തര്‍ജ്ജനി

കാഴ്ച

സുരേഷ് കൂത്തുപറമ്പിന്റെ ചിത്രലോകം

ആഗോളീകരണത്തിന്റെ സാംസ്കാരികപരിസരത്തില്‍ പാരമ്പര്യം മുതല്‍ സാമൂഹിക മൂല്യങ്ങള്‍ വരെ കടുത്ത വിശകലനത്തിനുശേഷമാണു് പുതുരൂപങ്ങളിലുള്ള ആവിഷ്കരിക്ക പ്പെടുന്നതു്. കേരളത്തിന്റെ സമകാലികസാമൂഹിക-രാഷ്ട്രീയാവസ്ഥയിലും സ്ഥിതി വ്യത്യസ്തമല്ല. അതിനാല്‍ ഒരു കലാകാരന്‍, സര്‍ഗ്ഗാത്മകതയുടെ പൊതുമണ്ഡലത്തില്‍ പ്രവര്‍ത്തിക്കുന്ന ഏതൊരാ ളെയും പോലെ കടുത്ത ഉത്തരവാദിത്തം ഏറ്റെടുക്കുകയാണു് ചെയ്യുന്നതു്. ജീവിതത്തിന്റെ വിവിധ മണ്ഡലങ്ങളിലെ വൈവിദ്ധ്യമാര്‍ന്ന പ്രശ്‌നങ്ങളോടു് പ്രതികരിക്കുകയെന്ന ഉത്തരവാദിത്തം എന്തു തന്നെയായാലും വലിയ ഒരു ഉത്തരവാദിത്തം തന്നെയാണു്. സാമൂഹികവും രാഷ്ട്രീയവുമായ പ്രശ്‌നങ്ങളോടു് കലാസാഹിത്യാദികളിലൂടെ സര്‍ഗ്ഗാത്മകമായി പ്രതികരിക്കുക എന്നതു് കേരളത്തിന്റെ സവിശേഷതയാണു്. ഇത്തരം പ്രതികരണങ്ങളിലൂടെ സ്വത്വാവിഷ്കാരത്തിന്റേയും സാമൂഹിക പ്രതിജ്ഞാബദ്ധത പ്രകടിപ്പിക്കുന്നതിന്റേയും മണ്ഡലമായി സ്വന്തം സര്‍ഗ്ഗാത്മകതയുടെ ഇടം അവര്‍ രൂപപ്പെടുത്തിയെടുക്കുന്നു. കേരളത്തിന്റെ ഉന്നതമായ വിദ്യാഭ്യാസവും നവോത്ഥാനമൂല്യങ്ങളും ഇതിനു് അനുകൂലമായ അന്തരീക്ഷം സൃഷ്ടിച്ചിട്ടുണ്ടു്.

ഭാരതീയകലയിലും ആഗോളതലത്തിലും ഇത്തരം സര്‍ഗ്ഗാത്മകപ്രതികരണളുടെ പാത പിന്തുടരുന്നവര്‍ നിരവധിയാണു്. സുരേഷ് കൂത്തുപറമ്പിന്റെ രചനകളിലും നമുക്കിതു് കാണാനാവുന്നതാണു്. കണ്ണൂര്‍ ജില്ലയിലെ കൂത്തുപറമ്പ് സ്വദേശിയാണു് ഈ ചിത്രകാരന്‍. കടുത്ത രാഷ്ട്രീയപ്രതികരണങ്ങളുടെ പേരില്‍ പ്രശസ്തമായ ഈ ദേശത്തിന്റെ മുദ്രകള്‍ സുരേഷിന്റെ മുന്‍കാലരചനകളില്‍ അന്തര്‍ധാരയായി വര്‍ത്തിക്കുന്നുണ്ടു്. വര്‍ണ്ണങ്ങളുടെ ആഘോഷം എന്നു പേരിട്ട ഒരു പ്രദര്‍ശനവുമായാണു് ഇപ്പോള്‍ ഈ ചിത്രകാരന്‍ നമ്മുക്കു മുന്നിലെത്തുന്നതു്. ഇദ്ദേഹത്തിന്റെ കലാജീവിതത്തിലെ വ്യത്യസ്തകാലഘട്ടങ്ങളിലെ രചനകള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടു് നടത്തുന്ന ഈ പ്രദര്‍ശനം സവിശേഷശ്രദ്ധയര്‍ഹിക്കുന്നു. രചനാരീതിയിലും കാഴ്ചപ്പാടിലും വൈവിദ്ധ്യം പുലര്‍ത്തുന്ന ഈ രചനകള്‍ ഒരു കലാകാരന്റെ ആത്മാന്വേഷണത്തിന്റെ രേഖാസാക്ഷ്യമായി മാറുന്നു. കലാതന്ത്രത്തില്‍ മാത്രമല്ല അവബോധതലത്തിലും ഈ ചിത്രകാരനിലുണ്ടായ പരിണാമത്തിന്റെ വെളിപ്പെടുത്തലുകളാണു് ഈ കലാപ്രദര്‍ശനം. ശിശുസഹജമായ നിഷ്കളങ്കത പ്രകടിപ്പിച്ചുകൊണ്ടു് രേഖകളും സുതാര്യവര്‍ണ്ണങ്ങളുമായി രമിക്കുന്ന ആദ്യകാലരചനകളില്‍ ചിലതു് മേല്ക്കുമേല്‍ വിന്യസിച്ച രൂപങ്ങളിലൂടെ, പ്രത്യക്ഷത്തില്‍ രൂപപരമായി പൂര്‍ണ്ണമെന്നു തോന്നിക്കാമെങ്കിലും ഭൗതികമായ അപൂര്‍ണ്ണതയെക്കുറിച്ചുള്ള ബോധം നല്കുന്നുണ്ടു്. സുരേഷിന്റെ സമകാലികരചനകള്‍ രൂപങ്ങളുടെ ധാരാളിത്തത്തില്‍ നിന്നും പിന്‍വാങ്ങി ഫ്‌ളൂറസെന്റ് വര്‍ണ്ണങ്ങളില്‍ ചെടികള്‍, പൂവുകള്‍, ഫലങ്ങള്‍, മരങ്ങള്‍, പക്ഷികള്‍, മൃഗങ്ങള്‍ എന്നിവയോടൊപ്പം മനുഷ്യരേയും ചിത്രീകരിക്കുന്നു. വര്‍ണ്ണക്കടലാസു കഷണങ്ങള്‍കൊണ്ടു് താളാത്മകമായ കൊലാഷ് രൂപങ്ങളും ലളിതമായ ഷേഡുകളും പാശ്ചാത്യചിത്രകലയിലെ മഹാചാര്യന്മാരായ പിക്കാസോ, മത്തീസ്, ഷഗാല്‍ എന്നിവരെ അനുസ്മരിപ്പിക്കുന്നതാണു്.

സുരേഷ് കൂത്തുപറമ്പിന്റെ ചിത്രങ്ങള്‍ വ്യക്തിഗതമായ ആശയങ്ങളുടേയും അമൂര്‍ത്തം, മിനിമല്‍, യഥാതഥം, സര്‍റിയല്‍ ശൈലികളില്‍ വരഞ്ഞു വെച്ച സാമൂഹികപ്രശ്‌നങ്ങളുടേയും മിശ്രണമാണു്. ഈ മിശ്രണത്തിലൂടെ തികച്ചു വ്യക്തിഗതമായ ചിത്രഭാഷ ഇദ്ദേഹം രൂപപ്പെടുത്തിയിട്ടുണ്ടെന്നു കാണാവുന്നതാണു്.

സുരേഷ് കെ. നായര്‍
ചിത്രകലാവിഭാഗം,
ബനാറസ് ഹിന്ദു സര്‍വ്വകലാശാല,
വരാണസി

Subscribe Tharjani |
Submitted by Rajan (not verified) on Sat, 2008-10-18 08:29.

നമ്മുടെ ചിത്രനിരൂപകന്മാര്‍ക്ക്‌ ഒരുദോഷമുണ്ട്‌ പാവം മലയാളിയുടെ ചിത്രങ്ങള്‍ കാണുമ്പോള്‍ ഏതെങ്കിലും വിദേശചിത്രകാരനെ ഓര്‍മ്മിക്കുന്നുവെന്നോ അനുസ്മരിക്കുന്നുവെന്നോ എഴുതിച്ചേര്‍ക്കുക.അല്ലെങ്കില്‍ അങ്ങിനെ എഴുതിയില്ലയെങ്കില്‍ മുഴുവനായില്ലെങ്കിലോ എന്നോര്‍ത്തിട്ടാകും.ലോകത്തിലെ പല ഗാലറികളും കണ്ട എനിക്ക്‌ തോന്നിയിട്ടുള്ളത്‌ ശുദ്ധ അബദ്ധമാണിതെന്നാണ്‌.ത്രിമാനവീക്ഷണം വരദാനമായിക്കിട്ടിയ എല്ലാം മറന്ന് വരയ്ക്കുന്ന ഒരുവന്‌ ഇപ്പറയുന്ന മത്തീസിന്റെയൊ,പിക്കാസൊയുടെയൊ, ഷഗാലിന്റെയൊ,ഒന്നും ഒരു താങ്ങ്‌ വേണ്ടമാഷേ..വിമര്‍ശനം പുകഴ്ത്തലോ ഇകഴ്ത്ത്തലോ ആകാതെ തികച്ചും ഊര്‍ജ്ജം പകരുന്നതാകണം, തെറ്റുകള്‍ തിരുത്താനുതകുന്നതാകണം എന്നാണെന്റെ പക്ഷം. ചിത്രകല വായിച്ചുപഠിച്ച്‌ ആസ്വാദനമെഴുതുന്നത്‌ സ്വന്തം വിജ്ഞാനംവിളമ്പാനാവരുത്‌. സുരേഷ്‌ നാന്നായിവരയ്ക്കുക.