തര്‍ജ്ജനി

മുഖമൊഴി

ഗാന്ധിയെ മറക്കുവാന്‍ എന്തെളുപ്പം


ആദിമൂലത്തിന്റെ പ്രശസ്തമായ ഗാന്ധിചിത്രപരമ്പരയില്‍ നിന്നു്

ദേശീയരാഷ്ട്രിയത്തില്‍ സമീപകാലത്തൊന്നും കണ്ടിട്ടില്ലാത്ത ഗതിവിഗതികളാണ് ഇപ്പോള്‍ പ്രകടമായി കാണുന്നത്. അണ്ണാ ഹസാരെയുടെ പ്രസ്ഥാനം രണ്ടുവഴിയായി പിരിഞ്ഞുപോയിരിക്കുന്നു. സംഘാംഗമായ അരവിന്ദ് ഖെജ്രിവാളിന്റെ നേതൃത്വത്തില്‍ രാഷ്ട്രീയപാര്‍ട്ടി രൂപീകരിക്കപ്പെട്ടിരിക്കുന്നു. ഹസാരെ രാഷ്ട്രീയപാര്‍ട്ടി എന്ന ആശയത്തോട് വിയോജിച്ച് മാറി നില്ക്കുന്നു. ജന്‍ലോക്പാല്‍ ബില്‍ ഇനിയും യാഥാര്‍ത്ഥ്യമായിട്ടില്ല. അഴിമതിയില്‍ മുങ്ങിക്കുളിച്ചുനില്ക്കുന്ന സര്‍ക്കാര്‍ അതിനെ നിലനിറുത്തുവാനുള്ള കഠിനപരിശ്രമത്തിലാണ്. അതിനാല്‍ എത്ര കടുത്ത നടപടിയെടുത്തായാലും സര്‍ക്കാരിനെ നിലനിറുത്താനാണ് ശ്രമം. സര്‍ക്കാരിനെ വെല്ലുവിളിക്കുന്നതായോ ചോദ്യം ചെയ്യുന്നതായോ തോന്നിയാല്‍ അതിനെതിരെ കര്‍ക്കശനിലപാട് കൈക്കൊള്ളുകയെന്നതാണ് ഇപ്പോള്‍ മന്‍മോഹന്‍സിംഗിന്റെ നേതൃത്വത്തിലുള്ള സംഘം ചെയ്യുന്നത്. ഡീസല്‍-പാചകവാതകവിലവര്‍ദ്ധനവിനെതിരെ മമതാ ബാനര്‍ജി കൈക്കൊണ്ട നിലപാടിനെതിരെ കര്‍ക്കശനിലപാട് കൈക്കൊണ്ട്, അവര്‍ പിന്തുണ പിന്‍വലിക്കുന്നെങ്കില്‍ അങ്ങനെയാവട്ടെ എന്ന് യു. പി.എ തീരുമാനിച്ചു. കോണ്‍ഗ്രസ്സിന്റെ ഏകകക്ഷിഭരണം അവസാനിച്ചതിനുശേഷം ഇത്തരം നിലപാട് വളരെ അപൂര്‍വ്വമായേ ഭരണമുന്നണി കൈക്കൊണ്ടിരുന്നുള്ളൂ. ആണവകരാറിന്റെ കാര്യത്തില്‍ ഇടതുപക്ഷം കര്‍ശനനിലപാട് കൈക്കൊണ്ടപ്പോള്‍ അതിനെതിരെ അയവില്ലാത്ത സമീപനം കെക്കൊണ്ടതാണ് കൂട്ടത്തില്‍ ഓര്‍ക്കാവുന്ന ഒരു സന്ദര്‍ഭം. അന്ന് ഭൂരിപക്ഷം നഷ്ടപ്പെട്ട് പുറത്തുപോകേണ്ടിവരും എന്നു കണക്കാക്കിയ സര്‍ക്കാര്‍ എങ്ങനെയാണ് എണ്ണം തികച്ചതെന്ന് അമ്പരപ്പോടെയല്ലാതെ ഓര്‍ക്കാനാവുകയില്ല. ലോക് സഭയില്‍ പണസ്സഞ്ചിയുമായി കടന്നുവന്ന എം.പിമാര്‍ തങ്ങളെ വാങ്ങാന്‍ തന്ന കാശാണിതെന്ന് പറഞ്ഞ് ഉറുപ്പികക്കെട്ടുകള്‍ ഉയര്‍ത്തിക്കാണിച്ച രംഗം ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ചരിത്രത്തിലെ അവിസ്മരണീയമായ കാഴ്ചയാണ്. ജനപ്രതിനിധിസഭകളെ സംബന്ധിക്കുന്ന അഭിമാനാവഹമായ കാഴ്ചകളോ കേള്‍വികളോ അടുത്തകാലത്തെങ്ങും ഉണ്ടായിട്ടില്ല. മറിച്ചാണെങ്കില്‍ ചെറുതും വലുതുമായ കേള്‍വികള്‍ നിത്യേനയെന്നോണം ഉണ്ടായിക്കൊണ്ടിരിക്കുന്നു. അത്തരം കാഴ്ചകളുടേയും കേള്‍വികളുടേയും പാരമ്യത്തിലേക്ക്, ഒരു നാടകത്തിന്റെയോ സിനിമയുടെയോ ക്ലൈമാക്സിലേക്ക് പോകുന്ന പ്രതീതിയാണ് ഇപ്പോള്‍ നടക്കുന്ന സംഭവങ്ങള്‍ നല്കുന്നത്.

ഭരണവും അഴിമതിയും പര്യായപദങ്ങളായി മാറിയിട്ട് ഏറെനാളുകളായി. അഴിമതിക്കെതിരെ കര്‍ശനമായ നിലപാടുകളുമായി ഒരു ഭരണാധികാരിക്കും നിലനില്ക്കുവാനാകില്ലെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ ഭരണകൂടം അഴിമതിക്കാരെ സംരക്ഷിക്കാനും നീതീകരിക്കാനും അഴിമതിക്കെതിരെ സംസാരിക്കുന്നവരെ രാജ്യദ്രോഹികളായി മുദ്രകുത്തുവാനും ശ്രമിക്കുന്നത് കാര്യങ്ങള്‍ മനസ്സിലാക്കാനാവുന്ന ജനങ്ങള്‍ക്കുമുന്നില്‍ സ്വയം പരിഹാസ്യരാവാന്‍ നടത്തുന്ന സഹതാപജനകമായ പ്രവര്‍ത്തനമാണ്. ടു ജി സ്പെക്ട്രം അഴിമതി പുറത്തുവന്നപ്പോഴും കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതി വെളിപ്പെട്ടപ്പോഴും രാജയേയും കല്‍മാഡിയേയും കയ്യൊഴിഞ്ഞ് മുഖം രക്ഷിക്കാന്‍ ശ്രമിച്ച ഭരണമുന്നണി കല്‍ക്കരിപ്പാടം അനുവദിച്ചതിലെ അഴുമതി പുറത്തുവന്നപ്പോള്‍ പല്ലും നഖവും ഉപയോഗിച്ച് അഴിമതി ആരോപണത്തെ നേരിടുകയാണ് ചെയ്തത്. കല്‍ക്കരിപ്പാടം അനുവദിച്ചതിലെ അഴിമതിയിലൂടെ പൊതുഖജനാവുന് ഉണ്ടായ നഷ്ടം 1,067,303 കോടിരൂപയുടെ നഷ്ടമാണെന്ന് കംപ്ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ കണക്കാക്കി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്കിയിട്ടുണ്ട്. ഇതോടൊപ്പം സമര്‍പ്പിക്കപ്പെട്ട മറ്റ് രണ്ട് കണക്കുകളും വന്‍ നഷ്ടങ്ങള്‍ പൊതുഖജനാവിന് ഉണ്ടാക്കുകയും സ്വകാര്യവ്യക്തികള്‍ അവിഹിതമായ ലാഭം ഉണ്ടാക്കിയതായും വെളിപ്പെടുത്തുന്നു.

അഴിമതിയുടെ ദുര്‍ഗ്ഗന്ധം അന്തരീക്ഷത്തില്‍ വ്യാപകമായിരിക്കുമ്പോഴാണ് എണ്ണക്കമ്പനികളുടെ നഷ്ടം കണക്കാക്കി ഇന്ധനത്തിനും പാചകവാചകത്തിനും വിലകൂട്ടാന്‍ സര്‍ക്കാര്‍ നിശ്ചയിച്ചത്. കല്‍ക്കരിപ്പാടം അനുവദിച്ചതിലൂടെ പൊതുഖജനാവിനുണ്ടായ നഷ്ടംപോലെ കാലാകാലങ്ങളില്‍ സ്വകാര്യവ്യക്തികള്‍ക്ക് ലാഭമുണ്ടാക്കാന്‍ പൊതുമുതല്‍ കൊള്ളയടിച്ചതിലൂടെ ഉണ്ടാക്കിയ പരശ്ശതം കോടികളുടെ നഷ്ടങ്ങളെല്ലാം കണക്കുകൂട്ടിയാല്‍ എണ്ണക്കമ്പനികളുടെ നഷ്ടവും സര്‍ക്കാര്‍ നല്കുന്ന സബ്സിഡിയും വെറും നക്കാപ്പിച്ചയാണ്. ആ നഷ്ടം പൊതുമുതല്‍ കൊള്ളയടിക്കുന്നതിനു കൂട്ടുനില്ക്കാതിരിക്കുകയാണെങ്കില്‍ നികത്തിക്കൊടുക്കുവാന്‍ സര്‍ക്കാരിന് യാതൊരു വിഷമവും ഉണ്ടാവില്ല. പക്ഷെ അതല്ലല്ലോ ഭരണം എന്നപേരില്‍ ഇവിടെ നടന്നുകൊണ്ടിരിക്കുന്നത്. ഭരണാധികാരിയായിരിക്കുന്നത് അഴിമതി ചെയ്യുവാനുള്ള ലൈസന്‍സ് നേടുവാനാണ്. സ്വജനപക്ഷപാതവും അവിഹിതസ്വത്തുസമ്പാദനവും പൊതുഖജനാവ് കൊള്ളയടിക്കുകയും നാട്ടിലെ നിയമങ്ങളെ കാറ്റില്‍പ്പറത്തി ജീവിക്കുകയുമാണ് ഭരണാധികാരം കിട്ടിയാലത്തെ നേട്ടം. അതിനെതിരെ ആരെങ്കിലും സംസാരിക്കുകയാണെങ്കില്‍ അവരെ ദേശദ്രോഹികളെന്ന് വിളിക്കാനും അവര്‍ മടിക്കില്ല! പൊതുമുതല്‍ കൊള്ളയടിക്കുന്നത് ദേശസ്നേഹവും അതിനെ എതിര്‍ക്കുന്നത് ദേശദ്രോഹവും! ജനാധിപത്യത്തിന്റെ വളര്‍ച്ച ഏത് ദിശയിലേക്കാണ് എന്നതാണ് ഇത് വെളിവാക്കുന്നത്.

ഒരു കാര്യത്തില്‍ തീരുമാനമെടുക്കുമ്പോള്‍ ഇന്നാട്ടിലെ ദരിദ്രരില്‍ ദരിദ്രനായ ഒരുവനെ മനസ്സില്‍ കാണണമെന്നും അവന് ആ തീരുമാനംകൊണ്ട് എന്തു പ്രയോജനം ലഭിക്കും എന്ന് പരിഗണിക്കണമെന്നും മഹാത്മജി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ജനാധിപത്യത്തിന്റെ ഇന്നത്തെ പുതിയ കാവല്‍ മാലാഖമാര്‍ മറന്നുപോയ ആ നിര്‍ദ്ദേശമാണ് മഹാത്മാവിന്റെ പിറന്നാല്‍ ആഘോഷിക്കുന്ന ഈ മാസം ഞങ്ങള്‍ ഓര്‍മ്മിപ്പിക്കുവാന്‍ ആഗ്രഹിക്കുന്നത്. മഹാത്മാവിനെ ഉറുപ്പികക്കടലാസിലെ ഒരു ചിത്രം മാത്രമാക്കുകയും ആ ഉറുപ്പികക്കെട്ട് പരമോന്നതമായ പാര്‍ലമെന്റില്‍ അംഗങ്ങളെ വിലയ്ക്കുവാങ്ങാന്‍ ഉപയോഗിക്കുകയും അങ്ങനെ ഉപയോഗിക്കപ്പെട്ട ഉറുപ്പിക്കടലാസുകള്‍ ഉയര്‍ത്തിപ്പിടിക്കുമ്പോള്‍ മാത്രം അബോധപൂര്‍വ്വമായി നമ്മുടെ രാഷ്ട്രീയക്കാരാല്‍ ഉയര്‍ത്തപ്പെടുന്ന ബിംബം മാത്രമായി മഹാത്മാവിനെ മാറ്റിയത് ഈ നാട്ടിലെ പാവപ്പെട്ടവരല്ല, അവരുടെ പ്രതിനിധികളായി സ്വയം വേഷംകെട്ടിയ രാഷ്ട്രീയക്കാരാണ്. അവര്‍ക്ക് ഗാന്ധിജിയെ മറക്കുക എന്തെളുപ്പം.

Subscribe Tharjani |