തര്‍ജ്ജനി

കെ.ടി.ബാബുരാജ്‌

Visit Home Page ...

അനുഭവം

ഒരു കഥയും കുറച്ച്‌ അരിമണികളും...

വാര്‍ഷികപ്പതിപ്പുകള്‍ കയ്യില്‍ക്കിട്ടിയാല്‍ ആദ്യം നോക്കുക ടി.പത്മനാഭന്റെ കഥയുണ്ടോ എന്നാണ്‌. പത്മനാഭന്റെ എഴുത്തു് പകര്‍ന്നുതരുന്ന ഒരു പോസിറ്റിവ്‌ എനര്‍ജിയുണ്ടല്ലോ... അത്‌ മനസ്സിനെ എപ്പോഴും ശുദ്ധമാക്കിക്കൊണ്ടിരിക്കും. ഗംഭീരം എന്ന്‌ കൊട്ടിഘോഷിക്കപ്പെടുന്ന പലതിനും തരാന്‍ കഴിയാത്തത്‌... അതാണ്‌ ആദ്യം പത്മനാഭനെ വായിക്കുന്നത്‌. എഴുത്തിന്റെ കാര്യവും അങ്ങനെതന്നെ. ഞാനത്‌ ഈ അടുത്തകാലത്ത്‌ കണ്ടെത്തിയ മരുന്നാണ്‌. ഭാഷയുടെയോ രൂപശില്പത്തിന്റെയോ ആലഭാരങ്ങളൊന്നുമില്ലാതെ എഴുതാനിരിക്കുമ്പോള്‍ എന്റെ കൈയെത്താവുന്ന ദൂരത്തില്‍ ആ പുസ്തകമുണ്ട്‌. 'പത്മനാഭന്റെ കുട്ടികള്‍'. അതിലെ കഥകളെല്ലാം പലവട്ടം വായിച്ചതാണ്‌. എങ്കിലും ഞാനത്‌ ബൈബിള്‍പോലെ രണ്ടായി പകുത്ത്‌ ആദ്യം കാണുന്ന കഥയെടുത്ത്‌ വായിക്കും. 'ഒരു ചെറിയ കഥ', 'പഴയ തൊപ്പികള്‍' അല്ലെങ്കില്‍ 'വീടു നഷ്ടപ്പെട്ട കുട്ടി'. ഒരു മാടത്തയുടെ കുഞ്ഞിനെ വേണോയെന്ന്‌ ഏതോ ഒരു കുട്ടി എന്റെ മനസ്സില്‍ കിടന്ന്‌ നിഷ്കളങ്കമായി ചോദിക്കും.

'പേപ്പര്‍... പഴയ പേപ്പര്‍' എന്നാണ്‌ എന്റെ മുന്നിലിരിക്കുന്ന വാര്‍ഷികപ്പതിപ്പിലെ കഥയുടെ പേര്‌. പലവട്ടം ഞാനാക്കഥയുടെ പേജുകള്‍ മറിച്ചിട്ടുണ്ട്‌. ഒരു തവണയേ പൂര്‍ണ്ണമായും വായിച്ചുള്ളൂ. പിന്നെ വായിച്ചതൊക്കെ ഇടയ്ക്കിടെ ചില പ്രത്യേകഭാഗങ്ങള്‍... ചില വരികള്‍...

ഒരു നല്ല കഥയാണെന്നോ മഹത്തായ കഥയാണെന്നോ എന്നൊന്നും എനിക്കു് അതിനെക്കുറിച്ച്‌ തോന്നിയിട്ടില്ല. ക്രാഫ്റ്റിലെ പരീക്ഷണങ്ങളും അക്രമോത്സുകതയും രതിയും ചീഞ്ഞ മനുഷ്യബന്ധങ്ങളും സൈബര്‍ലോകവുമൊക്കെയാണ്‌ പുതിയ കഥയുടെ ഭാവുകത്വം നിര്‍ണ്ണയിക്കുന്നത്‌ എന്നു വിശ്വസിക്കുന്ന ചിലരെങ്കിലും ഈ കഥയെ പുലഭ്യം പറയുന്നതും കേട്ടിട്ടുണ്ട്‌. എന്നിട്ടും ഞാനാക്കഥ കൈയിലെടുക്കുന്നു. പേജുകള്‍ മറിക്കുന്നു. വാക്കുകള്‍ക്കിടയില്‍ എന്തോ തിരയുന്നു.

അഷ്‌റഫ്‌ ഡോക്ടറെ കണ്ട്‌ കഥാകൃത്ത്‌ അദ്ദേഹത്തിന്റെ സാരഥിയായ രാമചന്ദ്രന്റെ ഓട്ടോറിക്ഷയില്‍ മടങ്ങുന്നു. തിരക്കേറിയ റോഡില്‍ പെട്ടെന്നൊരു കാഴ്ച കണ്ട്‌ കഥാകൃത്ത്‌ രാമചന്ദ്രനോട്‌ വണ്ടി നിര്‍ത്താന്‍ ആവശ്യപ്പെടുന്നു. റോഡില്‍ പഴയ പേപ്പര്‍ ശേഖരിച്ച്‌ സൈക്കിളില്‍ കൊണ്ടുപോയി വില്ക്കുന്ന ഒരാള്‍... അയാളുടെ സൈക്കിള്‍ മറിഞ്ഞുവീണ്‌ കാരിയറില്‍ നിന്നും പത്രക്കെട്ടുപ്പൊട്ടി റോഡിലാകെ ചിതറിവീണ്‌..

കഥാകൃത്തിന്‌ ആ മനുഷ്യനെ പരിചയമുണ്ട്‌. അദ്ദേഹം രാമചന്ദ്രനോട്‌ പറയുന്നു. ചെന്ന്‌ ആ മനുഷ്യന്റെ സൈക്കിള്‍ പൊക്കിക്കൊടുക്ക്‌. രാമചന്ദ്രന്‍ ഒരഭ്യാസിയെപ്പോലെ വളരെ പെട്ടെന്ന്‌ ആ വയസ്സനെ സഹായിച്ചു തിരിച്ചുവന്നു. അവര്‍ യാത്ര തുടര്‍ന്നു.

ഇതില്‍ വലിയ കഥയുണ്ടോ എന്നൊന്നും എനിക്കറിയില്ല. പക്ഷെ ഇതു വായിക്കുമ്പോഴൊക്കെ സമാനമായൊരനുഭവം എന്റെ മനസ്സില്‍ തെളിഞ്ഞു കൊണ്ടേയിരുന്നു. രണ്ടുമൂന്നു കൊല്ലം മുമ്പാണ്‌. എന്റെ വീട്ടുപണി നടക്കുന്ന കാലം. താമസിക്കുന്നിടത്തുനിന്നും മൂന്നുനാലു കിലോമീറ്റര്‍ അപ്പുറത്താണ്‌ പുതിയ വീടെടുക്കുന്നത്‌. നേരാംവണ്ണം ഡ്രൈവിങ്ങൊന്നും പഠിച്ചിട്ടില്ലെങ്കിലും ഞാനൊരു ഗിയറില്ലാത്ത സ്കൂട്ടര്‍ വാങ്ങിയിരുന്നു. പണിസ്ഥലത്ത്‌ പോവാനും പണിക്കാര്‍ക്കുള്ള ഭക്ഷണമെത്തിക്കാനും.. ശനിയാഴ്ചയാണ്‌. പണിക്കാര്‍ക്ക്‌ കൂലി കൊടുക്കണം. ഞാനല്പം ധൃതിയിലായിരുന്നു. മുന്നില്‍ ഒരു ബെന്‍സുകാറാണ്‌. അതും നല്ല വേഗത്തില്‍തന്നെ. ശിവക്ഷേത്രം കഴിഞ്ഞുള്ള തിരിവില്‍വെച്ച്‌ പെട്ടെന്ന്‌ സഡന്‍ ബ്രേയ്ക്കിട്ടു കാര്‍ നിന്നു. എന്റെ സ്കൂട്ടര്‍ ചെന്ന്‌ കാറിനിടിക്കേണ്ടതായിരുന്നു. ഒരുവിധം ഇടത്തോട്ട്‌ വെട്ടിച്ചതുകൊണ്ടു മാത്രം രക്ഷപ്പെട്ടു. ഞാന്‍ ദേഷ്യത്തോടെ എന്തോ ആക്രോശിച്ചിരിക്കണം. നിര്‍ത്തിയ കാറിന്റെ ഡോര്‍ തുറന്ന്‌ വെളുത്ത പാന്റ്സും വെളുത്ത ഷര്‍ട്ടുമിട്ട തടിച്ചൊരു മനുഷ്യന്‍ പുറത്തിറങ്ങി. അയാളുടെ പോക്കറ്റില്‍ കറുത്തൊരു കണ്ണട തൂങ്ങിക്കിടക്കുന്നുണ്ടായിരുന്നു. കയ്യില്‍ ഒരു സ്വര്‍ണ്ണച്ചങ്ങലയും. അയാളെന്നെ ശ്രദ്ധിച്ചതേയില്ല. ധൃതിയില്‍ കാറിന്റെ മുന്നിലേക്ക്‌ നടക്കുകയാണ്‌.

അപ്പോഴാണ്‌ കണ്ടത്‌ റോഡിനു നടുവില്‍ ഒരു കൊച്ചു പെണ്‍കുട്ടി. അവളുടെ കൈയിലെ പ്ലാസ്റ്റിക്‌ സഞ്ചി പൊട്ടി അരിയൊക്കെ റോഡില്‍ ചിതറിക്കിടക്കുന്നു. വല്ലാത്തൊരു വേവലാതിയോടെ പൊട്ടിയ ആ സഞ്ചിയിലേക്ക്‌ അവള്‍ അരിവാരിയിടുകയാണ്‌. വാഹനങ്ങള്‍ പാഞ്ഞുവരുന്നതും ബ്രേയ്ക്കിടുന്നതും ഒന്നും അവള്‍ ശ്രദ്ധിക്കുന്നതേയില്ല. ചുമലിലേക്കിഴഞ്ഞു വീണ തട്ടം തലയിലേക്കു വലിച്ചിടാന്‍ ഇടക്കിടെ അവള്‍ ശ്രമിച്ചുകൊണ്ടിരുന്നു.

വണ്ടി തട്ടിയതൊന്നുമായിരുന്നില്ല. റോഡിനപ്പുറത്തെ റേഷന്‍കടയില്‍ നിന്നും അരിയും വാങ്ങി റോഡു മുറിച്ചു കടക്കുന്നതിനിടയില്‍ കാല്‍മുട്ടില്‍ തടഞ്ഞ്‌ കാതുപൊട്ടി സഞ്ചി നിലത്തുവീണതാണ്‌.

കാറില്‍ നിന്നിറങ്ങിയ മനുഷ്യന്‍ അവളുടെ അരികില്‍ ചെന്ന്‌ മുട്ടുകുത്തിയിരുന്ന്‌ കല്ലും മണ്ണും കലര്‍ന്ന അരി രണ്ടു കൈകൊണ്ടും വാരി പ്ലാസ്റ്റിക്‌ സഞ്ചിയില്‍... പക്ഷെ അത്‌ വെറുതെയായിരുന്നു. ആ പ്ലാസ്റ്റിക്‌ സഞ്ചി മുഴുവനായും കീറിപ്പോയിരുന്നു. ഇരുവശത്തുനിന്നും വാഹനങ്ങളുടെ നിര്‍ത്താതെയുള്ള ഹോണടികള്‍. റോഡു ബ്ലോക്കായതിന്റെ അമര്‍ഷം തീര്‍ക്കുകയാണ്‌ ഡ്രൈവര്‍മാര്‍.

ഒരു നിമിഷം അയാള്‍ എഴുന്നേറ്റു നിന്നു. പിന്നെ രണ്ടു കൈകളുമുയര്‍ത്തി ഇത്തിരി ഉറക്കെ പറഞ്ഞു. കുറച്ചു സമയം നില്ക്ക്‌... ഇതൊന്ന്‌...

പെട്ടെന്നൊരു ഓട്ടോ ഡ്രൈവര്‍ ഒരു സഞ്ചിയുമായി ഓടിവന്നു. മറ്റു വാഹനങ്ങളില്‍ നിന്നും ആരൊക്കെയോ ഒന്നുരണ്ടുപേര്‍. ഒരു കണ്ടക്ടര്‍. മറ്റൊരു ബസ്സിലെ ക്ലീനര്‍. മുരണ്ടുകൊണ്ടിരിക്കുന്ന വാഹനങ്ങളുടെ ശബ്ദങ്ങള്‍ ഒന്നൊന്നായി നിന്നു. എല്ലാവരും കാത്തുനിന്നു. കിട്ടാവുന്നിടത്തോളം അരിവാരി സഞ്ചിയിലിട്ടു അവര്‍ അവള്‍ക്കു കൊടുത്തു. പിന്നെ ആ പെണ്‍കുട്ടിയെ ചേര്‍ത്തുപിടിച്ച്‌ റോഡിന്റെ അരികില്‍ കൊണ്ടുപോയി നിര്‍ത്തി. പെണ്‍കുട്ടിയുടെ കണ്ണില്‍ നിന്നും പേടി മാറിയിരുന്നില്ല. അവള്‍ ഇടയ്ക്കിടെ സഞ്ചിയിലേക്ക്‌ നോക്കി. ദയനീയമായി ചുറ്റും നിന്നവരെ നോക്കി. അവളുടെ ഭാവത്തില്‍ നിന്നും മനസ്സിലാക്കാം, വീട്ടിലെത്തിയാല്‍ ഉമ്മയില്‍ നിന്ന്‌ അതോ ബാപ്പയോ... ശിക്ഷ ഉറപ്പാണ്‌.

ഊര്‍ന്നുവീണ തട്ടം ഒന്നുകൂടി വലിച്ച്‌ തലയിലിട്ടു അവള്‍ പോവാനൊരുങ്ങി. കാറില്‍ നിന്നിറങ്ങിയ ആള്‍ പെട്ടെന്ന്‌ പേഴ്സ്‌ തുറന്ന്‌ ഒരു നൂറുരൂപ നോട്ടെടുത്ത്‌ പെണ്‍കുട്ടിക്കുനേരെ നീട്ടി. മോള്‌ വേറെ അരിവാങ്ങിച്ചോ.. അവളാവട്ടെ വേണ്ടെന്ന്‌ തലയാട്ടി അരിസഞ്ചി തലയില്‍വെച്ച്‌ വേഗത്തില്‍ നടന്നു പോയി. വാഹനങ്ങള്‍ ഓരോന്നായി പതുക്കെ പിരിഞ്ഞുപോയി. ടയറുകള്‍ ചിതറിപ്പോയ അരിമണികള്‍മേല്‍ കയറാതെ സൂക്ഷിച്ച്‌ സൂക്ഷിച്ച്‌... അയാള്‍ കുറച്ചുനേരം കൂടി ആ നൂറുരൂപ നോട്ടും പിടിച്ചങ്ങനെ നിന്നു. പിന്നെ എന്തോ ആലോചിച്ചുകൊണ്ട്‌ കാറില്‍ കയറി.
ആക്സിഡന്റില്‍പ്പെട്ട്‌ ചോരയില്‍ കുതിര്‍ന്നു പിടയുന്നവന്റെ ഇടയിലുള്ള ഇത്തിരി സ്ഥലത്തൂടെ പൊല്ലാപ്പിനൊന്നും വയ്യ എന്ന വിചാരത്തോടെ വാഹനമോടിച്ചു പോകാന്‍ ധൃതികാട്ടുന്നവരെ ഞാന്‍ കണ്ടിട്ടുണ്ട്‌. സഹജീവിയാണെന്ന വിചാരംപോലുമില്ലാതെ ഒരു ദയയും കാണിക്കാതെ... ഈ ലോകത്തോട്‌ അമര്‍ഷവും ആത്മനിന്ദയും തോന്നിപ്പോയിട്ടുണ്ട്‌ പലപ്പോഴും. എന്നാല്‍ ഇവിടെ ഒരു നിമിഷം എല്ലാ വാഹനങ്ങളുടെയും ശബ്ദം നിലയ്ക്കുകയും എല്ലാ മനസ്സുകളും ഒരുപോലെ ചിതറിക്കിടക്കുന്ന അരിമണിയിലും പെണ്‍കുട്ടിയിലും ദയചൊരിയുകയും ചെയ്യുന്നതു കണ്ടപ്പോള്‍ മനുഷ്യകുലത്തോട്‌ എന്തെന്നില്ലാത്ത സ്നേഹം തോന്നിപ്പോയി. ഉള്ളിലുളള നന്മ ചാരംമൂടിയ കനലുപോലെ കിടക്കുകയാണ്‌. ഓരോരുത്തരിലും അത്‌ ഊതിപ്പൊലിപ്പിക്കാനുള്ള ഇത്തിരിവായു വേണം, സന്ദര്‍ഭങ്ങളും പ്രേരണയും വേണം. അത്‌ സൃഷ്ടിക്കുകയാണ്‌ നല്ല എഴുത്തുകാര്‍ എപ്പോഴും ചെയ്യുന്നത്‌.

അഷ്‌റഫ്‌ ഡോക്ടറെക്കുറിച്ച്‌ പറഞ്ഞുകൊണ്ടാണ്‌ പത്മനാഭന്റെ കഥ തുടങ്ങുന്നത്‌. പ്രശസ്തനായ ഡോക്ടര്‍. കേട്ടിട്ടുണ്ട്‌. പക്ഷെ ഇതുവരെ നേരില്‍ കാണാനോ ഡോക്ടറുടെ സ്നേഹവാത്സല്യമോ കാരുണ്യമോ അനുഭവിച്ചറിയാനോ ഇടവന്നിട്ടില്ല. എന്നാല്‍ അറിയുന്ന; മനുഷ്യത്വത്തിന്റെ ആള്‍രൂപമായി ഒരുപാടുപേര്‍ കരുതി ദൈവമെന്നപോലെ മനസ്സില്‍ ആരാധിക്കുന്ന ഒരു ഡോക്ടറെ കൂടി പറഞ്ഞു വെക്കട്ടെ. ഡോ. രൈരു ഗോപാലന്‍. ഈ ഡോക്ടറെ കുറിച്ചാണ്‌ പത്തു പതിനഞ്ചു വര്‍ഷം മുമ്പ്‌ ഞാനൊരു കഥയെഴുതിയത്‌. 'മാന്ത്രികസ്പര്‍ശം'. രണ്ടു രൂപ പ്രതിഫലം വാങ്ങി നിര്‍ദ്ദനരായ രോഗികളെ ഒരായുഷ്ക്കാലം മുഴുവന്‍ ചികിത്സിച്ച ഡോക്ടര്‍. പുലര്‍ച്ചെ നാലുമണിയാകുമ്പോഴേക്കും ഡോക്ടറുടെ വീടും പറമ്പുമൊക്കെ രോഗികളെക്കൊണ്ട്‌ നിറയുമായിരുന്നത്രേ. ഒരു ലാഭവും കൊതിക്കാതെ പ്രശസ്തിക്കൊന്നും നിന്നുകൊടുക്കാതെ ഒരു നിയോഗംപോലെ ഇന്നും തുടരുന്നു ആ ജീവിതം. അദ്ദേഹത്തിന്റെ സഹോദരന്‍ ഡോ. വേണുഗോപാലനെക്കുറിച്ചും പറയാതിരിക്കാനാവില്ല. ഒരുപക്ഷെ ഇന്ത്യയിലെതന്നെ ഏറ്റവും മികച്ച സര്‍ജന്‍മാരിലൊരാള്‍. മഹാശുണ്ഠിക്കാരനാണ്‌. പെട്ടെന്ന്‌ ദേഷ്യംപിടിക്കും. രോഗികളെയോ രോഗികള്‍ക്കൊപ്പം പോയവരെയോ ഒക്കെ വല്ലാതെ വഴക്കുപറയും. ആദ്യമായി ഡോക്ടറെ കാണുന്നവര്‍ ചിലപ്പോള്‍ ഡോക്ടറോട്‌ തട്ടിക്കയറിയെന്നു വരും. ഇതെന്തു മനുഷ്യനെന്നു അത്ഭുതം കൂറിയെന്നു വരും. പക്ഷെ, അമിതമായ ചെക്കപ്പുണ്ടാവില്ല. മരുന്നു തീറ്റിക്കലില്ല. അധികദിവസം കിടത്തി കാശു പിടുങ്ങലില്ല.

ഡോക്ടര്‍ ശരീരത്തില്‍ കത്തിവെച്ചാല്‍ മുറിപ്പാടുപോലും കാണില്ല എന്ന്‌ എത്രയോപേര്‍ ഉള്ളുതുറന്ന്‌ പറയുന്നത്‌ കേട്ടിട്ടുണ്ട്‌. മെഡിക്കല്‍ രംഗം കൂടുതല്‍ ആതുരമാവുകയും പണം വാരാനുള്ള വന്‍വ്യവസായമാവുകയും ചെയ്യുന്ന ഇതുപോലൊരു കാലത്ത്‌ നന്മയുടെ പ്രകാശഗോപുരങ്ങള്‍ ഇപ്പോഴും പ്രഭ പരത്തി ഒറ്റപ്പെട്ടു നില്ക്കുന്നു.

ടി. പത്മനാഭന്റെ കഥയെ കുറച്ചാണ്‌ പറഞ്ഞു തുടങ്ങിയത്‌. ഈ കഥാകൃത്തും ഒരു ഡോക്ടറാണ്‌. എഴുത്തിന്റെ മാന്ത്രികസ്പര്‍ശംകൊണ്ട്‌ രോഗതുരമായ മനസ്സുകളെ വിമലീകരിക്കുന്ന വലിയ ഡോക്ടര്‍.

Subscribe Tharjani |
Submitted by ചന്ദ്രശേഖരന്‍.പി (not verified) on Tue, 2012-10-09 13:07.

“………ക്രാഫ്റ്റിലെ പരീക്ഷണങ്ങളും അക്രമോത്സുകതയും രതിയും ചീഞ്ഞ മനുഷ്യബന്ധങ്ങളും സൈബര്‍ലോകവുമൊക്കെയാണ്‌ പുതിയ കഥയുടെ ഭാവുകത്വം നിര്‍ണ്ണയിക്കുന്നത്‌ എന്നു വിശ്വസിക്കുന്ന ചിലരെങ്കിലും ഈ കഥയെ പുലഭ്യം പറയുന്നതും കേട്ടിട്ടുണ്ട്‌. എന്നിട്ടും ഞാനാക്കഥ കൈയിലെടുക്കുന്നു. പേജുകള്‍ മറിക്കുന്നു. വാക്കുകള്‍ക്കി ടയില്‍ എന്തോ തിരയുന്നു..”

“…..എന്നാല്‍ ഇവിടെ ഒരു നിമിഷം എല്ലാ വാഹനങ്ങളുടെയും ശബ്ദം നിലയ്ക്കുകയും എല്ലാ മനസ്സുകളും ഒരുപോലെ ചിതറിക്കിടക്കുന്ന അരിമണിയിലും പെണ്‍കുട്ടിയിലും ദയചൊരിയുകയും ചെയ്യുന്നതു കണ്ടപ്പോള്‍ മനുഷ്യകുലത്തോട്‌ എന്തെന്നില്ലാത്ത സ്നേഹം തോന്നിപ്പോയി. ഉള്ളിലുളള നന്മ ചാരംമൂടിയ കനലുപോലെ കിടക്കുകയാണ്‌. ഓരോരുത്തരിലും അത്‌ ഊതിപ്പൊലിപ്പിക്കാനുള്ള ഇത്തിരിവായു വേണം, സന്ദര്‍ഭങ്ങളും പ്രേരണയും വേണം. അത്‌ സൃഷ്ടിക്കുകയാണ്‌ നല്ല എഴുത്തുകാര്‍ എപ്പോഴും ചെയ്യുന്നത്‌…”

വളരെ ശരി.