തര്‍ജ്ജനി

ഉണ്ണിക്കൃഷ്ണന്‍ പൂഴിക്കാട്

കുടശ്ശനാട്‌ പി.ഒ., പന്തളം (വഴി) - 689 512
ഫോണ്‍: 04734-250099

Visit Home Page ...

കവിത

അശ്വത്ഥാമാവ് വയലിന്‍ വായിക്കുന്നു

ഇരുണ്ട ഗംഗാതട,മിരവിന്റെ
കല്പടവിലിരുന്നേതൊരാള്‍
മീട്ടുന്നു വയലിനില്‍
മദഗാന്ധാരരാഗങ്ങള്‍.

അറിയുമോയെന്ന് വയലിന്‍ തേങ്ങുമ്പോള്‍
താരകമൊന്നു വാനില്‍ ഉദിക്കുന്നു

അറിയുന്നു നിന്നെ, ഞാനിരവിന്റെ
കാമുകാ, വ്രണപ്പാടു മായാത്തൊരാ
നെടിയ മൂര്‍ദ്ധാവും പക പകര്‍ന്നാടും
കൊടിയ നേത്രങ്ങളും അറിയുന്നു
നിന്നെ ഞാന്‍ ദ്രൌണി, നീയറിയാതെ
നിറയുന്നുവെന്നില്‍
പ്രതിസംഹരിക്കുവാനെളുതല്ല
നിന്‍ ജന്മം, വിധി പോല്‍, വിലാപമായ്
വിറകൊള്ളുമസ്ത്രമായ്

വയലിന്റെ സിരകളില്‍ കുതിരക്കുളമ്പടി
തീ പിടിക്കുന്ന നിശാസ്മരണകള്‍

ക്ഷീരം കൊതിപ്പിച്ച ബാല്യങ്ങളോര്‍മ്മയുടെ
ആയുധപ്പുരയിലെന്തോ തിരയവേ,യൊടിയുന്നു
ദൌഷ്ട്യത്തിന്റെ കൊടുവില്ലൊന്ന്.
ദ്രൌണിതന്‍ സ്മൃതിയില്‍ ചിതറുന്നു
ദുരന്തചിത്രാവലി
അറിവായ,ലിവായരികില്‍ താതസ്വനം
അടരുകള്‍ക്കിടയില്‍ പാതിമറച്ച പൊളിവാക്ക്

പിടയുന്നു വയലിനിലൊരു നിലവിളി
മകനേ,യെന്നാരു കരഞ്ഞു വിളിക്കുന്നു.

വന്നു നീയിന്നു പടനിലങ്ങള്‍
വിട്ടു,രുധിരനദിയൊഴുകുന്ന ദേശങ്ങള്‍
വിട്ടാ,ര്‍ത്തനാദത്തിന്‍ വന്‍‌കരകള്‍ താണ്ടി
കണ്ടുകണ്‍‌നിറയുന്ന പാപദൃശ്യങ്ങളാ-
ലുടമ്പിലാകെ പനിക്കുമോര്‍മ്മയായ്
ശാപങ്ങള്‍ പൊള്ളിച്ച നിന്റെ മൂര്‍‌ദ്ധാവില്‍
പാമ്പായി കൊത്തുന്നു കാഴ്ചയുടെ ജരത്കാലം

വയലിന്‍ പാടുമ്പോള്‍ ഭഗീരഥി ശാന്തം
താരകാകീര്‍ണ്ണം രാവും നിശബ്ദം

രാതി കൂമന്മാരുറങ്ങാതിരിക്കുന്നു
ഓര്‍മ്മയുടെ കാകരെ കൊത്തിയുണര്‍ത്തുന്നു
ചുറ്റും ശവഗന്ധം പരക്കുന്നു
പെരുവിരല്‍ കൊണ്ടമര്‍ത്തി മാറ്റുന്നു പ്രാണന്‍

തൊടുക്കുന്നു വയലിനിലൊരു രാഗാസ്ത്രം
പ്രൌഥിതന്‍ വക്ഷസും അതുകൊണ്ടു മുറിയുന്നു.

ഓര്‍ക്കുന്നു നിന്നെ, തൃശ്ശൂലങ്ങളില്‍
കോര്‍ത്ത പ്രാണനുകള്‍ വന്നു
കരളില്‍ മുട്ടുമ്പൊഴും
അഹിതപിതാക്കള്‍ നിലവിളിക്കുമ്പൊഴും
ചെന്തീയിലമ്മമാരുരുകി വീഴുമ്പൊഴും
കബന്ധങ്ങളുന്മത്തസംഘ
താണ്ഡവത്തിലെരിഞ്ഞമരുമ്പൊഴും
വെന്തഭ്രൂണങ്ങളിലേയ്ക്കന്ത്യാംബുവായ്
രുധിരമഴ രൌദ്രവേഗമായാഞ്ഞു പെയ്യുമ്പൊഴും
പട്ടിണിക്കഴുകന്‍ അഴല്‍ കൊക്കമര്‍ത്തി
പട്ടടയ്ക്കുള്ളിലും അന്നം തിരയവേ
ഓര്‍ക്കുന്നു നിന്നെ, അശ്രുവാല്‍ കഴുകട്ടെ ആ മുഖം
അത്രമേല്‍ വിശുദ്ധനാണിന്നു നീ.

പൊട്ടുന്നു വയലിനിലൊരു നിലവിളി
പോകുന്നുവെന്നാരോ കരഞ്ഞു പറയുന്നു

ഉടഞ്ഞ കിനാവില്‍ നിന്നൊരു ചിരഞ്ജീവി
മുറിഞ്ഞ കാലുമായി തിരോഭവിക്കുന്നു.

ഗംഗയിലൊരു രാവുകൂടി അസ്തമിക്കുന്നു
പാപത്തിന്‍ പെരുമ്പറ കിഴക്കടിക്കുന്നു.

Subscribe Tharjani |