തര്‍ജ്ജനി

പോളി വര്‍ഗീസ്‌

7 Anand Flats
24, South Avenue
Sri Nagar Colony
Saidapet
Chennai 15
മെയില്‍ : polyvarghese@gmail.com
ബ്ലോഗ് : http://kalapan.blogspot.in

Visit Home Page ...

കവിത

കനല്‍കുടിച്ച നെറ്റിത്താഴുകള്‍.......

നിന്റെ മടക്കം,
പകുതി വെന്ത ചോറ്റു ഞരമ്പുകളുടെ മിടിപ്പ് .
വേച്ചു വേച്ചു വരും കാല്‍പ്പെരുമാറ്റം,
എന്നെ ഭയപ്പെടുത്തിയ ഉറയൂരിയ നിന്റെ നിഴല്‍.

നിരാലംബമായ ഒരു ചുഴി,
എന്റെ കാതുകളുടെ കടല്‍ച്ചൊരുക്ക്.
ഇടയില്‍ മുറിഞ്ഞുപോയ പ്രാണന്‍,
നെഞ്ചിന്‍കൂടുകള്‍ തകര്‍ത്ത് കുത്തിയൊഴുകിയ
നിന്റെ അശാന്തവേഗങ്ങള്‍.

എന്റെ വിശക്കുന്ന മരുഭൂമികള്‍,
നിന്റെ തടവുകൂടാരങ്ങളുടെ കാഴ്ചകളെ തകര്‍ത്ത,
പെരുകുന്ന വിഭ്രാന്തനിനവുകള്‍.

അലറുന്ന കണ്‍കുഴികളില്‍ പിറക്കുന്നു,
അലസമായ ഒരു പുഴ..
അളിഞ്ഞു വമിക്കുന്ന നിന്റെ കാല്‍വളയങ്ങള്‍,
എന്റെ അലയുന്ന അഗ്നി കൈകളില്‍,
ഞെരിഞ്ഞുതീരേണ്ട ഒരു ഇര.

നിന്റെ പ്രവാസത്തിലെ മുറിഞ്ഞു വാര്‍ന്ന പ്രണയം ,
പ്രളയത്തിനു മുമ്പ് നുഴഞ്ഞുകയറിയവനെ,
പിഴുതുതീര്‍ക്കാനുള്ള തൂക്കുകയര്‍.

നമ്മുടെ കനല്‍കുടിച്ച നെറ്റിത്താഴുകള്‍
ഇറുകിയ തുരുമ്പുസെല്ലുകളെ,
വര്‍ത്തമാനത്തില്‍ നിന്ന് മറവിലേക്ക് കോര്‍ത്തെടുക്കുമ്പോള്‍,
നിന്റെ കൈവെള്ളയില്‍ അവശേഷിച്ച ഒരേ ഒരു വാക്ക്,
എന്നെ കണ്ടുമുട്ടിയ ചതുപ്പുപാടങ്ങള്‍ക്കുള്ളില്‍ കുഴിച്ചുമൂടുക

കണക്കു കൂട്ടലുകളില്ലാത്ത ഒരു പാഴ്‍വേര് എങ്കിലും
നമ്മുടെ കാലടി മുറിവുകളെ തിരഞ്ഞു പടര്‍ന്നെന്നു വരാം ....

Subscribe Tharjani |