തര്‍ജ്ജനി

മുഹമ്മദ് റാഫി. എന്‍. വി

നെല്ലട്ടാം വീട്ടില്‍,
നടുവണ്ണൂര്‍,
കോഴിക്കോട്. 673 614.

Visit Home Page ...

സിനിമ

സിനിമാ കമ്പനി

അടുത്തകാലത്ത് മലയാളസിനിമയില്‍ നടന്ന പരീക്ഷണങ്ങളുടെ തുടര്‍ച്ചയാണ് 'സിനിമ കമ്പനി 'എന്ന ചലച്ചിത്രം. ഓഫ് ബീറ്റ് സീനുകളുടെയും യുവത്വത്തിന്റെ സിനിമാക്കമ്പത്തിന്റെയും കഥകള്‍ അനാവൃതമാക്കുന്ന ഇതിവൃത്തം സ്വീകരിച്ചു് സാങ്കേതികതയുടെ മേന്മയിലൂടെ സിനിമ പറയാനുമുള്ള ശ്രമം അഭിനന്ദനമര്‍ഹിക്കുന്നുണ്ട്. ഭാവുകത്വത്തിലും കാഴ്ചയുടെ അനുഭവത്തിലും പുതുമതേടുന്ന ചെറുപ്പത്തിന്റെ അന്വേഷണം സിനിമാ കമ്പനി നിര്‍വഹിക്കുന്നുണ്ട്. ഫേസ് ബുക്കില്‍ സ്വപ്നംകണ്ടു സാക്ഷാത്കരിച്ച ഈ ചിത്രം പുതുമകൊണ്ട് ആഖ്യാനത്തെയും പരിചരണത്തെയും വ്യത്യസ്തമാക്കുന്നു. പ്രൊഫഷനല്‍ അഭിനയത്തെ നവസിനിമകള്‍ ഒരു പരിധിവരെ നിരാകരിക്കുന്നുണ്ട്‌. സ്വാഭാവികമായ ഇടപെടലുകളെ സ്ഥാനപ്പെടുത്തലാണ് നടനത്തിന്റെ പുതിയ രീതി. പ്രണയിക്കുന്നതും, സൌഹൃദം കൂടുന്നതും ദിനചര്യകളുമൊക്കെ അടങ്ങുന്ന കാര്യങ്ങള്‍ നടിക്കുന്നതിനു പകരം കേവലമനുഷ്യര്‍ ഇതൊക്കെ എങ്ങിനെയാണോ അനുഭവിക്കുന്നത്, അത് പ്രേക്ഷകനെ ബോദ്ധ്യപ്പെടുത്തുംവിധം സ്വാഭാവികചലനങ്ങളെ തിരശ്ശീലയില്‍ കൊണ്ടുവരുന്നു. മിമിക്രിയോ അതിഭാവുകത്വമോ ഒക്കെയായി മാറാന്‍ ഇടയുള്ള നടനവൈഭവത്തിന്റെ തിരിച്ചിടലാണ് ഈ ചലനങ്ങളുടെ പൊതുസമീപനം .

പോളച്ചന്‍, വര്‍ഗീസ്‌ പണിക്കര്‍, പാറു, ഫൈസല്‍ എന്നി നാലു സുഹൃത്തുക്കളുടെ കൂടിച്ചേരലുകളും അവരുടെ സ്വപ്നങ്ങളുമാണ് സിനിമാ കമ്പനിയുടെ കഥാതന്തു. 'എന്തെങ്കിലും നേടിയെടുക്കാനായി ഒരാള്‍ പൂര്‍ണ്ണമനസ്സോടെ ഇറങ്ങിത്തിരിച്ചാല്‍ ലോകംമുഴുവന്‍ അയാളുടെ സഹായത്തിനെത്തും' എന്ന പൌലോ കൊയലോയുടെ ആല്‍കെമിസ്റ്റിലെ വാചകം ഈ സൌഹൃദങ്ങളെ പ്രചോദിപ്പിക്കുന്നു. ഒരു സിനിമയുടെ സാക്ഷാത്കാരം എന്ന തങ്ങളുടെ മഹത്തായ സ്വപ്നത്തെ പൂര്‍ണ്ണതയില്‍ എത്തിക്കാനുള്ള ശ്രമങ്ങള്‍ക്കിടയില്‍ അനുഭവിക്കേണ്ടിവരുന്ന പ്രതിസന്ധികളും, വൈകാരികമായും ഭൌതികമായും കടന്നുവരുന്ന സംഘര്‍ഷങ്ങളും സിനിമാ കമ്പനിയില്‍ യാഥാര്‍ത്ഥ്യബോധത്തോടെ പ്രത്യക്ഷപ്പെടുന്നുണ്ട്. സിനിമയുടെ പിന്നാമ്പുറക്കാഴ്ചകളെ സിനിമയുമായി ഇണക്കിച്ചേര്‍ത്തതാണ് ഇവിടെ സവിശേഷമാവുന്നത്. സറ്റയറിന്റെ തലത്തിലേക്ക് വളരുന്ന അകംകാഴ്ചകള്‍ സാള്‍ട്ട് ആന്‍ഡ്‌ പെപ്പെര്‍ ഫയിം ബാബുരാജിനെ ഉപയോഗിച്ച് നിര്‍വ്വഹിക്കുന്നതില്‍ സംവിധായകന്‍ വിജയം കണ്ടു. കഥപറച്ചിലിന്റെ ഉത്തരാധുനികമായ ഒരു രീതിയുടെ പ്രയോഗമാണിത്. സൃഷ്ടിയുടെ പിറകിലുള്ള ശ്രമങ്ങളെയും അനുഭവങ്ങളെയും കാഴ്ചക്കാരുമായി പങ്കുവെക്കുന്നരീതിയില്‍ പുതുമയുണ്ട്. സിനിമയില്‍ ഗതാനുഗതികമായി പ്രത്യക്ഷപ്പെടുന്ന സ്റ്റാര്‍ഡം വീരകഥകളെ തുറന്നുകാട്ടി പരിഹസിക്കുന്നരീതിയിലേക്ക് ഇത് സിനിമാ കമ്പനിയില്‍ വളരുന്നുണ്ട്‌ .

ഭൌതിക -രാഷ്ട്രീയ-ആത്മീയനേട്ടങ്ങളെപ്പറ്റിയുള്ള മുഖ്യധാരാസങ്കല്പങ്ങള്‍ക്കു് അനുസരിച്ചുമാത്രം കൂട്ടായ്മകള്‍ രൂപപ്പെടുന്ന ഒരുകാലത്ത് ലേബല്‍ ഇല്ലാത്ത സൌഹൃദത്തിനു വേണ്ടിമാത്രം ഒത്തുചേര്‍ന്ന ബന്ധങ്ങളുടെ കഥയെക്കൂടി ഈ ചിത്രം ഉള്‍ച്ചേര്‍ത്തിട്ടുണ്ട്. വ്യത്യസ്തമായ സര്‍ഗ്ഗശേഷികള്‍ ഒരേ അഭിരുചിയുള്ളവരില്‍ പ്രതിപ്രവര്‍ത്തിക്കുമ്പോള്‍ മഹത്തായ ഒരു ലക്ഷ്യം സാക്ഷാത്കരിക്കാന്‍ സാധിച്ചേക്കും. സിനിമയിലെ ഒരു കഥ പാത്രം പറയുന്ന പോലെ 'സ്വപ്നങ്ങള്‍ക്ക് വേണ്ടി ജീവിക്കുമ്പോഴാണ് ജീവിതത്തിനു് എന്തെങ്കിലും അര്‍ത്ഥം വരുന്നത്.

വിലപ്പെട്ടത്‌ എന്ന് നാലുപേരും കരുതുന്ന സിനിമാനിര്‍മ്മാണത്തിലേക്കുള്ള നാള്‍വഴികളില്‍ വന്നുചേരുന്ന പുതുക്കക്കാരുടെ അനുഭവങ്ങള്‍ ചിത്രീകരിച്ചു എന്നുള്ളത് മാത്രമല്ല സിനിമാ കമ്പനിയെ വ്യതിരിക്തമാക്കുന്നത്‌. അതിന്റെ പിന്നാമ്പുറവര്‍ത്തമാനങ്ങളുടെ കാഴ്ചയും കൂടിയാണ്. നായക /താരശരീരത്തിന്റെ പൊള്ളത്തരങ്ങളും കൃത്രിമനാട്യങ്ങളും തുറന്നുകാട്ടുകയും സ്റ്റാര്‍ /സൂപ്പര്‍സ്റ്റാര്‍ സങ്കല്പത്തെ പാടെ നിരാകരിക്കുകയും ചെയ്യുന്നുണ്ട് ഇവിടെ. കൂട്ടായ്മയുടെയും പങ്കുവെക്കലുകളുടെയും ഉല്പന്നമാണ്‌ സിനിമ. സാമൂഹ്യ-കുടുംബ ചുറ്റുപാടുകളില്‍ നിന്നൊക്കെ വിച്ഛേദിക്കപ്പെട്ട ഏകമാത്രവ്യക്തി അഥവാ നായകശരീരമല്ല കലയും ജീവിതവും. ഇത്തരം സന്ദേശങ്ങള്‍ സിനിമാ കമ്പനി ഉള്‍ച്ചേര്‍ത്തിട്ടുണ്ട്. ഇതിലെ സൌഹൃദത്തെ വ്യത്യസ്തമാക്കുന്നത് ആണിന്റെയും പെണ്ണിന്റെയും ഇടകലരല്‍ ആണ്. ഒരേ ലിംഗത്തില്‍പ്പെട്ടവര്‍ക്ക് മാത്രം സാദ്ധ്യമാവുന്നത് എന്ന് പൊതുസമൂഹം പലപ്പോഴും മുന്‍വിധി എഴുതുന്ന കൂട്ടായ്മ ഇതിലില്ല. ഒരു പെണ്‍കുട്ടി മറ്റു മൂന്ന് ആണ്‍കുട്ടികള്‍ ഇടപഴകുന്ന അതെ ഊഷ്മളതയോടെ, തുറന്ന മനസ്സോടെ എല്ലാവരോടും കളങ്കമില്ലാത്ത സൌഹൃദം സൂക്ഷിക്കുകയും അതൊരു കൃത്രിമമല്ലാത്ത സന്ദേശമായിത്തീരുകയും ചെയ്യുന്നു. ഒരു പെണ്‍കുട്ടി അവളുടെ ജീവിതത്തെ സ്വയം നിര്‍ണ്ണയിക്കുകയും സ്വാതന്ത്ര്യത്തിന്റെയും സ്നേഹത്തിന്റെയും സൌഹൃദത്തിന്റെയും തുറസ്സുകള്‍ സൃഷ്ടിക്കുകയും ചെയ്യുന്നത് അത്രയൊന്നുമില്ലാത്ത, പലവിധേനയും അത് സദാചാരപ്പെട്ടുകൊണ്ടിരിക്കുന്ന പുതുകാലത്ത് പ്രസക്തമായിത്തീരുന്നുണ്ട്. സ്ത്രീ-പുരുഷസൌഹൃദങ്ങളുടെ വിവക്ഷ തുറസ്സുകളെ ഉള്‍ക്കൊള്ളുന്നതിന്റെ സൂചനയാണിത് .


സംവിധായകന്‍ : മമ്മാസ്

സിനിമാ കമ്പനിയിലെ ന്യുനതകള്‍ കാണാതിരുന്നുകൂടാ.. ശരാശരിനിന്നും ഉയര്‍ന്നു നില്ക്കാത്ത തിരക്കഥയും സംഭാഷണവുമാണ് അതില്‍ പ്രധാനം. സംവിധായകന്‍ തന്നെ നിര്‍വ്വഹിച്ച തിരക്കഥ ഭദ്രമല്ല. പലയിടത്തും അത് പാളുന്നുണ്ട്‌. നല്ല സിനിമ സ്വപ്നംകാണുന്നവരുടെ കഥമാത്രം പോരല്ലോ സിനിമവിരിയാന്‍. സിനിമയ്ക്ക് പിറകിലെ കഥയും പരിഹാസങ്ങളും പുതിയ സിനിമയെക്കുറിച്ചുള്ള സ്വപ്നങ്ങളും അതിനുള്ള ശ്രമങ്ങളും ഒക്കെയായി പൂര്‍ത്തിയായ സിനിമാ കമ്പനി കണ്ടിറങ്ങുന്ന പ്രേക്ഷകന് കാശും സമയവും പാഴായില്ല എന്നു് തോന്നണേ എന്നൊരു പ്രാര്‍ത്ഥന ഇതിലുള്ളതുപോലെയാണ് സിനിമയുടെ അവസാനം. ഒരു റി-മിക്സ്‌ ഗാനം സന്ദര്‍ഭമോ മറ്റോ ഇല്ലാതെ ഒരു ഐറ്റം ഡാന്‍സായി ചേര്‍ത്തിരിക്കുന്നു. ഏത് സിനിമ എടുത്താലും അതിനെ വിമര്‍ശിക്കുന്നവരെ പരിഹസിച്ചും വിമര്‍ശിച്ചും മുന്നേറുന്ന ഈ ചിത്രം നവസിനിമ ക്ലീഷേയില്‍ ഉള്‍പ്പെടുന്ന ഒന്ന് മാത്രമാണെന്ന് മെറ്റാക്രിട്ടിസിസം നടത്തിയാലും തെറ്റുപറയാനാവില്ല. നിലനില്ക്കുന്ന പോരയ്മകളെയും ന്യുനതകളെയും വിമര്‍ശിക്കാനും പരിഹസിക്കാനും ഇറങ്ങിത്തിരിക്കുന്നവര്‍ ഉന്നതമായ വിചാരമാതൃകകള്‍ സൃഷ്ടിക്കാന്‍ ശേഷിയുള്ള ബദല്‍മാതൃകകള്‍ നിര്‍മ്മിക്കുകയാണ് വേണ്ടത്. ഉന്നതമായ ഭാവനയും ചിന്താശേഷിയും സാമൂഹ്യ-രാഷ്ട്രീയ-ചരിത്രബോധങ്ങളും ഒക്കെ ചര്‍ച്ചചെയ്യപ്പെടുന്നതും കൂട്ടുകര്‍ക്കിടയിലുള്ള കൂട്ടായ്മകളില്‍ ആണ്. എഴുത്തുകാരനായി പ്രത്യക്ഷപ്പെടുന്ന ഇക്ക, സംവിധായകനായ പണിക്കര്‍ തുടങ്ങിയവരുടെയൊന്നും ഭാഷണങ്ങള്‍ സര്‍ഗപ്രക്രിയയില്‍ ഇടപെടുന്നവരുടെ പ്രതിഫലനമല്ല. അതിനുള്ള നിലവാരം ആ സംഭാഷണങ്ങള്‍ക്ക് ഇല്ല. മുഖ്യധാരാസിനിമയില്‍ പ്രത്യക്ഷപ്പെടുന്ന എഴുത്തുകാരന്റെ വാര്‍പ്പുമാതൃകയാണ് അയാളും. അരാഷ്ട്രീയമായിക്കൊണ്ടിരിക്കുന്ന സാമൂഹ്യ-ചരിത്രബോധങ്ങള്‍ ഒക്കെ ബാദ്ധ്യതയാണ് എന്ന് വിശ്വസിക്കുന്ന പുതുകാലതലമുറയുടെ സത്യസന്ധമായ പ്രാതിനിധ്യമാണ് സിനിമാ കമ്പനിയില്‍ പ്രത്യക്ഷപ്പെടുന്ന യുവത. സംവിധായകനായ മാമാസ് ചന്ദ്രനും വ്യത്യസ്തനല്ല എന്ന് വായിക്കാന്‍ പ്രയാസമില്ല. ശ്രുതി, ബാസില്‍, ബദരി, സഞ്ജീവ് എന്നിവരാണ്‌ സിനിമയില്‍ പ്രധാന വേഷങ്ങള്‍ ചെയ്തത് .

Subscribe Tharjani |