തര്‍ജ്ജനി

നിരഞ്ജന്‍

നിയതി,
കണ്യാര്‍ പാടം,
ചിറ്റൂര്‍,
പാലക്കാട് 678 101.

ബ്ലോഗുകള്‍
നാളികേരം : http://niranjantg-niranjantg.blogspot.com/
കടുമാങ്ങ : http://namboodiristmarxism.blogspot.com/
ഫോണ്‍ ‍: 9995892109

Visit Home Page ...

കവിത

അപകടമേഖലയില്‍പ്പെടുത്താവുന്ന പാലങ്ങള്‍

മരിച്ചുപോയതെങ്കിലും
പുഴയായിരുന്നുവെന്ന
പഴയൊരു കാരണത്തിനു മുകളില്‍
മലര്‍ന്നടിച്ചുകിടക്കുന്ന പാലങ്ങള്‍ കണ്ടിട്ടില്ലേ?

വേനലില്‍ കാല്‍തൊടാനാവാത്ത
പൊള്ളുന്ന പാറകളിലെ
തേഞ്ഞ അടയാളങ്ങള്‍ മാത്രമാണ്.
പഴയ ഒഴുക്കെന്നോ
കല്ലടര്‍ന്നുപോയ ഒരു തൂണിലെ
ഉണങ്ങിപ്പിടിച്ച ഒരു വേരു് മാത്രമാണ്.
പഴയ നിരപ്പെന്നോ
സ്വയമറിയില്ല
മേല്പോട്ടുമാത്രം നോക്കി
മലര്‍ന്നങ്ങനെ കിടപ്പല്ലേ.

കയറിവരുന്നവരോട്
ദാ കണ്ടോ..
എന്റെ ഉറപ്പുകണ്ടോ
എന്ന മട്ടില്‍
ഇരുകരകളോടും.

ദാ കണ്ടോ..
ഞാന്‍ നിങ്ങളെ ചേര്‍ക്കുന്നതു കണ്ടോ
എന്ന മട്ടില്‍
നടുഞെളിഞ്ഞങ്ങനെ
അഹങ്കരിക്കും..

ചുവപ്പുകാണിച്ചു പേടിപ്പിച്ച്
ഇരുപുറത്തും ടോള്‍ പിരിക്കും.

അതൊക്കെയിരിക്കട്ടെ..
ചുരുങ്ങിയത്
ഇരുമ്പ് തണുക്കുന്ന കൈവരികളിലെ
എത്തിനോട്ടങ്ങളിലെല്ലാം
കൗതുകമല്ലെന്നും
അമര്‍ത്തിപ്പിടിച്ച
നിലവിളികളാണെന്നും
ഈ പാലങ്ങള്‍ക്ക്
എന്നെങ്കിലുമൊന്ന്
മനസ്സിലായാല്‍ മതിയായിരുന്നു..!

Subscribe Tharjani |