തര്‍ജ്ജനി

സുരേഷ് ഐക്കര

54,ഒന്നാം നില,
റവന്യൂ ടവര്‍,
തിരുവല്ല-689101
ഫോണ്‍: :9447595329
ബ്ലോഗ്:www.suresh-aykara.blogspot.com

Visit Home Page ...

കഥ

ചോറൂണ്

ഒരാഴ്ചത്തെ വെക്കേഷന് പ്രേമ വരുന്നുണ്ടെന്നു കേട്ടപ്പോള്‍ എനിക്ക് ഉത്സാഹമായി. അവള്‍ തന്നെയാണ് വിളിച്ചറിയിച്ചത്.
“ചേച്ചീ, ഈ വെക്കേഷന് നാട്ടില്‍ പോകാന്‍ തോന്നുന്നില്ല. ഞാനങ്ങോട്ടു വരട്ടെ? ചേച്ചിക്ക് അസൌകര്യമാകുമോ?”
ഒന്നുമാലോചിക്കാതെ ഞാന്‍ പറഞ്ഞു:
“എന്തസൌകര്യം! നീ വാടീ. ഞാനിവിടെ ബോറടിച്ചിരിക്കുവാ.”
അപ്പുറത്ത് ആഹ്ലാദാരവം.
“നീ വീട്ടിലറിയിച്ചോ? രവിയമ്മാവന്‍ അന്വേഷിച്ചിറങ്ങാനിടയാക്കല്ലേ. നിന്റെ ലോക്കല്‍ ഗാര്‍ഡിയന്‍ ഞാനാണെന്നു മറക്കരുത്.”
“ഏയ്.. ഞാനച്ഛനോടാ ആദ്യം പറഞ്ഞത്. അവിടെ അച്ഛനും അമ്മയും കൂടി മൂകാംബിക്കു പോകാനൊരവസരം ഞാനായിട്ടങ്ങു കൊടുത്തു. അവര്‍ കുടജാദ്രിയില്‍ രണ്ടാം ഹണിമൂണാഘോഷിക്കട്ടെ.”

ഞാന്‍ വീടൊരുക്കാന്‍ തുടങ്ങി. നാളെയാണ് അവള്‍ എത്തുക. മാധവന്‍ ടൂറിലാണ്, നാലു ദിവസം കഴിഞ്ഞേ മടങ്ങൂ. എന്റെ ഫോണ്‍ കിട്ടുമ്പോള്‍ മാധവന്‍ കോണ്‍ഫറന്‍സിലായിരുന്നു. വീട്ടില്‍ പുതുതായി ഒരാളെത്തുമെന്നറിയുമ്പോള്‍ പുള്ളിക്ക് ടെന്‍ഷന്‍ തുടങ്ങും. സ്വകാര്യതയില്‍ മറ്റൊരാളിന്റെ കടന്നുകയറ്റം മാധവനിഷ്ടമല്ല. ഒരാഴ്ചത്തെ കാര്യമല്ലേയുള്ളു എന്ന് കാലുപിടിച്ചപ്പോള്‍ ഒടുവില്‍ സമ്മതിച്ചു.

മുകളിലത്തെ മുറി പ്രേമക്കുവേണ്ടി തയ്യാറാക്കി. ബെഡ്ഷീറ്റുകളൊക്കെ മാറ്റി പുതുമണം മാറാത്തവ വിരിച്ചു. ഡ്രെസ്സിംഗ് ടേബിളിലെ പൂപ്പാത്രത്തില്‍ കടുംചുവപ്പുപൂക്കള്‍ ക്രമീകരിച്ചു. രണ്ടു ടര്‍ക്കിയും കൂടുപൊട്ടിക്കാത്ത ഒരു ടോയ്ലറ്റ് സോപ്പും എടുത്തുവെച്ചു. ജാസ്മിന്‍ ഫ്ലേവറുള്ള റൂം‌സ്പ്രേ ചുവരുകളില്‍ തളിച്ചു. പഴയ വസ്ത്രങ്ങളൊക്കെ മാറ്റി അലമാരി കാലിയാക്കി.

രാത്രിയില്‍ എനിക്കു കുറെ ജോലികള്‍ അത്യാവശ്യമായി തീര്‍ക്കേണ്ടതുണ്ടായിരുന്നു. മൂന്നു മാഗസിനുകള്‍ക്ക് കൊടുക്കാനുള്ള ലേഖനങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. എഴുതിക്കഴിഞ്ഞുള്ള മിനുക്കുപണികളാണ് അവശേഷിക്കുന്നത്. അതിന് ഈ ഏകാന്തതയോളം മറ്റൊന്നും ഉപകരിക്കില്ല. പ്രേമ ഇവിടുണ്ടാകുന്നത്രയും ദിവസങ്ങളില്‍ ഇത്തരം കാര്യങ്ങളൊന്നും നടക്കില്ലെന്നുറപ്പ്.

ആദ്യ രണ്ടു ലേഖനങ്ങളും റ്റൈപ് ചെയ്ത് മെയിലയച്ചതിനുശേഷമാണ് ഞാന്‍ കിടന്നത്. മൂന്നാമത്തെ ലേഖനം നാളെ പുലര്‍ച്ചത്തേക്കു മാറ്റിവെച്ചു.

തെല്ലും വിചാരിക്കാത്ത, ഒട്ടുമേ പ്രതീക്ഷിക്കാത്ത ചില ഓര്‍മ്മകളിലേക്ക് യാതൊരു പ്രകോപനവുമില്ലാതെ ഒറ്റനിമിഷം കൊണ്ട് ചിലപ്പോള്‍ നമ്മള്‍ വീണുപോയേക്കാം. ആ ഒരൊറ്റ നിമിഷം ഗൂഢമായി നമ്മെ പൊതിഞ്ഞുവന്ന ഉറക്കത്തിന്റെ കരങ്ങളെ തട്ടിത്തെറിപ്പിക്കുകയും ചെയ്യും.

വെയിലില്‍ വിയര്‍ത്തൊലിച്ചു കയറി വന്ന അച്ഛനാണ് എന്റെ ഉറക്കം കുടഞ്ഞെറിഞ്ഞത്. ലൈനില്‍ പണിനടക്കുന്നതുകൊണ്ടു കറന്റില്ലായിരുന്നു. അമ്മ കൊടുത്ത സംഭാരം ഒറ്റവലിക്കു കുടിച്ച് വേഷം മാറി ഒരു കൈലി മാത്രമുടുത്ത് അച്ഛന്‍ നീട്ടി വിളിച്ചു:
പങ്കിയമ്മോ...........

അച്ഛന്‍ മാത്രമാണ് എന്നെ അങ്ങനെ വിളിക്കുന്നത്. എന്നല്ല, അച്ഛന്‍ അങ്ങനെയേ വിളിച്ചിരുന്നുള്ളു. കവിഞ്ഞൊഴുകുന്ന വാത്സല്യത്തിന്റെ പൂര്‍ണ്ണത ആ വിളിയില്‍ ഞാനനുഭവിക്കാറുണ്ട്. സ്കൂള്‍ രജിസ്റ്ററില്‍ ശ്രീരഞ്ജിനി. എസ് എന്നു പേരുചേര്‍ത്ത ദിവസം അച്ഛന്‍ അമ്മയോട് അല്പം ഈര്‍ഷ്യയോടെ ചോദിക്കുന്നതു കേട്ടു:
“പങ്കിയമ്മ. എസ് എന്നായിരുന്നെങ്കിലെന്താ കുഴപ്പം?”
“പിന്നേ..പങ്കിയമ്മ.. ഇപ്പഴത്തെ പിള്ളാര്‍ക്ക് പറ്റിയ പേര്". അമ്മ പരിഹസിച്ചു.

അച്ഛന്‍ വീണ്ടും വിളിച്ചു.
“പങ്കിയമ്മോ.. ആ വിശറീംകൊണ്ടിങ്ങു വായോ...”
നടുത്തളത്തിലെ ജനല്‍ കടന്നുവരുന്ന പടിഞ്ഞാറന്‍ കാറ്റു കിട്ടാന്‍പാകത്തില്‍ അച്ഛന്‍ നീണ്ടുനിവര്‍ന്നുകിടന്നു. റെഡ്‌ഓക്സൈഡിന്റെ തറയില്‍ വിയര്‍പ്പിന്റെ നനവ് ഒരാള്‍രൂപം സൃഷ്ടിച്ചു.

ചന്തുവാശാരി ഉളികൊണ്ടു വെട്ടിയെടുത്ത പാളവിശറി തണുത്ത കാറ്റു കൂടുതല്‍ ഉള്ളില്‍ പേറുന്നുണ്ടെന്നു കണ്ടുപിടിച്ചത് അച്ഛനാണ്. അതിനെ താളാത്മകമായി പുറത്തുവിടാന്‍ പങ്കിയമ്മയുടെ കൈവിരലുകള്‍ക്കേ കഴിയൂ എന്നും.

ഞാന്‍ അച്ഛന് വീശിക്കൊടുത്തു. സുഖദമായ ആലസ്യത്തിലെന്നപോലെ അച്ഛന്‍ കണ്ണുകളടച്ചു. കണ്ണു തുറക്കാതെതന്നെ പറഞ്ഞു:
“ആ പുതിയ കവിതയൊന്നു ചൊല്ലിക്കേ മോളേ.”

ഇന്നലെ എഴുതിത്തീര്‍ത്തയുടന്‍ അച്ഛനെ കാണിച്ചതാണ്. ഒരുപാടിഷ്ടപ്പെടുകയും ഗംഭീരമെന്നു വിശേഷിപ്പിക്കുകയുംചെയ്ത ഞാനെഴുതിയ അപൂര്‍വ്വം കവിതകളിലൊന്ന്. അച്ഛന്റെ സര്‍ട്ടിഫിക്കറ്റ് കിട്ടുക അത്ര എളുപ്പമല്ല.

“അല്ലെങ്കി വേണ്ട. ഞാന്‍ ചൊല്ലാം. തെറ്റിയാല്‍ മാത്രം നീ ഇടപെട്ടാ മതി.”
ഞാന്‍ സമ്മതിച്ചു.

അച്ഛന്റെ നെറ്റിയില്‍ ഓര്‍മ്മയില്‍ പരതുന്ന രണ്ടു ചുളിവുകള്‍ വീണു. ചുണ്ടുകള്‍ അനങ്ങി.

“എന്തിനെക്കുറിച്ചാണു് വല്ലതും കുറിക്കേണ്ട-
തെന്നു ചിന്തിച്ചിട്ടല്ലയാരംഭിക്കുന്നതൊന്നും
എന്തൊക്കെയുള്ളില്‍ തോന്നുമതൊക്കെ വരും‌പോലെ-
യെഴുതും, പിച്ചിക്കീറുമെനിക്കു നേരം പോണ്ടെ
അച്ഛനതു കണ്ടെന്നാല്‍ പ്രതികരണമെന്തെ-
ന്നറിയാന്‍ വയ്യ, പാര്‍ത്താലതെന്റെ മണ്ടത്തരം.“*

അടുത്ത വരി മറന്നതുകൊണ്ടാവുമോ വരികള്‍ക്കിടയില്‍ ഒരു വിടവ്? അല്പനേരംകൂടി കാത്തിട്ട് ഞാന്‍ ചൊല്ലിത്തുടങ്ങി.
“പുകഴ്ത്തിപ്പറയുമോ ചിരിച്ചു തള്ളീടുമോ.....”

ഇല്ല. ആ ചുണ്ടുകള്‍ ചലിക്കുന്നില്ല.
മകളുടെ കവിത ചൊല്ലി അച്ഛന്‍ യാത്രയായിക്കഴിഞ്ഞിരുന്നു.
എനിക്കു വിശ്വസിക്കാന്‍ സാധിച്ചില്ല. വെഞ്ചാമരം പോലത്തെ മാറിലും കൈത്തണ്ടയിലും പിടിച്ചുനോക്കി. ഒരു മിടിപ്പുപോലുമവശേഷിപ്പിക്കാതെ, ഒരു സൂചനപോലും തരാതെ അച്ഛന്‍ പോയി. അച്ഛന്റെ അവശേഷിച്ച മണം ഞാന്‍ ആവോളം വലിച്ചെടുത്തു. ഇനി മുന്നോട്ടു ജീവിക്കാനുള്ള ഊര്‍ജ്ജമാണിത്. ഇതില്ലാതെ വയ്യ.

അപ്പോഴും ആ ശരീരത്തില്‍നിന്നൊഴുകിയ വിയര്‍പ്പുചാലുകള്‍ തറയില്‍ ഉണങ്ങാതെ അച്ഛന്റെ അടയാളം തീര്‍ത്തു.

ഈ രംഗം പലപ്പോഴും ഒരു മുന്നറിയിപ്പുമില്ലാതെ ശക്തമായി എന്നിലേക്കു കടന്നുവരും. മാധവന്റെ കരവലയത്തില്‍ രതിയുടെ പൂമണമേറ്റ് മയങ്ങിക്കിടക്കുമ്പോഴായിരിക്കും ചിലപ്പോള്‍. ഒരിക്കലും മാധവനോട് പറഞ്ഞിട്ടില്ല.

ഉടന്‍ ഉറക്കം വരില്ലെന്നറിഞ്ഞ് ഞാന്‍ എഴുന്നേറ്റു. ഹിമാലയന്‍ മാസ്റ്റേഴ്സ് എടുത്ത് ബാക്കി വായിക്കാന്‍ തുടങ്ങി. മൂന്നാലു പേജുകള്‍ പിന്നിട്ടപ്പോഴേക്കും കണ്‍പോളകള്‍ക്ക് കനം കൂടിവന്നു. പുസ്തകം മടക്കി സോഫയില്‍ത്തന്നെ കിടന്നു.

രാവിലെ ഉദ്ദേശിച്ചപോലെ ജോലി നടന്നില്ല. ഏറെ വൈകിയാണുണര്‍ന്നത്. പാലും പത്രവും എടുത്ത് അകത്തുവെച്ച് പെട്ടെന്നു ദിനചര്യകള്‍ കഴിച്ചു. നല്ല കടുപ്പത്തില്‍ ഒരു ചായയുണ്ടാക്കി കുടിക്കുമ്പോള്‍ കോളിംഗ് ബെല്ല് ഓം നമശിവായ ചൊല്ലി.

അതു പ്രേമ തന്നെയായിരുന്നു. വാതില്‍ക്കല്‍ വെച്ചുതന്നെ ബാഗ് താഴെവെച്ച് അവളെന്നെ കെട്ടിപ്പിടിച്ചു. രണ്ടു കവിളത്തും മാറി മാറി ഉമ്മ തന്നു.
“ആഹാ..കുളിച്ചിറങ്ങിയേയുള്ളെന്നു തോന്നുന്നല്ലോ... നല്ല മണം.”
അവള്‍ പൊട്ടിച്ചിരിച്ചു.

പ്രഭാതവെയില്‍ പൊടിപ്പിച്ച വിയര്‍പ്പിന്റെ സ്പ്രേ മണമായിരുന്നു അവള്‍ക്ക്.
“നീ ആദ്യം കുളിച്ചു ഫ്രെഷായി വാ. അപ്പഴേക്ക് ഞാന്‍ ബ്രേക്ക്ഫാസ്റ്റ് റെഡിയാക്കാം.”
അവള്‍ മുഖം കൂര്‍പ്പിച്ചു.
“ഈ ചേച്ചിക്കെപ്പളും നനേം കുളീമാ. ഞാന്‍ പിന്നെ കുളിച്ചോളാം.”
“നിന്റെ കുളിമടി ഇപ്പഴും മാറിയില്ലേ? ഹോസ്റ്റല്‍ സ്റ്റൈലൊന്നും ഇവിടെ വേണ്ട. കുളിക്കാതെ നിന്നെ അകത്തോട്ടു കേറ്റില്ല.”
“ഓ.... ഒരന്തര്‍ജ്ജനം...”
പിറുപിറുത്തുകൊണ്ട് ബാഗു തുറന്ന് വസ്ത്രങ്ങളെടുത്ത് അവള്‍ ബാത്ത്‌റൂമിലേക്കു് പോയപ്പോള്‍ ഞാന്‍ ബാക്കി ചായകൂടി കുടിച്ച് അടുക്കളയിലേക്കു പ്രവേശിച്ചു.

പ്രേമക്ക് പൂരിയും മസാലയും ഇഷ്ടമാണെന്നറിയാം. അതുതന്നെയാകട്ടെ ഇന്നത്തെ പ്രഭാതഭക്ഷണം.
കഴിഞ്ഞ തവണ കണ്ടതിലും അവള്‍ തടിച്ചിട്ടുണ്ട്. ആകെയൊന്നു കൊഴുത്തു മിനുത്ത്... വെറുതെ ഒന്നു കണക്കുകൂട്ടിനോക്കിയപ്പോള്‍ അവള്‍ക്ക് ഇരുപത്തിയെട്ടായല്ലോ എന്നോര്‍ക്കുകയും ചെയ്തു. ഏഴു വയസ്സിന്റെ വ്യത്യാസമാണ് ഞങ്ങള്‍ തമ്മില്‍.

പൂരി കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ ഞാന്‍ എടുത്തിട്ടു:
“കഴിഞ്ഞ തവണ കാവിലെ പൂജയ്ക്കു ചെന്നപ്പോള്‍ രവിയമ്മാവന്‍ നിന്റെ കല്യാണക്കാര്യം സൂചിപ്പിച്ചു. ഞാനൊന്നു സംസാരിക്കണമെന്ന് നിന്നോട്.”
പ്രേമ പൊട്ടിച്ചിരിച്ചു. പൂരി തൊണ്ടയില്‍ കുടുങ്ങി അവള്‍ ചുമയ്ക്കാന്‍ തുടങ്ങി. ഞാന്‍ വെള്ളം അവളുടെ മുമ്പിലേക്കു നീക്കിവെച്ചു.
“എന്താ ഇത്ര ചിരിക്കാന്‍? അത്ര വലിയ തമാശയാണോ ഞാന്‍ പറഞ്ഞത്.?”
അവള്‍ വീണ്ടും ചിരിക്കാന്‍ തുടങ്ങി.
“ഹ..ഹ..ഹ... കല്യാണം... എനിക്കേയ്.....”
“എന്താടീ?”
“ഒന്നുമില്ല. അതൊക്കെ നമുക്ക് പിന്നെ സംസാരിക്കാം. സമയമൊണ്ടല്ലോ.”
അവള്‍ കോളേജിലെയും ഹോസ്റ്റലിലെയും വിശേഷങ്ങളിലേക്കു കടന്നു. കൂട്ടുകാരെക്കുറിച്ചും ഇടയ്ക്ക് സിനിമക്കും ഷോപ്പിംഗിനും പോകുന്നതിനെക്കുറിച്ചും വാചാലയായി. തനി വായാടിയാണവള്‍. സംസാരിക്കാന്‍ തുടങ്ങിയാല്‍ പിന്നെ ഫുള്‍സ്റ്റോപ്പില്ല. ഞാന്‍ വെറുതെ ഇടയ്ക്കൊന്നു തല കുലുക്കുകയോ മൂളുകയോ ചെയ്താല്‍ മാത്രം മതി.

പെട്ടെന്നാണ് പുറത്തെ കാലാവസ്ഥ മാറിയത്. വെയില്‍ മങ്ങിവന്ന് കരിമേഘമൂടാപ്പില്‍ ആകെ ഇരുണ്ടു. അപ്രതീക്ഷിതമായി പൊട്ടിവീണ മഴനാരുകള്‍ സിറ്റൌട്ടിലേക്ക് ചിതറിത്തെറിച്ചു. ഉണക്കാനിട്ട വസ്ത്രങ്ങളെടുത്തു വന്നപ്പോഴേക്കും ഞാനാകെ നനഞ്ഞു.

മഴ ഏറെനേരം നിന്നുപെയ്തു. ഒരേ താളത്തില്‍. ഒരേ മുറുക്കത്തില്‍.

പ്രേമ അവളുടെ മുറിയിലാണ്. ഞാനങ്ങോട്ടു നടന്നു. അവിടെ ഹെഡ്‌ഫോണ്‍ ചെവിയില്‍ വെച്ച് കണ്ണുകളടച്ച് കട്ടിലില്‍ ചാരിയിരുന്ന് അവള്‍ ഐ‌പാഡിലെ പാട്ടുകേള്‍ക്കുകയാണ്. ശല്യപ്പെടുത്താതെ ഞാന്‍ തിരിച്ചുനടന്നു.

ഉച്ച കഴിഞ്ഞപ്പോള്‍ മാധവേട്ടന്‍ വിളിച്ചു.
“കക്ഷി എത്തിയോ?”
“കൊള്ളാം. റൂമിലൊണ്ട്.”
“ഞാന്‍ വരുമ്പോഴേക്കും സ്ഥലം വിട്ടാ മതിയാരുന്നു.”
“മാധവേട്ടാ.. പ്ലീസ്...”
“ഓകെ... ഓകെ.”
ഫോണിലൂടെ മാധവേട്ടന്‍ അടിവയറ്റിലൊരുമ്മ തന്നു. പെട്ടെന്നൊരു കുളിര് ഉടലാകെ പടര്‍ന്നിറങ്ങി.
അതേ നിമിഷത്തില്‍ വെയിലില്‍ വിയര്‍ത്തുകുളിച്ച് അച്ഛന്‍ കയറിവന്നു. പാള വിശറി-കവിത-കണ്ണടയ്ക്കല്‍.

അത്താഴം കഴിഞ്ഞ് പ്രേമ ചോദിച്ചു:
“ചേച്ചി എനിക്കെന്തിനാ പ്രത്യേകം മുറി അറേഞ്ച് ചെയ്തത്?”
“ഒറ്റയ്ക്കു കിടക്കാന്‍ പേടിയാണോ കുഞ്ഞുവാവക്ക്!“
ഞാനവളെ കളിയാക്കി.
“അതല്ലേച്ചീ. ഉറക്കം വരുന്നതുവരെ നമുക്ക് മിണ്ടിപ്പറഞ്ഞു കെടക്കാമല്ലോ. എന്തൊക്കെ പറയാനൊണ്ട്. ചേച്ചീടെഴുത്ത്, വായന, മധവേട്ടന്റെ കാര്യങ്ങള്.. ഒക്കെ പറഞ്ഞോണ്ടു കിടക്കുമ്പം ഉറക്കം തന്നെവരും.”
ഞാന്‍ സമ്മതിച്ചു. മാധവേട്ടനില്ലാത്തത് ഇവളുടെ ഭാഗ്യമെന്നോര്‍ക്കുകയും ചെയ്തു.

രാക്കിടക്കയില്‍ ഇരുവരും ധാരാളം സംസാരിച്ചു. ഹോസ്റ്റല്‍ ജീവിതത്തിലേക്കു് കടന്നപ്പോള്‍ പ്രേമ മെല്ലെ എന്നോടു ചേര്‍ന്നുകിടന്നു. അവളുടെ ഇടം‌കയ്യ് എന്റെ വലതു മുലയില്‍ സ്പര്‍ശിച്ചു. ആ കൈപ്പടം അവിടെ ഇറുകി. ഞാന്‍ അവളുടെ കയ്യ് തട്ടിമാറ്റി ചാടിയെഴുന്നേറ്റു. വല്ലാത്ത മനം പുരട്ടല്‍. വാഷ് ബേസിന്റെ അരികിലേക്കോടി. എടുത്തു കമഴ്ത്തിയതുപോലെ ഞാന്‍ ശര്‍ദ്ദിച്ചു.

പിന്നാലെ വന്ന പ്രേമയുടെ മുഖം കുത്തി വീര്‍ത്തിരുന്നു. ഞാനവളെ രൂക്ഷമായി നോക്കി.
“ചേച്ചി ഇങ്ങനെ നോക്കണ്ട. ഞാനെന്തു തെറ്റാ ചെയ്തത്?”
“ഛെ.. എന്തു തോന്നിവാസമാ നീ കാണിച്ചത്?”
അവള്‍ പല്ലിറുമ്മി വിരല്‍ചൂണ്ടി എനിക്കു നേരേ ചീറി.
“ഹോ... എഴുത്തില്‍ എന്തൊക്കെയാണ് തട്ടി വിടുന്നത്? സ്വവര്‍ഗ്ഗലൈംഗികതയെയും ഫ്രീ സെക്സിനെയുമൊക്കെ ന്യായീകരിച്ചും പ്രോത്സാഹിപ്പിച്ചും എഴുതിവിടുന്നതിനൊരുളുപ്പുമില്ല. സ്വന്തം അനുഭവത്തില്‍ ഇതൊക്കെ ഇച്ചീച്ചി. പിന്നാരെ ബോധിപ്പിക്കാനാ ഇത്തരം കാപട്യങ്ങള്‍? യൂ ആര്‍ എ ഹിപ്പോക്രാറ്റ്.”

ഞാന്‍ തളര്‍ന്നു പോയി. ഇവളില്‍ നിന്നും ഈ വാക്കുകളൊന്നുമല്ല, ഒരു സോറിയെങ്കിലുമാണ് പ്രതീക്ഷിച്ചത്. എനിക്കു വാക്കുകള്‍ കിട്ടിയില്ല.
അവള്‍ ദേഷ്യത്തില്‍ മുറിയിലേക്കു തിരിച്ചുപോയി. ഞാന്‍ ഡൈനിംഗ് റൂമില്‍ ഒരു കസേര വലിച്ചിട്ടിരുന്നു. ഒരു ഗ്ലാസ് തണുത്ത വെള്ളമെടുത്തു കുടിച്ച് മേശമേല്‍ തല കുമ്പിട്ടുകിടന്നു. എനിക്കെന്നോടു തന്നെ വെറുപ്പുതോന്നി.

എഴുതുന്ന ഞാനാണോ ഇപ്പോഴത്തെ ഞാനാണോ സത്യം? കലര്‍പ്പില്ലാത്ത സത്യമായിരിക്കണം എഴുതുന്ന ഓരോ വാക്കുകളുമെന്നു നിര്‍ബന്ധമുള്ള ഞാന്‍..............

എനിക്കീ മൂടുപടം പുതിയ അറിവാണല്ലോ? ഇതുവരെ അറിയാതിരുന്ന ഈ പൊയ്മുഖം എനിക്കു വലിച്ചെറിയണം. എനിക്കു പലരാകണ്ട. ഒരേയൊരാളായാല്‍ മതി.
നിമിഷങ്ങള്‍ കൊഴിയുന്നതറിയുന്നില്ല.

ഏതോ ഒരു നിമിഷത്തില്‍ ഞാന്‍ എഴുന്നേറ്റ് പ്രേമ കിടക്കുന്ന മുറിയിലേക്ക് കടന്നുചെന്നു ...
.....................................................................
(ഈ കഥയില്‍ ഉപയോഗിച്ചിരിക്കുന്ന കവിത - കനകശ്രീയുടെ ഏകാന്തത എന്ന കവിതയിലെ ചില വരികളാണ്)

Subscribe Tharjani |