തര്‍ജ്ജനി

സ്മിത മീനാക്ഷി

ദില്ലി
ബ്ലോഗ് : http://smithameenakshy.blogspot.com/

Visit Home Page ...

കവിത

കവിത തേടിയിറങ്ങുമ്പോള്‍

ഏഴുവയസ്സുകാരന്‍ മകനാണു്
കൂട്ടിന് വന്നത്.
കവിതയുടെ മണമെന്തെന്നും നിറമെന്തെന്നും
കാലെത്ര കൈയെത്രയെന്നും
അവന്‍ ചോദിച്ചുകൊണ്ടിരുന്നു.

മുയല്‍പോലെ ചാടുമോ
മയില്‍പോലെയാടുമോ
കടല്‍പോലിരമ്പുമോ
കാറ്റുപോല്‍ വീശുമോ
കിളിക്കൂട്ടിലുറങ്ങുമോ
ചിറകില്ലാതെ പറക്കുമോ

ഇല്ലെന്നുമുവ്വെന്നും പറയാതെ
നെറുകയിലൊരുമ്മ മറുപടിയാക്കി
കണ്ടെത്താത്ത കവിതയ്ക്ക്
ആദ്യവരി ചമച്ചു.

ചിരിക്കുന്ന രാക്ഷസന്‍,
പറക്കുന്ന മാമല,
കുന്നുകയറുന്ന പുഴ
സൂര്യനില്‍ കൂടുവച്ച കുരങ്ങന്‍
ഇവരിലാരാകും കവിതയെന്നു
കഥയായ് ചമയുമ്പോള്‍
രണ്ടു കവിളിലുമുമ്മ വച്ച്
ഈരടികളാക്കി കവിതയില്‍ ചേര്‍ത്തു.

ഇതിലേറെയേതു കവിതയെന്ന്
ഒരുക്കിവച്ചിരുന്ന അക്ഷരങ്ങളെ
മണല്‍ത്തട്ടിലുപേക്ഷിച്ചപ്പോള്‍
അവ കൊത്തിയെടുത്ത ബലിക്കാക്ക
ഇതാ ഒരു കവിതയെന്നു കാ , കാ

Subscribe Tharjani |
Submitted by Anonymous (not verified) on Tue, 2012-09-04 00:43.

ഇല്ലെന്നുമുവ്വെന്നും പറയാതെ
നെറുകയിലൊരുമ്മ മറുപടിയാക്കി
കണ്ടെത്താത്ത കവിതയ്ക്ക്
ആദ്യവരി ചമച്ചു. ....

ഈ സന്ദിഗ്ദ്ധത തന്നെ കവിത.