തര്‍ജ്ജനി

കെ.ടി.ബാബുരാജ്‌

Visit Home Page ...

കാഴ്ച

ഉടലെഴുത്തുകള്‍

എഴുത്തും ചിത്രങ്ങളും കെ. ടി. ബാബുരാജ്

മനുഷ്യശരീരം ഒരു കാന്‍വാസാണ്‌. ബ്രഷുകൊണ്ട്‌ ഇഷ്ടമുള്ള ചായങ്ങള്‍ ഉപയോഗിച്ച്‌ വരക്കാവുന്ന കാന്‍വാസ്‌. ഉടലെഴുത്തുകളുടെ ചരിത്രത്തിന്‌ മനുഷ്യനോളം പഴക്കംകാണും. താന്‍ താന്‍മാത്രമല്ലാതെ മറ്റാരോ എന്തോ ആയിത്തീരാനുള്ള വാഞ്ഛയുടെ അടയാളമാകുന്നു ഈ എഴുത്ത്‌. ഇതില്‍ സൌന്ദര്യബോധം വരുന്നുണ്ട്‌. ആള്‍മാറാട്ടം വരുന്നുണ്ട്‌. കലയും സംസ്കാരവും ആചാരങ്ങളും അനുഷ്ഠാനങ്ങളും വരുന്നുണ്ട്‌. വേഷപ്പകര്‍ച്ചകളിലൂടെ ഭാവപ്പകര്‍ച്ചകള്‍ കൈവരുമെന്ന്‌ അവന്‍/അവള്‍ കരുതുന്നു. ഭാവപ്പകര്‍ച്ചകള്‍ ആന്തരികമായ മാനസികമായ തിരയിളക്കങ്ങളുടെ ഓളങ്ങളാകുന്നു. വാലിട്ടുകണ്ണെഴുതി പുരികംവരയ്ക്കുന്ന ചെറിയ മുഖത്തെഴുത്ത്‌ മുതല്‍ ഇനാമല്‍ പെയിന്റടിച്ച്‌ അതിന്‍മേല്‍ ചിത്രപ്പണികള്‍ നടത്തി പുലികളായിത്തീരുന്ന പുലിക്കളിക്കാര്‍ വരെ തങ്ങളുടെ ശരീരങ്ങളെ കാന്‍വാസുകളാക്കി തീര്‍ക്കുകയാണ്‌. ജനിച്ചുവീണ കുഞ്ഞിന്റെ കണ്ണിലും കവിളിലും കണ്ണുതട്ടാതിരിക്കാന്‍ മഷിയെഴുതുന്നത്‌ ആദ്യത്തെ മുഖത്തെഴുത്ത്‌. തുടര്‍ന്നങ്ങോട്ട്‌ മുഖത്തെഴുത്തിന്റെയും ഉടലെഴുത്തിന്റെയും നിരന്തരസഞ്ചാരങ്ങള്‍.
തുടച്ചുകളയാവുന്ന ചായങ്ങളിലാണ്‌ നാം നമ്മുടെ ഉടലിനെ വലിച്ചിടുന്നത്‌. ആടിത്തീര്‍ക്കുന്ന ഒരു നൃത്തം, അഭിനയിച്ചു തീര്‍ക്കുന്ന ഒരു അങ്കം, പുറത്തിറങ്ങി അകത്തേക്ക്‌ തിരിച്ചുകയറുംവരെയുള്ള നേരം ഇത്രയുമൊക്കെയേ നമ്മുടെ ഉടല്‍ച്ചിത്രങ്ങള്‍ നിലനിര്‍ത്തുന്നുള്ളൂ. വീണ്ടും അടുത്ത അരങ്ങിലേക്ക്‌ കയറുംമുമ്പ്‌ ചായംതേക്കുന്നു.

തലയിലെഴുത്താണ്‌ ഇന്ന്‌ ഏറ്റവും അധികം മാറ്റിവരച്ചുകൊണ്ടിരിക്കുന്നത്‌. നിറങ്ങളുടെ ഒരു ഉത്സവം തിമര്‍ത്താടുന്നുണ്ട്‌ വര്‍ദ്ധക്യം ബാധിച്ചതും അല്ലാത്തതുമായ ശിരസ്സുകളില്‍. കറുപ്പിനെ വെളുപ്പിക്കാനുള്ള തത്രപ്പാടുകള്‍ ഉടലിലും മുഖത്തും നടത്തുമ്പോള്‍ വെളുപ്പിനെ കറുപ്പിക്കുന്ന ചുവപ്പിക്കുന്ന തലയിലെഴുത്തുകള്‍ വേറേയും.

പച്ചകുത്തിലൂടെ സ്ഥായിയായ ചിത്രങ്ങള്‍ക്ക്‌ ചില ഉടല്‍ ഒരുങ്ങുന്നുണ്ട്‌. മായ്ചാലും മായാത്ത ചിത്രങ്ങള്‍ അനാഥശവങ്ങള്‍ക്ക്‌ തിരിച്ചറിയാനുള്ള അടയാളം. പിടിക്കപ്പെട്ട കുറ്റവാളിക്ക്‌ തൂത്തുകളയാനാവാത്ത തൊണ്ടി. ജാതി,മതം, രാഷ്ട്രീയം ഇവയുടെ കുലചിഹ്നങ്ങളായും ഈ പച്ചയെഴുത്തുകള്‍. നാടും ഭാഷയും ഇഷ്ടദൈവങ്ങളും കാമുകനോ കാമുകിയോ പ്രണയചിഹ്നങ്ങളോ ഹൃദയത്തെക്കാള്‍ ആഴത്തില്‍ ഉടലില്‍ പറ്റിക്കിടക്കും.
കഥകളിയിലാണ്‌ പച്ച, കത്തി, കരി, താടി എന്നിങ്ങനെ ഉടലെഴുത്തിന്‌ ശാസ്ത്രീയമായി വേലികെട്ടിയത്‌. മുടിയേറ്റ്‌, പടയണി, തുടങ്ങിയ കലാരൂപങ്ങളിലെല്ലാം ദാരികനും ഭൂതഗണങ്ങളും ഭദ്രകാളിയുമൊക്കെ ഉടലെഴുത്തിന്റെ മനോഹരചിത്രങ്ങളായി ഉറഞ്ഞാടുന്നു. എന്നാല്‍ മുഖത്തെഴുത്തിന്റെ സുക്ഷ്മസൌന്ദര്യങ്ങള്‍ ദര്‍ശിക്കണമെങ്കില്‍ വടക്കന്‍ കേരളത്തിലേക്ക്‌ ചെല്ലണം. പ്രകൃതിദത്തചായങ്ങളുടെ സൂക്ഷ്മത ഈര്‍ക്കില്‍ത്തുമ്പിലൂടെ വരഞ്ഞുവീഴുന്ന മുഖങ്ങള്‍, ദൈവത്തിന്റെ പ്രതിരൂപങ്ങളെന്ന്‌ വിശ്വസിക്കുന്ന തെയ്യക്കോലങ്ങളാണ്‌. നാന്നൂറിലേറെ വരുന്ന തെയ്യങ്ങളെ ഒന്നിനെ മറ്റൊന്നില്‍ നിന്നും വേര്‍തിരിച്ചു നിര്‍ത്തുന്നത്‌ മുഖത്തെഴുത്തിലെ സൂക്ഷ്മവൈവിദ്ധ്യങ്ങളാണ്‌. ചിത്രകാരന്മാര്‍ തങ്ങളുടെ കാന്‍വാസുകള്‍ക്ക്‌ ലക്ഷങ്ങള്‍ വിലപേശുമ്പോള്‍ ഈ മുഖത്തെഴുത്ത്‌ ചിത്രകാരന്മാര്‍ എവിടെയും വരുന്നില്ല. കര്‍ക്കിടകാരംഭത്തില്‍ ഈ മഹാചിത്രകാരന്മാര്‍ മുണ്ട്‌ ഒന്നുകൂടി മുറുക്കിയുടുക്കുന്നുണ്ട്‌. അന്യശരീരങ്ങളില്‍ താന്‍ വരക്കുന്ന ദൈവക്കോലങ്ങളില്‍ ജീവന്‍വെക്കുന്നതും നോക്കി രക്ഷിക്കണേ ദൈവേ എന്ന്‌ ഉള്ളില്‍ കരയുന്നുണ്ട്‌.

ചായക്കൂട്ടുകള്‍ ചിലപ്പോള്‍ ഉടുവസ്ത്രങ്ങളാവുന്നു. വിവസ്ത്രമായ ഉടലുകള്‍ ചിത്രകാരന്റെ ഇഷ്ടവിഷയമാവുന്നു. നഗ്നശരീരങ്ങള്‍ പകര്‍ന്നുതരുന്ന കാഴ്ചയുടെ സുഖം അത്‌ കാണാനുള്ള ആസ്വാദകരുടെ തള്ളല്‍, അയാളെ നഗ്നചിത്രങ്ങള്‍ വരക്കാന്‍ പിന്നേയും പിന്നേയും പ്രേരിപ്പിക്കുന്നു. ഉടലെഴുത്തുകാര്‍ ചിലര്‍ തങ്ങളുടെ സുന്ദരമേനികളെ വര്‍ണ്ണങ്ങള്‍കൊണ്ട്‌ പുതപ്പിക്കാന്‍ ശ്രമിച്ച്‌ പ്രശസ്തിനേടുന്നു. നൂല്‍ബന്ധമില്ലാത്ത മേനികളില്‍ അവര്‍ വര്‍ണനൂലുകള്‍കൊണ്ട്‌ ഊടും പാവും നെയ്യുന്നു. പോര്‍ണോഗ്രാഫിയില്‍ ആണിന്റെയും പെണ്ണിന്റെയും ലൈംഗികോത്തേജനകേന്ദ്രങ്ങളില്‍ ചിത്രങ്ങള്‍ വരച്ച്‌ ലൈംഗികാസ്വാദകരെ ഉത്തേജിപ്പിക്കുന്നു.

ഗാലറികളില്‍ ആര്‍ത്തിരമ്പുന്ന ആള്‍ക്കൂട്ടത്തിന്റെ ഉടലുകള്‍ സ്വന്തം രാജ്യത്തിന്റെ പതാക വിളംമ്പരംചെയ്യുന്നു. ഇഷ്ടടീമിന്റെ ജഴ്സിയാവുന്നു ആരാധകരുടെ ശരീരങ്ങള്‍. ഇവിടെ ഉടലിന്റെ പച്ച പാക്കിസ്ഥാനാവുന്നു. ത്രിവര്‍ണ്ണം ഇന്ത്യയാകുന്നു. ഉടലുകള്‍ ബ്രസീലും ജര്‍മ്മനിയും അര്‍ജ്ജന്റീനയും പോര്‍ച്ചുഗലുമാവുന്നു. ക്രിക്കറ്റ്‌ ഗാലറിയില്‍ ആര്‍ത്തിരമ്പുന്ന മഞ്ഞ ഉടലുകള്‍ ആസ്ത്രേലിയന്‍ കങ്കാരുക്കാളാവുന്നു. റിപ്പബ്ലിക്ക്ദിനത്തിലോ ഒളിംപിക്സിന്റെ ഉദ്ഘാടനവേളയിലോ മൈതാനങ്ങളിലെ ഡിസ്പ്ലേ, ഉടലുകളുടെ നിറസമൃദ്ധികൊണ്ട്‌. നിറങ്ങളുടെ ഉത്സവങ്ങളില്‍ പരസ്പരം കുങ്കുമം വാരിപ്പൂശി വര്‍ണ്ണങ്ങളില്‍ കുളിപ്പിച്ച്‌ തിമര്‍ത്താടുമ്പോള്‍ ആള്‍ക്കൂട്ടം സ്വയം ഒരു പെയിന്റിംഗായി തീരുന്നു.

ഉടല്‍ ആണിന്റെയോ പെണ്ണിന്റെയോ എന്നല്ല, അതിന്റെ വിപണനസാധ്യതകള്‍ അന്വേഷിക്കുകയാണ്‌ പുതിയ കോര്‍പ്പറേറ്റ്‌ ലോകം. എല്ലാം വിറ്റഴിക്കുന്നതിനെ കുറിച്ചു മാത്രം ചിന്തിക്കുന്ന... ജീവശ്വാസത്തില്‍പോലും ലാഭം എന്ന വിശ്വാസം കൊണ്ടുനടക്കാന്‍ മനുഷ്യനെ പ്രേരിപ്പിക്കുന്ന ഈ ആഗോളവത്കരണകാലത്ത്‌ പെയിന്റിംഗുകളുടെ പ്രദര്‍ശനത്തോടൊപ്പം ഉടലെഴുത്തുകളുടെ ഒരു എക്സിബിഷന്‍കൂടി ആലോചിക്കാവുന്നതാണ്‌. പുതിയ കാലത്തിന്റെ പരസ്യമുദ്രാവാക്യം പറയുന്നതും അതല്ലേ.

'ഒരു ചെയിഞ്ച്‌ ആരാണ്‌ ഇഷ്ടപ്പെടാത്തത്‌.'

Subscribe Tharjani |