തര്‍ജ്ജനി

ചന്ദ്രശേഖരന്‍. പി

“സര്‍വജയ”,
പുള്ളി ലെയിന്‍,
ചാക്ക, പേട്ട പി ഒ,
തിരുവനന്തപുരം

Visit Home Page ...

ലേഖനം

ചരിത്രത്തിനും പൈതൃകങ്ങള്‍ക്കും തമ്മിലെന്ത്‌?

അടുത്തകാലത്ത്‌ ചരിത്രം കൈകാര്യംചെയ്യുന്നവരുടെ ഒരു പുതിയനിര നമുക്കിടയില്‍ രൂപംകൊണ്ടുവന്നിട്ടുണ്ട്. നാം ചരിത്രപൈതൃകങ്ങളെന്നു വിശേഷിപ്പിച്ചുപോരുന്നവയുടെ പരിസരങ്ങളില്‍മാത്രം ഒതുങ്ങിനിന്നുകൊണ്ട് അവര്‍ മനുഷ്യചരിത്രത്തെ ആ പൈതൃകങ്ങളുടെ ഉത്പത്തിയെക്കുറിച്ച് അമിതമായി പൊലിപ്പിച്ചെടുത്ത വീരഗാഥകളായി വ്യാഖ്യാനിക്കുകയും അതില്‍ അഭിരമിക്കാന്‍ സാധാരണക്കാരെ കണ്ണുകെട്ടി കൊണ്ടുപോകുകയുമാണ് ചെയ്യുന്നത്. അവര്‍ വിന്യസിക്കുന്ന ചിത്രങ്ങള്‍ മാത്രം കാണാന്‍ ജനങ്ങളുടെ കണ്ണിലെ കെട്ടഴിച്ചുകൊടുക്കുന്ന അവരുടെ ചരിത്രാച്ഛാദനരീതി നമ്മുടെ നാട്ടിലെ സാധാരണക്കാരുടെ ചരിത്രബോധത്തെ വികലമാക്കുന്നതിലാണ് ചെന്നെത്തുകയെന്നു പറയാതെവയ്യ.

ഗതകാലങ്ങളോടു് സാധാരണയായി ആളുകള്‍ സംവദിക്കുന്നത് സ്വന്തം പാരമ്പര്യത്തേയും കുടുംബപൈതൃകങ്ങളേയും അന്വേഷിച്ചുകൊണ്ടാണ്. മനുഷ്യചരിത്രത്തെ അതിന്റെ വിശാലമായ അര്ത്ഥത്തില്‍ മനസ്സിലാക്കാന്‍ സാധാരണയായി ആളുകള്‍ സമയം ചെലവാക്കാറില്ല. എങ്കിലും സ്വന്തം അസ്തിത്വവുമായി ബന്ധപ്പെട്ടുള്ള തങ്ങളുടെ പല സന്ദേഹങ്ങള്ക്കും ഉത്തരംകിട്ടാനായി തലമുറകളിലൂടെ സ്വയം പുറകോട്ട് അന്വേഷിച്ചുപോകുമ്പോള്‍ സ്വാഭാവികമായും കൂടുതല്‍ക്കൂടുതല്‍ വിശാലമായിത്തീരുന്ന ആ കാന്‍വാസില്‍ അവനവന്‍ മനസ്സില്‍ കൊണ്ടുനടക്കുന്ന പാരമ്പര്യബോധങ്ങള്ക്ക് പുറമേ മുഴുവന്‍ സമൂഹത്തിന്റെയുംകൂടി പൈതൃകങ്ങളായ പലതും അവരുടെ കണ്ണില്‍പ്പെടുന്നുണ്ട്. താനും കൂടി ഉള്പ്പെടുന്ന സമൂഹത്തിന്റെ കടന്നുപോയ പരമ്പരകളെപ്പറ്റി, അതിന്റെ ചരിത്രത്തെപ്പറ്റി മനസ്സിലാക്കാന്‍ അവര്‍ ഓരോരുത്തരും ആ പൈതൃകങ്ങളെയാണ് എന്നും സന്ദര്ഭവശാല്‍ ആശ്രയിക്കുന്നത്. കാരണം, അവ കണ്ടും തൊട്ടും അറിയാവുന്ന മട്ടില്‍ അവര്ക്ക് നേരേ മുന്നില്‍ത്തന്നെ കിട്ടുന്നുണ്ട്. അതുകൊണ്ടുതന്നെ അവന്റെ ചരിത്രത്തിലേക്കുള്ള പരിപ്രേക്ഷ്യങ്ങള്‍ ഈ പൈതൃകങ്ങളുടെ മട്ടുപ്പാവുകളില്‍ കയറിനിന്നുകൊണ്ടാണ്. എന്നാല്‍ എല്ലാ പൈതൃകങ്ങള്ക്കും ചുറ്റുമതിലുകളുണ്ടെന്നും അതിന്നപ്പുറത്തേക്ക് കാണാന്‍ അത് തടസ്സങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്നും കണ്ടറിയാനാകാത്തതുകൊണ്ട് അതിനു പുറത്തേക്കു കടക്കാന്‍ അവര്ക്ക് സാധിക്കാറുമില്ല. പൈതൃകങ്ങളുടെ ഗരിമ വര്ദ്ധിക്കുംതോറും അവയുടെ മതിലുകള്ക്ക് ഉയരംകൂട്ടുന്നതും ആ മതിലുകളെ വര്ണ്ണാഭങ്ങളായ ചിത്രപ്പണികള്‍കൊണ്ടു നിറക്കുന്നതും ചരിത്രമാണെന്നും അവര്‍ ധരിച്ചുവശാവുന്നു. അതേസമയം വാസ്തവത്തില്‍ അതു ചെയ്യുന്നവര്‍ ആ മതിലുകള്ക്കകത്ത് നിലയുറപ്പിച്ചുകൊണ്ട് ഈ കാണുന്ന പൈതൃകങ്ങള്ക്കപ്പുറം ചരിത്രമെന്നൊന്നില്ലെന്ന തിരസ്കരണീമന്ത്രത്തിന്റെ മാസ്മരികദ്ധ്വനികളില്‍ സാമാന്യജനങ്ങളെയാകെ ഭ്രമിപ്പിച്ചുനിര്ത്താന്‍ സൂത്രത്തില്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നതും അവരറിയുന്നില്ല. അങ്ങിനെ ചരിത്രവും പൈതൃകവും തികച്ചും വ്യത്യസ്തമായ രണ്ടു കാര്യങ്ങളാണെന്ന വസ്തുത സാധാരണക്കാരന്‍ അറിയാതെപോകുന്നു.

ചരിത്രത്തെ സാധാരണക്കാര്ക്ക് തൊട്ടറിയാന്‍ കഴിയുന്നത് പലപ്പോഴും പൈതൃകങ്ങളിലൂടെയാണെന്ന് സൂചിപ്പിച്ചുവല്ലോ. അപ്പോള്‍ ചരിത്രവും പൈതൃകവും തമ്മില്‍ എന്താണ് വ്യത്യാസമെന്നു ന്യായമായും ആര്ക്കും സംശയംതോന്നാം. ഒഴിവുവേളകളില്‍ നാടുകാണാനിറങ്ങിത്തിരിക്കുന്ന ഒരു ശരാശരി സന്ദര്ശകന്‍ ബാദാമിയിലോ മാമല്ലപുരത്തോ എത്തിപ്പെടുന്നുവെന്നുകരുതുക. അവിടങ്ങളിലെ ക്ഷേത്രങ്ങളും മറ്റു കൊത്തുപണികളുമൊക്കെ കാണുമ്പോഴായിരിക്കും അയാള്‍ പത്തുപതിനാല് നൂറ്റാണ്ടുകള്ക്കു്മുമ്പ് അവിടങ്ങള്‍ വാണ ചാലൂക്യരേക്കുറിച്ചോ പല്ലവരെക്കുറിച്ചോ ബോധവാനാകുന്നത്. നമ്മുടെ പൈതൃകങ്ങളായി മാറിക്കഴിഞ്ഞ ആ ചരിത്രാവശിഷ്ടങ്ങളുടെ ഉത്പത്തിവികാസങ്ങള്‍ അക്കാലത്തെ രാജവംശങ്ങളുടെ പശ്ചാത്തലത്തില്‍ ചിട്ടയോടെ ഗൈഡുകള്‍ വിവരിച്ചുകൊടുക്കുമ്പോള്‍ അതു ചരിത്രമാണെന്നും അതിന്റെ സൃഷ്ടിക്ക് പിറകില്‍ ആ ഭരണാധികാരികളുടെ കൈകള്‍ മാത്രമേ ഉള്ളൂ എന്നും അവര്‍ തെറ്റിദ്ധരിക്കുന്നു. കുറച്ച് സമയത്തേക്കാണെങ്കിലും കൂടി ആ പഴയകാലത്തെ ജീവിതരീതികളിലേക്ക് മനസ്സുകൊണ്ട് ഒരെത്തിനോട്ടം നടത്താന്‍ ആ കാഴ്ച അവനെ നിര്ബ്ബന്ധിക്കുന്നു. അവന്‍ അപ്പോള്‍ പലതും സങ്കല്പിക്കുന്നുണ്ടാകാം. എങ്കിലും അതെല്ലാം അവന്‍ കാണുന്ന ആ പൈതൃകവസ്തുവിനെ ചുറ്റിപ്പറ്റി മാത്രമായിരിക്കും. ബാദാമിമലകളുടെ താഴ്വാരത്തിലോ മാമല്ലപുരത്തെ കടലോരത്തോ ഏറേക്കാലം പുഷ്ടിപ്രാപിച്ചുനിന്ന ഒരു പട്ടണത്തേക്കുറിച്ചും അതിലുണ്ടായിരുന്ന സംസ്കൃതിയേക്കുറിച്ചും അതിന്റെ അക്കാലത്തെ സ്വര്ഗസമാനമെന്നു ഗൈഡുകള്‍ വിവരിച്ചുകൊടുക്കുന്ന അവസ്ഥയെക്കുറിച്ചുമൊക്കെ ഏറെ കാല്പനികമായ ചിന്തകള്‍ അപ്പോള്‍ അവനിലുണ്ടാകുന്നു. അതോടെ താന്‍ കേള്ക്കുന്നത് ചരിത്രമാണെന്ന തോന്നല്‍ അവനിലുറയ്ക്കുന്നു. കഴിഞ്ഞകാലങ്ങളില്‍ ഉണ്ടായിരുന്നതെല്ലാം മഹത്തരങ്ങളായിരുന്നു എന്നു അവന്‍ വിശ്വസിക്കാന്‍ തുടങ്ങുന്നു. അങ്ങിനെ പൈതൃകങ്ങളെ ചുറ്റിപ്പറ്റിയുള്ള കഥകള്‍ എല്ലായ്പോഴും ചരിത്രമായി വ്യാഖ്യാനിച്ചെടുക്കുന്ന സ്വഭാവത്തിലേക്ക് അയാള്‍ മാറുന്നത് കാണാം. പൈതൃകങ്ങള്ക്ക് ചരിത്രത്തോടു ചേര്ന്നുനില്ക്കാന്‍ പരിമിതികളുണ്ടെന്നും അവ സീമിതസമയഖണ്ഡങ്ങളുടെ തടവുകാരാണെന്നും അവക്ക് ചരിത്രത്തിനെപ്പോലെ സദാ വര്ത്തമാനത്തിനെ തൊട്ടുനില്ക്കാന്‍ കഴിയുകയില്ലെന്നും അവക്കു മുകളില്‍ മനുഷ്യന്റെ ഭാവനയും സങ്കല്പങ്ങളും ചായം ചാര്ത്തിവക്കുന്നുണ്ടെന്നും പക്ഷേ അവനറിയുന്നില്ല. ഇത് അത്യന്തം അപകടകരമാകുന്നു.

താജ് മഹലും ല്യുടന്സ് സായിപ്പ്‌ നിര്മ്മിച്ച നമ്മുടെ പാര്‍ലമെന്റ് മന്ദിരവും തഞ്ചാവൂരിലെ ബൃഹദീശ്വരക്ഷേത്രവും ബാമിയാനിലെ ബുദ്ധപ്രതിമകളും കേരളത്തിന്റെ ഓണവും ഭാരതീയരുടെ പിതൃതര്പ്പണസങ്കല്പങ്ങളും അതുപോലെ മറ്റുപലതും നമുക്ക് പൈതൃകങ്ങളുടെ പട്ടികയിലാണ് പെടുത്തേണ്ടത്. അവയൊക്കെ ചരിത്രം അവശേഷിപ്പിക്കുന്ന ബാക്കിപത്രങ്ങളാണ്. കടഞ്ഞുകൊണ്ടിരിക്കുന്ന തൈരില്‍ അടിഞ്ഞുകൂടുന്ന വെണ്ണ പോലെ അത് ഘനീഭൂതമായ ഗതകാലമായി രൂപങ്ങള്‍പൂണ്ടും ചിലപ്പോള്‍ അരൂപികളായും നമുക്ക് മുമ്പില്‍ വന്നെത്തുന്നു. ഓരോ ദിവസവും തൈര്ക്കലം നവീകരിക്കപ്പെട്ടു കൊണ്ടിരിക്കുന്നുണ്ട്. അതുകൊണ്ടാണല്ലോ നമുക്ക് എന്നും പുതിയ വെണ്ണ കിട്ടിക്കൊണ്ടിരിക്കുന്നതും. സാമൂഹ്യശക്തികളുടെ ഊര്ജ്ജപ്രക്ഷേപണങ്ങള്‍ എല്ലാം കലക്കിമറിക്കുമ്പോള്‍ അതില്‍പ്പെട്ട് ചരിത്രത്തിന്റെ തൈര്ക്കലങ്ങളില്‍ ഇങ്ങിനെ ഉരുണ്ടുകൂടുന്ന പ്ലവവസ്തുക്കളില്‍ എല്ലാംപെടും. സംസ്കാരം, മതം, വാസ്തുവിദ്യ, കല, സംഗീതം, തത്വചിന്ത അങ്ങനെ എല്ലാം.

ഈ സമീപനം സാധാരണക്കാര്ക്ക് പ്രയോജനപ്പെടുംവിധം ചരിത്രത്തേയും പൈതൃകത്തേയും നിര്‍വ്വചിക്കാന്‍ സഹായകമാകുന്നുണ്ടെന്നു തോന്നുന്നു. ഓരോ ദിവസവും കിട്ടുന്ന വെണ്ണയുടെ മൃദുലതയില്‍ അതു് ഉരുണ്ടുകൂടുന്ന തൈരില്‍ ചേര്ക്കുന്ന പാലിന്റെ ഗുണം പ്രതിഫലിക്കുന്നുണ്ടാകാം. എന്നാല്‍ ഓരോ ദിവസവും പുതുതായി സംഭവിക്കുന്ന ചരിത്രനിര്മ്മാണപ്രക്രിയകളുടെ പുതുപുത്തന്‍ ഊര്ജ്ജനസ്ഫോടനങ്ങളില്‍ കാലത്തിന്റെ അടുക്കുപാളികളില്നിന്നു് നിരന്തരം പ്ലവനം ചെയ്തുവരുന്ന പൈതൃകങ്ങള്‍ നമുക്ക് തരുന്നത് വസ്തുനിഷ്ഠമായ ചരിത്രബോധമാകണമെന്നില്ല. അവയ്ക്ക മുകളില്‍ വിശ്വാസങ്ങളുടെയും അവിശ്വാസങ്ങളുടെയും സങ്കല്പങ്ങളുടെയും വിധേയത്വത്തിന്റെയും അധികാരഘോഷണത്തിന്റെയും ഭയത്തിന്റെയും വികാരപരമായ സമീപനങ്ങളുടെയുമെല്ലാം തിരസ്കരണികള്‍ വീണുകിടക്കുന്നതുകൊണ്ടാണത്. അതുകൊണ്ടുതന്നെ അവയെ പ്രദക്ഷിണംവച്ചു നില്ക്കുമ്പോള്‍ നാം വാസ്തവത്തില്‍ മനുഷ്യചരിത്രത്തെ അന്വേഷിക്കുന്നില്ല. നമ്മുടെ കാഴ്ച നമ്മെ അങ്ങിനെ വഴിതെറ്റിക്കുന്നു. ഇതറിയാവുന്നതുകൊണ്ടാണ് നമ്മെ വഴിതെറ്റിക്കാന്‍ കാത്തുനില്ക്കുന്നവര്‍ ചരിത്രത്തിനു നേരെ പിടിക്കുന്ന നമ്മുടെ മുഖങ്ങള്ക്കുമുമ്പില്‍ പൈതൃകങ്ങളെ കൊണ്ടുവന്നു നിര്ത്തുന്നത്.
പൈതൃകങ്ങള്‍ എങ്ങിനെ ദീര്ഘകാലം കൊണ്ടു് ഉരുത്തിരിഞ്ഞു രൂപംകൊള്ളുന്നു എന്നതിന്റെ അറിവാണ് ചരിത്രം. തൈര്‍ കടയുമ്പോള്‍ അതില്‍ നടക്കുന്ന സംഘര്ഷണങ്ങളുടെയും ഘര്ഷണങ്ങളുടെയും അതില്‍ നിന്ന് ഖരവസ്തുക്കള്‍ വേര്പെട്ടുവരുന്നതിന്റെയും കഥകള്‍. ഹിമസങ്കാശമായ വെണ്ണയിലേക്ക് നോക്കിനില്ക്കുമ്പോള്‍ നമുക്ക് അതിന്റെ മൃദുത്വവും സ്വാദും മാത്രമേ മനസ്സില്‍ സങ്കല്പിക്കാന്‍ കഴിയുകയുമുള്ളൂ. ക്ഷുഭിതമെന്നോണം ഇളകിത്തെറിച്ചുകൊണ്ടിരുന്ന ഒരു ദ്രവസസഞ്ചയത്തില്‍ നിന്നാണ് അത് രൂപംകൊണ്ടതെന്ന കാര്യമൊന്നും ആരും ഓര്ക്കാറില്ല. എന്നാല്‍ ആ ഊര്ജ്ജക്ഷോഭങ്ങളുടെ കഥകളാണ് ചരിത്രമെന്നതുകൊണ്ട് നമുക്കുചുറ്റും ചിതറിക്കിടക്കുന്ന പൈതൃകങ്ങളില്നിന്നു തുടങ്ങുന്ന ചരിത്രപഠനങ്ങള്‍ ഒരിക്കലും അംഗീകരിച്ചുകൊടുക്കാനാവില്ല. അത്തരം ഏതു ശ്രമങ്ങളും നമ്മെ വഴിതെറ്റിക്കാന്‍ മാത്രമേ ഉതകുകയുള്ളൂ. ചരിത്രവും വെണ്ണപോലെ മൃദുലവും കാഴ്ചക്കും നാവിനും ശരീരത്തിനും ബുദ്ധിക്കുമൊക്കെ സുഖം മാത്രം തരുന്നതുമാണെന്നു നാം തെറ്റിദ്ധരിക്കുകയും ചെയ്യും.

നമുക്ക്‌ ഈ സമീപനത്തെ കുറേക്കൂടി വിശദമാക്കേണ്ടിയിരിക്കുന്നു. താജ്മഹലിന്റെ കാര്യം തന്നെയെടുക്കുക. നേരില്‍ കാണുമ്പോള്‍ വെണ്ണക്കല്ലില്‍ തീര്‍ത്ത ആ കമനീയവാസ്തുശില്പം നമ്മെ ആനന്ദിപ്പിക്കുന്നത് അതിന്റെ ശില്പഭംഗി കൊണ്ടാണ്. അത് മനുഷ്യന്റെ‍ സൃഷിപരമായ കഴിവുകളുടെ ഔന്നത്യം നമുക്ക് വെളിവാക്കിത്തരുന്നു. എല്ലാ പൈതൃകങ്ങളും അത് തന്നെയാണല്ലോ ചെയ്യുന്നത്. പാരീസിലെ ലൂവ്ര് കൊട്ടാരമോ തെക്കേ അമേരിക്കയിലെ മാച്ചു-പിച്ചു സമുച്ചയമോ ഒക്കെ കാണുമ്പോഴും നമുക്ക് കിട്ടുന്നത് വേറൊന്നുമല്ല. അതേസമയം താജ്മഹലിന്റെ മറ്റൊരു തനിപ്പകര്പ്പ് നിര്മ്മിക്കുകയെന്നത് ഇന്നെന്നല്ല എന്നായാലും അസാദ്ധ്യമായിത്തന്നെ നില്ക്കുന്നുമുണ്ട്. അവ അനന്യങ്ങളും സമാനതകളില്ലാത്തതും ആണ്. അതുകൊണ്ടാണ് അവയൊക്കെ നമുക്ക് പൈതൃകങ്ങളായി മാറുന്നതും. ഒരിക്കല്‍ ഇല്ലാതാക്കിക്കഴിഞ്ഞാല്‍ ഏതു പൈതൃകത്തിന്റെയും പുന:സൃഷ്ടി അസാദ്ധ്യമാകുന്നു. കാരണം പുനസൃഷ്ടിക്കാനുള്ള ഏതു ശ്രമവും അതിനെ മാറിയകാലത്തിന്റെതായിത്തീര്ക്കും. അതിന്റെ രൂപത്തിലും ഭാവത്തിലും എല്ലാം മാറ്റങ്ങള്‍ വരും. അപ്പോള്‍ അതിന് ഒരു പുതിയ പൈതൃകസമ്പത്തായിത്തീരാതെ വയ്യ.
എന്നാല്‍ താജ്മഹലിന്റെ ചരിത്രമെന്താണ്? ഷാജഹാന്‍ ചക്രവര്ത്തിക്ക് സ്വന്തം പ്രിയതമയോടുണ്ടായിരുന്ന പ്രേമത്തിന്റെ, പ്രണയത്തിന്റെ നിറവില്നിന്നു ഉയിര്ക്കൊണ്ടതാണ് താജ് എന്ന് അവിടത്തെ ഗൈഡുകള്‍ നമ്മോടു പറയും. എന്നാല്‍ താജ് മാത്രമായിരുന്നില്ലല്ലോ ഷാജഹാന്റെ സംഭാവനകള്‍. ആഗ്രക്കോട്ടയിലെ മോതി മോസ്കും ദല്ഹിയിലെ ചെങ്കോട്ടയും ജുമാ മസ്ജിദും മയൂരസിംഹാസനവും തുടങ്ങി പലതും അദ്ദേഹത്തിന്റെ സംഭാവനകളാണ്. അതിലൊന്ന് മാത്രമാണ് താജ്‌.

അധികാരസംഘാടനത്തില്‍ വാളും കുന്തങ്ങളും വെടിമരുന്നിനും പീരങ്കികള്ക്കും വഴിമാറിക്കൊടുത്ത കാലത്ത്‌, വാളുകള്‍ കൂട്ടിയിടിക്കുന്നതിന്റെ ഒച്ചയെത്തുന്ന ദൂരത്തിനും വളരെ അപ്പുറത്തേക്ക് പീരങ്കികളുടെ ഗര്ജ്ജനം ശക്തമായ സന്ദേശങ്ങള്‍ എത്തിച്ചുപോന്ന പതിനേഴാം നൂറ്റാണ്ടില്‍, സാമ്രാജ്യത്തിന്നു പ്രതിയോഗികള്‍ ഉണ്ടായിക്കഴിഞ്ഞിട്ടില്ലാത്ത ആ കാലത്ത്‌, ഖജനാവില്‍ മിച്ചത്തിന്റെ ഒരു വമ്പന്‍ തുരുത്ത് രൂപംകൊണ്ടിരുന്നു. ചരിത്രത്തില്‍ എല്ലാവര്ക്കുമുയരെ എന്നെന്നേക്കുമായി സ്ഥാനം പിടിക്കാന്‍ മുഗള്‍ രാജവംശം നടത്തിയ ശ്രമങ്ങള്ക്കിടയില്‍ ആ മിച്ചത്തിന്റെന ബലത്തില്‍ (ആ മിച്ചത്തിന്റെ നിര്മ്മിതിയാകട്ടെ എല്ലാകാലത്തെയുംപോലെ സാമ്രാജ്യത്തിലെ കൃഷിക്കാരുടേതുമായിരുന്നു) മനുഷ്യബന്ധങ്ങളുടെ ഊഷ്മളതയും മനുഷ്യഭാവനയുടെ ഉദാത്തതയും നിരവധി കലാകാരന്മാരുടെയും തച്ചുശാസ്ത്രവിദഗ്ദ്ധരുടെയും സൃഷ്ട്യുന്മുഖതയും ഭരണസംവിധാനങ്ങളുടെ മിടുക്കും തമ്മില്‍ നടന്ന പ്രതിപ്രവര്ത്തനങ്ങളുടെ കഥകളാണ് അവയുടെയെല്ലാം ചരിത്രമെന്നു വേണമെങ്കില്‍ പറയാം. അതായിരിക്കും ആര്ക്കും പെട്ടെന്നു മനസ്സിലാകാനാകുന്ന ഒരു വിശകലനം. ആ പ്രതിപ്രവര്ത്തനങ്ങളുടെ പരിണതഫലം കുറേ വാസ്തുശില്പങ്ങള്‍ മാത്രമായിരുന്നില്ലെന്നു കൂടി നാമറിയേണ്ടതുണ്ട്. ദല്ഹി സുല്‍ത്താനേറ്റുകളുടെ നിരയില്നിന്ന് ഇന്ത്യക്ക് കിട്ടിയ വാസ്തുശില്പസംഭാവനകളുടെ കൂട്ടത്തിലേക്ക് താജ്മഹല്‍ കൂടി ചേര്ത്തുവച്ചപ്പോഴേക്കും അവയൊക്കെ ഉത്തരേന്ത്യയിലെ മാത്രമല്ല, ഇങ്ങു ദൂരെക്കിടക്കുന്ന കേരളത്തിലെപ്പോലും സാമൂഹ്യവ്യവസ്ഥകളില്‍ കാതലായ മാറ്റങ്ങള്‍ക്ക് കാരണമായിക്കഴിഞ്ഞിരുന്നു. പതിമൂന്നാം നൂറ്റാണ്ടുമുതല്‍ തന്നെ ഈ സാംസ്കാരികസങ്കലനം തുടങ്ങിക്കഴിഞ്ഞിരുന്നു. അതിന്റെ ഭാഗമായി മദ്ധ്യപൌരസ്ത്യദേശങ്ങളില്നിന്നുള്ള കലാകാരന്മാരും വാസ്തുശില്പികളും ഇന്ത്യയില്‍ കുടിയേറിക്കഴിഞ്ഞപ്പോള്‍ അത് ഇവിടത്തെ കലാസാംസ്കാരികരാഷ്ട്രീയമണ്ഡലങ്ങളില്‍ വരുത്തിയ മാറ്റങ്ങളില്‍ ഭാഗഭാക്കുകളാകാന്‍ ഇവിടത്തെ ശില്പികളും തൊഴിലെടുക്കുന്നവരും ഭരണനേതൃത്വവും കവികളും കലാകാരന്മാരും കൃഷിക്കാരും എല്ലാം ഒരുവിധത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ സ്വമേധയായോ അല്ലാതെയോ മുന്നോട്ടു വന്നിരുന്നു. താജ്മഹല്‍ പോലെയുള്ള നിരവധി നിര്മ്മാണപ്രവര്ത്തനങ്ങളില്‍ രാജ്യത്തെ അക്കാലത്തെ ഉത്പാദന-വിതരണവ്യവസ്ഥകളുടേയും മിച്ചസമാഹാരങ്ങളുടേയും ചിത്രങ്ങളും കൂടി പതിഞ്ഞുകിടപ്പുണ്ട്. പേര്ഷ്യയില്‍ നിന്നെത്തിയ കലാസങ്കല്പങ്ങളുടെയും കരവിരുതിന്റെയും സംഘാടനത്തില്‍ തദ്ദേശീയരായ കലാകാരന്മാരെക്കൂടി പങ്കെടുപ്പിക്കേണ്ടിവരുമ്പോഴത്തെ സംഘര്ഷങ്ങളുടെ വേവും ചൂടും അതിന്റെ കഥകളില്നിന്നു നമുക്ക് തൊട്ടറിയാനും കഴിയും. മനുഷ്യവ്യാപാരങ്ങളുടെ എല്ലാ മേഖലകളിലും, ഭക്ഷണം മുതല്‍ നര്ത്തനം വരെയുള്ള എല്ലാ വിഷയങ്ങളിലും, തദ്ദേശീയമായ അനവധി ഇഷ്ടഭേദങ്ങളെ അത് തിരുത്തി. സമൂഹത്തില്‍ പുതിയ സംവേദനശീലങ്ങളും സാമൂഹ്യമര്യാദകളും ഉരുത്തിരിഞ്ഞുവന്നു. മാനുഷ്യകത്തിന്നു പുതിയ ഭാഷ്യങ്ങള്‍ രചിക്കപ്പെട്ടു. അതിലൊക്കെ നിറഞ്ഞുനില്ക്കുന്നത് മനുഷ്യവര്ഗ്ഗത്തിന്റെ മുഴുവന്‍ ചിന്തയുടെയും ഇച്ഛാശക്തിയുടെയും പ്രയത്നത്തിന്റെരയും ഗാംഭീര്യമാണ്; ഈ ഉപഭൂഖണ്ഡത്തിലും അതിന്റെ പരിസരത്തും അന്നുണ്ടായിരുന്ന മുഴുവന്‍ മനുഷ്യരുമാണ്. ഒന്നുമില്ലായ്മയില്നിന്നു ഉദാത്തങ്ങളായ ഏതു സൃഷ്ടികള്‍ രൂപപ്പെടുത്തുമ്പോളും അതിന്റെ ഉപോല്പന്നമെന്നോണം സ്വന്തം സമൂഹത്തിനെ നിരന്തരം നവീകരിക്കുകയും അതിന് പുതിയ ദിശാബോധം നല്കുകയുംചെയ്യുന്ന മനുഷ്യന്റെ കര്മ്മമണ്ഡലത്തിന്റെ വൈവിദ്ധ്യമേറിയ ചിത്രങ്ങളാണ് അവ. ഈ ചിത്രങ്ങളാണ് നമുക്ക് ചരിത്രമെന്ന് പറയേണ്ടത്‌.

താജ്മഹലിനെപ്പോലെ നമുക്കുള്ള മറ്റൊരു മഹത്തായ പൈതൃകമാണല്ലോ മോഹിനിയാട്ടം. ആഭരണങ്ങളാലും കമനീയങ്ങളായ വസ്ത്രങ്ങളാലും സര്‍വ്വാംഗം അലങ്കൃതയായ നര്ത്തകി അരങ്ങിലെത്തി നടനം ആരംഭിച്ചുകഴിഞ്ഞാല്‍ അതവസാനിക്കുന്നതുവരെ അത്ഭുതസ്തിമിതരായി കണ്ടുകൊണ്ടിരിക്കാന്‍ നമ്മെ നിര്ബ്ബന്ധിതരാക്കുന ഈ നൃത്തരൂപത്തിന്റെ ചരിത്രം എന്താണ്? അതിന്റെ ചരിത്രമെന്നു പറയുമ്പോള്‍ ഉദ്ദേശിക്കുന്നത് ആ നൃത്തരൂപം ആവിഷ്കരിക്കപ്പെട്ടശേഷം അതു ഇന്നത്തെ രൂപത്തില്‍ എത്തിപ്പെട്ടതിന്റെ‍ സാങ്കേതികമായ ഒരു വിവരണത്തിനോ അതിന്റെ വളര്ച്ചക്ക് സംഭാവനകള്‍ നല്കിയവരുടെ വെറും ജീവിതരേഖകള്ക്കോ അപ്പുറം അത് സമൂഹത്തില്‍ മുളപൊട്ടി വളര്ന്നുപന്തലിക്കുന്നതിനിടെ അതിന്റെ പ്രയോക്താക്കള്ക്ക് തങ്ങള്‍ നേരിടേണ്ടിവന്ന എല്ലാ പ്രതികൂലസാഹചര്യങ്ങളെയും പ്രതിസന്ധികളെയും മറികടന്നു ആ കലാരൂപത്തെ വളര്ത്തിയെടുക്കുന്നതിനാവശ്യമായ ഊര്ജ്ജം എവിടെനിന്നു, എങ്ങിനെ സമ്പാദിക്കാനായി എന്നതിന്റെ ചിത്രങ്ങളാണെന്ന കാര്യം നാം മറക്കരുത്. അതുപോലെ ആ കലാരൂപത്തിന്റെ വികാസപരിണാമങ്ങള്ക്കിടക്ക് മനുഷ്യസമൂഹത്തിലാകെ അതു വരുത്തിത്തീര്ക്കുന്നതോ അതിനാല്‍ വന്നുപെടുന്നതോ ആയ പുരോഗമനപരമായതോ അല്ലാത്തതോ ആയ എല്ലാ മാറ്റങ്ങളുടെയും കഥകളും കൂടിയാണ് അത്. അതുപോലെത്തന്നെ പ്രധാനമാണ് ആ കലാരൂപം ഉരുത്തിരിഞ്ഞു വരാന്‍ കാരണമായ സാമൂഹ്യസാമ്പത്തികപശ്ചാത്തലങ്ങളുടെ കഥകളും.

മോഹിനിയാട്ടത്തെക്കുറിച്ചു അറിയപ്പെടുന്നതില്‍ ഏറ്റവും പഴയ ലിഖിതപരാമര്ശം പതിനാറാം നൂറ്റാണ്ടില്‍ നിന്നാണ്. അതിനും മുമ്പുതന്നെ ആ കലാരൂപം ഉണ്ടായിക്കഴിഞ്ഞിരുന്നു. കാളിദാസന്റെ മേഘസന്ദേശത്തില്‍ ഉജ്ജയിനിയിലെ ക്ഷേത്രോപജീവികളായ നൃത്തസംഘത്തെപ്പറ്റി പരാമര്ശമുണ്ട്. പില്ക്കാലത്ത്‌ ഇന്ത്യയിലൊട്ടാകെ രൂപംകൊണ്ട ദേവദാസി സമ്പ്രദായങ്ങള്‍ നിരവധി നൃത്തരൂപങ്ങളെ പരിപോഷിപ്പിച്ചു നിലനിര്ത്തിയിട്ടുള്ളതായി നമുക്കറിയാം. അപ്പോള്‍ ദേവദാസികള്‍ എന്ന ഈ സാമൂഹ്യഘടകത്തിന്റെ ഉദയത്തോടും വളര്ച്ചയോടും അതാത് കാലത്ത് നേരിട്ട തളര്ച്ചകളോടും ബന്ധപ്പെട്ടതാണ് നമ്മുടെ ശാസ്ത്രീയനൃത്തങ്ങളുടെ ചരിത്രമെന്ന് വരുന്നു. പ്രാക്തനസമൂഹങ്ങളുടെ കാലംമുതല്‍തന്നെ വാദ്യങ്ങളോടും സംഗീതത്തോടുമൊപ്പം നൃത്തവും ദൈവാരാധനയുടെ ഭാഗമായിരുന്നു. ആ തുടര്ച്ചയുടെ ഭാഗമായി വികസിതസമൂഹങ്ങളില്‍ ദേവാലയങ്ങളോടു ചേര്ന്ന് സ്ഥിരമായ നൃത്തസംഘങ്ങളെ രൂപീകരിച്ചുകൊണ്ടാകാം ദേവദാസി സമ്പ്രദായങ്ങള്‍ നിലവില്‍ വന്നത്. ഇതു സംഭവിക്കുന്നത് സമ്പത്ത്‌ ചിലയിടങ്ങളില്‍ മാത്രം കുമിഞ്ഞുകൂടാന്‍ തുടങ്ങുമ്പോഴാണ്. അത് അക്കാലത്ത് വന്നുപെട്ട തൊഴില്‍വിഭജനത്തിന്റെ ഭാഗവുമായിരുന്നിരിക്കും. വിവിധ തൊഴിലുകളില്‍ ഏര്പ്പെടുന്നവരുടെ കൂട്ടായ്മകള്‍ രൂപംകൊണ്ട കാലത്ത് തന്നെയായിരിക്കും നൃത്തക്കാരുടെ കൂട്ടായ്മകളും രൂപംകൊണ്ടത്. ജൈവപരമായ കാരണങ്ങള്കൊണ്ടുതന്നെ മനുഷ്യജീവിതത്തില്‍ സ്വാധീനം ചെലുത്തിപ്പോരുന്ന രതിഭാവം ആരാധനകളുടേയും അനുഷ്ഠാനങ്ങളുടേയും രൂപത്തില്‍ സാമൂഹ്യജീവിതത്തില്‍ പ്രതിഫലിക്കുന്നത് അപരാധമൊന്നുമായി കരുതിയിട്ടില്ലായിരുന്ന കാലത്ത് ഉടലെടുത്ത ശൃംഗാരപ്രധാനമായ ഈ നൃത്തരൂപം പില്‍ക്കാലത്ത്‌ ഭക്തിയിലൂടെയാണ് വികാസം അന്വേഷിച്ചിരുന്നത്. സ്ത്രീകളും പുരുഷന്മാരും ഒരുപോലെ പങ്കാളികളായിരുന്ന നൃത്താനുഷ്ഠാനങ്ങള്‍ വിട്ട് പുരുഷന്മാര്‍ സമ്പത്തിന്റെയും അധികാരത്തിന്റെയും മേല്ക്കോയ്മ നേടിയെടുത്തുകൊണ്ട് സമൂഹത്തിലെ അധികാരസോപാനങ്ങളില്‍ പോയി ഇരിപ്പുറപ്പിക്കുകയും പിന്നീട് സ്ത്രീകള്‍ മാത്രം നടത്തിപ്പോന്ന നൃത്തനൃത്യങ്ങള്‍ ആശയസംവേദനത്തിന്റെയും ആവിഷ്കാരസാദ്ധ്യതകളുടേയും പുതിയ തലങ്ങള്‍ തേടിക്കൊണ്ട് മുന്നോട്ടുപോകുകയും പുത്തന്‍ദൃശ്യഭാഷകള്‍ വികസിപ്പിച്ചെടുക്കുകയും ചെയ്തു. ആ സംഘങ്ങള്ക്ക് ചെല്ലുംചെലവും കൊടുക്കാന്‍ ഭരണകൂടങ്ങളോ ക്ഷേത്രങ്ങളോ അതീവശ്രദ്ധ കൊടുത്തിട്ടുണ്ടാകണം. കുടുംബജീവിതം ഈ കലാസപര്യകളെ കെടുത്തിക്കളഞ്ഞ് തൊഴിലിനു വിഘാതമാകുമെന്ന ഭയം കൊണ്ടാകാം ആ നൃത്തക്കാരികള്‍ അക്കാലത്ത് കുടുംബിനികളാകാന്‍ നില്ക്കാതെ ദേവാലയങ്ങളില്‍ മാത്രം ഒതുങ്ങിക്കൂടിപ്പോന്നത്. എന്നാല്‍ അതേത്തുടര്ന്നു അനിവാര്യമായും സംഭവിക്കാവുന്ന വിവാഹരഹിതമായ ലൈംഗികബന്ധങ്ങള്‍ അവര്ക്കിടയില്‍ സാധാരണമായത് പല പ്രതിസന്ധികളും സൃഷ്ടിച്ചിരിക്കും. മറ്റു തൊഴിലുകളില്‍ നിന്ന് ഭിന്നമായി നര്ത്തകര്ക്ക് അസംസ്കൃതവസ്തുവാകുന്നത് തങ്ങളുടെ ശരീരം തന്നെയാണെന്നത് ഇവിടെ ശ്രദ്ധിക്കപ്പെടേണ്ട ഒരു കാര്യമാണ്. അതിനെ ആരോഗ്യപൂര്ണ്ണവും ലാവണ്യപൂരിതവുമായി സൂക്ഷിക്കാത്തേടത്തോളം ആ തൊഴിലില്‍ ആര്ക്കും ശോഭിക്കാനാവില്ലല്ലോ. അതേ കാരണം കൊണ്ടുകൂടിയാകാം പില്ക്കാലത്ത്‌ പുരുഷമേധാവിത്തത്തിന്റെ അധോതലങ്ങള്‍ ഇക്കൂട്ടരില്‍ ഏറിയ പങ്കിനെയും വൈശികവൃത്തിയിലേക്ക് കൂടി നയിക്കുന്നതായി നാം കാണുന്നത്. അതില്‍ പ്രതിഷേധിച്ച് സാമൂഹ്യസുരക്ഷിതത്വം തങ്ങള്ക്കും ഉറപ്പാക്കാന്‍ വേണ്ടി അവരില്‍ പലരും തുടര്ന്നു സ്വന്തം കുടുംബങ്ങളുണ്ടാക്കുന്നതില്‍ വിജയിക്കുകയും അതില്‍നിന്ന് പാരമ്പര്യമായി നൃത്തക്കാരികളെ മാത്രം സംഭാവനചെയ്യുന്ന കുടുംബങ്ങള്‍ ഉണ്ടായിവരികയും ചെയ്തിട്ടുണ്ട്. അവരൊക്കെ തന്ത്രപൂര്‍വ്വം കരുക്കള്‍നീക്കിക്കൊണ്ട് കൂടുതല്‍ സമ്പത്തും സമൂഹത്തില്‍ സ്വാധീനവും ആര്ജ്ജിച്ച് തങ്ങളുടെ നൃത്തപാരമ്പര്യം ആചാരപരമായ അവകാശമായി മാറ്റിയെടുത്ത കഥകളും നമുക്ക് കണ്ടെത്താനാകും. സ്വന്തം ശരീരത്തിന്റെ മുഗ്ദ്ധങ്ങളായ രൂപഭാവങ്ങള്‍ ഉപയോഗിച്ചാണ് തങ്ങള്‍ ഉപജീവനം നേടുന്നതെന്ന ബോധം ഈ നര്ത്തകവൃന്ദത്തിനു ജീവശാസ്ത്രപരമായിത്തന്നെ എല്ലാവരുടെയും ശ്രദ്ധപിടിച്ചുപറ്റാനും അങ്ങിനെ സമൂഹത്തില്‍ മേധാവിത്തം നേടാനും അവസരം കൊടുത്തിട്ടുണ്ടാകും. കലാകാരന്മാര്‍ എന്ന നിലക്ക് ധിഷണയുടെ ഔന്നത്യങ്ങളില്‍ വ്യാപരിക്കുമ്പോളാകട്ടെ ഭരണകര്ത്താക്കള്ക്ക് മുകളില്‍പ്പോലും തങ്ങളുടെ മേധാശക്തിയെ അവര്‍ സങ്കല്പത്തിലെങ്കിലും പ്രതിഷ്ഠിച്ചിരിക്കും. ഇവരാണ് അസ്വാദനാനുഭൂതികളുടെ ഉയരങ്ങളിലേക്ക്, മാനവികതയുടെ കൊടിയയടയാളങ്ങളില്‍ ഒന്നായി മോഹിനിയാട്ടത്തെപ്പോലുള്ള കലാരൂപങ്ങളെ എടുത്തുയര്ത്തിവെക്കുന്നതും കാലാന്തരേണ കാലാനുകൂലമായ മാറ്റങ്ങള്‍ വരുത്തിക്കൊണ്ട് ആ നൃത്തരൂപത്തെ നിലനിര്ത്തിപ്പോന്നതും. അതിനിടയില്‍ മിക്കവര്ക്കും ധാരാളം സമ്പത്ത്‌ കരഗതമായിരുന്നു. രാജഭണ്ഡാരങ്ങളില്‍ അടിഞ്ഞുകൂടിയിരുന്ന മിച്ചസമ്പത്തിന്റെ തണലില്‍ സമൂഹത്തിലെ ഉന്നതര്ക്ക് ലഭ്യമാകുന്ന ഒഴിവുവേളകളും സാമ്പത്തികസുരക്ഷിതത്വവുമാണ് ഇവരെ നിലനിര്ത്തിപ്പോന്ന സാമ്പത്തികഘടകം. രാജവംശങ്ങള്‍ ബലഹീനങ്ങളായിപ്പോകുന്ന കാലത്ത്‌ സ്വന്തം കലാസപര്യകള്‍ അഭംഗുരം നിലനിര്ത്താന്‍ തങ്ങളുടെ പാരമ്പര്യബോധവും മുന്കാലങ്ങളില്‍ നേടിവച്ച സമ്പത്തും

ഇവരെ സഹായിച്ചിട്ടുണ്ടാകും. അതെല്ലാമാകട്ടെ തങ്ങളുടെ തൊഴിലില്‍ ഉത്കര്ഷം നേടിക്കൊണ്ട് സമൂഹശ്രേണിയുടെ മുകള്ത്തട്ടില്‍ത്തന്നെ നിന്നുപറ്റാന്‍ മറ്റെല്ലാ തൊഴില്‍ക്കാരെയുംപോലെ അവര്‍ നടത്തിയ നിരന്തരമായ പരിശ്രമങ്ങളുടെ പരിണതഫലം മാത്രമാണ്. ഏതായാലും ഒരു കാര്യം വ്യക്തമാണ്. നേരത്തെ സൂചിപ്പിച്ചതുപോലെ സമൂഹത്തില്‍ എങ്ങിനെ അതിജീവനം സാദ്ധ്യമാക്കാമെന്ന അന്വേഷണങ്ങളുടെ പരിണതഫലം തന്നെയാണ് മോഹിനിയാട്ടംപോലുള്ള നൃത്തങ്ങളുടെ വളര്ച്ചയും. ദുരിതപൂര്ണ്ണമായ സഹനങ്ങളുടേയും അതില്നിന്നു രൂപംകൊള്ളുന്ന പ്രതിഷേധങ്ങളുടേയും ഗത്യന്തരമില്ലാത്ത എടുത്തുചാട്ടങ്ങളുടേയും സസൂക്ഷ്മം നടത്തിയ കാല്‍വെപ്പുകളുടേയും സങ്കലനവ്യവകലനങ്ങളിലൂടെ സ്വന്തം പരിസരങ്ങളെ ഏതു മനുഷ്യരെയുംപോലെ ആത്മവിശ്വാസത്തോടെ നേരിട്ടുകൊണ്ടിരിക്കെ തന്നെയാണ് ഈ കലാകാരികള്‍ തങ്ങളുടെ നൃത്തരൂപത്തെ സ്ഫുടംചെയ്തെടുത്തത്. ഈ സ്ഫുടീകരണമാകട്ടെ അവര്‍ നേരിട്ടുകൊണ്ടിരുന്ന വെല്ലുവിളികള്ക്കുള്ള മറുപടിയുമായിരുന്നു. അവരുടെ ബലസമാഹരണത്തിന്റെ ദ്രുതതാളങ്ങളും കൈമുദ്രകളുമായി അത് മാറുന്നു. അതില്‍ നിന്നുറവെടുക്കുന്ന ആത്മവിശ്വാസവും ധൈര്യവും സ്വന്തം തൊഴിലില്‍ ആനന്ദം കണ്ടെത്താനും അത് സമൂഹത്തിലേക്ക് പ്രസരിപ്പിക്കാനും അതിന്നുള്ള മറുപടിയായി നിങ്ങളുടെ സമൂഹത്തിന്റെ ഭാഗമായി ഞങ്ങളേയും അംഗീകരിച്ചേപറ്റൂ എന്ന് അസന്ദിഗ്ദ്ധമായി പ്രഖ്യാപിച്ചുകൊണ്ടു അധികാരസ്ഥാനങ്ങളുടെ മുന്നിലേക്ക്‌ കടന്നുചെല്ലാനും അവരെ പ്രാപ്തരാക്കുന്നു. അങ്ങിനെ സമൂഹത്തിന്റെ അംഗീകാരം നേടിയെടുത്ത ഈ നര്ത്തകക്കൂട്ടത്തിന്നു പലകാലത്തും സാമ്പത്തികമായി ഉയര്ന്നുനില്ക്കാനും അധികാരകേന്ദ്രങ്ങളില്‍ സ്വാധീനം ചെലുത്താനും കഴിഞ്ഞിരുന്നു. അതാത് തൊഴിലില്‍ ഏര്പ്പെടുന്നവരുടെ ആജീവനതന്ത്രങ്ങളുടെ ഫലമായിട്ടുകൂടിയാണ് തങ്ങളുടെ തൊഴിലുകളില്‍ അവര്‍ മിടുക്ക് കൈവരിക്കുന്നത് എന്നും നാം അങ്ങിനെ കണ്ടെത്തുന്നു. ഇതൊക്കെത്തന്നെയാണ് ആ നൃത്തരൂപത്തിന്റെ ചരിത്രവും. അങ്ങിനെ വരുമ്പോള്‍ നമ്മുടെ പൈതൃകങ്ങളുടെ ചരിത്രമന്വേഷിക്കുന്ന സമയത്ത്‌ നാം കണ്ടെത്തുന്നത് അവയെക്കുറിച്ചുള്ള കേവലങ്ങളായ അറിവുകളല്ല മറിച്ച് അതിനു രൂപംകൊടുത്ത അസംഖ്യം മനുഷ്യരെത്തന്നെയാണ്. അതിലൂടെ നമ്മെത്തന്നെയും.

പതിനേഴ് പതിനെട്ട് നൂറ്റാണ്ടുകളില്‍ സാമൂഹ്യസാംസ്കാരികരംഗങ്ങളില്‍ വന്ന മാറ്റങ്ങള്‍ കൊണ്ടു ഈ നൃത്തത്തിനു ദീര്ഘകാലം ഗ്ലാനി സംഭവിച്ചിരുന്നു. കൂത്ത് നടത്തുന്നവരെന്ന നിലയില്‍ നൃത്തക്കാരികളെ കൂത്തച്ചികള്‍ എന്ന് വിളിച്ചുപോന്ന സമൂഹം പില്കാലത്ത്‌ ഇവരെ കയ്യൊഴിയുകയും സാമൂഹ്യമായി അവര്‍ പുറന്തള്ളപ്പെടുകയുമുണ്ടായി. അങ്ങിനെ കുറേക്കാലം വിസ്മൃതിയില്‍പ്പെട്ടുപോയ ഈ കലാരൂപം പത്തൊമ്പതാം നൂറ്റാണ്ടില്‍ സ്വാതിതിരുനാള്‍ മഹാരാജാവിന്റെ ശ്രമഫലമായിട്ടാണ് പുനരുജ്ജീവിക്കപ്പെടുന്നത്. പിന്നെ ഇരുപതാം നൂറ്റാണ്ടിന്റെ മദ്ധ്യത്തോടെ വള്ളത്തോളിലും കേരള കലാമണ്ഡലത്തിലുമായി പുതിയ മാര്ഗ്ഗദര്ശികളെ അത് കണ്ടെത്തുന്നു. ഇതേ കാലഘട്ടത്തില്‍ ഒരു നര്ത്തകിയാകാന്‍ ആഗ്രഹിക്കുകയും വ്യക്തിഗതങ്ങളായ പരിശ്രമങ്ങളിലൂടെ അത് സാധിതപ്രായമാക്കിക്കൊണ്ട് മോഹിനിയാട്ടം പോലുള്ള നൃത്തരൂപങ്ങളെ പുനരുദ്ധരിക്കാന്‍ ശ്രമംനടത്തി വിജയിക്കുകയും ചെയ്തവരുടെ കൂട്ടത്തില്‍ വേറിട്ട് നില്ക്കുന്ന ശ്രീമതി മൃണാളിനി സാരാഭായിയുടെ ആത്മകഥയില്‍ ഒരു നര്ത്തകകിയെന്ന നിലയില്‍ അക്കാലത്തും സമൂഹത്തില്‍ അംഗീകാരം നേടിയെടുക്കാന്‍, സമൂഹത്തിന്റെ ഉന്നതശ്രേണിയില്‍ നിന്ന് വന്ന ഒരാളായിട്ടുകൂടി, അവര്‍ക്ക് നേരിടേണ്ടിവന്ന വെല്ലുവിളികളെ വിവരിക്കുന്നുണ്ട്. തുടര്ന്നു ശാസ്ത്രീയനൃത്തത്തിന്റെ ലോകത്തിലേക്ക് സമകാലീനപ്രശ്നങ്ങളേക്കൂടി കുടിയിരുത്തിക്കൊണ്ടും അതിന്റെ അന്നത്തെ അയവില്ലാത്ത ശാസ്ത്രീയതയെ ഉല്ലംഘിച്ചുകൊണ്ടും ആ വെല്ലുവിളികളെ അവര്‍ സമര്ത്ഥമായി നേരിട്ടതും ചരിത്രമാകുന്നു. അവരെപ്പോലെ നിരവധിപേര്‍ അത്തരം വെല്ലുവിളികളെ നേരിടാന്‍ ഇറങ്ങിത്തിരിച്ചതുകൊണ്ടാണ് ആ നൃത്തരൂപങ്ങള്‍ ഇന്നും അന്യം നിന്നുപോകാതിരിക്കുന്നത്. ഇതാണ് അതിന്റെ സമകാലീനചരിത്രം. അതും വിരല്‍ചൂണ്ടുന്നത് നേരത്തെ ചര്ച്ചചെയ്ത വസ്തുതകളിലേക്ക് തന്നെയാണല്ലോ.
പൈതൃകങ്ങള്‍ ചരിത്രത്തില്‍ നിന്ന് രൂപംകൊള്ളുന്ന പ്ലവവസ്തുക്കളാണ്. അതുകൊണ്ടു അവയെ യഥാര്ത്ഥചരിത്രത്തില്‍ നിന്നുപെറുക്കിയെടുത്ത്‌ മറ്റൊരിടത്തേക്ക് എളുപ്പം മാറ്റാനും പുതിയ എടുപ്പുകളില്‍ എല്ലാവരും കാണ്കെ സ്ഥാപിക്കാനും കഴിയും. അങ്ങിനെ ഇടക്കിടെ സ്ഥാനഭ്രംശത്തിന്നു വിധേയമാകുവാനും അതാത് കാലത്ത് അതിനെ കയ്യാളുന്നവരാണ് അതിന്റെ എക്കാലത്തെയും ഉടമകളെന്നു വന്നുപെടാനുമുള്ള ദുര്യോഗവും പല പൈതൃകങ്ങള്ക്കും ഉണ്ടാകാറുണ്ട്. അത് സ്ഥാപിച്ചെടുക്കാന്‍ അതിനെ കയ്യാളുന്നവര്‍ പുത്തന്‍കഥകളും മെനഞ്ഞുണ്ടാക്കിയിരിക്കും. ഷാജഹാന്റെ മയൂരസിംഹാസനത്തിന്റെ കഥ ശ്രദ്ധിക്കുക. ആയിരത്തിഒരുന്നൂറ്റിഅമ്പത് കിലോഗ്രാം തനിത്തങ്കവും കോഹിനൂര്‍ അടക്കം നിരവധി രത്നങ്ങളും മറ്റു വിശേഷപ്പെട്ട വസ്തുക്കളുംകൊണ്ട് നിര്മ്മിച്ച അത് ഭാരതത്തിന്റെ മഹാപൈതൃകങ്ങളില്‍ വിലമതിക്കാനാകാത്തതായിരുന്നു. മുഗള്‍ സാമ്രാജ്യം മുഴുവനും ഒരുതരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ അതിന്റെ നിര്മ്മിതിയില്‍ പങ്കാളികളായിരുന്നു. പതിനെട്ടാം നൂറ്റാണ്ടില്‍ നാദിര്‍ ഷാ കൊള്ളയടിച്ചുകൊണ്ടുപോയി ഏറെക്കാലം കഴിയും മുമ്പ് അത് കഷണം കഷണമായി പലരുടെയും കൈകളില്‍ എത്തിപ്പെട്ട് ഇല്ലാതായി എന്നാണു ചരിത്രം. എങ്കിലും പേര്ഷ്യയിലെ പില്ക്കാല പല്ലവിരാജവംശം അതിന്റെ അനുകരിച്ചുകൊണ്ട് പിന്നീടുണ്ടാക്കിയ സിംഹാസനത്തെ അവര്‍ മയൂരസിംഹാസനം എന്ന് വിളിച്ചുപോന്നിരുന്നു.

ചരിത്രത്തെ അറിയാന്‍ പൈതൃകങ്ങളെ അറിയുന്നതോടെ സാധിക്കുമെന്ന് തെറ്റിദ്ധരിക്കുന്നതുകൊണ്ടാണ് നാം അവയെക്കുറിച്ചു പറഞ്ഞുകേള്ക്കുന്ന കഥകള്‍ ചരിത്രമായി മനസ്സിലേറ്റുന്നത്. അപ്പോള്‍ പൈതൃകങ്ങളെ അമൂര്ത്തതകളായി കാണുന്നതുകൊണ്ട്, അവയുടെ നിര്മ്മിതിയില്‍ മുഴുവന്‍ സമൂഹവും ഭാഗഭാക്കുകളാകുന്നതറിയാതെ, എല്ലാമനുഷ്യരെയും ചരിത്രസൃഷ്ടാക്കളായി കാണാന്‍ നമുക്കാകാതെ വരുന്നു. കാലം തങ്ങള്ക്ക് നേരേ ഉയര്ത്തിയ വെല്ലുവിളികളെ നേരിടാന്‍ നടത്തിയ സംഘര്ഷപൂരിതമായ കഠിനപരിശ്രമങ്ങളിലൂടെ സ്വന്തം സര്ഗ്ഗശക്തിയുടെ വികാസം സാധിക്കവേ അവ സമൂഹത്തില്‍ പുരോഗമനപരമായ മാറ്റങ്ങള്ക്കു കാരണമായിക്കൊണ്ട് വിജയകിരീടം ചൂടുന്നത് അഭിമാനത്തോടെ അറിഞ്ഞുനിന്നവരാണ് അവര്‍. അതിജീവനത്തിന്റെ പാതകള്‍ വെട്ടിത്തെളിച്ചുകൊണ്ട് എന്നും മുമ്പോട്ടു നടക്കുന്ന അവരുടേതാണ് മനുഷ്യചരിത്രം. തങ്ങള്‍ സൃഷ്ടിക്കുന്ന ചരിത്രത്തെക്കുറിച്ചും അതില്നിന്നു ഉരുണ്ടുകൂടുന്ന പൈതൃകങ്ങളെക്കുറിച്ചും ഒരിക്കലുമറിയാത്തവര്‍. അവരില്‍ നിന്നാണ് സമൂഹനിര്മ്മിതിയെക്കുറിച്ചു നമുക്ക് ഏറെ പഠിക്കാനുള്ളത്. അതുകൊണ്ടുതന്നെ അവരുടെ ചരിത്രങ്ങള്‍ നന്നായി അറിയുകയെന്നതാകട്ടെ നമ്മുടെ ചരിത്രപഠനശ്രമങ്ങളുടെ ദൌത്യം.

Subscribe Tharjani |