തര്‍ജ്ജനി

മായ

ഹൌസ് നമ്പര്‍ -960,
സെക്ടര്‍ -10 A,
ഗുര്‍ഗാ ഓണ്‍,
ഹരിയാന.122001.
മെയില്‍: krishnamaya1967@gmail.com

Visit Home Page ...

കവിത

നോവുമഴ

മുറ്റത്തു സ്ഫടികമായ് വീണുടയും മഴ..
ചില്ലുകള്‍ ചിതറിത്തെറിയ്ക്കുമ്പോള്‍ വന്നവ
കരളില്‍ക്കൊളുത്തി വലിച്ചുമുറിയ്ക്കുമ്പോള്‍
വെറുതെയിന്നെന്തിനോ നോവിയ്ക്കുമീ മഴ..

നോവുന്നതോര്‍ക്കാതെ എന്നിട്ടുമിന്നവ
വാരിയെടുത്തെന്റെ നെഞ്ചോടുചേര്‍ക്കുമ്പോള്‍
എന്ത് ഞാന്‍ ചോദിക്കും ഇന്നുമീ മഴയോട്
'വരുമോ വരാതെയിരിക്കുമോ ഇനി'യെന്നോ..?

ഉള്ളം വിറയ്ക്കുന്നു, നനയുന്ന കുതിരുന്ന
വിളറുന്ന കൈത്തലം പോലെയോരായിരം
ഓര്‍മ്മകള്‍ നീറുന്നനോവുകളാവുന്നു..

പതിയെ തലവലിച്ചുള്ളിന്റെയുള്ളിലോ-
രാമയെപ്പോലെ പതുങ്ങുന്നു... പതറുന്നു.

നിശബ്ദത വലിയുന്നു നീണ്ടു മെലിയുന്നു
മഴയുടെ നനവുള്ള മണമുള്ള മൃദുലമാം
പ്രണയനിറങ്ങളില്‍ വെള്ളം കലരുന്നു...

തുള്ളികള്‍ ഒഴുകിയൊലിക്കുന്നു; മനസ്സിന്റെ
ഭിത്തിയില്‍ മെല്ലവേ താഴേക്കിറങ്ങുന്നു.
പടരുന്നു, വിളറുന്നു, മായുന്നു; മഴതീര്‍ത്ത
മണ്‍ചാലിലൂടെയൊഴുകി മറയുന്നു..

മഴ വന്നുപോയ വഴികളില്‍, ഇലകളില്‍
എന്നിട്ടുമെന്തോ ചിലതൊക്കെ നില്‍ക്കുന്നു
ബാക്കിയവാഞ്ഞിട്ടും ബാക്കിയിരിക്കുന്നു..

പെയ്തു തോര്‍ന്നൊഴിയുന്ന മഴയുടെ മനസ്സിലെ
സ്പര്‍ശിക്കാനരുതാത്ത ശൂന്യത പോലെന്തോ;
മറക്കാന്‍ ശ്രമിച്ചു തടുക്കാന്‍ കഴിയാഞ്ഞ
നൊമ്പരം പോലെന്തോ
പെയ്തൊഴിയാത്ത മഴക്കാറു പോലെന്തോ
എന്നിട്ടുമെവിടെയോ തട്ടിത്തടയുന്നു
വ്യര്‍ത്ഥമോഹങ്ങളില്‍ പൊട്ടിത്തകരുന്നു..

Subscribe Tharjani |