തര്‍ജ്ജനി

പ്രിയ നന്ദ

Visit Home Page ...

കഥ

പ്രണയത്തിന്റെ കുരിശിലേയ്ക്ക്

മനസ്സില്‍ പ്രണയത്തിന്റെ ഉള്ളറവാതില്‍ തുറന്നുവെന്നു മനസ്സിലായിട്ടു കുറെനാളായെങ്കിലും ആ വഴിയിലൂടെ ആരാണുള്ളില്‍ കടക്കുന്നതെന്നുള്ള സംശയം സംശയമായി തന്നെ ബാക്കിയായിരുന്നു. കാറ്റും വെളിച്ചവും ആ വാതിലിലൂടെ തിരക്കിട്ടു കടന്നെത്തിയിരുന്നു. ഋതുഭേദങ്ങളുടെ ദേവതമാര്‍ ശിശിരത്തിന്റെ പേരുപറഞ്ഞ് കൊഴിഞ്ഞഇലകളെ കാറ്റിനു വിട്ടുകൊടുത്ത് തളിരുകളും പൂമൊട്ടുകളുംകൊണ്ട് മരങ്ങള്‍ അലങ്കരിക്കുന്നതില്‍ വ്യാപൃതരായി. എവിടെനിന്നോ ഏതോ ഒരാള്‍ കടന്നുവരികതന്നെ ചെയ്യുമെന്ന ഉറപ്പില്‍ കുയില്‍പ്പാട്ടുകള്‍ കേട്ടുതുടങ്ങുകയും ചെയ്തു. എന്നിട്ടും ഫോട്ടോയില്‍ പോലും ആഫ്റ്റര്‍ഷേവ് ലോഷന്റെ മണമുള്ള ശ്യാംപ്രസാദിനോടും ഒന്നു വിളിക്കുവാന്‍ കാത്തിരിക്കുന്നുവെന്ന് പരവശനായ ദീപക് മുഖര്‍ജിയോടുമൊക്കെ പ്രണയമെന്തെന്നറിയില്ല എന്നു നുണ പറഞ്ഞത് തുറന്ന വാതിലിലൂടെ കടന്നുവരേണ്ടത് അവരാരുമല്ല എന്നു മനസ്സിലാക്കിത്തന്നെയാണ്. പക്ഷേ അന്നു രാവിലെ ട്രീസ സില്‍‌വര്‍ പ്ലാസയിലെ സ്പോര്‍ട്സ് എമ്പോറിയത്തില്‍ പോകാന്‍ കൂട്ടുവിളിച്ചപ്പോള്‍, കൂടെ പോകുക , അവള്‍ക്ക് വേണ്ട ടെന്നീസ് റാക്കറ്റും അവിടെവച്ചുമാത്രം അവള്‍ നിശ്ചയിക്കുന്ന മറ്റു സാമഗ്രികളും വാങ്ങി തിരിച്ചുവരുക എന്നൊക്കെ മാത്രമേ കരുതിയിരുന്നുള്ളു, അല്ല, പറ്റിയാല്‍ തിരിച്ചുവരുന്നവഴി ഷൂ മാര്‍ട്ടില്‍ കയറി ഒരു ജോടി ജോഗ്ഗിങ് ഷൂസ് വാങ്ങാമെന്നും കൂടി വിചാരിച്ചിരുന്നു. അല്ലാതെ അതെന്റെ നിര്‍ണ്ണായകമായ ഒരു കണ്ടെത്തലിനുവേണ്ടി വിധി ഒരുക്കിയ മുഹൂര്‍ത്തമാകുമെന്നോ ഒരു തവണ പോലും റിഹേഴ്‌സല്‍ നടത്താതെ ഞാന്‍ ആ രംഗം ആദ്യ ടേക്കില്‍ തന്നെ ഭംഗിയാക്കുമെന്നോ ചിന്തിച്ചിരുന്നില്ല. ടു വീലറിലെ യാത്ര അത്ര ഇഷ്ടമുള്ളതല്ലെനിക്ക്, അല്പം ഭയവുമുണ്ടെന്നതാണു് സത്യം. പക്ഷേ ട്രീസയുടെ കൂടെയാകുമ്പോള്‍ വേറൊരു മാര്‍ഗ്ഗമില്ല, ഓട്ടോറിക്ഷയും ബസ്സുമൊന്നും അവള്‍ക്കു ശരിയാകില്ല.

അങ്ങനെയാണു് അവളുടെകൂടെ തിളങ്ങുന്ന വെള്ളിനിറമുള്ള ഹോണ്ട ആക്ടിവയില്‍ ഞാന്‍ യാത്രതിരിച്ചത്. പക്ഷേ, ഹോസ്പിറ്റല്‍ ജം‌ഗ്ഷനിനിന്നു ഇടത്തേയ്ക്ക് തിരിയുന്നതിനുപകരം വലത്തേയ്ക്കാണവള്‍ തിരിഞ്ഞത്. വഴിതെറ്റി എന്നു പറഞ്ഞുകൊടുക്കുവാന്‍ ഞാന്‍ നടത്തിയ ശ്രമങ്ങള്‍ അവള്‍ ഹെല്‍മറ്റ് കൊണ്ടു പ്രതിരോധിക്കുകയും ചെയ്തു. അല്പം മുമ്പോട്ടുപോയി വീണ്ടും വലതുഭാഗത്തേയ്ക്കുള്ള ചെറിയ റോഡിലേയ്ക്ക് തിരിയുമ്പോള്‍ അവളുടെ ഉദ്ദേശമെന്താണെന്നു് ഞാന്‍ അമ്പരന്നു. അധികം പോയില്ല, സാന്താ ചാപ്പലിന്റെ പടിക്കെട്ടുകള്‍ക്കുതാഴെ വാകമരത്തിന്റെ ചുവട്ടില്‍ അവളുടെ രാജവാഹനം നിന്നു. ചാടിയിറങ്ങിയ ഞാന്‍ അമ്പരപ്പോടെ ചോദിച്ചു,
“ഇവിടെന്താ?”
“അത്യാവശ്യമായി ഒരു കാര്യം പറയാനുണ്ട് .“
“എന്നോടോ“ ഞാന്‍ വീണ്ടും അമ്പരന്നു.
“നിന്നോടു പറയാന്‍ ഇവിടെ വരണോ? ഇതു സാക്ഷാല്‍ കര്‍ത്താവിനോടു പറയാനുള്ളതാ, അഞ്ചുമിനിറ്റ്, നീ ഇവിടെ നില്ക്ക്, അല്ലെങ്കില്‍ എന്റെകൂടെ വാ, അകത്തു വന്നിരിക്കാമല്ലോ.” കൈപിടിച്ചുവലിച്ചു അവള്‍ തിരക്കുകൂട്ടി.
“പ്രാര്‍ത്ഥിക്കാനോ? നീയോ?“ അവിശ്വാസം തോന്നിയതു് ഞാന്‍ മറച്ചുവച്ചില്ല.
"നിങ്ങള്‍ നിങ്ങളുടെ നിരാശയിലും ആവശ്യത്തിലും പ്രാര്‍ത്ഥിക്കുന്നു, നിങ്ങളുടെ സന്തോഷത്തിന്റെ പൂര്‍ണതയിലും സ‌മൃദ്ധിയുടെ ദിവസങ്ങളിലും നിങ്ങള്‍ പ്രാര്‍ത്ഥിച്ചിരുന്നെങ്കില്‍ ... കാരണം പ്രാര്‍ത്ഥനയെന്നത് ജീവിക്കുന്ന ഉപര്യാന്തരീക്ഷത്തിലേയ്ക്കുള്ള നിങ്ങളുടെ വ്യക്തിത്വവികാസമല്ലാതെ മറ്റെന്താണ്?“
"മൈ ഗോഡ് ... ജിബ്രാന്‍, പുസ്തകം തൊടാത്ത നീ ജിബ്രാന്‍ വചനങ്ങള്‍ ?“ ഞാന്‍ അത്ഭുതപ്പെട്ടു.
“ഇത് ഫെയ്സ് ബുക്ക് തരുന്ന അറിവാണു് മോളെ, ചെ ഗുവേര കഴിഞ്ഞ് ഇപ്പോള്‍ ജിബ്രാനാണു് ഫെയ്സ് ബുക്കിലെ നായകന്‍. നീ എന്താ വിചാരിച്ചത്, കിട്ടുന്ന സമയം മുഴുവന്‍ പുസ്തകം വായിച്ചാലേ ഇതൊക്കെ അറിയാന്‍ കഴിയൂ എന്നോ?” എന്റെ പുസ്തകപ്രേമത്തെ പരിഹസിക്കുവാന്‍ കിട്ടുന്ന അവസരങ്ങള്‍ ട്രീസ പാഴാക്കാറില്ല.

പടികള്‍ കയറി ഞങ്ങള്‍ ചെറിയ ചാപ്പലിന്റെ മുറ്റത്തെത്തിയിരുന്നു, അകത്താരുമില്ലെന്നു കാണാം. രക്തമിറ്റുവീഴുന്ന തിരുഹൃദയവുമായി സാക്ഷാല്‍ യേശുകൃസ്തു നോക്കിനില്ക്കുന്നു. ട്രീസ നിശ്ശബ്ദയായി അകത്തേയ്ക്ക് അള്‍ത്താരയുടെ മുമ്പിലേയ്ക്ക് നടന്നു, ഞാന്‍ ഇടതുവശത്തെ അവസാനത്തെ ബെഞ്ചില്‍ വെറുതെ ഇരുന്നു, ഇരുന്ന ഇരുപ്പില്‍ യേശുവിന്റെ മുഖത്തേയ്ക്കൊന്നു പാളിനോക്കി. മനസ്സില്‍ പ്രാര്‍ത്ഥനകളൊന്നുമില്ലായിരുന്നെങ്കിലും കണ്ണുകളവിടെ ഉടക്കി നിന്നുപോയി. ഒന്നോ രണ്ടോ മിനിറ്റ് കഴിഞ്ഞപ്പോള്‍ എനിക്കൊരു സംശയം, വേദന സ്ഫുരിച്ചിരുന്ന ചുണ്ടുകളില്‍ ഒരു ചെറിയ ചിരി വിടരുന്നുണ്ടോ? ആണികളില്‍ നിന്നൂരിയ രക്തമിറ്റുവീഴുന്ന കൈകള്‍ പതിയെ വിടര്‍ന്നുവരുന്നോ? ഞാന്‍ കണ്ണടച്ചു തുറന്നു, സത്യമാണ്, എന്നെ നോക്കി ചിരിക്കുന്നുണ്ട്. എന്തോ പറയാന്‍ ശ്രമിക്കുന്നു. ഞാന്‍ ഇരുന്നിടത്തു നിന്നു എഴുന്നേല്ക്കാന്‍ ശ്രമിച്ചു, ഇല്ല കഴിയുന്നില്ല, എനിക്കു പിന്നില്‍ കുരിശ്, ആണികളാല്‍ ഞാനതില്‍ ബന്ധിക്കപ്പെട്ടിരിക്കുകയാണ്, വേദന, തുളച്ചുകയറുന്ന വേദന.. ചോരയുടെ മണം, ഞാന്‍ തളരുന്നു, പക്ഷേ ആരാണെന്നെ ചേര്‍ത്തുപിടിക്കുന്നത്? അടഞ്ഞുപോകുന്ന കണ്ണുകള്‍ വലിച്ചുതുറക്കുമ്പോള്‍ ഞാന്‍ കേട്ടു, കാതിലൊരു ശബ്ദം, “ഇതു ഞാനാണ്, “ അപ്പോള്‍ ഞാന്‍ കണ്ടു , ചുവന്നുണങ്ങിയ ആണിപ്പഴുതുകള്‍ ചോരപുരണ്ട തിരുവസ്ത്രം, "ജീസസ്..." ഞാന്‍ വിതുമ്പി... മുമ്പോട്ടാഞ്ഞു, അത്രമാത്രം, പെട്ടെന്നെന്റെ കണ്ണുകളടഞ്ഞുപോയി. കനമുള്ള പ്രകാശമായി ഇരുട്ട് എന്നില്‍ നിറഞ്ഞു.
“മേഘാ, മേഘാ ...” ട്രീസയുടെ ഭയപ്പെടുത്തുംവിധം പരിഭ്രാന്തമായ ശബ്ദമാണെന്നെ ഉണര്‍ത്തിയത്.
ഞാന്‍ കണ്ണുതുറന്നു. അവള്‍ക്കെന്തോ ആപത്തുണ്ടായെന്നാണു് ഞാന്‍ കരുതിയത്, "എന്താ എന്തു പറ്റി?"
“എനിക്കല്ല, നിനക്കാ പറ്റിയത്, പത്തു മിനിറ്റുകൊണ്ട് നീ ബോധമില്ലാതെ ഉറങ്ങിയതെങ്ങനെയാ? ഞാന്‍ എത്ര വിളിച്ചു?“
“ഞാന്‍, ഞാന്‍ ഉറങ്ങിയോ?” പകച്ചുപോയി ഞാന്‍, ഇല്ലല്ലൊ, ഉറങ്ങിയില്ല, ഓര്‍മ്മവരുന്നു, ജീസസ് എന്നെ നോക്കി പുഞ്ചിരിച്ചത്, കൈനീട്ടിയത്, ഞാന്‍ കുരിശേറ്റുവാങ്ങിയത്, എന്നെ ചേര്‍ത്തുപിടിച്ച് 'ഇതു ഞാനാണ്' എന്നുപറഞ്ഞത്.
“അത്, ഞാന്‍ ...” പറയാന്‍വന്നത് പാതിയില്‍ നിര്‍ത്തി, വേണ്ട, ഉറങ്ങിയപ്പോള്‍ കണ്ട സ്വപ്നമാണെന്നേ ട്രീസ വിചാരിക്കൂ, പറയേണ്ട. പക്ഷേ മനസ്സില്‍ ഒന്നുറപ്പിച്ചു, തേടിനടന്നത് ഈ രൂപമാണ്, കണ്ണുകളില്‍ ദയയും സ്നേഹവും, ഒപ്പം ദയയും സ്നേഹവും അര്‍ത്ഥിക്കുന്ന ഭാവവും കൂടി ഉള്ള ഈ രൂപം. എത്രകാലമായി ഈ തെരച്ചില്‍ തുടങ്ങിയിട്ട്. ഒരു പ്രാര്‍ത്ഥനയുമായിപോലും ഞാനാ മുമ്പില്‍ ഇതുവരെ പോയിട്ടില്ല, എന്നിട്ടും എന്നെ തിരിച്ചറിഞ്ഞ് ഇറങ്ങിവന്നല്ലോ. അതുമതി, ആരുമറിയേണ്ട, ആര്‍ക്കുമിതു മനസ്സിലാക്കാനാവില്ല.
പടികളിറങ്ങുമ്പോള്‍ ഞാന്‍ കുഴയുന്നതുപോലെ തോന്നിയാകണം ട്രീസ കൈപിടിച്ചു, അവള്‍ എന്നെ കൈപിടിച്ചു തന്നെ വണ്ടിയുടെ അടുത്തേയ്ക്ക് കൂട്ടിക്കൊണ്ടുപോയി. വെള്ളത്തിന്റെ കുപ്പിയെടുത്തു തന്ന് മുഖം കഴുകാനാവശ്യപ്പെട്ടു. തണുത്തവെള്ളമൊഴിച്ച് ഞാന്‍ മുഖം കഴുകി, കുടിച്ചു. “പോകാമോ? അതോ ഓട്ടോ വിളിക്കണോ” അവള്‍ ആശങ്കയോടെ ചോദിച്ചു. “ഹെയ് ഒന്നുമില്ല, ഞാനിപ്പോള്‍ ഓകെ“. വിശ്വാസംവരാതെ അവളെന്റെ കൈത്തണ്ടപിടിച്ച് നാഡിമിടിപ്പ് പരിശോധിച്ചു. “കുഴപ്പമില്ലല്ലോ, നീ രാത്രിയില്‍ ഉറങ്ങിയില്ലേ?“
“മഴ പെയ്തപ്പോള്‍ ഉറക്കം വിട്ട് പെട്ടെന്നുണര്‍ന്നുപോയി, അമ്മൂമ്മയുടെ വീട്ടീലാണു് കിടക്കുന്നതെന്നു തോന്നി, വടക്കുപുറത്തെ തൊടിയിലെ പനയോലകളില്‍ വെള്ളംവീഴുന്ന ശബ്ദം കേള്‍ക്കുന്നതായി തോന്നി.”
“പോടീ, നിനക്കു വട്ടാ, ആ തേപ്പുകാരന്റെ ഷെഡിന്റെ ഷീറ്റിനു മുകളില്‍ വെള്ളംവീണ ശബ്ദമാ നീ കേട്ടത് .” അവള്‍ ചിരിച്ചു. എനിക്കു ചിരിവന്നില്ല, ഞാന്‍ അമ്മൂമ്മയുടെ വീട്ടിത്ത‍ ന്നെയായിരുന്നു, അവിടെ പിന്നാമ്പുറത്തെ കാപ്പിച്ചെടികളിലെ മദിപ്പിക്കുന്ന ഗന്ധമുള്ള പൂക്കള്‍ മഴയില്‍ കൊഴിഞ്ഞുപോകുമെന്ന് ഞാന്‍ ഭയന്നിരുന്നു. അവളോടു മഴയുടെ കാര്യം പറയുന്നതിനിടെ മറ്റൊന്നു കൂടി ഞാനോര്‍മ്മിച്ചെടുത്തു, ആ ശബ്ദങ്ങളുടെ ഇടയിലൂടെ ആരോ എന്നെ പേരെടുത്തു വിളിക്കുന്നതും ഞാന്‍ കേട്ടിരുന്നു, ‘വരില്ലേ?‘ എന്നായിരുന്നു ചോദിച്ചത്. എനിക്കതവളോട് പറയാനായില്ല.
'വാ, പോകാം.' ഞാനവളുടെ പിന്നില്‍ കയറാന്‍ തയാറായി. “എന്റെ തോളില്‍ പിടിച്ചോളൂ”, അവള്‍ പറഞ്ഞു, ഞാന്‍ ഒന്നും മിണ്ടാതെ അതനുസരിച്ചു.
സില്‍‌വര്‍ പ്ലാസയിലെത്തിയതും ഞാന്‍ പറഞ്ഞു, “എനിക്ക് വല്ലാതെ വിശക്കുന്നു.“
“ആ വളിച്ച സാമ്പാറും കൂട്ടി എത്ര ദോശ തിന്നതാ നീ, എന്നിട്ടിപ്പൊഴേ വിശന്നോ?”
ഉം, ഞാന്‍ ഉത്തരം ഒരു മൂളലിലൊതുക്കി, അടുത്തു കണ്ട സ്നാക്സ് സ്റ്റാളിലേയ്ക്ക് നടന്നു, ട്രീസ പിന്നാലെ വരുമെന്നെനിക്കറിയാമായിരുന്നു. ‘രണ്ടു ബര്‍ഗര്‍' ഞാന്‍ കൌണ്ടറില്‍ നിന്ന് ടോക്കണ്‍ എടുത്ത് കാത്തുനിന്നു, ഓവനില്‍ ചൂടാകുന്ന ബര്‍ഗര്‍ നോക്കി നിന്നപ്പോള്‍ വിശപ്പ് അസഹ്യമായി തന്നെ അനുഭവപ്പെടുന്നുണ്ടായിരുന്നു. അതുകൊണ്ടു തന്നെ ട്രീസയ്ക്ക് വേണ്ടെന്നു പറഞ്ഞതുകേട്ടപ്പോള്‍ ഞാന്‍ അവളുടെ ബര്‍ഗറും കൂടി ഒരു വിഷമവും കൂടാതെ കഴിച്ചു.

പിന്നീട് അവള്‍ക്കു വേണ്ടതെല്ലാം വാങ്ങി വണ്ടിയില്‍കയറുമ്പോള്‍ കാതില്‍ ആശബ്ദം ഞാന്‍ വീണ്ടും കേട്ടു, "വരില്ലേ?" ഞാന്‍ ഒന്നു പതറി. അവള്‍ വണ്ടി സ്റ്റാര്‍ട്ട്ചെയ്ത് മുമ്പോട്ടുനീങ്ങുമ്പോള്‍ ഈ യാത്ര അവസാനിക്കുന്നത് ഹോസ്റ്റല്‍ മുറ്റത്താവില്ല എന്നെനിക്കുറപ്പായിരുന്നു. എനിക്കു പോകണം, കൂടെ പോകണം, വരില്ല എന്നു പറയാനാകില്ല. ട്രീസ എന്തു വിചാരിച്ചാലും എനിക്കു കുഴപ്പമില്ല. അതുകൊണ്ടാണ്, ഹോസ്പിറ്റല്‍ ജംഗ്‌ഷന്‍ പിന്നിട്ട് വണ്ടി നീങ്ങിയപ്പോള്‍ അവളുടെ തോളിലെ പിടിവിട്ട് ഞാന്‍ ഹോണ്ട ആക്ടിവയില്‍ നിന്നിറങ്ങിയത്. ഇറങ്ങുമ്പോള്‍ എന്റെ കൈപിടിച്ച രൂപം ഞാന്‍ കണ്ടു, 'പോകാം' എന്നു ഞാന്‍ പതുക്കെ പറഞ്ഞു.

അങ്ങനെയാണു് ഞങ്ങള്‍ യാത്ര തുടങ്ങിയത്. പെട്ടെന്ന് ലോകംമുഴുവന്‍ ശാന്തി നിറഞ്ഞതായി ഞാന്‍ അറിഞ്ഞു. നിരത്തില്‍ വാഹനങ്ങള്‍ പരസ്പരം ഒഴിഞ്ഞ് ഇടം കൊടുക്കുന്നു, ഹോണ്‍മുഴക്കി തിരക്കുകാട്ടുന്നില്ല, ബസ്സുകള്‍ നിര്‍ത്തി സാവധാനം യാത്രക്കാരെ കയറ്റുന്നു. എന്റെ കാഴ്ചകളില്‍ വിദൂരതപോലും തെളിഞ്ഞുതുടങ്ങി. സമുദ്രങ്ങള്‍, മലകള്‍, വനങ്ങള്‍, മരുഭൂമികള്‍ ... എല്ലായിടത്തും ശാന്തി , സമാധാനം ..., മനുഷ്യര്‍ പരസ്പരം സ്നേഹിക്കുന്നു. മയിലുകള്‍ പാമ്പുകള്‍ക്കായി പീലിവിരിക്കുന്നു, കഴുകന്‍മാര്‍ പ്രാവുകളോടൊപ്പം അരിമണികള്‍ കൊറിക്കുന്നു. മുതലകള്‍ ചെറുമീനുകളെ പുറത്തേറ്റി നീന്തുന്നു. ഇതാണു പറുദീസ, അതെ ഇതുതന്നെയാണു് പറുദീസ, ഞാന്‍ വിചാരിച്ചു. അവന്റെ കൈവിരലുകളില്‍ ഞാന്‍ ഇറുക്കിപ്പിടിച്ചു.

ആ യാത്രയിലൊരിക്കലും അവന്‍ എന്റെ കൈയില്‍ കോര്‍ത്തുപിടിച്ച വിരലുകള്‍ മാറ്റിയില്ല. സുഖകരമായൊരു സംരക്ഷണംപോലെ ഞാന്‍ അതില്‍ സ്വയമര്‍പ്പിച്ചു. യുഗങ്ങളോളം ഞങ്ങള്‍ യാത്രചെയ്തു, മരച്ചുവട്ടിലുറങ്ങിയും അരുവിയില്‍ കുളിച്ചും ഒരിക്കല്‍പോലും വേര്‍പിരിയാതെയും യാത്ര ചെയ്ത് ഞങ്ങളെത്തിയത് ഗെദ്‌സമന്‍ തോട്ടത്തിലാണ്. അവിടെ ഞങ്ങളെ പ്രതീക്ഷിച്ചെന്നവണ്ണം കിളികളും മാന്‍‌കിടാങ്ങളും കാത്തിരിക്കുന്നുണ്ടായിരുന്നു. അവന്റെ പാദങ്ങള്‍ തോട്ടത്തില്‍ പതിഞ്ഞതോടെ മരങ്ങള്‍ തളിരണിഞ്ഞു, വള്ളികള്‍ പൂത്തുലഞ്ഞു, മണ്ണും കല്ലും ഹരിതമൃദുവായ പുല്ലുടുപ്പുകളില്‍ സ്വയം അണിഞ്ഞൊരുങ്ങി, അവന്‍ മുട്ടുകുത്തി പ്രാര്‍ത്ഥിക്കുവാനെന്നപോലെ നിലത്തിരുന്നു, ഞാന്‍ ഒന്നും മിണ്ടാനാകാതെ അവനോടുചേര്‍ന്ന് കാലുകള്‍ പിണച്ചുവച്ച് പുല്ലിലിരുന്നു. “മറിയം , നോക്കു, ഇവിടെയായിരുന്നു അന്നു ഞാന്‍ പ്രാര്‍ത്ഥിച്ചിരുന്നത്, കാണുന്നില്ലേ, എന്റെ രക്തം വിയര്‍പ്പായി ഇറ്റുവീണത് ഇവിടാണ്,“ മറിയമെന്ന സംബോധനയില്‍ അമ്പരന്ന ഞാന്‍ ആദ്യം അവന്റെ കണ്ണുകളിലേയ്ക്കാണു നോക്കിയത്, ആഴമുള്ള കണ്ണുകളില്‍ എന്റെ പ്രതിബിംബം, അനങ്ങാത്ത ജലപ്പരപ്പിലെന്നവണ്ണം ഞാനൊരു മുഴുചിത്രം. രാവിലെ ട്രീസയുടെ കൂടെ പോകാനിറങ്ങിയപ്പോള്‍ ധരിച്ച കറുത്ത ജീന്‍‌സും കറുപ്പില്‍ വെളുത്ത പുള്ളികളുള്ള കുര്‍ത്തയുമല്ല ഇപ്പോള്‍ എന്റെ വേഷമെന്നു ഞാന്‍ കണ്ടു, മഗ്‌ദലനക്കാരി മറിയത്തിന്റെ പരുക്കന്‍ കുപ്പായം, കണ്ണെടുക്കാതെതന്നെ ഞാന്‍ എന്റെ ഉടുപ്പുകളില്‍ തൊട്ടുനോക്കി, അതെ, ഞാനിപ്പോള്‍ മേഘയല്ല, മറിയമാണ്, എന്റെ കണ്ണുകളില്‍ ജന്മാന്തരദുഖങ്ങള്‍ കൂടുവയ്ക്കുന്നു. എന്നോ അഴിച്ചിട്ട ഉടുപ്പുകള്‍ ഈ ജന്മത്തിലുമെനിക്ക് പാകമാകുന്നു. അവന്‍ കൈ ചൂണ്ടിയിടത്തേയ്ക്ക് ഞാന്‍ നോക്കി, ഉണങ്ങിപ്പിടിച്ച ചോരത്തുള്ളികള്‍ പുല്‍പ്പരപ്പില്‍, ദൈവമേ ആ പുല്ലിലകള്‍ ഇനിയുമുണങ്ങി നശിച്ചില്ലേ? അവയാരാണു് എനിക്കായി കാത്തുവച്ചിരുന്നത്?

ഒലിവുമലയുടെ ഉയരങ്ങളിലേയ്ക്ക് അവന്‍ കണ്ണുയര്‍ത്തി. “മറിയം നീ എന്റെ പാതിയാണ്, ഓരോ വേദനയിലും നിന്റെ സാമീപ്യമറിഞ്ഞ് ഞാന്‍ ആശ്വസിച്ചിരുന്നു. അകലെയെന്നും അടുത്തെന്നും വ്യത്യാസമില്ലാതെ നീ എന്നില്‍ത്തന്നെ ഉണ്ടായിരുന്നു.“ എന്റെ കണ്ണുകള്‍ മുന്നറിയിപ്പില്ലാതെ നിറഞ്ഞുതുളുമ്പി." തൊണ്ടയില്‍ കനംപെരുകി, എനിക്കു ശ്വാസംമുട്ടി. മനസ്സും ശരീരവും തളര്‍ന്ന് അവന്റെ തോളിലേയ്ക്ക് ചാഞ്ഞതെനിക്ക് ഓര്‍മ്മയുണ്ട്. മുടിയിഴകളിലൂടെ കാരുണ്യമുള്ള വിരലുകള്‍ ചലിക്കുന്നതു ഞാനറിഞ്ഞു. സമാധാനം ഒരു തൂവല്‍ക്കിടക്കപോലെ എന്നെ തഴുകി. വെളിച്ചം നിറഞ്ഞ ഉറക്കത്തിലേയ്ക്ക് ഞാന്‍ തെന്നിയിറങ്ങി. അവന്റെ കൈവിരലുകളില്‍ മുറുകെപ്പിടിച്ച് ഞാന്‍ സ്വപ്നത്തിന്റെ പടികള്‍ കയറി.

“എനിക്ക് മുല്ലപ്പൂ ചൂടണം.” ഞാന്‍ ചിണുങ്ങിപ്പറഞ്ഞു. “പറിച്ചെടുത്തു കോര്‍ത്തോളൂ.“ അവന്‍ കൈചൂണ്ടിയിടത്തേയ്ക്ക് ഞാന്‍ നോക്കി, ഒറ്റവള്ളിയായി ചെറുമരത്തില്‍ പടര്‍ന്ന് മുല്ലവള്ളിയില്‍ അവിടവിടെ പൂക്കള്‍, “അതു പോരാ.” ഞാന്‍ പരാതിപ്പെട്ടു, അടുത്തെവിടെനിന്നോ പൊട്ടിച്ചെടുത്ത മരനാരു കയ്യില്‍ വച്ചുതന്ന് അവന്‍ പറഞ്ഞു, “ കെട്ടിത്തുടങ്ങൂ, മുല്ല പൂതരും.” ദൈവമേ ഞാനതു മറന്നല്ലോ അഞ്ചപ്പം കൊണ്ട് അയ്യായിരങ്ങളെ... വിശ്വാസമുറപ്പിച്ച് , ഞാന്‍ പൂവിറുത്തു മാലകെട്ടിത്തുടങ്ങി, എന്റെ നീളന്‍മുടിയില്‍ കൊരുത്തുവയ്ക്കാന്‍ പാകത്തിലായി, “ഉം, മതി” എന്നുപറയുമ്പോള്‍ വര്‍ഷങ്ങള്‍ക്കു മുമ്പെങ്ങോ നഷ്ടമായൊരു കൊഞ്ചല്‍ എന്റെ ശബ്ദത്തില്‍ അനുഭവപ്പെട്ടിരുന്നു. പൂമാല ചൂടിയപ്പോള്‍ പിന്നില്‍ വന്നുനിന്നവന്‍ എന്റെ മുടി വാസനിച്ചു, പിന്നിലൂടെ കൈകള്‍ ചേര്‍ത്ത് മുറുകെ കെട്ടിപ്പിടിച്ചു, ആണിപ്പഴുതുകളുള്ള കൈയില്‍ ഞാന്‍ ഒതുങ്ങിനിന്നു. സ്വപ്നം മുറിഞ്ഞ് ഞാനൊന്നു ഞരങ്ങി, അവന്‍ എന്നെ തോളിലേയ്ക്ക് കൂടുതല്‍ ചേര്‍ത്തുപിടിച്ചു, വീണ്ടുമുറക്കത്തിലേയ്ക്ക് വഴുതിവീഴുമ്പോള്‍ ഞാനൊരു ദീര്‍ഘശ്വാസമെടുത്തു, മുല്ലപ്പൂക്കളുടെ വാസനയുള്ള വായു എന്നിലേയ്ക്ക് ഒഴുകി നിറഞ്ഞു. അതെന്നെ മയക്കിക്കിടത്തി.

അധികരിച്ച വേദനയുടെ സ്പര്‍ശം ഉറക്കത്തിലും ഞാനറിഞ്ഞുതുടങ്ങി. ആരാണെന്നില്‍നിന്നും അവനെ അടര്‍ത്തിമാറ്റുന്നത്, ദൈവമേ, തൊലിയും മാംസവുമെല്ലാം അടര്‍ന്നുപോകുന്നതുപോലെ, അസ്ഥികള്‍ ഒടിയുന്നു, എന്റെ കൈത്തണ്ടയും തോളുമെല്ലാം വേദനിക്കുകയാണ്, എന്റെ രക്തം ചിന്താതെ എന്നെയവനില്‍ നിന്നു അടര്‍ത്താനാവില്ല, വിടൂ, വിടൂ, ഞാന്‍ അലറി, എന്നിട്ടും അവരവനെ വലിച്ചിഴച്ചുകൊണ്ടുപോയി, കൊണ്ടുപോകുമെന്ന് എനിക്കറിയാമായിരുന്നു, അവനെ തറയ്ക്കുവാന്‍ അവര്‍ കുരിശും ആണികളും കൊണ്ടുവന്നിട്ടുണ്ട്, ആ കുരിശുചുമന്ന് അവന്‍ മലമുകളിലേയ്ക്ക് പോകും, അവനതു നേരത്തെ പറഞ്ഞിരുന്നതാണ്, ഒറ്റിക്കൊടുക്കുന്ന യൂദായെ വെറുക്കരുതെന്നവന്‍ പറഞ്ഞേല്പിച്ചിരുന്നു. മുപ്പതു വെള്ളിക്കാശിനായല്ല, ജീവനെക്കാള്‍ യൂദാ സ്നേഹിച്ചിരുന്ന മകള്‍ക്കുവേണ്ടിയാണ് അവനതു ചെയ്യുക എന്നും പറഞ്ഞത് എനിക്കോര്‍മ്മ വന്നു. എങ്കിലും, ഇപ്പോള്‍ അവന്റെ ഈ തീവ്രവേദനയില്‍ ദൈവമേ നീ എന്താണ് ചെയ്യുന്നത്? ഇത്രകാലവും നിനക്കപ്രിയമായതൊന്നും അവന്‍ ചെയ്തിട്ടില്ല, എന്നിട്ടുമിപ്പോള്‍.... ഞാന്‍ ഉറക്കെ കരഞ്ഞു, ശബ്ദം പുറത്തുവരുന്നില്ല, എത്ര ശ്രമിച്ചിട്ടും ഞരക്കം പോലൊരു ദയനീയശബ്ദം മാത്രമാണുണ്ടാകുന്നത്. ഒന്നു കരയാന്‍ പോലുമാവുന്നില്ലല്ലോ എനിക്ക്. കല്ലുകളില്‍ പടര്‍ന്ന മുള്‍ച്ചെടികള്‍ക്കു മീതെ ഞാന്‍ ഇടറിവീണു, കണ്‍കോണുകളിലൂടെ രക്തംകലര്‍ന്ന കണ്ണീര്‍ ഒഴുകി നിലത്തുപരന്നു. കൂര്‍ത്തമുള്ളുകളും കല്ലുകളും, എന്നെ വേദനിച്ചപ്പോള്‍ ഞാന്‍ സന്തോഷിച്ചു, അവന്റെ വേദനയുടെ ഒരു ചെറിയ അംശമെങ്കിലും ഞാനറിയുന്നല്ലോ. അത്രയെങ്കിലും വേദന അവനില്‍ നിന്ന് ഒഴിവായിരുന്നെങ്കില്‍.

എത്ര നേരമുറങ്ങിയിരിക്കുമെന്നറിയില്ല, എപ്പോഴോ മഞ്ഞുതുള്ളികള്‍ പെയ്തു ശരീരം നനഞ്ഞപ്പോള്‍ കണ്ണുകള്‍ വലിച്ചുതുറക്കാന്‍ ഞാന്‍ ശ്രമിച്ചു, കണ്‍പോളകളില്‍ ഭാരം എടുത്തുവച്ചതുപോലെ അവ വീണ്ടും അടയുകയാണ്, പെട്ടെന്ന് എനിക്ക് തിരിച്ചറിവുണ്ടായി, ഏതു കല്ലറയിലടച്ചാലും ഞാന്‍ ചെന്നുവിളിച്ചാല്‍ അവന്‍ വരും, എനിക്കതുറപ്പാണ്, ഉണര്‍ന്നെഴുന്നേല്ക്കണം, അവനെ തേടിക്കണ്ടുപിടിക്കണം, കണ്‍പോളകളില്‍ ബലം പ്രയോഗിച്ചു ധ്യാനിച്ചു. ഇരുളിന്റെ വാഴ്വുകളില്‍ അവന്റെ മുഖം പ്രഭാവലയത്തോടെ തെളിഞ്ഞു. ഒരു നിമിഷം, പെട്ടെന്ന് എനിക്കു കണ്ണുതുറക്കാനായി. ഞാന്‍ ചുറ്റുംനോക്കി, ആരൊക്കെയാണിവര്‍? എവിടെയാണു ഞാന്‍, ആ താഴ്വരയിനിന്നും ആരാണെന്നെ കൊണ്ടുപോന്നത്? എങ്ങനെയാണു ഞാന്‍ ഇവിടെയെത്തിയത്?

“കണ്ണു തുറന്നു.“ ആരാണതു് പറഞ്ഞത്, ആരുടെ ശബ്ദമാണത്? ഞാന്‍ പിടഞ്ഞെഴുന്നേല്ക്കാന്‍ ശ്രമിച്ചു. എന്നെയാരോ തടഞ്ഞു, ഞാന്‍ ചുറ്റുംനോക്കി, അതാ അവന്‍, ഇളംനീലനിറമുള്ള ഭിത്തിയില്‍ ചാരി, ക്രൂശിതന്റെ വേദനയോടെ, എന്നെ വിട്ടുപോയിട്ടില്ലല്ലോ എന്നു് ഞാന്‍ നിശ്വസിച്ചു, അടുത്തേയ്ക്ക് വരൂ എന്നവനെ ദയനീയമായി നോക്കി.

“ഹരിനന്ദനാ, ഒന്നിങ്ങോട്ടു വരൂ.“ അമ്മയുടെ ശബ്ദമാണല്ലോ. അവന്‍ എന്റെ അരികിലേയ്ക്കല്ലേ വരുന്നത്? അമ്മയ്ക്കാളെ മനസ്സിലായിട്ടില്ല, അതല്ലേ ഹരിനന്ദനാ എന്നു വിളിച്ചത്? എനിക്കൊന്നും മിണ്ടാനാവുന്നില്ലല്ലോ, ആരാണെന്റെ മൂക്കും വായുമൊക്കെ അടച്ചുവച്ചത്? അതൊക്കെ എടുത്തുമാറ്റാന്‍, കൈ ഒന്നുയര്‍ത്താന്‍പോലും എനിക്ക് കഴിയുന്നില്ലല്ലോ, അവന്‍ അടുത്തേയ്ക്കുവരുന്നതു ഞാന്‍ കണ്ടു, എന്നെ രക്ഷിക്കും, കൈപിടിച്ച് കൂട്ടിക്കൊണ്ടുപോകും, അമ്മേ എനിക്കു പോകാതെ വയ്യ, ഞാന്‍ ആശ്വസിക്കാന്‍ ശ്രമിച്ചു, “ ഹരി നന്ദനാ, എനിക്കു തലകറങ്ങുന്നു,“ അമ്മ വീഴുകയാണോ? അവനല്ലേ താങ്ങിപ്പിടിക്കുന്നത്? ഹരിയേട്ടനാണത് , ഹരിനന്ദനന്‍, സുവര്‍ണേടത്തിയുടെ ഭര്‍ത്താവല്ലേ? ഭാരതിവലിയമ്മയുടെ മകള്‍, പാരീസില്‍ ചിത്രമെഴുത്തുപഠിക്കാന്‍ പോയി അവിടെ താമസമാക്കിയ സുവര്‍ണേടത്തി...” ഓര്‍മ്മകളെ തടഞ്ഞുകൊണ്ട് കൈത്തണ്ടയില്‍ സൂചി കുത്തിയിറങ്ങുന്ന വേദനയറിഞ്ഞു. എനിക്കുറക്കം വരുന്നു, കണ്ണുകളും മനസ്സും വീണ്ടും മയക്കത്തിലേയ്ക്കു പോകുന്നു. ഇരുണ്ട നിലവറയിലേയ്ക്കുള്ള പടികള്‍ എണ്ണിക്കൊണ്ടിറങ്ങുകയാണ്, ഒന്ന്, രണ്ട്, മൂന്ന്, ഏഴ്, ഒന്‍പത്.... അക്കങ്ങള്‍ കുഴപ്പിക്കുന്നു. ആ ഇറക്കത്തില്‍ ഓര്‍മ്മകളില്‍നിന്ന് ഒരു ചിത്രം തെളിഞ്ഞുവരുന്നതു ഞാന്‍ കാണുന്നുണ്ടല്ലോ. ഹോസ്റ്റലിലെ സന്ദര്‍ശനമുറിവിട്ടിറങ്ങി, പാലമരങ്ങളുടെ ചുവട്ടിലൂടെ പതുക്കെ നടന്നുനീങ്ങുന്ന പുരുഷരൂപം, പിന്നില്‍ കണ്ണെടുക്കാതെ നോക്കിനില്ക്കുന്ന ഞാന്‍. പശ്ചാത്തലത്തില്‍ എന്റെ ഡയറിയിലെ എഴുതിയ അവസാനതാള്‍, അതിലെ നിശ്ശബ്ദത, വീര്‍പ്പുമുട്ടല്‍... അതിലാകെ എഴുതിയിരുന്നത് ആ ഒരു പേരുമാത്രമാണെന്നു ഞാന്‍ കണ്ടു, 'ഹരിനന്ദനന്‍'. അടഞ്ഞുപോയ കണ്ണുകളിലേയ്ക്ക് ഇരുളിന്റെ പ്രകാശമരിച്ചിറങ്ങുന്നു. ഉറങ്ങാതെ വയ്യ.

“ഇനി ഒന്നുറങ്ങി ഉണര്‍ന്നോളും, പേടിക്കാനൊന്നുമില്ല.” പറഞ്ഞത് ആരാണെന്നു കണ്ടില്ല, ആരെങ്കിലുമാകട്ടെ, എനിക്കുറങ്ങണം, വേഗമുറങ്ങണം, ഉറങ്ങിഉണരണം, വേഗമുണരണം.

Subscribe Tharjani |