ഡോ.ഒ.കെ. മുരളീകൃഷ്ണന്റെ അവതാരികയും.
മഴപെയ്യുമ്പോള്‍
എഡി: എം. ഗോകുല്‍ദാസ്
127 പേജുകള്‍
വില : 100 രൂപ
പ്രസാധനം : ലിപി പബ്ലിക്കേഷന്‍സ്, കോഴിക്കോട്.

ദലിത് സമൂഹത്തിന്റെ സാമൂഹികവും രാഷ്ട്രീയവും സാംസ്കാരികവുമായ ഇടപെടലുകള്‍ക്ക് നവോത്ഥാനകാലത്തിനപ്പുറം നീളുന്ന ചരിത്രമുണ്ട്. എങ്കിലും അവ ശരിയായ രീതിയില്‍ തിരിച്ചറിയാനോ വിലയിരുത്തുവാനോ സാധിക്കുന്ന ധൈഷണികകാലാവസ്ഥ ഇവിടെ നിലവിലുണ്ടായിരുന്നില്ല. കീഴാളപഠനങ്ങള്‍ പ്രസിദ്ധീകരിക്കപ്പെട്ടതോടെ ഇന്ത്യയിലെങ്ങും വ്യാപകമായ ദലിത് സമൂഹത്തെക്കുറിച്ചുള്ള പുതിയ വിലയിരുത്തലുകളുടെ പശ്ചാത്തലത്തിലാണ് മലയാളത്തിലും ദലിത് എഴുത്തുകള്‍ ഗൌരവമായി വായിക്കപ്പെടുന്നത്. നവോത്ഥാനപൂര്‍വ്വകാലം മുതല്‍ ആധുനികോത്തരതവരെ വ്യാപിച്ചുകിടക്കുന്ന ദലിത് രചനകളുടെ ഒരു പരിച്ഛേദമാണ് കാതല്‍ എന്ന പേരില്‍ സമാഹരിക്കപ്പെട്ടിരിക്കുന്നത്.

ഡോ. ഒ. കെ. സന്തോഷ് എഴുതിയ ദലിത് കവിതയുടെ ചരിത്രവും വര്‍ത്തമാനവും എന്ന പഠനം ആമുഖമായും എഴുത്തുകാരെ പരിചയപ്പെടുത്തുന്ന ചെറുകുറിപ്പുകള്‍ പുസ്തകത്തിന് അനുബന്ധമായും ചേര്‍ത്തിരിക്കുന്നു.

കാതല്‍
എഡി : ഡോ. ഒ. കെ. സന്തോഷ്
176 പേജുകള്‍
വില : 100 രൂപ
പ്രസാധനം : ഡി.സി.ബുക്സ്, കോട്ടയം.

Subscribe Tharjani |