തര്‍ജ്ജനി

മുഖമൊഴി

കോതമംഗലത്തെ നീതിമാന്മാരും കുറ്റവാളികളും

പൗരാവകാശവും നിയമവാഴ്ചയും അംഗീകരിക്കുന്ന ഒരു പരിഷ്കൃതസമൂഹത്തില്‍ കാണുമെന്ന് പ്രതീക്ഷിക്കാനാവാത്ത നഗ്നമായ നിയമലംഘനവും തൊഴില്‍ചൂഷണവും കേരളത്തില്‍ നടക്കുന്നുവെന്നു് ഇതിനുമുമ്പും മുഖമൊഴിയില്‍ ഞങ്ങള്‍ എഴുതിയിട്ടുണ്ട്. ഈ വിഷയം ഒരിക്കല്‍ക്കൂടി ചര്‍ച്ചചെയ്യാന്‍ പ്രേരിപ്പിക്കുന്നതാണ് കോതമംഗലത്ത് ഈയിടെയുണ്ടായ സംഭവവികാസങ്ങള്‍. കോതമംഗലം മാര്‍ ബസേലിയോസ് ആശുപത്രിയിലെ നേഴ്‌സുമാര്‍ നടത്തിയ സമരവും അതിന്റെ പരിസമാപ്തിയും കേരളീയരുടെ രാഷ്ട്രീയപ്രബുദ്ധതയും നീതിബോധവും വെറും വിടുവായത്തം മാത്രമാണെന്ന് ഒരിക്കല്‍ക്കൂടി നമ്മെ ബോദ്ധ്യപ്പെടുത്തിയിരിക്കുന്നു. മാത്രമല്ല, മതനേതാക്കളുടെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങള്‍ ആത്മീയതയുടെ വിശുദ്ധിയല്ല ഷൈലോക്കിന്റെ കണ്ണില്‍ച്ചോരയില്ലാത്ത ലാഭക്കൊതിയാണ് പ്രകടമാക്കുന്നതെന്നും ഒരിക്കല്‍ക്കൂടി നമ്മുക്ക് കാണിച്ചുതന്നു.

കേരളത്തിലെ മറ്റേത് സ്വകാര്യ ആശുപത്രിയില്‍ നിന്നും ഒട്ടും മെച്ചപ്പെട്ട തൊഴില്‍സാഹചര്യമല്ല കോതമമംഗലത്തെ മാര്‍ ബസേലിയോസ് ആശുപത്രിയില്‍ നിലനിന്നിരുന്നത്. നഴ്‌സിംഗ് ബിരുദം നേടി ജോലിചെയ്തിരുന്ന അവിടത്തെ ജീവക്കാര്‍ക്ക് അപമാനകരമാംവിധം തുച്ഛമായ വേതനമാണ് മാനേജ്‌മെന്റ് നല്കിയിരുന്നത്. എട്ടു മണിക്കൂര്‍ ജോലിയെന്ന വ്യവസ്ഥ അവിടെയുണ്ടായിരുന്നില്ല. തുടര്‍ച്ചയായി പലേ ഷിഫ്റ്റുകളിലായി അവര്‍ ജോലിചെയ്തിരുന്നത് ഈ തുച്ഛമായ വേതനത്തിനാണ്. അതാവട്ടെ, ബോണ്ടിന്റെ അടിസ്ഥാനത്തിലുള്ള നിയമനത്തിന്റെ അടിസ്ഥാനത്തിലും. സുപ്രീം കോടതി നിയമവിരുദ്ധമായി പ്രഖ്യാപിച്ചിട്ടുള്ള ബോണ്ടിന്റെ അടിസ്ഥാനത്തിലുള്ള ജോലിചെയ്യിക്കല്‍ നിര്‍ബ്ബാധം നടത്തുകയായിരുന്നു മതമേധാവികളുടെ മാനേജ്‌മെന്റിനു കീഴിലുള്ള ഈ ആശുപത്രി. കേരളത്തിലെ സ്വകാര്യ ആശുപത്രികളുടെ സാമാന്യമായ രീതി പിന്തുടരുന്നുവെന്ന് അവര്‍ക്ക് സ്വയം നീതീകരിക്കാനാവുമോ? ലാഭമുണ്ടാക്കാന്‍ എന്തു് നെറികേടും കാണിക്കുന്ന സ്വകാര്യമുതലാളിയെപ്പോലെയാണോ ആത്മീയാചാര്യന്മാര്‍ പെരുമാറേണ്ടത്. ഏറ്റവും കുറഞ്ഞത് ദേവാലയത്തില്‍ പ്രഘോഷണംചെയ്യുന്ന കാരുണ്യത്തിന്റെ ഒരംശമെങ്കിലും തങ്ങളുടെ ജീവനക്കാരോട് കാണിക്കുവാന്‍ മതമേലധികാരികള്‍ക്ക് തോന്നേണ്ടതല്ലേ? അങ്ങനെ തോന്നാതിരിക്കുന്നതിന് എന്ത് ആത്മീയസാധൂകരണമാണ് അവര്‍ക്ക് നല്കാനുള്ളത്?

അണ്‍ എയ്ഡഡ് മേഖലയിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍, സ്വാശ്രയവിദ്യാഭ്യാസസ്ഥാപനങ്ങള്‍, സ്വകാര്യ ആശുപത്രികള്‍ എന്നിവയാണ് കേരളത്തിലെ തൊഴില്‍ചൂഷണത്തിന്റെ ഏറ്റവും വലിയ കേന്ദ്രങ്ങള്‍. നഗ്നമായ നിയമലംഘനമാണ് ഇവിടങ്ങളില്‍ നടക്കുന്നത്. ഇവരെ ഫലപ്രദമായി നിയന്ത്രിക്കുവാനുള്ള നിയമങ്ങളില്ല എന്നതാണ് ഒന്നാമത്തെ പ്രശ്‌നം. ഉള്ള നിയമങ്ങള്‍ പാലിക്കുവാന്‍ വിസമ്മതിക്കുന്നവര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുവാന്‍ തയ്യാറാവാത്ത ഭരണാധികളും അവരെ ഭയന്നുകഴിയുന്ന ഉദ്യോഗസ്ഥരുമാണ് പ്രശ്‌നത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നത്. ഇത്തരം സ്ഥാപനങ്ങളിലെ, ചൂഷണത്തിനും പീഢനത്തിനും വിധേയരാവുന്ന ജീവനക്കാര്‍ക്ക് പരാതിബോധിപ്പിക്കുവാനും പരാതികളില്‍ നടപടികളെടുക്കുവാനും പ്രബുദ്ധകേരളത്തില്‍ സാദ്ധ്യമല്ല എന്ന വസ്തുത അപമാനകരമാണ്. സഹകരണമേഖലയില്‍ നടത്തുന്ന ആശുപത്രികളുടെ മാതൃകയാണ് സ്വകാര്യ ആശുപത്രികളും പിന്തുടരുന്നത്. എ. കെ. ജിയുടേയും ഇ. എം. എസ്സിന്റേയും പേരിലുള്ള സഹകരണ ആശുപത്രികളുടെ മാതൃക. തൊഴിലാളിവര്‍ഗ്ഗത്തെ പിടിച്ച് ആണയിടുന്ന രാഷ്ട്രീയക്കാര്‍ നടത്തുന്ന തൊഴില്‍ചൂഷണവും നിയമന-വേതനരീതികളും പിന്തുടരുന്ന സ്വകാര്യ ആശുപത്രികളുടെ സംരക്ഷകര്‍ തൊഴില്‍ചൂഷണം രാഷ്ട്രീയത്തിന്റെ മറയില്‍ നടത്തുന്ന നെറികെട്ട നേതൃത്വമാണ്.

ക്രൈസ്തവമാനേജ്‌മെന്റ് മാത്രമല്ല, മാതാ അമൃതാനന്ദമയിയുടെ സ്ഥാപനവും ഈ നെറികെട്ട മാതൃകതന്നെയാണ് പിന്തുടരുന്നതെന്ന് കൊച്ചിയില്‍ അമൃത ഇന്‍സ്റ്റിറ്റിയൂട്ടിലെ നേഴ്‌സിംഗ് ജീവനക്കാര്‍ സമരം ചെയ്തപ്പോള്‍ നാം കണ്ടതാണ്. സമരം ചെയ്ത ജീവനക്കാരെ പരുവപ്പെടുത്തുകയെന്ന വിശേഷവും അവിടെയുണ്ടായി. രാപ്പകല്‍ കാരുണ്യം, സേ്‌നഹം എന്നെല്ലാം പറഞ്ഞുനടക്കുന്നവരാണ് ഈ നെറികേടുകള്‍ ചെയ്യുന്നതെന്നതാണ് ശ്രദ്ധേയമായ വസ്തുത. തനിക്ക് ലോകത്തെ ചൂഷണം ചെയ്യാനും വരുതിയില്‍ നിറുത്താനുമായുള്ള കുതന്ത്രമായി ആത്മീയതയെ ഉപയോഗിക്കുന്നവരുടെ തലയില്‍ അവര്‍ ആണയിടുന്ന ദൈവം സത്യമാണെങ്കില്‍ ശാപങ്ങളുടെ പെരുമഴതന്നെ പെയ്യും, അവര്‍ ചെയ്യുന്ന പാപത്തിന്റെ ശിക്ഷ അവര്‍ അനുഭവിക്കുകതന്നെ ചെയ്യും. ദൈവത്തെയും ആത്മീയതയേയും തട്ടിപ്പിനും വഞ്ചനയ്ക്കും ചൂഷണത്തിനുമായി ഉപയോഗിച്ചതിന്റെ ദൈവശിക്ഷ അവര്‍ക്ക് ലഭിക്കട്ടെ. ദൈവത്തിന്റെ പ്രതിപുരുഷന്മാരായി സ്വയം വേഷംകെട്ടിയിറങ്ങിയ ഇത്തരക്കാര്‍ അതേസമയം നാട്ടിലെ നിയമങ്ങള്‍ അനുസരിക്കാന്‍ ബാദ്ധ്യസ്ഥരാണ്. നിയമങ്ങള്‍ക്ക് വിധേയരായി പ്രവര്‍ത്തിക്കാന്‍ മാത്രമേ അവര്‍ക്ക് അധികാരമുള്ളൂ. അക്കാര്യം ഉറപ്പുവരുത്തുവാനുള്ള ഉത്തരവാദിത്തം സര്‍ക്കാര്‍സംവിധാനങ്ങള്‍ക്കുണ്ട്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ വരുത്തുന്ന വീഴ്ചയും നിയമലംഘനം നടത്തുന്നവരോട് പുലര്‍ത്തുന്ന വിധേയത്വവുമാണ് എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം.

കോതമംഗലം മാര്‍ ബസേലിയോസ് ആശുപത്രിയിലെ നഴ്‌സിംഗ് ജീവനക്കാരുടെ സമരം ഒറ്റപ്പെട്ടതല്ല. കേരളത്തില്‍ ഉടനീളം ഈ മേഖലയില്‍ നടക്കുന്ന തൊഴില്‍ചൂഷണത്തിനെതിരെ പൊരുതുവാന്‍ ഒരു പാര്‍ട്ടിയുടേയും കീഴിലല്ലാതെ സംഘടന രൂപീകരിച്ചിട്ടുണ്ട് നേഴ്‌സിംഗ് ജീവനക്കാര്‍. സര്‍വ്വീസ് സംഘടന എന്ന പേരില്‍ വ്യത്യസ്ത ജോലികള്‍ ചെയ്യുന്നവരുടെ സംഘടനയുണ്ടാക്കി തങ്ങളോട് വിധേയത്വം പുലര്‍ത്തുന്ന ആള്‍ക്കൂട്ടത്തെ ഉണ്ടാക്കുന്ന പാര്‍ട്ടിക്കാര്‍ ആരും ഇക്കാലമത്രയും ചൂഷണത്തിന് വിധേയരാവുന്നരെ സംഘടിപ്പിക്കാനോ, അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കാനോ ചെറുവിരല്‍പോലും അനക്കിയിട്ടില്ല. അതിനാല്‍ സ്വന്തം കാര്യം സ്വയം നോക്കേണ്ടിവന്ന അവര്‍ സംഘടനയുടെ പേരില്‍ തങ്ങള്‍ ജോലിചെയ്യുന്ന ആശുപത്രികള്‍ക്ക് ജോലിസ്ഥിരത, ശമ്പളവര്‍ദ്ധന, ജോലിസമയം ക്രമീകരിക്കല്‍, തൊഴില്‍സുരക്ഷിതത്വം എന്നിങ്ങനെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് നിവേദനം നല്കുിയിരുന്നു. അത് ഫലം കാണാഞ്ഞതിനാല്‍ അവര്‍ക്ക് പ്രത്യക്ഷസമരരംഗത്തിറങ്ങേണ്ടി വന്നു. കേരളത്തില്‍ പലേടങ്ങളിലായി നേഴ്‌സിംഗ് ജീവനക്കാര്‍ സ്വകാര്യ ആശുപത്രികളില്‍ പണിമുടക്കി. പുരോഹിതന്മാരും പാര്‍ട്ടിക്കാരും നടത്തുന്ന ആശുപത്രികളില്‍ നേഴ്‌സുമാര്‍ക്ക് നല്കുന്ന ശമ്പളം ആയിരത്തിയഞ്ഞൂറ് രൂപയാണെന്ന് പൊതുജനം അറിയുന്നത് അപ്പോഴാണ്. ചികിത്സാരംഗം കൊള്ളലാഭമുണ്ടാക്കാനുള്ള കച്ചവടമായും തൊഴില്‍ചൂഷണത്തിനുള്ള മാര്‍ഗ്ഗമായും അധ:പതിപ്പിച്ച കുറ്റവാളികള്‍ ഒരു വശത്തും അവരാല്‍ പീഢിപ്പിക്കപ്പെടുകയും ചൂഷണം ചെയ്യപ്പെടുകയും ചെയ്യുന്ന പാവപ്പെട്ട നേഴ്‌സിംഗ് ജീവനക്കാര്‍ മറുവശത്തുമായുള്ള ഈ സമരത്തില്‍ ന്യായത്തിന്റെ പക്ഷം ഏതെന്ന് സാമാന്യബുദ്ധിയുള്ള ആര്‍ക്കും മനസ്സിലാവും. എന്നിട്ടും നമ്മുടെ രാഷ്ട്രീയക്കാരും ഭരണക്കാരും അഴകൊഴമ്പന്‍ നിലപാടാണ് ഈ വിഷയത്തില്‍ കൈക്കൊണ്ടത്. സമരങ്ങള്‍ വിജയിച്ചത് നേഴ്‌സിംഗ് ജീവനക്കാര്‍ ഒറ്റക്കെട്ടായി നിന്ന് പോരാടിയതിനാലാണ്. തൊഴില്‍ചെയ്ത് ജീവിക്കാന്‍ ആവശ്യമായ വേതനം മിനിമം വേതനമായി നല്കണമെന്ന ജീവല്‍പ്രധാനമായ ആവശ്യം ഉന്നയിച്ച് സമരംചെയ്യുന്ന ഒരു വിഭാഗം തൊഴിലാളികള്‍ക്കൊപ്പം ഉറച്ചുനില്ക്കാന്‍ നമ്മുടെ രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ക്കും അവരുടെ തൊഴില്‍സംഘടനകള്‍ക്കും സാധിച്ചില്ല എന്നത് എത്രത്തോളം ജനവിരുദ്ധമാണ് അവയെന്ന് വ്യക്തമാക്കുന്നു.

കോതമംഗലത്തെ മാര്‍ ബസേലിയോസ് ആശുപത്രിയിലെ ജീവനക്കാര്‍ നൂറ്റിപ്പതിനാല് ദിവസം സമരം നടത്തിയിട്ടും ഫലമില്ലെന്ന് വന്നപ്പോഴാണ് ആത്മഹത്യാഭീഷണി ഉയര്‍ത്തിയത്. സമരം നടന്നുകൊണ്ടിരുന്ന കാലത്ത് പലപ്പോഴായി രാഷ്ട്രീയകക്ഷിനേതാക്കള്‍ സമരത്തെ അഭിവാദ്യംചെയ്തും പിന്തുണയര്‍പ്പിച്ചും പ്രസംഗിക്കാനെത്തിയിരുന്നു. എന്നിരുന്നാലും സാധാരണനിലയില്‍ അവര്‍ നടത്തുന്ന സമരങ്ങളില്‍ കാണിക്കുന്ന ഉത്സാഹവും പ്രവര്‍ത്തനതീക്ഷ്ണതയും ഉണ്ടായില്ല. കോതമംഗലത്തെ സമരം തികച്ചും പ്രാദേശികമായ പ്രശ്‌നമായി തുടരുകയായിരുന്നു. സമരം ചെയ്യുന്നവരുമായി ലേബര്‍ കമ്മീഷണറുടെ സാന്നിദ്ധ്യത്തില്‍ നടത്തിയ ചര്‍ച്ചയില്‍ അംഗീകരിച്ച വ്യവസ്ഥകള്‍ നടപ്പിലാക്കാന്‍ ആശുപത്രിമാനേജ്‌മെന്റ് കൂട്ടാക്കിയില്ല. തികച്ചും ധിക്കാരപരവും നിയമവാഴ്ചയോടുള്ള വെല്ലുവിളിയുമാണ് മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്നും ഉണ്ടായത്. ഗത്യന്തരമില്ലാതെ വന്നപ്പോഴാണ് പരാജയത്തെക്കാള്‍ നല്ലത് മരണമാണെന്ന നിലപാടില്‍ സമരരംഗത്തെ മൂന്ന് പെണ്‍കുട്ടികള്‍ അനിശ്ചിതകാലനിരാഹാരത്തിന് ഒരുങ്ങുന്നത്. സമരപ്പന്തലിലാണെങ്കില്‍ അറസ്റ്റ്‌ചെയ്ത് നീക്കിയേക്കാം എന്ന് അവര്‍ ഭയപ്പെട്ടു. അതിനാല്‍ ആശുപത്രിക്കെട്ടിടത്തിനു മുകളില്‍ അവര്‍ കയറി. ബലപ്രയോഗം നടത്തിയാല്‍ ആത്മഹത്യചെയ്യുമെന്നനര്‍ ഭീഷണിപ്പെടുത്തി. അതോടെയാണ് നൂറ്റിപ്പതിനാല് ദിവസം പിന്നിട്ട സമരം പ്രശ്‌നപരിഹാരത്തിലേക്ക് നീങ്ങുന്നത്. അപ്പോഴും കേരള മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും മറ്റ് അധികാരികളും മാനേജ്‌മെന്റിന്റെ നിയമലംഘനത്തോട് മൃദുസമീപനവുമായി നില്ക്കുകതന്നെയായിരുന്നു. ആയുര്‍വ്വേദചികിത്സയിലായിരുന്ന പ്രതിപക്ഷനേതാവ് വി. എസ്. അച്യുതാനന്ദനാണ് അവസരത്തിനൊത്ത് ഉയര്‍ന്ന് പ്രതികരിച്ചത്. പ്രശ്‌നപരിഹാരം ഉണ്ടാവുന്നില്ലെങ്കില്‍ താന്‍ സമരം ഏറ്റെടുക്കും എന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഇന്നത്തെ നിലയില്‍ കേരളത്തില്‍ ജനങ്ങള്‍ വിലമതിക്കുന്ന പ്രഖ്യാപനം നടത്താന്‍ അച്യുതാനന്ദനോളം വിശ്വാസ്യതയുള്ള വേറെ ഏത് നേതാവാണുള്ളത്? അദ്ദേഹം വാക്ക് പാലിക്കുക തന്നെ ചെയ്തു. കോതമംഗലത്തേക്ക് കുതിച്ചെത്തിയ വി. എസ്. അച്യുതാനന്ദനെ ആവേശത്തോടെയാണ് സമരരംഗത്തേക്ക് വരവേറ്റത്. അദ്ദേഹത്തിന്റെ സാന്നിദ്ധ്യത്തിലാണ് സമരം ഒത്തുതീര്‍പ്പായത്. രാവിലെ മുതല്‍ പലേ പരിപാടികളിലായി പങ്കെടുത്ത് മടങ്ങുന്ന മുഖ്യമന്ത്രിയോട് ദൃശ്യമാദ്ധ്യമപ്രവര്‍ത്തകര്‍ കോതമംഗലം സമരത്തെക്കുറിച്ച് ആവര്‍ത്തിച്ച് ചോദിച്ചിരുന്നു. ആ ചോദ്യങ്ങളോട് പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല. സമരം വി. എസിന്റെ സാന്നിദ്ധ്യത്തില്‍ ഒത്തുചേര്‍ന്നപ്പോള്‍ നിര്‍ല്ലജ്ജം തന്റെ നിര്‍ദ്ദേശം അനുസരിച്ചുള്ള ഉത്തുതീര്‍പ്പാണ് ഉണ്ടായത് എന്ന് അവകാശപ്പെട്ട മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എട്ടുകാലി മമ്മൂഞ്ഞ് എന്ന ബഷീറിയന്‍ കഥാപാത്രത്തെയാണ് ഓര്‍മ്മിപ്പിച്ചത്.

കോതമംഗലത്തെ സമരം അതീവവിചിത്രമായ ചില കാര്യങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. എട്ടു മണിക്കൂര്‍വീതമുള്ള മൂന്ന് ഷിഫ്റ്റായി ജോലിസമയം നിജപ്പെടുത്തണമെന്ന ആവശ്യം ഒത്തുതീര്‍പ്പുചര്‍ച്ചയില്‍ വന്നപ്പോള്‍ ഉണ്ടായ വിചിത്രമായ തീരുമാനമാണ് അക്കൂട്ടത്തിലൊന്ന്. സമരം ചെയ്തവര്‍ക്ക് മാത്രമേ മൂന്ന് ഷിഫ്റ്റ് എന്ന വ്യവസ്ഥ ബാധകമാക്കൂ എന്നായിരുന്നു മാനേജ്‌മെന്റ് നിലപാട്. സമരം ചെയ്തവര്‍ക്ക് ഒരു ചിട്ട, അല്ലാത്തവര്‍ക്ക് വേറൊന്ന് എന്ന നിയമരാഹിത്യം നിര്‍ല്ലജ്ജം ഉന്നയിക്കുന്ന ഈ മാനേജ്‌മെന്റിന്റെ നീതിബോധവും നിയമത്തെക്കുറിച്ചുള്ള കാഴ്ചപ്പാടും സഹതാപജനകമായവിധം പിന്നോക്കാവസ്ഥ പ്രകടമാക്കുന്നതാണ്. ജോലിയില്‍ ചേരുന്നവര്‍ക്ക് ബോണ്ട് ഏര്‍പ്പെടുത്തി ശമ്പളം നല്കാതെ ജോലിചെയ്യിച്ച മാനേജ്‌മെന്റിന് സുപ്രീം കോടതി വിധികാരണം ആ സംവിധാനം ഉപേക്ഷിക്കേണ്ടിവന്നു. അപ്പോഴും മിനിമം ശമ്പളം നല്കാന്‍ മാനേജ്‌മെന്റ് തയ്യാറാവുന്നില്ല. സ്റ്റൈപ്പന്റ് എന്ന പേരിലായിരുന്നു അവര്‍ക്ക് പ്രതിഫലം നല്കിയിരുന്നത്. ഏതോ പരിശീലനം നിര്‍വ്വഹിക്കുകയാണെന്നമട്ടില്‍ യാതൊരു നീതീകരണവുമില്ലാതെ, ചൂഷണം എന്ന ലക്ഷ്യത്തോടെ ജോലിചെയ്യിക്കുകയായിരുന്നു ഈ മാനേജ്‌മെന്റ്. കേരളത്തിലെ മറ്റ് ആശുപത്രികളിലും അവസ്ഥ വ്യത്യസ്തമാകാനിടയില്ല. ജോലിചെയ്തത് ഒരു ദിവസമാണെങ്കില്‍പ്പോലും മിനിമം വേതനം നല്കാന്‍ ബാദ്ധ്യസ്ഥമാണെന്ന നിയമം പാലിക്കുവാന്‍ മാനേജ്‌മെന്റ് വിസമ്മതിച്ചു. തൊഴിലെടുക്കുന്നവരോട് കുറ്റകരമായി പെരുമാറിയ മാനേജ്‌മെന്റാണ് ഇവിടെ കുറ്റവാളികള്‍. ഏത് സമരത്തിലായാലും സമരം ഒത്തുതീര്‍പ്പാവുന്നതോടെ സമരവുമായി ബന്ധപ്പെട്ട ശിക്ഷാനടപടികള്‍ പിന്‍വലിക്കുകയെന്നതാണ് പതിവ്. നാട്ടിലെ നിയമങ്ങളോട് വിധേയത്വം പുലര്‍ത്താനും കീഴ് വഴക്കങ്ങള്‍ മാനിക്കുവാനും വിസമ്മതിക്കുന്ന മാനേജ്‌മെന്റിന്റെ കൂട്ടുകാരായാണ് സര്‍ക്കാര്‍ പെരുമാറിയത്.

സമരം ഒത്തുതീര്‍പ്പാവുന്നതിലേക്ക് നയിച്ച മൂന്ന് നേഴ്‌സുമാര്‍ക്കെതിരെ ആത്മഹത്യാശ്രമത്തിനും നേഴ്‌സസ് അസോസിയേഷന്‍ ഭാരവാഹികള്‍ക്കെതിരെ ആത്മഹത്യാപ്രേരണയ്ക്കും കേസെടുത്തിരിക്കുകയാണ്. ക്രമസമാധാനപ്രശ്‌നമുണ്ടാക്കിയതിനും പൊതുമുതല്‍ നശിപ്പിച്ചതിനും സമരസഹായസമിതിയിലെ വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരെയും കേസെടുത്തിരിക്കുകയാണ്. ഈ സമരത്തിന്റെ കാര്യത്തില്‍ പ്രതികാരനടപടികളുമായി മുന്നോട്ടുപാകാനാണ് മാനേജ്‌മെന്റ് ശ്രമിക്കുന്നത്. സര്‍ക്കാര്‍ അതിനു സര്‍വ്വാത്മനാ പിന്തുണ നല്കുകയും ചെയ്യുന്നു. നിയമലംഘനം നടത്തി സമരം നടത്തേണ്ട സാഹചര്യമുണ്ടാക്കിയ സ്ഥാപനത്തിനെതിരെയാണ് കേസെടുക്കേണ്ടത്. നിയമം പാലിക്കണമെന്ന് ആവശ്യപ്പെട്ട് സമരം നടത്തിയവരുടെ പേരിലല്ല കേസെടുക്കേണ്ടത്.

Subscribe Tharjani |
Submitted by Anonymous (not verified) on Sun, 2012-09-02 18:05.

റിപ്പോര്‍ട്ടര്‍ ടിവിയില്‍ വന്ന റിപ്പോര്‍ട്ട്
http://www.youtube.com/watch?v=ZhEzYQmyvHw

Submitted by Sebastian Perumbancheel (not verified) on Mon, 2012-09-03 14:12.

very good message
regards

Submitted by Bachoo Mahe (not verified) on Mon, 2012-09-03 14:41.

വിഷയത്തെ ലാഘവമേതുമില്ലാതെ സമീപിക്കുന്ന ഈ ലേഖനം സവിശേഷ ശ്രദ്ധയര്‍ഹിക്കുന്നുണ്ട്...

സ്വാധീനശേഷിയുള്ള തൊഴില്‍സംഘങ്ങള്‍ (ചുമട്ടുതൊഴിലാളികള്‍ മുതല്‍ ഡോക്ടര്‍മാരും പൈലറ്റുമാരും വരെ) മാഫിയകളായി മാറുകയും പൊതുജനം അവരുടെ ചൂഷണം സഹിക്കാന്‍ നിര്‍ബന്ധിതരാക്കപ്പെടുകയും എന്നാല്‍, അസംഘടിത തൊഴില്‍മേഖലയില്‍ ഉള്ളവര്‍ തൊഴിലുടമകളാല്‍ കൊടിയചൂഷണത്തിന് വിധേയമാകുകയുംചെയ്യുന്ന വൈരുദ്ധ്യമാണ് ഇന്ത്യയില്‍ (വിശിഷ്യാ കേരളത്തില്‍) ദൃശ്യമാകുന്നത്. ഇന്ന്, താല്‍കാലിക അടിസ്ഥാനത്തില്‍ ക്ലീനിങ്ങിനു വിളിക്കുന്ന ഒരു തൊഴിലാളിക്കുപോലും ദിവസക്കൂലിയായി അഞ്ഞൂറ് രൂപയെങ്കിലും നല്‍കേണ്ടിവരികയും, ചില ഡോക്ടര്‍മാര്‍ക്ക്‌ മണിക്കൂറിന് ആയിരവും ആയിരത്തിയഞ്ഞൂറും പ്രതിഫലം നല്‍കുകയുംചെയ്യുന്ന അതേ ആശുപത്രികള്‍തന്നെയാണ്, ഇന്റെന്‍ഷിപ്പ്‌ എന്ന് ഓമനപ്പേരിട്ടും ബോണ്ടും മറ്റു സമ്മര്‍ദ്ദതന്ത്രങ്ങളും ഉപയോഗിച്ചും മാസങ്ങളോളം കാപ്പണം നല്‍കാതെയും അല്ലെങ്കില്‍ മാസാന്തം ആയിരത്തഞ്ഞൂറു രൂപ മാത്രവും നല്‍കിയും, നഴ്സുമാരെ, ടോയിലെറ്റ്‌ ക്ലീനിംഗ് അടക്കമുള്ള 'പുറം പണികള്‍' ചെയ്യിപ്പിച്ചും ചൂഷണം ചെയ്യുന്നത്.

വ്യാപാരസ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരാണ് അസംഘടിതരായത് കാരണം ചൂഷണത്തിന് വിധേയമാകുന്ന മറ്റൊരു കൂട്ടര്‍. സെയില്‍സ്‌മെന്‍, സെയില്‍സ്‌ ഗേള്‍സ്‌ എന്ന ഓമനപ്പേരില്‍ ടിപ്ടോപ്പില്‍ വസ്ത്രധാരണം ചെയ്തു മനോഹരമായ പുഞ്ചിരിയോടെ നമുക്ക്‌ മുന്നില്‍ പ്രത്യക്ഷപ്പെടുന്ന പലര്‍ക്കും പക്ഷേ, തുച്ഛവേതനവും, നീണ്ട ജോലിസമയവുമാണ്. യൂണിഫോമിന്റെ പണംപോലും ഈ തുച്ഛശമ്പളത്തില്‍ നിന്ന് പിടിക്കുന്ന കടയുടമകളും ഉണ്ട്. തൊഴില്‍ കരാറിന്റെ അഭാവവും അസംഘടിതരാണ് എന്നതും, പലരും താല്‍ക്കാലിക ലാവണം എന്ന നിലയില്‍ ഇതിനെ സമീപിക്കുന്നതുമാണ് ചൂഷണം എളുപ്പമാക്കുന്നത്. ജനകീയ അവബോധവും ധാര്‍മ്മിക പിന്തുണയും ഇവരുടെ അവകാശങ്ങള്‍ സ്ഥാപിച്ചു കൊടുക്കാന്‍ അനിവാര്യമാണ്.

Submitted by Deepak D. (not verified) on Tue, 2012-09-04 15:16.

"എട്ടു മണിക്കൂര്‍വീതമുള്ള മൂന്ന് ഷിഫ്റ്റായി ജോലിസമയം നിജപ്പെടുത്തണമെന്ന ആവശ്യം ഒത്തുതീര്‍പ്പുചര്‍ച്ചയില്‍ വന്നപ്പോള്‍ ഉണ്ടായ വിചിത്രമായ തീരുമാനമാണ് അക്കൂട്ടത്തിലൊന്ന്. സമരം ചെയ്തവര്‍ക്ക് മാത്രമേ മൂന്ന് ഷിഫ്റ്റ് എന്ന വ്യവസ്ഥ ബാധകമാക്കൂ എന്നായിരുന്നു മാനേജ്‌മെന്റ് നിലപാട്. സമരം ചെയ്തവര്‍ക്ക് ഒരു ചിട്ട, അല്ലാത്തവര്‍ക്ക് വേറൊന്ന് എന്ന നിയമരാഹിത്യം നിര്‍ല്ലജ്ജം ഉന്നയിക്കുന്ന ഈ മാനേജ്‌മെന്റിന്റെ നീതിബോധവും നിയമത്തെക്കുറിച്ചുള്ള കാഴ്ചപ്പാടും സഹതാപജനകമായവിധം പിന്നോക്കാവസ്ഥ പ്രകടമാക്കുന്നതാണ്." - പിന്നോക്കാവസ്ഥയായാലും നിയമദൃഷ്ട്യാ അംഗീകരിക്കാനാവില്ലെങ്കിലും അതില്‍ എന്തൊക്കെയോ കഴമ്പുണ്ട്. സമരം ചെയ്യുമ്പോള്‍ മാറിനിന്ന് അതിന്റെ ഫലമായ ആനുകൂല്യം അനുഭവിക്കുന്നതാണ്‌ നീതിക്കു ചേരാത്തത്. അല്ലേ?

Submitted by സാബു കൊട്ടോട്ടി (not verified) on Tue, 2012-09-04 22:00.

ചാണ്ടിച്ചനുമായി ചേര്‍ന്ന് എന്തോ മണക്കുന്നുണ്ടെന്നാണ് എനിക്കു തോന്നുന്നത്. അല്ലെങ്കില്‍ അതിവേഗം ബഹുദൂരം സ്വജനങ്ങളെയും ദേശത്തേയും മറക്കുന്ന പുതിയ രീതി ആവിഷ്കരിച്ചിട്ടുണ്ടാവും.