തര്‍ജ്ജനി

ചന്ദ്രബാബു പനങ്ങാട്

Visit Home Page ...

കഥ

മറവി

രാം ലഖന്‍ നഗറില്‍ നിന്നും പതിനേഴു നാഴിക തെക്ക് വന്യവും വിജനവുമായ ഒരുള്‍പ്രദേശത്താണ് സാകേത് ഹൌസിംഗ് കോമ്പ്ലക്സ്. മാനത്തു നിന്നു നോക്കിയാല്‍ ഒരു വലിയ സൂര്യകാന്തിപ്പൂ വിടര്‍ന്നു നില്‍ക്കുന്നതുപോലെയും ഭൂമിയില്‍ നിന്നു നോക്കിയാല്‍ കറങ്ങുന്ന ഒരു കളിപ്പ്മ്പരം പോലെയും അതു കാണായി. ആ കളിപ്പമ്പരത്തിന്റെ താഴത്തെ നിലയിലെ എട്ടു ദിക്കിലേക്കുമായി നോട്ടമെറിഞ്ഞു നില്‍ക്കുന്ന എട്ടു ഫ്ലാറ്റുകളിലൊന്നുകൂടി വിറ്റു പോയിരിക്കുന്നു.

നഗരത്തിലെ ചെളിക്കുണ്ടില്‍ നിന്നും, ദുഷിച്ച വായുവില്‍ നിന്നും വിടുതല്‍ വാങ്ങിപ്പോന്നതിന്റെ ഉണര്‍വ്വ് പുതിയ താമസക്കാരിയെയും മക്കളെയും ആവേശം കൊള്ളിച്ചു. പുതുവീടിന്റെ ഉള്ളറയില്‍ ഒരു മൃഗത്തെപ്പോലെ ശബ്ദം പുറപ്പെടുവിച്ചുകൊണ്ട് പകലുറക്കം തുടങ്ങിയ ഭര്‍ത്താവിനെയോ ഉച്ചച്ചൂടിനെ അവഗ്ഗണിച്ച് സ്വിമ്മിങ് പൂളിലേക്ക് ചാടി വീണ മക്കളെയോ ശ്രദ്ധിക്കാതെ അവര്‍ ആ വീടിന്റെ മുക്കും മൂലയും തൊട്ടും തലോടിയും നടന്നു.

- ഈ ആര്‍ക്കിടെക്ചര്‍ സമ്മതിക്കുന്നു.
അവള്‍ ഭംഗിയായി അടുക്കിവെച്ച പാത്രങ്ങള്‍ തട്ടി വീഴുകയും അടുക്കളച്ചുമരിലെ ഒഴിഞ്ഞ കോണിലുള്ള ഒരു ചെറുദ്വാരത്തിലൂടെ ഒരു കൈ അവളെ മാടി വിളിക്കുകയും ചെയ്തു.
“...മേശരീ എനിക്കു വിശക്കുന്നു...”
അതുകേട്ട് അവള്‍ ഉന്മാദിനിയെപ്പോലെ ആര്‍ത്തു വിളിച്ചു.
“ഭൂതം... ഭൂതം... ഈ ഭിത്തിക്കുള്ളില്‍ ഭൂതമുണ്ടേ...”
ഞെട്ടിയുണര്‍ന്ന അവളുടെ ഭര്‍ത്താവ് സിദ്ധന്‍ ജപിച്ചു നള്‍കിയ അത്ഭുതയന്ത്രവുമായി അടുക്കളയിലേക്ക് ഓടിച്ചെന്നു. അതിന്റെ ദിവ്യത്വം ഭാര്യയുടെ നെറ്റിയ്ക്കുനേരെ ചൂണ്ടിക്കൊണ്ട് അയാള്‍ ശാസനാസ്വരത്തില്‍ ആവശ്യപ്പെട്ടു.
“ദുഷ്ടശക്തികളേ, പിണിയാളുകളേ, വിട്ടൊഴിയൂ...”
ഇടങ്കൈ കൊണ്ട് യന്ത്രം തട്ടിമാറ്റി അവള്‍ വീണ്ടും ഉന്മാദിനിയായി.
“ഈ അടുക്കള ഭിത്തിയില്‍ മനുഷ്യരുണ്ട്. അല്ലെങ്കില്‍ തുറന്ന് നോക്ക്...”
അയാള്‍ ഭിത്തിയില്‍ തലവെച്ച് സ്വയം മറന്നതുപോലെ നിന്നു.
“അതെ മനസ്സിലാക്കാനാവാത്ത ഭാഷയില്‍ സംഗീതം കേള്‍ക്കുന്നുണ്ടോ എന്നു സംശയം. സിംഹമോ മറ്റോ അലറുന്നുണ്ടോ? സമയക്ലിപ്തത നഷ്ടപ്പെട്ട ഒരു ഘടികാരത്തിന്റെ സ്പന്ദനവും കേള്‍ക്കാം”

അയാള്‍ തലയറഞ്ഞ് ചിരിച്ചു പോയി. പക്ഷെ അയാളുടെ കളിയാക്കലുകളെ അതിജീവിച്ച് അവളുടെ സംഭ്രമം ആ ഫ്ലാറ്റിന്റെ വെളിയിലേക്ക് പറന്നു പോയി. ചായം തേച്ച് ലാവണ്യവതിയാഇ ആകാശത്തെ തൊട്ടു നില്‍ക്കുന്ന ആ ബഹുനില മന്ദിരത്തിലെ വിറ്റുപോയ എണ്‍പത്തിനാലു ഫ്ലാറ്റുകളിലെ മനുഷ്യരും ആ അടുക്കളയിലേക്ക് ചെന്നു. അവരോരുത്തരും അപ്പോള്‍ മരിച്ചു പോയ അവരുടെ അടുത്ത ബന്ധുവിന്റെ മുഖത്തെന്നപോലെ ആ ഭിത്തിയില്‍ ചെവിയും കവിളും ചേര്‍ത്തു വച്ചു വിസ്മയചിന്തകള്‍ വളച്ച പുരികങ്ങളോടെ കയറിയിറങ്ങിപ്പോയി.

ആ ഹൌസിംഗ് കോമ്പ്ലക്സിന്റെ ഉടമയും ആ കാനനമണ്ഡലത്തിന്റെ പാര്‍ലമെന്റംഗവുമായ മാന്യനെത്തി യുദ്ധരംഗത്തെ സവ്യസാചിയായി ചിരിയമ്പുകള്‍ നാലുപാടുമെയ്ത് തൊഴുതു നിന്നു. എന്നിട്ട് തന്റെ പുറകെ മണത്തു നടക്കുന്ന സേനാതലവന്റെ കറുത്ത കോട്ടിലെ മെഡലില്‍ നോക്കി ഉത്തരവിട്ടു.
“ആള്‍ക്കൂട്ടം ഒഴിഞ്ഞു പോകാന്‍ പറ. വേണമെങ്കില്‍ വെടി വെച്ചോ...”

ഹിന്ദിയിലും നാട്ടുഭാഷയിലുമുള്ള കല്പനകള്‍ ചീറിപ്പാഞ്ഞു. ദൈവഭയക്കാര്‍ ഫ്ലാറ്റുകളിലേക്കോടിക്കയറി തണുത്ത മാര്‍ബിളിന്റെ ഇരുണ്ട തറകളില്‍ മുഖം ചേര്‍ത്തു വെച്ച് എലിക്കുഞ്ഞുങ്ങളെപ്പോലെ ശ്വസിച്ചു കിടന്നു. മെഷീന്‍ ഗണ്ണുകള്‍ ഒന്നും ചെയ്യില്ലെന്ന് വിശ്വസിച്ച നാസ്തികരായ കാണികള്‍ അടുക്കളച്ചുമരിലെ അത്ഭുതം സാകൂതം നോക്കി നിന്നു. തീര്‍ത്തും ഒന്നര മണിക്കൂറിന്റെ ആലോചന കഴിഞ്ഞ് സാകേത് ഹൌസിംഗ് കോമ്പ്ലക്സിലേക്ക് പ്രസ്സുകാരെ വിളിച്ചു വരുത്തി.

ആ ഫ്ലാറ്റിന്റെ ഉള്‍വശം ഒരു ചന്തയായി രൂപാന്തരം പ്രാപിച്ചു. നാലു ദിക്കില്‍ നിന്നും അവിടേയ്ക്ക് വെളിച്ചവും ആരവങ്ങളും ആക്രോശങ്ങളും കണ്ണീരും കയറിച്ചെന്നു. ടി.വി. ചാനലുകളും പത്രലേഖകരും എത്തിയപ്പോഴേക്കും വിദഗ്ദനായ ഒരു ഗൈനക്കോളജിസ്റ്റിന്റെ മുഖഭാവത്തോടെ ഒരു മുന്തിയ മേസ്തിരി ഭിത്തിയില്‍ ചുറ്റിക പ്രയോഗിച്ചു കഴിഞ്ഞിരുന്നു. അടുക്കളച്ചുവര്‍ അതുവരെ ധരിച്ചു നിന്ന വിങ്ങലുകളോടെ തകര്‍ന്നു വീണു. ചുവന്ന ഇഷ്ടികപ്പൊടിയില്‍ പൊതിഞ്ഞ് കറുത്തിരുണ്ട ഒരു രൂപം പ്രത്യക്ഷപ്പെട്ടു. അയാള്‍ തുരുമ്പിച്ച ഒരു പേനാക്കത്തി ഉയര്‍ത്തിക്കാണിച്ചു.
“ആരും അടുക്കരുത്... എനിക്ക് ക്ഷമിക്കാന്‍ വയ്യ”
“എന്താണിങ്ങനെ? നിന്നെ ഞങ്ങള്‍ രക്ഷിക്കുകയല്ലേ?”
“അല്ല, കലാപം തീരട്ടെ”

കലാപം കെട്ടടങ്ങുകയും കൊല്ലപ്പെട്ടവരെ ബന്ധുക്കള്‍ പോലും വിസ്മരിക്കുകയും ചെയ്ത വിവരം അറിയാത്ത ആ പാവത്തെ നോക്കി കാണികള്‍ ചിരിച്ചു. ആ അത്ഭുതജീവിയുടെ മെല്ലിച്ച ശരീരം ആലില പോലെ വിറയ്ക്കുകയും ആള്‍ക്കൂട്ടത്തില്‍ നിന്നും രക്ഷപെടാനായി അയാള്‍ അടുക്കള ഭിത്തിയുടെ വിടവിലൂടെ വീണ്ടും അന്ധകാരത്തിന്റെയും ദുര്‍ഗന്ധത്തിന്റെയും സംരക്ഷണയിലേക്ക് നൂണിറങ്ങിപ്പോകുകയും ചെയ്തു. അവിടേയ്ക്ക് ശക്തിയേറിയ വെളിച്ചം പ്രവഹിപ്പിച്ചുകൊണ്ട് രക്ഷാപ്രവര്‍ത്തകര്‍ അയാളെ പുറം‌ലോകത്തേക്ക് ക്ഷണിച്ചു. ഞാനിവിടെക്കിടന്നു മരിച്ചോളാം. അയാള്‍ എം.പിയുടെ പേരു വിളിച്ചു:
“സര്‍, ലഹളയ്ക്കിടയില്‍ നിങ്ങള്‍ ഈ ചതുപ്പില്‍ കുഴിച്ചു മൂടിയവരെ മറന്നുവോ?”

അടുക്കളയില്‍ നിന്ന് അവിശ്വാസത്തിന്റെയും അമ്പരപ്പിന്റെയും ആരവങ്ങളുയര്‍ന്നു. വെള്ളിവെളിച്ചത്തില്‍ അയാളെ വിളിച്ചു വിളിച്ചു ധീരരായ രണ്ടു പേര്‍ അടുത്തു ചെന്നു. എതിര്‍ത്തു നില്‍ക്കാന്‍ ആരോഗ്യമില്ലായിരുന്ന അയാളെ ഒരു കൊച്ചുകുഞ്ഞിനെപ്പോലെ എടുത്തുകൊണ്ട് അവര്‍ പുറത്തു വന്നു.

ആശുപത്രിക്കിടക്കയില്‍ അയാള്‍ ഉറങ്ങി. ഉണര്‍ന്നപ്പോള്‍ പോലീസുകരെക്കണ്ട് അയാള്‍ ഞെട്ടി. കൈ തൊഴുത് തലയ്ക്കു മുകളില്‍ കവചം തീര്‍ത്തുകൊണ്ട് അയാള്‍ യാചിച്ചു.
“കൊല്ലല്ലേ... എന്നെ... അമ്മയെ കൊന്നതു പോലെ...”
മുറിയില്‍ മറ്റാരും ഇല്ലെന്ന് ഉറപ്പുവരുത്തിയിട്ട് പോലീസുകാരന്‍ സൌമ്യഭാവത്തില്‍ പ്രതിവചിച്ചു.
“കലാപം കഴിഞ്ഞതു നിന്റെ ഭാഗ്യം. എങ്കിലും ഞങ്ങള്‍ അന്നു ചെയ്തതൊന്നും നീ കണ്ടിട്ടും കേട്ടിട്ടുമില്ല. നീ ആരാണ്? നിനക്കു പോലും അറിയില്ല. ഓര്‍മ്മ നഷ്ടപ്പെട്ട ഒരുവന്‍. കോടതിയില്‍ അത്രയുമേ ആകാവൂ. എന്നാല്‍ നിനക്ക് ജീവിക്കാം.”

അടുക്കളഭിത്തിയില്‍ നിന്ന് ജന്മം കൊണ്ടവനെ കാണാനെത്തിയ ഒരു കിഴവന്‍ ഉറക്കെ വിളിച്ചു കൂവി.
“ന്റെ മകനേ... അവര്‍ നിന്നെ ജീവനോട് കുഴിച്ചിട്ടതെന്തിന്? ദ്രോഹികള്‍...”
ഒരുവന്‍ വൃദ്ധന്റെ പിന്‍‌കഴുത്തില്‍ പിടിച്ചുഞെക്കിക്കൊണ്ട് സ്നേഹപൂര്‍വ്വം വിളിച്ചു.
“അപ്പൂപ്പാ, നിങ്ങളുടെ മകനല്ലിത്. നിങ്ങള്‍ക്ക് ഭാര്യയും മകനും ഇല്ലെന്ന് കോടതിയില്‍ സത്യവാങ്മൂലം കൊടുത്തിട്ടുള്ളത് മറന്നോ?”
“അതുവ്വോ! ഞാനൊരു മഹാപാപി”
കിഴവന്‍ എങ്ങോട്ടോ ഇറങ്ങിപ്പോയി.

വാര്‍ത്താലേഖകരുടെ ചോദ്യങ്ങള്‍ക്കു മുമ്പില്‍ അത്ഭുതജീവി മറവി അഭിനയിച്ചു.
“നിങ്ങളുടെ പേരെന്താണ്?”
“അതാണ് ഞാനും ആലോചിക്കുന്നത്”
അയാള്‍ പോലീസുകാരനെ നോക്കി. പോലീസുകാരന്റെ വെള്ളക്കണ്ണുകളിലെ ചുവന്ന നൂലുകള്‍ ഇളകിയാടി. പുറത്ത് ആരവം കേട്ടു. തുറന്നു കിടന്ന ജനാലകളിലൂടെ ആയുധങ്ങള്‍ കാട്ടി ആരൊക്കെയോ അയാളുടെ മറവിയെ പ്രോത്സാഹിപ്പിച്ചു കൊണ്ടിരുന്നു.

“ബലേ ഭേഷ്”
പക്ഷേ മനസ്സ് തുറപ്പിക്കാനുള്ള തന്ത്രം പഠിച്ച ഒരു പത്രപ്രവര്‍ത്തകന്‍ അയാളെ തൊട്ടുതൊട്ടു നിന്നു. അത്ഭുതജീവി ഏതോ ഒരുനിമിഷം ആത്മനിയന്ത്രണം നഷ്ടപ്പെട്ട് കഥ പറയാന്‍ തുടങ്ങി. കലാപകാലത്ത് ഒരു രാത്രിയില്‍ ശവവണ്ടിയില്‍ യാത്രചെയ്ത കഥ. ചതുപ്പിലേക്ക് തള്ളിയ ശവങ്ങള്‍ക്ക് മീതെ നാലുപാടു നിന്നും മണ്ണുതിര്‍ന്നു വീഴാന്‍ തുടങ്ങി. ബുള്‍ഡോസറുകള്‍ കുത്തിയിളക്കിയ മണ്ണിന്റെ ദിവ്യഗര്‍ഭത്തിലാണ്ട ശവങ്ങള്‍ക്കു ചുറ്റുമായി ആ രാത്രിതന്നെ ഫ്ലാറ്റിന്റെ അസ്ഥിവാരമുയര്‍ന്നു. ശവവാഹനത്തില്‍ അയാളോടൊട്ടിക്കിടന്ന ഒരു ശവം അയാളുടെ അമ്മയുടേതായിരുന്നു. ഇരുളിന്റെ മറവില്‍ ഇറങ്ങിയോടി അയാള്‍ ഒരു പൊന്തക്കാട്ടിലൊളിച്ചു. അയാളുടെ സഹനശക്തിയെ പതിയെ വിശപ്പ് കീഴ്പ്പെടുത്തിത്തുടങ്ങി. അടുത്ത രാത്രിയില്‍ കാട്ടില്‍ നിന്നും ഇഴഞ്ഞിഞ്ഞിഴഞ്ഞ് ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന ഏതാനും തൊഴിലാളികളെ അയാള്‍ സമീപിച്ചു. ഫ്ലാറ്റുപണിക്കാര്‍ ഭക്ഷണം നല്‍കി അയാളെ ഒരു രഹസ്യ മുറിയിലാക്കി. ഭക്ഷണവും വെള്ളവും കൃത്യമായി കൊടുക്കാന്‍ ഭിത്തിയില്‍ ഒരു ദ്വാരവുമിട്ടു. പക്ഷെ പണി തീര്‍ത്ത് പിരിഞ്ഞു പോകുമ്പോള്‍ അവര്‍ അയാളെ സൂക്ഷിച്ചിരുന്ന രഹസ്യമുറിയുടെ കാര്യം മറന്നു പോയിരുന്നു.

പത്രപ്രവര്‍ത്തകരുടെ പ്രോത്സാഹനത്തില്‍ അയാള്‍ എല്ലാം പറയാന്‍ തുടങ്ങി. അയാള്‍ പരിസരം മറന്നു. ആശുപത്രിവരാന്തയില്‍ നിന്നും ആക്രോശങ്ങളും ഭീഷണിയും ഉയര്‍ന്നു കൊണ്ടിരുന്നു.

“അതു സാരമില്ല. എല്ലാം തുറന്നു പറയൂ. കൊലയും കൊള്ളയും നേരില്‍ കണ്ടവനാണ് നിങ്ങള്‍. എല്ലാം പുറത്തു വരട്ടെ.”

പറയേണ്ടതെങ്ങനെയെന്ന് മനസ്സിലുറപ്പിച്ച് അയാള്‍ ആവേശത്തോടെ മുന്നോട്ടാഞ്ഞ് കണ്ണടച്ചിരുന്നു. അയാള്‍ അടുത്ത വാചകം പറയുന്നതിനു മുമ്പ് തന്നെ വാര്‍ത്താലേഖകന്റെ മേലേക്ക് ആരൊക്കെയോ ചാടി വീണു. പിന്നെ അയാളെ ആകെ മറവി ബാധിച്ചു.

Subscribe Tharjani |